സാങ്കേതിക വിദ്യയുടെ രക്തസാക്ഷി

ടെലിവിഷൻ എന്ന പുതിയ മാധ്യമം ഉദയം ചെയ്തപ്പോൾ, അതിന്റെ അനന്ത സാധ്യതകളെ സ്വപ്നം കണ്ട്, അവിടെ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തോടെ, കിട്ടാവുന്ന ഇടങ്ങളിൽ നിന്നെല്ലാം ധനം സമാഹരിച്ച്, വലിയ സ്വപനങ്ങളും ബൃഹത്തായ പദ്ധതികളുമായി ഇറങ്ങിത്തിരിച്ച ആ മനുഷ്യന്റെ സാഹസികത, സാങ്കേതിക വിദ്യയുടെ ദ്രുതപ്രയാണത്തിൽ, ഓടിയെത്താനാവാതെ തളർന്നു വീണു. അതിനു അദ്ദേഹം തെരഞ്ഞെടുത്ത സ്ഥലവും സമയവും, തന്റെ പരാജയത്തിലേക്ക് സമൂഹത്തിന്റെ ശ്രദ്ധ ആകർഷിക്കാനുള്ള ഒരു ശ്രമം ആയിരുന്നു. അതൊരു പ്രതിഷേധമായിരുന്നു, ഒരു മുന്നറിയിപ്പായിരുന്നു, ഒരു കീഴടങ്ങൽ ആയിരുന്നു.

Update: 2025-06-25 09:41 GMT
Advertising

കേരളത്തിൽ, ടെലിവിഷന്റെ തുടക്കകാലത്ത്, ടെലിവിഷൻ പരിപാടികൾ നിർമ്മിക്കാനായി, സ്വകാര്യ മേഖലയിൽ ആദ്യം തുടങ്ങിയ സ്ഥാപനമായിരുന്നു രൂപവാണി. തിക്കുറിശ്ശിയുടെ മരുമകൻ ജി.കെ പിള്ള ആയിരുന്നു അതിന്റെ ഉടമസ്ഥൻ. ദൂരദർശന്റെ ആദ്യകാല സീരിയലുകളിൽ പലതും അദ്ദേഹം നിർമിച്ചതായിരുന്നു. എന്റെ ആദ്യ സീരിയലായ കുമിളകൾ നിർമ്മിച്ചതും അദ്ദേഹം തന്നെ. പക്ഷെ ദൂരദർശന് വേണ്ടി ഇത്രയധികം സീരിയലുകൾ നിർമിച്ചെങ്കിലും, അതിനായി അദ്ദേഹം സ്റ്റുഡിയോ ഉപകരണങ്ങൾ ഒന്നും വിലയ്ക്ക് വാങ്ങിയില്ല. കെട്ടിടവും, ക്യാമറയും മറ്റു ഉപകരണങ്ങളും ഉൾപ്പടെ എല്ലാം വാടകക്കയ്ക്കു എടുക്കുകയായിരുന്നു. ദൂരദര്ശന് വേണ്ടി കുറെ സീരിയലുകളും, ഡോക്യൂമെന്ററികളും നിർമിക്കുകയും ചെയ്തെങ്കിലും രംഗം കൊഴുത്തതോടെ അദ്ദേഹം കട പൂട്ടി. എന്നാൽ അദ്ദേഹത്തിന് ചെയ്ത സീരിയലുകൾ ഒന്നും നഷ്ടക്കച്ചവടമായിരുന്നില്ല. ആദ്യം അദ്ദേഹം താൻ നിർമിച്ച സീരിയലുകളിൽ നടനായി അവതരിച്ചു, പിന്നീട് സംവിധാനവും സ്വയം ചെയ്താലോ എന്ന ആലോചനയായി. അങ്ങിനെ ചില സാഹസങ്ങൾ ചെയ്തതതോടെയാണ് അദ്ദേഹത്തിന് ബിസിനസ് മതിയാക്കേണ്ടി വന്നത്.

