മൂര്‍ക്കനാടുനിന്ന് മാടായിയിലേക്കുള്ള ദൂരം

മൂര്‍ക്കനാടത്തെ പരീക്ഷണത്തിന്റെ അതേ മാതൃകയാണ് മാടായിപ്പാറയിലും പ്രയോജനപ്പെടുത്തിയത്. എന്നാല്‍ അന്നത്തെ അവസ്ഥയില്‍നിന്ന് ഉണ്ടായ പ്രധാനമായ ഒരു മാറ്റം സിപിഎം അണികളും അനുയായികളും എടുത്ത നിലപാടുകളാണ്. ക്ഷേത്രത്തിന്റെ അധീനതയില്‍ ഉള്ള സ്ഥലത്ത് തന്നെ ഫലസ്തീന്‍ അനുകൂല പ്രതിഷേധം നടത്തുന്നതൊക്കെ, നാട്ടില്‍ കുഴപ്പം ഉണ്ടാക്കണം എന്ന തികഞ്ഞ ദുഷ്ടലാക്കോട് കൂടിയാണെന്നാണ് ഒരു ഐഡി എഴുതിയത്. നാളെ ഇതേ കാര്യം കേരളത്തിന്റെ മറ്റ് പ്രദേശങ്ങളിലും സംഭവിച്ചേക്കാം. മൂര്‍ക്കനാട് നിന്ന് മാടായിലെത്തുമ്പോള്‍ സിപിഎം മറുപക്ഷത്താണെന്നതാണ് നമ്മെ ഭീതിപ്പെടുത്തുന്നത്.

Update: 2025-09-09 09:59 GMT

2014 ഏപ്രില്‍ അവസാന വാരം ഇരിങ്ങാലക്കുടക്കടുത്ത മൂര്‍ക്കനാട് സെന്റ് ആന്റണീസ് പള്ളി തിരുന്നാളിനോടനുബന്ധിച്ച് നടന്ന അമ്പുപ്രദക്ഷിണം ഹിന്ദുഐക്യവേദി തടഞ്ഞു. തൊട്ടടുത്ത ദിവസം അവര്‍ ഹര്‍ത്താല്‍ നടത്തി. ക്ഷേത്രഭൂമിയിലൂടെ അനുവാദമില്ലാതെ അമ്പു പ്രദക്ഷിണം നടന്നുവെന്നതായിരുന്നു പറഞ്ഞ കാരണം. 2014ല്‍ മൂര്‍ക്കനാട് ആദ്യമായിട്ടല്ല ആര്‍എസ്എസ്സിന്റെ ഇടപെടല്‍ നടന്നത്. അതിന് തൊട്ടു മുന്‍വര്‍ഷവും പ്രകോപനമുണ്ടാക്കാന്‍ സംഘപരിവാര്‍ ശ്രമിച്ചു. ഡിവൈഎഫ്‌ഐയാണ് അന്ന് പ്രദക്ഷിണത്തിന് സുരക്ഷയൊരുക്കിയതെന്നാണ് ഓര്‍മ. ഈസ്റ്റര്‍ നാളില്‍ കുരിശിന്റെ വഴി നടത്തുന്നതും തടഞ്ഞിരുന്നു.

Advertising
Advertising

ഇരിങ്ങാലക്കുട രൂപയുടെ കീഴിലുള്ള മൂര്‍ക്കനാട് സെന്റ് ആന്റണീസ് പള്ളി 1838ലാണ് സ്ഥാപിക്കപ്പെട്ടത്. ഈ പള്ളിയിലെ അമ്പ് പ്രദക്ഷിണത്തിനും അത്രയില്ലെങ്കിലും ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. യഥാര്‍ത്ഥത്തില്‍ പ്രദക്ഷിണം നടന്നത് ക്ഷേത്രാങ്കണത്തിലൂടെയോ ക്ഷേത്രം വക മൈതാനത്തൂടെയോ ആയിരുന്നില്ല. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ശിവക്ഷേത്രത്തിന് മുന്നിലെ നിരത്തിലൂടെയായിരുന്നു. എന്നിട്ടും ക്ഷേത്രഭൂമിയില്‍ അനധികൃതമായി പ്രവേശിച്ചുവെന്ന പ്രചാരണം നടന്നത് സാങ്കേതികതയില്‍ ഊന്നിയായിരുന്നു.

