Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
കഴിഞ്ഞ ഏതാനും ഉപതെരഞ്ഞെടുപ്പുകൾ പോലെത്തന്നെ നിലമ്പൂരിലും സിപിഎം പ്രയോഗിച്ച മുസ്‌ലിം വിരുദ്ധ പ്രചാരണങ്ങൾ തെരെഞ്ഞെടുപ്പാനന്തരം ചർച്ച ചെയ്യപെടുന്നുണ്ട്. ജമാഅത്തെ ഇസ്‌ലാമിയെ മുൻനിർത്തി മുസ്‌ലിം വിരുദ്ധത പ്രചരിപ്പിച്ച് സിപിഎം നയിച്ച തെരഞ്ഞെടുപ്പുകൾ പരിശോധിച്ചാൽ ഗുണത്തേക്കാൾ ഏറെ ദോഷമാണ് അതവർക്ക് ഉണ്ടാക്കിയത് എന്നാണ് അതാത് മണ്ഡലങ്ങളിലെ ഫലങ്ങൾ ബോധ്യപ്പെടുത്തുന്നത്. നിലമ്പൂരിലെ സ്ഥിതിയും വ്യത്യസ്തമല്ല. ആര്യടാൻ ഷൗക്കത്തിന് പിന്നിൽ മുസ്‌ലിം വർഗീയ കേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത് എന്ന പ്രചാരണത്തിലൂടെ മുസ്‌ലിം വിരുദ്ധ വോട്ടുകളുടെ കേന്ദ്രീകരണമാണ് സിപിഎം ലക്ഷ്യം വെച്ചത്. മുസ്‌ലിം ഭൂരിപക്ഷമല്ലാതിരുന്ന പാലക്കാട് മണ്ഡലത്തിൽ പോലും പ്രസ്തുത പ്രചാരണം ഏറ്റില്ലെന്നിരിക്കെയാണ് മുസ്‌ലിം വോട്ട് ബാങ്ക് പ്രധാനമായ ഒരു മണ്ഡലത്തിൽ അത് പയറ്റി സിപിഎം വീണ്ടും പരാജയം നുണയുന്നത്. എന്തുകൊണ്ടാണ് നിരന്തരം പരാജയപ്പെടുന്ന ഒരു രീതിശാസ്ത്രം തന്നെ പാർട്ടി വീണ്ടും വീണ്ടും ഉപയോഗിക്കുന്നത്? തെരെഞ്ഞെടുപ്പ് വിജയങ്ങൾക്കപ്പുറത്ത് വേറെ ചില ലക്ഷ്യങ്ങൾ കൂടി സിപിഎം മുന്നിൽ കാണുന്നുണ്ടോ? മതേതര-മതനിരപേക്ഷ ഇടതുപക്ഷ മൂല്യങ്ങൾ പാർട്ടിക്ക് നഷ്ടപെടുന്നുണ്ടോ?
നിലമ്പൂർ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സിപിഎം സ്ഥാനാർഥി എം.സ്വരാജ്
ഉപതെരഞ്ഞെടുപ്പ് തീയതി വന്ന ഉടനെ ആര്യാടൻ ഷൗക്കത്തിനെ കോൺഗ്രസ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനെ തുടർന്ന് നിലമ്പൂർ തെരഞ്ഞെടുപ്പിലെ ആദ്യത്തെ ചർച്ച വിഷയം തന്നെ സിപിഎം സ്ഥാനാർത്ഥിയെ ചുറ്റിപ്പറ്റിയുള്ളതായി മാറി. താരതമേന്യ ദുർബലനായ സ്ഥാനാർഥിയെ നിർത്തുമോ, അതല്ല പാലക്കാട് കണ്ടത് പോലെ കോൺഗ്രസിൽ നിന്ന് ഒരാളെ ഇപ്പുറത്തേക്ക് കൊണ്ട് വന്ന് സ്ഥാനാർഥി ആക്കുമോ, ഇനി അതുമല്ല പാർട്ടിയുടെ ശക്തനായ ഏതേലും നേതാവിനെ തന്നെ നിർത്തുമോ എന്നതായിരുന്നു പ്രാഥമിക ചർച്ച. രാജിവെച്ച അൻവർ ഉന്നയിച്ച ആരോപണങ്ങൾക്കും ഭരണകൂടവിരുദ്ധ പ്രചാരണങ്ങൾക്കും മറുപടി പറയാൻ തക്ക യോഗ്യനായ ഒരാളെ അവിടെ കൊണ്ടുവരിക എന്നത് സിപിഎമ്മിനെ സംബന്ധിച്ച് പ്രധാനമായിരുന്നു. അങ്ങനെയാണ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും നിലമ്പൂർ സ്വദേശിയുമായ എം സ്വരാജിനെ പാർട്ടി സ്ഥാനാർത്ഥിയായി തീരുമാനിക്കുന്നത്. തന്റെ നിലപാടുകൾ കൊണ്ട് ശ്രദ്ധേയനായ സ്വരാജ് നിലമ്പൂർ സ്ഥാനാർഥി ആവുന്നതോടെ സിപിഎം ഇപ്പോൾ നേരിടുന്ന പ്രധാന വിമർശനങ്ങൾക്ക് സ്വരാജിലൂടെ മറുപടി നൽകാമെന്നും അതിലൂടെ അൻവർ ഉന്നയിച്ച വിമർശനങ്ങളെ എന്നെന്നേക്കുമായി അവസാനിപ്പിക്കാം എന്നും പാർട്ടി കണക്ക് കൂട്ടിയിട്ടുണ്ടാവാം. സ്വരാജിന്റെ പ്രചാരണ തുടക്കവും ആ നിലക്ക് തന്നെയായിരുന്നു. അദ്ദേഹത്തിന്റെ മുൻ കാലങ്ങളിൽ സംഘ്പരിവാറിനെതിരിൽ ഉന്നയിച്ച വിമർശനങ്ങൾ വീണ്ടും ചർച്ച ചെയ്യപ്പെടുകയും ഫാസിസ്റ്റ് വിരുദ്ധ മുഖം എന്ന നിലക്ക് സ്വരാജിനെ അവതരിപ്പിക്കാനും അതിലൂടെ മുസ്ലിം വോട്ടുകൾ നേടിയെടുക്കാം എന്ന കണക്ക് കൂട്ടലുകൾ പ്രാഥമിക ഘട്ട പ്രചാരണങ്ങളിൽ ഉണ്ടായിരുന്നു. എന്നാൽ തുടർന്നങ്ങോട്ട് പ്രചാരണങ്ങളുടെ ഗതി മാറുന്നു. സിപിഎം പ്രതീക്ഷിച്ചത് പോലെ പാർട്ടി പ്രതിസന്ധിയിൽ നിൽക്കുന്ന വിഷയങ്ങളിൽ സ്വരാജ് ഇടപെടാതിരുന്നതോ അതല്ല വിവിധ മുസ്ലിം സംഘടനകളുടെ അനുഭാവം ഷൗക്കത്തിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നുണ്ട് എന്ന തോന്നലോ, മറ്റെന്തെങ്കിലുമോ കാരണം പഴയപടി മുസ്ലിം വിരോധത്തിൽ കേന്ദ്രീകരിക്കാൻ സിപിഎം നിർബന്ധിതമാവുന്നു. കൃത്യസമയത്ത് വെൽഫയർ പാർട്ടി കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചതോടെ സിപിഎമ്മിന് ഒരു പിടിവള്ളി കിട്ടുകയും തുടർന്ന് അങ്ങോട്ട് മുസ്ലിം വിരുദ്ധ വർഗീയ പ്രചാരണങ്ങളുടെ തിരികൊളുത്തലിന് നിലമ്പൂർ സാക്ഷ്യം വഹിക്കുകയും ചെയ്തു.
