നമ്മുടെ കാഴ്ചപ്പാടിൽ നിന്ന് കൊണ്ട് സിനിമയിൽ പരീക്ഷണം തുടരാനുള്ള പ്രോത്സാഹനമാണ് ഫെസ്റ്റിവൽ

മുപ്പതാമത് ബുസാൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രദർശിക്കപ്പെട്ട 'കരിഞ്ഞി' എന്ന ഹൃസ്വ ചിത്രത്തിന്റെ സംവിധായക ഷീതൽ എൻ.എസ് സംസാരിക്കുന്നു

Update: 2025-09-25 11:49 GMT

ഉത്തര മലബാറിൽ നിന്നുള്ള യുവ ചലച്ചിത്രകാരിയും ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, പൂനെയിലെ വിദ്യാർത്ഥിനിയുമാണ് ഷീതൽ എൻ.എസ്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അതിദാരുണമായി കൊല്ലപ്പെട്ട 'കരിഞ്ഞി' എന്ന പെൺകുട്ടിയെ ഒരു നൂറ്റാണ്ടിനിപ്പുറം വാമൊഴി ചരിത്രത്തിൽ നിന്നും അടർത്തിയെടുത്ത് തന്റെ സിനിമയിലൂടെ പുനഃസൃഷ്ടിച്ചിരിക്കുകയാണ് ഷീതൾ. ഡോക്യുമെന്ററിയുടെയും ഫിക്ഷന്റെയും അതിർവരമ്പുകൾ മായ്ച്ചുകൊണ്ട്, 24 മിനിറ്റ് ദൈർഘ്യമുള്ള 'കരിഞ്ഞി'യെന്ന ഈ ഹ്രസ്വചിത്രം, ചിതറിക്കിടക്കുന്ന ഓർമ്മകളിലൂടെയും സ്ഥലങ്ങളിലൂടെയുമുള്ള സഞ്ചാരമാണ്. തിയ്യ സമുദായത്തിന്റെ കൂട്ടായ ഓർമ്മകളിൽ കരിഞ്ഞി എങ്ങനെ നിലനിൽക്കുന്നുവെന്ന് ഈ ചിത്രം വരച്ചുകാട്ടുന്നു. പ്രശസ്തമായ മുപ്പതാം ബുസാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിക്കപ്പെട്ട ഈ ചിത്രം, ഷീതലിന്റെ ഫിലിം ഡയറക്ഷൻ ആൻഡ് സ്ക്രീൻപ്ലേ റൈറ്റിംഗിലെ ഡിപ്ലോമ പ്രോജക്റ്റാണ്. ഈ സംഭാഷണത്തിൽ, കരിഞ്ഞിക്ക് പിന്നിലെ പ്രചോദനത്തെ കുറിച്ചും, വെല്ലുവിളികളെ കുറിച്ചും, രാഷ്ട്രീയത്തെ കുറിച്ചും ഷീതളുമായി കെ. ഷബാസ് ഹാരിസ് നടത്തിയ അഭിമുഖം.

Advertising
Advertising

? മലബാർ, പ്രത്യേകിച്ച് താങ്കളുടെ ജന്മനാടായ കണ്ണൂർ, ഐതിഹ്യങ്ങളാലും പുരാവൃത്തങ്ങളാലും സമ്പന്നമായ നാടാണ്. ഈ കഥകളിൽ പലതും ജാതി മേധാവിത്വത്തിനെതിരായ ചെറുത്തുനിൽപ്പിന്റെ പ്രതിഫലനങ്ങളാണ്. ബ്രാഹ്മണിസത്തിൽ അതിഷ്ഠിതമായ പുരുഷമേധാവിത്വത്തിന്റെ ഇരകളായി തീരേണ്ടി വന്ന സ്ത്രീകളുടെയും, അവരുടെ ചെറുത്ത് നിൽപ്പിന്റെയും കഥകൾ താങ്കളുടെ മണ്ണിൽ വേരൂന്നി നിൽക്കുന്നത് കാണാം. കരിഞ്ഞി അത്തരത്തിലുള്ള ഒരു കഥയാണ്. താങ്കൾ എങ്ങനെയാണ് കരിഞ്ഞിയുടെ കഥ ആദ്യമായി കേട്ടത്? അത് താങ്കളിൽ എന്ത് സ്വാധീനമാണ് ചെലുത്തിയത്? ഈ കഥ സിനിമയാക്കാൻ തീരുമാനിച്ചത് എപ്പോഴാണ്

