മറക്കാനാവാത്ത സ്നേഹ സാഹോദര്യ ബന്ധം

അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരിക്കെ തന്നെ സ്നേഹബന്ധങ്ങൾ നിലനിർത്തുന്നതിന്റെ മികച്ച മാതൃക അദ്ദേഹത്തിൽ ഉണ്ടായിരുന്നു. കെ.കെ കൊച്ചിനും കെ.എം സലിം കുമാറിനുമിടയിൽ അടിസ്ഥാനപരമായ അഭിപ്രായ ഐക്യം ഉണ്ടായിരുന്നപ്പോൾ തന്നെ വിശദാംശപരമായ കടുത്ത അഭിപ്രായ ഭിന്നതകളും നിലനിന്നിരുന്നു. സലിം കുമാറിൻ്റെ ചില ലേഖനങ്ങൾ കെ കൊച്ചിനുള്ള മറുപടികളോ വിയോജനങ്ങളോ ആണ്. അവയിൽ ചിലത് കടുത്ത ഭാഷയിൽ ഉള്ളവയുമാണ്. പക്ഷെ അപ്പോഴും അവരിരുവരും ഉള്ളിൽ വെച്ചുപുലർത്തിയിരുന്ന പരസ്പര ബഹുമാനം എന്നെ ഏറെ ആകർഷിച്ചിരുന്നു. ഒരിക്കൽ കൊച്ചേട്ടനുമായി സലിംകുമാർ എഴുതുകയോ പറയുകയോ ചെയ്ത ഒരു കാര്യത്തെക്കുറിച്ച് സംസാരിച്ചപ്പോൾ സംസാരമധ്യേ കൊച്ചേട്ടൻ പറഞ്ഞു. സലിംകുമാർ പറഞ്ഞതിൽ അഭിപ്രായവ്യത്യാസമൊക്കെയുണ്ട്. പക്ഷെ ഒരു കാര്യമുണ്ട്. ആർക്കും വിലക്കെടുക്കാനാവാത്ത മനുഷ്യനാണ് സലീംകുമാർ.

Update: 2025-07-01 11:28 GMT
Advertising

കഴിഞ്ഞ ദിവസം അന്തരിച്ച കെ.എം സലിം കുമാറിനെ ഞാൻ ആദ്യമായി കണ്ട ദിവസം വളരെ കൃത്യമായി ഓർമ്മയുണ്ട്. 1999 ജനുവരി 26 നായിരുന്നു അത്. അന്ന് ഞാൻ മൂവാറ്റുപുഴ യൂണിവേഴ്സിറ്റി കോളേജ് ഓഫ് ടീച്ചർ എജുക്കേഷൻ ബി.എഡ് വിദ്യാർത്ഥിയായിരുന്നു. കോളേജിലെ രാവിലെത്തെ റിപബ്ലിക് ദിന പരിപാടികളിൽ പങ്കെടുത്ത് ഞാനും സഹപാഠി എ.കെ വാസുവും മൂവാറ്റുപുഴയിൽ നിന്ന് എറണാകുളത്തേക്ക് ബസ്സുകയറി അങ്ങനെയാണ് കെ.എം സലിംകുമാർ നേതൃത്വം നൽകുന്ന ഒരു കൺവസഷനിൽ പങ്കെടുക്കുന്നത്.

