Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ഇറാനും അമേരിക്കയും തമ്മിലുള്ള ശത്രുതക്ക് ഏഴ് ദശാബ്ദങ്ങളിലേറെ നീളുന്ന സങ്കീർണമായ ചരിത്രമുണ്ട്. 1953-ലെ അമേരിക്കൻ-ബ്രിട്ടീഷ് നേതൃത്വത്തിൽ നടന്ന ഇറാൻ ഭരണ അട്ടിമറി മുതൽ 1979-ലെ ഇസ്‌ലാമിക് വിപ്ലവം വരെയും അതിനെ തുടർന്ന് ഇന്ന് വരെയും അത് തുടർന്ന് പോരുന്നു. ഈ ശത്രുതയുടെ വേരുകൾ രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക തലങ്ങളിൽ വ്യാപിച്ചുകിടക്കുന്നു. പുതിയ കാലത്ത് ആയത്തുല്ല അലി ഖാംനഈയുടെ നേതൃത്വത്തിൽ ഇറാൻ അമേരിക്ക-വിരുദ്ധ നിലപാടുകൾ ശക്തമാക്കിയിട്ടുണ്ട്. ഇത് ഇന്നത്തെ ലോക രാഷ്ട്രീയത്തിൽ പ്രത്യേകിച്ച് പശ്ചിമേഷ്യയിൽ നിർണായക സ്വാധീനം ചെലുത്തുന്നു.
1953: ഓപ്പറേഷൻ അജാക്സും അമേരിക്കൻ ഇടപെടലിന്റെ തുടക്കവും
ഇറാൻ-അമേരിക്ക ശത്രുതയുടെ വിത്ത് പാകിയ സംഭവമാണ് ഓപ്പറേഷൻ അജാക്സ് എന്നറിയപ്പെടുന്ന 1953-ലെ ഇറാൻ ഭരണ അട്ടിമറി. 1951-1953 കാലഘട്ടത്തിൽ ഇറാന്റെ പ്രധാനമന്ത്രിയായിരുന്ന മുഹമ്മദ് മുസദിഖ് രാജ്യത്തിന്റെ എണ്ണ വ്യവസായം ദേശസാൽക്കരിക്കാൻ ശ്രമിച്ചു. ഈ നീക്കം ബ്രിട്ടീഷ്-അമേരിക്കൻ എണ്ണ കമ്പനികളുടെ പ്രത്യേകിച്ച് ആംഗ്ലോ-ഇറാനിയൻ ഓയിൽ കമ്പനിയുടെ (ഇന്നത്തെ ബിപി) ആധിപത്യത്തിന് വെല്ലുവിളിയായി. അമേരിക്കയുടെ സിഐഎയും ബ്രിട്ടന്റെ എംഐ6-ഉം ചേർന്ന് മുസദിഖിന്റെ ജനാധിപത്യ ഭരണകൂടത്തെ അട്ടിമറിക്കുകയും മുഹമ്മദ് റെസ പഹ്‌ലവിയെ, ഷായായി ഭരണത്തിൽ പ്രതിഷ്ഠിക്കുകയും ചെയ്തു. പുതിയ പ്രധാനമന്ത്രിയായി ജനറൽ ഫസ്‌ലുല്ല സഹേദിയെയും നിയമിച്ചു. അട്ടിമറിയുടെ ഭാഗമായി സിഐഎ 50 ലക്ഷം ഡോളർ രഹസ്യമായി നൽകി പുതിയ ഭരണകൂടത്തിന് സ്ഥിരത ഉറപ്പാക്കി. ഈ സംഭവം ഇറാൻ ജനതയിൽ അമേരിക്ക-വിരുദ്ധ വികാരത്തിന്റെ തുടക്കമായി.
