കുറ്റവാളിത്തങ്ങളെയും മോറൽ കോഡിങ്ങുകളെയും അട്ടിമറിക്കുന്ന കേരള ക്രൈം ഫയൽസ്
കേരള ക്രൈം ഫയൽസ് എന്ന സീരീസ് സമൂഹത്തിന്റെ വളരെ വ്യവസ്ഥാപിതമായ മോറൽ കോഡിങ്ങിനെ പല തരം മനുഷ്യരിലൂടെ കടത്തി വിടുന്നതിലൂടെ സമൂഹം എന്ന രൂപകത്തെ തന്നെ ചോദ്യം ചെയ്യുന്നുണ്ട്
കുറ്റാന്വേഷണ സീരീസുകൾ/സിനിമകൾ എന്നിവയിൽ പലപ്പോഴും ഉല്പാദിപ്പിക്കപ്പെടുന്ന ഒരു പ്രധാന ചോദ്യമാണ്: ‘ആരാണ് കുറ്റവാളി?’ ഈ ചോദ്യത്തിന് ഒരു ഉത്തരമുണ്ടാക്കുന്ന പ്രക്രിയ, ഒരു പക്ഷേ, കുറ്റാന്വേഷണ സീരീസുകൾക്കും സിനിമകൾക്കും ഫിക്ഷനുകൾക്കും ഉൾക്കൊള്ളുന്ന സ്വഭാവഘടകമാണ്. ലോകത്തെ പ്രധാനപ്പെട്ട ത്രില്ലർ-കുറ്റാന്വേഷണ സിനിമകളിൽ പലതിലും ഇത്തരം സാറ്റിസ്ഫാക്ഷൻ എലമെന്റുകൾ ധാരാളമായി ഉപയോഗിച്ചിരിക്കുന്നു. അത് സ്പാനിഷ് സിനിമയായ The Invisible Guest ആയാലും, കൊറിയൻ സിനിമയായ Memories of Murder ആയാലും, ഇന്ത്യൻ സിനിമയായ രാക്ഷസൻ ആയാലും, മലയാളം സിനിമ സീരീസായ CBI ഡയറിക്കുറിപ്പ് ആയാലും – കുറ്റവാളിയെ കണ്ടെത്താനുള്ള ആകാംക്ഷയാണ് ഈ സിനിമകളുടെയും സീരീസുകളുടെയും രസതന്ത്രത്തിന്റെ അടിസ്ഥാനം. എന്തുകൊണ്ടായിരിക്കാം സമൂഹം ഇങ്ങനെ കുറ്റവാളിയെ കണ്ടെത്താനും പുറത്തു നിറത്താനും വിചാരണ ചെയ്യാനും ആഗ്രഹിക്കുന്നത്? ഒരു പക്ഷേ, സമൂഹം തന്നെ ഒരു ഐഡന്റിറ്റിയാകുന്നത്, ഒരു 'ഫോം' ആയി നിലനിൽക്കുന്നതാകുന്നത്, ഇത്തരം കുറ്റവാളികളായ അപരരെയും 'മറ്റുള്ളവരെയും' സൃഷ്ടിച്ചുകൊണ്ടായിരിക്കും. കുറ്റവാളികളായ വ്യക്തികളെ, മതങ്ങളെ, സമുദായങ്ങളെ, സ്ത്രീകളെ തുടങ്ങിയവയെ അപരവൽക്കരിച്ചുകൊണ്ടാണ് സമൂഹം തന്നെ സൃഷ്ടിക്കപ്പെടുന്നത്.