എന്നാൽ ഈ വിഷയത്തിൽ ആദ്യത്തെ രക്തസാക്ഷി കെ.ആർ.എസ് നായർ ആയിരുന്നു. Blitz പത്രത്തിന്റെ തിരുവനന്തപുരം കറസ്പോണ്ടന്റ് ആയിരുന്ന അദ്ദേഹം, തിരുവനന്തപുരത്തിന്റെ പ്രാന്ത പ്രദേശമായ വേളിയിൽ ഏകദേശം ഒരേക്കറോളം സ്ഥലം വിലയ്ക്ക് വാങ്ങി, അവിടെ വലിയൊരു രണ്ടു നില കെട്ടിടം പണിതു. അന്ന് ഒരു പുതുമ ആയിരുന്ന വീഡിയോ പ്രോജക്ഷൻ സിസ്റ്റവും സ്ഥാപിച്ചു. അന്നത്തെ മുഖ്യമന്ത്രി ഇ.കെ നായനാർ ആണ്, പ്രൗഢ ഗംഭീരമായ ഒരു ചടങ്ങിൽ വെച്ച് “റോഷ്നി ടീവീ പേജൻറ്” എന്ന ഈ സ്റ്റുഡിയോ ഉത്ഘാടന൦ ചെയ്തത്. കേരളാ ഫിനാൻഷ്യൽ കോർപറേഷനിൽ നിന്നും വലിയ വായ്പ എടുത്തിട്ടാണ് അദ്ദേഹം ഈ സാഹസത്തിനു മുതിർന്നത്. എന്നാൽ സാങ്കേതിക കാര്യങ്ങളെക്കുറിച്ചു അദ്ദേഹത്തിന് മാർഗനിർദേശങ്ങൾ നല്കാൻ ആരുമുണ്ടായില്ല എന്നത് ദൗർഭാഗ്യകരമായിരുന്നു. കാരണം ഒരു സാങ്കേതിക യുഗപ്പിറവിയുടെ പടിവാതിൽക്കൽ എത്തി നിൽക്കുക ആയിരുന്നു അന്ന് ലോകം. സാങ്കേതിക വിദ്യ കുതിച്ചു ചാട്ടം നടത്തിക്കൊണ്ടിരിക്കുന്ന കാലം. ഇതൊന്നും മനസ്സിലാക്കാതെ, ദൂരദർശൻ, അതിന്റെ പ്രാരംഭ കാലങ്ങളിൽ ഉപയോഗിച്ചിരുന്ന യൂ-മാറ്റിക് ലോ ബാൻഡ് സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ ക്യാമറയു൦ ഉപകരണങ്ങളുമാണ് അദ്ദേഹം ഭീമമായ തുക മുടക്കി സ്ഥാപിച്ചത്.


 


ശശികുമാർ

വളരെ ചുരുങ്ങിയ നാളുകൾക്കുള്ളിൽത്തന്നെ ഈ സാങ്കേതിക വിദ്യ കലഹരണപ്പെടുകയും അതിന്റെ സ്ഥാനത്തു പുതിയ ഫോർമാറ്റുകൾ , ധൃതഗതിയിൽ മാറി മാറി വരുകയും ചെയ്തു. തിരുവനന്തപുരം ദൂരദർശൻ തുടങ്ങിയത് മുക്കാൽ ഇഞ്ചു യൂ മാറ്റിക് അനലോഗ് ഫോര്മാറ്റിലാണ്. പിന്നീട് ടെലിവിഷൻ സാങ്കേതിക വിദ്യയുടെ പ്രയാണം ദ്രുത ഗതിയിലായിരുന്നു. യൂമാറ്റിക് ഹൈ ബാൻഡ്, ബീറ്റാ, ഡിജിറ്റൽ വീഡിയോ,ഡി വീ ക്യാം, ഹൈ ഡെഫിനിഷൻ, ടേപ് ലെസ്സ് റെക്കോർഡിങ്, മെമ്മറി കാർഡ്സ്…അങ്ങിനെ ഈ സാങ്കേതിക വിദ്യ അതിന്റെ പ്രയാണം ഇപ്പോഴും തുടരുകയാണ്. ഇവയൊന്നും തന്നെ പരസ്പര പൂരകങ്ങളോ അനുയോജ്യമോ അല്ല.. ഫലമോ ? വളരെ പെട്ടെന്ന് തന്നെ കെ.ആർ.എസ്. നായരുടെ അതിഭീമമായ മുതൽമുടക്ക് വെള്ളത്തിലായി. അദ്ദേഹത്തിന്റെ മുഴുവൻ സാങ്കേതിക ഉപകരണങ്ങളും തൂക്കി വിറ്റാൽ പോലും എടുക്കാൻ ആളില്ലാതായി. മറ്റൊരു പ്രശ്നം, അദ്ദേഹത്തിന്റെ സ്റ്റുഡിയോ സ്ഥിതി ചെയ്യുന്ന കെട്ടിടവും പരിസരങ്ങളുമായിരുന്നു.