മുഹമ്മദ് മുസദിഖ്
ഷായുടെ ഭരണവും അമേരിക്കൻ പിന്തുണയും
1953-ന് ശേഷം ഷായുടെ നേതൃത്വത്തിലുള്ള ഭരണം അമേരിക്കയുടെ സൈനിക-സാമ്പത്തിക പിന്തുണയോടെ ഏകാധിപത്യ സ്വഭാവം കൈവരിച്ചു. ഷാ നടപ്പാക്കിയ 'വൈറ്റ് വിപ്ലവം' പോലുള്ള പരിഷ്കാരങ്ങൾ, ഭൂപരിഷ്കരണം, വ്യാവസായികവൽക്കരണം എന്നിവ പുറമേക്ക് ആധുനികവൽക്കരണത്തിന്റെ മുഖംമൂടി ധരിച്ചിരുന്നെങ്കിലും ഇവ പ്രധാനമായും അമേരിക്കൻ താൽപ്പര്യങ്ങൾക്ക് വേണ്ടിയുള്ളതായിരുന്നു. SAVAK എന്ന രഹസ്യ പൊലീസ് സേനയെ ഉപയോഗിച്ച് ഷാ എതിർപ്പുകളെ ക്രൂരമായി അടിച്ചമർത്തി. SAVAK-ന്റെ ഉപദേശകരായി സിഐഎ പ്രവർത്തിച്ചിരുന്നു എന്നത് പകൽ പോലെ വ്യക്തമാണ്. അമേരിക്കൻ ഏജൻസികളുടെ സഹായത്തിനുള്ള ഷായുടെ ഭരണം ജനങ്ങളിൽ അമേരിക്കയോടുള്ള വെറുപ്പ് വർധിപ്പിച്ചു. അഴിമതിനിറഞ്ഞ ഭരണവും, പാശ്ചാത്യ ജീവിതശൈലിയോടുള്ള അമിതാസക്തിയും, പരമ്പരാഗത ഇറാനിയൻ മൂല്യങ്ങളിൽ നിന്നുള്ള അകൽച്ചയും ജനരോഷം വർധിപ്പിച്ചതിൽ അതിശയോക്തിയില്ല.
മുഹമ്മദ് റെസ പെഹ്‌ലവി
1979: ഇറാൻ വിപ്ലവവും അമേരിക്ക എന്ന 'ഗ്രേറ്റ് സാത്താനും’
1970-കളോടെ ഇസ്‌ലാമിസ്റ്റുകളും ഇടതുപക്ഷവും ദേശീയവാദികളും ഉൾപ്പടെയുള്ള വിവിധ വിഭാഗങ്ങൾ ഷായുടെ ദുർഭരണത്തിനെതിരെ ഒന്നിച്ചു. ആയത്തുല്ല റൂഹുല്ല ഖുമൈനി 60-കളിൽ ഷായുടെ നയങ്ങളെ വിമർശിച്ചതിന് ഇറാൻ വിട്ടുപോവാൻ നിർബന്ധിതനായെങ്കിലും 70-കളിൽ അദ്ദേഹം ഫ്രാൻസിൽ നിന്ന് ജനങ്ങളെ ഒന്നിപ്പിച്ചു. ഖുമൈനിയടക്കമുള്ളവർ ആത്മീയമായും അലി ശരീഅത്തിയെ പോലുള്ളവർ സാമൂഹികമായും രാഷ്ട്രീയമായും ജനങ്ങളെ വിപ്ലവത്തിന്റെ പാതയിൽ നടത്തിച്ചു.
ഇറാൻ വിപ്ലവം
79-ലെ ഇറാൻ വിപ്ലവം ഷായെ പുറത്താക്കി ഇസ്‌ലാമിക് റിപ്പബ്ലിക്ക് ഓഫ് ഇറാൻ സ്ഥാപിച്ചു. 'ദി ഗ്രേറ്റ് സാത്താൻ' എന്നാണ് അമേരിക്കയെ ഖുമൈനി വിശേഷിപ്പിച്ചത്. 1953-ലെ അട്ടിമറിയോടുള്ള രോഷം വിപ്ലവത്തിലൂടെ ജനങ്ങൾ പ്രകടിപ്പിച്ചു. ഷായുടെ വിദേശനയം, പ്രത്യേകിച്ച് അമേരിക്കയുമായുള്ള അടുപ്പം, ജനങ്ങളുടെ അസംതൃപ്തിയുടെ കേന്ദ്രമായിരുന്നു. വിപ്ലവത്തെ തുടർന്ന് 1979 നവംബർ 4 ന് ഇറാനിയൻ വിദ്യാർഥികൾ ടെഹ്‌റാനിലെ യുഎസ് എംബസിയിൽ കയറി 52 അമേരിക്കൻ നയതന്ത്രജ്ഞരെയും പൗരന്മാരെയും ബന്ദികളാക്കി. 444 ദിവസമാണ് അവരെ പിടിച്ചുവെച്ചത്. 1981 ജനുവരി 20 ന് വിവിട്ടയച്ചു. ഈ സംഭവം യുഎസ്-ഇറാൻ ബന്ധത്തെ സാരമായി ബാധിച്ചു.
