സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന്റെ പേരിൽ ജയിലിൽ കഴിയുന്ന ഷർജീൽ ഇമാം ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും

2020 ജനുവരി 28ന് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഷർജീൽ അഞ്ച് വർഷത്തിലധികമായി ജയിലിലാണ്.

Update: 2025-07-30 12:40 GMT
Advertising

പട്‌ന: പൗരത്വനിയമത്തിന് എതിരായ പ്രക്ഷോഭത്തിൽ പങ്കെടുത്തതിന്റെ പേരിൽ അഞ്ച് വർഷത്തിലധികമായി ജയിലിൽ കഴിയുന്ന ജെഎൻയു വിദ്യാർഥി നേതാവും ആക്ടിവിസ്റ്റുമായ ഷർജീൽ ഇമാം ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും. ബിഹാറിലെ കിഷൻഗഞ്ച് ജില്ലയിലെ ബഹാദൂർഗഞ്ച് മണ്ഡലത്തിൽ നിന്നാണ് ഷർജീൽ ജനവിധി തേടുകയെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനായ അഹമ്മദ് ഇബ്രാഹീമിനെ ഉദ്ധരിച്ച് 'സ്‌ക്രോൾ' റിപ്പോർട്ട് ചെയ്തു. ബിഹാറിലെ ജെഹാനാബാദ് ജില്ലക്കാരനാണ് ഷർജീൽ.

നിലവിൽ മുഹമ്മദ് അൻസാർ നഈമിയാണ് ബഹാദൂർഗഞ്ച് എംഎൽഎ. 2020ൽ എഐഎംഐഎം പ്രതിനിധിയായി വിജയിച്ച നഈമി പിന്നീട് ആർജെഡിയുമായി സഖ്യത്തിലായിരുന്നു. ഈ വർഷം ഒക്ടോബർ-നവംബർ മാസങ്ങളിൽ ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡൽഹി ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിൽ ഗവേഷക വിദ്യാർഥിയായിരുന്നു ഷർജീൽ ഇമാം. 2020 ജനുവരിയിൽ സിഎഎ, എൻആർസി വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്ത് നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് അദ്ദേഹത്തിനെതിരെ യുഎപിഎ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തത്. 2020 ജനുവരി 28ന് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഷർജീലിന് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല.

ഡൽഹി, ഉത്തർപ്രദേശ്, അസം, മണിപ്പൂർ, അരുണാചൽ പ്രദേശ് സംസ്ഥാനങ്ങളിൽ ഷർജീലിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രക്ഷോഭത്തിൽ പങ്കെടുത്ത് ഷർജീൽ നടത്തിയ പ്രസംഗങ്ങൾ പ്രകോപനപരവും വിഘടനവാദപരവുമാണ് എന്നാണ് പൊലീസ് കുറ്റപത്രത്തിൽ ആരോപിക്കുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News