കുട്ടിക്കാലത്ത് മുത്തശ്ശി പറഞ്ഞു തന്ന കഥകളിൽ ഒന്നായിരുന്നു കരിഞ്ഞി. അവർ ഇടയിക്ക് കരിഞ്ഞിയുടെ കരച്ചിൽ കേൾക്കാറുണ്ടായിരുന്നുവത്രെ. ഗർഭണിയായ കരിഞ്ഞി ബലാത്സംഗം ചെയ്യപ്പെട്ടാണ് കൊല്ലപ്പെടുന്നത്. ഇതെന്നെ വൈകാരികമായി പിടിച്ചുലച്ച ഒരു സംഗതിയാണ്. അത് കൊണ്ട് തന്നെയാവണം ഒരു സിനിമ ചെയ്യണമെന്ന് തീരുമാനിച്ചപ്പോൾ അത് കരിഞ്ഞിയെ കുറിച്ചാവാമെന്ന് തീരുമാനിച്ചതും. സിനിമയുണ്ടാക്കുന്നതിന് പ്രധാനമായും ആശ്രയിച്ചത് കഴിഞ്ഞ തലമുറകളിലെ മനുഷ്യരിലെ ഓർമ്മകളും, അവർ പറഞ്ഞു തന്ന വാമൊഴി കഥകളെയുമാണ്. അവരുമായുള്ള സംഭാഷണങ്ങളിലൂടെ, ചെറുത്തുനിൽപ്പിന്റെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഒരു വാമൊഴി ചരിത്രം ഞാൻ കണ്ടെത്തുകയായിരുന്നു.

? മുൻകാലങ്ങളിൽ, മലബാറിലെ കീഴാളരുടെ പുരാവൃത്തങ്ങളും ആചാരങ്ങളും ദൈനംദിന ജീവിതവുമായി, പ്രത്യേകിച്ച് കൃഷിയുമായും ഉത്സവങ്ങളുമായും ആഴത്തിൽ ബന്ധപ്പെട്ടിരുന്നു. ഹിന്ദുത്വ വ്യവഹാരങ്ങളുടെയോ ആഗോളവൽക്കരണത്തിന്റെയോ സ്വാധീനം ഈ പാരമ്പര്യങ്ങളെയും സമൂഹത്തിലെ അവയുടെ പങ്കിനെയും മാറ്റിയെന്ന് താങ്കൾ കരുതുന്നുണ്ടോ

തീർച്ചയായും. മലബാറിലെ കീഴാള സമൂഹങ്ങളുടെ ആചാരങ്ങളും പാട്ടുകളും മിത്തുകളും ഒരിക്കലും കേവലം അമൂർത്തമായ കാര്യങ്ങളായിരുന്നില്ല; അവ അധ്വാനത്തിന്റെ താളങ്ങളോടും ഋതുക്കളോടും ആചാരങ്ങളോടും ആഴത്തിൽ ബന്ധപ്പെട്ടിരുന്നു. ജാതി ശ്രേണിക്കും പുരുഷാധിപത്യത്തിനും എതിരായ ചെറുത്തുനിൽപ്പുകൾ അവയിൽ ഒളിഞ്ഞിരിന്നിരുന്നു. ഇന്ന്, ഈ പാരമ്പര്യങ്ങളിൽ പലതും ഹിന്ദുത്വത്തിന്റെ പേരിൽ ഏകതാനമായ 'ഹിന്ദു' വ്യവഹാരത്തിലേക്ക് ലയിപ്പിക്കുകയോ മായ്ക്കപ്പെടുകയോ ചെയ്യുന്നു, അവയുടെ പ്രതിരോധപരമായ സ്വഭാവം ഇല്ലാതാക്കപ്പെടുന്നു. അതേസമയം, ഈ വാമൊഴി പാരമ്പര്യങ്ങൾ അപ്രത്യക്ഷമാകുന്നതിന് മുൻപ് രേഖപ്പെടുത്താനും അവയെ വീണ്ടും സാധാരണ ജീവിതവുമായി ബന്ധിപ്പിക്കാനും ശ്രമിക്കുന്ന കലാകാരന്മാരും ഗവേഷകരും നമുക്കിടയിലുണ്ട്.


