കമ്പളത്ത് ഗോവിന്ദൻ നായർ: സാംസ്കാരിക പോരാട്ടങ്ങളുടെ അഗ്നി ശൈലങ്ങൾ

ഇന്ത്യയിൽ സാംസ്കാരികവും നാഗരീകവുമായ മുന്നേറ്റങ്ങൾ കൊണ്ട് ഇന്ന് നവോത്ഥാനപ്പെട്ട ഒരു സംസ്ഥാനം കേരളം തന്നെയാണ്. രാഷ്ട്രീയവും മതപരവുമായ നാനാതരം മുൻ കൈകൾ കേരളീയ നവോത്ഥാന പരിശ്രമങ്ങൾക്ക് ത്വരകമായിട്ടുണ്ട്. ഇതിലൊന്നാണ് മലയാളത്തിന്റെ അക്കാലത്തെ സർഗ്ഗാത്മകത പ്രവർത്തനങ്ങൾ. നമ്മുടെ കവികളും കാഥികരും കഥാകാരൻമാരും നാടകപ്രവർത്തകരും അധ്യാപകരും ഇതിൽ പങ്കാളികരാണ്. അതുകൊണ്ട് തന്നെയാണു തകഴി ഒരിക്കൽ പറഞ്ഞത് " നവേത്ഥാന കേരളത്തെ ഞങ്ങളുടെ തലമുറ എഴുതി ഉണ്ടാക്കിയതാ"ണെന്ന്. ഇത്തരം സർഗാത്മകവും നവോസ്ഥാനപരവുമായപ്രവർത്തനങ്ങളെ കേരളീയ ഗ്രാമങ്ങളിൽ അക്കാലത്ത് ഏകോപിപ്പിച്ചു മുന്നേറിയിരുന്നത് നമ്മുടെ ത്യാഗ സജ്ജരായിരുന്ന അധ്യാപകരും.

Update: 2025-09-11 07:26 GMT

ഇന്ത്യയിൽ സാംസ്കാരികവും നാഗരീകവുമായ മുന്നേറ്റങ്ങൾ കൊണ്ട് ഇന്ന് നവോത്ഥാനപ്പെട്ട ഒരു സംസ്ഥാനം കേരളം തന്നെയാണ്. രാഷ്ട്രീയവും മതപരവുമായ നാനാതരം മുൻ കൈകൾ കേരളീയ നവോത്ഥാന പരിശ്രമങ്ങൾക്ക് ത്വരകമായിട്ടുണ്ട്. ഇതിലൊന്നാണ് മലയാളത്തിന്റെ അക്കാലത്തെ സർഗ്ഗാത്മകത പ്രവർത്തനങ്ങൾ. നമ്മുടെ കവികളും കാഥികരും കഥാകാരൻമാരും നാടകപ്രവർത്തകരും അധ്യാപകരും ഇതിൽ പങ്കാളികരാണ്. അതുകൊണ്ട് തന്നെയാണു തകഴി ഒരിക്കൽ പറഞ്ഞത് " നവേത്ഥാന കേരളത്തെ ഞങ്ങളുടെ തലമുറ എഴുതി ഉണ്ടാക്കിയതാ"ണെന്ന്. ഇത്തരം സർഗാത്മകവും നവോസ്ഥാനപരവുമായപ്രവർത്തനങ്ങളെ കേരളീയ ഗ്രാമങ്ങളിൽ അക്കാലത്ത് ഏകോപിപ്പിച്ചു മുന്നേറിയിരുന്നത് നമ്മുടെ ത്യാഗ സജ്ജരായിരുന്ന അധ്യാപകരും.

