ചുവന്ന പതാകയുടെ കാപട്യം മുതൽ വെള്ള പതാകയുടെ കണ്ണീർ വരെ: മൂന്ന് സാമ്രാജ്യത്വങ്ങളുടെ കഥ

ലോകചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ മനുഷ്യരുടെ പുരോഗതിയും സമാധാനവും പലപ്പോഴും ചില ശക്തികൾ തടഞ്ഞു വെച്ചിരുന്നതായി കാണാം. ഒരു കാലത്ത് ചക്രവർത്തിമാരുടെ സാമ്രാജ്യങ്ങൾ ജനങ്ങളുടെ സ്വാതന്ത്ര്യം കവർന്നെടുത്തുവെങ്കിൽ, പിന്നീട് കോളനിവ്യവസ്ഥ ലോകത്തെ മുഴുവൻ ഇരുളിലാഴ്ത്തി. എന്നാൽ, ഇരുപതാം നൂറ്റാണ്ടും ഇരുപത്തൊന്നാം നൂറ്റാണ്ടും കാണിച്ച മുഖം അതിനേക്കാൾ ക്രൂരമായിരുന്നു

Update: 2025-09-29 10:39 GMT

ലോകചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ മനുഷ്യരുടെ പുരോഗതിയും സമാധാനവും പലപ്പോഴും ചില ശക്തികൾ തടഞ്ഞു വെച്ചിരുന്നതായി നമ്മൾ കാണുന്നു. ഒരു കാലത്ത് ചക്രവർത്തിമാരുടെ സാമ്രാജ്യങ്ങൾ ജനങ്ങളുടെ സ്വാതന്ത്ര്യം കവർന്നെടുത്തുവെങ്കിൽ, പിന്നീട് കോളനിവ്യവസ്ഥ ലോകത്തെ മുഴുവൻ ഇരുളിലാഴ്ത്തി. എന്നാൽ, ഇരുപതാം നൂറ്റാണ്ടും ഇരുപത്തൊന്നാം നൂറ്റാണ്ടും കാണിച്ച മുഖം അതിനേക്കാൾ ക്രൂരമായിരുന്നു. സാമ്രാജ്യത്വം ഇനി വെറും ഭൂമി പിടിച്ചടക്കലല്ല, അത് സാമ്പത്തികവും രാഷ്ട്രീയവും സാംസ്കാരികവുമായ അധിനിവേശമാണ്. അതിൽ ഏറ്റവും അപകടകാരികളായി ആധുനിക ലോകചരിത്രം രേഖപ്പെടുത്തിയ മൂന്ന് ശക്തികളാണ് അമേരിക്കൻ സാമ്രാജ്യത്വം, സോവിയറ്റ് സാമൂഹ്യ സാമ്രാജ്യത്വം, ജൂത സയണിസം

Advertising
Advertising

അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ കഥ നോക്കാം

ലോകമെമ്പാടുമുള്ള ജനങ്ങളുടെ സ്വാതന്ത്ര്യവും സമാധാനവും കവർന്നെടുത്തിട്ടുള്ളത് അമേരിക്കയുടെ പേരിലാണ്. സ്വാതന്ത്ര്യവും ജനാധിപത്യവും മനുഷ്യാവകാശവും എന്നിങ്ങനെ മനോഹരമായ വാക്കുകൾ അവർ തുടർച്ചയായി ഉപയോഗിച്ചെങ്കിലും, യാഥാർത്ഥ്യത്തിൽ അവർ ചെയ്തിരിക്കുന്നത് അധിനിവേശം, ചൂഷണം, കലാപം എന്നിവയാണ്. അമേരിക്കയുടെ സാമ്രാജ്യത്വ മുഖം തെളിഞ്ഞത് രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമാണ്. യുദ്ധത്തിൽ വിജയിച്ചവരിൽ ഏറ്റവും കൂടുതൽ സാമ്പത്തികവും സൈനികവും ശക്തി നേടിയ രാജ്യം അമേരിക്കയായിരുന്നു. ലോകം രണ്ടു ബ്ലോക്കുകളായി വിഭജിക്കപ്പെട്ടപ്പോൾ, ഒരു വശത്ത് അമേരിക്കയും മറുവശത്ത് സോവിയറ്റ് യൂണിയനും തമ്മിലുള്ള പോരാട്ടമാണ് പുതിയ അധിനിവേശ കാലഘട്ടത്തിന് തുടക്കം കുറിച്ചത്. കൊറിയയായിരുന്നു അമേരിക്കയുടെ ആദ്യ പരീക്ഷണശാല. 1950-ൽ പൊട്ടിപ്പുറപ്പെട്ട കൊറിയൻ യുദ്ധത്തിൽ അവർ ‘ജനാധിപത്യം രക്ഷിക്കാൻ’ എത്തിയതായി ലോകത്തോട് പറഞ്ഞു. എന്നാൽ യഥാർത്ഥത്തിൽ ചെയ്തത് ജനങ്ങളുടെ രക്തം ചിന്തിച്ച് കൊറിയയെ രണ്ടു ഭാഗമായി വിഭജിക്കുന്നതായിരുന്നു. ഇന്നും കൊറിയൻ ഉപദ്വീപ് ഐക്യത്തിനായി കരഞ്ഞുകൊണ്ടിരിക്കുകയാണ്.

അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ഏറ്റവും ക്രൂരമായ മുഖം തെളിഞ്ഞത് വിയറ്റ്നാം യുദ്ധത്തിലാണ്. ‘കമ്മ്യൂണിസത്തെ തടയണം’ എന്ന പേരിൽ അവർ വിയറ്റ്നാമിൽ കടന്നുവന്നു. നെപ്പാം ബോംബുകൾ കൊണ്ടു ഗ്രാമങ്ങളും നഗരങ്ങളും ചുട്ടെരിച്ചപ്പോൾ, നിരപരാധികളായ ആയിരക്കണക്കിന് സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടു. പരിസ്ഥിതിയെയും ആരോഗ്യത്തെയും തകർത്തുകൊണ്ട് അമേരിക്ക നടത്തിയ യുദ്ധം മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായി മാറി. അവസാനം, വിയറ്റ്നാം ജനതയുടെ ശക്തമായ പ്രതിരോധത്തിന് മുന്നിൽ അമേരിക്ക തോറ്റു പിന്മാറേണ്ടി വന്നു. പക്ഷേ അവിടെ പതിറ്റാണ്ടുകളോളം അവശിഷ്ടമായി നിന്നത് ചിതറിക്കിടന്ന മൃതദേഹങ്ങളും പൊള്ളലേറ്റ് കരിഞ്ഞ ശരീരങ്ങളും ആയിരുന്നു.

അമേരിക്കയുടെ ഇടപെടലുകൾ ഏഷ്യയിൽ മാത്രമല്ല, ലാറ്റിൻ അമേരിക്കയിലും വ്യാപിച്ചു. ചിലിയിൽ ജനങ്ങൾ തെരഞ്ഞെടുത്ത സാൽവഡോർ അലൻഡെയുടെ സർക്കാരിനെ 1973-ൽ പുറത്താക്കി, അദ്ദേഹത്തെ കൊന്നൊടുക്കുകയും ചെയ്തു. ജനങ്ങളുടെ വോട്ട് നേടിയ സർക്കാരിനെ പോലും അനുവദിക്കാത്തതാണ് അമേരിക്കയുടെ ജനാധിപത്യത്തിന്റെ യഥാർത്ഥ മുഖം. നിക്കരാഗ്വ, ഗ്വാട്ടിമാല, എൽ സാൽവഡോർ – എല്ലായിടത്തും അമേരിക്ക കലാപങ്ങൾ സംഘടിപ്പിച്ചു, അവരുടെ വിരുദ്ധ സർക്കാരുകളെ മറിച്ചിട്ടു, ജനങ്ങളുടെ സ്വപ്നങ്ങളെ ചവിട്ടിമെതിച്ചു. ക്യൂബയെ പതിറ്റാണ്ടുകളോളം ഉപരോധിച്ചുകൊണ്ട് പട്ടിണിയിലാഴ്ത്താൻ അവർ ശ്രമിച്ചു.

മധ്യപൂർവ്വേഷ്യയിൽ അമേരിക്കയുടെ കണ്ണ് എല്ലായ്പ്പോഴും എണ്ണയിലാണ്. എണ്ണയുടെ നിയന്ത്രണമാണ് അവരുടെ യുദ്ധങ്ങളുടെ പ്രഥമ കാര്യങ്ങളിലൊന്ന്. 1991-ലെ ഗൾഫ് യുദ്ധം, 2003-ലെ ഇറാഖ് അധിനിവേശം, ഇരുപതു വർഷത്തോളം നീണ്ടുനിന്ന അഫ്ഗാനിസ്ഥാൻ യുദ്ധം – എല്ലാം സ്വാതന്ത്ര്യത്തിന്റെയും ഭീകരവാദ വിരുദ്ധ പോരാട്ടത്തിന്റെയും പേരിൽ നടന്നു. ഇറാഖിൽ "മാസ് ഡിസ്ട്രക്ഷൻ ആയുധങ്ങൾ" ഉണ്ടെന്ന വ്യാജാരോപണം പിന്നീട് പൂർണ്ണമായും വ്യാജമാണെന്ന് തെളിഞ്ഞപ്പോൾ പോലും, ലക്ഷക്കണക്കിന് ജീവനുകൾ നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു.