 



​? സിനിമയുടെ ആദ്യ രംഗത്തിന് തൊട്ടുപിന്നാലെ, രണ്ട് കീഴാള സ്ത്രീകൾ ജോലി ചെയ്യുന്നതിനിടയിൽ സാധാരണ സംഭാഷണങ്ങളിൽ ഏർപ്പെടുന്നത് കാണിക്കുന്നുണ്ട്, ഇത് പഴയകാല കർഷകരുടെ ദൈനംദിന ജീവിതത്തിൽ നാടൻ കഥകൾ എങ്ങനെ ഇഴചേർന്നിരുന്നു എന്ന് കാണിക്കുന്നു. പുതിയ തലമുറയിലെ ചലച്ചിത്രകാരി എന്ന നിലയിൽ, നൂറ്റാണ്ടുകൾക്ക് മുൻപുള്ള അധ്വാനിക്കുന്ന സ്ത്രീകളുടെ ജീവിതം താങ്കൾ എങ്ങനെയാണ് ഭാവന ചെയ്യുകയും ചിത്രീകരിക്കുകയും ചെയ്തത്

അധ്വാനിക്കുന്ന സ്ത്രീകളുടെ ജീവിതം ഭാവന ചെയ്യാനും ദൈനംദിന ജീവിതത്തിൽ നാടൻ കഥകൾ എങ്ങനെ ഇഴചേർന്നിരുന്നു എന്ന് മനസ്സിലാക്കാനും ഞാൻ എന്റെ നാട്ടിലെ മുതിർന്നവരുമായി സംസാരിക്കാൻ തുടങ്ങി. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തെക്കുറിച്ചുള്ള അവരുടെ ഓർമ്മകൾ ദൈനംദിന ജീവിതത്തിന്റെ സൂക്ഷ്മമായ തലങ്ങളെക്കുറിച്ച് എനിക്ക് ഉൾക്കാഴ്ച നൽകി. ആ കാലങ്ങളിൽ പാട്ടുകളും കഥകളും അധ്വാനത്തിൽ നിന്നും അതിജീവനത്തിൽ നിന്നും വേർതിരിക്കാനാവാത്തതായിരുന്നു. കൂടാതെ, കൊളോണിയൽ മിഷനറിമാരുടെ ഫോട്ടോഗ്രാഫുകളും ഞാൻ പഠനവിധേയമാക്കി. എഴുത്തുകാരനായ വിനിൽ പോളിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയാണ് ഞാൻ ഈ ചിത്രങ്ങൾ ആദ്യമായി കാണുന്നത്. ഈ ചിത്രങ്ങൾ എനിക്ക് പ്രധാനപ്പെട്ട ദൃശ്യ റഫറൻസുകളായിരുന്നു. ആ ചിത്രങ്ങളെ റഫറൻസായി സ്വീകരിച്ചപ്പോഴും അതിൽ അടങ്ങിയിട്ടുള്ള 'കൊളോണിയൽ ഗേസ്'നെ ഞാൻ തിരിച്ചറിയാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. മുതിർന്നവരുടെ ആത്മാവിഷ്കാരമായ വാമൊഴി ഓർമ്മകളും, കൊളോണിയൽ ഫോട്ടോഗ്രാഫുകളും എന്റെ സമീപനത്തെ രൂപീകരിക്കുന്നതിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്. അക്ഷരാർത്ഥത്തിലുള്ള ഒരു പുനർനിർമ്മാണത്തിന് പകരം, ഈ സ്ത്രീകളുടെ ജീവിതം അടയാളപ്പെടുത്തപ്പെടുന്ന ഒരു വൈകാരിക ഇടം സൃഷ്ടിക്കാനാണ് ഞാൻ ആഗ്രഹിച്ചത്.

? കൊളോണിയൽ കാലഘട്ടത്തിൽ സർക്കസ് പോലുള്ള വിനോദങ്ങൾക്ക് മലബാറിൽ, പ്രത്യേകിച്ചും തലശ്ശേരിയിൽ വലിയ പ്രാധാന്യമുണ്ടായിരുന്നു. കീലേരി കുഞ്ഞിക്കണ്ണൻ, കണ്ണൻ ബോംബായോ തുടങ്ങിയ വ്യക്തികൾ ആ കാലഘട്ടത്തിലെ സർക്കസ്സ് ഇതിഹാസങ്ങളാണ്. കരിഞ്ഞിയിൽ ക്ലൈമാക്സിനോട് അടുക്കുമ്പോൾ പുഴക്കടവിൽ വച്ച് ഒരു വിദേശി പ്രാദേശിക കല്യാണം തന്റെ കാമറയിൽ പകർത്തുന്നത് കാണാം, അതേ സീനിന്റെ വൈഡ് ഷോട്ടിൽ പുഴയുടെ ഇപ്പുറത്തെ ഭാഗത്തെ തോണി യാത്രയിൽ തോണിയിലെ ആളുകൾ സർക്കസ്സിനെ കുറിച്ച് സംസാരിക്കുന്നതായിയും കേൾക്കാം. ഒരേ സീനിൽ വിദേശിയുടെ സാന്നിധ്യവും, സർക്കസ്സിന്റെ സാന്നിധ്യവും കാണിച്ചതിലൂടെ കൊളോണിയൽ കാലഘട്ടത്തിലെ മലബാർ ജീവിതത്തെ മനോഹരമായി അടയാളപ്പെടുത്താൻ താങ്കൾക്ക് സാധിക്കുന്നുണ്ട്. ആ സീൻ ഉണ്ടായതിന്റെ പിന്നിലെ കഥ പറയാമോ?

