Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ന്യൂഡൽഹി: സാമ്പത്തികശാസ്ത്രജ്ഞനും എഴുത്തുകാരനും ചിന്തകനുമായ മേഘ്‌നാഥ് ദേശായ് (85) അന്തരിച്ചു. ഇന്നലെ ഗുരുഗ്രാമിലെ ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.
ഗുജറാത്തില്‍ ജനിച്ച മേഘ്നാഥ് ദേശായി ബ്രിട്ടീഷ് പ്രഭുസഭയില്‍ അംഗമാകുന്ന ആദ്യ ഇന്ത്യന്‍ വംശജരില്‍ ഒരാളാണ്. 1965 മുതല്‍ 2003 വരെ അദ്ദേഹം ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ (എല്‍എസ്ഇ) സാമ്പത്തികശാസ്ത്രം അധ്യാപകനായിരുന്നു. പിന്നീട് ആ സ്ഥാപനത്തിലെ എമെരിറ്റസ് പ്രൊഫസര്‍ ഓഫ് ഇക്കണോമിക്‌സ് ആകുകയും ചെയ്തു.
1992ല്‍ മേഘ്നാഥ് ദേശായ് എല്‍എസ്ഇയില്‍ സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഗ്ലോബല്‍ ഗവര്‍ണന്‍സ് സ്ഥാപിച്ചു. എല്‍എസ്ഇയുടെ ഡവലപ്മെന്റ് സ്റ്റഡീസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറും സ്ഥാപകാംഗവുമായിരുന്നു. പിന്നീട് പ്രഭുസഭയില്‍ ഒരു ക്രോസ്‌ബെഞ്ച് പിയര്‍ ആയി.
2008ൽ അദ്ദേഹത്തെ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചിരുന്നു. ഇന്ത്യ-യുകെ ബന്ധം ശക്തമാക്കുന്നതിൽ വലിയ പങ്കുവഹിച്ച മേഘ്‌നാഥ് ദേശായിയുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിലൂടെ അനുശോചനം രേഖപ്പെടുത്തി.