Advertising
Advertising

ഇങ്ങനെ കേരളീയ നവോന്ഥാനമൂല്യങ്ങളെ സർവാത്‌മനാ ത്വരിപ്പിച്ച രാഷ്ട്രീയ നേതാവും കവിയും നാടകക്കാരനും അധ്യാപകനുമായ ഒരാളാണ് കമ്പളത്ത് ഗോവിന്ദൻ നായർ. ഒരു ജീവിതം തന്നെ സമൂഹത്തിന്റെ പുരോഗതിക്ക് വേണ്ടി സമർപ്പിച്ച് പരിവ്രാജകനെപ്പോലെ ജീവിതത്തിൽ നിന്നും തിരിച്ചു പോയ കമ്പളത്തിനെ യഥോചിതം മലയാളികൾ പുരസ്കരിച്ചിട്ടില്ല. അദ്ദേഹത്തിന്റെ നാനാതരം ജീവിതാവിഷ്കാരങ്ങളെ വിസ്താരത്തിൽ വിശകലനത്തിന് വെയ്ക്കുന്ന പ്രൗഢമായൊരു കൃതിയാണ് പത്രപ്രവർത്തകനും എഴുത്തുകാരനുമായ ഷെബിൻ മഹ്ബൂബ് എഴുതി വർക്കല പേപ്പർ പബ്ലിക പ്രസിദ്ധീകരിച്ച 'കമ്പളത്തും ഏറനാടിൻ ധീരമക്കളും ' എന്ന പുസ്തകം.

ബ്രിട്ടീഷ് അധിനിവേശ കോയ്മക്കെതിരേ അക്ഷരങ്ങൾ കൊണ്ട് അഗ്നി കടഞ്ഞ ധീരനാണ് കമ്പളത്ത്. ആയിരത്തി തൊള്ളായിരത്തി പതിനാല് ഏപ്രിലിൽ ഏറനാട്ടിലെ തേലറിപറമ്പത്ത് കുഞ്ഞൻ നായരുടെയും കമ്പളത്ത് നാണി അമ്മയുടെയും മകനായി ജനിച്ച ഗോവിന്ദന്റെ ബാല്യ കൗമാരം തീർത്തും ദരിദ്രമായിരുന്നു. തന്റെ സ്കൂൾ പഠനകാലത്തെ ഏറനാടൻ ഗ്രാമങ്ങളിലെ കർഷകത്തൊഴിലാളികളും കുടിയാൻമാരും അനുഭവിക്കുന്ന പെരുംദുരിതങ്ങൾ കമ്പളത്തിന്റെ ഉത്കണ്ഠകൾ തന്നെയായിരുന്നു. മഹത്തായൊരു മാനവ സേവനം മുന്നിൽ കണ്ട കമ്പളത്ത് ആ ലക്ഷ്യ സാക്ഷാൽകാരത്തിനായി സുധീരം ഇറങ്ങി നടന്നു. തന്റെ ദേശവാസികൾ അക്ഷരവെട്ടം സ്വന്തമാക്കാനായി ഇദ്ദേഹം പൊതുവായനശാലകൾ സ്ഥാപിക്കുവാൻ മുന്നിൽ നിന്നും ഉൽസാഹിച്ചു. പഴയ കാലത്തെ ഗ്രാമീണ വായനാശാലകളും പുസ്തകശാലകളും നമ്മുടെ ദേശീയ നവോത്ഥാനത്തിൽഎന്തു മാത്രം സ്വാധീനമാണ് ധനാത്മകമായി നിർവഹിച്ചതെന്നത് നമുക്കറിവുള്ളതാണ്.

പഠിപ്പ് കഴിഞ്ഞ കമ്പളത്ത് തൊള്ളായിരത്തി മുപ്പത്തി ഒന്നിൽ അധ്യാപകനായി ജോലിയിൽ ചേർന്നു. അതോടെ സാമൂഹ്യ ജീവിത വ്യവഹാരങ്ങളിൽ കൂടുതൽ സജ്ജീവമായി ഇ.എം.എസ്.ന്റെ അനുചാരിയായി മാറിയ കമ്പളത്ത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് വളരെ വേഗം ആകർഷിക്കപ്പെട്ടു. ഭരണ കൂടമദ്ദേഹത്തെ നിശബ്ദനാക്കാൻ കുതറി വന്നു. നാൽപത്തി ഒന്നിൽ രാജ്യദ്രോഹം ചുമത്തി കമ്പളത്തിനെ കഠിന തടവിലിട്ടു. എഴുതാതിരിക്കാൻ വലതുകൈ അടിച്ചൊടിച്ചു. വിരൽ നഖങ്ങൾ പിഴുതെറിഞ്ഞു. ഇത്രയും ക്ലേശഭാരങ്ങൾ ഏറ്റെടുക്കുമ്പോഴും ആ മനസ്സിൽ പരിവർത്തനവ്യഗ്രതയുടെ വഹ്നി അണയാതെ നിന്നു.

