അപ്രതീക്ഷിതമായി മമ്മൂട്ടിയുടെ ഒരു വിളി
ഹാൾ നിറയെ അതിഥികൾ ആയിരുന്നു. ഞാൻ ഏകദേശം മധ്യഭാഗത്ത് കണ്ട ഒരു ഒഴിഞ്ഞ കസേരയിൽ പോയിരുന്നു. ഞാൻ എത്തിയോ എന്ന് മമ്മൂട്ടി പലരോടും തിരക്കിയതായി അറിഞ്ഞു. ഞാൻ മുന്നോട്ടുപോയി അദ്ദേഹത്തിന്റെ കണ്ണിൽപ്പെടുകയും ഞാൻ വന്നതായി അറിയിക്കുകയും ചെയ്തു. ചടങ്ങ് തുടങ്ങി. മമ്മൂട്ടി തന്നെയാണ് ഓരോ അഭിനേതാക്കളെയും ടെക്നീഷ്യൻസിനെയും സ്റ്റേജിലേക്ക് വിളിച്ചു സദസ്സിനു പരിചയപ്പെടുത്തിയത്. കൂട്ടത്തിൽ എന്നെയും വിളിച്ചു
2018 ൽ ഞാനും ഭാര്യയും പരിശുദ്ധമായ ഉംറ കർമ്മം നിർവഹിക്കാനായി മക്കയിലേക്ക് യാത്രയായി. രണ്ടാഴ്ച നീണ്ടുനിൽക്കുന്ന പരിപാടിയായിരുന്നു അത്. രണ്ടാഴ്ച കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ ആദ്യം എൻറെ അളിയൻ ആരിഫിന്റെ ഫോൺ വന്നു, ഉടനെ ഹംസക്കോയയെ ബന്ധപ്പെടാൻ പറഞ്ഞു. ഹംസക്കോയ എറണാകുളം മഹാരാജാസ് കോളേജിലെ എന്റെ സഹപാഠിയാണ്. ഹംസക്കോയയെ വിളിച്ചപ്പോൾ പറഞ്ഞു ഉടനെ മമ്മൂട്ടിയെ വിളിക്കാ൯. ഒരു സിനിമയിൽ എനിക്കൊരു വേഷം ഉണ്ടെന്നു പറഞ്ഞു മമ്മൂട്ടി വിളിച്ചിരുന്നു, എന്നെ കിട്ടാത്തതുകൊണ്ട് ഹംസക്കോയയെ വിളിച്ച് ചോദിച്ചു. അപ്പോൾ ഞാൻ ഉംറക്ക് പോയിരിക്കുകയാണെന്നറിഞ്ഞു. വന്നാൽ ഉടൻ ബന്ധപ്പെടാൻ മമ്മൂട്ടി പറഞ്ഞു എന്ന് അറിയിച്ചു. എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. എന്താ അങ്ങിനെ എന്നെ വിളിക്കാൻ കാരണം ? ഞാൻ ഒരിക്കലും അദ്ദേഹത്തോട് അവസരം ചോദിച്ചിട്ടില്ല. അദ്ദേഹത്തോടെന്നല്ല ആരോടും ചോദിച്ചിട്ടില്ല. 35 വർഷങ്ങൾക്കു മുൻപ്, ഞാൻ ‘ചാരം’എന്ന സിനിമയുടെ സഹസംവിധായകനായി ജോലി ചെയ്യുമ്പോൾ, ആ സിനിമയിൽ ഒരവസരത്തിന് വേണ്ടി മമ്മൂട്ടി എന്നെ കാണാൻ വന്നിരുന്ന കാര്യം ഞാൻ നേരത്തെ എഴുതിയിരുന്നു. അന്ന് പക്ഷെ എനിക്ക് മമ്മൂട്ടിയെ സഹായിക്കാൻ കഴിഞ്ഞില്ല. അദ്ദേഹത്തിന് സൗന്ദര്യം കൂടിപ്പോയതുകൊണ്ട് ആ കഥാപാത്രത്തിന് മമ്മൂട്ടി പറ്റില്ല എന്ന, സംവിധായകൻ ബക്കറിന്റെ തീരുമാനം ഞാൻ അദ്ദേഹത്തെ ഖേദപൂർവ്വം അറിയിച്ചിരുന്നു. അതിനുശേഷം മമ്മൂട്ടി സൂപ്പർ സ്റ്റാർ ആയി. ഞാൻ ടെലിവിഷനിലേക്കു തിരിഞ്ഞു . ഇടയ്ക്ക് കുറെ അന്യഭാഷാ സിനിമകൾ മലയാളത്തിലേക്ക് ഡബ് ചെയ്തു. “സ്ത്രീ പർവ്വം നവം” എന്ന സിനിമ സംവിധാനം ചെയ്തു. പിന്നെ മമ്മൂട്ടിയെ വല്ലപ്പോഴും എവിടെയെങ്കിലും വെച്ച് കണ്ടാൽ ഒരു ചിരിയിലോ ഹസ്തദാനത്തിലോ ആ ഹൃസ്വമായ കൂടിക്കാഴ്ച ഒതുങ്ങും. അതുകൊണ്ട് ഇപ്പോൾ വന്ന ഈ വിളി എന്നെ അത്ഭുതപ്പെടുത്തി.
