അംഗീകരിക്കാതിരുന്ന അർജന്റീനക്കാരും ആരാധകരായി, ഈ യാത്രയയപ്പ് ഒരു കാവ്യനീതിയാണ്

Update: 2025-09-06 14:28 GMT

ന്നയാൾ അർജന്റീനക്ക് എല്ലാമാണ്. വീര നായകനാണ്. ഡിയഗോ മറഡോണക്കൊപ്പം പൂജിക്കുന്നവൻ. തലമുറകളുടെ കാത്തിരിപ്പ് അവസാനിപ്പിച്ചവൻ, ക്യാപ്റ്റൻ, മിശിഹ.. അങ്ങനെ പലതുമാണ്. ഇന്നലെ എസ്റ്റാഡിയോ മോനുമെന്റൽ ഒരുക്കിയത് ഭൂമിയിൽ ഒരു മനുഷ്യജന്മത്തിന് കിട്ടാവുന്നതിൽ വെച്ചേറ്റവും മനോഹരമായ യാത്രയയപ്പുകളിലൊന്നായിരുന്നു. ടണലിൽ കാത്തുനിന്ന കുട്ടികളുടെ കൈപിടിച്ച്, സ്റ്റേഡിയത്തിലേക്കുള്ള അവസാന പടവുംകടന്ന് മോനുമന്റലിൽ അയാൾ തന്റെ പാദുകം വെച്ചപ്പോൾ ഗ്യാലറി അലകടലായി മാറി.  ഒരു ഡ്രാമ തീയേറ്റർ പോലെ വികാര വിക്ഷോഭങ്ങൾ  നിറഞ്ഞ തളികയായി ഗ്യാലറി മാറി. ആരവങ്ങൾക്കിടയിൽ ആ കണ്ണുകളിൽ നിന്നും പൊടിഞ്ഞുവീണത് പല കാലങ്ങൾ കൂടിയാണ്.

Advertising
Advertising

പക്ഷേ അയാൾ അർജന്റീനക്ക് ഇങ്ങനെയാന്നുമല്ലാത്ത ഒരു കാലമുണ്ടായിരുന്നു. അപ്രിയ സത്യമാണെങ്കിലും അത് പറയാതെ ആ യാത്രയയപ്പ് പൂർണമാകില്ല. കാൽപന്തിന്റെ സകല സിംഹാസനങ്ങളിലും തന്റെ പേരുപതിപ്പിച്ചപ്പോഴും ഒരു ചോദ്യം അയാളെ വല്ലാതെ വേട്ടയാടിയിരുന്നു. ആൽബിസെലസ്റ്റകളുടെ വരയൻ കുപ്പായത്തിൽ നിങ്ങൾ എന്തുനേടി?. കാറ്റലോണിയൻ രാവുകളും യൂറോപ്പും മെസ്സിയെന്ന് ആർത്തുവിളിക്കുമ്പോഴും അർജന്റീനക്കാർ അത് മനം നിറച്ച് ചൊല്ലിയില്ല. മെസ്സിയെ സ്നേഹിക്കുന്നവർ അവിടെ ഉണ്ടായിരുന്നില്ലെന്നോ അയാൾ ആരാധിക്കപ്പെട്ടിട്ടില്ല എന്നുമല്ല പറയുന്നത്. ട്രോഫികളുടെ തിളക്കമില്ലാത്ത അയാളെ ഉൾകൊള്ളാനാകാത്തവർ സ്വന്തം രാജ്യത്ത് ഉണ്ടായിരുന്നു എന്നത് ചരിത്ര സത്യമാണ്.


