Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
വലിയ തോതിൽ ഇല പൊഴിയുന്ന മരമാണ് തേക്ക്. വരണ്ട കാലാവസ്ഥയിൽ മരം ഇലകളില്ലാതെ കിടക്കും; ചൂടുള്ള പ്രദേശങ്ങളിൽ ഇലകൾ പൊഴിയും, പക്ഷേ ഈർപ്പമുള്ള സ്ഥലങ്ങളിൽ മരം പച്ചയായി തുടരും. വരണ്ട കാലത്തിന്റെ അവസാനത്തിൽ, ആദ്യത്തെ മൺസൂൺ മഴ പെയ്യുമ്പോൾ, പുതിയ ഇലകൾ പുറത്തുവരും. തേക്കിൻ്റെ കരുത്താകട്ടെ പുകൾപെറ്റതാണ്. ഈ സമ്മിശ്ര പ്രത്യേകതകൾ കൊണ്ട് നിറഞ്ഞതാണ് തേക്കിൻ്റെ നാടായ നിലമ്പൂർ.ഈ മൺസൂൺ കാലത്ത് നടന്ന തെരഞ്ഞെടുപ്പിൽ പുതിയ ഇലകൾ നാമ്പിട്ട തെരഞ്ഞെടുപ്പായി നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് മാറി.
പലതരത്തിൽ പുതിയ ഒന്നായി ഈ തെരഞ്ഞെടുപ്പു മാരുമെന്നത് ഒരു സത്യമായിരുന്നു അത് ശരിവക്കുന്നതായിരുന്നു പുറത്ത് വന്ന ഫലം. സംസ്ഥാന സർക്കാരിന്റെ ഭരണത്തെ വിലയിരുത്തും, സർക്കാരിന്റെ, പ്രത്യേകിച്ച് ഇടത് പക്ഷത്തിന്റെ പ്രഖ്യാപിത നിലപാടുകൾക്ക് വിരുദ്ധമായ നയങ്ങൾ വിലയിരുത്തപ്പെടും. ഇടത് ഭാഗത്തു നിന്ന് ഒരിക്കലും ഉണ്ടാവാൻ പാടില്ലാത്ത ഫാഷിസ്റ്റ് വിരുദ്ധ നിലപാടുകളിൽ വെള്ളം കലരുന്നത് കണ്ട് അണികൾ പോലും ഞെട്ടിയിരിക്കുന്ന കാലത്താണ് ഉള്ളത്. സൈബർ സേനകൾ നടത്തുന്ന ന്യായീകരണ ഭിത്തികളിൽ അഴുകിയൊലിക്കുന്ന ചളിവെള്ളം കണ്ട് ആസ്വദിക്കുമ്പോഴും ഇടത് നയങ്ങളെ സ്നേഹിക്കുന്ന ഒരു വിഭാഗം ഷോക്കടിപ്പിക്കാൻ കാത്തിരിക്കുന്നു എന്ന കാര്യം ഇടത് ബുദ്ധിപോലെ മനസിലാക്കാൻ വൈകി എന്ന് വേണം കരുതാൻ. സംഘ്പരിവാറിന് വേണ്ടി തങ്ങളുടെ നേതാക്കൾ കാണിക്കുന്ന ഉത്‍സാഹവും ആവേശവും കണ്ട് ഞെട്ടുന്ന അണികൾ ഉണ്ടെന്നും അവർ ഈ തെരഞ്ഞെടുപ്പിൽ നിലമ്പൂരിൽ കെണി ഒരുക്കുന്ന തെരെഞ്ഞെടുപ്പാണെന്നും തിരിച്ചറിയേണ്ടോയിരുന്നു. വോട്ട് പെട്ടി പൊട്ടിക്കാൻ നിലമ്പൂർ കാത്ത് നിൽക്കുമ്പോഴും എം ആർ അജിത് കുമാറിനെ സംസ്ഥാനത്തെ പോലീസിന്റെ അമരത്ത് ഇരുത്താൻ കേന്ദ്രത്തോട് പറയാൻ കാണിച്ച സർക്കാരിന്റെ ആ മനസ് കണ്ടതാണ്. സർക്കാരിന്റെ ഒൻപത് വർഷത്തെ പ്രവർത്തനം കണ്ട് അതിങ്ങനെ തുടരണോ എന്ന് പറയാൻ ജനങ്ങൾ ആഗ്രഹിച്ച ഒരു തെരഞ്ഞെടുപ്പ്.