ഞാൻ മമ്മൂട്ടിയെ വിളിച്ചു. ഇപ്പോഴത്തെ രൂപം എങ്ങനെയാണെന്ന് അദ്ദേഹം ചോദിച്ചു.
"ഉംറ കഴിഞ്ഞ് എത്തിയതേയുള്ളൂ. അവിടെ വെച്ച് തല മൊട്ടയടിച്ചിരുന്നു. ഇപ്പോൾ കുറ്റി മുടിയാണ്." ഞാൻ പറഞ്ഞു.
“മാത്രമല്ല മുടി ഡൈ ചെയ്യുന്നതും നിർത്തി.”
“ഉടനെ ഒരു ഫോട്ടോ എടുത്ത് എനിക്ക് വാട്സാപ്പ് ചെയ്യൂ” അദ്ദേഹം പറഞ്ഞു. ഞാനും കുടുംബവും ഒരു റെസ്റ്റോറന്റിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവിടെ വെച്ചു തന്നെ ഒരു ഫോട്ടോ എടുത്ത് മമ്മൂട്ടിക്ക് അയച്ചു കൊടുത്തു. അല്പം കഴിഞ്ഞു അദ്ദേഹം തിരിച്ചു വിളിച്ചു.
“ നാളെ രാവിലെ കാക്കനാട്ട് നവോദയ സ്റ്റുഡിയോയിൽ വരാൻ പറ്റുമോ ?”
“വരാം” ഞാൻ പറഞ്ഞു.
ഞാൻ, പറഞ്ഞ സമയത്തു തന്നെ നവോദയയിൽ എത്തി. അവിടെ ഒരു മമ്മൂട്ടി സിനിമയുടെ ഷൂട്ടിംഗ് നടക്കുകയായിരുന്നു. “പരോൾ” ആണെന്നാണ് എന്റെ ഓർമ്മ.
ഫ്ലോറിനുള്ളിലെ സെറ്റിലായിരുന്നു ഷൂട്ടിംഗ്. പുറത്തു കാരവൻ കിടപ്പുണ്ടായിരുന്നു. ഞാൻ അവിടെ കണ്ട ഒരു പ്രൊഡക്ഷൻ അസിസ്റ്റന്റിനോട് ചോദിച്ചു -
“മമ്മൂട്ടി ഉണ്ടോ ?”
“അകത്ത് ഷൂട്ടിലാണ്” അയാൾ പറഞ്ഞു. “ജോർജേട്ടനോട് ചോദിച്ചാൽ മതി “
അയാൾ പോയി ജോർജിനെ വിളിച്ചു കൊണ്ട് വന്നു.
“ ഞാൻ ആദം അയൂബ്. മമ്മൂട്ടി വരാൻ പറഞ്ഞിരുന്നു”
“ഷോട്ടിലാണ്, ഇപ്പൊ വരും.” ജോർജ് പറഞ്ഞു.
