ഫോർഡോ ആണവനിലയവും അമേരിക്കയുടെ പ്രേതവിമാനവും

ഫോർഡോയിൽ എന്തുസംഭിച്ചാലും അത് ലോക സമൂഹത്തിനും നയതന്ത്രജ്ഞർക്കും യുദ്ധമോഹികൾക്കും കൊടുക്കുന്ന സന്ദേശം ചെറുതാവില്ല.

Update: 2025-06-24 07:45 GMT
Advertising

ഇറാൻ - ഇസ്രായേൽ സംഘർഷത്തിൽ ഇസ്രായേലിന്റെ സഖ്യകക്ഷിയായി അമേരിക്ക പങ്കുചേരുമോ എന്ന് നിരീക്ഷകർ ഉറ്റുനോക്കിക്കൊണ്ടിരിക്കുകയായിരുന്നു നാളിതുവരെ. രണ്ടുദിവസം മുൻപാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നയതന്ത്രത്തിനു വേണ്ടി രണ്ടാഴച നീക്കിവെക്കുമെന്നും അതിന് ശേഷമേ ഇറാനെ സൈനികമായി ആക്രമിക്കുമോ ഇല്ലയോ എന്ന് തീരുമാനിക്കുമെന്ന് പറഞ്ഞിരുന്നത്. എന്നാൽ ഇറാന്റെ ഫോർഡോ, നഥൻസ്, ഇസ്ഫഹാൻ ആണവനിലങ്ങളിൽ ബോംബുകൾ വർഷിച്ചു പൊടുന്നനെ അമേരിക്ക രംഗപ്രവേശനം നടത്തിയ സാഹചര്യമാണ് നിലവിലുള്ളത്. മൂന്ന് നിലയങ്ങളിലും ബോംബുകൾ വർഷിച്ചെങ്കിലും ഫോർഡോ തകർക്കുക എന്ന പ്രാഥമിക യുദ്ധ ലക്ഷ്യങ്ങളിൽ ഒന്നാണ് ഇസ്രായേൽ അമേരിക്കയിലൂടെ ഇപ്പോൾ നേടിയെടുത്തത്.

എന്തുകൊണ്ട് ഫോർഡോ?

ഇറാന്റെ തലസ്ഥാനമായ തെഹ്റാന് 140 കിലോമീറ്റർ തെക്ക് സ്‌ഥിതി ചെയ്യുന്ന ആത്മീയ നഗരമാണ് കോം (Qom ). പർവത പ്രദേശങ്ങളാൽ അനുഗഹിക്കപ്പെട്ട ഇവിടമാണ് ഇറാന്റെ ആണവ പദ്ധതികളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഫോർഡോ ഇന്ധന സമൃദ്ധി നിലയം (fordow fuel enrichment plant - EFEP ) സ്‌ഥിതിചെയ്യുന്നത്‌. കടൽ നിരപ്പിൽനിന്ന് ഏകദേശം 900 മീറ്റർ ഉയരത്തിൽ പർവതത്തിന്റെ 100 മീറ്ററോളം അടിയിൽ രഹസ്യമായി നിർമിച്ച ഈ നിലയം 2009 ലാണ് ഇറാൻ അന്താരാഷ്ട്ര സമൂഹത്തിനു മുൻപിൽ വെളിപ്പെടുത്തിയത് . പ്രകൃതി തനതായി ഒരുക്കിയ പ്രതിരോധ സംവിധാനങ്ങൾക്കു പുറമെ തദ്ദേശ നിർമിത വ്യോമ പ്രതിരോധ സംവിധാനവും റഷ്യൻ നിർമിത വ്യോമ പ്രതിരോധ സംവിധാനങ്ങളും നിലയത്തിന് നൽകിയിട്ടുണ്ടായിരുന്നു. മാത്രമല്ല പാറക്കല്ലും കോൺക്രീറ്റ് മിശ്രിതങ്ങളും ഉൾപ്പെടുത്തി വിവിധ തട്ടുകളായിട്ടാണ് ഈ നിലയം നിർമിച്ചിട്ടുണ്ടായിരുന്നത്. ഈ നിലയം പൂർണമായി സമാധാന ആവശ്യങ്ങൾക്ക് മാത്രമാണ് ഉപയോഗിക്കുക എന്നാണ് ഇറാൻ ആണയിട്ടു പറഞ്ഞിട്ടുള്ളത് എങ്കിലും അമേരിക്കയും ഇസ്രായേലും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നത് മറ്റൊരു രീതിയിലാണ്. അമേരിക്കൻ - പാശ്ചാത്യ പ്രോപഗൻഡയുടെ ആണിക്കല്ലായിട്ടാണ് ഈ നിലയം അറിയപ്പെട്ടിരുന്നത്.

