Editor - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ഫലസ്തീൻ രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം ലോക രാഷ്ട്രീയത്തിന്റെ ഗതി നിർണയിക്കുന്നതിൽ പ്രധാനപ്പെട്ട വിഷയങ്ങളിലൊന്നായി ചരിത്രത്തിൽ രേഖപെടുത്തപ്പെട്ടിട്ടുണ്ട്. ഗസ്സ വംശഹത്യയുടെ ഏറ്റവും പുതിയ സാഹചര്യങ്ങളിൽ പല രാജ്യങ്ങളും ഫലസ്തീനിനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകാരിക്കുന്നതിലേക്ക് ഈ ചരിത്ര സംഭവങ്ങൾ നയിക്കുന്നു. ഇതിൽ ബ്രിട്ടൻ അടക്കമുള്ള രാജ്യങ്ങളുണ്ട് എന്നത് ചരിത്രത്തിന്റെ കാവ്യനീതിയാണ്. ബാൽഫർ പ്രഖ്യാപനത്തിലൂടെ ചരിത്രത്തിന്റെ ഗതി തന്നെ മാറ്റിയ ബ്രിട്ടൻ ഇന്ന് സ്വതന്ത്ര ഫലസ്തീനിന് വേണ്ടി സംസാരിച്ച് തുടങ്ങുന്നു എന്നതിന് അകത്തെ കൊളോണിയൽ - അപകോളോണിയൽ പാഠങ്ങൾ സവിശേഷമായി വിശകലനം ചെയ്യപ്പെടേണ്ടതാണ്.
ബാൽഫർ പ്രഖ്യാപനം: ബ്രിട്ടന്റെ പങ്ക്
1917 നവംബർ 2-ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ആർതർ ബാൽഫർ ലോഡ് റോത്സ്ചൈൽഡിന് എഴുതിയ ഒരു കത്തിലൂടെയാണ് ബാൽഫർ പ്രഖ്യാപനം നടക്കുന്നത്. ‘ഫലസ്തീനിൽ യഹൂദ ജനതക്കായി ഒരു ദേശീയ വാസസ്ഥലം സ്ഥാപിക്കാൻ ബ്രിട്ടന്റെ സർക്കാർ ആലോചിക്കുന്നു’ എന്ന് അതിൽ പറയുന്നു. ഈ പ്രഖ്യാപനം ഒന്നാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടന് അമേരിക്കയിലെയും മറ്റ് രാജ്യങ്ങളിലെയും ജൂത സമുദായങ്ങളുടെ പിന്തുണ നേടാനുള്ള ഒരു തന്ത്രമായിരുന്നു. ഫലസ്തീനിലെ അറബ് ഭൂരിപക്ഷത്തിന്റെ അവകാശങ്ങൾ അവഗണിച്ചുകൊണ്ടാണ് ബ്രിട്ടൻ ഇങ്ങനെയൊരു തീരുമാനം എടുക്കുന്നത്. ഈ പ്രഖ്യാപനം ബ്രിട്ടൻ ഫലസ്തീനിനെ അറബുകൾക്ക് വാഗ്ദാനം ചെയ്ത സൈക്സ്-പികോട്ട് കരാറിന്റെയും ഹുസൈൻ-മക്മഹോൺ കാരറിന്റെയും ലംഘനമായിരുന്നു. ഫലസ്തീനുമായുള്ള ബ്രിട്ടന്റെ ഇടപെടൽ ചരിത്രത്തിൽ വളരെ സങ്കീർണമായ ഒന്നായിരുന്നു.