ഒരു എഡിറ്റിംഗ് കൺസോളും ഡബ്ബിങ് റൂമും സ്ഥാപിക്കാൻ രണ്ടു മുറികളുള്ള ഒരു ചെറിയ കെട്ടിടം മതി. ആ സ്ഥാനത്താണ് ഇദ്ദേഹം ഒരേക്കറോളം വസ്തുവിൽ ഒരു കൂറ്റൻ രണ്ടുനില കെട്ടിടം പണിതത്. മറ്റൊരു പ്രശ്നം കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലമായിരുന്നു. റെയിൽവേ ട്രാക്കിന്റെയും വിമാനത്താവളത്തിന്റെയും അടുത്തായതുകൊണ്ടു, ഡബ് ചെയ്യുമ്പോൾ സൗണ്ട് പ്രൂഫ് ചെയ്ത സ്റുഡിയോക്കുള്ളിൽ പോലും, ട്രെയിനും വിമാനവും കടന്നുപോകുമ്പോഴുണ്ടാകുന്ന പ്രകമ്പനം അനുഭവപ്പെടുമായിരുന്നു. അതുകൊണ്ടു ശബ്ദലേഖനത്തിനു നിരന്തരം തടസ്സം നേരിട്ടുകൊണ്ടിരുന്നു.

രമേശ് എന്ന എഡിറ്ററും, മന്നൻ എന്ന ക്യാമറാമാനും ആയിരുന്നു അവിടത്തെ പ്രധാന ടെക്നീഷ്യന്മാർ . ഞാനും എന്റെ ചില വർക്കുകൾ അവിടെ ചെയ്തിട്ടുണ്ട്. ഈ കാലഘട്ടത്തിൽ, തന്റെ സ്റ്റുഡിയോയുടെ ബാനറിൽ നിർമ്മിക്കാനായി അദ്ദേഹം എന്റെ ഒരു സ്ക്രിപ്റ്റ് വാങ്ങി ദൂരദർശന് സമർപ്പിച്ചു. തെരുവ് കുട്ടികളുടെ കഥ പറയുന്ന “മിന്നാമിനുങ്ങുകൾ” എന്ന സീരിയൽ ആയിരുന്നു അത്. എന്നാൽ അതിനു അംഗീകാരം കിട്ടി വന്നപ്പോഴേക്കും കെ.ആർ.എസ്. നായർ തകർച്ചയുടെ വക്കിലെത്തിയിരുന്നു. കെ.എഫ്.സിയുടെ തിരിച്ചടവുകൾ മുടങ്ങിയതോടെ പലിശ വന്നു കുമിഞ്ഞു കൂടി. ദൂരദർശന്റെ അംഗീകാരം ലഭിച്ച സ്ക്രിപ്റ്റിന് അന്ന് വലിയ ഡിമാൻഡ് ആയിരുന്നത് കൊണ്ട്, അദ്ദേഹത്തിന്റെ അപേക്ഷ പ്രകാരം, ഞാൻ ട്രാവൻകൂർ അഡ്വെർടൈസേഴ്സിന്റെ അരുൺ പിള്ളയ്ക്ക് ആ സ്ക്രിപ്റ്റ് കൈമാറി, കെ.ആർ എസ് നായർക്ക് പണം വാങ്ങിക്കൊടുത്തു. പക്ഷെ കടത്തിന്റെ നിലമില്ലാക്കയത്തിൽ മുങ്ങിത്താണുകൊണ്ടിരുന്ന അദ്ദേഹത്തിന് അതുകൊണ്ടൊന്നും വലിയ ആശ്വാസം ലഭിച്ചില്ല. അവസാനം 1996 ൽ, കൊല്ലത്തു വെച്ച് , സംസ്ഥാന ടെലിവിഷൻ അവാർഡ് ദാന ചടങ്ങ് നടക്കുന്ന വേദിയുടെ തൊട്ടടുത്തുള്ള ഒരു ഹോട്ടലിൽ മുറിയെടുത്തു , മദ്യത്തിൽ വിഷം കലർത്തി, കെ.ആർ.എസ് നായർ തന്റെ ജീവിതം അവസാനിപ്പിച്ചു.