ഈ യോഗത്തെക്കുറിച്ച് സലിംകുമാർ തന്നെ എഴുതിയിട്ടുണ്ട്. കടുത്തുരുത്തിയിലെ ഐക്യചർച്ചയെ തുടർന്ന് പ്രത്യേകിച്ച് മധ്യകേരളത്തിൽ നിരവധി ദളിത് സംഘടനകളും ഡസൻ കണക്കിന് നേതാക്കളും നൂറുകണക്കിന് പ്രവർത്തകരും പങ്കെടുത്ത ചെറുതും വലുതുമായ അനേകം ചർച്ചകളും ആലോചനാ യോഗങ്ങളും നടന്നു. ദളിതർക്ക് തങ്ങളുടേതായ ജീവിത വീക്ഷണവും നിശ്ചിതമായ ലക്ഷ്യങ്ങളും അജണ്ടകളും അവ നേടാനുള്ള ഉപാധികളും ഉണ്ടാകണം എന്നതായിരുന്നു ഈ ചർച്ചയിലൂടെ ഉയർന്നുവന്ന പൊതുവായ ആവശ്യം. ഈ പശ്ചാത്തലത്തിലാണ് 1999 ജനുവരി 26 അധസ്ഥിത നവോത്ഥാന മുന്നണിയുടെ ആഭിമുഖ്യത്തിൽ എറണാകുളത്ത് ദലിത് ഐക്യ സമ്മേളനം നടന്നത്. പരിരക്ഷാഭാവത്തെ വെറുക്കുക, പരാശ്രയബോധം വലിച്ചെറിയുക,ദളിതർ ഒരു സാമുദായിക രാഷ്ട്രീയ ശക്തിയായി മാറുക എന്ന സന്ദേശം ഉയർത്തി നടന്ന ഈ സമ്മേളനത്തിന്റെ ഭൂമിക ദളിത് സമുദായ വാദമായിരുന്നു. ദളിത് സമുദായ സങ്കല്പം മുമ്പുതന്നെ ഉണ്ടായിരുന്നുവെങ്കിലും അത് നിർവചിക്കപ്പെട്ടത് ഈ സമ്മേളനം അംഗീകരിച്ച നയപ്രഖ്യാപന രേഖയിലാണ്. കേരളത്തിലെ പട്ടികജാതി പട്ടികവർഗ്ഗക്കാരായ ഹിന്ദുക്കളെയും ക്രൈസ്തവരെയും അഥവാ അധസ്ഥിതരെയും ആദിവാസികളെയുമാണ് ഇവിടെ ദളിത് എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. അതുപോലെതന്നെ ഗോത്ര ജാതിമത ചിന്തകൾക്കതീതമായി കേരളത്തിലെ 20 ശതമാനം വരുന്ന ഒരു ജനസമൂഹത്തെ സാമുദായിക രാഷ്ട്രീയ ഘടകമായി മാറ്റി തീർക്കേണ്ടതില്ലക്കായി ഒരു സാമൂഹ്യരാഷ്ട്രീയ ഏകകം എന്ന നിലയിലാണ് ദളിത് എന്ന പദം പ്രയോഗിക്കുന്നത് (ദളിത് പ്രത്യയശാസ്ത്രവും സമുദായവൽക്കരണവും പേജ് 49 കെ.എം സലിംകുമാർ)

 

ആ സമ്മേളനത്തിൽ വിതരണം ചെയ്ത ദളിത് ഐക്യ സമ്മേളന സംഘാടകസമിതി നയപ്രഖ്യാപന രേഖ കരട് പല പഴയ രേഖകളുടെയും ചെറുകൃതികളുടെയും കൂട്ടത്തിൽ ഇപ്പോഴും എൻ്റെ കൈവശമുണ്ട്: പ്രസ്തുത രേഖയിൽ ഒളിത് പ്രത്യശാസ്ത്രം എന്ന ഒരു ഉപതലക്കെട്ടുണ്ട്. അതിൻ്റെ ഉള്ളടക്കം ഇപ്രകാരമാണ്.

ദളിതരുടെ വിമോചന പോരാട്ടത്തിന്റെ പ്രത്യയശാസ്ത്രം അംബേദ്ക്കറിസമാണ്. മനുഷ്യനെ മനുഷ്യനായി കാണുവാൻ വിസമ്മതിക്കുകയും തുല്യതയും നീതിയും നിഷേധിക്കുകയും ചെയ്യുന്ന ഇന്ത്യൻ സമൂഹത്തിൽ ജാതി വിരുദ്ധമായ അംബേദ്കർ ചിന്തക്കു മാത്രമേ ദളിത് സമൂഹത്തെ മുന്നോട്ടു കൊണ്ടുപോകുന്നതിനും പുനരാവിഷ്കരിക്കുന്നതിനും പൊതുസമൂഹത്തെ ജനാധിപത്യവൽക്കരിക്കുന്നതിനും കഴിയുകയുള്ളൂ. അംബേദ്കർ നിലപാടുകളുടെ ഒരു ശൈലീകൃത ആവർത്തനങ്ങൾ കൊണ്ടതുസാധ്യമല്ല. ആഗോളവൽക്കരണത്തിന്റെയും ഹൈന്ദവ ഫാസിസത്തിന്റെയും വളർച്ചയുടെ കാലഘട്ടത്തിലാണ് നാം അംബേദ്കർ നിലപാടുകൾ പ്രയോഗിക്കുന്നത്. കേരളത്തിലെ തന്നെ പൈതൃകങ്ങൾ എന്ന നിലയിൽ അയ്യങ്കാളിയെ പോലുള്ളവർ നമ്മുടെ സാമൂഹ്യ രാഷ്ട്രീയം മുന്നേറ്റത്തിന് നൽകിയ സംഭാവനകളുമുണ്ട്. നവോത്ഥാന പ്രസ്ഥാനങ്ങളും ദേശീയ പ്രസ്ഥാനവും ഇടതുപക്ഷ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും എല്ലാം പ്രവർത്തിക്കുകയും ചെയ്ത കേരളീയ സമൂഹത്തിൽ ഇവയുടെയെല്ലാം പ്രവർത്തനങ്ങൾക്കിടയിലും ഇവയിലൂടെയുമെല്ലാം എങ്ങനെയാണ് ജാതി വ്യവസ്ഥ അതിജീവിക്കുകയും ഒരു മർദ്ദക സമ്പ്രദായം എന്ന നിലയിൽ തുടരുകയും ചെയ്യുന്നതെന്ന് നാം അറിഞ്ഞിരിക്കണം. ഇത്തരം ഇടപെടലുകളെയെല്ലാം ഗുണപരമായ അംശങ്ങൾ ഉൾക്കൊള്ളുന്ന ഒരു പ്രത്യയശാസ്ത്ര ആവിഷ്കാരമാണ് നാം വികസിപ്പിച്ചു കൊണ്ടുവരേണ്ടത് (പേജ് 9)

