നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് - അഴിഞ്ഞു വീഴുന്ന മതേതരത്വമുഖാവരണം

കേരളം ഒരു മതേതര സമൂഹമാണെന്നാണ് ആവർത്തിച്ചു പറയപ്പെടുന്നത്. ഒരു ഹിന്ദു സംഘടനയുടെ ആഹ്വാനപ്രകാരം വോട്ട് ചെയ്താൽ അത് "ജനാധിപത്യ ബോധം" എന്നവതരിപ്പിക്കപ്പെടുകയും ഒരു മുസ്ലിം സംഘടന അതേ പ്രവൃത്തി ചെയ്യുമ്പോൾ അത് "വർഗീയത"യാകുകയും ചെയ്യുമ്പോൾ ഈ മതേതരത്വത്തിന് എന്താണ് സംഭവിക്കുന്നത് ?. ന്യൂനപക്ഷസമുദായത്തിൻറെയും ദലിത് സമുദായത്തിൻ്റെയും രാഷ്ട്രീയ സാക്ഷരതയെ വർഗ്ഗീയതയായും 'ഭീകരത'യായും ചിത്രീകരിക്കുന്നത് ഒരു പുതിയ സമീപനമല്ല; പണ്ട് മുതൽ അത് ഭൂരിപക്ഷ രാഷ്ട്രീയത്തിൻറെ പ്രധാനായുധമാണ്

Update: 2025-06-27 12:10 GMT
Advertising

2025 ലെ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് ശേഷം കേരള രാഷ്ട്രീയരംഗത്ത് ഉണ്ടാവുന്ന വ്യത്യസ്ത പ്രതികരണങ്ങൾ, ആഴമുള്ള രാഷ്ട്രീയ സാമൂഹിക നിരീക്ഷണങ്ങൾക്ക് സംവാദവാതിലായി മാറിക്കൊണ്ടിരിക്കുകയാണ്. പാരമ്പര്യമായി മതേതരത്വവും, സാമൂഹിക നീതിയും സ്ഥാപിക്കപ്പെട്ട ഇടം എന്ന് അവകാശപ്പെടുന്ന കേരളത്തിൽ, ഇന്നു നടക്കുന്ന ഏറ്റവും സംഘർഷഭരിതമായ ചർച്ച "വോട്ടിന്റെ സ്വഭാവം" മതപരമായതാണോ ,വർഗീയമായതാണോ അല്ലയോ?ആണെങ്കിൽ എത്ര മാത്രം? എന്നതാണ്!

വർഗീയ, സാമുദായിക, ജാതിമത ശക്തികളുടെ വോട്ടില്ലാതെ അന്തസ്സായി തോറ്റു എന്നൊക്കെയാണ് പലരും എഴുതുന്നത്!. വ്യത്യസ്ത മത, ജാതി, സമുദായങ്ങളായി മാത്രം നിലനിൽക്കുന്ന മനുഷ്യരുള്ള, സാമുദായികമായും മതപരമായും ഉള്ള കൂട്ടായ്മകൾക്ക് ഭരണഘടനാപരമായി അവകാശമുള്ള ഈ സമൂഹത്തിൽ ചിലരുടെ വോട്ട് സെക്കുലർ വോട്ട് / പുരോഗമന മലയാളി വോട്ട് ആയി പരിഗണിക്കപ്പെടുകയും മറ്റു ചിലരുടേത് വർഗീയ, സാമുദായിക വോട്ടുകൾ ആയി മാത്രം ചാപ്പയടിക്കപ്പെടുന്നതും എന്തുകൊണ്ടാണ്? വോട്ടിൻ്റെ മതം ഏതെന്ന് തീരുമാനിക്കുന്നത്, ആരാണ് ? മതത്തിൻ്റെ അടിസ്ഥാനത്തിൽ വർഗീയമെന്ന മുദ്രകുത്തി ആർക്കുവേണമെങ്കിലും നിഷേധിക്കാനാവുന്ന നിരാകരിക്കാനാവുന്ന ആ വോട്ടുകൾ ആരുടേതാണ് ? എന്തുകൊണ്ടാണ് അതു സംഭവിക്കുന്നത് ?ഈ ചോദ്യങ്ങൾക്കുള്ള ഉദാഹരണവും ഉത്തരവുമാണ് ഈ തിരഞ്ഞെടുപ്പ് ഫലവും അതിന്റെ ചർച്ചകളും.

വോട്ടിന്റെ മുദ്ര: മതേതരമോ വർഗീയമോ?