തലശ്ശേരിക്ക് കൊളോണിയലിസവുമായി ഒരു പ്രത്യേക ബന്ധമുണ്ട്. തലശ്ശേരി ബ്രിട്ടീഷുകാരുടെ ഒരു സൈനിക, വ്യാപാര കേന്ദ്രം മാത്രമായിരുന്നില്ല. അച്ചടി,ബേക്കിങ്ങ് ക്രിക്കറ്റ്, സർക്കസ് തുടങ്ങിയ പുതിയ സാംസ്കാരിക രൂപങ്ങൾ കടന്നുവന്ന ഒരു സ്ഥലവും കൂടിയാണത്. ഈ സിനിമയിലൂടെ കരിഞ്ഞി ജീവിച്ച ലോകത്തെ പുനഃസൃഷ്ടിക്കുക എന്ന ദൌത്യവും കൂടി ഞാൻ ഏറ്റെടുത്തിട്ടുണ്ടായിരുന്നു. എന്റെ കയ്യിലേക്ക് എത്തപ്പെട്ട കൊളോണിയൽ ഫോട്ടോഗ്രാഫുകൾ ഒരേ സമയം സിനിമക്കുള്ള റഫറൻസായി ഇരിക്കുമ്പോൾ തന്നെയും, ഒരുകാലത്ത് ചരിത്രങ്ങൾ എങ്ങനെയാണ് ഫ്രെയിം ചെയ്യപ്പെട്ടിരുന്നത് എന്നതിനുള്ള ഓർമ്മപ്പെടുത്തൽ കൂടിയായിരുന്നു അവ. വിദേശി കാമറയുമായി നിൽക്കുന്ന ഇമേജിൽ കൂടിയാണ് ഈ കഥകളിലേക്കുള്ള എന്റെ മടക്കത്തെ ഞാൻ അടയാളപ്പെടുത്തുന്നത്. ഇത്തരത്തിലുള്ള വ്യത്യസ്ത കാഴ്ചപ്പാടുകളും, നറേറ്റീവുകളുമാണ് നമ്മളിലെ കാഴ്ചകളെയും, ഓർമ്മകളെയും രൂപപ്പെടുത്തി കൊണ്ടിരിക്കുന്നത്.

​? സിനിമയിൽ പശ്ചാത്തല സംഗീതമായി വടക്കൻപാട്ട് ഉപയോഗിച്ചിട്ടുണ്ട്. ആ തീരുമാനത്തിലേക്ക് എങ്ങനെയാണ് എത്തുന്നത് ?

പ്രധാനമായും, അധ്വാനത്തിന്റെ താളം സിനിമയിലേക്ക് കൊണ്ടുവരാനാണ് ഞാൻ ആഗ്രഹിച്ചത്. വടക്കൻപാട്ടുകളിൽ ഏറ്റവും പരിചിതമായ ഒന്നാണ് തച്ചോളി ഒതേനന്റെ വീരഗാഥ. ഇത് തിയ്യ സമുദായത്തിൽ, വിവാഹത്തിന് തലേദിവസം, സ്ത്രീകൾ കല്യാണത്തിനുള്ള തേങ്ങ അരയ്ക്കുന്ന സമയത്ത് 'അരവുപാട്ട്' ആയും പാടിയിരുന്നു. ഒതേനന്റെ വീരഗാഥ, വിവാഹച്ചടങ്ങുകളിലെ അരവുപാട്ട് എന്നിവ ബലാത്സംഗം ചെയ്യപ്പെട്ട് ഉപേക്ഷിക്കപ്പെട്ട കരിഞ്ഞിയുടെ കഥ പറയുന്നിടത്ത് ഉപയോഗിക്കുമ്പോൾ സൃഷ്ടിക്കപ്പെടുന്ന ആ 'വൈരുദ്ധ്യം' തന്നെയാണ് വടക്കൻപ്പാട്ട് ഉപയോഗിക്കാൻ തീരുമാനിച്ചതിന്റെ അടിസ്ഥാനം. രേഖാമൂലമുള്ള ചരിത്രത്തിൽ ഇല്ലാത്ത, എന്നാൽ ഒരു പ്രദേശത്തിന്റെ കൂട്ടായ ഓർമ്മയിൽ ഇപ്പോഴും ജീവിക്കുന്ന ഒരു സ്ത്രീയുടെ കഥയ്ക്ക് ഇത് വളരെ അനുയോജ്യമായി തോന്നി.