ഒരു സമൂഹം അധികാരപ്രയോഗത്തിലുള്ള ‘സമൂഹമാകുന്നത്’, അതിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഒരു നിശ്ചിത മൊറാലിറ്റി സംവിധാനത്തിലൂടെയായിരിക്കും. അതിന്റെ പ്രയോഗങ്ങളിലൂടെയും ആയിരിക്കും. അതിൽ വിഘാതങ്ങളും ഉണ്ടാകാം. ഈ മൊറാലിറ്റികൾ – ഒരു ഭരണഘടനയോ, ആചാരാനുഷ്ഠാനങ്ങളോ, മതങ്ങളോ, രാഷ്ട്രീയ പ്രസ്ഥാനങ്ങളോ, സാമൂഹിക സംഘടനകളോ രൂപപ്പെടുത്തുന്നതുമായിരിക്കാം – അതിന് പുറത്തു നിൽക്കുന്നവരെ കുറ്റവാളികളായി ചിത്രീകരിക്കുകയും ചെയ്യുന്നു. ‘പുറത്തു നിൽക്കുന്നവരെ’ കുറ്റവാളികളാക്കുന്നതിലൂടെ, സമൂഹം ജയിൽ വ്യവസ്ഥകളും നിയമ വ്യവസ്ഥകളുമുണ്ടാക്കുന്നു. ഭരണഘടനയിലൂടെയോ ഭരണകൂടത്തിലൂടെയോ, മതമൂല്യങ്ങളിലൂടെയോ, സമൂഹിക മാനദണ്ഡങ്ങളിലൂടെയോ ആ വ്യത്യസ്തത നടപ്പിലാക്കപ്പെടുന്നു. ലോകത്തിലെ ഏറ്റവും മികച്ച ഭരണഘടനകളിലൊന്നായി കണക്കാക്കപ്പെടുന്ന ഇന്ത്യൻ ഭരണഘടനയുടെ കീഴിലെ ജുഡീഷ്യൽ സംവിധാനം വഴി ഇന്ത്യൻ ജയിലുകളിൽ ഏറ്റവും കൂടുതലായി തടവിലാക്കപ്പെട്ടിരിക്കുന്നവർ ദളിതരും മുസ്‍ലിംകളുമാണ് – ഇത് കണക്കുകളും ഗവേഷണങ്ങളുമൊക്കെ തെളിയിക്കുന്ന യാഥാർഥ്യമാണ്. ഇതിനൊപ്പം, ഇന്ത്യയിലെ ബിജെപി–സംഘപരിവാർ നേതൃത്വം നടത്തുന്ന ഭരണകൂടത്തിനെതിരെ ജനാധിപത്യപരമായി ശബ്ദമുയർത്തുന്നവരെയും, വിചാരണ പോലും നടത്താതെ കുറ്റവാളികളാക്കുന്നതും ചരിത്രമാണ്. ഉമർ ഖാലിദ്, സഞ്ജീവ് ഭട്ട്, പ്രൊഫസർ ജി. എൻ. സായിബാബ, ഹാനി ബാബു തുടങ്ങിയവർ ഇതിന്റെ ഉദാഹരണങ്ങളുമാണ് സമൂഹം അതിന്റെ ‘ഉത്തമ രൂപത്തിൽ’ നിലനിൽക്കുന്നതിനായി തന്നെ, അതിന്റെ മറുഭാഗത്ത് കുറ്റവാളികളെ സൃഷ്ടിക്കുകയും, ആവേ ജെയിലുകളിൽ അടക്കുകയും സാമൂഹികമായ ഊരു വിളക്കുകൾ ഏർപ്പെടുത്തുകയും ചെയ്യുന്നു. അവർക്ക് ശിക്ഷ വിധിച്ചും തൊഴിൽ നിഷേധിച്ചും സമൂഹം പുറത്താക്കി പടി അടക്കുന്നു.
മലയാള സിനിമയിലെ ഐക്കോണിക് കുറ്റാന്വേഷണ സിനിമയായ സിബിഐ. ഡയറിക്കുറിപ്പ് എടുത്ത് നോക്കുക. ആ സിനിമയുടെ ഏറ്റവും വലിയ തൃപ്തി എന്നു പറയുന്നത് അതിലെ "കുറ്റവാളി ആര്?" എന്ന ചോദ്യവും, അത് കണ്ടെത്തുന്ന രീതികളും തന്നെയാണ്. ഒരു ബ്രാഹ്മണനായ അന്വേഷണ ഉദ്യോഗസ്ഥനിലൂടെ ആണ് സി.ബി.ഐ. ഡയറിക്കുറിപ്പിന്റെ മുഴുവൻ കഥയും ആരംഭിക്കുന്നത്. പക്ഷേ അതിലെ കുറ്റവാളികൾ പലപ്പോഴും ലൈംഗിക കുറ്റകൃത്യം ചെയ്തവർ (ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ്, ജാഗ്രത), ദലിതര്‍, തയ്യൽ ജോലി ചെയ്യുന്നവർ (കലാഭവന്‍ മണി, ജഗദീഷ്/സേതുരാമയ്യര്‍, സി.ബി.ഐ), സ്ത്രീകള്‍, തമിഴ്‌നാട്ടുകാർ (നേരറിയാന്‍ സി.ബി.ഐ) എന്നിങ്ങനെ പല തരത്തിൽ അപരവത്കരിക്കപ്പെട്ടവരും ലൈംഗിക മൊറാലിറ്റിയിലേക്ക് പുറത്തു നിലക്കുന്നവരും ആകുന്നു.സമൂഹത്തിന്റെ മോറല്‍ കോഡിനെ തൃപ്തിപ്പെടുത്തിക്കൊണ്ട്, ലൈംഗിക സദാചാരം, അതിക്രമം, കളവ്, മോഷണം, ജാതി, തൊഴില്‍ എന്നിവയിലൊക്കെ അപരവല്ക്കരണം നടത്തിക്കൊണ്ട് കുറ്റവാളികളെ സൃഷ്ടിച്ച്, അവരെ സമൂഹത്തിന്റെ മുന്നിലേക്കാണ് ഇട്ടുകൊടുക്കുന്നത്.