നിലമ്പൂർ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്
അതേസമയം, അങ്ങ് അമേരിക്കയിലെ ന്യൂയോർക്കിൽ നിന്ന് കൂടി ചില തെരെഞ്ഞെടുപ്പ് വാർത്തകൾ നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നുണ്ട്. ഇന്ത്യൻ ഉഗാണ്ടൻ വംശജനും ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലി അംഗവുമായ സോഹ്രാൻ മംദാനി ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനാർഥി ആവാനുള്ള ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിലെ തെരെഞ്ഞെടുപ്പ് വിജയിച്ചതിനെ തുടർന്ന് ആഗോളതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന ഒരു വ്യക്തിയായി സോഹ്രാൻ മാറിയിട്ടുണ്ട്. വിജയിക്കാൻ കഴിഞ്ഞാൽ ന്യൂയോർക്ക് സിറ്റിയുടെ ആദ്യത്തെ മുസ്ലിം കുടിയേറ്റ മേയർ എന്ന പ്രത്യേകതയാണ് സോഹ്രാന്റെ ജനകീയതയുടെ പ്രധാന ആകർഷണം. അതേസമയം ഡെമോക്രറ്റിക്ക് സ്ഥാനാർഥിയാവാനുള്ള തയ്യാറെടുപ്പുകൾ സോഹ്രാനെ സംബന്ധിച്ച് ഒട്ടും എളുപ്പമായിരുന്നില്ല. ശക്തമായ വംശീയ അധിക്ഷേപങ്ങൾ, അമേരിക്കൻ പ്രസിഡന്റ് സാക്ഷാൽ ഡൊണാൾഡ് ട്രംപിൽ നിന്നുവരെ നേരിടേണ്ടി വന്നു. വിദേശ ചാരനെന്നും, മുസ്ലിം വർഗീയവാദി- തീവ്രവാദി എന്നും നിരന്തരം അധിക്ഷേപിക്കപെട്ടു. സോഷ്യലിസ്റ്റ് മുസ്ലിം എന്ന രാഷ്ട്രീയ ഫ്രെയിംവർക്കിൽ നിൽക്കുന്ന സോഹ്രാൻ മംദാനി ഇരട്ട ഭീഷണിയാണ് എന്നാണ് മറ്റൊരു പ്രചാരണം. ഒരേസമയം സോഷ്യലിസ്റ്റ് എന്നതും മുസ്ലിം എന്നതും.
ന്യൂയോർക് മേയർ തെരഞ്ഞെടുപ്പിൽ സൊഹ്‌റാൻ മംദാനി
കേരളത്തിലെ ഇടതുപക്ഷത്തിന്റെ മുസ്ലിം വിരുദ്ധതയും അമേരിക്കയിലെ ഇടതുപക്ഷക്കാരനെതിരെയുള്ള മുസ്ലിം വിരുദ്ധതയും നമ്മുടെ രാഷ്ട്രീയ സംവാദങ്ങളിൽ സവിശേഷമായ ചില ആലോചനകൾ ക്ഷണിക്കുന്നുണ്ട്. സോഹ്രാൻ മംദാനിയുടെ പിതാവും പ്രമുഖ ചിന്തകനുമായ മഹ്മൂദ് മംദാനിയുടെ ഏറെ പ്രസിദ്ധമായ 'Good Muslim, Bad Muslim’ എന്ന പുസ്തകം മുസ്ലിം സാമൂഹിക രാഷ്ട്രീയ കർതൃത്വത്തെ സംബന്ധിച്ച ചില സുപ്രധാന നിരീക്ഷണങ്ങൾ പങ്കുവെക്കുന്നുണ്ട്. മുസ്ലിങ്ങളെ കുറിച്ചുള്ള രണ്ട് തരം ആഖ്യാനങ്ങളെയാണ് മംദാനി പരിശോധിക്കുന്നത്. 