ഡ്യൂട്ടിക്കിടെ ഡോക്ടര്‍മാര്‍ ഉറങ്ങി; വാഹനാപകടത്തിൽ പരിക്കേറ്റ് അത്യാഹിത വിഭാഗത്തിലുണ്ടായിരുന്ന രോഗി രക്തം വാര്‍ന്ന് മരിച്ചു
ലാലാ ലജ്പത് റായ് മെമ്മോറിയൽ (എൽഎൽആർഎം) മെഡിക്കൽ കോളജിലാണ് ഈ ഭയാനകമായ മെഡിക്കൽ അനാസ്ഥ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്
മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റിൽ ഡ്യൂട്ടിക്കിടെ ഡോക്ടര്‍മാര്‍ ഉറങ്ങിയതിനെ തുടര്‍ന്ന് വാഹനാപകടത്തിൽ പരിക്കേറ്റ് അത്യാഹിത വിഭാഗത്തിലുണ്ടായിരുന്ന രോഗി രക്തം വാര്‍ന്ന് മരിച്ചു. ലാലാ ലജ്പത് റായ് മെമ്മോറിയൽ (എൽഎൽആർഎം) മെഡിക്കൽ കോളജിലാണ് ഈ ഭയാനകമായ മെഡിക്കൽ അനാസ്ഥ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
തിങ്കളാഴ്ച വൈകിട്ടാണ് റോഡപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സുനിലിനെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. സുനിൽ സ്ട്രെച്ചറിൽ രക്തം വാർന്ന് വേദന കൊണ്ട് കരയുന്ന സമയത്ത്, ജൂനിയർ ഡോക്ടർമാരായ ഭൂപേഷ് കുമാർ റായിയും അനികേതും അദ്ദേഹത്തിന് ഉടനടി വൈദ്യസഹായം നൽകുന്നതിനുപകരം ഡ്യൂട്ടി റൂമിൽ ഇരുന്ന് ഉറങ്ങുകയായിരുന്നു. കസേരയിൽ ചാരിയിരുന്ന് മേശയിൽ കാല് കയറ്റി വച്ച് ഇരുന്നുറങ്ങുന്ന ഡോക്ടറുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പകർത്തിയതെന്ന് പറയപ്പെടുന്ന സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഈ സമയം കുഞ്ഞുമായെത്തിയ ഒരു യുവതി ഡോക്ടറെ തട്ടിയുണര്‍ത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും ഡോക്ടര്‍ ഉറക്കത്തിൽ തന്നെയായിരുന്നു. തൊട്ടപ്പുറത്തായി സുനിൽ വേദന കൊണ്ട് പുളയുന്നതും കാണാം.
സംഭവം നടക്കുമ്പോൾ ചുമതലയുള്ള ഡോ. ശശാങ്ക് ജിൻഡാൽ ആശുപത്രിയിൽ ഉണ്ടായിരുന്നില്ല.എന്നാൽ സംഭവത്തെക്കുറിച്ച് അറിഞ്ഞ ഉടനെ താൻ ആശുപത്രിയിലെത്തി രോഗിയെ ഉടൻ തന്നെ അടിയന്തര ചികിത്സ നൽകിയതായി ഡോ.ജിൻഡാലിന്‍റെ വാക്കുകളെ ഉദ്ധരിച്ച് എൻഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ചൊവ്വാഴ്ച രാവിലെ 7 മണിയോടെ സുനിൽ മരിച്ചു. ചികിത്സ വൈകിയതാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചു.എന്നാൽ ആശുപത്രിയിൽ കൊണ്ടുവരുമ്പോൾ തന്നെ രോഗി ഗുരുതരാവസ്ഥയിലായിരുന്നുവെന്ന് ജിൻഡാൽ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മീററ്റ് ജില്ലാ മജിസ്‌ട്രേറ്റിനോട് ഉത്തരവിട്ടിട്ടുണ്ട്. രണ്ട് ഡോക്ടർമാരെ സസ്‌പെൻഡ് ചെയ്തതായും റിപ്പോർട്ടുണ്ട്.