ഇക്കാലത്ത് കമ്പളത്തെഴുതിയ മനോഹര ഗാനമാണ് 'ഏറനാടിൻ ധീരമക്കൾ'. ആത്മാഭിമാനം സിരകളിൽ ധിമിക്കുന്ന ഈ ഗാനം പ്രസിദ്ധീകരിച്ചതു കൊണ്ട് ദേശാഭിമാനി വാരിക അധിനിവേശ ഭരണം കണ്ടുകെട്ടി. ഈ പാട്ട് പാടുന്നതും പ്രചരിപ്പിക്കുന്നതും നിരോധിച്ചു. തൊള്ളായിരത്തി ഇരുപത്തി ഒന്നിൽ ഏറനാട്ടിലെ സ്വാതന്ത്ര്യദാഹികളായ സാധാരണ മനുഷ്യർ ഏറ്റെടുത്ത കൊളോനിയൽ വിരുദ്ധ ജൻമിവിരുദ്ധ വിമോചന പ്രസ്ഥാനത്തെ ചോരയിൽ മുക്കിക്കൊല്ലാൻ നേതൃത്വം നൽകിയ അംശാധികാര കൊള്ള സംഘത്തിന്റെ നായകനായിരുന്നു ഹിച്ച് കൊക്ക് . കൊന്നു തള്ളിയും തൂക്ക് വിധിച്ചും നാട് കടത്തിയും മാനം കവർന്നും അന്നീ നായാട്ടു സംഘങ്ങൾ ദേശം മുടിച്ചപ്പോൾ അതിന്റെ നായകനായി മുന്നിൽ നിന്നത് ഹിച്ച് കൊക്ക് തന്നെയായിരുന്നു. തന്റെ മൃഗയാ വിനോദം പൂർത്തിയാക്കി മടങ്ങിയ ഹിച്ച് കൊക്ക് വിധിയേറ്റി മരിച്ചു. മർദ്ദക ഭരണമയാൾക്കൊരു സ്മാരകം കെട്ടി. അത് ഏറനാട്ടിലെ മോങ്ങം എന്ന കുഞ്ഞു ദേശത്തായിരുന്നു. ഏറനാട്ടിലെ ജനങ്ങളോട് തന്നെ പണം പിരിച്ചാണവർ ആ കുല ദ്രോഹിയുടെ ഓർമ്മക്കായി കുടീരം കെട്ടിയത്. ഇന്ത്യ സ്വാതന്ത്ര്യം നേടിക്കഴിഞ്ഞിട്ടും ഈ കൊളോനിയൽ ദുഷ്ടമൂർത്തിയുടെ ദുർമുഖം ഏറനാട്ടിലെ ജനതയെ നോക്കി പരിഹരിച്ചു. സ്വാഭാവികമായും ഈ സ്മാരകം പൊളിക്കാൻ ജന സമ്മർദ്ദമുണ്ടായി. അതൊരു പ്രക്ഷോഭമായി ഏറനാട്ടിൽ കത്തിപ്പടർന്നു. എ.കെ.ജിയും മുഹമ്മദ് അബ്ദുറാമാൻ സാഹിബും ഈ പ്രക്ഷോഭത്തിൽ സജ്ജീവമായി പങ്കെടുത്തവരാണ്. ഈയൊരു പ്രക്ഷോഭത്തിലിടപെട്ടുകൊണ്ടാണ് കമ്പളത്ത് 'അന്നിരുപത്തൊന്നെ'ന്ന ഗാനവും അതിന്റെ പശ്ചാത്തലവും വളരെ വിസ്താരത്തിൽ തന്നെ ഈ പുസ്തകം ചർച്ച ചെയ്യുന്നുണ്ട്. ഇത് ലാവണ്യത വഴിയുന്നൊരു വായനാനുഭവമാണ്. ഈയൊരു ഹിച്ച് കൊക്ക് സ്മാരകത്തെ കമ്പളത്ത് സമീകരിക്കുന്നത് ചാത്തനെ കുടിവെച്ചതിനോടാണ്. നമ്മുടെ പൂർവീകരികരുടെ ചോര വീണ മണ്ണിലുള്ള ഈ ക്ഷുദ്ര സ്മാരകം ഇന്ത്യക്കാരുടെ സ്വാതന്ത്ര്യ ബോധത്തിൽ കയറ്റിവെച്ച പാരതന്ത്ര്യത്തിന്റെ പാഷാണക്കുടമാണെന്നും അത് ഉടൻ പ്രാബല്യത്തിൽ പറിച്ചെറിയണമെന്നുമാണ് കമ്പളത്തിന്റെ പ്രഖ്യാപനം. ഇത് മാത്രമല്ല അദ്ദേഹം പാട്ടിൽ പരസ്യമായി പ്രഖ്യാപിക്കുന്നത്.. എത്രയും പെട്ടെന്ന് ബ്രിട്ടീഷ് അധിനിവേശ കൊള്ളക്കാർ നമ്മുടെ രാജ്യം വിട്ടു പോകണമെന്നും ദേശം ദേശവാസികൾക്ക് തിരിച്ചേൽപ്പിക്കണമെന്നും അദ്ദേഹം പരസ്യമായി ആവശ്യപ്പെടുന്നുണ്ട്. മാപ്പിളപ്പാട്ടിന്റ സഹജമായ രചനാ സൗഷ്ടവം ഒട്ടുമേ ചോർന്നു പോവാതെ അത്രമേൽ സാന്ദ്ര മധുരമായാണ് ഇദ്ദേഹം തന്റെ പടപ്പാട്ട് ചിട്ടപ്പെടുത്തിയത്. ഈ മധുരഗാനം അന്നേറ്റെടുത്തത് സ്വാതന്ത്ര്യ സമര പ്രവർത്തനങ്ങളുടെ ഏകോപനത്തെ തന്നെയാണ്.

