സംഘര്‍ഷങ്ങളും പ്രവാസികളുടെ ആശങ്കകളും

മേഖലയെ സംഘര്‍ഷ മുനമ്പിലേക്ക് തള്ളിയിട്ട് അമേരിക്ക കൂടി ഇറാനെതിരെ തിരിഞ്ഞതോടെ ഗള്‍ഫ് മേഖലയിലും യുദ്ധഭീതി ആശങ്കയിലായിരുന്നു പ്രവാസികള്‍

Update: 2025-06-29 02:35 GMT
Advertising

12 ദിവസത്തെ തുടര്‍ച്ചയായ വ്യോമാക്രമണങ്ങള്‍ക്ക് ശേഷം ഇറാനും ഇസ്രായേലും അമേരിക്കയുടെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ കരാറിലേക്കെത്തിയിരിക്കുന്നു. 'സൈനിക ലക്ഷ്യങ്ങള്‍ നേടിയതിന്റെയും ട്രംപുമായുള്ള പൂര്‍ണ്ണ ഏകോപനത്തിന്റെയും അടിസ്ഥാനത്തില്‍ ഉഭയകക്ഷി വെടിനിര്‍ത്തലിനുള്ള നിര്‍ദേശത്തിന് ഇസ്രായേല്‍ സമ്മതിച്ചു,' എന്നാണ് ഇസ്രായേൽ പ്രസിഡൻ്റ് നെതന്യാഹു പറഞ്ഞത്.

മേഖലയെ സംഘര്‍ഷ മുനമ്പിലേക്ക് തള്ളിയിട്ട് അമേരിക്ക കൂടി ഇറാനെതിരെ തിരിഞ്ഞതോടെ ഗള്‍ഫ് മേഖലയിലും യുദ്ധഭീതി ആശങ്കയിലായിരുന്നു പ്രവാസികള്‍. വെടിനിര്‍ത്തല്‍ സാധ്യമാകാതെ, കൂടുതല്‍ രൂക്ഷമായ യുദ്ധ സാഹചര്യങ്ങളിലേക്ക് അറബ് രാജ്യങ്ങള്‍ കൂടി ഭാഗമായാല്‍ കാര്യങ്ങള്‍ പ്രവചനാതീതമാകുമായിരുന്നു. ഗള്‍ഫ് മേഖലയെ ആശ്രയിക്കുന്ന ഇന്ത്യക്ക് പുറമെ ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളെയും ഇത് സാരമായി ബാധിക്കുമായിരുന്നു. സംഘര്‍ഷം രൂക്ഷമായാല്‍ മലയാളികളെ കാര്യമായി ബാധിക്കുമെന്നതിലും തര്‍ക്കമില്ല. എന്നാല്‍ ഇത്തരം സാഹചര്യങ്ങളിലേക്കൊന്നും കടക്കാതെ സംഘർഷം അവസാനിച്ചു.

സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ ബഹ്റൈന്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ രാജ്യത്ത് മുന്നറിയിപ്പ് നല്‍കുകയും ചെയ്തതോടെ പ്രവാസികള്‍ കൂടുതല്‍ ആശങ്കയിലായിരുന്നു. ആളുകള്‍ ജാഗ്രതയോടെയിരിക്കണമെന്ന വിവിധ അധികാരികള്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ ബഹ്റൈനില്‍ ജോലിയും സ്‌കൂളും ഓണ്‍ലൈനാക്കുകയും പ്രധാന പാതകള്‍ അടിയന്തിര ആവശ്യത്തിന് ഉപയോഗിക്കേണ്ടി വരുമെന്നതിനാല്‍ അവ ഒഴിവാക്കണമെന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് ബഹ്റൈന്‍ പ്രഖ്യാപിച്ചത്. ഇത് പ്രവാസികളെ ആശങ്കപ്പെടുത്തിയെന്ന് പറയാതെ വയ്യ.