പക്ഷേ കേരള ക്രൈം ഫയൽസ് എന്ന വെബ് സീരീസ്, ഇങ്ങനെ കുറ്റവാളികളെ സൃഷ്ടിച്ചു അവരെ ക്രൂശിതരാക്കി കാണികളെ ഒരു ഏക്സ്റ്റാസിയിലേക്ക് എത്തുന്ന ഒരു ആർടിസ്റ്റിക് വഴിയിൽ നിന്നും വേറിട്ടു സഞ്ചരിക്കുന്നു. ഈ സീരീസ് പുറത്ത് വന്നതിന് ശേഷം കാണികളിൽ നിന്ന് ഉയർന്ന പ്രധാനമായ വിമർശനം ‘എങ്ങനെയാണ് കൊന്നത്?’, ‘സി.പി.ഒ അമ്പിളി രാജുവിന് എന്താണ് സംഭവിച്ചത്?’ തുടങ്ങിയ ചോദ്യങ്ങൾക്ക് ഒന്നും തന്നെ ഉത്തരം ലഭിക്കുന്നില്ല എന്നതായിരുന്നു. ഒരു ക്രൈം ത്രില്ലർ സീരീസ് ആകുമ്പോൾ, കാണികളുടെ ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത് നിർബന്ധമാണെന്ന ഒരു പ്രതീക്ഷ സമൂഹത്തിൽ ഉള്ളതാണ്. പക്ഷേ, ഈ സീരീസിന്റെ സ്വഭാവം അത്തരം ചോദ്യങ്ങളിൽ നിന്നു വേറിട്ടു നിൽക്കുന്നു എന്നതാണ് – കാണികളുടെ ‘കുറ്റവാളി സൃഷ്ടിക്കാനുള്ള ആഗ്രഹ’ത്തെ സംതൃപ്തിപ്പെടുത്താതെ, കുറ്റവാളിയായ ഒരു മനുഷ്യന്റെ കൂടെ സഞ്ചരിക്കുന്ന ഒരു വലിയ ഒരു ചിന്ത്യയിലേക്കാണ് ഈ സീരീസ് വളരുന്നത്. ഒരു മനുഷ്യന്റെ ജീവിതം, ഒറ്റപ്പെടൽ, പരിസ്ഥിതികമായ ജീവിത സാഹചര്യങ്ങൾ, അയാളുടെ മനോവിഷമങ്ങൾ – ഇവയെല്ലാം വഴി സഞ്ചരിച്ച്, ഈ സീരീസ് ഓരോ മനുഷ്യർക്കും ഓരോ കഥകളെ പറയാനുള്ളതു കൂടി ആണെന്ന് പറഞ്ഞു വെക്കുന്നു. അതുവഴി, ഇത് ഒരു പുതിയ തത്വചിന്താപരമായ ലെവലിലേക്കാണ് ഉയരുന്നത് –കുറ്റാന്വേഷണത്തിന്റെ ചെറുതായ പാതകളിലൂടെയല്ല, മനുഷ്യന്റെ ആന്തരികതയിലേക്കും സമൂഹവുമായി ഉള്ളയാളുടെ സംഘർഷത്തിലേക്കുമെല്ലാം ഈ സീരീസ് നീങ്ങുന്നു.