ടെലിവിഷൻ എന്ന പുതിയ മാധ്യമം ഉദയം ചെയ്തപ്പോൾ, അതിന്റെ അനന്ത സാധ്യതകളെ സ്വപ്നം കണ്ട്, അവിടെ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തോടെ, കിട്ടാവുന്ന ഇടങ്ങളിൽ നിന്നെല്ലാം ധനം സമാഹരിച്ച്, വലിയ സ്വപനങ്ങളും ബൃഹത്തായ പദ്ധതികളുമായി ഇറങ്ങിത്തിരിച്ച ആ മനുഷ്യന്റെ സാഹസികത, സാങ്കേതിക വിദ്യയുടെ ദ്രുതപ്രയാണത്തിൽ, ഓടിയെത്താനാവാതെ തളർന്നു വീണു. അതിനു അദ്ദേഹം തെരഞ്ഞെടുത്ത സ്ഥലവും സമയവും, തന്റെ പരാജയത്തിലേക്ക് സമൂഹത്തിന്റെ ശ്രദ്ധ ആകർഷിക്കാനുള്ള ഒരു ശ്രമം ആയിരുന്നു. അതൊരു പ്രതിഷേധമായിരുന്നു, ഒരു മുന്നറിയിപ്പായിരുന്നു, ഒരു കീഴടങ്ങൽ ആയിരുന്നു.

എൺപതുകളുടെ മധ്യത്തോടെ കേരളത്തിൽ ഉദയം ചെയ്ത ദൂരദർശൻ ഒരു ദശാബ്ദത്തിലധികം രംഗം അടക്കി വാണു. അതിനിടയ്ക്ക് പല സ്വകാര്യ നിർമ്മാണ കമ്പനികളും നിലവിൽ വന്നു. ചിലതു തകർന്നു വീണു. ചിലതു പച്ചപിടിച്ചു. അപ്പോഴും മലയാളം പരിപാടികൾ പ്രേക്ഷരിലെത്തിക്കാൻ ദൂരദർശൻ മാത്രമേ ഉണ്ടായിരുന്നുള്ളു. ട്രാൻസ്മിഷൻ ടവറുകൾ വഴിയാണ് ഈ തരംഗങ്ങൾ പ്രക്ഷേപണം ചെയ്തിരുന്നത്. ആദ്യ കാലങ്ങളിൽ തിരുവനന്തപുരം ജില്ലയുടെ പരിസരങ്ങളിൽ മാത്രം ലഭ്യമായിരുന്ന ടിവി സിഗ്നലുകൾ വീടുകൾക്ക് മുകളിൽ ആന്റീന സ്ഥാപിച്ചാണ് വീടുകളിലെ ടെലിവിഷനിലേക്കു എത്തിച്ചിരുന്നത്. പിന്നീട് നിശ്ചിത ദൂരങ്ങളിൽ റിലേ ട്രാൻസ്മിറ്ററുകൾ സ്ഥാപിച്ചാണ് ഈ തരംഗങ്ങളെ ദൂരങ്ങളിലേക്കു എത്തിച്ചിരുന്നത്. സാറ്റലൈറ് ചാനൽ വരുന്നതിനു മുൻപുള്ള സ്ഥിതി ആയിരുന്നു ഇത്. എന്നാൽ തൊണ്ണൂറുകളുടെ മധ്യത്തോടെ , ദൂരദർശനോട് മത്സരിക്കാൻ ആദ്യത്തെ സ്വകാര്യ ചാനൽ നിലവിൽ വന്നു-ഏഷ്യാനെറ്റ് ന്യൂസ് ചാനൽ.