ഇരട്ടത്താപ്പ്

ഇന്ന് ഇറാന് ആണവായുധം വികസിപ്പിച്ചിട്ടുണ്ട് എന്ന്, ഇസ്രായേലോ അമേരിക്കയോ മറ്റു പാശ്ചാത്യ രാജ്യങ്ങളോ പറയുന്നില്ല. എന്നാൽ ഭാവിയിൽ ഇറാൻ ആണവായുധം വികസിപ്പിച്ചേക്കാം അത് തടയാൻ വേണ്ടിയാണു ഇറാനെ ആക്രമിച്ചത് എന്നാണ് ഇസ്രായേൽ ഇറാൻ ആക്രമണത്തെ ന്യായീകരിച്ചുകൊണ്ടു പറയുന്നത്, ഇത് ഒരു പുതിയ ആരോപണമല്ല.1995 മുതൽ ഇസ്രായേൽ പ്രസിഡന്റ് ബിന്യമിൻ നെതന്യാഹു ഇറാൻ ആണവായുധം വികസിപ്പിക്കുകയാണ് എന്ന തരത്തിലുള്ള ആരോപങ്ങൾ ഉന്നയിക്കുന്നുണ്ട്. എന്നാൽ വിദഗ്ധരുടെ അഭിപ്രായത്തിൽ ഇറാൻ ഇന്ന് വരെ ഒരു ആണവ ബോംബ് പോലും ഉണ്ടാക്കിട്ടില്ല. ഇസ്രയേലിന്റെ ശേഖരത്തിൽ ഇപ്പോൾ 400 വരെ ആണവായുധങ്ങൾ ഉണ്ട്. സംഗതി എന്തായാലും ഇസ്രായേലും അമേരിക്കയും ഇറാൻ ആണവായുധം ഉണ്ടാക്കാൻ ഏറ്റവും കൂടുതൽ സാധ്യത കല്പിച്ചിരുന്നത് ഫോർഡോ ആണവ നിലയത്തിലായിരുന്നു. മറ്റുനിലയങ്ങളെ അപേക്ഷിച്ചു ഫോർഡോക്കുള്ള തന്ത്രപരമായ സ്ഥാനവും ഫോർഡോയെ ചുറ്റിപ്പറ്റിയുള്ള അതി നൂതന സുരക്ഷ സംവിധാനവുമാണ് ഇവർ ഇതിന് ഉയർത്തിക്കാട്ടിയിരുന്നത്. ഇസ്രായേലിന്റെ ഏറ്റവും വലിയ യുദ്ധലക്ഷ്യങ്ങളിൽ ഒന്നായിരുന്നു ഫോർഡോ ആണവ നിലയത്തിന്റെ നശീകരണം. എന്നാൽ നിലയം തകർക്കാനുള്ള സാങ്കേതിക വിദ്യ ഇസ്രായേലിനോ അവരുടെ യൂറോപ്യൻ സഖ്യ കക്ഷികൾക്കോ ഉണ്ടായിരുന്നില്ല