ഞാൻ പോയി എന്റെ കാറിൽ ഇരുന്നു. അല്പം കഴിഞ്ഞ് ജോർജ് വന്നു വിളിച്ചു. അദ്ദേഹം എന്നെ കാരവനിലേക്കു കൂട്ടിക്കൊണ്ടുപോയി. കാരവന്റെ വാതിൽ തുറന്നുതന്നിട്ട് അദ്ദേഹം പറഞ്ഞു.
“അകത്തേക്ക് കയറിക്കോളു”
ഞാൻ അകത്തു കയറിയപ്പോൾ, കസേരയിലിരിക്കുകയായിരുന്ന മമ്മൂട്ടി എഴുന്നേറ്റുവന്ന് ആലിംഗനം ചെയ്തു. കുശലങ്ങൾക്കു ശേഷം അദ്ദേഹം കാര്യത്തിലേക്കു കടന്നു.
“ ഒരു വേഷം ഉണ്ടായിരുന്നു അതിനു വേണ്ടിയാണ് ഞാൻ അന്വേഷിച്ചത്. പക്ഷേ അത് കഴിഞ്ഞു.”
എന്റെ മുഖത്തെ പ്രതീക്ഷ മാഞ്ഞോ ?
“സാരമില്ല’ അദ്ദേഹം പെട്ടെന്ന് പറഞ്ഞു.
“ ഇനി ഷൂട്ടിംഗ് തുടങ്ങാൻ പോകുന്ന പുതിയ സിനിമയിൽ ഒരു വേഷമുണ്ട്.
നായിക, അനു സിതാരയുടെ അച്ഛന്റെ വേഷമാണ്. പൊന്നമ്മ ബാബുവാണ് ഭാര്യ. പ്രായമുള്ള കഥാപാത്രമാണ്.”
“ അത് സാരമില്ല. എനിക്കും പ്രായമായല്ലോ” ഞാൻ പറഞ്ഞു.
“അത് മാത്രമല്ല”, അദ്ദേഹം പറഞ്ഞു.
“ ഇത് അവശനായ ഒരു കിടപ്പുരോഗിയുടെ വേഷമാണ്. എന്നെ പഠിപ്പിച്ച അധ്യാപകനാണ് കഥാപാത്രം. നാട്ടിൽ എല്ലാവരും മാഷ് എന്നാണ് വിളിക്കുന്നത്”
മമ്മൂട്ടി എന്റെ പ്രതികരണത്തിനായി എന്റെ മുഖത്തേക്ക് മനോക്കി.
“വേഷവും പ്രായവും ഒന്നും പ്രശ്നമല്ല” ഞാൻ പറഞ്ഞു.
പിന്നെ മമ്മൂട്ടി ഒരു സത്യം കൂടി പറഞ്ഞു.
“ഇത് മറ്റൊരാൾ ചെയ്യേണ്ട വേഷമായിരുന്നു. അയാൾ ഒരു പാട് പണം ചോദിച്ചതുകൊണ്ട് ഒഴിവാക്കി. അപ്പോഴാണ് ഞാൻ നിങ്ങളുടെ പേര് സജസ്റ്റ് ചെയ്തത്”.
‘വളരെ സന്തോഷം… അല്ല, ഒരു കാര്യം ചോദിച്ചോട്ടെ, ഇപ്പോൾ പെട്ടെന്ന് എന്നെ ഓർക്കാൻ എന്താ കാര്യം ?”
“ എല്ലാത്തിനുമൊരു സമയമുണ്ടല്ലോ” അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു.
“ ഒരു കുട്ടനാടൻ ബ്ലോഗ് എന്നാണ് സിനിമയുടെ പേര്. ഹോട്ടൽ സരോവരത്തിൽ വച്ച് പുതിയ സിനിമയുടെ പൂജയുണ്ട്. അവിടെ വരണം” അദ്ദേഹം പൂജയുടെ തീയതിയും സമയവും ഒക്കെ പറഞ്ഞുതന്നു.
