Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ന്യൂഡൽഹി: പഹൽഗാം ഭീകാരാക്രമണത്തിൽ കേന്ദ്രസർക്കാറിനെയും ആഭ്യന്തരമന്ത്രിയെയും കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധി. പഹൽഗാമിലെ വീഴ്ചയിൽ സർക്കാരിന് മൗനമാണെന്നും കശ്മീര്‍ ശാന്തമെന്ന് സര്‍ക്കാര്‍ പ്രചരിപ്പിക്കുകയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
ആഭ്യന്തരമന്ത്രിയും, ഇന്റലിജൻസ് ബ്യൂറോ മേധാവിയും രാജിവെച്ചോയെന്നും ആക്രമണ സമയത്ത് എന്തുകൊണ്ട് സുരക്ഷയുണ്ടായിരുന്നില്ലെന്നും പ്രിയങ്ക ചോദിച്ചു. ടിആര്‍എഫിനെ നിരീക്ഷിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
മുംബൈ ഭീകരാക്രമണത്തിന് ഉത്തരവാദികളായവരെ വധിച്ചു. കസബിനെ തൂക്കിലേറ്റി. മുംബൈ ഭീകരാക്രമണത്തിനുശേഷം യുപിഎ സർക്കാരിലെ ആഭ്യന്തര മന്ത്രി രാജിവച്ചു. എന്ത് കൊണ്ട് അമിത് ഷാ രാജി വെച്ചില്ല. പാകിസ്താനുമായുള്ള വെടിനിർത്തൽ പ്രഖ്യാപിച്ചത് അമേരിക്കൻ പ്രസിഡന്റ്. എന്തുകൊണ്ടാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്. മോദി ഒന്നിന്റെയും ഉത്തരവാദിത്വം ഏറ്റെടുക്കില്ല, ക്രെഡിറ്റ് മാത്രമാണ് ഏറ്റെടുക്കുന്നതെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.
ആരുടെ സമ്മർദ്ദത്തിലാണ് വെടിനിർത്തലിന് തയ്യാറായതെന്ന് അഖിലേഷ് യാദവും ചോദിച്ചു. പഹൽഗാം ഭീകരാക്രമണത്തിലെ ഭീകരരെ വധിച്ചെന്നും ഇവർ പാകിസ്താൻ പൗരൻമാരാണെന്നതിന് തെളിവുണ്ടെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിരുന്നു.