'നമ്മളുണ്ടാക്കുന്ന നെല്ല് ജൻമിമാരെ തീറ്റുവാൻ

സമ്മതിക്കില്ലെന്നതാണ് ഹേതു ഏറ്റുമുട്ടുവാൻ

നമ്മളുടെ കാശു വാങ്ങിംഗ്ലണ്ടിലേയ്ക്കയക്കുവാൻ

സമ്മതിക്കില്ലെന്നതാണ് ഹേതു ഏറ്റുമുട്ടുവാൻ'

എന്ന് കമ്പളത്ത് കൃത്യമായി ആയിരത്തി തൊള്ളായിരത്തി ഇരുപത്തി ഒന്നിലെ മലബാർ വിമോചന സമര കാരണത്തെ നിർണയിക്കുന്നുണ്ട്. സ്വാഭാവികമായും മലബാർ വിമോചന സമര ചരിത്ര സന്ദർഭങ്ങളും അതിന്റെ പരഭാഗശോഭകളും പുസ്തകത്തിൽ വിപുലതയിൽ തന്നെ വിശകലനത്തിനു വെയ്ക്കുന്നുണ്ട്.

ശിക്ഷാകാലാവധി കഴിഞ്ഞ് തൊഴിൽ ലാവണത്തിലേക്ക്തിരിച്ച് വന്ന കമ്പളത്തെ, കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ടപ്പോൾ വീണ്ടും പിരിച്ചു വിട്ടു. പിന്നീടാ ജോലി ഇദ്ദേഹത്തിന് തിരിച്ച് ലഭിക്കുന്നത്. തൊള്ളായിരത്തി അൻപത്തിരണ്ടിൽ മാത്രം. . ഇക്കാലത്തൊക്കെയും കേരളത്തിലെ അസംഘടിതരായിരുന്ന അധ്യാപക സമൂഹത്തെ ശാക്തീകരിക്കാനും സംഘടിതരാക്കാനും വ്യാപൃതനായി കമ്പളത്ത്. കേരളത്തിന്റെ സാമൂഹ്യ നവീകരണത്തിലും സർഗ്ഗാത്മക പ്രബുദ്ധതയിലും അക്കാലത്തെ അധ്യാപകർ വഹിച്ച പങ്ക് മഹത്തായിരുന്നു. " അധ്യാപനം രാഷ്ട്ര സേവനം, രാഷ്ട്ര സേവനം ജീവിത ലക്ഷ്യം, അടിസ്ഥാന ശമ്പളം നൂറ്‌ രൂപ "ഇതായിരുന്ന അക്കാലത്ത് കമ്പളത്തും കൂട്ടുകാരും അധ്യാപകർക്ക് വേണ്ടി ഉയർത്തിയ മുദ്രാവാക്യം. ദൈന്യത മുറ്റിയ ജീവിത സാഹചര്യമായിരുന്നു അന്നത്തെ അധ്യാപക സമൂഹത്തിന്റെത്. കാരൂരിന്റെ പ്രശസ്തമായ പൊതിച്ചോറ് തുടങ്ങിയ കഥകളിൽ ഈ അധ്യാപക ദൈന്യത നമുക്ക് തെളിഞ്ഞു കാണാം. അധ്യാപക സമൂഹത്തിന്റെ സംഘാടനത്തിൽ കമ്പളത്ത് നടത്തിയ ധീരമായ ഇടപെടൽ ഈ പുസ്തകത്തിൽ വിശദമായി വിവരിക്കുന്നുണ്ട്.

