ഒരു മണിക്കൂറിൽ എത്ര നുണ? ട്രംപ് കാണിച്ചുതരുന്നു, മുൻ ചീഫ് ജസ്റ്റിസ് ചോദ്യക്കൂട്ടിൽ

മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് തലക്കെട്ടു പിടിക്കുന്നതിൽ താൽപരനാണ്. കഴിഞ്ഞദിവസം നൽകിയ ഒരഭിമുഖം അദ്ദേഹത്തെ വീണ്ടും തലക്കെട്ടുകളിൽ എത്തിച്ചിരിക്കുന്നു. ഒരു കേസിൽ നൽകിയ വിധിയെപ്പറ്റി ആ ജഡ്ജി പൊതു പ്രസ്താവന നടത്തരുതെന്ന ജുഡീഷ്യൽ സദാചാരം ലംഘിക്കപ്പെട്ടത് ഒരു കാര്യം. മറ്റൊന്ന്, ആ വിധിയിൽ പറഞ്ഞതിനെതിരാണ് ഇപ്പോൾ പറയുന്നത് എന്നതും.

Update: 2025-09-29 07:42 GMT

ഒരു മണിക്കൂറിൽ എത്ര നുണ? ട്രംപ് കാണിച്ചുതരുന്നു

ഐക്യരാഷ്ട്രസഭ എന്ന ആഗോള വേദിയിൽ യു.എസിന്‍റെ പ്രസിഡന്‍റ് ഒരു മണിക്കൂർ നീണ്ട പ്രസംഗം നടത്തി. പിന്നെ മാധ്യമങ്ങൾക്ക് തിരക്കിട്ട പണിയായിരുന്നു. പറഞ്ഞതിൽ എത്ര ശരിയുണ്ട് എന്ന് പരിശോധിക്കുന്ന ജോലി. എത്ര സത്യമുണ്ട് എന്ന പരിശോധന എന്നും പറയാം, ട്രംപായത് കൊണ്ട്.

ബിബിസിയുടെ വെരിഫൈ, എ.പിയുടെ ഫാക്ട് ചെക്ക്, സി.എൻ.എൻ ഫാക്ട് ചെക്ക്, ന്യൂയോർക് ടൈംസ്, എ.ബി.സി ന്യൂസ്, ദ ഗാർഡിയൻ തുടങ്ങി ഒരുപാട് കേന്ദ്രങ്ങൾ ട്രംപിന്‍റെ പ്രസംഗത്തിൽ വസ്തുത തിരയാനിറങ്ങി.അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളിൽ സത്യത്തിന്‍റെ അംശമുണ്ടെന്ന് അവർ കണ്ടെത്തി. ഉദാഹരണത്തിന്, ഐക്യരാഷ്ട്ര സഭയെപ്പറ്റി ട്രംപ് പറഞ്ഞു, അത് സംഘർഷങ്ങൾ ഇല്ലാതാക്കുന്നതിൽ പരാജയമാണെന്ന്. യു.എന്നിന്‍റെ പരാജയം വസ്തുതയാണ്. പക്ഷേ അതിന് മുഖ്യ കാരണക്കാരിൽ അമേരിക്കയുണ്ട്.

Advertising
Advertising

അതേ സമയം, നമീബിയ, എൽ സാൽവദോർ, മൊസാംബീക്, കംബോഡിയ, തുടങ്ങി അനേകം ഇടങ്ങളിലായി പല യുദ്ധങ്ങളും യു.എൻ മുൻകൈയിൽ അവസാനിപ്പിച്ചിട്ടുണ്ട്. യു.എൻ ശാന്തിസേനയുടെ പ്രവർത്തനവും നിസ്സാരമല്ല.പരാജയങ്ങളിൽ, ഫലസ്തീൻ ഉൾപ്പെടുന്നു. ആ പരാജയത്തിൽ ഏറ്റവും കൂടുതൽ പങ്കുള്ള നാടാണ് ട്രംപിന്‍റേത്. സംഘർഷങ്ങൾക്ക് തിരികൊളുത്തുകയാണ് ട്രംപ് ഈയിടെ പോലും ചെയ്തത്. ഇറാനെതിരെ ഇസ്രായേൽ തിരിഞ്ഞപ്പോൾ പച്ചക്കൊടി കാട്ടിയ നാടാണ് അമേരിക്ക. സമാധാന ചർച്ച നടത്തിയത് ഖത്തറാണ്. ട്രംപാകട്ടെ ഇസ്രായേലിനൊപ്പം ചേർന്ന് ഇറാനെതിരെ തിരിയുകയാണ് ചെയ്തത്.കൈയ്യൂക്കും ആയുധവും കൊണ്ട് ലോകം ഭരിക്കാൻ ശ്രമിക്കുന്ന ട്രംപ് പറയുന്നു, തന്‍റെ ഭരണത്തിൽ എല്ലാം ശുഭമെന്ന്. ലോകത്ത് ഒറ്റപ്പെടുന്നതുപോലും അദ്ദേഹം അറിയുന്നില്ല.