ആയത്തുല്ല അലി ഖാംനഈ: അമേരിക്ക-വിരുദ്ധതയുടെ ആധുനിക മുഖം
1989-ൽ ഖുമൈനിയുടെ മരണത്തിന് ശേഷം ആയത്തുല്ല അലി ഖാംനഈ ഇറാന്റെ പരമോന്നത നേതാവായി. 1939-ൽ മഷ്ഹദിൽ ജനിച്ച ഖാംനഈ മഷ്ഹദ് നജാഫ്, ഖോം എന്നിവിടങ്ങളിൽ മതപഠനം നേടി. 1960-കളിലും 70-കളിലും ഷായുടെ ഭരണത്തിനെതിരെ രഹസ്യ പ്രവർത്തനങ്ങളിൽ പങ്കെടുത്തതിന്റെ പേരിൽ SAVAK-ന്റെ മർദനങ്ങൾക്ക് ഇരയായി. 1981-ൽ ഒരു പള്ളിയിൽ പ്രസംഗിച്ചു കൊണ്ടിരിക്കെ ബോംബാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് അദ്ദേഹത്തിന്റെ വലതുകൈ തളർന്നു. 1981-ൽ ഇറാന്റെ പ്രസിഡന്റായും 1989-ൽ പരമോന്നത നേതാവായും നിയമിതനായി. ഖാംനഈയുടെ ഭരണത്തിൽ അമേരിക്കയുടെ പശ്ചിമേഷ്യൻ ഇടപെടലുകൾ, ഇറാനെതിരായ ഉപരോധങ്ങൾ, ഇസ്രായേലിനുള്ള പിന്തുണ എന്നിവ കാരണം അവിടെയുള്ള ജനങ്ങൾക്ക് അമേരിക്കയോടുള്ള ശത്രുത വർധിച്ചു. ഉപരോധത്തെ മറികടക്കാൻ ഖാംനഈ 'പ്രതിരോധ' സമ്പദ്‌വ്യവസ്ഥാ നയം നടപ്പാക്കി. എണ്ണ ആശ്രിതത്വം കുറച്ച് ചൈന, റഷ്യ എന്നിവരുമായുള്ള വ്യാപാരം വർധിപ്പിച്ചു. യുറേനിയം സമ്പുഷ്ടീകരണത്തെ അദ്ദേഹം ഇറാന്റെ പരമാധികാരത്തിന്റെ അടയാളമായി കണ്ടു. എന്നാൽ ആണവായുധങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് ആവർത്തിച്ച് അവകാശപ്പെടുകയും ചെയ്തു.
ആയത്തുല്ല അലി ഖാംനഈ
2025-ൽ നടന്ന ഇറാൻ-ഇസ്രായേൽ സംഘർഷവും അതിലെ അമേരിക്കൻ ഇടപെടലും അമേരിക്കയുമായുള്ള ഇറാന്റെ ശത്രുതയെ കൂടുതൽ രൂക്ഷമാക്കിയിട്ടുണ്ട്. ഇറാന്റെ ഭരണകൂടത്തെ അസ്ഥിരപ്പെടുത്താൻ അമേരിക്കയും ഇസ്രായേലും കാര്യമായി ശ്രമിച്ചെങ്കിലും ഇറാൻ ജനത ഭരണകൂടവുമായി ചേർന്നു നിന്ന് പ്രതിരോധിച്ചു. ആയത്തുല്ല ഖാംനഈയെ ലക്ഷ്യമിട്ടുള്ള ആക്രമണ പദ്ധതികൾ, ഇറാന്റെ ആണവ പദ്ധതികൾക്കെതിരായ നടപടികൾ എന്നിവ ഇതിന് കൂടുതൽ കരുത്ത് പകർന്നു. ഒരു പരമാധികാര രാജ്യമെന്ന നിലക്ക് ഇറാൻ കരുത്തുകാട്ടിയ സന്ദർഭം കൂടിയായിരുന്നു കഴിഞ്ഞു പോയത്.