അമേരിക്കയുടെ സാമ്രാജ്യത്വം വെറും സൈനിക അധിനിവേശത്തിലൊതുങ്ങിയിരുന്നില്ല. അവരുടെ ഏറ്റവും വലിയ ആയുധം ഡോളറായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ബ്രെറ്റൻവുഡ്‌സ് ഉടമ്പടികളിലൂടെ ഡോളർ ലോകത്തിന്റെ പ്രധാന കറൻസിയായി മാറി. അന്താരാഷ്ട്ര വ്യാപാരത്തിന്റെ ഭൂരിഭാഗവും, എണ്ണ വ്യാപാരവും, അന്താരാഷ്ട്ര വായ്പകളും എല്ലാം ഡോളറിലൂടെയാണു നടക്കുന്നത്. ഇതിലൂടെ അമേരിക്കയ്ക്ക് ലഭിച്ച ശക്തി അതിശയകരമാണ്. ഒരു രാജ്യത്തെ നേരിട്ട് ആക്രമിക്കാതെ തന്നെ സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തി ശ്വാസംമുട്ടിക്കാം. അന്താരാഷ്ട്ര നാണയ നിധിയും ലോക ബാങ്കും അമേരിക്കയുടെ നിയന്ത്രണത്തിലാണ്. സഹായം എന്ന പേരിൽ പല രാജ്യങ്ങളെയും കടബാധ്യതയിൽ കുടുക്കി, പിന്നീട് അവരുടെ സാമ്പത്തിക നയങ്ങൾ പോലും നിർബന്ധിപ്പിക്കാൻ അമേരിക്കയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

അമേരിക്കയുടെ സാമ്രാജ്യത്വം മറ്റൊരു രീതിയിൽ പ്രകടമായത് അവരുടെ സംസ്കാരത്തിലൂടെയായിരുന്നു. ഹോളിവുഡ് സിനിമകൾ, സംഗീതം, ഫാഷൻ, മീഡിയ – എല്ലാം കൂടി ലോകമെമ്പാടും "അമേരിക്കൻ സ്വപ്നം" എന്ന ആശയം പ്രചരിപ്പിച്ചു. ജനങ്ങൾക്കിടയിൽ അമേരിക്കൻ സംസ്കാരത്തെപ്പറ്റി ഒരു മായികചിത്രം സൃഷ്ടിച്ചു. ഇതിലൂടെ അവർ ലോകമെമ്പാടും സംസ്കാര സാമ്രാജ്യത്വം സ്ഥാപിച്ചു. തോക്കിനേക്കാളും ഭയങ്കരമായത് ഈ സംസ്കാര സാമ്രാജ്യത്വമാണ്, കാരണം അത് മനസ്സുകളെ കീഴടക്കുന്നു.

എങ്കിലും, അമേരിക്കൻ സാമ്രാജ്യത്വം എത്ര ശക്തമായാലും, ജനങ്ങളുടെ പ്രതിരോധം ഒരിക്കലും മങ്ങിപ്പോയിട്ടില്ല. വിയറ്റ്നാം ജനത ലോകത്തിന് തെളിയിച്ചു തന്നത്, ജനങ്ങളുടെ ഐക്യവും പ്രതിരോധവും എത്ര വലിയ സാമ്രാജ്യത്വത്തെയും തോൽപ്പിക്കുമെന്ന്. ലാറ്റിൻ അമേരിക്കയിലെ ക്യൂബൻ വിപ്ലവം, നിക്കരാഗ്വയിലെ സാൻഡിനിസ്റ്റുകൾ, ചിലിയിലെ ജനാധിപത്യ പ്രസ്ഥാനങ്ങൾ – എല്ലാം തന്നെ അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരെ ഉയർന്ന ശക്തമായ ശബ്ദങ്ങളായിരുന്നു.

അമേരിക്കയ്ക്കകത്തും തന്നെ പ്രതിരോധ ശബ്ദങ്ങൾ ഉയർന്നു. വിയറ്റ്നാം യുദ്ധകാലത്ത് അമേരിക്കൻ യുവജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു. “നമ്മുടെ പേരിൽ നടക്കുന്ന കൊലപാതകങ്ങൾ ഇനി വേണ്ട” എന്ന് അവർ വിളിച്ചു പറഞ്ഞു. ഇന്നും ബ്ലാക്ക് ലൈവ്‌സ് മാറ്റർ പോലുള്ള പ്രസ്ഥാനങ്ങൾ അമേരിക്കയുടെ സാമ്രാജ്യത്വവും ആഭ്യന്തര അനീതിയും ചോദ്യം ചെയ്യുന്നു. ഇന്നത്തെ സാഹചര്യത്തിൽ, അമേരിക്കൻ സാമ്രാജ്യത്വം മുമ്പത്തെത്രയും ശക്തിയുള്ളതല്ലെന്ന അഭിപ്രായം ഉയർന്നുവരുന്നുണ്ട്. ചൈനയുടെ ഉയർച്ച, റഷ്യയുടെ വെല്ലുവിളി, ലാറ്റിൻ അമേരിക്ക, ആഫ്രിക്ക, ഏഷ്യയിലെ ജനകീയ പ്രസ്ഥാനങ്ങൾ – ഇവയെല്ലാം അമേരിക്കയുടെ ഏകാധിപത്യത്തെ ചോദ്യം ചെയ്യുന്നു. എന്നാൽ, അതിനൊപ്പമുള്ള അവരുടെ സാമ്പത്തികവും സൈനികവുമുള്ള ശക്തി ഇപ്പോഴും ലോകത്തെ വലിയ രീതിയിൽ നിയന്ത്രിക്കുന്നു.

