'തീ വിഴുങ്ങിയപ്പോള്‍ കൈക്കുഞ്ഞിനെയും പിടിച്ച് പുറത്തേക്കോടി, മുറിവുണക്കാന്‍ സ്വന്തം ചര്‍മം ദാനം ചെയ്തു'; വിമാന ദുരന്തത്തിന് മകനെ വിട്ടുകൊടുക്കാതെ ഒരമ്മ നടത്തിയ പോരാട്ടം
വാക്കുകൾ കൊണ്ട് പോലും വിവരിക്കാൻ കഴിയാത്ത വേദനയിലൂടെയാണ് ഞങ്ങൾ രണ്ടുപേരും കടന്നുപോയതെന്ന് മനീഷ കച്ചാഡി പറയുന്നു
അഹമ്മദാബാദ്: എയർ ഇന്ത്യയുടെ വിമാനം അഹമ്മദാബാദിലെ ബിജെ മെഡിക്കൽ കോളേജ് റെസിഡൻഷ്യൽ ക്വാർട്ടേഴ്‌സിലേക്ക് ഇടിച്ചുകയറിയുണ്ടായ ദുരന്തത്തില്‍ 260 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. വിമാനത്തിലുണ്ടായിരുന്ന ഒരാളൊഴികെ ബാക്കിയെല്ലാവരും അപകടത്തില്‍ കൊല്ലപ്പെട്ടു. ഇതിന് പുറമെ ബിജെ മെഡിക്കൽ കോളേജ് റെസിഡൻഷ്യൽ ക്വാർട്ടേഴ്‌സിലെയും നിരവധി പേരും അപകടത്തില്‍ മരിച്ചു. ഈ അപകടത്തില്‍നിന്ന് എട്ടുമാസം പ്രായമുള്ള കുഞ്ഞ് തലനാരിഴക്ക് രക്ഷപ്പെട്ടത് അമ്മയുടെ ആത്മധൈര്യത്തിന്‍റെ പുറത്ത് മാത്രമാണ്.
മനീഷ കച്ചാഡിയയും എട്ട് മാസം പ്രായമുള്ള മകൻ ധ്യാന്‍ഷിനുമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.അന്ന് മനീഷ ധ്യാന്‍ഷിനെ സംരക്ഷിക്കുക മാത്രമല്ല, ഗുരുതരമായി പൊള്ളലേറ്റ മകന് വേണ്ടി ആ അമ്മ സ്വന്തം ചര്‍മ്മവും ദാനം ചെയ്ത് അവന് വീണ്ടും രക്ഷകയാകുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റിരുന്ന അമ്മയും മകനും കഴിഞ്ഞ ആഴ്ച ആശുപത്രി വിടുകയും ചെയ്തു.
ബിജെ മെഡിക്കൽ കോളേജിലെ സൂപ്പർ സ്‌പെഷ്യാലിറ്റി എംസിഎച്ച് യൂറോളജി വിദ്യാർഥിയായ കപിൽ കച്ചാഡിയയുടെ ഭാര്യയാണ് മനീഷ.ജൂൺ 12 ന് ഹോസ്റ്റലിലേക്ക് വിമാനം ഇടിച്ചിറങ്ങുമ്പോൾ കപിൽ ആശുപത്രിയിൽ ഡ്യൂട്ടിയിലായിരുന്നു.
'വിമാനം തകർന്നപ്പോൾ പരിക്കേറ്റെങ്കിലും മകനെ രക്ഷിക്കുക എന്നത് മാത്രമായിരുന്നു മുന്നിലുണ്ടായിരുന്ന ഏക ചിന്ത. വിമാനം ഇടിച്ചുവീണ് വൈദ്യുതി തടസ്സപ്പെട്ടു. പിന്നാലെ ഞങ്ങളുടെ വീടാകെ ചൂടുകൊണ്ട് നിറഞ്ഞു'.മനീഷ 'ടൈംസ് ഓഫ് ഇന്ത്യ'യോട് പറഞ്ഞു.
