ഖത്തറിൽ പൊളിഞ്ഞുവീണ ധാരണകൾ; കൂട്ടുപ്രതികള്‍ നെതന്യാഹുവും ട്രംപും മാത്രമോ?

ഹമാസ് നേതാക്കൾ താമസിക്കുന്ന ഖത്തറിലെ കെട്ടിടത്തിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണം അപ്രതീക്ഷിതവും അസാധാരണവുമായിരുന്നു. ഇസ്രായേലിന് യാതൊരു ഭീഷണിയും ഉയർത്താത്ത, ഗസ്സ വിഷയത്തിൽ മധ്യസ്ഥത വഹിക്കുന്ന, മേഖലയിലെ അമേരിക്കയുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയാണ് ഖത്തർ. അങ്ങനെയൊരു രാജ്യമാണ് ആക്രമിക്കപ്പെട്ടിരിക്കുന്നത്

Update: 2025-09-10 10:54 GMT

അന്താരാഷ്ട്ര ലോകക്രമത്തിൽ ഒട്ടും വിശ്വാസയോഗ്യമല്ലാത്ത രാജ്യമേത്? അമേരിക്കയുടെ സഖ്യകക്ഷിയായാൽ എല്ലാമായോ? ഈ രണ്ട് ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നല്കിക്കഴിഞ്ഞിരിക്കുന്നു 2025 സെപ്റ്റംബർ ഒൻപത്. പശ്ചിമേഷ്യയിൽ ഏറ്റവും അടുപ്പമുള്ള സഖ്യരാജ്യമായിട്ടും അവർ ആക്രമിക്കപ്പെടാൻ പോകുന്നുവെന്ന വിവരം മുൻകൂട്ടി അറിയിക്കാനുള്ള സാമാന്യ മര്യാദയില്ലാത്ത രാജ്യമായി മാറിക്കഴിനഞ്ഞിരിക്കുകയാണ് ഡൊണാൾഡ് ട്രംപിന്റെ അമേരിക്ക. ഒപ്പം അമേരിക്കയുമായി ചേർന്നുനിന്നാൽ ഇസ്രായേലി മിസൈലുകളുടെ ആക്രമണത്തിൽനിന്ന് ഒഴിവാകാം എന്ന മിഥ്യാധാരണ കൂടിയാണ് ഖത്തറിൽ ഇല്ലാതായിരിക്കുന്നത്.

Advertising
Advertising

 

ഹമാസ് നേതാക്കൾ താമസിക്കുന്ന ഖത്തറിലെ കെട്ടിടത്തിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണം അപ്രതീക്ഷിതവും അസാധാരണവുമായിരുന്നു. ഇസ്രായേലിന് യാതൊരു ഭീഷണിയും ഉയർത്താത്ത, ഗസ്സ വിഷയത്തിൽ മധ്യസ്ഥത വഹിക്കുന്ന, മേഖലയിലെ അമേരിക്കയുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയാണ് ഖത്തർ. അങ്ങനെയൊരു രാജ്യമാണ് ആക്രമിക്കപ്പെട്ടിരിക്കുന്നത്.

പശ്ചിമേഷ്യയിലെ അമേരിക്കയുടെ ഏറ്റവും വലിയ സൈനിക താവളം (അൽ ഉദെയ്‌ദ്) സ്ഥിതി ചെയ്യുന്ന രാജ്യമാണ് ഖത്തർ. അവിടെനിന്ന് ഏകദേശം 30 കിലോമീറ്റർ മാറിയുള്ള പ്രദേശത്താണ് ആക്രമണം നടന്നത്. എന്നിട്ടും ആക്രമണം വന്ന സമയത്ത് അപായസൂചനകളൊന്നും ഉണ്ടായിരുന്നില്ല എന്നാണ് റിപ്പോർട്ടുകൾ. ഇത് അമേരിക്കയുടെ മൗനസമ്മതത്തിന്റെ തെളിവാണെന്നാണ് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. ഒപ്പം തങ്ങളുടെ പ്രധാന സഖ്യരാജ്യത്ത് ആക്രമണം നടത്താൻ പോകുന്നുവെന്ന വിവരം മുൻകൂട്ടി ലഭിച്ചിട്ടും ഇസ്രയേലിനെ തടയാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തയാറായിരുന്നില്ല. മറിച്ച് ഖത്തറിനെ അറിയിക്കാനുള്ള മനസുകാട്ടി എന്ന വിശദീകരണമാണ് അമേരിക്ക നൽകുന്നത്. എന്നാൽ തങ്ങളെ ഒരുകാര്യവും മുൻകൂട്ടി അറിയിച്ചിട്ടില്ല എന്നാണ് ഖത്തർ വിദേശകാര്യ വക്താവ് ഡോ. മജീദ് മുഹമ്മദ് അൽ-അൻസാരി പറയുന്നത്.

