Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ഇന്ത്യ-ചൈന ബന്ധം ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിൽ സൗഹൃദത്തിന്റെയും സംഘർഷത്തിന്റെയും സങ്കീർണമായ മിശ്രിതമായിരുന്നു. ‘ഹിന്ദി-ചീനി ഭായ് ഭായ്’ എന്ന മുദ്രാവാക്യം മുതൽ 1962-ലെ ഇന്ത്യ-ചൈന യുദ്ധം വരെയും പിന്നീട് 21-ാം നൂറ്റാണ്ടിൽ വീണ്ടും സഹകരണത്തിന്റെ പാതയിലേക്ക് തിരിച്ചെത്തിയ ഈ ബന്ധം രണ്ട് ഏഷ്യൻ വൻശക്തികളുടെ പരസ്പര ഇടപെടലിന്റെ ചരിത്രപരമായ റഫറൻസ് പോയിന്റ് ആണ്.
ജവാഹർ ലാൽ നെഹ്‌റുവും ചൗ എൻ ലായും
ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം പുരാതന കാലം മുതൽ തന്നെ ആരംഭിക്കുന്നതാണ്. ബുദ്ധമതം ഈ ബന്ധത്തിന്റെ ആണിക്കല്ലായിരുന്നു. ക്രി.വ. 1-ാം നൂറ്റാണ്ടിൽ ഇന്ത്യയിൽ നിന്ന് ബുദ്ധമതം ചൈനയിലേക്ക് പ്രചരിച്ചു. ബുദ്ധമതത്തിന്റെ വ്യാപനം ഇന്ത്യയിൽ നിന്ന് ചൈനയിലേക്ക് ഒരു സാംസ്കാരിക പാലമായി പ്രവർത്തിച്ചു. ബുദ്ധമത ഗ്രന്ഥങ്ങളും ആശയങ്ങളും സിൽക്ക് റൂട്ട് വഴി ചൈനയിലെത്തി. ഫാഹിയാൻ, ഹ്വാൻസാങ് തുടങ്ങിയ ചൈനീസ് യാത്രികർ ഇന്ത്യയിലെ ബുദ്ധമത കേന്ദ്രങ്ങൾ സന്ദർശിച്ച് ഇന്ത്യ-ചൈന ബന്ധത്തിന് ശക്തമായ സാംസ്കാരിക അടിത്തറ പാകി. പുരാതന കാലഘട്ടത്തിൽ തന്നെ തുടങ്ങിയ ഇന്ത്യ-ചൈന ബന്ധം മധ്യകാലഘട്ടത്തിൽ വാണിജ്യ-സാംസ്കാരിക മേഖലകളിലേക്ക് കൂടി വ്യാപിച്ചു. ആധുനിക കാലഘട്ടത്തിൽ ബ്രിട്ടീഷ് കൊളോണിയൽ ഭരണവും ചൈനയിലെ യൂറോപ്യൻ സ്വാധീനവും ഈ ബന്ധത്തെ ഒരു പരിധി വരെ ദുർബലമാക്കിയെങ്കിലും 20-ാം നൂറ്റണ്ടിന്റെ തുടക്കത്തിൽ ഇന്ത്യയിലെയും ചൈനയിലെയും കൊളോണിയൽ ശക്തികൾക്കെതിരെ സ്വാതന്ത്ര്യം എന്ന ആശയത്തിൽ ഇരുവരും പോരാടി.1947-ൽ ഇന്ത്യ സ്വാതന്ത്ര്യം നേടുകയും പിന്നാലെ 1949-ൽ ചൈനയിൽ കമ്യൂണിസ്റ്റ് വിപ്ലവം വിജയിക്കുകയും ചെയ്തതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ആധുനിക വ്യവഹാരങ്ങൾക്ക് തുടക്കം കുറിക്കുന്നത്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ചൈനയുമായി സൗഹൃദ ബന്ധം വളർത്താൻ ശ്രമിച്ചു. 1950-കളിൽ ഇന്ത്യ-ചൈന ബന്ധം 'ഹിന്ദി-ചീനി ഭായ് ഭായ്’ എന്ന പ്രസിദ്ധമായ മുദ്രാവാക്യത്തിൽ അടയാളപ്പെടുത്തപ്പെട്ടു. 1954-ൽ ഇന്ത്യയും ചൈനയും പരസ്പര ബഹുമാനത്തോടെയും അഖണ്ഡതയോടെയും പെരുമാറുമെന്നും പരസ്പരം അക്രമിക്കാതെയും കൈകടത്താതെയും സമാധാന സഹവർത്തിത്വത്തോടെ നിലനിൽക്കുമെന്നുള്ള ആശയങ്ങളുള്ള ‘പഞ്ചശീല’ തത്വങ്ങൾ അംഗീകരിക്കപ്പെട്ടു.