സോവിയറ്റ് സാമൂഹ്യ സാമ്രാജ്യത്വം: ചുവന്ന പതാകയുടെ മറവിൽ വന്ന അധിനിവേശം

ചരിത്രത്തിൽ പലപ്പോഴും കാണുന്നൊരു സത്യം ഇതാണ്: ജനങ്ങൾ ഒരു അധിനിവേശ ശക്തിക്കെതിരെ പൊരുതി ജയിച്ചാൽ, ചിലപ്പോൾ മറ്റൊരു അധിനിവേശ ശക്തി അവരുടെ മേൽ കയറിവരും. പലപ്പോഴും പുതിയ അധിനിവേശം പഴയതിനേക്കാൾ ക്രൂരവും കപടവുമാകാറുണ്ട്. അമേരിക്കൻ സാമ്രാജ്യത്വത്തെ നേരിടുന്ന ലോക ജനതയുടെ കണ്ണിൽ, ഒരിക്കൽ സോവിയറ്റ് യൂണിയൻ പ്രതീക്ഷയായിരുന്നു. 1917-ലെ റഷ്യൻ വിപ്ലവം ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ട ജനങ്ങൾക്ക് ഒരു പ്രകാശമായി തെളിഞ്ഞിരുന്നു. “തൊഴിലാളി വർഗത്തിന്റെ” എന്ന വിശ്വാസം ലോകമെമ്പാടും തൊഴിലാളികൾക്കും കർഷകർക്കും ആത്മവിശ്വാസം നൽകി.

എന്നാൽ, ആ വിപ്ലവത്തിന്റെ ആത്മാവിനെ പിന്നീടു നശിപ്പിച്ചതും, സോഷ്യലിസത്തിന്റെ പേരിൽ തന്നെ ജനങ്ങളെ ചൂഷണം ചെയ്തതും സോവിയറ്റ് യൂണിയനാണ്. ആദ്യകാലത്ത് ലെനിൻ പറഞ്ഞ വഴിയാണ് പിന്തുടർന്നത്. ഭൂമി കർഷകരുടെ കയ്യിൽ എത്തിച്ചു, തൊഴിലാളികൾക്ക് ഫാക്ടറികളുടെ നിയന്ത്രണം നൽകി. ലോകമെമ്പാടുമുള്ള വിപ്ലവങ്ങളെ സഹായിച്ചു. പക്ഷേ, സ്റ്റാലിന്റെ കാലത്ത് തന്നെയായിരുന്നു മാറിപ്പോകലിന്റെ ആദ്യ സൂചനകൾ. കടുത്ത കേന്ദ്രഭരണം, രാഷ്ട്രീയ വിരുദ്ധരെ അടിച്ചമർത്തൽ, പാർട്ടി സംവിധാനത്തിന്റെ ജനാധിപത്യ സ്വഭാവം ഇല്ലാതാക്കൽ – ഇവ എല്ലാം സോവിയറ്റ് യൂണിയനെ ജനങ്ങളുടെ രാജ്യമെന്ന നിലയിൽ നിന്ന് അകറ്റി.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം, സോവിയറ്റ് യൂണിയൻ വലിയൊരു ശക്തിയായി വളർന്നു. അവർ ഹിറ്റ്ലറിനെതിരെ പോരാടി വിജയിച്ചു, ലോകം മുഴുവൻ അവരുടെ ശക്തി അംഗീകരിച്ചു. എന്നാൽ അതേ സമയത്ത്, അവരുടെ മുഖം മാറിത്തുടങ്ങി. കിഴക്കൻ യൂറോപ്പിലെ രാജ്യങ്ങളിൽ “ജനാധിപത്യം” കൊണ്ടുവരും എന്ന പേരിൽ അവർ സൈന്യം ഇറക്കി. പോളണ്ട്, ഹംഗറി, ചെക്കോസ്ലോവാക്യ, റുമാനിയ – എല്ലാം സോവിയറ്റ് നിയന്ത്രണത്തിലുള്ള “സോഷ്യലിസ്റ്റ്” രാഷ്ട്രങ്ങളായി മാറി. എന്നാൽ യഥാർത്ഥത്തിൽ അവിടുത്തെ ജനങ്ങൾക്കു സ്വാതന്ത്ര്യം ഒന്നുമില്ലായിരുന്നു. സോവിയറ്റ് യൂണിയന്റെ നിർദ്ദേശം പാലിക്കാതെ മറ്റൊന്നും സാധ്യമല്ലായിരുന്നു.