നിലമ്പൂരിനെ ഒരു ഉപതെരെഞ്ഞെടുപ്പിലേക്ക് കൊണ്ടുവന്നതും ഈ സർക്കാരും ഇടത് പക്ഷവും ഒരു ജില്ലയോട് തുടരുന്ന സമീപനം മട വിട്ട് പുറത്ത് വന്നു പി.വി അൻവർ വിളിച്ചു പറഞ്ഞ രാഷ്ട്രീയ പ്രശ്നങ്ങൾ ആയിരുന്നു. മലപ്പുറം എന്ന മുസ്‌ലിം ഭൂരിപക്ഷ ജില്ലയിൽ നടക്കുന്ന പോലീസിന്റെ ആസൂത്രിത മുസ്‌ലിം വിരുദ്ധ നീക്കങ്ങൾ. അത് വഴി പോലീസും സർക്കാരും സംഘ് പരിവാറും ചേർന്ന് നടത്തുന്ന അവിഹിതങ്ങളുടെ തെളിവുകൾ ഓരോന്നായി പുറത്ത് വന്നു.അങ്ങനെ തെരെഞ്ഞെടുപ്പും വന്നു.അതോടെ ആ പറഞ്ഞ കാര്യങ്ങൾ ചർച്ചയാകും എന്നുറപ്പായി. അൻവർ തന്റെ പല തര രാഷ്ട്രീയ ലക്ഷ്യങ്ങൾ മുന്നിൽ വച്ച് മണിക്കൂർ ഇടവിട്ട് ചാനൽ ക്യാമറകൾക്ക് മുന്നിൽ വന്ന് വാ തുറക്കുമ്പോഴും അടയാതിരുന്നത് അദ്ദേഹം തുറന്ന് വിട്ട രാഷ്ട്രീയ ചോദ്യങ്ങൾ തന്നെയായിരുന്നു. അടക്കം വന്ന രാഷ്ട്രീയം അൻവർ സ്വീകരിച്ചിരുന്നുവെങ്കിൽ ഫലത്തിന്റെ നിറം കുറച്ച് കൂടിവർധിക്കുമായിരുന്നു.
തെരഞ്ഞെടുപ്പിൽ എല്ലാമറിയുന്നത് മാധ്യമങ്ങൾ വഴിയാണ്. മലയാളികളുടെ ശീലവും അതാണ്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ തമ്പടിച്ച മാധ്യമപടകൾ എത്ര മാത്രം പക്ഷം ചേർന്നു എന്ന ചോദ്യം പ്രസക്തമാണ്. സ്ഥാനാർഥി നിർണയം മുതൽ ചാനൽ നാവുകൾ നിലമ്പൂർ അങ്ങാടിയിലും ശീതീകരിച്ച വാർത്താ മുറികളിലും നിറഞ്ഞ അന്ധമായ പക്ഷം ചേരലുകൾ കണ്ട് സാമാന്യ ബുദ്ധിയുള്ളവർ ഒന്ന് പകച്ച് പോയി എന്ന് കരുതിയാൽ തെറ്റ് പറയാനാകില്ല. വാർത്തകൾ പറയുന്നത് വിശകലങ്ങളായപ്പോൾ പിന്നെ വിശകലനങ്ങൾ എന്താകും എന്ന് ഊഹിക്കാവുന്നല്ലേയുള്ളു. വായിക്കുന്ന സ്ഥാനാർഥി, എഴുതുന്ന സ്ഥാനാർഥി ചിന്തിക്കുന്നയാൾ ഇങ്ങനെ തുടങ്ങി മുന്നണികളുടെയും അതിലെ പാർട്ടികളും തുടരുന്ന നയങ്ങളാണ് സ്ഥാനാർഥികൾക്കും എന്ന കാര്യം ഈ ആളുകൾ മറന്നപോലെയായിരുന്നു ചർച്ചകൾ. അങ്ങനെ ഇക്കുറി സൈബർ ഇടങ്ങൾക്ക് അപ്പുറത്ത് ഒരു ന്യായീകരണ കേന്ദ്രം കൂടി തുറന്നു എന്ന് വേണം പറയാൻ. ന്യായത്തിനായി ചരിത്രങ്ങളെ പോലും ചിലർ തങ്ങളുടെ വശങ്ങളിലേക്ക് ചരിച്ചു പിടിച്ചു വായിച്ചു. വോട്ടെണ്ണിയ ദിവസം രാവിലെ എട്ടു മണിവരെ തുടരുകയും ഓരോ റൗണ്ടിലും ആശ്വാസം മെനയുകയും ചെയ്തെങ്കിലും വോട്ടർമാർ കൈവിട്ടത് ഈ മാധ്യമപ്രവർത്തകരെക്കൂടിയാണ്.