"ഭയാനകമായ നിമിഷങ്ങളായിരുന്നു അത്.മകനെയും പിടിച്ചുകൊണ്ട് പുറത്തേക്കോടി . കട്ടിയുള്ള പുകയും തീജ്വാലയും കാരണം മുന്നിലുള്ളതൊന്നും കാണാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു.തീനാളങ്ങള്‍ ഞങ്ങളെ ഗുരുതരമായി പൊള്ളിച്ചു. ഞങ്ങള്‍ക്ക് രക്ഷപ്പെടാൻ കഴിയില്ലെന്ന് ഒരു നിമിഷം എനിക്ക് തോന്നി. പക്ഷേ എന്റെ കുട്ടിക്കുവേണ്ടി അത് ചെയ്യേണ്ടിവന്നു. വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയാത്ത വേദനയിലൂടെയാണ് ഞങ്ങൾ രണ്ടുപേരും കടന്നുപോയത്," മനീഷ കൂട്ടിച്ചേർത്തു.മനീഷയുടെ മുഖത്തും കൈകളിലും 25% പൊള്ളലേറ്റു. ധ്യാൻഷിന് മുഖം, രണ്ട് കൈകൾ, നെഞ്ച്, വയറ് എന്നിവിടങ്ങളിലായി 36% പൊള്ളലേറ്റു.
ഇരുവരെയും കെഡി ആശുപത്രിയിലേക്ക് കൊണ്ടുപോയി, ധ്യാൻഷിനെ ഉടൻ തന്നെ പീഡിയാട്രിക് ഇന്റൻസീവ് കെയർ യൂണിറ്റിൽ പ്രവേശിപ്പിച്ചു. കുഞ്ഞിന് ശ്വസിക്കാൻ വെന്റിലേറ്റർ പിന്തുണയടക്കം നല്‍കിക്കൊണ്ടിരുന്നു.ചെറിയ കുഞ്ഞായതിനാല്‍ രക്ഷപ്പെടുത്തുകയെന്നത് സങ്കീർണ്ണമായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു. കുട്ടിയുടെ മുറിവുകൾ ഭേദമാക്കാൻ ചർമ്മം മാറ്റിവയ്ക്കൽ ആവശ്യമായി വന്നപ്പോൾ അവന്റെ അമ്മ സ്വന്തം ചർമ്മം വാഗ്ദാനം ചെയ്യാനായി മുന്നോട്ടി വന്നു. മനീഷ തന്റെ ചർമ്മം മകന് ദാനം ചെയ്തു. ഒരിക്കല്‍ കൂടി തന്‍റെ മകന് അവര്‍ ഒരു സംരക്ഷണ വലയമായി മാറുകയായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
"കുഞ്ഞിന്റെ സ്വന്തം ചർമ്മവും അമ്മയുടെ ചർമ്മ ഗ്രാഫ്റ്റുകളും പൊള്ളലേറ്റ മുറിവുകൾ ചികിത്സിക്കാൻ ഉപയോഗിച്ചു. രോഗിയുടെ പ്രായം ഒരു പ്രധാന ഘടകമായിരുന്നു. മുറിവുകളിൽ അണുബാധയില്ലെന്നും അവന്റെ വളർച്ച സാധാരണമാണെന്നും ഞങ്ങൾ ഉറപ്പാക്കേണ്ടതുണ്ടായിരുന്നു. ഡോക്ടര്‍ കൂടിയായ കപിൽ മകന്റെ തിരിച്ചുവരവില്‍ നിര്‍ണായക പങ്കുവഹിച്ചു. ഒരു അച്ഛൻ എന്ന നിലയിൽ ഡോ. കപിലിന്റെ പങ്കാളിത്തം വളരെയധികം സഹായിച്ചു. ഒരു മെഡിക്കൽ പ്രൊഫഷണൽ എന്ന നിലയിൽ, അർധരാത്രിയിൽ പോലും മകന്‍റെ ചികിത്സ ശരിയായി ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പലപ്പോഴും ഉറപ്പാക്കിയിരുന്നു,".. പ്ലാസ്റ്റിക് സർജൻ ഡോ. റുത്വിജ് പരീഖ് പറഞ്ഞു.
അപകടത്തിന്‍റെ ആഘാതത്തില്‍ ശ്വാസകോശത്തിന്റെ ഒരു വശത്തേക്ക് രക്തം ഇരച്ചുകയറിയതും കുട്ടിയുടെ അവസ്ഥ സങ്കീർണ്ണമാക്കിയിരുന്നു. അഞ്ച് ആഴ്ചത്തെ തീവ്രമായ പരിചരണത്തിനും ചികിത്സയ്ക്കും ശേഷം, മനീഷയും ധ്യാൻഷും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. മകന്‍റെ ജീവന്‍ രക്ഷിക്കാനായി തീപോലും വകവെക്കാതെ ഒരമ്മ നടത്തിയ പോരാട്ടമായിരുന്നു ഇത്.