പഞ്ചശീല തത്വങ്ങൾ
ഇന്ത്യ ചൈനയുടെ പുതിയ കമ്യൂണിസ്റ്റ് സർക്കാരിനെ അംഗീകരിക്കുകയും ഐക്യരാഷ്ട്രസഭയിൽ ചൈനക്ക് വേണ്ടി വാദിക്കുകയും ചെയ്തു. 1955-ലെ ബാൻഡുങ് കോൺഫറൻസിൽ ഇന്ത്യയും ചൈനയും ഒരുമിച്ച് ചേർന്ന് ഏഷ്യ-ആഫ്രിക്കൻ രാജ്യങ്ങളുടെ ഐക്യം ശക്തിപ്പെടുത്തി. എന്നാൽ 1950-കളുടെ അവസാനത്തോടെ ഇന്ത്യ-ചൈന ബന്ധം വഷളായി. പ്രധാന കാരണം അതിർത്തി തർക്കമായിരുന്നു. മക്മോഹൻ ലൈൻ എന്നറിയപ്പെടുന്ന ‘അക്സായ് ചിൻ’ പ്രദേശത്തിന്റെയും ‘അരുണാചൽ പ്രദേശിന്റെയും’ (ചൈന അതിനെ ‘ദക്ഷിണ ടിബറ്റ്’ എന്ന് വിളിക്കുന്നു) അവകാശത്തെച്ചൊല്ലിയുള്ള തർക്കമാണ് രൂക്ഷമായത്. ഇതിനിടെ ടിബറ്റ് പിടിച്ചെടുത്ത ചൈന അവിടെ അടിച്ചമർത്തൽ ആരംഭിച്ചു. 1959-ൽ ദലൈലാമ ടിബറ്റിൽ നിന്ന് ഇന്ത്യയിലേക്ക് അഭയം തേടിയതോടെ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായി.
ടിബറ്റിൽ നിന്ന് ഇന്ത്യയിലേക്ക് കുടിയേറുന്ന ദലൈ ലാമ
1962-ൽ ഈ തർക്കങ്ങൾ ഇന്ത്യ-ചൈന യുദ്ധത്തിൽ കലാശിച്ചു. മാവോ സേതുങിന്റെ നേതൃത്വത്തിൽ ചൈനീസ് സൈന്യം അക്സായ് ചിനിലും ലഡാക്കിലും മുന്നേറി. നവംബർ 21-ന് ചൈന ഏകപക്ഷീയമായി വെടിനിർത്തൽ പ്രഖ്യാപിച്ചു. ഇന്ത്യക്ക് വലിയ പരാജയമായിരുന്നു ഇത്. നെഹ്‌റു ഇതിനെ 'ഇന്ത്യയുടെ ഏറ്റവും വലിയ ദുരന്തം' എന്നാണ് വിശേഷിപ്പിച്ചത്. ഈ യുദ്ധം ഇന്ത്യയുടെ സൈനിക-നയതന്ത്ര ദൗർബല്യങ്ങൾ വെളിവാക്കി. 1962-ന് ശേഷം ഇന്ത്യ-ചൈന ബന്ധം ശത്രുതാപരമായി മാറി. രണ്ട് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ഏറ്റവും ദുർബലമായ അവസ്ഥയിലായി. 1962-ന് ശേഷം ഇന്ത്യ-ചൈന ബന്ധം ശീതയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ സങ്കീർണമാകുന്നതാണ് പിന്നീട് നമ്മൾ കാണുന്നത്. 1967-ൽ അതിർത്തി സംഘർഷമായ നാഥു ലാ, ചോ ലാ സംഭവത്തിൽ നൂറുകണക്കിന് ആളുകൾ മരണപ്പെട്ടു. ചൈന ഇന്ത്യയുടെ മറ്റൊരു അയൽരാജ്യമായ പാകിസ്താനുമായി ബന്ധം ശക്തിപ്പെടുത്തിയത് ഇന്ത്യക്ക് ആശങ്കയുണ്ടാക്കി. മാത്രമല്ല 1965, 1971 ഇന്ത്യ-പാക് യുദ്ധങ്ങളിൽ ചൈനയുടെ പാകിസ്താൻ-പക്ഷപാതം ഇന്ത്യയെ അസ്വസ്ഥമാക്കി. അതേസമയം, ഇന്ത്യ സോവിയറ്റ് യൂണിയനുമായി അടുത്ത ബന്ധം വളർത്തിയത് ചൈനയെ പ്രകോപിപ്പിച്ചു.
മാവോ സേതുങ്
1970-കളുടെ അവസാനത്തോടെ സമാധാനശ്രമങ്ങൾ ആരംഭിച്ചു. 1978-ൽ അടൽ ബിഹാരി വാജ്പേയി ബീജിങ് സന്ദർശിക്കുകയും 1979-ൽ ഔപചാരിക ബന്ധം പുനഃസ്ഥാപിക്കപ്പെടുകയും ചെയ്യുന്നു. ചൈന കാശ്മീർ വിഷയത്തിൽ നിലപാട് മയപ്പെടുത്തി അതിർത്തി ചർച്ചകൾക്ക് സമ്മതിച്ചു. 1988-ൽ രാജീവ് ഗാന്ധിയും ചൈന സന്ദർശിച്ചു. പഞ്ചശീല തത്വങ്ങൾ ഊന്നി, ശാസ്ത്രം, സാങ്കേതികം, സാംസ്കാരിക ഉടമ്പടികളിൽ ഒപ്പിട്ടു. 2004-ഓടെ ബന്ധം സാമ്പത്തികമായി വളർന്നു. വ്യാപാരം 10 ബില്യൺ ഡോളർ കവിഞ്ഞു. 2006-ൽ ഇന്ത്യയും ചൈനയും ‘നാഥുല’ വഴി വ്യാപാരം പുനരാരംഭിച്ചു. BRICS, SCO തുടങ്ങിയ അന്താരാഷ്ട്ര വേദികളിൽ ഇരു രാജ്യങ്ങളും സഹകരിച്ചു. ചൈന ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിൽ ഒന്നായി മാറി. എന്നാൽ അതിർത്തി തർക്കങ്ങൾ പൂർണമായും പരിഹരിക്കപ്പെട്ടില്ല. 2017-ലെ ‘ഡോക്‌ലാം സംഘർഷവും, 2020-ലെ 'ഗാൽവാൻ താഴ്‌വരയിലെ ഏറ്റുമുട്ടലും’ ബന്ധത്തിൽ വീണ്ടും വിള്ളലുകൾ സൃഷ്ടിച്ചു. ഗാൽവാൻ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടത് ജനരോഷത്തിന് കാരണമായി. ഇതിനെ തുടർന്ന് ഇന്ത്യ ചൈനീസ് ആപ്പുകൾ നിരോധിക്കുകയും വ്യാപാര നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു.
2020-ന് ശേഷമാണ് ഇന്ത്യ-ചൈന ബന്ധം വീണ്ടും പുതിയ സന്തുലിതാവസ്ഥയിലേക്ക് നീങ്ങുന്നത്. അതിർത്തി തർക്കങ്ങൾ പരിഹരിക്കാൻ ഇരു രാജ്യങ്ങളും നയതന്ത്ര-സൈനിക ചർച്ചകൾ തുടരുന്നു. 2023-ലെ BRICS ഉച്ചകോടിയിലും G20 മീറ്റിംഗിലും ഇന്ത്യയും ചൈനയും സഹകരണ മനോഭാവം പ്രകടിപ്പിച്ചു. വ്യാപാരം, സാമ്പത്തിക ബന്ധങ്ങൾ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ മേഖലകളിൽ ഇന്ത്യ-ചൈന സഹകരണം ശക്തമാക്കുന്നു. എന്നാൽ, ചൈന-പാകിസ്താൻ ബന്ധവും, :ഇന്തോ-പസഫിക്’ മേഖലയിലെ ചൈനയുടെ വർധിക്കുന്ന സ്വാധീനവും ഇപ്പോഴും ഇന്ത്യക്ക് ആശങ്കയാണ്.