കുട്ടനാടൻ േബ്ലാഗ്സിൽ ആദം അയ്യൂബ്
ട്രാഫിക് ജാമിൽ പെട്ടതുകൊണ്ട് ഞാൻ അവിടെ എത്തിയപ്പോൾ അല്പം വൈകി. എങ്കിലും ചടങ്ങുകൾ തുടങ്ങിയിട്ടില്ലായിരുന്നു. ഹാൾ നിറയെ അതിഥികൾ ആയിരുന്നു. ഞാൻ ഏകദേശം മധ്യഭാഗത്ത് കണ്ട ഒരു ഒഴിഞ്ഞ കസേരയിൽ പോയിരുന്നു. ഞാൻ എത്തിയോ എന്ന് മമ്മൂട്ടി പലരോടും തിരക്കിയതായി അറിഞ്ഞു. ഞാൻ മുന്നോട്ടുപോയി അദ്ദേഹത്തിന്റെ കണ്ണിൽപ്പെടുകയും ഞാൻ വന്നതായി അറിയിക്കുകയും ചെയ്തു. ചടങ്ങ് തുടങ്ങി. മമ്മൂട്ടി തന്നെയാണ് ഓരോ അഭിനേതാക്കളെയും ടെക്നീഷ്യൻസിനെയും സ്റ്റേജിലേക്ക് വിളിച്ചു സദസ്സിനു പരിചയപ്പെടുത്തിയത്. കൂട്ടത്തിൽ എന്നെയും വിളിച്ചു. സംവിധായകൻ സേതുവിനെയും പരിചയപ്പെടുത്തി. എനിക്ക് നാലു ദിവസത്തെ വർക്ക് ഉണ്ടെന്നു മമ്മൂട്ടി പറഞ്ഞു.
അടുത്ത മാസം കുട്ടനാട്ടിൽ വെച്ചായിരുന്നു സിനിമയുടെ ഭൂരിഭാഗവും ഷൂട്ട്. അവിടെ ഏകദേശം ഒന്നര മാസത്തോളം നീണ്ടുനിൽക്കുന്ന ഷൂട്ടിന് ശേഷമാണു എന്റെ ഭാഗം ചിത്രീകരിക്കുക. അതുവരെ എന്നോട് താടി വടിക്കണ്ട എന്ന് പറഞ്ഞിരുന്നു. കുട്ടനാട്ടിലെ ഷൂട്ടിംഗ് പ്രതീക്ഷിച്ചതിലും നീണ്ടു പോയി. എന്റെ ഒരു വിദ്യാർത്ഥി ആയിരുന്നു ഈ സിനിമയുടെ അസ്സോസിയേറ്റ് ഡയറക്ടർ. എന്റെ വിദ്യാർഥികൾ മലയാള സിനിമയിലും ടെലിവിഷനും ഒക്കെ സജ്ജീവ സാന്നിധ്യങ്ങളാണ് എന്നത് ഒരു അധ്യാപകൻ എന്ന നിലയിൽ എനിക്ക് വളരെ സന്തോഷം നൽകുന്ന കാര്യങ്ങളാണ്.പറഞ്ഞ തിയതി കഴിഞ്ഞിട്ടും ഒരു അറിയിപ്പും ലഭിക്കാത്തതു കൊണ്ട് ഞാൻ അയാളെ വിളിച്ചു.
“കുട്ടനാട്ടിലെ ഷൂട്ട് തീർന്നിട്ടില്ല. ഒരാഴ്ച കൂടി കഴിഞ്ഞിട്ടായിരിക്കും സാറിന്റെ ഭാഗം ചിത്രീകരിക്കുക. അത് എറണാകുളത്തു തന്നെയായിരിക്കും.” അസ്സോസിയേറ്റ് പറഞ്ഞു.
പിന്നെ ഒരാഴ്ചയിൽ കൂടുതൽ കഴിഞ്ഞിട്ടാണ് പ്രൊഡക്ഷൻ കോൺട്രോളറുടെ വിളി വന്നത്. അദ്ദേഹം ഷൂട്ടിംഗ് തീയതി പറഞ്ഞു.
‘’എഴുപുന്നയിലാണ് ലൊക്കേഷൻ. രാവിലെ വണ്ടി വരും”
അപ്പോഴേക്കും എന്റെ മുടിയും താ ടിയുമൊക്കെ വളർന്നിരുന്നു.