ലണ്ടൻ നേരിടുന്ന വലിയൊരു പ്രശ്നം യു.എൻ പ്രസംഗത്തിൽ ട്രംപ് പ്രത്യേകം എടുത്തു പറഞ്ഞു. ലണ്ടനിൽ സാദിഖ് ഖാനാണ് മേയർ. അതുകൊണ്ട് ട്രംപിന് ഉറപ്പാണ്, അവിടെ ശരീഅത്ത് നിയമം ഏർപ്പെടുത്താൻ പോകുകയാണെന്ന്.ട്രംപിന്‍റെ മറ്റൊരു മൊഴിമുത്ത്, ആഗോളതാപനം എന്നൊന്നില്ല എന്നത്രെ. ചിലർ ശാസ്ത്രത്തിന്‍റെ പേരു പറഞ്ഞ് ലോകത്തെ കബളിപ്പിക്കുകയാണത്രെ.സ്വന്തം ചായ്‌വുകളും മിഥ്യാധാരണകളുമാണ് ട്രംപ് വെളിപ്പെടുത്തിയത്. ഇനിയുമുണ്ട് ട്രംപിന്‍റെ പ്രസംഗത്തിലെ അസത്യങ്ങളും അർദ്ധസത്യങ്ങളും. ഇങ്ങനെ പരിഹാസ്യനായാലും, ട്രംപ് അമേരിക്കയുടെ പ്രസിഡന്‍റാണ്. അത് അമേരിക്കയുടെ ദൗർഭാഗ്യം. ലോകത്തിന്‍റെയും.

Full View

ജനങ്ങളും സർക്കാറുകളും: ഫലസ്തീൻ എന്ന ഉരകല്ല്

ഫലസ്തീനെ ഇസ്രായേൽ പരമാവധി മാറ്റിവരക്കാൻ ശ്രമിക്കുന്നു: ജനസമ്പത്തും ഭൂപ്രകൃതിയുമടക്കം. എന്നാൽ കൊളോണിയലിസം ഫലസ്തീനെ മാറ്റുന്നതിനേക്കാൾ ആഴത്തിൽ ഫലസ്തീൻ കൊളോണിയലിസത്തെ മാറ്റിത്തുടങ്ങിയതായി നിരീക്ഷകർ പറയുന്നു. ഫലസ്തീൻ വിഷയത്തിൽ യൂറോപ്പ് അമേരിക്കയുമായി നിർണായകമായി വേർപിരിഞ്ഞു. യൂറോപ്പിൽ ജർമ്മനിയും ഇറ്റലിയും മാത്രമാണിന്ന് ഫലസ്തീനെ അംഗീകരിക്കാത്തത്.നിലം പരിശാക്കപ്പെട്ട ഗസ്സക്ക് പുതിയ അംഗീകാരം കൊണ്ടെന്തു ഫലം എന്ന ചോദ്യം സ്വാഭാവികമാണ്. പക്ഷേ ഇത്തവണത്തെ യു.എൻ പൊതുസഭയിലെ ചലനങ്ങൾ നിസ്സാരമായികാണേണ്ടവയല്ല. ജേണലിസ്റ്റും രാഷ്ട്രീയ നിരീക്ഷകനുമായ അരൂപ് ഘോഷിന്‍റെ വാക്കുകളിൽ, ഇതൊരു നയതന്ത്ര ഭൂകമ്പം തന്നെ. ഇസ്രായേൽ ഒറ്റപ്പെടുകയാണ്.

രാഷ്ട്രീയ രംഗത്തെപോലെ മാധ്യമ രംഗത്തും പടിഞ്ഞാറൻ പൊള്ളത്തരം തുറന്നുകാട്ടപ്പെട്ടു; ലോകത്ത് കാണുന്ന മാറ്റം ഫലസ്തീനും ഫലസ്തീൻ ജേണലിസ്റ്റുകളും ഉണർത്തിവിട്ട ലോക മനസ്സാക്ഷിയുടെ പ്രവർത്തനമാണ്. ഇതാകട്ടെ പെട്ടെന്നിപ്പോൾ സംഭവിച്ചതുമല്ല. രണ്ടു വർഷമായി വിവിധരാജ്യങ്ങളിൽ ജനപക്ഷ രാഷ്ട്രീയം ശക്തിപ്പെടുന്നുണ്ട്. ചെറുതും വലുതുമായ അനേകം ജനകീയ പ്രക്ഷോഭങ്ങൾ.അധികാരികൾക്കെതിരെ, സർക്കാറിനെതിരെ, ജനങ്ങളുടേതായ മുൻകൈയിൽ നടക്കുന്ന സമരമാണ് പലേടത്തും. ഫലസ്തീൻ ലോകത്തിന്‍റെ ശ്രദ്ധാ കേന്ദ്രമാകുമ്പോൾ തന്നെ മറുവശത്ത് ലോകമെങ്ങും ചൂഷണത്തിനെതിരെ ജനങ്ങളിറങ്ങുന്നു. ഫലസ്തീനോട് ഐക്യപ്പെടാൻ സർക്കാറുകൾ നിർബന്ധിതരാകുന്നതും ജനകീയ സമ്മർദ്ദം കൊണ്ടാണ്.