അന്ന് സദസ്സിലിരുന്ന് ദൂരെ നിന്നു കണ്ട ആ മനുഷ്യനെ പിന്നീട് ഒരുപാട് അടുത്തുനിന്ന് അറിയുകയും അനുഭവിക്കുകയും ചെയ്തു. ഒരു കാലത്ത് സോളിഡാരിറ്റി വേദികളിലെ നിത്യ സാനിധ്യമായിരുന്നു കെ.എം സലിംകുമാർ. ആ കാലത്ത് ഒന്നിച്ച് യാത്ര ചെയ്യുകയും താമസിക്കുകയും ധാരാളം സംസാരിക്കുകയും ചെയ്തിരുന്നു. എന്താണ് അദ്ദേഹത്തിൻ്റെ ചരിത്രപരമായ പ്രസക്തി ജാതി വ്യവസ്ഥക്കെതിരെ നിരന്തരം പൊരുതിയ സാമൂഹിക പരിഷ്ക്കർത്താവ് എന്നതാണത്. കേരളത്തിലെ ജാതി വിരുദ്ധ പോരാട്ടത്തിന് പല ഘട്ടങ്ങളുണ്ട്. അതിലെ സമീപകാല ചരിത്രത്തെ രണ്ടു ഘട്ടമായി തിരിക്കാം. ഒന്ന് ഇന്ന് കേരളീയ നവോത്ഥാനം എന്ന് നാം വിളിക്കുന്ന കാലമാണ്. ജാതിയെ മുഖ്യ വിഷയമാക്കി എടുത്തുള്ള പോരാട്ടങ്ങൾ പിന്നീട് നിലച്ചു. വർഗത്തെയും ദേശത്തെയും അടിസ്ഥാനമാക്കിയുള്ള പ്രസ്ഥാനങ്ങളാണ് പിന്നീട് നമ്മുടെ നാടിനെ മുന്നോട്ടു കൊണ്ടുപോയത്. ജാതിയെ വീണ്ടും കേന്ദ്ര വിഷയമാക്കി ആശയപരവും പ്രായോഗികവുമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് കെ.എം സലിംകുമാറും കെ.കെ കൊച്ചും ഉൾപ്പെടെയുള്ളവരുടെ ഒരു പുതിയ മുന്നണിയാണ്. ഇന്ന് അത് പല രീതിയിൽ വികസിച്ചിട്ടുണ്ട്. പലരും അതിനെ സ്വാംശീകരിക്കുന്നുണ്ട്. തീർച്ചയായും അത് നല്ല കാര്യങ്ങളാണ്. പക്ഷെ ഈ പുതിയ തരംഗത്തിന് ഒരു തുടക്കക്കാരുണ്ടായിരുന്നു എന്ന് ഓർമ്മിക്കുക എന്നത് വളരെ പ്രധാനമാണ്. സി പി ഐ എം എൽ പ്രസ്ഥാനത്തിൻ്റെ ഒരു കൈവഴിക്ക് ഈ തരംഗത്തിൽ സുപ്രധാനമായി പങ്കുണ്ട്.