1956-ൽ ഹംഗറിയിലെ ജനങ്ങൾ മോസ്കോയുടെ നിയന്ത്രണത്തിനെതിരെ എഴുന്നേറ്റപ്പോൾ, സോവിയറ്റ് സൈന്യം ടാങ്കുകളുമായി തെരുവിലിറങ്ങി. ആയിരക്കണക്കിന് ജനങ്ങളെ കൊന്നൊടുക്കി. 1968-ൽ ചെക്കോസ്ലോവാക്യയിൽ നടന്ന “പ്രാഗ് സ്പ്രിംഗ്” ജനാധിപത്യ പ്രസ്ഥാനവും അവർ തന്നെയാണ് രക്തത്തിൽ മുങ്ങിച്ചത്. “സോഷ്യലിസം” എന്ന പേരിൽ തന്നെ അവർ മറ്റുരാജ്യങ്ങളെ കീഴടക്കി. ഇതാണ് “സോഷ്യൽ സാമ്രാജ്യത്വം” – സോഷ്യലിസത്തിന്റെ മുഖം ധരിച്ച സാമ്രാജ്യത്വം.

സോവിയറ്റ് യൂണിയൻ ലോകത്തെ പിടിച്ചടക്കാൻ ഉപയോഗിച്ച മറ്റൊരു മാർഗം ആയുധ മത്സരമായിരുന്നു. അമേരിക്കയ്‌ക്കെതിരെ “കോൾഡ് വാർ” അവർ ആരംഭിച്ചു. “വാർസോ ഉടമ്പടി” എന്ന പേരിൽ കിഴക്കൻ യൂറോപ്പ് മുഴുവൻ അവരുടെ സൈനിക നിയന്ത്രണത്തിലാക്കി. ഒരുവശത്ത് അമേരിക്കൻ “നാറ്റോ”യും മറുവശത്ത് സോവിയറ്റ് “വാർസോ” ഉടമ്പടിയും. രണ്ടു ശക്തികൾ ലോകത്തെ രണ്ടായി വിഭജിച്ചു. ചെറിയ രാജ്യങ്ങൾ അവരുടെ താൽപര്യത്തിനായി മാത്രമേ വിലപ്പെട്ടിരുന്നുള്ളൂ.

ആഫ്രിക്കയിലും ഏഷ്യയിലും സോവിയറ്റ് ഇടപെടൽ ശക്തമായി. പലപ്പോഴും “മോചന സമരങ്ങൾ” പിന്തുണയ്ക്കും എന്ന പേരിൽ അവർ എത്തിയെങ്കിലും, യഥാർത്ഥത്തിൽ അവിടത്തെ ജനങ്ങളുടെ സ്വാതന്ത്ര്യത്തെ അവർ തന്നെ തടഞ്ഞു. ഉദാഹരണത്തിന്, അഫ്ഗാനിസ്ഥാനിലാണ് സോവിയറ്റ് സാമ്രാജ്യത്വത്തിന്റെ ക്രൂരമുഖം ലോകം കണ്ടത്. 1979-ൽ അവർ “സഹായം” നൽകാനെന്ന പേരിൽ കടന്നുവന്നു. എന്നാൽ സംഭവിച്ചത് പതിറ്റാണ്ടോളം നീണ്ട അധിനിവേശവും യുദ്ധവുമായിരുന്നു. ഗ്രാമങ്ങൾ ചുട്ടെരിഞ്ഞു, നിരപരാധികളായ ലക്ഷക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടു, ലക്ഷങ്ങൾ അഭയാർഥികളായി. “സോഷ്യലിസം കൊണ്ടുവരുന്നു” എന്ന പേരിൽ തന്നെ അവർ മനുഷ്യരുടെ ജീവിതം തകർത്ത് കളഞ്ഞു.

സോവിയറ്റ് യൂണിയൻ സ്വന്തം ജനങ്ങളോടും ക്രൂരമായിരുന്നു. തൊഴിലാളികളുടെ പേരിൽ സ്ഥാപിച്ച രാഷ്ട്രത്തിൽ തൊഴിലാളികൾക്ക് യഥാർത്ഥത്തിൽ സ്വാതന്ത്ര്യം ഒന്നുമില്ലായിരുന്നു. മാധ്യമങ്ങൾ മുഴുവൻ സർക്കാരിന്റെ നിയന്ത്രണത്തിലായിരുന്നു. വിമർശനങ്ങൾ അനുവദിച്ചിരുന്നില്ല. പാർട്ടിക്കെതിരെ ആരെങ്കിലും സംസാരിച്ചാൽ തടവറയോ വധശിക്ഷയോ ആയിരുന്നു ശിക്ഷ. “പ്രൊളിറ്റേറിയറ്റിന്റെ ഏകാധിപത്യം” എന്ന പേരിൽ പാർട്ടി ബ്യൂറോക്രാറ്റുകൾ ആഡംബരജീവിതം നയിച്ചു. സാധാരണ ജനങ്ങൾ നിരത്തിലൊതുങ്ങി.

