ഡൽഹിയിൽ ഫ്‌ളാറ്റ് ബുക്ക് ചെയ്ത് യുവാവ് ജീവനൊടുക്കി
ഗുരുഗ്രാമിലെ ഒരു കമ്പനിയിൽ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റായി ജോലി ചെയ്തിരുന്ന ധീരജ് കൻസാലാണ് ജീവനൊടുക്കിയത്.
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വഴി ഫ്ലാറ്റ് ബുക്ക് ചെയ്ത് യുവാവ് ആത്മഹത്യ ചെയ്തു. ഗുരുഗ്രാമിലെ ഒരു കമ്പനിയിൽ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റായി ജോലി ചെയ്തിരുന്ന ധീരജ് കൻസാലാണ് ജീവനൊടുക്കിയത്.ഹീലിയം വാതകം ശ്വസിച്ചായിരുന്നു യുവാവിന്റെ ആത്മഹത്യ.
'തന്‍റെ ജീവതത്തിലെ ഏറ്റവും മനോഹരമായ ഭാഗം മരണമാണ്. ദയവായി എന്റെ മരണത്തിൽ ദുഃഖിക്കരുത്’- എന്ന് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തശേഷമായിരുന്നു യുവാവിന്‍റെ ആത്മഹത്യ. ഇതെ കുറിപ്പ് ധീരജിന്റെ പോക്കറ്റില്‍ നിന്നും കണ്ടെടുത്തു.
ജൂലൈ 20 മുതൽ 28 വരെ എട്ട് ദിവസത്തേക്കാണ് ധീരജ് ഫ്ലാറ്റ് ബുക്ക് ചെയ്തിരുന്നത്. ശേഷം ഇ-കൊമേഴ്‌സ് വെബ്‌സൈറ്റ് വഴി ഗാസിയാബാദിലെ ഒരു വിതരണക്കാരനിൽ നിന്ന് 3,500 രൂപയ്ക്ക് ഹീലിയം വാങ്ങുകയായിരുന്നു. ദിവസങ്ങളായി ധീരജിനെ പിന്നീട് ഫ്ലാറ്റിന് പുറത്ത് കണ്ടിരുന്നില്ല.
എന്നാല്‍ മുറിയുടെ സമീപത്ത് നിന്ന് ദുർഗന്ധം വമിച്ചതിനെ തുടര്‍ന്ന് ഉടമ പൊലീസിനെ അറിയിക്കുകയായിരുന്നു. വാതിൽ തകർത്ത് അകത്തുകടന്ന പൊലീസാണ് ധീരജിനെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ധീരജില്‍ വായില്‍ നിന്നും ഹീലിയം സിലിണ്ടറിലേക്ക് പൈപ്പ് ബന്ധിപ്പിച്ച നിലയിലായിരുന്നു മൃതദേഹം. ധീരജിന്‍റെ മുഖവും കഴുത്തും പ്ലാസ്റ്റക്ക് കവറില്‍ പൊതിഞ്ഞിരുന്നു.
ഫെയ്സ്ബുക്ക് വാളില്‍ നീണ്ട വൈകാരികമായ കുറിപ്പ് പോസ്റ്റ് ചെയ്ത ശേഷമായിരുന്നു ധീരജ് ജീവനൊടുക്കിയത്. തന്‍റെ തീരുമാനത്തില്‍ ആരെയും കുറ്റപ്പെടുത്തേണ്ടതില്ല എന്നും ധീരജ് പോസ്റ്റില്‍ വ്യക്തമാക്കി. ‘ഇത് എന്റെ മാത്രം തിരഞ്ഞെടുപ്പാണ്. എന്റെ ജീവിതത്തിൽ ഞാൻ കണ്ടുമുട്ടിയ ഓരോ വ്യക്തിയും എന്നോട് വളരെ ദയയുള്ളവരായിരുന്നു. അതിനാൽ പൊലീസിനോടും സർക്കാരിനോടും ഞാൻ അഭ്യർത്ഥിക്കുന്നു, ദയവായി ഇതിന്റെ പേരിൽ ആരെയും ശല്യപ്പെടുത്തരുത്’ ധീരജിന്‍റെ കുറിപ്പ് വായിക്കുന്നു.
തന്റെ അവയവങ്ങൾ ദാനം ചെയ്യാനും പണം അനാഥാലയം, വൃദ്ധസദനം തുടങ്ങിയ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനും അദ്ദേഹം പറയുന്നുണ്ട്. അമ്മാവനും ബന്ധുക്കളും ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി, സംസ്കരിച്ചു.
ഹരിയാനയിലെ കർണാൽ സ്വദേശിയായ ധീരജ് ഡല്‍ഹിയിലാണ് വളര്‍ന്നത്. 2003ൽ അച്ഛൻ മരിച്ചതിനുശേഷം ഒറ്റയ്ക്കായിരുന്നു ധീരജ്. അച്ഛന്റെ മരണശേഷം അമ്മ മറ്റൊരാളെ വിവാഹം കഴിച്ചു, മുത്തശ്ശിയുടെ സംരക്ഷണയിലാണ് അവൻ വളർന്നത്. മുത്തശ്ശിയുടെ മരണശേഷം വളരെയധികം കഷ്ടപ്പെട്ടെന്നും ധീരജ് കുറിപ്പിലൂടെ പറയുന്നു.
(ആത്മഹത്യ പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)