പിന്തുണകൾ ഓരോ മുന്നണിക്കും ലഭിക്കുന്നത് തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ പുതുമയല്ല. ഇക്കുറി അതും ചർച്ചയാക്കി. അതിൽ വെൽഫയർ പാർട്ടിയുടെ പിന്തുണയാണ് ഏറെ നിറഞ്ഞു നിന്ന ചർച്ച. അത് കൊണ്ടുവന്ന് ജമാഅത്തെ ഇസ്‌ലാമിക്കും അതുവഴി മത രാഷ്ട്ര വാദത്തിലേക്കും കൊണ്ടു വന്ന് വലിയ ബോംബ് വന്ന മട്ടിൽ എങ്ങും നിറച്ച് വച്ചു. എന്താണ് മത രാഷ്ട്രവാദം എന്നും ആ പതം തന്നെ എവിടെ നിന്ന് വന്നു എന്നതൊക്കെ അറിയാത്തതാവരല്ല കമ്മ്യൂണിസ്റ്റ് നേതാക്കൾ. പക്ഷെ നാല് വോട്ടാണല്ലോ പ്രധാനം. അതിനാൽ അതിൽ പിടിച്ചു പരമാവധിപേരെ നിരത്തിയിരുത്തി ചോദ്യങ്ങൾ ചോദിച്ചു മറുപടി പറയിച്ച് ആർത്തു നിന്നു. പിന്തുണ ലഭിച്ച യുഡിഫ് നേതൃത്വത്തിന് മുന്നിൽ ചോദ്യം വന്നപ്പോൾ പ്രതിപക്ഷ നേതാവ് തന്നെ ചോദ്യങ്ങളുടെ വഴിയടച്ച് മറുപടി തീർത്തു. അവിടെയും തീരാതെ വന്നപ്പോൾ ഒരേ സമുദായത്തിലെ വ്യത്യാസ്ത ആശയക്കാരുടെ മുന്നിൽ മൈക്കുകൾ നീണ്ടെങ്കിലും ക്ലച്ച് വീഴാതെ സംഗതി കട്ടപ്പുറത്തായി. ഒടുവിൽ പിന്തുണച്ചവരുടെ സംഘടനാ ജീവിതത്തെപറ്റി പ്രതിപക്ഷ നേതാവ് അഭിമുഖം നടത്തിയ മാധ്യമ പ്രവർത്തകനോട് തെളിവ് ചോദിച്ചു കുടുക്കുന്നത് വരെ കാര്യങ്ങളെത്തി.എന്ന് പറഞ്ഞാൽ കാര്യങ്ങൾ പഴയത് പോലെയാകില്ല കാര്യങ്ങൾ ജനങ്ങൾക് മനസിലായി തുടങ്ങി എന്നർത്ഥം.
