Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ഭോപ്പാൽ: ഭോപ്പാലിലെ ആദർശ് നഗർ ചേരിയിൽ താൽക്കലികമായി നർമിച്ച ഒരു വാടകമുറിയിലാണ് രാജേഷ് വിശ്വകര്‍മ കഴിയുന്നത്. ഒരു തെറ്റും ചെയ്യാതെ ചിതറിപ്പോയ തന്റെ ജീവിതത്തെ കൂട്ടിയോജിപ്പിക്കാനുള്ള കഠിനശ്രമത്തിലാണ് ആ യുവാവ്. ദയനീയമാണ് അയാളുടെ ജീവിതം.
സ്വന്തമായി ഭൂമിയോ മാതാപിതാക്കളോ നിയമപരിജ്ഞാനമോ ഇല്ലാത്ത ദിവസക്കൂലിക്കാരനായ ഒരു സാധാരണ മനുഷ്യന്‍ ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ കിടക്കേണ്ടിവന്നത് 395 ദിവസമാണ്. അയാൾ ചെയ്ത കുറ്റം രോഗിയായ അയല്‍വാസിയെ ആശുപത്രിയിലെത്തിച്ചു എന്നതാണ്. ജയിലിൽ കിടന്നതുകൊണ്ട് അദ്ദേഹത്തിന്റെ ജോലി നഷ്ടപ്പെട്ടു. 13 മാസമായി പൂട്ടിയിട്ട വീടിന് വാടക കുടിശ്ശിക നല്‍കണം എന്തുചെയ്യണമെന്നറിയാതെ നിസ്സഹായനായിരിക്കുകയാണയാള്‍.
2024 ജൂണ്‍ 16നാണ് രാജേഷ് വിശ്വകര്‍മയുടെ ജീവിതം മാറിമറിഞ്ഞത്. അയല്‍പക്കത്തെുള്ള രോഗിയായ ഒരു സ്ത്രീയെ രാജേഷ് ജിഐജി ബംഗ്ലാവിന് സമീപത്തുള്ള ആശുപത്രിയിലെത്തിച്ചു. അവിടെ അവര്‍ക്ക് ചികിത്സ ഉറപ്പാക്കിയ ശേഷം അയാള്‍ ജോലിയ്ക്ക് പോയി. അന്ന് വൈകുന്നേരം ആ സ്ത്രീ മരിച്ചു. പിറ്റേദിവസം രാവിലെ കൊലപാതകക്കുറ്റത്തിന് രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.
'അവര്‍ എന്നോട് ആശുപത്രിയിലെത്തിക്കാമോന്ന് ചോദിച്ചു. ഞാന്‍ കൊണ്ടുപോയി. വൈകുന്നേരം പോലീസ് എന്നെത്തേടി വന്നു. ചോദ്യം ചെയ്തു. പിറ്റേദിവസം രാവിലെ എന്നെ അറസ്റ്റ് ചെയ്തു. ആ സ്ത്രീയെ ചികിത്സയ്ക്കാണ് ആശുപത്രിയില്‍ കൊണ്ടുപോയതെന്ന് ഞാന്‍ പോലീസുകാരോട് പറഞ്ഞു. പക്ഷെ എന്റെ വീട്ടുകാരോട് സംസാരിക്കാന്‍ അവര്‍ സമ്മതിച്ചില്ല. എന്നെ ഒന്‍പത് ദിവസം സ്റ്റേഷനില്‍ വെച്ചു. അവിടെനിന്ന് നേരം ജയിലിലേക്കയച്ചു. വക്കീലിനെ വെക്കാന്‍ എന്റെ കയ്യില്‍ പണമുണ്ടായിരുന്നില്ല'-സംഭവത്തെക്കുറിച്ച് രാജേഷിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു.
ജയിലില്‍ കിടന്നയാളായതിനാല്‍ ആരും ജോലി നല്‍കുന്നില്ലെന്ന് രാജേഷ് പറഞ്ഞു. കേസില്‍ ഒരു കൊല്ലം വിചാരണ പോലും നടന്നില്ല. വക്കീലിനെ വെക്കാന്‍ ആരുമുണ്ടായിരുന്നില്ല. ആകെയുള്ള സഹോദരി കമലേഷിന്റെ കുടുംബമാകട്ടെ അര്‍ധപട്ടിണിയിലും. സഹോദരന്‍ അറസ്റ്റിലായ വിവരം സഹോദരി അറിഞ്ഞതുതന്നെ ഒന്‍പത് ദിവസം കഴിഞ്ഞാണ്. പൊലീസ് കൃത്യമായ അന്വേഷണം നടത്തിയില്ലെന്നും അങ്ങനെയുണ്ടായെങ്കില്‍ സഹോദരന് ഈ ഗതി വരില്ലായിരുന്നുവെന്നും കമലേഷ് പറഞ്ഞു.
രാജേഷിനുവേണ്ടി കോടതിയാണ് അഭിഭാഷകയെ അനുവദിച്ചുനല്‍കിയത്. വിചാരണയില്‍ രാജേഷ് നിരപരാധിയാണെന്ന് കോടതിക്ക് ബോധ്യപ്പെടുകയും വിട്ടയയ്ക്കുകയും ചെയ്തു. രാജേഷ് ആശുപത്രിയിലെത്തിച്ച സ്ത്രീ രോഗം മൂലമാണ് മരിച്ചതെന്ന് സ്ഥിരീകരിക്കുന്ന രേഖകള്‍ ഉണ്ടായിരുന്നു. പക്ഷെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് രേഖപ്പെടുത്തിയതാണ് രാജേഷിന് വിനയായത്. എന്നാല്‍ മരണസമയത്തിന് എത്രയോ മുന്‍പ് രാജേഷ് ആശുപത്രിയില്‍ നിന്ന് പോയിരുന്നതായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ തന്നെ മനസ്സിലാകുമായിരുന്നുവെന്ന് രാജേഷിന്റെ അഭിഭാഷക റീന വര്‍മ പറഞ്ഞു.
തന്റെ നിരപരാധിത്വം സമൂഹം അംഗീകരിക്കുമെന്നുള്ള നേരിയ പ്രതീക്ഷയിലാണ് ഇപ്പോള്‍ രാജേഷ് ജീവിക്കുന്നത്. ഈ നീതി ലംഘനം ഒരു ഒറ്റപ്പെട്ട സംഭവമല്ല. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എൻസിആർബി) പ്രിസൺ സ്റ്റാറ്റിസ്റ്റിക്സ് ഇന്ത്യ 2022ഉം ഇന്ത്യ ജസ്റ്റിസ് റിപ്പോർട്ട് 2025ഉം അനുസരിച്ച്, ഇന്ത്യൻ ജയിലുകളിലെ തടവുകാരിൽ 75.8 ശതമാനവും വിചാരണത്തടവുകാരാണ്. മധ്യപ്രദേശിൽ മാത്രം 6,185 വിചാരണത്തടവുകാർ ഒരു വർഷത്തിലേറെയായി ജയിലിൽ കഴിയുന്നത്.