ബഷീര്‍ തന്റെ ഭൂമിയിലെ അവകാശികള്‍ എന്ന ആശയത്തില്‍ പറഞ്ഞത് പോലെ തന്നെ, ഈ ഭൂമിയില്‍ എല്ലാ ജീവജാലങ്ങൾക്കും ജീവിക്കാനുള്ള അവകാശവും, ചിലപ്പോള്‍ സ്നേഹിക്കപ്പെടാനുള്ള അവകാശങ്ങളും ഉണ്ടായിരിക്കാം. ഇവിടെയാണ് കുറ്റം, കൊലപാതകം, കുറ്റവാളി തുടങ്ങിയവയെക്കുറിച്ച് സമൂഹം സൃഷ്ടിച്ചിട്ടുള്ള മൊറല്‍ കോഡിന് അപ്പുറം, ഒരു കുറ്റവാളിയായ മനുഷ്യന്‍ തന്നെ തന്റേതായ ജീവിതരേഖയില്‍ നിന്നു വ്യത്യസ്തമായ ഒരു ലോകം രൂപപ്പെടുത്തുന്നത്. ഒരു ഡോഗ് ട്രെയ്‌നറായ ജയിസ് മോൻ, പൊലീസ് സേനയില്‍ നിന്നു തന്റെ ശിക്ഷണത്തില്‍ ജോലി ചെയ്ത ഒരു പട്ടിയെ ദത്തെടുക്കാന്‍ തീരുമാനിക്കുന്നു. അത് അയാള്‍ ബഷീറിന്റെ ഭൂമിയിലെ അവകാശികള്‍ എന്ന ഫിലോസഫിയോടൊപ്പം ചേർന്ന് നിലകൊള്ളുന്നതുകൊണ്ടാണ്. മനുഷ്യനുമപ്പുറമുള്ള ലോകങ്ങളിലേക്കുള്ള അയാളുടെ ഒരു തുറവി ആണ്. ബഷീര്‍ തന്റെ ചായ ഗ്ലാസ് കഴിഞ്ഞതിനു ശേഷം കമിഴ്ത്തിവെക്കാറുണ്ടെന്ന കഥകള്‍ കേട്ടിട്ടുണ്ട്. ഒരു ഉറുമ്പ് പോലും ആ ചായ ഗ്ലാസില്‍ വീണ് മരിക്കേണ്ടതില്ല എന്ന കരുതലോടെയാണ് അങ്ങനെ ചെയ്യുന്നതത്രേ.അതേ മാനസികാവസ്ഥയിലാണ് ഇതിലെ ആ മനുഷ്യന്‍ തന്റെ പട്ടിയോടുള്ള സ്നേഹവും കാണിക്കുന്നത്. ഒരു പട്ടിക്ക് വയസ്സാകുമ്പോള്‍ അയാള്‍ അതിനെ ഉപേക്ഷിക്കാതെ ചേർത്ത് പിടിക്കുകയാണ് ചെയ്യുന്നത്.
ചെറുപ്പത്തിൽ തന്നെ സ്കൂളിൽ നിന്നും സമൂഹത്തിൽ നിന്നുമൊക്കെ ഒറ്റപ്പെട്ടു പോകുന്ന മനുഷ്യന് പിന്നീട് ജീവിക്കുന്നതും ഒരു ഒറ്റപ്പെട്ട ജീവിതമാണ്. മനുഷ്യൻ എന്ന രീതിയിൽ ഈ ഭൂമിയിൽ ജീവിക്കുമ്പോൾ ആരോടെങ്കിലും കമ്യൂണിക്കേറ്റ് ചെയ്യേണ്ടത് അത്യാവശ്യമായിരിക്കാം. ഒന്നുമില്ലെങ്കിൽ അവനവനോട് പോലുമെങ്കിലും. ഇവിടെ ആ മനുഷ്യൻ തന്റെ പട്ടിയോട് കമ്മ്യൂണിക്കേറ്റ് അത് ചെയ്യുന്നത്. അത്തരം ഒരു അപര ലോകം അയാൾ അവിടെ സൃഷ്ടിക്കുന്നുണ്ട്. അങ്ങനെ അപാരമായി സ്നേഹിച്ച ഒരു പട്ടിയെ ഒരാൾ കൊല്ലുമ്പോൾ , അങ്ങനെ അതിനെ തനിക്ക് നഷ്ടപ്പെടുമ്പോൾ അയാൾ ഒരു പ്രതികാരത്തിലേക്ക് കടക്കുകയാണ്. ലോകത്തിലെ മനുഷ്യ സമൂഹം എന്ന ഫിലോസഫിയിൽ നിന്നും ജീവിവർഗം എന്ന ഫിലോസഫിയിലേക്ക് അയാള് മാറുകയോ വളരുകയോ ചെയ്യുക കൂടെ ആണ്. ഈ സീരീസിന്റെ അവസാന ഭാഗങ്ങളിൽ പട്ടികളും ആയാലും തമ്മിലുള്ള പരസ്പര പൂരകങ്ങളായ നോട്ടങ്ങളിലൂടെ അയാള് മനുഷ്യർക്ക് പുറത്തുള്ള ഒരു ലോകം തീർക്കുകയാണ്. ബാഹുൽ രമേശ് എന്ന തിരക്കഥാകൃത്തിന്റെ ഗംഭീരമായ ഫിലോസഫിക്കൽ ഔട്ട്ലുക്ക് ജീവിതത്തെ കുറിച്ച് ഉയരുന്നത് ഇതിലൂടെ ആണ്. മനുഷ്യരുടെ മാത്രം കഥ പറഞ്ഞു കൊണ്ട് ഒരു ഫിക്ഷൻ ഫോമിലേക്ക് വളരുന്നതിന് പകരം മനുഷ്യർക്ക് പുറത്തുള്ള ജീവി വർഗങ്ങളിലേക്ക് അയാളുടെ തിരക്കഥകൾ വളരുക കൂടെ ആണ്. കിഷ്കിന്ദാ കാണ്ഡം എന്ന സിനിമയിലും അത്തരത്തിൽ ഒരു തിരക്കഥാ ആഹേഹം ഓപ്പറേറ്റ് ചെയ്തിട്ടുണ്ട്. ഈവിടെ പട്ടികൾ ആണെങ്കിൽ അവിടെ കുരങ്ങൻമാരുടെ ഒരു പാരിസ്ഥിതിക സാഹചര്യത്തിൽ ഒരു ക്രൈം നടക്കുമ്പോൾ കുരങ്ങൻമാർ കൂടെ ആ പ്ലോട്ടിന്റെ പാർട്ട് ആവുകയാണ്.
അത് പോലെ ഈ സീരീസിനെ ഒരു കോണ്ടസ്റ്റ് എന്ന രീതിയില് വളരെ വ്യത്യസ്തമായി അവതരിപ്പിച്ച ദൃശ്യാനുഭവമായി മാറ്റുന്നതില് ഹരിശ്രീ അശോകൻ, ഇന്ദ്രൻസ് എന്ന രണ്ടു നടന്മാരുടെ സംഭാവന ഗംഭീരമാണ്. കേരളത്തിലെ പോപ്പുലർ കൾച്ചറിൽ ഹരിശ്രീ അശോകൻ, സലീം കുമാർ തുടങ്ങിയ നടന്മാർ തകർത്തു വാരുന്ന ഒരു സമയമായിരുന്നു അത്. ജഗതി, പപ്പു, മാള, ഇന്നസെന്റ് എന്നിവർക്കു ശേഷം വരുന്ന ഒരു തലമുറ മാറ്റം ഇത്തരം സിനിമകളിലൂടെ ഉണ്ടായി. അപ്പോഴേക്കും ലോക സിനിമകളിലേക്കുള്ള മലയാളിയുടെ കാഴ്ചകളിലും മാറ്റങ്ങൾ വന്നു തുടങ്ങിയിരുന്നു. ഗ്ലോബലൈസേഷനു ശേഷം ഫിലിം ഫെസ്റ്റിവൽ സിനിമകൾക്കപ്പുറം ധാരാളം ഹോളിവുഡ് സിനിമകൾ മലയാളികൾ കാണാൻ തുടങ്ങിയ കാലഘട്ടം ആയിരുന്നു അത് — പുതിയ നൂറ്റാണ്ടിന്റെ തുടക്കം. കണ്ണൂരിലെ വി.കെ, കോഴിക്കോട് ക്രൗൺ തുടങ്ങിയ തീയേറ്ററുകൾ ലോക സിനിമകൾക്കുള്ള വാതിലുകൾ തുറന്നിരുന്നു. ബ്രേവ് ഹാർട്ട്, ഫോറസ്റ്റ് ഗംപ് തുടങ്ങിയ സിനിമകൾ ഞങ്ങൾ കാണുന്നത് വി.കെ തിയേറ്ററിലായിരുന്നു. അതേസമയം ലോകം മുഴുവൻ ഹിറ്റായ ബേബീസ് ഡേ ഔട്ട് പോലുള്ള സിനിമകൾ സിറ്റുവേഷൻ കോമഡിയുടെ കാഴ്ചകളെയും സ്വാധീനിച്ചു. കേരളത്തിലെ ബുദ്ധിജീവി പാരലൽ സിനിമകൾക്കപ്പുറം വ്യത്യസ്തമായ സിനിമഭാഷകൾ നിലവിലുണ്ടെന്ന് മലയാളികൾ തിരിച്ചറിഞ്ഞ കാലഘട്ടം കൂടി ആയിരുന്നു അത്.