സാമ്പത്തിക രംഗത്തും അവർ സാമ്രാജ്യത്വത്തിന്റെ വഴിയാണ് പിന്തുടർന്നത്. അവരുടെ നിയന്ത്രണത്തിലുള്ള കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ വ്യാപാരം നടന്നിരുന്നത് എല്ലായ്പ്പോഴും സോവിയറ്റ് താൽപര്യങ്ങൾക്കനുസരിച്ച്‌ മാത്രമായിരുന്നു. മറ്റുരാജ്യങ്ങളുടെ സാമ്പത്തിക വളർച്ച തടഞ്ഞുകൊണ്ട് സോവിയറ്റ് യൂണിയന്റെ പ്രയോജനത്തിന് വേണ്ടിയാണ് എല്ലാവിധ ഇടപാടുകളും ക്രമീകരിച്ചത്. ജനങ്ങൾക്കു മുമ്പിൽ സോവിയറ്റ് യൂണിയൻ “കമ്മ്യൂണിസത്തിന്റെ കോട്ട” എന്ന് വിളിച്ചുപയോഗിച്ചിരുന്നുവെങ്കിലും, ലോകജനതയ്ക്ക് അവർ മറ്റൊരു സാമ്രാജ്യത്വ ശക്തിയായിരുന്നു. അമേരിക്കയും സോവിയറ്റും തമ്മിലുള്ള വ്യത്യാസം അവരുടെ മുദ്രാവാക്യങ്ങളിലായിരുന്നു, പ്രവർത്തനങ്ങളിൽ അല്ല. ഒരാൾ “ജനാധിപത്യം” എന്ന് പറഞ്ഞു ആക്രമിച്ചു, മറ്റൊരാൾ “സോഷ്യലിസം” എന്ന് പറഞ്ഞു ആക്രമിച്ചു. 

അവസാനം സോവിയറ്റ് സാമ്രാജ്യത്വം തന്നെ നിലനിന്നില്ല. 1991-ൽ വലിയൊരു ഇടിവോടെ സോവിയറ്റ് യൂണിയൻ തകർന്നു. ലോകത്തെ മുഴുവൻ വിറപ്പിച്ചിരുന്ന ഒരു “സൂപ്പർപവർ” ജനങ്ങളുടെ കണ്ണിനു മുന്നിൽ തന്നെ ഇടിഞ്ഞു വീണു. കാരണം, സാമ്രാജ്യത്വം എന്തു പേരിൽ വന്നാലും ജനങ്ങളുടെ ഇച്ഛാശക്തിയെ ഒരിക്കലും തോൽപ്പിക്കാനാവില്ലെന്നതാണ്.

സയണിസം : ഫലസ്തീൻ ജനതയുടെ നൂറ്റാണ്ട് നീണ്ട ദുരന്തം

ലോകത്ത് അധിനിവേശങ്ങളെക്കുറിച്ച് പറഞ്ഞാൽ, അമേരിക്കൻ സാമ്രാജ്യത്വവും സോവിയറ്റ് സാമൂഹ്യ സാമ്രാജ്യത്വവും പോലെ തന്നെ, മറ്റൊരു വലിയ ദുരന്തത്തിന്റെ പേരും നമ്മൾ ഓർക്കണം. അത് ജൂത സയണിസം ആണ്. ഇന്ന് “ഇസ്രായേൽ” എന്ന രാഷ്ട്രമായി അറിയപ്പെടുന്ന അധിനിവേശം, മനുഷ്യചരിത്രത്തിലെ ഏറ്റവും അനീതിനിറഞ്ഞ ഒരു അധിനിവേശമാണ്. കാരണം, മറ്റെല്ലാ അധിനിവേശങ്ങളും വിദേശരാജ്യങ്ങൾ വന്നുചാടി പിടിച്ചടക്കിയതാണ്. എന്നാൽ, സയണിസം ഒരു ജനതയുടെ മുഴുവൻ ഭൂമി പിടിച്ചെടുത്തു, അവരെ തന്നെ അഭയാർഥികളാക്കി, അവരുടെ തലമുറകളെ രാജ്യരഹിതരാക്കി.