ഒരു സ്ഥാനാർഥി എന്നതിനപ്പുറം പല ഘടകങ്ങൾ നോക്കുന്നത് പ്രധാനമാണ്. അടവ് നയത്തിന്റെ ഭാഗമായി അയലത്തേക്ക് കണ്ണും നട്ട് കാത്തിരിക്കാം എന്നാൽ ആ കാത്തിരിപ്പിൽ തുടങ്ങി അങ്ങ് കയറി കയറി ആരെകിട്ടിയാലും സ്ഥാനാർഥിയാക്കുന്ന അടവ് നയം പയറ്റി പരാജയപ്പെട്ടാണ് ചിഹ്നം വച്ച് പാർട്ടിക്ക് വേണ്ടി ആവോളം ചിന്നം വിളിക്കുന്നയാളെ കളത്തിലറക്കിയത്. പക്ഷെ അടവ് നയത്തിന്റെ അംശങ്ങൾ വിട്ടില്ലാത്ത പാർട്ടി നായത്തെ തിരിച്ചറിഞ്ഞ അണികളുടെ നല്ല പ്രതികാരം കൂടിയായി ഫലം മാറി. സ്ഥാനാർഥിക്കായി ദേശാന്തരങ്ങൾ താണ്ടി തേക്കിന്റെ നാട്ടിലെ വന്ന് ആവോളം സാഹിത്യ ചർച്ചകൾ അഴിച്ചു വിട്ടിട്ടും അണികൾക്ക് കാര്യം മനസിലാകുകയായിരുന്നു. എഴുത്തിന്റെ വ്യാപ്തിയും പറച്ചിലിന്റെ ആഖ്യാന ശൈലികൾക്കുമപ്പുറം ഓരോ അണികളുടെയും മനസ്സിൽ പതഞ്ഞു പൊങ്ങിയ വികാരം കാണാനായില്ല. അതോടെ പാർട്ടിക്കായി ഖണ്ഡനകാവ്യങ്ങളുമായി അധികാരത്തിന്റെ ഓരം ചേർന്ന ആ പടയാളികളുടെ വികാരങ്ങൾക്കപ്പുറമാണ് അനുഭവങ്ങളുടെ നെരിപ്പോടിൽ നിന്ന് നീറുന്ന ജനങ്ങളുടെ വികാരം.
കാട്ടിലെ ആനയയും പന്നിയും പോത്തും നാട്ടിലിറങ്ങി മനുഷ്യന്റെ ജീവനുമെടുത്ത് വിലസുമ്പോൾ നടപടികൾക്ക് പകരം കേന്ദ്ര കേരള പ്രശ്നം പറഞ് ജനങളുടെ വികാരത്തെ കാട്ടിൽ കളയുകയായിരുന്നു. ഈ അവസരത്തിൽ പതിയിരുന്നു ആക്രമിക്കാൻ ജനം കരുതി വച്ച കൈമുതലായിരുന്നു തെരഞ്ഞെടുപ്പ്. അവർ വോട്ട് യന്ത്രത്തിൽ ആഞ്ഞു കുത്തി. ആനയും പോത്തും പണിയുമൊക്കെ തങ്ങളുടെ മേൽ നടത്തുന്ന നായാട്ടിനു പകരം കാണാത്തവരുടെ ശരീരത്തിലേക്കുള്ള കുത്തുകളായി ഓരോ വോട്ടും മാറി. തെരഞ്ഞെടുപ്പു കാലത്ത് ഒരു വിദ്യാർഥി പന്നിക്കെണിയിൽ കുടുങ്ങി മരിക്കുമ്പോഴും ജനം തേടിയ പരിഹാരങ്ങൾക്ക് പകരം കാണാതെ കേവല കസർത്ത് നടത്തിയവരെ കണക്കറ്റ് ജനം പ്രഹരിച്ചു. മലയോരങ്ങളിൽനിന്ന് വന്ന് കുത്തിയിട്ട വി വി പാറ്റുകൾ നോക്കിയാൽ അതിൽ ജനാരോഷത്തിന്റെ അടയാളങ്ങൾ കണ്ടുപിടിക്കാം. മനുഷ്യ വികാരങ്ങളെ തൊട്ട് കൂട്ടിയും കിഴിച്ചും പ്രഖ്യാപിച്ച് മുടക്കിയ പെൻഷൻ എന്ന നാണയ തുട്ടുകളുടെ പേരിൽ വമ്പ് പറയുമ്പോഴും സർക്കാർ നീക്കം ഓരോ പൗരനും തിരിച്ചറിഞ്ഞിരിക്കുന്നു. മുഖ്യമന്ത്രിയുടെ പിആർ പടയാളികൾക്കും, പി എസ് സി യിൽ തിരുകിവച്ച രാഷ്ട്രീയ ഉദ്യോഗസ്ഥർക്കും ലക്ഷങ്ങൾ വച്ച് വിളമ്പിയപ്പോൾ സെക്രട്ടറിയേറ്റ് നടയിൽ ആശയറ്റ് കഴിയുന്നവരുടെ യാചന നിലമ്പൂരിലെ ജനം കേട്ടെന്ന് ഓരോ വോട്ട് യന്ത്രത്തിലെ ബീപ് ശബ്ദങ്ങളിൽ മുഴങ്ങി നിന്നു. വർഗീയതയും അത് വഴി ജനങ്ങളെ തട്ടുകളാക്കാമെന്ന അവസാനവട്ട അമ്പിനെയും തടുത്ത് നിർത്തിയ ഫലമായി ഈ തെരഞ്ഞെടുപ്പ് ഫലം മാറി.