എൻ.എം അബ്ദുറഹ്മാൻ,ടി.മുഹമ്മദ് വേളം, കെ.എം സലിം കുമാർ, ഡോ.എ.കെ വാസു എന്നിവർ 

 

ഈ തലമുറയാണ് ദളിതുകൾ തന്നെയും മനസ്സിലാക്കാതിരുന്ന കേരളത്തിലെ ഭൂപരിഷ്കരണത്തിന്റെ അപാകതകളും ദലിത് വിരുദ്ധതകളും പുറത്തുകൊണ്ടുവന്നത്. കെ എം സലിം കുമാർ ഒരു തികഞ്ഞ ഭൗതികവാദിയായിരുന്നു. കടുത്ത മതേതരവാദിയും മതത്തിൻ്റെ വിമോചനപരതയൊന്നും അദ്ദേഹത്തെ കാര്യമായി സ്വാധീനിച്ചതായി തോന്നിയിട്ടില്ല. ദളിത് സമുദായം എന്ന സങ്കല്പത്തിൽ അദ്ദേഹം വിശ്വസിച്ചിരുന്നു എന്നുമാത്രം. സാംസ്ക്കാരികമായി ലിബറിൽ വീക്ഷണങ്ങളെ കാര്യമായ വിമർശനങ്ങളില്ലാതെ അദ്ദേഹം സ്വീകരിച്ചിരുന്നു. അതുകൊണ്ടുതന്നെ അഭിപ്രായ ഐക്യത്തോടൊപ്പം തന്നെ അഭിപ്രായവ്യത്യാസങ്ങളുടെ പാരാവാരങ്ങളും അദ്ദേഹത്തിനും ഞങ്ങൾക്കുമിടയിൽ ഉണ്ടായിരുന്നു. പക്ഷേ ഇതൊന്നും സഹകരിച്ചുള്ള പ്രവർത്തനത്തിനും സ്നേഹ സാഹോദര്യ ബന്ധങ്ങൾക്കും ഒരിക്കലും തടസ്സമായിരുന്നില്ല. ഊഷ്മളമായ സ്നേഹബന്ധം എപ്പോഴും അദ്ദേഹത്തിനും ഞങ്ങൾക്കും ഇടയിൽ നിലനിന്നിരുന്നു.

അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരിക്കെ തന്നെ സ്നേഹബന്ധങ്ങൾ നിലനിർത്തുന്നതിന്റെ മികച്ച മാതൃക അദ്ദേഹത്തിൽ ഉണ്ടായിരുന്നു. കെ കെ കൊച്ചിനും കെ എം സലിം കുമാറിനുമിടയിൽ അടിസ്ഥാനപരമായ അഭിപ്രായ ഐക്യം ഉണ്ടായിരുന്നപ്പോൾ തന്നെ വിശദാംശപരമായ കടുത്ത അഭിപ്രായ ഭിന്നതകളും നിലനിന്നിരുന്നു. സലിം കുമാറിൻ്റെ ചില ലേഖനങ്ങൾ കെ കൊച്ചിനുള്ള മറുപടികളോ വിയോജനങ്ങളോ ആണ്. അവയിൽ ചിലത് കടുത്ത ഭാഷയിൽ ഉള്ളവയുമാണ്. പക്ഷെ അപ്പോഴും അവരിരുവരും ഉള്ളിൽ വെച്ചുപുലർത്തിയിരുന്ന പരസ്പര ബഹുമാനം എന്നെ ഏറെ ആകർഷിച്ചിരുന്നു. ഒരിക്കൽ കൊച്ചേട്ടനുമായി സലിംകുമാർ എഴുതുകയോ പറയുകയോ ചെയ്ത ഒരു കാര്യത്തെക്കുറിച്ച് സംസാരിച്ചപ്പോൾ സംസാരമധ്യേ കൊച്ചേട്ടൻ പറഞ്ഞു. സലിംകുമാർ പറഞ്ഞതിൽ അഭിപ്രായവ്യത്യാസമൊക്കെയുണ്ട്. പക്ഷെ ഒരു കാര്യമുണ്ട്. ആർക്കും വിലക്കെടുക്കാനാവാത്ത മനുഷ്യനാണ് സലീംകുമാർ. രണ്ടു മൂന്ന് മാസം മുമ്പ് ഡോ.എ.കെ വാസുവിനും എൻ.എം അബ്ദുറഹ്മാൻ സാഹിബിനുമൊപ്പം വാഴക്കാലയിലെ വസതിയിൽ സലിംകുമാറിനെ സന്ദർശിച്ചപ്പോൾ പലതും പറയുന്ന കൂട്ടത്തിൽ കൊച്ചിന്റെ സലിംകുമാറിനെ കുറിച്ച് ഈ പരാമർശം ഞാൻ അദ്ദേഹത്തോട് പറഞ്ഞിരുന്നു. കൊച്ചേട്ടന്റെ മരണശേഷമാണ് ആ കൂടിക്കാഴ്ച എന്നതുകൊണ്ടുതന്നെ ഞങ്ങളുടെ സംഭാഷണത്തിൽ കെ.കെ കൊച്ച് ധാരാളമായി കടന്നുവന്നിരുന്നു. അപ്പോൾ സലിംകുമാർ പ്രതികരിച്ചത് കൊച്ചിനെയും ആർക്കും വില കൊടുക്കാൻ കഴിയുമായിരുന്നില്ല എന്നാണ്. ഒരു ആശയധാരയിലുള്ളവർ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ നിലനിനിർത്തി കൊണ്ടുതന്നെയുള്ള പരസ്പര ബഹുമാനം എന്നത് ഒരു മുന്നേറ്റം വിജയിക്കാനുള്ള അനിവാര്യമായ ഉപാധിയാണ്.