ബാൽഫർ പ്രഖ്യാപനം
ഒട്ടോമൻ സാമ്രാജ്യത്തിന്റെ പതനത്തിനു ശേഷം 1920-ലെ സാൻ റെമോ സമ്മേളനത്തിലൂടെ ഫലസ്തീനിനെ ബ്രിട്ടീഷ് മാൻഡേറ്റ് ആക്കി മാറ്റി. തുടർന്ന് ബാൽഫർ പ്രഖ്യാപനത്തിലെ നിർദേശങ്ങൾ നടപ്പിൽ വരുത്താൻ തുടങ്ങി. ഇത് ഫലസ്തീനിലേക്ക് ജൂത കുടിയേറ്റത്തെ പ്രോത്സാഹിപ്പിച്ചു. തത്ഫലമായാണ് ഫലസ്തീനിലെ അറബ് വംശജരെ അക്രമാസക്തമായി ഒഴിപ്പിക്കുകയും ഭൂമി, സ്വത്ത്, വസ്തുക്കൾ എന്നിവ കൈവശപ്പെടുത്തുകയും ചെയ്തുകൊണ്ട് ഇസ്രായേലികൾ വംശീയ ഉന്മൂലനം ആരംഭിക്കുന്നത്. ചരിത്രത്തിൽ ഈ സംഭവത്തെ ഒന്നാം നക്ബ എന്ന് അടയാളപ്പെടുത്തിയിട്ടുണ്ട്. 7,50,000-ത്തിലധികം ഫലസ്തീനികളാണ് 1948ലെ നക്‌ബയിൽ അഭയാർഥികളായത്. ബ്രിട്ടന്റെ ഈ ‘വിഭജിച്ചു ഭരിക്കുക’ എന്ന നയം ഇന്നും ഫലസ്തീൻ-ഇസ്രയേൽ സംഘർഷത്തിന്റെ ശിഖരമായി നിൽക്കുന്നു.
1948ലെ നക്‌ബ
സ്വതന്ത്ര ഫലസ്തീൻ രൂപപ്പെടുന്നു
1988 നവംബർ 15-ന് ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ (പിഎൽഒ) അധ്യക്ഷൻ യാസർ അറഫാത്ത് അൽജീരിയയിൽ ഫലസ്തീനിന്റെ സ്വാതന്ത്ര്യം പ്രഖ്യാപ്പിക്കുന്നുണ്ട്. തുടർന്ന് 80-ലധികം രാജ്യങ്ങൾ പ്രഖ്യാപനത്തെ അംഗീകരിച്ചു രംഗത്ത് വന്നു. ആഫ്രിക്ക, ഏഷ്യ, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള രാജ്യങ്ങളാണ് അവയിലധികവും.
യാസർ അറഫാത്ത്
2012-ൽ യുഎൻ ജനറൽ അസംബ്ലി ഫലസ്തീനിനെ നോൺ-മെമ്പർ ഒബ്സർവർ സ്റ്റേറ്റ് ആക്കി. ഇത് 138 വോട്ടുകളോടെ പാസായി. എന്നാൽ യുഎൻ സെക്യൂരിറ്റി കൗൺസിലിൽ അമേരിക്കയുടെ വീറ്റോ കാരണം പൂർണ അംഗത്വം നേടാനായില്ല. 2024-ലെ യുഎൻ റെസല്യൂഷൻ ഫലസ്തീനിന്റെ അംഗത്വത്തിനുള്ള അർഹത അംഗീകരിച്ചെങ്കിലും അമേരിക്ക വീണ്ടും വീറ്റോ ചെയ്തു. ഇപ്പോൾ 157 യുഎൻ അംഗരാജ്യങ്ങൾ (81%) ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നുണ്ട്. 2024-2025 കാലഘട്ടത്തിൽ യൂറോപ്പിലെ പല രാജ്യങ്ങളും ഫലസ്തീനിനെ അംഗീകരിച്ചിരുന്നു. ഇത് ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള പ്രഖ്യാപനമായിരുന്നു. 2025-ൽ, യുഎൻ ജനറൽ അസംബ്ലിയിൽ ബ്രിട്ടൻ, കാനഡ, ഓസ്ട്രേലിയ, പോർച്ചുഗൽ (സെപ്റ്റംബർ 21) ഫ്രാൻസ്, ബെൽജിയം, ലക്സംബർഗ്, അണ്ടോറ (സെപ്റ്റംബർ 22) എന്നിവരും ഫലസ്തീനിനെ അംഗീകരിച്ചു.