'നല്ല മുസ്ലിം' എന്നതിന്റെ നിർവചനത്തിൽ വെസ്റ്റിന്റെ താല്പര്യങ്ങളോട് യോജിക്കുന്ന മതേതരനും, ആധുനികനും, മിതവാദിയും പരിഷ്കൃതനുമായ ഒരു സങ്കല്പമാണ് ഒന്നാമത്തേത്. അതേസമയം ഈ അച്ചടക്കത്തിലേക്ക് കടക്കാൻ വിസമ്മതിക്കുന്ന 'ചീത്ത മുസ്ലീം' മറുഭാഗത്ത്. വെസ്റ്റിന്റെ കണ്ണിൽ 'നല്ല മുസ്ലിമിന്റെ' വിഭാഗത്തിൽ ഉൾപ്പെടാത്ത ഈ കൂട്ടർ അക്രമാസക്തരും യുക്തിരഹിതരും, ആധുനിക വിരുദ്ധരുമാണ്. ഭരണകൂടത്തിന്റെ സുരക്ഷാ അജണ്ടകളെ പിന്തുണയ്ക്കുന്ന(war on terror അടക്കമുള്ള എല്ലാത്തരം സർവയലൻസും) വിദേശനയങ്ങളെ വിമർശിക്കാത്ത, മതകീയ സ്വത്വത്തെ പൊതുഇടത്തിൽ ഒരു നിലക്കും കൊണ്ടുവരാത്ത വിഭാഗമായിട്ടാണ് 'നല്ല മുസ്ലിം' രൂപപ്പെടുന്നതെങ്കിൽ സാമ്രാജ്യത്വത്തെയോ പാശ്ചാത്യ ഇടപെടലുകളെയോ വിമർശിക്കുന്ന, കൂട്ടായ മുസ്ലീം രാഷ്ട്രീയ പോരാട്ടങ്ങളിൽ പങ്കെടുക്കുന്ന, പൊതു ഇടത്തിൽ മുസ്ലിം സ്വത്വത്തെ ഉയർത്തിപ്പിടിച്ച് നിൽക്കുന്ന വിഭാഗമാണ് 'ചീത്ത മുസ്ലിം'. ആധുനിക ആഗോള ക്രമത്തിന് സ്വീകാര്യമായ മുസ്‌ലിമിനെ നിർവചിക്കുന്നത് ഭരണകൂട അധികാരത്തോടും സാമ്രാജ്യത്വ താൽപ്പര്യങ്ങളോടുമുള്ള അനുസരണത്തിന്റെ അടിസ്ഥാനത്തിലാണ്. ഏതൊരു രൂപത്തിലുള്ള സ്വയംഭരണ മുസ്‌ലിം രാഷ്ട്രീയവും ഇതിലൂടെ സംശയാസ്പദമായി മാറുന്നു എന്ന് മംദാനി തുടർന്ന് നിരീക്ഷിക്കുന്നുണ്ട്. മംദാനി എഴുതുന്നു: 'നല്ല മുസ്ലീങ്ങളും' 'ചീത്ത മുസ്ലീങ്ങളും' തമ്മിലുള്ള വ്യത്യാസം ദൈവശാസ്ത്രപരമല്ല, രാഷ്ട്രീയമാണ്. ഭരണകൂടം ഇസ്ലാമിന് എതിരല്ല, ഭീകരതയ്ക്ക് എതിരാണെന്ന് അവകാശപ്പെടാൻ അനുവദിക്കുന്ന ഒരു നിർമ്മിതിയാണിത്." രാഷ്ട്രീയമായി നിശബ്ദമായ ഒരു പ്രത്യേക തരം ഇസ്ലാമിനെ അമേരിക്ക പ്രോത്സാഹിപ്പിക്കുകയും, മറ്റ് നിലനിൽപ്പുകളെ ഭീഷണിയായി കാണുകയും അപലപിക്കുകയും ചെയ്യുന്ന ആഖ്യാന രീതി ശീതയുദ്ധ പശ്ചാത്തലത്തിലാണ് ഉയർന്നുവന്നത്.(മംദാനി)
ഗുഡ് മുസ്‌ലിം ബാഡ് മുസ്‌ലിം (മഹ്‌മൂദ് മംദാനി)
മഹ്‌മൂദ് മംദാനി
കേരളത്തിലായാലും ന്യൂയോർക്കിലായാലും മുസ്ലിങ്ങളെ ചുറ്റിപ്പറ്റിയുള്ള വ്യവഹാരങ്ങൾ വികസിക്കുന്നത് മുകളിൽ ഉദ്ധരിച്ച ആഖ്യാനങ്ങൾക്കകത്താണ് എന്ന് കാണാം. തങ്ങളുടേതായ സാമൂഹിക രാഷ്ട്രീയ വിഭാവനകളോ, ആഗോള പ്രാദേശിക സംഘാടനങ്ങളോ, തങ്ങളുടേതായ ചോദ്യങ്ങളോ ഉന്നയിക്കാൻ സാധ്യമല്ലാത്ത സവിശേഷമായി റദ്ദ് ചെയ്യപ്പെടുന്ന ഒരു വിഭാഗമായി മുസ്ലിങ്ങൾ ഇതിലൂടെ നിർവചിക്കപെടുന്നു. ഇത്തരമൊരു സമീപനമാണ് മുസ്ലിം സമുദായത്തോട് ആഗോള പ്രാദേശിക വ്യത്യാസമില്ലാതെ പുലർത്തപ്പെടുന്നത് എന്ന് കാണാം. വി.എസ് അച്യുതാനന്ദൻ മുതൽ എ.