ഇസ്‌ലാം സ്വീകരിച്ച ഒരു അംബേദ്കർ ശിഷ്യനെ കുറിച്ച അനുഭവം സലിം കുമാർ പറഞ്ഞിരുന്നു. ഡൽഹിയിൽ ഒരു യോഗത്തിന് പോയപ്പോഴാണ് അത്തരം ഒരാളെ പരിചയപ്പെട്ടത് എന്നാണ് അദ്ദേഹം പറഞ്ഞത്. അംബേദ്ക്കരുടെ നിർദ്ദേശപ്രകാരമാണ് അല്ലെങ്കിൽ അനുവാദത്തോടെയാണ് അദ്ദേഹം ഇസ്ലാം സ്വീകരിച്ചത് എന്നും സലിംകുമാർ പറഞിരുന്നു. പലതരം അഭിപ്രായവ്യത്യാസങ്ങൾക്കിടയിലും സലീം കുമാറുമായി എന്നെ ചേർത്തു നിർത്തിയ കാര്യം ഇന്ത്യൻ സമൂഹത്തിലെ ഏറ്റവും മർമ്മ പ്രധാന പ്രശ്നമായ ജാതിക്കെതിരായ പോരാട്ടമായിരുന്നു എന്നോട് വളരെ വലിയ ഒരു സ്നേഹ സാഹോദര്യ ബന്ധം പരിചയപ്പെട്ടത് മുതൽ അവസാനം വരെ അദ്ദേഹം വെച്ചുപുലർത്തിയിരുന്നു എന്നാണ് എൻറെ അനുഭവം. മരണത്തിന്റെ കുറച്ചു മാസങ്ങൾക്കു മുമ്പ് വാഴക്കാലയിലെ വീട്ടിൽ അദ്ദേഹത്തെ മേൽപ്പറഞ്ഞ സുഹൃത്തുക്കൾക്കൊപ്പം സന്ദർശിച്ചപ്പോൾ ഈ സ്നേഹബന്ധം വളരെ വൈകാരികമായും തീവ്രമായും ഞാൻ അനുഭവിച്ചിരുന്നു. ഈ സ്നേഹ സാഹോദര്യ ബന്ധം കേവലം ഒരു വ്യക്തിക്ക് വ്യക്തിയോടുള്ളത് മാത്രമല്ല അതിനു സാമൂഹികവും രാഷ്ട്രീയവുമായ മാനങ്ങളുണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