1993 ൽ പ്രവാസി വ്യവസായി ആയ രജി മേനോനും അദ്ദേഹത്തിൻ്റെ അനന്തിരവനായ ശശി കുമാറും കൂടി രൂപം കൊടുത്ത ചാനൽ ആയിരുന്നു ഏഷ്യാനെറ്റ്. പി.ഭാസ്കരൻ മാഷിന്റെ മകളുടെ ഭർത്താവായ ശശി കുമാർ ദൂരദർശന്റെ ദേശീയ ചാനലിൽ വാർത്താ അവതാരകനായിരുന്നു. പിന്നീട് പിടിഐയിൽ ചേർന്നു. അവർക്കു വേണ്ടി നെടുമുടി വേണു സംവിധാനം ചെയ്ത കൈരളീ വിലാസം ലോഡ്ജ് ഇ സീരിയൽ നിർമിച്ചു. അദ്ദേഹം അവിടന്ന് രാജി വെച്ച് അമ്മാവനോടൊപ്പം ചേർന്നു ഏഷ്യാനെറ്റ് രൂപികരിച്ചു. പിന്നീട അത് പല കൈമാറി. ഏഷ്യാനെറ്റ് ന്യൂസും ഏഷ്യാനെറ്റും രണ്ടു വ്യത്യസ്ത ഉടമസ്ഥതയിൽ വ്യത്യസ്ത ചാനലുകൾ ആയി. ആദ്യ കാലങ്ങളിൽ ഏഷ്യാനെറ്റിനെ നയിച്ചിരുന്നത് പ്രഗത്ഭരായ മാധ്യമ പ്രവർത്തകരുടെ ഒരു നിരയായിരുന്നു. ശശി കുമാറിനെ കൂടാതെ, പി.ഭാസ്കരൻ മാഷ്, ബി.ആർ.പി. ഭാസ്കർ, സക്കറിയ, ടി.എൻ.ഗോപകുമാർ,നീലൻ എന്നിവരായിരുന്നു ഏഷ്യാനെറ്റിന്റെ ആദ്യകാല സാരഥികൾ. ഏഷ്യാനെറ്റ് ന്യൂസിന്റെ ആദ്യ സംപ്രേഷണം ഫിലിപ്പീൻസിൽ നിന്നായിരുന്നു. 1995 ൽ തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലിൽ വെച്ച് നടന്ന ആദ്യ വാർത്ത സംപ്രേഷണത്തിന്റെ ഉൽഘാടന ചടങ്ങിന്  ബാബു ഭാസ്കർ എന്നെയും ക്ഷണിച്ചിരുന്നു. അങ്ങിനെ, ദൂരദർശൻ ആധിപത്യം പുലർത്തിയിരുന്ന ടെലിവിഷൻ മേഖലയിലേക്ക്, ആദ്യ സ്വകാര്യ ചാനലിന്റെ രംഗ പ്രവേശനത്തിന് സാക്ഷിയാവാൻ എനിക്കും കഴിഞ്ഞു. അന്നത്തെ കേന്ദ്ര വാർത്ത വിതരണ വകുപ്പ് സഹമന്ത്രിയായിരുന്നു പി.എം.സൈദ് ആയിരുന്നു മുഖ്യാതിഥി.


ഏറ്റവും നല്ല ബാലനടനുള്ള അവാർഡിന് അർഹനായ അർഫാൻ അയൂബ് 


 