അരൂരിന് അടുത്തുള്ള, എഴുപുന്നയിലെ ഒരു വലിയ തറവാട്ടിലായിരുന്നു ഷൂട്ടിംഗ്. ഈ വീടിന്റെ EXTERIOR (പുറം ഭാഗങ്ങൾ) കുട്ടനാട്ടിൽ വെച്ചാണ് ചിത്രീകരിച്ചത്. ശരീരത്തിന്റെ ഒരു ഭാഗം തളർന്ന, കിടപ്പുരോഗിയായ എന്റെ രംഗങ്ങൾ എന്റെ കിടപ്പുമുറിയിൽ വെച് ചിത്രീകരിച്ചു.
മമ്മൂട്ടിയോടൊപ്പം തന്നെ ആയിരുന്നു എന്റെ രംഗങ്ങൾ. കൂടെ അനു സിത്താരയും പൊന്നമ്മ ബാബുവും ഉണ്ടായിരുന്നു. ഷൂട്ടിങ്ങിന്റെ ഇടവേളകളിൽ മമ്മൂട്ടി കാരവനിലേക്കു പോകാതെ പുറത്തു എന്നോടൊപ്പം കുശലം പറഞ്ഞിരുന്നു.
എഴുപുന്നയിലെ ഷൂട്ടിങ്ങിനു ശേഷം ഒരു ചെറിയ ഇടവേള കഴിഞ്ഞു , ഡാൻസും പാട്ടും ഒക്കെയുള്ള, എന്റെ മകളുടെ (അനു സിതാരയുടെ) കല്യാണ രംഗം എറണാകുളത്തു ഒരു സെറ്റിൽ വെച്ച് ചിത്രീകരിച്ചു.
ഓണത്തിനായിരുന്നു പടത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. റിലീസിന് മുൻപ് , ഹോട്ടൽ ക്രൗൺ പ്ലാസയിൽ വെച്ച് , പടത്തിലെ മുഴുവൻ അഭിനേതാക്കളും പിന്നണി പ്രവർത്തകരും പങ്കെടുക്കുന്ന ഒരു വലിയ ആഘോഷം ഉണ്ടായിരുന്നു. മമ്മൂട്ടി തന്നെ ആയിരുന്നു ആ പരിപാടിയുടെ അധ്യക്ഷനും മുഖ്യ അവതാരകനും. അദ്ദേഹം ഓരോരുത്തരെയായി സ്റ്റേജിലേക്ക് വിളിക്കുകയും എല്ലാവര്ക്കും ഓണക്കോടി സമ്മാനിക്കുകയും ചെയ്തു. എല്ലാവരും ഈ സിനിമയിലെ അവരുടെ അനുഭവങ്ങളെ കുറിച്ചു സംസാരിച്ചു. എന്നാൽ എല്ലാവരും കൂടുതൽ സംസാരിച്ചത് മമ്മൂട്ടിയെക്കുറിച്ചു൦ അദ്ദേഹവുമായുള്ള സൗഹൃദത്തെക്കുറിച്ചും ആയിരുന്നു. ലാലു അലക്സ് , മമ്മൂട്ടിയുമായി ഏറ്റവും പഴയ സൗഹൃദം തനിക്കാണെന്നു പറഞ്ഞു. അവർ ആദ്യമായി ഒന്നിച്ചഭിനയിച്ച സിനിമയുടെ പേരും വർഷവും ഒക്കെ പറഞ്ഞ് അദ്ദേഹം അത് സ്ഥാപിച്ചു.
“ ഇനി ,മഹാരാജാസ് കോളേജിലെ എന്റെ സഹപാഠി ആയിരുന്ന ആദം അയൂബ്.” മമ്മൂട്ടി അനൗൺസ് ചെയ്തു.
ഇവിടെ മമ്മൂട്ടിയുമായി ഏറ്റവും പഴയ സൗഹൃദ ഉള്ളത് എനിക്കാണെന്ന് ഞാൻ പറഞ്ഞു.