യൂറോപ്യൻ രാജ്യങ്ങളുടെ ഫലസ്തീൻ അംഗീകാരം: ചരിത്രവും പശ്ചാത്തലവും
സ്പെയിനിന്റെ ഇടതുപക്ഷ സർക്കാർ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ നേതൃത്വത്തിൽ ഫലസ്തീനെ നിരുപാധികമായി പിന്തുണ പ്രഖ്യാപ്പിക്കുന്നുണ്ട്. 1980-കളിലെ ഫ്രാങ്കോ ഭരണകാലത്തിന്റെ നയങ്ങളെ അപേക്ഷിച്ച് ഇപ്പോഴത്തെ സർക്കാർ ഫലസ്തീനോട് കൂടുതൽ ശക്തമായ പിന്തുണ പ്രകടിപ്പിക്കുന്നു. ഗസ്സയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ സ്പെയിൻ ഫലസ്തീനെ അംഗീകരിക്കുന്നത് ‘ചരിത്രനീതിയുടെ ഭാഗമായി വിലയിരുത്തുന്നു. മാത്രമല്ല ഗസ്സ വംശഹത്യയുടെ പേരിൽ ഇസ്രായേലിനെ ബഹിഷ്‌കരിക്കുന്നതിൽ ശക്തമായ തീരുമാനമെടുക്കാനും സ്പെയിനിന് സാധിച്ചു. ഗസ്സയിലേക്ക് മാനുഷിക സഹായവുമായി പുറപ്പെട്ട ഫ്ലോട്ടില്ല കപ്പൽ ആക്രമിക്കപ്പെട്ടപ്പോൾ സംരക്ഷണത്തിന് യുദ്ധക്കപ്പൽ അയച്ച രണ്ട് രാജ്യങ്ങളിലൊന്ന് സ്പെയിനാണ്.
സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്
ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നതിൽ മുന്പന്തിയിലുള്ള മറ്റൊരു രാജ്യം അയർലൻഡാണ്. ബ്രിട്ടനോടുള്ള ചെറുത്തുനിൽപ്പിന്റെ ചരിത്രവുമായി ഫലസ്തീന്റെ പോരാട്ടത്തെ സമാന്തരമായി കണ്ടുകൊണ്ടാണ് അയർലൻഡ് ഫലസ്തീനോപ്പം നിൽക്കുന്നത്. 1980-കളിൽ തന്നെ അയർലൻഡ് ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. 2024-ൽ, പ്രധാനമന്ത്രി സൈമൺ ഹാരിസ് ഇങ്ങനെ പ്രസ്താവിക്കുന്നുണ്ട്: ‘ഞങ്ങൾക്ക് സ്വാതന്ത്ര്യം അംഗീകരിക്കപ്പെട്ടതുപോലെ, പലസ്തീനും അതിന് അർഹമാണ്.’
1988-ൽ യുഗോസ്ലാവ്യയുടെ ഭാഗമായിരിക്കെ തന്നെ ഫലസ്തീനെ അംഗീകരിച്ചിരുന്ന രാജ്യമാണ് സ്ലോവേനിയ. 1991-ലെ സ്വാതന്ത്ര്യ പോരാട്ടത്തിന്റെ പശ്ചാത്തലത്തിൽ 2024-ൽ ഈ അംഗീകാരം വീണ്ടും ഉറപ്പിക്കുന്നുണ്ട്. പ്രധാനമന്ത്രി റോബർട്ട് ഗോലോബ് "’ആത്മനിർണയാവകാശം’ എന്ന തത്വത്തിന്റെ അടിസ്ഥാനത്തിൽ ഈ തീരുമാനത്തെ ന്യായീകരിച്ചു. സ്ലോവേനിയയുടെ ഈ നിലപാട്, അവരുടെ സ്വന്തം ചരിത്രവുമായുള്ള ബന്ധത്തെ കൂടി പ്രതിഫലിപ്പിക്കുന്നു.
1988-ൽ സ്വാതന്ത്ര്യം നേടിയത് മുതൽ മാൾട്ട ഫലസ്തീനെ അംഗീകരിച്ചിരുന്നു. യൂറോപ്യൻ യൂണിയനിൽ ഫലസ്തീനെ പിന്തുണക്കുന്ന ആദ്യ രാജ്യങ്ങളിൽ ഒന്നാണ് മാൾട്ട. ഗസ്സ വംശഹത്യയുടെ പശ്ചാത്തലത്തിൽ 2025-ൽ ഈ അംഗീകാരം പുനഃസ്ഥാപിക്കപ്പെട്ടു. മാൾട്ടയുടെ നിലപാട്, യൂറോപ്യൻ യൂണിയന്റെ ഫലസ്തീൻ-പിന്തുണാ നയങ്ങളിൽ സുപ്രധാനമാണ്.