Full View


മുൻ ചീഫ് ജസ്റ്റിസ് ചോദ്യക്കൂട്ടിൽ

മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് തലക്കെട്ടു പിടിക്കുന്നതിൽ താൽപരനാണ്. കഴിഞ്ഞദിവസം നൽകിയ ഒരഭിമുഖം അദ്ദേഹത്തെ വീണ്ടും തലക്കെട്ടുകളിൽ എത്തിച്ചിരിക്കുന്നു. ഒരു കേസിൽ നൽകിയ വിധിയെപ്പറ്റി ആ ജഡ്ജി പൊതു പ്രസ്താവന നടത്തരുതെന്ന ജുഡീഷ്യൽ സദാചാരം ലംഘിക്കപ്പെട്ടത് ഒരു കാര്യം. മറ്റൊന്ന്, ആ വിധിയിൽ പറഞ്ഞതിനെതിരാണ് ഇപ്പോൾ പറയുന്നത് എന്നതും.

ഹിന്ദു ക്ഷേത്രത്തിന്‍റെ സ്ഥാനത്താണ് ബാബരി മസ്ജിദ് പണിതത് എന്നതിന് തെളിവില്ലെന്ന് ചന്ദ്രചൂഡ് അടക്കം നൽകിയ അയോധ്യാ വിധിയിൽ എടുത്തുപറഞ്ഞതാണ്. പക്ഷേ ഇപ്പോൾ ന്യൂസ് ലോൺഡ്രിക്ക് വേണ്ടി ശ്രീനിവാസൻ ജെയ്‌നിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്, പള്ളി പണിതത് തന്നെ ക്ഷേത്ര ഭൂമി പങ്കിലമാക്കലായി എന്നാണ്. ഹിന്ദു വിഭാഗക്കാർ പള്ളിയിൽ വിഗ്രഹം പ്രതിഷ്ഠിച്ച് പങ്കിലമാക്കിയത് തെറ്റായില്ലേ എന്ന് ചോദ്യം. മറുപടി, മുസ്ലിം വിഭാഗക്കാർ പള്ളി ഉണ്ടാക്കിക്കൊണ്ട്‌ അവിടം പങ്കിലമാക്കി എന്നത് മറന്നോ എന്ന്. സംഘ് പരിവാറിന്‍റെ വാദമാണിത്--സുപ്രീം കോടതി തള്ളിയതും.

പുതിയ അവകാശവാദങ്ങൾ പരിഗണിക്കില്ലെന്ന സുപ്രീംകോടതി നിലപാട് മാറ്റിയ ചന്ദ്രചൂഡിന്‍റെ വ്യാഖ്യാനത്തെപ്പറ്റിയും ഇന്‍റർവ്യൂവിൽ ചോദിച്ചു. ഗ്യാൻവാപി പള്ളിയെപ്പറ്റിയും. ചന്ദ്രചൂഡ്, ഗ്യാൻവാപി പള്ളി എന്നല്ല, കെട്ടിടം (structure) എന്നാണ് പരാമർശിക്കുന്നതു തന്നെ.ഈ അഭിമുഖത്തെപ്പറ്റി വിശദമായ ഒരു വീഡിയോ ജേണലിസ്റ്റ് രവീഷ് കുമാർ ചെയ്തിട്ടുണ്ട്. ഹിന്ദിയിലുള്ള ആ അപഗ്രഥനത്തിൽ അദ്ദേഹം, ചന്ദ്രചൂഡിന്‍റേതുപോലുള്ള പക്ഷപാതിത്വം ജുഡീഷ്യറിയുടെ വിശ്വാസ്യത തകർക്കുന്നതായി സമർത്ഥിക്കുന്നു. മുൻ ചീഫ് ജസ്റ്റിസ് തന്നെ നീതിന്യായ വ്യവസ്ഥക്കു മുമ്പാകെ വിചാരണ നേരിടേണ്ടി വരികയാണോ?

Full View

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - യാസീന്‍ അശ്‌റഫ്

Media Critic, Writer

Similar News