കേരളീയ സാമൂഹ്യ നവോത്ഥാനത്തെ സ്വാധീനിച്ച മറ്റൊരു സർഗ്ഗാത്മക മണ്ഡലമാണ് നമ്മുടെ നാടകവും നാടകപ്രവർത്തനങ്ങളും. തോപ്പിൽ ഭാസിയുടേയും കാമ്പിശ്ശേരിയുടേയും ചെറുകാടിന്റെയുമൊക്കെ നാടകങ്ങൾ തീർച്ചയായും മലയാളിയുടെ മാനവിക ബോധ്യങ്ങളെ സ്വാധീനിച്ചത് വലിയൊരു പ്രതലത്തിലാണ് . ഇവരുടെ നാടകങ്ങളോട് കിടനിൽക്കുന്നത്‌ തന്നെയായിന്നു കമ്പളത്തിൻറ നാടകങ്ങളും . താൻ എഴുതിയ നാടകങ്ങളിൽ കമ്പളത്ത് മാത്രമല്ല സ്വന്തം മക്കളും കൂടി അഭിനയിക്കുകയും ചെയ്തിരുന്നു അക്കാലത്ത് . കമ്പളത്തിന്റെ നാടകലോകം പൊതു സമൂഹത്തിനു അത്ര വെളിപ്പെടാത്ത ഒന്നാണ്. അത് പുസ്തകം വിശദപ്പെടുത്തുന്നുണ്ട്. നിരവധിയായ കവിതകൾ ഇദ്ദേഹമെഴുതിയിട്ടുണ്ട്. അന്നന്നത്തെ രാഷ്ട്രീയ സമരങ്ങൾക്ക് ഊർജ്ജംപകർന്ന് പാടാനായി എഴുതിയതാണ് മിക്ക കവിതകളും. അതിൽ ലഭ്യമായതൊക്കെയും ഈ പുസ്തകത്തിൽ ഷെബിൻ മഹബൂബ് സമാഹരിച്ചിട്ടുണ്ട്. കവിയുടെ പഴയ രേഖകളും മക്കളുടെ ഡയറികളും പേരക്കിടാങ്ങളുടെ ഓർമ്മകളുമൊക്കെ പരതിയാണ് ഈ രചനകളൊക്കെയും ഗ്രന്ഥകാരൻ കണ്ടെടുത്തത്. "കുത്തഴിഞ്ഞ പുസ്തകം , അവളുടെ തിരുവാതിര, വിദ്യാരംഭം , ഓണപ്പുടവ എന്നിവയൊക്കെയും കാവ്യ രസഭാവന തുളുമ്പുന്ന മികവാർന്ന രചനകളാണ്. പാരതന്ത്ര്യത്തിൽ നിന്നും ദാരിദ്ര്യത്തിൽ നിന്നുമുള്ള മലയാളിയുടെ ആത്യന്തിക മോചനമാണ് കമ്പളത്തിന്റെ കവിതകൾ പൊതുവേ മുന്നോട്ട് വെയ്ക്കുന്നത്. അങ്ങിനെ വന്നുചേരുന്നു ഒരു ശുഭകാല കാമനകൾ ഇദ്ദേഹത്തിന്റെ കവിതകളുടെ പൊതുസ്വഭാവമാണ്.