 



​? സിനിമയുടെ ഒരു നിർണ്ണായക നിമിഷത്തിൽ, ബ്ലാക്ക് സ്ക്രീനിൽ ഒരു പെൺകുട്ടി താൻ നേരിട്ട ലൈംഗികാതിക്രമം വിവരിക്കുന്നുണ്ട്. ആ ആഘാതത്തിന്റെ നിമിഷത്തിൽ അവൾ കരിഞ്ഞിയെ ഓർമ്മിക്കുകയും തന്റെ വേദനയെ ആ പുരാവൃത്തത്തിലെ ഇരയുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു. വ്യക്തിപരമായി താങ്കൾക്ക് എന്താണ് കരിഞ്ഞി?

ലൈംഗികാതിക്രമണത്തിന്റെ അനുഭവങ്ങളിലൂടെ കടന്നുപോയപ്പോൾ, കരിഞ്ഞി എന്നെ താങ്ങിനിർത്തുകയും, മുന്നോട്ടുളള ജീവിതത്തിന് പ്രചോദനമായി തീരുകയും ചെയിതിട്ടുണ്ടായിരുന്നു.

? കഥ കണ്ണൂരിന്റെ പശ്ചാത്തലത്തിലാണെങ്കിലും സിനിമ ഷൂട്ട് ചെയിതിരിക്കുന്നത് മഹാരാഷ്ട്രയിലെ രത്നഗിരിയിലാണ്. രത്നഗിരി തിരഞ്ഞെടുക്കാൻ എന്താണ് കാരണം? അവിടെ കണ്ണൂരിലെ ഗ്രാമങ്ങൾക്ക് സമാനമായ ഒരു സ്ഥലം എങ്ങനെയാണ് താങ്കൾ കണ്ടെത്തിയത്?

ഇത് ഞങ്ങളുടെ FTII ഡിപ്ലോമ പ്രോജക്റ്റ് ആയതിനാൽ, പൂനെയിൽ നിന്ന് 200 കിലോമീറ്റർ ചുറ്റളവിൽ മാത്രമേ ഷൂട്ടിംഗ് നടത്താൻ അനുവാദമുണ്ടായിരുന്നുള്ളൂ, ഇത് ശരിയായ ലൊക്കേഷനുകൾ കണ്ടെത്തുന്നത് ഒരു വെല്ലുവിളിയാക്കി മാറ്റി. നോർത്ത് മലബാറിനെ ഓർമ്മിപ്പിക്കുന്ന ഗ്രാമങ്ങളും ഭൂപ്രകൃതികളും തേടി ഞങ്ങൾ മഹാരാഷ്ട്ര തീരത്തുകൂടി മാണ്ഡ്വ മുതൽ അലിബാഗ് വരെയും അതിനപ്പുറവും യാത്ര ചെയ്തു. അങ്ങനെയാണ് രത്നഗിരിയിലെ ഗുഹാഗറിൽ എത്തുന്നത്. അവിടുത്തെ ഭൂമിശാസ്ത്രം, ചെങ്കല്ല്, തെങ്ങിൻതോപ്പുകൾ, തീരദേശത്തെ വെളിച്ചം എന്നിവയെല്ലാം കരിഞ്ഞിയുടെ ഭൂമിശാസ്ത്രവുമായി ഏറെ സാമ്യമുള്ളതായി തോന്നിയത് കൊണ്ടാണ് അവിടെ ഷൂട്ട് ചെയിതത്.