ബാല്യകാലം വിട്ടുമാറും മുമ്പേ അർജന്റീന വിട്ടുപോയവൻ, ഉള്ളിൽ കാറ്റലോണിയൻ ജീനുകൾ പേറുന്നവൻ, എന്തിന് അർജന്റീനയുടെ ദേശീയ ഗാനം പോലും ചൊല്ലാൻ സാധിക്കാത്തവൻ എന്നിങ്ങനെ പലരീതിയിൽ അയാളെ കൊത്തിവലിച്ചിട്ടുണ്ട്. 1986 ലോകകപ്പും മറഡോണയും കണ്ടുവളർന്ന ജനതക്ക് അങ്ങനൊരു നിമിഷം നൽകുന്നത് വരെ അയാളിൽ തൃപ്തിയില്ലായിരുന്നു. മറഡോണയുടെ ധീരതയോ കരളുറപ്പോ ഇല്ലാത്ത ‘പെച്ചെ ഫ്രയോ’ അഥവാ കോൾഡ് ചെസ്റ്റ് എന്നൊരു വിളിപ്പേരും അയാൾക്ക് ചാർത്തി നൽകി. പല സമയങ്ങളിലും ഡിയഗോ മറഡോണ തന്നെ ആ വാദത്തിന് എരിവുനൽകി. ‘‘നല്ല കളിക്കാരനാണെങ്കിലും അവനൊരിക്കലും ഒരു നേതാവല്ല, ഒരു മത്സരത്തിന് മുമ്പ് 20 തവണ വാഷ്റൂമിൽ പോകുന്നവനാണവൻ‘‘ മറേഡാണ 2018ൽ നടത്തിയ പ്രസ്താവനയാണിത്. ബാഴ്സയിലെപ്പോലെ അന്തരീക്ഷമെല്ലാം ഒത്തുവന്നാലെ മെസ്സി ഒരു ഫിനോനിമനൻ ആകൂ. മെസ്സി മറഡോണയല്ല എന്നായിരുന്നു ഹെർനൻ ക്രസ്പോ ഒരിക്കൽ പറഞ്ഞത്.

2014ലെ ലോകകപ്പ് ഫൈനൽ തോൽവിയും തുടർച്ചയായ രണ്ട് കോപ്പ ഫൈനൽ തോൽവികളും പെനൽറ്റി മിസ്സും വിരമിക്കലുമെല്ലാം ഈ നറേഷനുകൾക്ക് ബലം കൂട്ടി. 2018 ലോകകപ്പിലെ നാണം കെട്ട മടക്കവും 2019 കോപ്പ തോൽവിയും കൂടി ചേർന്നപ്പോൾ ആ വാദമതിന്റെ പാരമ്യത്തിലെത്തി. കാത്തിരിപ്പിന് നീളമേറുന്താറും മെസ്സിയുടെ നേർക്ക് വിമർശനങ്ങൾ കടുത്തു. ബാഴ്സ കുപ്പായത്തിൽ ആടിത്തിമിർക്കുന്ന മെസ്സി ആ ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ പകച്ചുനിന്നു.

അയാളുടെ കാലിന്റെ ബലത്തിലല്ലേ, പതിറ്റാണ്ടുകൾക്ക് ശേഷമൊരു ലോകകപ്പ് ഫൈനൽ കളിച്ചത്, ടീമിനെ ചുമക്കുന്നതൊക്കെയും അയാളൊറ്റക്കല്ലേ, ആ കാലുകളില്ലായിരുന്നുവെങ്കിൽ യോഗ്യത പോലും കടക്കുമായിരുന്നോ എന്നീ ചോദ്യങ്ങളൊന്നും അധികം വിലപ്പോയില്ല. അല്ലെങ്കിലും പരാജയങ്ങൾ അങ്ങനെയാണ്. അത് ഒരാളെ അനാഥനാക്കും.


ക്രിസ്റ്റ്യാനോ യൂറോ കപ്പും നേഷൻസ് ലീഗും ചൂടിയതോടെ ‘ഗോട്ട് ഡിബേറ്റുകളുടെ’ കാലത്ത് ഇന്റർനാഷണൽ ട്രോഫിയെന്ന ചോദ്യ വിരലുകൾ മെസ്സിക്കെതിരെ നീണ്ടു. ഹോസെ മൗറീന്യോ, ഡിയഗോ മറഡോണ, ബുഫൺ, ഫ്രാൻസെസ്കോ ടോട്ടി, റിയോ ഫെർഡിനാന്റ്, മൈക്കൽ ഓവൻ എന്നിങ്ങനെയുള്ള നീണ്ട നിര ഇന്റർനാഷണൽ ട്രോഫികളുടെ കനത്തിൽ റൊണാൾഡോ മികച്ചവനാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

എന്തിനേറെ, ഒരിക്കൽ മെസ്സിയുടെ മകൻ തിയാഗോ ചോദിച്ചത് അർജന്റീനയിൽ പോയാൽ അവരച്ഛനെ കൊല്ലുമോ എന്നായിരുന്നു. മെസ്സി തന്നെ ഒരു അർജന്റീന റേഡിയോ സ്റ്റേഷന് നൽകിയ അഭിമുഖത്തിൽ പറഞ്ഞതാണിത്. 2018 ലോകകപ്പിലെ നിറം മങ്ങിയ പ്രകടനത്തിന് പിന്നാലെയുള്ള യൂട്യൂബിലെയും സമൂഹമാധ്യമങ്ങളിലെയും റെസ്പോൺസുകൾ കണ്ടായിരുന്നു മകൻ തിയാഗോയുടെ ചോദ്യം.