ഗള്‍ഫിലെ യുഎസ് സൈനിക താവളങ്ങള്‍ ഇറാന്‍ ആക്രമിച്ചാല്‍ ഗള്‍ഫിന്റെ സാമ്പത്തിക മേഖല അപ്പാടെ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുമെന്ന് മാത്രമല്ല, ഇറാന് പിന്തുണയുമായി ഇറാന്‍ അനുകൂല വിഭാഗങ്ങള്‍ക്ക് പുറമെ ചൈന, റഷ്യ, ഉത്തരകൊറിയ എന്നീ രാഷ്ട്രങ്ങളും രംഗത്തുവരുമെന്ന നയതന്ത്ര വിദഗ്ദ്ധരുടെ നിരീക്ഷണം തന്നെ പ്രതിസന്ധിയുടെ ആഴം പറയുന്നുണ്ട്. ഇനിയൊരു ലോക മഹായുദ്ധം താങ്ങാനുള്ള ശേഷി ലോകത്തിനില്ല എന്ന് എല്ലാ രാഷ്ട്രങ്ങള്‍ക്കും അറിയാം.

ഗള്‍ഫ് രാഷ്ട്രങ്ങളുമായി ഇറാന് ശക്തമായ നയതന്ത്ര ബന്ധം സൂക്ഷിക്കുന്നതിനാല്‍ തന്നെയാണ് ഖത്തറിലെ അല്‍ ഉദൈദ സൈനിക താവളത്തെ ലക്ഷ്യമിട്ടപ്പോഴും കൃത്യമായ മുന്നറിയിപ്പോടെയും തയ്യാറെപ്പുകളോടെയും ഓപ്പറേറ്റ് ചെയ്തത്. ഖത്തറിന്റെ ആകാശത്ത് ഇറാന്‍ മിസൈലുകള്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ എല്ലാവരും ആശങ്കപ്പെട്ടെങ്കില്‍ ഭരണകൂടത്തിന്റെ കൃത്യമായ ഇടപെടലുകളും മുന്നറിയിപ്പുകളും നല്‍കിയതിലൂടെ നിമിഷ നേരങ്ങള്‍ കൊണ്ട് എല്ലാം സാധാരണ ഗതിയിലായി. നാട്ടില്‍ നിന്നടക്കം ധാരാളമാളുകള്‍ സുരക്ഷയെ കുറിച്ച് അന്വേഷിച്ച് ബന്ധപ്പെട്ടുകൊണ്ടിരുന്നു. മാധ്യമങ്ങളിലൂടെയും അല്ലാതെയും ഖത്തര്‍ സാധാരണനിലക്കാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യങ്ങള്‍ ഇല്ലെന്ന് ഞങ്ങളും അറിയിച്ചു.

തങ്ങളുടെ ലക്ഷ്യം അമേരിക്കയും സൈനിക താവളം മാത്രമാണെന്നും, ഒരു മുന്നറിയിപ്പ് നല്‍കല്‍ മാത്രമാണ് ഈ ഓപ്പറേഷന്‍ എന്നും ഇറാന്‍ പറഞ്ഞു വെക്കുന്നുണ്ട്. അതിനപ്പുറമുള്ള ഒരു സൈനിക നടപടികളിലേക്ക് തങ്ങള്‍ക്ക് ഈ ഘട്ടത്തില്‍ താല്‍പര്യമില്ലെന്ന ശക്തമായ സന്ദേശം കൂടിയാണ് ഇറാന്‍ നല്‍കാന്‍ ശ്രമിച്ചത്. 1990-91 വര്‍ഷങ്ങളിലെ ഇറാഖിന്റെ കുവൈത്ത് അധിനിവേശവും തുടര്‍ന്നുള്ള 'ഗള്‍ഫ് യുദ്ധ'ത്തിന്റെ ആഘാതവുമുണ്ടാക്കിയ പ്രതിസന്ധിയും മനസ്സിലുള്ള ആരും ഇനിയും മറ്റൊരു യുദ്ധം താങ്ങാനുള്ള ശേഷി മേഖലക്കില്ലെന്ന് വ്യക്തമാക്കിയതാണ്.

മുമ്പ് ഇറാഖിന്റെ കുവൈത്ത് അധിനിവേശ കാലത്തും തുടര്‍ന്നുണ്ടായ യുദ്ധ സന്ദര്‍ഭങ്ങളിലും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് നിരവധി മലയാളികള്‍ക്ക് തിരികെ വരേണ്ടി വന്ന ഓര്‍മ്മകള്‍ മലയാളികള്‍ക്കുണ്ട്. ഈ സംഭവം അന്ന് ചെറിയ രീതിയിലൊന്നുമല്ല പ്രതിസന്ധികളുണ്ടാക്കിയത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് നമ്മുടെ നാട്ടിലേക്കുള്ള പണത്തിന്റെ ഒഴുക്ക് കുറഞ്ഞതും പ്രവാസികളുടെ വരുമാനം നിലച്ചതും കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ തന്നെ അന്ന് സാരമായി ബാധിച്ചിരുന്നു. തൊഴില്‍മേഖലയിലുണ്ടാക്കിയ വെല്ലുവിളിയും ചില്ലറയായിരുന്നില്ല. പശ്ചിമേഷ്യയിലെ ഓരോ സംഘര്‍ഷ സാഹചര്യങ്ങള്‍ ഉടലെടുക്കുമ്പോഴും കാര്യങ്ങള്‍ കൈവിട്ട് പോയാല്‍ ഇതേ അവസ്ഥ സംജാതമാകുമോയെന്ന ഭീതി പ്രവാസ ലോകത്തുള്ളവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സ്വാഭാവികമായുമുണ്ട്.