?സിനിമ മോണോക്രോമിലാണ് ചിത്രീകരിച്ചിരിക്കുന്നത്, ഒപ്പം നീണ്ട സ്റ്റാറ്റിക് ഫ്രെയിമുകൾ, സ്വാഭാവിക ശബ്ദങ്ങൾ, നാടൻ സംഗീതം, വൈഡ് ഷോട്ടുകൾ എന്നിവ ഉപയോഗിച്ചിരിക്കുന്നു. സിനിമയുടെ വിഷ്വൽ ഭാഷ എങ്ങനെയാണ് താങ്കൾ രൂപകൽപ്പന ചെയ്തത്, പ്രത്യേകിച്ചും ഈ വൈഡ് ഫ്രെയിമുകളിലെ സ്റ്റേജിങ്ങ്?

സിനിമാട്ടോഗ്രാഫറുമായുള്ള ചർച്ചകളിലൂടെ മോണോക്രോമിൽ ചിത്രീകരിക്കാനുള്ള തീരുമാനം നേരത്തെ തന്നെ എടുത്തിരുന്നു. മോണോക്രോം ഒരുപക്ഷെ റിയലിസ്റ്റിക് ആയ കാര്യങ്ങളെക്കാൾ ഓർമ്മയോടും വികാരത്തോടും കൂടുതൽ അടുത്ത് നിൽക്കുന്നതുകൊണ്ടാണ് ഞാൻ അത് തിരഞ്ഞെടുത്തത്. മാത്രമല്ല, കരിഞ്ഞി ഒരിക്കലും എന്റെ ഭാവനയിൽ കളർഫുള്ളായിരുന്നില്ല. നീണ്ട സ്റ്റാറ്റിക്ക് ഷോട്ടുകളും, വൈഡ് ഫ്രെയിമുകളും ഉപയോഗിച്ചതിലൂടെ സിനിമയിക്കകത്തെ ടൈമിനും, സ്പേസിനും ബ്രീത്ത് ചെയ്യാനുള്ള അവസരം നല്കുക എന്നതാണ് ഞാൻ ഉദ്ദേശിച്ചത്,അഥവാ അതിലൂടെ സിനിമയുടെ ഡ്യൂറിയേഷൻ തന്നെയും കേൾവിയിലൂടെ അനുഭവിപ്പിക്കാനുള്ള ഒരു ശ്രമം . സ്വാഭാവികമായ ശബ്ദങ്ങളും പരുക്കൻ സംഗീതവും ഉപയോഗിച്ചത് ഞാൻ കൈകാര്യം ചെയ്ത ലോകത്തോട് കൂടുതൽ സത്യസന്ധത കാണിക്കാനായിരുന്നു. തങ്ങളുടെ ചുറ്റുപ്പാടുകളിൽ നിന്നും വേർപ്പെടുത്താനാവാത്ത വിധം കഥാപാത്രങ്ങളെ പലപ്പോഴും വൈഡ് ഫ്രെയിമുകളിലാണ് ഞാൻ സ്റ്റേജ് ചെയ്യിച്ചത്. ഈ തീരുമാനങ്ങളത്രയും അവബോധപരമായിരുന്നു.

താങ്കളുടെ സിനിമ മുപ്പതാം ബുസാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ സ്ക്രീൻ ചെയ്യപ്പെട്ടുവല്ലോ. ഈ നേട്ടത്തെക്കുറിച്ച് താങ്കൾക്ക് എന്ത് തോന്നുന്നു,ഒപ്പം ഫെസ്റ്റിവൽ അനുഭവം പങ്കു വെക്കാമോ?

പറഞ്ഞറിയിക്കാൻ ആവാത്ത സന്തോഷമുണ്ട്. ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുറത്തുള്ള ഓഡിയൻസിലേക്ക് സിനിമ എത്തുകയും അവരത് കാണുകയും സിനിമയെ കുറിച്ച് നമ്മോട് സംസാരിക്കുകയുമൊക്കെ ചെയ്യുമ്പോൾ വല്ലാത്തൊരു തരം ആഹ്ളാദമുണ്ട്. നമ്മുടെ കാഴ്ചപ്പാടിൽ ഉറച്ചുനിന്ന് കൊണ്ട് സിനിമയിൽ പരീക്ഷണം തുടരാനുള്ള ഒരു പ്രോത്സാഹനം കൂടിയായിട്ടാണ് ഈ ഫെസ്റ്റിവല്ലിനെ ഞാൻ മനസ്സിലാക്കുന്നത്.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - ഷബാസ് ഹാരിസ്

contributor

Similar News