അമേരിക്കയുടെ പ്രേതവിമാനവും ബങ്കർ ബസ്റ്റർ ബോംബുകളും

അമേരിക്കൻ എയർ ഫോഴ്സിന് നോർത്ത് ട്രൂപ് ഗ്രാമ്മൻ (Northrop Grumman) എന്ന അമേരിക്കൻ കമ്പനി നിർമിച്ചു നൽകിയതാണ് ബി 2 സ്പിരിറ്റ്‌ (B-2 Spirit) എന്ന ബോംബേർ വിമാനം. ഇത് ഉപയോഗിച്ചാണ് അമേരിക്കാ ഫോർഡോക്ക് കാര്യമായ ക്ഷതം ഉണ്ടാക്കിയിട്ടുള്ളത്. ധരാളം പ്രത്യേകതകൾ ഉള്ള ഈ ബോംബറുകൾ 21 എണ്ണം മാത്രമാണ് നാളിതുവരെ നിർമിച്ചിട്ടുള്ളത്. 18000 കോടി ഇന്ത്യൻ രൂപയാണ് ഇത്തരം ഒരു വിമാനത്തിന്റെ ഏകദേശ വില. അമേരിക്ക തങ്ങളുടെ സഖ്യകക്ഷികൾക്ക് പോലും നൽകാത്ത ഈ ബോംബറുകൾ ലോകത്തിൽ ഉണ്ടാക്കിയതിൽ ഏറ്റവും ചെലവേറിയ യുദ്ധ വിമാനമായാണ് അറിയപ്പെടുന്നത്. മറ്റു പോർ വിമാനങ്ങളെയും ബോംബർ വിമാനങ്ങളുമായി രൂപകല്പനകളിൽ വ്യത്യസ്ത പുലർത്തുന്ന ബി 2 സ്പിരിറ്റ്‌ ലോകത്തുള്ള എല്ലാ റഡാർ സംവിധാങ്ങളെയും തകർത്തു മുന്നേറാൻ പ്രാപ്തി ഉള്ളതാണ്.

അതുമാത്രമല്ല, നൂതന സുരക്ഷാ സവിധാനങ്ങളുള്ള ഫോർഡോ ആണവനിലയായതിനെ നശിപ്പിക്കണെമെകിൽ ബങ്കർ ബസ്റ്റർ (ഭൂഗർഭ അറകൾ തകർക്കുന്ന) ബോംബുകൾക്കു മാത്രമേ സാധിക്കുമായിരുന്നുള്ളൂ. ഹിസ്ബുല്ല തലവൻ ഹസ്സൻ നസ്റുല്ലയെ വധിക്കാൻ ഇസ്രാൽ ഉപയോഗിച്ച BLU 109 എന്ന പേരിൽ അറിയപ്പെടുന്ന ബാങ്കർ ബസ്റ്റർ ബോബിനു വെറും 6 മീറ്റർ താഴെയുള്ള ഭൂഗർഭ നിലയങ്ങൾ തകർക്കാനുള്ള ശേഷി മാത്രമേ ഉള്ളു. അമേരിക്കയുടെ ശേഖരത്തിലുള്ള മാസീവ് ഓർഡിനൻസ് പെനിട്രേറ്റർ ( MOP ) എന്നറിയപ്പെടുന്ന GBU -57 ബോംബുകൾ ഉപയോഗിച്ചാണ് ഫോർഡോ അമേരിക്ക ആക്രമിച്ചത്. ഈ ബോംബ് അമേരിക്കയുടെ ബി 2 സ്പിരിറ്റിന് വേണ്ടി മാത്രം രൂപകൽപ്പന ചെയ്തതാണ്. മറ്റു ഒരു പോർ വിമാനത്തിൽ നിന്നും ഇത് വിക്ഷേപിക്കാൻ സാധിക്കുമായിരുന്നില്ല.

മിഷൻ ഫോർഡോ:

ഫോർഡോ ആണവ നിലയം എന്ന പേരിലേക്ക് പശ്ചിമേഷ്യ അക്ഷരാർത്ഥത്തിൽ ചുരുങ്ങുകയാണ്. 30000 പൗണ്ടോളം ഭാരമുള്ള 12 MOP ബങ്കർ ബസ്റ്റർ ബോംബുകൾ ഉപയോഗിച്ചാണ് അമേരിക്ക നിലയം ആക്രമിച്ചത്. ഈ ആക്രമണത്തിൽ ഫോർഡോയിലെ ഭൂഗർഭ ആണവകേന്ദ്രം വൻതോതിൽ തകർന്നതായി പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യന്നുണ്ട്. ഇതിനോട് പ്രതികരിച്ച ഇറാൻ, " തിരിച്ചുപിടിക്കാൻ കഴിയുന്നതായ നഷ്ടങ്ങളാൾ മാത്രമാണ് ഫോർഡോ സംഭവിച്ചത്," എന്ന നിലപാടാണ് ഇതുവരെ സ്വീകരിച്ചിട്ടുള്ളത്