ഇക്കഴിഞ്ഞ മേയിലാണ് 1.2 ട്രില്യൺ ഡോളറിന്റെ നിക്ഷേപം അമേരിക്കയിൽ നടത്തുമെന്ന് ഖത്തർ പ്രഖ്യാപിച്ചത്. ഇത്രയും വലിയ നിക്ഷേപമെല്ലാം നടത്തുന്നത് ഗൾഫ് രാജ്യങ്ങളുടെ പ്രധാന ആശങ്കയായ സുരക്ഷയുടെ അടിസ്ഥാനത്തിൽ കൂടിയാണ്. അങ്ങനെയിരിക്കെയാണ് മാസങ്ങൾക്കിപ്പുറം, അമേരിക്കയുടെ തന്നെ സമ്മതത്തോടെ അവരുടെ സഖ്യകക്ഷിയായ ഇസ്രായേൽ ഖത്തറിൽ ആക്രമണം നടത്തിയിരിക്കുന്നത്.

അമേരിക്കയുടെ കൂടി ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഹമാസിന് ഓഫീസ് അനുവദിക്കാനും മധ്യസ്ഥ ചർച്ചകൾക്ക് വേദിയൊരുക്കാനും ഖത്തർ തയാറായത് എന്നതും വസ്തുതയായി മുന്നിലുണ്ട്. എന്നിട്ടും അമേരിക്ക ഇസ്രായേലിന് പച്ചക്കൊടി വീശി എന്നത് അറബ് രാജ്യങ്ങൾക്ക് പുനർവിചിന്തനത്തിനുള്ള സന്ദേശമാണ് എന്നാണ് ദോഹ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്രാജുവേറ്റ് സ്റ്റഡീസിലെ മീഡിയ സ്റ്റഡീസ് പ്രൊഫസർ മുഹമ്മദ് എൽമാസ്രി അഭിപ്രായപ്പെടുന്നത്.

കരോലിന്‍ ലീവിറ്റ് 

 

ദോഹ ആക്രമണം കൂടാതെ മറ്റുചില സംഭവങ്ങൾ കൂടി നടന്ന ദിവസമായിരുന്നു സെപ്റ്റംബർ ഒൻപത്. ആദ്യത്തേത്, ഗസ്സയിലേക്ക് സഹായവിതരണവുമായി യാത്ര തിരിച്ച ഗസ്സ സുമുദ് ഫ്ലോട്ടില്ലയ്ക്ക് നേരെ നടന്ന ഡ്രോൺ ആക്രമണമായിരുന്നു. അന്താരാഷ്ട്ര ജലാതിർത്തിയിൽ വച്ചായിരുന്നു ഒരു ആഗോള ക്യാമ്പയിൻ ആക്രമിക്കപ്പെട്ടത് എന്നത് കൂടി പ്രത്യേകം എടുത്തുപറയേണ്ടുന്ന കാര്യമാണ്. കൂടാതെ ഗസ്സ സിറ്റിയിൽനിന്ന് മുഴുവൻ ഫലസ്തീനികളും ഒഴിയണമെന്ന മുന്നറിയിപ്പ് ആദ്യമായി ഇസ്രായേൽ സൈന്യം നൽകിയതും കഴിഞ്ഞ ദിവസമായിരുന്നു.

 

ഗസ്സ നഗരം ഒഴിയണമെന്ന് നോട്ടീസുകള്‍ മുഖേനമുന്നറിയിപ്പ് നല്‍കുന്നു 

ലോകത്തിന്റെ ശ്രദ്ധ മുഴുവൻ മറ്റൊരു കാര്യത്തിലേക്ക് തിരിച്ച ശേഷം, ഗസ്സയിലെ അധിനിവേശ നടപടികളുടെ വേഗത വർധിപ്പിക്കുക എന്നത് 2023 ഒക്ടോബർ ഏഴുമുതൽ ഇസ്രായേൽ തുടർന്നുപോരുന്ന രീതിയാണ്. ഇപ്പറഞ്ഞതിനർത്ഥം ദോഹയിലെ ആക്രമണം ഗസ്സ നഗരത്തിലെ അധിനിവേശത്തിന് വേണ്ടി മാത്രമായിരുന്നു എന്നതല്ല. മറിച്ച്, വെടിനിർത്തൽ ചർച്ചകളെ ഇല്ലാതാക്കുകയും അതുവഴി ഗസ്സയെ പൂർണമായി വിഴുങ്ങാനുള്ള സമയം ലഭിക്കുകയും കൂടി അവരുടെ ലക്ഷ്യമായിരുന്നിരിക്കണം.

