ധർമസ്ഥലയിൽ മൂന്നിടങ്ങളിൽ കുഴിച്ചു; മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താനായില്ല
മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ പ്രകാരം മൂന്നിടങ്ങളിൽ നിന്നായി ആറ് മൃതദേഹാവശിഷ്ടങ്ങൾ ലഭിക്കേണ്ടതായിരുന്നു.
മംഗളൂരു: ധർമസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളി പ്രത്യേക അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയ 13 സ്ഥലങ്ങളിൽ ആദ്യത്തെ മൂന്നിടങ്ങളിൽ നടത്തിയ കുഴിയെടുക്കലിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താനായില്ല. വെളിപ്പെടുത്തൽ പ്രകാരം മൂന്നിടങ്ങളിൽ നിന്നായി ആറ് മൃതദേഹാവശിഷ്ടങ്ങൾ ലഭിക്കേണ്ടതായിരുന്നു.
ഒരിടത്ത് രണ്ട് എന്ന നിലയിൽ ഒന്നു മുതൽ മൂന്നു വരെ സ്പോട്ടുകളിൽ ആറ് മൃതദേഹങ്ങൾ, നാലിലും അഞ്ചിലുമായി ആറ് മൃതദേഹങ്ങൾ, എട്ട് ഒമ്പതിൽ ഏഴ് വരെ മൃതദേഹങ്ങൾ, 10ൽ മൂന്ന്, 11ൽ ഒമ്പത്, 12ൽ അഞ്ച് വരെ, 13ൽ എണ്ണമറ്റവ എന്നിങ്ങിനെയാണ് പരാതിക്കാരൻ എസ്ഐടിക്ക് നൽകിയ കണക്കുകൾ. സ്പോട്ട് പതിമൂന്ന് കഴിഞ്ഞാൽ നിബിഡ വനമാണ്. ആ മേഖലയിലാണ് നൂറിലേറെ മൃതദേങ്ങൾ മറവുചെയ്തു എന്ന് പരാതിക്കാരൻ പറയുന്നത്.
എസ്‌ഐടി ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് മൂന്നാം ദിവസത്തെ ഖനന പ്രവർത്തനങ്ങൾ ആരംഭിച്ചത്. തലേന്ന് മഴയും മണലും കാരണം ഖനനം ദുഷ്കരമായ നേത്രാവതി കുളിക്കടവിൽ നിന്നാണ് കുഴിക്കാൻ തുടങ്ങിയത്. വൈകിട്ടോടെ മൂന്നിടങ്ങളിൽ ഖനനം നടത്തി. രാവിലെ 10ന് പരാതിക്കാരൻ തന്റെ അഭിഭാഷകരോടൊപ്പം ബെൽത്തങ്ങാടിയിലെ എസ്‌ഐടി ഓഫീസിൽ എത്തി. ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് സംഘം ഖനന സ്ഥലത്തേക്ക് പോയത്. നേരത്തെ മംഗളൂരു കദ്രിയിലെ പൊതുമരാമത്ത് ഇൻസ്പെക്ഷൻ ബംഗ്ലാവിലായിരുന്നു പരാതിക്കാരനെ ചോദ്യം ചെയ്യലും തുടർ പ്രവർത്തനങ്ങളും നടത്തിയത്. മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരായ അനുചേത്, ജിതേന്ദ്ര കുമാർ ദയാമ, എസ്പി സൈമൺ, പുത്തൂർ അസിസ്റ്റന്റ് കമ്മീഷണർ സ്റ്റെല്ല വർഗീസ്, ബെൽത്തങ്ങാടി തഹസിൽദാർ പൃഥ്വി സാനികൻ, കെഎംസി മംഗളൂരുവിൽ നിന്നുള്ള മെഡിക്കൽ സംഘം, ഫോറൻസിക് സയൻസ് ലബോറട്ടറി (എഫ്എസ്എൽ) സംഘം, ഇന്ത്യൻ സൊസൈറ്റി ഓഫ് ഡൗസേഴ്‌സ് (ഐഎസ്ഡി) യിലെ വിദഗ്ധർ എന്നിവർ പങ്കെടുത്തു.
രണ്ടാമത്തെ സ്പോട്ട് മുതൽ വനം വകുപ്പിന്റെ അധികാരപരിധിയിൽ വരുന്ന ഇടങ്ങളാണ്. മണ്ണുമാന്തി യന്ത്രങ്ങളുടെ ഉപയോഗം വനസംരക്ഷണ നിയമങ്ങളുടെ ലംഘനമാവുമെന്നതിനാൽ തൊഴിലാളികളാണ് ഇവിടെ ഖനനം നടത്തുക. അതിനിടെ പ്രത്യേക അന്വേഷണ സംഘത്തിന്റെ മേധാവി ഡിജിപി ഡോ. പ്രണബ് കുമാർ മൊഹന്തി ബുധനാഴ്ച വൈകിട്ട് ധർമ്മസ്ഥല നേത്രാവതി കുളിക്കടവിൽ ഖനനം നടത്തിയ സ്ഥലം സന്ദർശിച്ചു. കേന്ദ്ര ഡെപ്യൂട്ടേഷൻ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയ ഇദ്ദേഹം എസ്ഐടി തലവനായി തുടരുമോ എന്ന കാര്യം അനിശ്ചിതത്വത്തിലാണ്.ഈ മാസം 19ന് രൂപവത്കരിച്ച എസ്ഐടിയുടെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ സർക്കാറിന് റിപ്പോർട്ട് ചെയ്ത് സ്ഥാനം ഒഴിയുമെന്നതിന്റെ സൂചനയാണ് സന്ദർശനം എന്നാണ് റിപ്പോർട്ട്.