കെ.ആർ.എസ്. നായരുടെ നിര്യാണത്തിനു ശേഷമാണു അദ്ദേഹത്തിനു വേണ്ടി ഞാൻ എഴുതിയ “മിന്നാമിനുങ്ങുകൾ” എന്ന സീരിയലിൻറെ ഷൂട്ടിംഗ് തുടങ്ങുന്നത്. ആ സ്ക്രിപ്റ്റ് വിലക്ക് വാങ്ങിയ അരുൺ പിള്ള ആയിരുന്നു പുതിയ നിർമ്മാതാവ്. അനാഥരായ തെരുവുബാലന്മാരുടെ കഥ പറയുന്ന സീരിയലിൽ പ്രധാന വേഷം ചെയ്തത് എന്റെ ഇളയ മകൻ അർഫാൻ അയൂബ് ആയിരുന്നു, അന്ന് അവനു ഏഴ് വയസ്സായിരുന്നു പ്രായം. മഞ്ചു പിള്ള, സിനിമ നടൻ അസീസ്, ഇന്ദ്രൻസ് എന്നിവരായിരുന്നു മറ്റഭിനേതാക്കൾ. ആഴ്ചയിൽ ഒരു എപ്പിസോഡ് വീതം ആയിരുന്നു സംപ്രേഷണം, എന്നത് കൊണ്ട് രണ്ടു ഷെഡ്യൂൾ ആയിട്ടാണ് ചിത്രീകരിച്ചത്. ആദ്യത്തെ കുറെ എപ്പിസോഡുകൾ പൂർത്തിയാക്കിയപ്പോൾ, സംപ്രേഷണം തുടങ്ങി. ബാക്കിയുള്ള എപ്പിസോഡുകളുടെ ഷൂട്ടിംഗ് ആരംഭിക്കുന്നതിനു തൊട്ടുമുൻപ് ഒരു അപകടത്തിൽപ്പെട്ടു എന്റെ കാലൊടിഞ്ഞു. മൾട്ടിപ്പിൾ ഫ്രാക്ച്ചർ ആയിരുന്നു. പ്ലാസ്റ്റർ ഇട്ടു ഏഴു മാസം കിടക്കേണ്ടി വന്നു. അതുകഴിഞ്ഞു മാസങ്ങൾ ഫിസിയോതെറാപ്പി ചെയ്തതിനു ശേഷമാണു നടന്നു തുടങ്ങിയത്. പക്ഷെ സംപ്രേഷണം തുടങ്ങിക്കഴിഞ്ഞ സീരിയൽ മുടങ്ങാതിരിക്കാൻ തുടർന്നുള്ള ഭാഗങ്ങൾ ഉടനെ പൂർത്തിയാക്കി സമർപ്പിക്കണമായിരുന്നു. അതുകൊണ്ടു ബാക്കി ഭാഗങ്ങൾ ഞാൻ വീൽ ചെയറിൽ ഇരുന്നാണ് ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷനും പൂർത്തിയാക്കിയത്. പോസ്റ്റ് പ്രൊഡക്ഷൻ നടക്കുന്ന സ്റ്റുഡിയോ ഒന്നാം നിലയിൽ ആയിരുന്നു. വീൽ ചെയറിൽ ആയിരുന്നിട്ടും ഞാൻ ചെയ്യേണ്ട ജോലി മറ്റാരെയും ഏൽപ്പിക്കാൻ ഞാൻ തയാറായില്ല. അതുകൊണ്ടു എന്റെ അസ്സിസ്റ്റന്റുമാരായ വിനയചന്ദ്രനും, ഷെബി ചാവക്കാടും ചേർന്ന് എന്നെ വീൽ ചെയറോടെ പൊക്കി മുകളിൽ കൊണ്ട് പോവുമായിരുന്നു. എന്റെ സഹസംവിധായകരെല്ലാം എന്റെ വിദ്യാർഥികൾ തന്നെ ആയിരുന്നത് കൊണ്ട്, ഗുരുഭക്തിയാൽ പ്രചോദിതരായി അവർ എന്ത് സാഹസത്തിനു തയാറായിരുന്നു.


അർഫാൻ അയൂബ്, അർഫാസ് അയൂബ്


ആദ്യമായി എന്റെ ഈ സീരിയലിന് ഒരു സംസ്ഥാന അവാർഡ് ലഭിച്ചു. ഏറ്റവും നല്ല ബാലനടനുള്ള അവർഡ് എന്റെ മകൻ അർഫാൻ അയൂബ് നേടി. അവൻ നേരത്തെ ബാലചന്ദ്ര മേനോന്റെ “ഞങ്ങളുടെ കൊച്ചു ഡോക്ടർ” എന്ന സിനിമയിൽ ഒരു പ്രധാന വേഷം അഭിനയിച്ചിരുന്നു, തുടർന്ന് കെ.ജി.ജോർജിന്റെ ‘ഈ കണ്ണി കൂടി’എന്ന സിനിമയിലും അഭിനയിച്ചു. ഈ സിനിമയിൽ മൂത്തമകൻ അർഫാസ് അയൂബും അഭിനയിച്ചിരുന്നു. അർഫാന് പിന്നീട് സിനിമയിൽ ബാലനടനുള്ള ധാരാളം ഓഫറുകൾ വന്നെങ്കിലും, അവനു അഭിനയത്തിൽ തീരെ താല്പര്യം ഇല്ലാതായി. അവൻ ഇപ്പോൾ കാനഡയിൽ എഞ്ചിനീയർ ആണ്. അർഫാസ് പിന്നീട് എന്റെ സീരിയലുകളിൽ അസ്സിസ്റ്റന്റാവുകയും ദൃശ്യ മാധ്യമവുമായുള്ള ബന്ധം നിലനിർത്തുകയും പിന്നീട ‘ലെവൽ ക്രോസ്സ്’ എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകൻ ആവുകയും ചെയ്തു. 

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - ആദം അയ്യൂബ്

contributor

Similar News