 

ഈ നിരത്ത് തദ്ദേശ ഭരണകൂടത്തിന്റെ കൈവശമായിരുന്നെങ്കിലും ആധാരം നടത്തിയ രേഖകളൊന്നും ലഭ്യമായിരുന്നില്ല. പതിറ്റാണ്ടുകളായി റോഡ് നിര്‍മിച്ചിരുന്നതും പരിപാലിച്ചിരുന്നതും പൊതുമരാമത്ത് വകുപ്പാണ്. ബസ് ഗതാഗതവും നടക്കുന്നുണ്ട്. 2014ല്‍ മൂന്ന് ബസ്സുകളാണ് ഇതു വഴി പോയിരുന്നത്. ഇപ്പോഴത്തെ സ്ഥിതി അറിയില്ല. ഈ ഭൂമിയുടെ ഉടമസ്ഥാവകാശം രേഖാപരമാക്കാന്‍ സര്‍ക്കാര്‍ നേരത്തെത്തന്നെ തീരുമാനിച്ചിരുന്നെങ്കിലും അധികാരികളുടെ അനാസ്ഥയില്‍ അതുണ്ടായില്ലെന്ന് 2014ല്‍ ഈ പ്രശ്‌നത്തെക്കുറിച്ച് ഒരു കുറിപ്പെഴുതാന്‍ ശ്രമിച്ച സമയത്ത് കേട്ടിരുന്നു. അതുസംബന്ധിച്ച കുറിപ്പ് തേജസ് പത്രത്തില്‍ 2014 കാലത്ത് ഞാന്‍ തന്നെ പ്രസിദ്ധീകരിച്ചിരുന്നു. തേജസ് പത്രം പൂട്ടിപ്പോയതുകൊണ്ട് അന്നു ലഭിച്ച വിശദാംശങ്ങള്‍ ഇപ്പോള്‍ നല്‍കാന്‍ നിര്‍വാഹമില്ല.

രേഖകളിലെ അവ്യക്തത ഉപയോഗിച്ചായിരുന്നു നിരത്ത് ക്ഷേത്രഭൂമിയാണെന്ന ആഖ്യാനം ഹിന്ദു ഐക്യവേദിക്കാരും ആര്‍എസ്എസ്സുകാരും രൂപപ്പെടുത്തിയത്. ഈ സംഭവത്തെക്കുറിച്ച് കുറിപ്പ് എഴുതുന്ന സമയത്ത് മനസ്സിലാക്കാന്‍ കഴിഞ്ഞ കാര്യം മിക്കവാറും പത്രങ്ങള്‍ ആര്‍എസ്എസ്സിന്റെ വാദങ്ങള്‍ക്കൊപ്പമായിരുന്നെന്നാണ്. അന്ന് ഉമ്മന്‍ ചാണ്ടിയാണ് മുഖ്യമന്ത്രി. കളക്ടറും പോലിസും ഒരു പരിധിവരെ പള്ളിയോടൊപ്പമായിരുന്നെങ്കിലും ആര്‍എസ്എസ്സിന്റെ ഭീഷണിക്കു മുന്നില്‍ അമ്പ് പ്രദക്ഷിണം വഴി തിരിച്ചുവിട്ടു.

 

പ്രതിപക്ഷത്തുണ്ടായിരുന്ന സിപിഎം പള്ളിയുടെ പക്ഷത്തുതന്നെയാണ് നിലയുറപ്പിച്ചിരുന്നത്. പിഡബ്ല്യുഡി റോഡിലൂടെ കാലങ്ങളായി നടന്നിരുന്ന മൂര്‍ക്കനാട് സെന്റ് ആന്റണീസ് പള്ളിയിലെ അമ്പുപ്രദക്ഷിണം ഹിന്ദു ഐക്യവേദിക്കാര്‍ തടയാന്‍ ശ്രമിച്ചത് അന്യമത വിദ്വേഷം വളര്‍ത്തുന്നതിനാണെന്ന് സിപിഎം ഏരിയാ കമ്മിറ്റി നല്‍കിയ പ്രസ്താവനയില്‍ പറയുന്നു.

നാട്ടിലെ മിക്കവാറും ഭൂമികള്‍ പണ്ടു കാലം മുതലേ ദേവസ്വത്തിന്റെ കൈവശമാവാനുള്ള സാധ്യത കൂടുതലാണ്. പില്‍ക്കാലത്ത് ഈ ഭൂമി പല തരത്തില്‍ കൈമാറിയാണ് മറ്റുള്ളവരിലെത്തുന്നത്. സര്‍ക്കാരിന്റെ കൈവശത്തിലെത്തുന്നതും അതു വഴിതന്നെ. മുന്‍കാലങ്ങളില്‍ രേഖ സൂക്ഷിക്കുന്നതിലെ സൂക്ഷ്മതക്കുറവ് ഉപയോഗപ്പെടുത്തിയാണ് ഇപ്പോള്‍ സംഘപരിവാര്‍ ഇതുപോലുള്ള വാദങ്ങള്‍ ഉയര്‍ത്തുന്നത്. മാടായിപ്പാറയില്‍ ഇപ്പോഴുണ്ടായ പോലിസ് കേസിലും സമാനമായ ആഖ്യാനതന്ത്രമാണ് സംഘപരിവാര്‍ ഉപയോഗിക്കുന്നത്.