" അരനാഴി നെൻമണി കൂടിയും കിട്ടിയി

ല്ലറിയിച്ചു കെട്ടിയോളോട് കാന്തൻ

തിരുവോണമായിട്ടു ചുടു ബാഷ്പകണികകൾ

തികയാതുള്ളാ വാക്യം പൂർത്തിയാക്കി "

എന്നെഴുതുന്ന കവി ഈ ബാഷ്പ യുഗ്മത്തിനൊരു പരിഹാരമുണ്ടാക്കാൻ ആഹ്വാനം ചെയ്യുന്നുണ്ട്. ഉയിർത്തെഴുനേറ്റ് പൊരുതാനുള്ള ശേഷി സമ്പാദിക്കാനുള്ള ഉപദേശവും കവിതകളിലുണ്ടാവും.

സഹ ജീവിതങ്ങളുടെ ദുരിതം നീക്കാനും അവർക്കാരു ധന്യജീവിതം പ്രാപ്തമാകാനും സ്വസുഖം ത്യജിച്ച മഹാനായൊരു മനുഷ്യ സ്നേഹിയുടെ ജീവിതത്തിലേക്കുള്ള സർഗ്ഗാത്മകമായൊരു അന്വേഷണമാണീ പുസ്തകം. പല വിധ കാരണങ്ങൾ കൊണ്ടും ഇതുവരേയും പൊതുമണ്ഡലത്തിന് ലഭ്യമല്ലാതിരുന്ന നിരവധിയായ വിശദാംശങ്ങൾ കമ്പളത്തിനെയും അദ്ദേഹത്തിന്റെ സപര്യകളേയും പ്രതി ഈ പുസ്തകം നമ്മോട് വെളിപെടുത്തുന്നു. മലബാർ വിമോചന സമരത്തെപ്പറ്റി ചില സുപ്രധാന അനുബന്ധങ്ങൾ കൂടി എഴുത്തുകാരൻ പുസ്തകത്തിലൂടെ അനുവാചകരോട് സംസാരിക്കുന്നുണ്ട്. അതൊക്കെയും പുതിയ ഗവേഷണങ്ങളുടെ ഉപലബ്ധങ്ങളാണ്. കാലമെടുത്തുള്ള ഒരു ഗഹന ഖനനം ഈ ദൃശമണ്ഡലത്തിൽ എഴുത്തുകാരൻ തീർച്ചയായും നടത്തിയിട്ടുണ്ട്. ഇടത്പക്ഷ സൈദ്ധാന്തികനായ കെ.ഇ.എൻഎഴുതിയ പ്രൗഢമായൊരു അവതാരിക പുസ്തത്തിനൊരു തിലകം തന്നെയാണ്.

കമ്പളത്തും ഏറനാട്ടിൻ ധീരമക്കളും

( കമ്പളത്ത്‌ ഗോവിന്ദൻ നായരുടെ എഴുത്തും സമരവും ജീവിതവും )

രചന : ഷെബിൻ മഹ്ബൂബ്

പ്രസാധനം: പേപ്പർ പബ്ലിക്ക. വർക്കല

വില : 270 രൂപ . പേജ് : 146

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Byline - പി.ടി കുഞ്ഞാലി

contributor

Similar News