ബാഴ്സയുടെ ലാമാസിയ അക്കാഡമിയുടെ അന്തപുരങ്ങളിൽ വളർന്ന മെസ്സിക്ക് അർജൈന്റൻ പിച്ചുകളുടെ മനസ്സറിയില്ല എന്നതായിരുന്നു മറ്റൊരു വാദം. അർജന്റീനയിലെ പല ജേണലിസ്റ്റുകളും ഈ വാദക്കാരായിരുന്നു. മെസ്സിയെ മുറിവേൽപ്പിക്കാനല്ലെങ്കിൽ പോലും മെസ്സി കൂടുതൽ സ്പാനിഷുകാരനാണെന്ന് സാക്ഷാൽ റിക്വൽമി പോലും പറഞ്ഞിട്ടുണ്ട്. ദേശീയ ഗാനം ചൊല്ലുമ്പോൾ നിശബ്ദനായത് ചൂണ്ടിക്കാട്ടിയും വിമർശനങ്ങളുണ്ടായി. മെസ്സിക്ക് അതിന് മറുപടി വരെ പറയേണ്ടിവന്നു.

പക്ഷേ ഈ കഥയുടെയെല്ലാം ൈക്ലമാക്സ് അയാൾക്ക് കാത്തുവെച്ചത് മനോഹരമായ അന്ത്യമായിരുന്നു. ഇനിയൊരു സംശയമോ ഇനിയൊരു സംവാദമോ ബാക്കി വെക്കാതെ അയാൾ എല്ലാ സംശയമുനകളെയും ഡ്രിബിൾ ചെയ്തു. ആ ഇടതുകാല് കൊണ്ട് മാർക്ക് ചെയ്യാൻ ചെയ്യാൻ സാധിക്കാത്ത ഒരു മണ്ണും ഈ ഭൂഗോളത്തില്ലെന്ന് പ്രഖ്യാപിച്ചു.


കോപ്പ മധുരം കുടിച്ചുതുടങ്ങിയ ആ യാത്ര ഫൈനലിസിമയും കടന്ന് ഖത്തറിലെ മണലാരണ്യത്തിൽ അതിന്റെ കൊടുമുടിയിൽ തൊട്ടു. ലുസൈലിലെ രാത്രിയിൽ ഈരേഴ് ലോകവും ആകാശവും ജയിച്ച ഭാവമായിരുന്നു അയാൾക്ക്. അവിശ്വസനീയമായ ആ കുതിപ്പും ഇതിഹാസത്തിന്റെ പൂർണതയും ലോകത്തോടൊപ്പം അർജൈന്റൻ തെരുവുകളും കൺനിറയെക്കണ്ടു. ഒടുവിൽ ഒരു സംശയത്തിനും ബാക്കിയില്ലാത്ത വിധം അവർ അയാളെ ചേർത്തുപിടിച്ചു, സ്വന്തംമ കനെപ്പോലെ.

വിജയങ്ങൾക്ക് ശേഷം മെസ്സി ആ വെറുപ്പിന്റെ കാലത്തെ ഓർത്തത് ഇങ്ങനെ. എനിക്ക് മോശം സമയമുണ്ടായിരുന്നു. പക്ഷേ എന്റെ കുടുംബവും എന്നെ സ്നേഹിക്കുന്നവരും സ്നേഹം തുടർന്നു. എങ്കിലും അർജന്റീനയിലെ വിമർശകർ എന്നെക്കുറിച്ച് ഒരുപാട് അപവാദങ്ങൾ പാടിനടന്നു. പക്ഷേ ഇപ്പോൾ കാര്യങ്ങൾ മാറിയിരിക്കുന്നു. ഈ സാഹചര്യങ്ങൾ മാറിയതും അർജന്റീനയിലെ എല്ലാ ജനങ്ങളെയും വിജയിക്കാനായതും ഞാൻ ഒരു നേട്ടമായികരുതുന്നു. ഇന്ന് 95ഓ നൂറോ ശതമാനം പേരും എന്നെ ഇഷ്ടപ്പെടുന്നു. അതൊരു മനോഹര അനുഭവമാണ്’’ -മെസ്സി പറഞ്ഞുനിർത്തി. അഥവാ ഇന്നലെ മോനുമെന്റലിൽ കണ്ടത് കാവ്യനീതി പോലുള ഒരു യാത്രയയപ്പാണ്.

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - സഫ്‌വാന്‍ റാഷിദ്

Writer

Similar News