അത് പോലെ മിമിക്രി എന്ന ഒരു കലാരൂപത്തിൽ നിന്ന് സിനിമയിൽ എത്തി ഗംഭീരമായ ഒരു ട്രാൻസ്ഫോമേഷനിലൂടെ രൂപം കൊണ്ടും പെർഫോമൻസു കൊണ്ടും ഹരിശ്രീ അശോകൻ എന്ന നടൻ ഈ സീരീസിൽ ഞെട്ടിക്കുന്നുണ്ട്. കടപ്പാട് എന്ന ഒരു മോറൽ കോഡിങ്ങിന്റെ ഉള്ളിൽ പെട്ട് പിടയുന്ന ഒരു കുറ്റവാളി കൂടി ആയ മനുഷ്യൻ ആയി അത്രക്കും സംഘർഷമുള്ള ഒരു കഥാപാത്രമായാണ് ഹരിശ്രീ അശോകൻ അവതരിപ്പിക്കുന്നത്. കേരളത്തിലെ പോപുലർ കൾച്ചറിൽ കാരിക്കേച്ചർ സ്വഭാവമുള്ള അദ്ദേഹത്തിന്റെ കോമഡി റോളുകളിൽ നിന്നു വളരെ വ്യത്യസ്തമായ രീതിയിൽ കുടുംബത്തിൽ ബന്ധത്തിൽ സമൂഹത്തിൽ കുടുങ്ങിപ്പോയ ആന്തരിക സംഘർഷം അനുഭവിക്കുന്ന ഒരു കഥാപാത്രമായി അശോകന്റെ അയ്യപ്പൻ മാറുന്നു. അത് പോലെ കടപ്പാട് എന്ന മോറൽ കോഡിങ്ങിനെ തന്റെ കുടുംബത്തിലും സമൂഹത്തിലും ജോലിയിലും എന്തിന് അധോലോകങ്ങളിൽ പോലും അതി ഗംഭീരമായി ഉപയോഗിച്ച് ഈ സമൂഹത്തിൽ തന്നെ ഊന്നി വിളയാടുന്ന ഒരു തരം സൈക്കോ ലെവൽ കഥാപാത്രമായി ഇന്ദ്രൻസിന്റെ സിപിഓ അമ്പിളി രാജുവും വരുന്നു.
കേരള ക്രൈം ഫയൽസ് എന്ന സീരീസ് സമൂഹത്തിന്റെ വളരെ വ്യവസ്ഥാപിതമായ മോറൽ കോഡിങ്ങിനെ പല തരം മനുഷ്യരിലൂടെ കടത്തി വിടുന്നതിലൂടെ സമൂഹം എന്ന രൂപകത്തെ തന്നെ ചോദ്യം ചെയ്യുന്നുണ്ട്. സമൂഹത്തിന്റെ കുറ്റവാളിയെ സൃഷ്ടിക്കുക എന്ന തൃഷ്ണയെ തൃപ്തിപ്പെടുത്താതെ, സമൂഹത്തിന്റെ കടപ്പാട് എന്ന മോറൽ കോഡിങ്ങിനെ ചില കഥാപാത്രങ്ങൾ കണ്ണിങ്ങ് ആയി ഉപയോഗിക്കുന്നതിലൂടെ മനുഷ്യർക്ക് അപ്പുറം ഭൂമിയുടെ അവകാശികളായ എല്ലാ ജീവജാലങ്ങളെയും പരിഗണിക്കുന്നതിലൂടെ, സീരീസ് എന്ന ഒരു മാധ്യമത്തിന്റെ സാധ്യതയിലൂടെ കുറ്റവാളിയുടെ ജീവിതത്തിന്റെ കൂടെ സഞ്ചരിക്കുന്നതിലൂടെ വേറിട്ട ഒരു ഗംഭീരമായ ഒരു വിഷ്വല് ടെക്സ്റ്റ് ആയി മാറുന്നു.