ഡിംപിൾ യാദവിനെതിരായ പരാമർശം; മൗലാന സാജിദ് റാഷിദിയെ മര്‍ദിച്ച് എസ്‍പി പ്രവര്‍ത്തകര്‍
എസ്പി പ്രവർത്തകരായ കുൽദീപ് ഭാട്ടി, മോഹിത് നഗർ എന്നിവര്‍ക്കെതിരെ റാഷിദി സെക്ടര്‍-126 പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്
ലഖ്നൌ: സമാജ്‍വാദി പാര്‍ട്ടി എംപി ഡിംപിൾ യാദവിനെതിരായ പരാമര്‍ശത്തിൽ മുസ്‍ലിം പുരോഹിതൻ മൗലാന സാജിദ് റാഷിദിയെ മര്‍ദിച്ച് എസ്‍പി പ്രവര്‍ത്തകര്‍. ചൊവ്വാഴ്ച നോയിഡയിൽ ഒരു ടെലിവിഷൻ വാർത്താ ചാനലിന്‍റെ ഓഫീസിൽ വച്ചാണ് ഒരു കൂട്ടം സമാജ്‍വാദി പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ചാനൽ ചര്‍ച്ചയിൽ പങ്കെടുക്കാൻ പോയപ്പോഴാണ് മര്‍ദനമേറ്റതെന്ന് വൃത്തങ്ങൾ അറിയിച്ചു.
ഏതാനും എസ്‍പി പ്രവര്‍ത്തകര്‍ അടുത്തേക്ക് വന്ന് റാഷിദിയെ മര്‍ദിക്കുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരാണ് അദ്ദേഹത്തെ രക്ഷപ്പെടുത്തിയത്. എസ്പി പ്രവർത്തകരായ കുൽദീപ് ഭാട്ടി, മോഹിത് നഗർ എന്നിവര്‍ക്കെതിരെ റാഷിദി സെക്ടര്‍-126 പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
ഒരു ചാനൽ ചര്‍ച്ചക്കിടെയാണ് റാഷിദി ഡിംപിളിനെതിരെ സംസാരിച്ചത്. മെയിൻപുരി എംപിയായ ഡിംപിൾ ഭർത്താവും എസ്പി മേധാവിയുമായ അഖിലേഷ് യാദവിനും മറ്റ് എസ്പി എംപിമാർക്കുമൊപ്പം ഡൽഹിയിലെ ഒരു പള്ളി സന്ദര്‍ശിക്കുകയും പുരോഹിതരോട് സംസാരിക്കുകയും ചെയ്തതിന്‍റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. സാരി ധരിച്ച് തല മറയ്ക്കാതെ ഇരുന്ന ഡിംപിളിനെതിരെ റാഷിദി രംഗത്തുവരികയായിരുന്നു. മാന്യമായ രീതിയിൽ വസ്ത്രധാരണം നടത്തണമെന്നായിരുന്നു റാഷിദി പ്രതികരിച്ചത്.
റാഷിദിയുടെ പരാമർശം യാദവിനെതിരായ ആക്രമണം മാത്രമല്ല, എല്ലാ സ്ത്രീകളെയും അപമാനിക്കുന്നതാണെന്നാരോപിച്ച് സമാജ്‌വാദി നേതാവ് പ്രവേഷ് യാദവ് പൊലീസിൽ പരാതി നൽകി. സ്ത്രീയുടെ അന്തസ്സിനെ വ്രണപ്പെടുത്തുക മാത്രമല്ല, സമൂഹത്തിലെ എല്ലാ സ്ത്രീകളെയും ഇത്തരമൊരു പരാമർശം ബാധിക്കുന്നു. ഒരു ടിവി ചാനൽ പോലുള്ള പൊതുവേദിയിൽ നിന്ന് നടത്തുന്ന ഇത്തരം അസഭ്യവും സ്ത്രീവിരുദ്ധവുമായ പരാമർശങ്ങൾ സാമൂഹിക ഐക്യത്തെ തകർക്കുമെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് പൊലീസ് കേസെടുക്കുകയായിരുന്നു. പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി റാഷിദി രംഗത്തെത്തി. താൻ തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നും അനാവശ്യമായി ഇത് പ്രശ്‌നമാക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു. എന്നാൽ അഖിലേഷ് യാദവ് ഇതുവരെ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
അതേസമയം പള്ളിക്കുള്ളിൽ എസ്പി, രാഷ്ട്രീയയോഗം സംഘടിപ്പിച്ചുവെന്ന് ആരോപിച്ച് ബിജെപി, ന്യൂനപക്ഷ മോര്‍ച്ച പ്രസിഡന്‍റ് ജമാല്‍ സിദ്ദിഖി രംഗത്തെത്തി. ആരാധനാലയത്തെ അഖിലേഷ്, അനൗദ്യോഗിക എസ്പി ഓഫീസ് ആക്കി മാറ്റിയെന്നും ജമാല്‍ ആരോപിച്ചു. പള്ളിയിലെ ഇമാമായ നദ്‌വി ക്ഷണിച്ചതിനെ തുടര്‍ന്നാണ് പോയതെന്നും ബിജെപി തെറ്റായവിവരം പ്രചരിപ്പിക്കുകയാണെന്നും ഡിംപിള്‍ യാദവ് പറഞ്ഞു.