സലിം കുമാർ കുറേയധികം എഴുതിയ കൃതഹസ്തനായ എഴുത്തുകാരനാണ്. അദ്ദേഹത്തിൻറെ എഴുത്ത് പൊതുവേ സൈദ്ധാന്തികമാണ്. അതിൻറെ എല്ലുറപ്പും കാർക്കഷ്യവും അതിനുണ്ടായിരുന്നു. അതേസമയം എഴുത്തിൻ്റെ മ്യതുലമനോഹര തലവും അദ്ദേഹത്തിന് വഴങ്ങുന്നതായിരുന്നു. കടുത്ത എന്ന പേരിൽ അദ്ദേഹം എഴുതി പൂർത്തിയാക്കിയ ആത്മകഥയുടെ ആരംഭ ഭാഗം ഞാൻ നേരത്തെ സൂചിപ്പിച്ച കൂടിക്കാഴ്ചയിൽ അദ്ദേഹം ഞങ്ങൾക്ക് വായിച്ചു കേൾപ്പിച്ചിരുന്നു. നോവൽപോലെ മനോഹരമാണ് അതിൻറെ ആരംഭം. ഡോ: എ കെ വാസു മാധ്യമം ദിനപത്രത്തിൽ എഴുതിയ അനുസ്മരണക്കുറിവിൻ്റെ ആരംഭത്തിൽ ആ ഭാഗം എടുത്തുചേർത്തിട്ടുണ്ട്. തൻ്റെ ക്യാൻസർ ബാധയെയും അതിൽനിന്നുള്ള അതിജീവനത്തെയും കുറിച്ച് അദ്ദേഹം എഴുതിയ പൊരുതി കൊണ്ടുള്ള തിരിച്ചുപോക്കുകൾ (ദളിത് ജനാധിപത്യ ചിന്ത പേജ് 212 ) മനോഹരമായ ഒരു വായനാനുഭവമാണ്. കെ.എം സലിം കുമാർ അടിസ്ഥാനപരമായി ഒരു എഴുത്തുകാരനായിരുന്നു. മരണക്കിടക്കയിലും നഴ്സുമാരോട് വാങ്ങിയ തുണ്ടു പേപ്പറുകളിൽ അദ്ദേഹം പലപല കാര്യങ്ങൾ എഴുതിക്കൊണ്ടിരുന്നു എന്ന് മകൾ ബുദ്ധ പറഞ്ഞിരുന്നു. സലീം കുമാറിൻ്റെ കടുത്ത എന്ന ആത്മകഥ മാധ്യമം വാരിക പ്രസിദ്ധീകരിക്കും എന്ന് നേരത്തെ സൂചിപ്പിച്ച സന്ദർശനത്തിൽ അദ്ദേഹം ഞങ്ങളോട് പറഞ്ഞിരുന്നു

2010 കിനാലൂർ സമരത്തിനെതിരെ നടന്ന പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് കിനാലൂരിൽ സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് സംഘടിപ്പിച്ച പരിപാടിയിൽ സംബന്ധിച് സലിംകുമാറും സി ആർ നീലകണ്ഠനും ഞാനും വേറെ ചിലരും ഒരു വാഹനത്തിൽ കോഴിക്കോട്ടേക്ക് വരുന്നതിനിടയിൽ സംസാരമമധ്യേ ആരോ ഒരാൾ മാധ്യമത്തിനെതിരെ ഒരു വിമർശനമുന്നയിച്ചു. വളരെ ശക്തമായും അല്പം ക്ഷോഭത്തോടെയും സലിംകുമാർ പറഞ്ഞു ഞാനും കെ കെ കൊച്ചും ഉൾപ്പെടെയുള്ള എഴുത്തുകാർ മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിൽ വായനക്കാരുടെ കോളത്തിലേക്ക് എഴുതിയാൽ പോലും പ്രസിദ്ധീകരിക്കാത്ത കാലമുണ്ടായിരുന്നു. അന്ന് മാധ്യമമാണ് ഞങ്ങൾക്ക് ഇടവും ശബ്ദവും നൽകിയത്. കെ എം സലിം കുമാറിൻ്റെ ആത്മകഥ മാധ്യമം വാരിക പ്രസിദ്ധീകരിക്കുക എന്നത് ചരിത്രത്തിൻ്റെ ന്യായമായ ഒരു നിയോഗമാണ്.  സലിംകുമാർ കേരളീയ സമൂഹത്തെ സംബന്ധിച്ചടത്തോളം വലിയ പ്രസക്തിയുള്ള ഒരു ആദർശ മനുഷ്യനായിരുന്നു. മനോഹരമായ കുടുംബജീവിതം നയിച്ച വലിയ മനുഷ്യനായ ഒരു മുതിർന്ന സഹോദരനെയും സുഹൃത്തിനെയുമാണ് സലിംകുമാറിന്റെ മരണത്തോടെ നഷ്ടപ്പെട്ടത്. ചിലർ മരണത്തോടെ മരിച്ചുപോകുന്നു. ചിലർ മരണശേഷവും തങ്ങളുടെ കർമ്മങ്ങളിലൂടെ ജീവിക്കുന്നു.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

Similar News