'നന്നാ...എന്നെ ഒന്നും ചെയ്യല്ലേ'; മദ്യപിച്ചെത്തിയ പിതാവ് 10 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു
ജൂലൈ 25 നാണ് സംഭവം നടന്നത്
ഹൈദരാബാദ്: മദ്യപിച്ചെത്തിയ പിതാവ് പത്ത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു. തെലങ്കാനയിലെ നാരായൺപേട്ട് ജില്ലയിലെ മാരിക്കൽ മണ്ഡലത്തിന് കീഴിലുള്ള ഗ്രാമത്തിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം. ജൂലൈ 25 നാണ് സംഭവം നടന്നതെന്നും ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ചികിത്സക്കായി മഹബൂബ് നഗറിലെ ഒരു സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്.
പ്രദേശത്തെ സര്‍ക്കാര്‍ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ് പെണ്‍കുട്ടി. നായ കടിച്ചതിനെ തുടര്‍ന്ന് മക്തലിലെ സർക്കാർ ഹോസ്റ്റലിൽ നിന്ന് വെള്ളിയാഴ്ച വീട്ടിലെത്തിയതായിരുന്നു. അന്നേ ദിവസം ഉച്ച കഴിഞ്ഞ് കുട്ടിയുടെ അമ്മ ജോലിക്കായി പുറത്തേക്ക് പോയപ്പോഴാണ് സംഭവം. ഈ സമയത്താണ് ആടുകളെ മേയ്ക്കാൻ പോയ പിതാവ് മദ്യപിച്ച നിലയിൽ വീട്ടിലെത്തുന്നത്. പഠിക്കുകയായിരുന്ന പെൺകുട്ടിയെ പിതാവ് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. "നന്നാ, എന്നെ ഒന്നും ചെയ്യരുത്" എന്ന് കുട്ടി കരഞ്ഞുപറഞ്ഞിട്ടും ഇയാൾ ഉപദ്രവം തുടരുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ രക്തം വാർന്ന് നിലയിൽ പെൺകുട്ടിയെ കണ്ടെത്തി. അവർ പെൺകുട്ടിയെ രക്ഷപ്പെടുത്തി അമ്മയെ വിവരമറിയിച്ചു. കുട്ടിയെ ആദ്യം സമീപത്തുള്ള ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോവുകയും നില വഷളായതിനെത്തുടർന്ന്, മാരിക്കൽ സർക്കാർ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് വിദഗ്ധ ചികിത്സക്കായി മഹബൂബ്‌നഗർ സർക്കാർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അമ്മയുടെ പരാതിയെ തുടർന്ന് പോക്സോ പ്രകാരം പിതാവിനെതിരെ കേസെടുത്തിട്ടുണ്ട്. ഇയാൾ ഒളിവിലാണ്. പ്രതിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണെന്ന് മാരിക്കൽ പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ രാമു പറഞ്ഞു.