വിജയരാഘവൻ വരെയും ഡൊണാൾഡ് ട്രംപ് മുതൽ കങ്കണ റണാവത്ത് വരെയും നീണ്ടുനിൽക്കുന്ന പ്രമുഖരുടെ ആരോപണങ്ങൾ പരിശോധിച്ചാൽ മംദാനി മുന്നോട്ട് വെക്കുന്ന ആശയത്തിന്റെ കാതൽ മനസിലാക്കാം. 'മുസ്‌ലിം തീവ്രവാദികൾ പണവും നിർബന്ധിത വിവാഹവും ഉപയോഗിച്ച് കേരളത്തെ മുസ്‌ലിം ഭൂരിപക്ഷ സംസ്ഥാനമാക്കാൻ ശ്രമിക്കുന്നു' എന്ന മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെയും, മലപ്പുറത്തെ മുസ്ലിം സ്ത്രീകൾ ഹിജാബ് ഉപേക്ഷിച്ചത് സിപിഎമ്മിന്റെ സ്വാധീനം കൊണ്ടാണെന്നുമുള്ള സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ. അനിൽകുമാറിന്റെയും പ്രിയങ്ക ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും വിജയത്തിന് പിന്നിൽ മുസ്ലിം വർഗീയവാദികളാണ് എന്ന എ വിജയരാഘവന്റേയും മലപ്പുറത്തിന്റെ ഉള്ളടക്കം വർഗീയമാണ് എന്ന മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും അടക്കമുള്ള പ്രസ്താവനകൾ മുസ്ലിം സമുദായത്തിന്റെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ ഭാവനകളെ പല നിലക്ക് റദ്ദ് ചെയ്യുന്ന 'ചീത്ത മുസ്ലിമിനെ' കുറിച്ചുള്ള ആഖ്യാനങ്ങളാണ്. അപ്പുറത്ത് സോഹ്രാൻ മാംദാനിയുടെ കാര്യവും വ്യത്യസ്തമല്ല. ജിഹാദി ചാരൻ മുതൽ അയാളെ തെരെഞ്ഞെടുക്കുന്നതിലൂടെ 9/11 വീണ്ടും സംഭവിക്കാൻ പോകുന്നു എന്നതടക്കമുള്ള പ്രസ്താവനകൾ പല പ്രമുഖരും ഉന്നയിച്ചത് കാണാം. എന്നാൽ അദ്ദേഹത്തിന്റെ പാർട്ടിയായ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് അമേരിക്ക സോഹ്രാന്റെ ഫലസ്തീനിനോട് അടക്കമുള്ള നിലപാടുകളെ പിന്തുണച്ച് കൊണ്ട് രംഗത്ത് വരികയാണ് ഉണ്ടായത്. അകത്തുകയിൽ മുസ്ലിങ്ങളെ സംബന്ധിച്ച 'നല്ലത്' 'ചീത്ത' എന്ന ദ്വന്ദ്വത്തിൽ നിന്നുകൊണ്ടുള്ള ആഖ്യാനങ്ങൾ ഇന്ന് നിരന്തരം ആവർത്തിക്കപ്പെടുമ്പോൾ അതിന് പിന്നിലെ ഫ്രെയിംവർക്കിനെ സംബന്ധിച്ച മഹ്മൂദ് മംദാനിയുടെ നിരീക്ഷണങ്ങൾ ഏറെ പ്രധാനമാണ്. ന്യൂയോർക്കിൽ സൊഹ്‌റാൻ മംദാനി ഫലസ്തീനിന് വേണ്ടി സംസാരിക്കുമ്പോൾ അതിനെ പിന്തുണക്കുന്ന അവിടത്തെ ഇടതുപക്ഷ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് ഓഫ് അമേരിക്കയും, ഫലസ്തീനിന് വേണ്ടി സംസാരിക്കുന്നത് തങ്ങളുടെ വോട്ട് കുറയാൻ കാരണമാവുന്നു എന്ന് നിരീക്ഷിക്കുന്ന കേരളത്തിലെ ഇടതുപക്ഷവും അപ്പോഴും ഉത്തരംകിട്ടാത്ത സമസ്യയായി അവശേഷിക്കും.