അസം കുടിയൊഴിപ്പിക്കൽ ഭരണകൂടം നടത്തിയ നിയമവിരുദ്ധ പ്രവർത്തനം: സമദാനി

സുപ്രിംകോടതിയുടെ മാർഗനിർദേശങ്ങൾ പൂർണമായി ലംഘിച്ചുകൊണ്ടാണ് ആയിരക്കണക്കിന് കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് വീടുകൾ തകർത്തതെന്ന് സമദാനി പറഞ്ഞു.

Update: 2025-07-30 13:20 GMT
Advertising

ന്യൂഡൽഹി: അസമിൽ ആയിരക്കണക്കിന് കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് അവരുടെ വീടുകൾ തകർത്ത സംഭവം ഭരണകൂടം നടത്തിയ നിയമവിരുദ്ധ പ്രവർത്തനമാണെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി ലോക്സഭയിൽ പറഞ്ഞു. അവിടെ താമസിക്കുന്ന ജനങ്ങളെ രാജ്യമില്ലാത്തവരും വോട്ടവകാശം ഇല്ലാത്തവരുമാക്കി മാറ്റാൻ ഉദ്ദേശിച്ചുള്ള ഈ നടപടി ഏറെ പ്രതിഷേധാർഹമാണ്. അവർക്ക് ഭരണഘടനാപരമായ നീതി ഉറപ്പുവരുത്തിക്കൊണ്ട് അടിയന്തരമായ പുനരധിവാസവും ദുരിതാശ്വാസ സഹായങ്ങളും നഷ്ടപരിഹാരവും ലഭ്യമാക്കണമെന്ന് 377-ാം വകുപ്പ് പ്രകാരമുള്ള ഉപക്ഷേപത്തിലൂടെ വിഷയമുന്നയിച്ചുകൊണ്ട് സമദാനി ആവശ്യപ്പെട്ടു.

ജനങ്ങളെ മാറ്റിപ്പാർപ്പിക്കാനോ അവരുടെ പ്രയാസങ്ങളിൽ ആശ്വാസം നൽകാനോ ഒരു നടപടിയുമെടുക്കാതെയാണ് ഇത്രയേറെ കുടുംബങ്ങളുടെ പാർപ്പിടങ്ങൾ ഒറ്റയടിക്ക് തകർത്തുകളഞ്ഞത്. പകരം വാസസ്ഥാനങ്ങൾക്കോ ദുരിതാശ്വാസത്തിനോ നഷ്ടപരിഹാരത്തിനോ ആവശ്യമായ ഒരു നടപടിയും സ്വീകരിക്കാതെയായിരുന്നു ഇത്. മസ്ജിദ് കെട്ടിടങ്ങളും സ്കൂളുകളുമെല്ലാം തകർത്ത് നിരപ്പാക്കി. കനത്ത മഴക്കിടയിലും ഈ നടപടി തുടർന്നു. ഇതിലൂടെ അവരുടെ ജീവിതങ്ങൾ പിഴുതെറിയപ്പെടുകയും അഭിമാനം തകർക്കപ്പെടുകയുമാണ് ചെയ്തതെന്ന് സമദാനി കുറ്റപ്പെടുത്തി. ബംഗാളി മുസ് ലിം കുടുംബങ്ങളെ പ്രത്യേകം ലക്ഷ്യംവെച്ചുകൊണ്ടാണ് ഈ നടപടിയെന്നത് കൂടുതൽ ആശങ്കാജനകമാണ്. വർഷങ്ങളായി ബന്ധപ്പെട്ട രേഖകളോടെ അവിടെ പാർത്തുവരുന്നവരാണവർ.

സുപ്രിംകോടതിയുടെ മാർഗനിർദേശങ്ങൾ പൂർണമായി ലംഘിച്ചുകൊണ്ടാണ് 15 ദിവസത്തെ പ്രതികരണജാലകവും ഈ മാർ​ഗനിർദേശങ്ങളിലുണ്ട്. എന്നാൽ ഒന്നോ രണ്ടോ നോട്ടീസ് മാത്രം നൽകി ബന്ധപ്പെട്ടവരുടെ പരാതി കേൾക്കാനോ മറ്റു നടപടികൾക്കോ ഒന്നും അവസരമൊരുക്കാതെ ഒഴിപ്പിക്കുകയാണുണ്ടായത്. അതുകൊണ്ടുതന്നെ കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടിയും ജനങ്ങൾക്ക് പുനരധിവാസവും ഭരണഘടനാപരമായ നീതിയും ഉറപ്പുവരുത്താനാവശ്യപ്പെട്ടും സുപ്രിംകോടതി അധികൃതർക്ക് നോട്ടീസ് നൽകിയിരിക്കുകയാണ്. പാവപ്പെട്ട മനുഷ്യരുടെ കൈവശമുള്ളതെല്ലാം ഒറ്റരാത്രികൊണ്ട് ഇടിച്ചുനിരപ്പാകുന്നത് ഭരണമല്ലെന്ന് പറഞ്ഞ സമദാനി ഇത് പരിഹരിക്കാൻ അടിയന്തര നടപടികളെടുക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News