ഈയൊരു പശ്ചാത്തലത്തിലാണ് ഇന്ത്യ അമേരിക്ക ബന്ധത്തിലെ വിള്ളലും, ചൈന റഷ്യ തുടങ്ങിയ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ തന്ത്രപരമായ ബന്ധത്തെയും മനസിലാക്കേണ്ടത്. 2020ന് ശേഷം ഇന്ത്യ ചൈന ബന്ധം സംഘർഷമില്ലാതെ തുടരുന്നുണ്ടെങ്കിലും നിലവിൽ അമേരിക്കയുമായി ഉണ്ടായിട്ടുള്ള വ്യാപാര നയതന്ത്ര പ്രശ്നം പരിഹരിക്കാൻ ഇപ്പോഴത്തെ സഖ്യകക്ഷി ബന്ധങ്ങൾക്ക് സാധിക്കുമോ എന്നത് പ്രധാനമാണ്. ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് കയറ്റി അയക്കുന്ന രത്നങ്ങളും ആഭരണങ്ങളും, ഫാർമസ്യൂട്ടിക്കൽസ്, ഇലക്ട്രോണിക്സ്, തുണിത്തരങ്ങൾ തുടങ്ങിയ അനവധി ഉൽപ്പന്നങ്ങൾ ചൈനയിലേക്കോ റഷ്യയിലേക്കോ തിരിച്ച് വിടാനുള്ള സാധ്യത നിലവിൽ ഈ രാജ്യങ്ങളുടെ ഒന്നും വ്യാപാര നില പ്രകാരം സാധ്യമല്ല. ചൈനയെ സംബന്ധിച്ച് അവർ തങ്ങളുടേതായ ഉല്പാദനത്തിൽ കൂടുതൽ കേന്ദ്രീകരിക്കുന്നവരാണെങ്കിൽ റഷ്യക്ക് ഇത്തരം ഉത്പന്നങ്ങളുടെ ആവശ്യവുമില്ല.
നരേന്ദ്ര മോദിയും ഡൊണാൾഡ് ട്രംപും
മാത്രമല്ല അതിർത്തി സംബന്ധമായ ഒരു ചർച്ചക്കും ഇപ്പോൾ ഉണ്ടായിട്ടുള്ള പുതിയ ബന്ധത്തിലും ചൈന തയ്യാറല്ല. ആ വിഷയത്തിൽ തങ്ങളുടെ മുൻ നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ചൈന. ഇങ്ങനെയൊക്കെ ആണെന്നിരിക്കെ നയതന്ത്രപരമായി ചില സന്ദേശങ്ങൾ നൽകാൻ കഴിയും എന്നതിനപ്പുറത്ത് ഇന്ത്യ ചൈന ബന്ധം നിലവിലുള്ള പ്രശ്നത്തെ പരിഹരിക്കുന്നതോ ഇരുവരും തമ്മിലുള്ള സംഘർഷങ്ങളിൽ തന്നേയും മാറ്റങ്ങൾ കൊണ്ടുവരുന്നതുമല്ല എന്ന് കാണേണ്ടതുണ്ട്. നയതന്ത്ര നീക്കങ്ങളിലൂടെ അമേരിക്കയുമായി സമവായത്തിൽ എത്തുകയും അമേരിക്കയോടുള്ള പതിവിൽ കവിഞ്ഞ ആശ്രയത്വം ക്രമേണ കുറച്ച് കൊണ്ടുവരികയും ചെയ്യുക എന്നതാണ് ഇന്ത്യക്ക് മുന്നോട്ട് നോക്കുമ്പോൾ ചെയ്യാൻ ഉള്ളത്.