അതേസമയം ഏറെ മാനുഷികമായൊരു ചിന്ത കൂടി ഈ ഘട്ടത്തില്‍ മനസ്സില്‍ വരുന്നുണ്ട്. അഥവാ ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം വെടി നിര്‍ത്തലിലേക്ക് എത്തുമ്പോഴും ഗസ്സയില്‍ ഇസ്രായേലിന്റെ ബോംബിങ് തുടരുകയാണ്. ഗസ്സയില്‍ ഭക്ഷണത്തിനു കാത്തുനില്‍ക്കുന്നവര്‍ക്ക് നേരെയും ആശുപത്രികള്‍ക്കു നേരെയും അവിടുത്തെ കുഞ്ഞുങ്ങള്‍ക്ക് നേരെയും നടത്തുന്ന അക്രമണങ്ങള്‍ക്ക് ഇസ്രായേല്‍ ഒരു അറുതിയും വരുത്തുന്നില്ല.


പട്ടിണി കിടന്ന് ഭക്ഷ്യസഹായം സ്വീകരിക്കാനെത്തിയ ഫലസ്തീനികളെ കൊന്നുതള്ളുകയാണ് ഇസ്രായേല്‍ സൈന്യം. ഇതിലേക്ക് വേണ്ടത്ര ലോക ശ്രദ്ധ വരുന്നുമില്ല. ഇറാനുമായി വെടിനിര്‍ത്തലിന് സമ്മതിച്ചതിനാല്‍ ഗസ്സയില്‍ ഹമാസുമായുള്ള 20 മാസത്തെ യുദ്ധം അവസാനിപ്പിക്കാന്‍ കരാറിലെത്തണമെന്നാവശ്യപ്പെട്ട് ഇസ്രായേലിലെ പൊതുജനവും ബന്ദികളുടെ ബന്ധുക്കളും ഇസ്രായേലിലെ പ്രതിപക്ഷവും രംഗത്തുവന്നിട്ടുണ്ടെങ്കില്‍ അതൊന്നു ചെവി കൊള്ളാന്‍ നെതന്യാഹുവെന്ന ഇസ്രായേലിന്റെ ക്രൂരനായ പ്രധാനമന്ത്രിക്ക് മനസ്സു വരുന്നില്ലെന്നതാണ് സത്യം.

എല്ലാവരും ആഗ്രഹിക്കുന്നത് ശാന്തിയുടെയും സമാധാനത്തിന്റെയും പൊന്‍പുലരികളാണ്. സംഘര്‍ഷങ്ങളും യുദ്ധങ്ങളും ഭരണകൂടങ്ങളുടെ തീരുമാനങ്ങളാണെങ്കില്‍, അതില്‍ ഇരകളാകുന്നത് നിഷ്‌കളങ്കരായ കുഞ്ഞുങ്ങളും സ്ത്രീകളുമാണ്. മനുഷ്യന്റെ അത്യാഗ്രഹങ്ങള്‍ക്ക് അറുതി വന്നാല്‍ തന്നെ അക്രമങ്ങള്‍ക്കും അധിനിവേശങ്ങള്‍ക്കും അവസാനമുണ്ടാകുമെന്നുറപ്പാണ്. ഗസ്സയിലെയും ലോകത്തൊന്നാകെയുമുള്ള കുട്ടികളും സ്ത്രീകളും മനുഷ്യരെല്ലാവരും സമാധാനത്തോടെയും സുരക്ഷിതത്തോടെയും ജീവിക്കുന്ന നാളുകള്‍ക്കായി നമുക്ക് പ്രാര്‍ത്ഥിക്കാം.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - സഫാരി സൈനുല്‍ ആബിദീന്‍

Writer

Similar News