അതേസമയം, ഈ ആക്രമണം നടക്കുമെന്ന് അമേരിക്ക നേരത്തെ തന്നെ ഇറാനെ അറിയിച്ചിരുന്നുവെന്നു ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യന്നുണ്ട്. ഇതുവരെ ആണവ വികാരണങ്ങൾ ഉണ്ടായിട്ടില്ല എന്ന് അന്താരാഷ്ട്ര ആണവ ഏജൻസിയും രണ്ടു മൂന്നു ദിവസങ്ങൾക്ക് മുമ്പ് തന്നെ ഫോർഡോക്കു പുറത്തു കാണപ്പെട്ട ചരക്കു വാഹനങ്ങളും ഈ റിപ്പോർട്ടുകളുടെ ആധികാരികതയെ പിന്തുണക്കുന്നുണ്ട് . മാത്രമല്ല സമ്പുഷ്‌ടീകരിച്ചിട്ടുള്ള യുറേനിയം ഫോർഡോ ഉൾപ്പെടെയുള്ള നിലയത്തിൽ നിന്ന് ആക്രമണത്തിന് മുമ്പ് തന്നെ മാറ്റിയിട്ടുണ്ട് എന്ന് ഇറാന്റെ സ്റ്റേറ്റ് മീഡിയ റിപ്പോർട്ടും പറയുന്നുണ്ട്

മറ്റൊരു കാര്യം , അമേരിക്ക ഉപയോഗിച്ച GBU 57 ബോംബിന്റെ പ്രഹരശേഷി സാധാരണയായി 60 മീറ്റർ വരെയാണ് മാത്രമാണ്. അതായത് 100 മീറ്ററോളം താഴ്ചയിൽ പ്രധാന ഭാഗങ്ങൾ ഉള്ള ഫോർഡോ നിലയത്തെ പൂർണമായും തകർക്കാൻ ഈ ബോംബുകൾക്കു കഴിഞ്ഞിട്ടുണ്ടോ എന്നുള്ളത് വരും ദിവസങ്ങളിൽ മാത്രമേ വ്യക്തമാവുകയുള്ളു. നിലയത്തിന്റെ യഥാർഥ ചിത്രം ജനസമൂഹത്തിന് മുമ്പിൽ ഇല്ലാത്തതിനാൽ, ബോംബുകൾ കൃത്യമായി എവിടെയെല്ലാം ബാധിച്ചു, എത്രമാത്രം തകർത്തു എന്നത് ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. എങ്കിലും, അതിന്റെ ദൂരവ്യാപക പ്രത്യാഘാതങ്ങൾ ലോകത്തെ കാത്തിരിക്കുന്നു എന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകാൻ സാധ്യതയില്ല. ഇറാൻ എങ്ങനെയാവും തിരിച്ചടിക്കുക, അത് പശ്ചിമേഷ്യയെ എങ്ങനെ ബാധിക്കുമെന്നും കണ്ടറിയേണ്ടിവരും.

ചുരുക്കിപ്പറഞ്ഞാൽ ലോകത്തിന്റെ ഭാവി നിർണയിക്കുന്ന പല കാര്യങ്ങൾ ഇന്ന് ഫോർഡോ ആണവനിലയവുമായി ചുറ്റിപ്പറ്റിയാണ് നടക്കുന്നത്. ഫോർഡോയിൽ എന്തുസംഭിച്ചാലും അത് ലോക സമൂഹത്തിനും നയതന്ത്രജ്ഞർക്കും യുദ്ധമോഹികൾക്കും കൊടുക്കുന്ന സന്ദേശം ചെറുതാവില്ല.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - മുനവ്വര്‍ ഖാസിം

contributor

Similar News