നാട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സ്വസ്ഥ ജീവിതത്തിന് ഭരണകൂടത്തിൻ്റെ തണൽ തേടിയ മാർഗത്തിന് ഫാഷിസം എന്ന് പോലും വിളിക്കാനാകാതെ നവ ഫാഷിസമെന്ന അടവ് പ്രമേയം കൊണ്ട് തങ്ങളുടെ പൂർവകാല ബന്ധത്തെ ഓർക്കാമെന്ന സത്യം പറഞ്ഞ് കേട്ട ഒന്നായി നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് മാറി. സത്യത്തെ മറച്ച് പിടിക്കാൻ സർവ സന്നാഹങ്ങളുമായി സകല കാലാൾ, സൈബർ പടയിറങ്ങിയെങ്കിലും രാഷ്ട്രപിതാവിൻ്റെ ഇടനെഞ്ചിലേക്ക് കാഞ്ചി വലിച്ചവരുമായി ഉണ്ടായിരുന്ന പൂർവകാല പ്രണയബന്ധം ഒരിക്കൽ കൂടി നാടറിഞ്ഞു. ആർക്കാണ് ഭീകരവാദ നയം, ആരാണ് ആളെ കൊല്ലുന്നത് ,, തീവ്രവാദ ചങ്ങാതിമാർ ആരാണെന്നൊക്കെ നാട്ടുകാർ പരസ്യമായി പരസ്പരം പറഞ്ഞു. തിരുത്തി പറയാനും പറഞ്ഞ വാക്ക് വിഴുങ്ങാനുമുള്ള മാഷിൻ്റെ വാക്കുകൾക്ക് നേരെ ജനം ചൂരലെടുക്കുകയായിരുന്നു.അങ്ങനെ എല്ലാക്കാലവും ആ പരിപ്പ് അടുപ്പത്തിട്ട് വേവിച്ച് വിളമ്പാമെന്ന മോഹത്തെ പോത്തുകല്ലിലെ ഉരുളുകൾക്കിടയിലേക്ക് മാറ്റി. പ്രളയം കണ്ട് എല്ലാം നഷ്ടപ്പെട്ടവന് മുന്നിൽ പതിവ് തീവ്രവാദ ചാപ്പയെന്ന പാർട്ടി ഫ്രാക്ഷൻ പ്രമേയം പെയ്തിറങ്ങിയ മൺസൂൺ മഴയിൽ ഒലിച്ചുപോയി.
പലതരം വിരുദ്ധ വികാരങ്ങൾ കൊണ്ട് വീർപ്പുമുട്ടിയ ജനം നൽകിയ വിളവെടുപ്പിൽ കൊയ്തവർക്കുമുണ്ട്. പല തരം താക്കീതും ഓർമപ്പെടുത്തലുകളും ക്വാർട്ടർ ഫൈനൽ ആയാലും, സെമി ഫൈനൽ ആയാലും ജനം എന്താഗ്രഹിക്കുന്നു എന്ന് തിരിച്ചറിയാനുള്ള അവസരമായിരുന്നു ഇത്. മുന്നോട്ടുള്ള പോക്കിൽ ഒന്നിച്ചു നിൽക്കണമെന്ന മികച്ച സന്ദേശമാണ് നിലമ്പൂരിലെ കാടും നാടും പറഞ്ഞ് തന്നത്. മുന്നണിയെന്നർഥത്തിൽ നിന്ന ഐക്യം, തീരുമാനങ്ങളിൽ കൂടിയാലോചനകളുടെ പ്രസക്തി, ശക്തികേന്ദ്രങ്ങളിൽ പുലർത്തേണ്ടുന്ന ജാഗ്രത, പിന്തുണക്കുന്നവരെ സംരക്ഷിക്കാനുള്ള ആർജവം എല്ലാം തുടർന്നാൽ വരാനിരിക്കുന്ന ഭാവി മികച്ചതാകും. സാധാരണക്കാരൻ്റെ പ്രശ്നങ്ങൾക്ക് മുഖം കൊടുക്കാനും അവരുടെ ആശക്ക് ആശ്രയമാകാനുമാകണം അപ്പോഴാകും ജനാധിപത്യത്തിലെ ഫൈനൽ കടക്കാനാകുക.