രണ്ട് കാരണങ്ങൾ കൊണ്ടാണ് ഇസ്രായേൽ ഇറാൻ യുദ്ധത്തിൽ പരാജയപ്പെട്ടതെന്ന് അമേരിക്കൻ പൊളിറ്റിക്കൽ സയന്റിസ്റ്റ് ജോൺ മെർഷെയ്‌മീർ നിരീക്ഷിക്കുന്നു. ഒന്ന്, അമേരിക്കയുടെ സഹായമുണ്ടായിട്ട് പോലും ഇസ്രായേലിന് ഇറാന്റെ ആണവ സമ്പുഷ്ടീകരണ പദ്ധതി ഇല്ലാതാക്കാനായില്ല. വാസ്തവത്തിൽ ഇറാനെ ആക്രമിച്ചത് ഇറാൻ ആണവായുധങ്ങൾ നേടാനുള്ള സാധ്യത വർധിപ്പിക്കുകയാണ് ചെയ്‍തത്.രണ്ട് ഇറാനിൽ ഭരണമാറ്റം വരുത്തുന്നതിൽ ഇസ്രായേൽ പരാജയപ്പെട്ടു. ഇസ്രായേലിന്റെ ബോംബിംഗ് കാമ്പെയ്‌ൻ ആരംഭിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസം ഉണ്ടായിരുന്നതിനേക്കാൾ വലിയ സ്വാധീനം ഇന്ന് ഭരണകൂടത്തിന് രാജ്യത്തിനും ജനങ്ങൾക്കും മേൽ ഉണ്ട്.
ഇസ്രായേലിനെതിരായ ഇറാന്റെ നിലപാട് ഫലസ്തീൻ പ്രശ്നത്തിലുള്ള പിന്തുണ എന്ന അർത്ഥത്തിൽ കൂടിയാണ് നിലനിൽക്കുന്നത്. കൂടാതെ ഹിസ്ബുല്ലയെയും ഹൂതികളെയും ഇറാൻ പിന്തുണക്കുന്നതും അമേരിക്കയെ പ്രകോപിപ്പിക്കുന്നു. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതിയും, പശ്ചിമേഷ്യയിലെ പ്രാദേശിക സ്വാധീനവും അമേരിക്കക്കും ഇസ്രായേലിനും ഭീഷണിയായി കണക്കാക്കപ്പെടുന്നു. അമേരിക്കയുടെ ഇസ്രായേൽ-സയണിസ്റ്റ് അനുകൂല നയം, ഇറാനെതിരായ കർശന ഉപരോധങ്ങൾ, 2018-ൽ ജോയിന്റ് കോംപ്രിഹെൻസീവ് പ്ലാൻ ഓഫ് ആക്ഷൻ (ആണവ കരാർ) റദ്ദാക്കൽ എന്നിവ ഈ സംഘർഷത്തെ തീവ്രമാക്കി. 1953-ലെ അട്ടിമറിയിലൂടെ ഇറാന്റെ സ്വാഭാവിക വിഭവങ്ങളുടെ നിയന്ത്രണം വിദേശ ശക്തികൾക്ക് നൽകിയതിന്റെ പ്രതികാരമാണ് 79-വിപ്ലവത്തിലൂടെ ജനങ്ങൾ നടപ്പാക്കിയത്. 1979-ലെ വിപ്ലവവും ടെഹ്‌റാൻ എംബസി ആക്രമണവും ഈ അനീതിക്കെതിരായ ജനരോഷത്തിന്റെ പ്രകടനമായിരുന്നു. ഖാംനഈയുടെ ഭരണത്തിൽ 79-ലെ വിപ്ലവത്തെ തുടർന്ന് ആദർശത്തിന്റെ പരമാധികാരം, അമേരിക്കൻ-വിരുദ്ധത, ഇസ്‌ലാമിക ഐഡന്റിറ്റി എന്നിവയിൽ ഊന്നിയാണ് ഇറാന്റെ നിലവിലെ ഭരണം മുന്നോട്ട് പോകുന്നത്.