ഫലസ്തീൻ വിഭജിച്ച് ഇസ്രായേൽ രാഷ്ട്രത്തിന്റെ സ്ഥാപനവും തുടർന്നിങ്ങോട്ടുള്ള കുടിയേറ്റങ്ങൾക്കും ഒരു ഘട്ടം വരെ പ്രധാന പങ്ക് വഹിച്ചത് ബ്രിട്ടൻ ആണ്. എന്നാൽ അമേരിക്ക ഒരു ആഗോള വൻ ശക്തിയായി ഉയർന്ന് വരികയും ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്ന് വിട്ട് പോയതുമൊക്കെ ആഗോളതലത്തിൽ ചില നയതന്ത്ര മാറ്റങ്ങൾ കൊണ്ട് വരുന്നുണ്ട്. ഇസ്രയേലിനെ പൂർണമായി പിന്തുണക്കുന്ന, ഒരുപക്ഷേ യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ 51 മത് സംസ്ഥാനം എന്ന് പോലും തോന്നിപ്പിക്കും വിധത്തിലാണ് പിന്നീട് മാറിമാറി വന്ന അമേരിക്കൻ ഭരണകൂടങ്ങൾ പെരുമാറിയത്. ഫലസ്തീൻ അനുകൂലിയായ ഒബാമ പോലും പ്രസിഡന്റ് ആയതിന് ശേഷം ഇസ്രായേലിന് മുന്നിൽ അടിയറവ് വെക്കുന്നത് നമ്മൾ കണ്ടതാണ്. ശക്തമായ ജൂത ലോബിയിങ്ങും അതിനേക്കാൾ അതിനെ താങ്ങി നിർത്തുന്ന ക്രൈസ്തവ സയണിസ്റ്റ് അച്ചുതണ്ടുമാണ് അമേരിക്കൻ രാഷ്ട്രീയത്തിന്റെ അകത്തളങ്ങളുടെ അടിസ്ഥാനം. ഈ ഡീപ് സ്റ്റേറ്റിനെ ഒരു നിലക്ക് ട്രംപ് കാര്യമായി പരിഗണിക്കുന്നില്ലെങ്കിലും ഇസ്രായേൽ വിഷയത്തിൽ ഇവ അവഗണിച്ചുകൊണ്ട് ഒരു സമീപനം സ്വീകരിക്കുക ഇന്നത്തെ അമേരിക്കക്കോ ട്രംപിനോ സാധ്യമല്ല. നിലനിൽക്കുന്ന ലോബിയിങ്ങിന് ബദൽ ലോബിയിങ് ശക്തിപ്പെടുത്തുന്നതിലൂടെ മാത്രമേ ദീർഘകാല അടിസ്ഥാനത്തിൽ അമേരിക്കക്ക് ഇസ്രായേൽ മുക്തമാവാൻ സാധിക്കുകയുള്ളു
പുതിയ അംഗീകാരങ്ങളുടെ രാഷ്ട്രീയം: പ്രതീക്ഷയോ പ്രത്യാഘാതമോ?
ഈ അംഗീകാരങ്ങൾ പ്രതീകാത്മകമാണെങ്കിലും, ദ്വിപക്ഷ ബന്ധങ്ങൾ ശക്തിപ്പെടുത്തി, ഫലസ്തീനിന്റെ യുഎൻ അംഗത്വത്തിനുള്ള സമ്മർദ്ദം വർധിപ്പിക്കുന്നു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇതിനെ ‘ഹമാസിനുള്ള പ്രതിഫലം’ എന്നാണ് വിമർശിച്ചത്. എന്നാൽ ഏറ്റവും പുതിയ സാഹചര്യത്തിൽ നെതന്യാഹു യുഎൻ അസംബ്ലിയെ അഭിസംബോധന ചെയ്യുമ്പോൾ വലിയൊരു ശതമാനം രാഷ്ട്ര നേതാക്കൾ ഇറങ്ങി പോകുന്നത് ഇസ്രായേലിനും സഖ്യരാഷ്ട്രങ്ങൾക്കും ശക്തമായ രാഷ്ട്രീയ സന്ദേശം നൽക്കുന്നുണ്ട്.