മധ്യസ്ഥ ചർച്ചകളെ ഇല്ലാതാക്കാനും ഗസ്സയിൽ സമാധാനം പുലരാനും അനുവദിക്കാത്തതിൽ നെതന്യാഹുവിന്റെ പങ്ക് വെളിപ്പെടുത്തുന്ന നിരവധി റിപോർട്ടുകൾ പലതവണയായി പുറത്തുവന്നതാണ്. വെടിനിർത്തൽ കരാറിന് ഏഴുതവണ തടസം സൃഷ്ടിച്ചത് നെതന്യാഹു ആണെന്ന് റിപ്പോർട്ട് ചെയ്തത് ഇസ്രായേലി മാധ്യമം ചാനൽ 13 ആയിരുന്നു.

 

ദോഹയിലെ ആക്രമണത്തിലൂടെയും നെതന്യാഹു ചെയ്തത് വെടിനിർത്തൽ ചർച്ചകളെ അട്ടിമറിച്ച്, ഗസ്സയിൽ അധിനിവേശത്തിനുള്ള സമയം നീട്ടിയെടുക്കുകയാണ്. അമേരിക്ക മുന്നോട്ടുവച്ച വെടിനിർത്തൽ കരാറിന് ഹമാസ് തത്വത്തിൽ അംഗീകാരം നൽകിയതിന് തൊട്ടുപിന്നാലെയായിരുന്നു ദോഹയിലെ ആക്രമണം എന്നത് പ്രസക്തമാകുന്നത് ഈ അവസരത്തിലാണ്. ബന്ദി കൈമാറ്റത്തിൽ ഉൾപ്പെടെ ഇസ്രായേൽ മുന്നോട്ടുവച്ച പല ആവശ്യങ്ങളെയും ഉൾക്കൊള്ളുന്നതായിരുന്നു പുതിയ കരാർ എന്നതും പ്രത്യേകം എടുത്തുപറയേണ്ട വസ്തുതയാണ്.

അവസാനമായി മറ്റൊരു കാര്യം കൂടി, വെടിനിർത്തൽ ചർച്ചകളെ അട്ടിമറിക്കുന്ന ഘട്ടത്തിൽ പലപ്പോഴും ഉയർന്നുകേൾക്കുന്ന ഒന്നാണ് നെതന്യാഹുവിന്റെ അധികാരക്കൊതി. അതിന് പങ്കുണ്ടെന്ന കാര്യം നിഷേധിക്കുന്നില്ലെങ്കിൽ പോലും അതുമാത്രമാണ് കാരണമെന്ന് വാദിക്കുന്ന ഘട്ടത്തിൽ രക്ഷപ്പെട്ടുപോകുന്നത് സയണിസമെന്ന അധിനിവേശ ആശയമാണ്.

 

സയണിസവും അതിന്റെ വക്താക്കളും ലക്ഷ്യമിടുന്നത് ഫലസ്തീന്റെ സമ്പൂർണ നിയന്ത്രണമാണ്. അതിന്റെ വക്താക്കളാണ് നെതന്യാഹു ഉൾപ്പെടെയുള്ള നേതാക്കൾ. എന്നാൽ ഫലസ്തീനികളുടെ ദുരിതത്തിന് കാരണം നെതന്യാഹു അല്ലെങ്കിൽ ചില നേതാക്കൾ മാത്രമാണെന്ന് വ്യാഖ്യാനിക്കപ്പെടുമ്പോൾ അതിന്റെയെല്ലാം മൂലകാരണമായ സയണിസം രക്ഷപ്പെട്ടു പോകുകയാണ് പതിവ്. അതിലേക്ക് ശ്രദ്ധ പതിയാതിരിക്കാൻ അതിന്റെ അനുവാചകർ നടത്തുന്ന നീക്കങ്ങളാണ് അവിടെ വിജയിക്കുന്നതെന്ന വസ്തുതയും ഈ നിമിഷത്തിലെങ്കിലും നാം കാണേണ്ടതുണ്ട്.

Tags:    

Writer - RizwanMhd

contributor

Editor - RizwanMhd

contributor

By - മുഹമ്മദ് റിസ്‍വാൻ

Web Journalist at MediaOne

Similar News