“ മമ്മൂട്ടി സിനിമാ നടൻ ആകുന്നതിന് മുൻപേ ഞങ്ങൾ കോളേജിൽ സഹപാഠികളാണ്. പക്ഷെ അദ്ദേഹം ഇത്ര സുന്ദരനാണെന്ന് അന്ന് ഞങ്ങൾക്ക് ആർക്കും തോന്നിയില്ല.”
കോളേജ് വിദ്യാഭാസത്തിനു ശേഷം ഞാൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു. അത് കഴിഞ്ഞ് സിനിമയിൽ വർക്ക് ചെയ്യാൻ തുടങ്ങി. മമ്മൂട്ടി ലോ കോളേജിൽ ചേർന്നു. അതിനു ശേഷം വക്കീൽ ആയി പ്രാക്ടീസും തുടങ്ങി. അതിനാൽ കുറെ വർഷങ്ങൾ ഞങ്ങൾ പരസ്പരം കണ്ടില്ല. പിന്നീട് മമ്മൂട്ടി വീണ്ടും കണ്ടുമുട്ടിയ സന്ദർഭം ഞാൻ വിവരിച്ചു.
“മട്ടാഞ്ചേരി പോലീസ് സ്റ്റേഷന് അടുത്തുള്ള വിജനമായ റോഡിലൂടെ ഞാൻ നടന്നുപോകുമ്പോൾ, എതിരെ ഒരു സുന്ദരനായ ചെറുപ്പക്കാരൻ നടന്നുവരുന്നത് കണ്ടു. കയ്യിൽ ബ്രീഫ് കേസും മുഖത്ത് കൂളിംഗ് ഗ്ലാസും ഉണ്ടായിരുന്നു. അടുത്തെത്തിയപ്പോൾ അദ്ദേഹം റോഡ് ക്രോസ് ചെയ്തു എന്റെ അടുത്തേക്ക് വന്നു, “ഹാലോ” എന്ന് പറഞ്ഞു കൈ നീട്ടി. അത് മമ്മൂട്ടി ആയിരുന്നു. അന്നാണ് സുന്ദരനായ മമ്മൂട്ടിയെ ഞാൻ ആദ്യം കാണുന്നത്”
ആഘോഷം കഴിഞ്ഞ് എല്ലാവരും ഓണാശംസകൾ നേർന്നു പിരിഞ്ഞു. പുറത്തിറങ്ങിയപ്പോൾ ഈ സിനിമയിലെ മറ്റൊരു നടനായിരുന്നു കലാഭവൻ ഹനീഫ് എന്നോട് പറഞ്ഞു.
“ സാർ പറഞ്ഞ ഈ സംഭവം ഞാൻ മമ്മൂട്ടിയോട് പറഞ്ഞിട്ടുണ്ട്. ‘
എന്റെ “ കല്പിതം” എന്ന സീരിയലിൽ അഭിനയിച്ച ഹനീഫിനോട് ഞാൻ അന്ന് ഈ കഥ പറഞ്ഞിരുന്ന കാര്യം ഞാനോർത്തു.
ആ വർഷമായിരുന്നു കേരളത്തെ പിടിച്ചുലച്ച വലിയ വെള്ളപ്പൊക്കം. വെള്ളപ്പൊക്കത്തിന്റെ സമയത്തു റിലീസ് ചെയ്തത് കൊണ്ട് സിനിമ പ്രതീക്ഷിച്ച വിജയം നേടിയില്ല.
പിന്നീട്, എന്റെയും മമ്മൂട്ടിയുടേയും പൊതു സുഹൃത്തായ ഹംസക്കോയയും മറ്റു പല സുഹൃത്തുക്കളും എന്നോട് ചോദിച്ചു.
“കുട്ടനാടൻ ബ്ലോഗിന് “ ശേഷം പിന്നെ മമ്മൂട്ടി വിളിച്ചില്ല ?”
അന്ന് മമ്മൂട്ടി എന്നോട് പറഞ്ഞ മറുപടി തന്നെ ഞാൻ അവരോടു പറഞ്ഞു.
‘എല്ലാത്തിനും ഒരു സമയമുണ്ടല്ലോ !”