ജൂത സയണിസത്തിന്റെ തുടക്കം പതിനൊന്നാം നൂറ്റാണ്ടിന്റെ അവസാനം യൂറോപ്പിലാണ്. “ജൂതർക്കു സ്വന്തം ദേശം വേണം” എന്ന ആശയം യൂറോപ്യൻ കോളനിവാദികളുടെ പിന്തുണയിൽ വളർന്നു. അതിന് ഭൂമിയാക്കിയത് ഫലസ്തീൻ ആയിരുന്നു. ആ ഭൂമിയിൽ അന്ന് നൂറുകണക്കിന് വർഷങ്ങളായി താമസിച്ചിരുന്നത് അറബ് ജനങ്ങളായിരുന്നു. കൃഷിയും വ്യാപാരവും സംസ്കാരവും നിറഞ്ഞിരുന്ന ഒരു പ്രദേശം. എന്നാൽ, സയണിസം പറഞ്ഞു: “ഇത് ദൈവം നൽകിയ ഭൂമിയാണ്, ഇത് ഞങ്ങളുടെതാണ്.” മതത്തെ ആയുധമാക്കി അവർ കോളനിവാദത്തിന്റെ വഴിയിലേക്ക് കുതിച്ചു.

പ്രഥമ ലോകമഹായുദ്ധത്തിനു ശേഷം ബ്രിട്ടീഷുകാർ ഫലസ്തീനിൽ ഭരണം പിടിച്ചെടുത്തു. 1917-ലെ ബാൽഫോർ പ്രഖ്യാപനം വഴിയാണ് ജൂതർക്കു ഫലസ്തീനിൽ “ദേശീയ ഭവനം” ഉണ്ടാക്കാമെന്നു ബ്രിട്ടൻ പറഞ്ഞത്. അന്ന് ജനസംഖ്യയിലെ ഭൂരിഭാഗവും അറബുകൾ ആയിരുന്നെങ്കിലും, കോളനിവാദ ശക്തികൾ തുറന്നു പിന്തുണച്ചത് സയണിസ്റ്റുകളെയായിരുന്നു.

1948-ൽ, ഐക്യരാഷ്ട്ര സഭയുടെ വിഭജനപദ്ധതിയുടെ മറവിൽ, ഇസ്രായേൽ രൂപീകരിച്ചു. എന്നാൽ അത് വെറും വിഭജനമല്ലായിരുന്നു, അത് ആയിരക്കണക്കിന് ഫലസ്തീനികളെ വീടുകളിൽ നിന്ന് പുറത്താക്കി, ഗ്രാമങ്ങളും പട്ടണങ്ങളും നിലംപരിശാക്കി നടത്തിയ “നഖ്ബ” ആയിരുന്നു. കുടുംബങ്ങൾ സ്വന്തം നിലം വിട്ടു കടന്നുപോയി. പലരും കൊല ചെയ്യപ്പെട്ടു, ശേഷിച്ചവരെ അഭയാർഥി ക്യാമ്പുകളിൽ തള്ളി. ഒരു  ജനതയെ രാജ്യരഹിതരാക്കിയത് ചരിത്രത്തിലെ ഏറ്റവും വലിയ കുറ്റങ്ങളിലൊന്നാണ്.

അതിനുശേഷം ഏഴു പതിറ്റാണ്ടിലേറെ കഴിഞ്ഞിട്ടും ഫലസ്തീൻ ജനതയുടെ ജീവിതം മാറിയിട്ടില്ല. ഓരോ പതിറ്റാണ്ടിലും ഇസ്രായേൽ നടത്തിയ ആക്രമണങ്ങൾ, ഭൂമി പിടിച്ചടക്കലുകൾ, വീടുകൾ പൊളിച്ചിടലുകൾ, ജനങ്ങളെ തടവിലിടലുകൾ – എല്ലാം തന്നെ ലോകം കണ്ടു. ഗസ്സയിലെ നിരപരാധി കുട്ടികളുടെ മൃതദേഹങ്ങൾ ലോക മാധ്യമങ്ങളിൽ കണ്ടിട്ടും, “സ്വയം പ്രതിരോധം” എന്ന് പറഞ്ഞ് ഇസ്രായേൽ കുറ്റങ്ങൾ മറയ്ക്കപ്പെട്ടു.

ജൂത സയണിസം വെറും ഒരു രാഷ്ട്രീയ പദ്ധതി മാത്രമല്ല. അത് ജാതിവിഭജനം (Apartheid) സ്ഥാപിച്ച ഒരു സംവിധാനം കൂടിയാണ്. വെസ്റ്റ് ബാങ്കിൽ മതിലുകൾ കെട്ടി, കുടിയേറ്റ കോളനികൾ സ്ഥാപിച്ച്, അറബുകളെ അവരുടെ സ്വന്തം നാട്ടിൽ രണ്ടാംകിടക്കാരാക്കി മാറ്റി. ഒരുവശത്ത് കുടിയേറ്റ ജൂതർക്ക് എല്ലാവിധ സൗകര്യങ്ങളും അവകാശങ്ങളും, മറുവശത്ത് ഫലസ്തീൻ ജനങ്ങൾക്ക് വിലക്കുകളും തടസ്സങ്ങളും മാത്രം. ആശുപത്രികളിലേക്കോ സ്കൂളുകളിലേക്കോ പോകാൻ പോലും അനുമതി വേണം. സ്വന്തം മണ്ണിൽ വീടു പണിയാനും അവകാശമില്ല.