വിശ്വസിക്കാവുന്നവരെന്ന് തോന്നിയ വിവിധ എഫ്ബി പോസ്റ്റുകളില്‍നിന്ന് മനസ്സിലായിടത്തോളം മാടായിപ്പാറയിലെ ചില സ്ഥലങ്ങള്‍ ദേവസ്വം ഭൂമിയാണെന്ന അവകാശവാദമുണ്ട്. എന്നാല്‍ അത് ക്ഷേത്രഭൂമിയെന്ന രീതിയില്‍ പറയുന്നത് ശരിയല്ല. കാരണം ക്ഷേത്രത്തിന്റെ ഭൂമി തരം തിരിച്ചിട്ടുണ്ട്. പ്രകടനം നടന്നത് ക്ഷേത്രാങ്കണത്തിലൂടെയല്ല. അറുനൂറേക്കറോളം വിസ്തൃതിയുള്ള ഇതേ മാടായിപ്പാറയിലാണ് മാടായി ഹയര്‍ സെകന്‍ഡറി സ്‌കൂളുകളും മാടായി ഗവണ്മെന്റ് കോളജും പ്രവര്‍ത്തിക്കുന്നത്. വാദിഹുദാ എന്ന പേരില്‍ ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനവും പതിറ്റാണ്ടുകളായി അവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. മാടായി ഹൗസിങ് കോളനിയും ഇവിടെത്തന്നെ. ഈ ഭൂമിയില്‍ പല തരത്തിലുള്ള അവകാശവാദങ്ങള്‍ നിലവിലുണ്ട്. നിലവില്‍ അതൊരവകാശവാദം മാത്രമാണ്. കോടതി വ്യവഹാരങ്ങള്‍ നടക്കുന്നുണ്ടെന്നും മനസ്സിലാക്കുന്നു(നിഷാന്ത് പരിയാരം, മുഹമ്മദ് ഷമിം, സുബ്രഹ്‌മണന്‍ നടുവലത്ത, വിനോദ് കുമാര്‍ രാമന്തളി).

 

അതായത് മൂര്‍ക്കനാടത്തെ പരീക്ഷണത്തിന്റെ അതേ മാതൃകയാണ് മാടായിപ്പാറയിലും പ്രയോജനപ്പെടുത്തിയത്. എന്നാല്‍ അന്നത്തെ അവസ്ഥയില്‍നിന്ന് ഉണ്ടായ പ്രധാനമായ ഒരു മാറ്റം സിപിഎം അണികളും അനുയായികളും എടുത്ത നിലപാടുകളാണ്. ക്ഷേത്രത്തിന്റെ അധീനതയില്‍ ഉള്ള സ്ഥലത്ത് തന്നെ ഫലസ്തീന്‍ അനുകൂല പ്രതിഷേധം നടത്തുന്നതൊക്കെ, നാട്ടില്‍ കുഴപ്പം ഉണ്ടാക്കണം എന്ന തികഞ്ഞ ദുഷ്ടലാക്കോട് കൂടിയാണെന്നാണ് ഒരു ഐഡി എഴുതിയത്. പല ഐഡികളും ഇതിനോട് യോജിക്കുകയും ജമാഅത്തെ ഇസ് ലാമിയുടെ പേ റോളിലുള്ളവരാണ് ഇതൊക്കെ ന്യായീകരിക്കുന്നതെന്ന് കണ്ടെത്തുകയും ചെയ്തു.

 

മൂര്‍ക്കനാട് പരീക്ഷിച്ചു വിജയിച്ച അതേ പദ്ധതിയാണ് ഇപ്പോൾ മാടായിപ്പാറയിലും നടന്നത്. നാളെ ഇതേ കാര്യം കേരളത്തിന്റെ മറ്റ് പ്രദേശങ്ങളിലും സംഭവിച്ചേക്കാം. മൂര്‍ക്കനാട് നിന്ന് മാടായിലെത്തുമ്പോള്‍ സിപിഎം മറുപക്ഷത്താണെന്നതാണ് നമ്മെ ഭീതിപ്പെടുത്തുന്നത്.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - ബാബുരാജ് ഭഗവതി

Writer

Similar News