സയണിസം നിലനിൽക്കുന്നത് അമേരിക്കയുടെ തുറന്ന പിന്തുണയിലാണ്. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ഏറ്റവും വലിയ “പോരാളിയാണ്” ഇസ്രായേൽ. വർഷംതോറും ആയുധങ്ങളും സാമ്പത്തികസഹായവും ഒഴുകുന്നത് അമേരിക്കയിൽ നിന്നാണ്. ലോകത്തെമ്പാടുമുള്ള യുദ്ധങ്ങളിൽ, പ്രത്യേകിച്ച് മദ്ധ്യപൂർവ്വേഷ്യയിലെ കലാപങ്ങളിൽ, ഇസ്രായേൽ അമേരിക്കയുടെ “ഇളയ സഹോദരൻ” പോലെ പെരുമാറി.ലോകമെമ്പാടുമുള്ള സാമ്രാജ്യത്വ വിരുദ്ധ പ്രസ്ഥാനങ്ങൾ പറഞ്ഞത് വ്യക്തമായിരുന്നു: സയണിസം ഒരു വംശീയ ആശയമാണ്. അത് ജൂതർക്കു മാത്രമേ ഭൂമിയിൽ അവകാശമുണ്ടെന്ന് കരുതുന്നുള്ളു. അതിനാൽ തന്നെയാണ് “ആന്റി-സയണിസം” ജനങ്ങളുടെ സ്വാതന്ത്ര്യത്തിന്റെയും നീതിയുടെയും ഭാഗമായത്. 

ഫലസ്തീൻ ജനതയുടെ പോരാട്ടം ഇന്ന് ലോകജനതയുടെ ഹൃദയത്തിൽ വലിയൊരു സ്ഥാനമെടുത്തിട്ടുണ്ട്. കുട്ടികൾ പോലും കല്ലുകൾ എറിഞ്ഞ് ടാങ്കുകൾ നേരിടുന്നത് ലോകം കണ്ടു. അത് വെറും കല്ലുകളോ തോക്കുകളോ ഉള്ള പോരാട്ടമല്ല, അത് മനുഷ്യരുടെ ജീവിക്കാൻ ഉള്ള അവകാശത്തിനായുള്ള പോരാട്ടം ആണ്. സയണിസത്തിന്റെ ക്രൂരതയെക്കുറിച്ച് പറയുമ്പോൾ ഗസ്സയെ മറക്കാനാവില്ല. വെറും 360 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഒരു ചെറുപ്രദേശത്ത് ഇരുപത് ലക്ഷത്തോളം ജനങ്ങൾ പൂട്ടിയിടപ്പെട്ടിരിക്കുന്നു. അവിടെയുള്ള ആശുപത്രികളിൽ മരുന്നില്ല, സ്കൂളുകൾക്ക് പുസ്തകങ്ങളില്ല, വീടുകൾക്ക് വൈദ്യുതിയില്ല. ഇടയ്ക്കിടെ നടത്തുന്ന വ്യോമാക്രമണങ്ങളിൽ നിരപരാധികളായ കുഞ്ഞുങ്ങളും അമ്മമാരും പൊടിയായി ചിതറുന്നു. “തീവ്രവാദത്തിനെതിരെ” എന്ന പേരിൽ നടത്തുന്ന ആക്രമണം യഥാർത്ഥത്തിൽ ഒരു ജനതയെ മുഴുവൻ ഇല്ലാതാക്കാനുള്ള ശ്രമമാണ്. എന്നാൽ, ചരിത്രം പഠിപ്പിക്കുന്ന സത്യം: ജനങ്ങളുടെ പോരാട്ടത്തെ ഒരിക്കലും തോൽപ്പിക്കാനാവില്ല. ഇന്ന് വരെ ഫലസ്തീൻ ജനത വഴങ്ങി പോകാത്തതാണ് അതിന്റെ തെളിവ്. ലോകമെമ്പാടും ഉയരുന്ന “ഫ്രീ ഫലസ്തീൻ” മുദ്രാവാക്യം അതിന്റെ തെളിവാണ്. സയോണിസത്തിന്റെ മതിൽ എത്ര ഉയർന്നാലും, ജനങ്ങളുടെ പ്രതിരോധം അതിനേക്കാൾ ശക്തമാണ്.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - മുനവ്വര്‍ ഖാസിം

contributor

Similar News