കേരളം ഒരു മതേതര സമൂഹമാണെന്നാണ് ആവർത്തിച്ചു പറയപ്പെടുന്നത്. ഒരു ഹിന്ദു സംഘടനയുടെ ആഹ്വാനപ്രകാരം വോട്ട് ചെയ്താൽ അത് "ജനാധിപത്യ ബോധം" എന്നവതരിപ്പിക്കപ്പെടുകയും ഒരു മുസ്ലിം സംഘടന അതേ പ്രവൃത്തി ചെയ്യുമ്പോൾ അത് "വർഗീയത"യാകുകയും ചെയ്യുമ്പോൾ ഈ മതേതരത്വത്തിന് എന്താണ് സംഭവിക്കുന്നത് ?. ന്യൂനപക്ഷസമുദായത്തിൻറെയും ദലിത് സമുദായത്തിൻ്റെയും രാഷ്ട്രീയ സാക്ഷരതയെ വർഗീയതയായും 'ഭീകരത'യായും ചിത്രീകരിക്കുന്നത് ഒരു പുതിയ സമീപനമല്ല; പണ്ട് മുതൽ അത് ഭൂരിപക്ഷ രാഷ്ട്രീയത്തിൻറെ പ്രധാനായുധമാണ്. എന്നാൽ, തിരഞ്ഞെടുപ്പ് അതിൻ്റെ രാഷ്ട്രീയ മൂല്യങ്ങളിലല്ലാതെ, മതപരമായ ആഖ്യാനങ്ങളിലൂടെയും വ്യക്തിഗത തിരിച്ചറിവുകളിലൂടെയും ചർച്ച ചെയ്യപ്പെടുമ്പോൾ അത് നിലനിൽക്കുന്ന ജനാധിപത്യചിന്തയെത്തന്നെ പുനഃപരിശോധിക്കേണ്ട സാഹചര്യമാണ് സൃഷ്ടിക്കുന്നത്.

ഇസ്‍ലാമോഫോബിയയുടെ പുതുതലമുറ രൂപങ്ങൾ

 രാഷ്ട്രീയ വിമർശനമെന്ന വ്യാജേന കേരളത്തിൻറെ മുഖ്യമന്ത്രിയായ പിണറായി വിജയനെ ജാതിവെറിയാൽ പ്രതിഫലിക്കുന്ന വ്യക്ത്യധിക്ഷേപവും അവഹേളനവും നിരന്തരമായി നടത്തുന്ന വ്യക്തിയാണ് അഡ്വ.ജയശങ്കർ. മുഖ്യമന്ത്രി എന്ന നിലയിലും, സിപിഎമ്മിന്റെ സമുന്നതനായ നേതാവ് എന്ന നിലയിൽ അദ്ദേഹത്തിൻറെ നിലപാടുകളോട് ജനാധിപത്യപരമായി സംവദിക്കുന്നതിനോ വിമർശനമുന്നയിക്കുകയോ ചെയ്യുന്നതിന് പകരം പലപ്പോഴും വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലാണ് ജയശങ്കറിന്റെ ഇടപെടലുകൾ. പലപ്പോഴും മുഖ്യമന്ത്രിയുടെ പിതാവിൻ്റെ പേരും തൊഴിലും പരാമർശിച്ചുകൊണ്ട് സാമൂഹികമായ വേർതിരിവിൻ്റെ മാനസികവസ്ഥ പിൻപറ്റുന്ന തരത്തിൽ ആണ് അദ്ദേഹത്തിൻ്റെ അഭിപ്രായ പ്രകടനങ്ങൾ ഉണ്ടാകുന്നത്. മുതിർന്നവരെ ബഹുമാനിക്കണം എന്ന് ആവർത്തിക്കുന്ന സമൂഹത്തിൽ പ്രായത്തിൽ മുതിർന്നത് എന്നതിനപ്പുറം ജാതിയാണ് പ്രധാന ഘടകം. അതുതന്നെയാണ് ഇവിടെയും പ്രകടമാകുന്നത്. മുഖ്യമന്ത്രിയെ മാത്രമല്ല, മന്ത്രി മുഹമ്മദ് റിയാസിനെതിരെയും ഈ വിധം ജനാധിപത്യ പരമല്ലാത്ത വിമർശനങ്ങൾ അഡ്വ.ജയശങ്കറിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്.

വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളിലൂടെ ദീർഘകാല രാഷ്ട്രീയ പ്രവർത്തന ചരിത്രമുള്ള ഇപ്പോൾ ഭരണമികവും പ്രകടിപ്പിക്കുന്ന മന്ത്രി 'മുഹമ്മദ് റിയാസിനെ 'മരുമോനായി' മാത്രം നിരന്തരം അവതരിപ്പിക്കുന്ന അഡ്വ.ജയശങ്കർ, ഭാവിയിൽ മുഹമ്മദ് റിയാസ് മുഖ്യമന്ത്രിയാവുമെന്നും അത് കേരളത്തിന് കുഴപ്പമാണെന്നുമുള്ള തരത്തിൽ ഇസ്ലാമോഫോബിയ വളർത്തുന്ന തരത്തിലാണ് തന്റെ അഭിപ്രായപ്രകടനം നടത്തിക്കൊണ്ടിരിക്കുന്നത്. 

ഒരു ഘട്ടത്തിൽ എം സ്വരാജിനെതിരെയും വളരെ മോശം പരാമർശം അദ്ദേഹം നടത്തിയിരുന്നു. എന്നാൽ ഈ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ എം.സ്വരാജിന് അനുകൂലമായി അഭിപ്രായം പ്രകടനം നടത്തുന്ന വീഡിയോ അദ്ദേഹത്തിൻറെതായി വന്നിരുന്നു. ഒരു നിർണായക ഘട്ടത്തിൽ നിയമസഭയിലെ പ്രാതിനിധ്യത്തിന്റെ കാര്യത്തിൽ സിപിഎമ്മിനോട്, എം സ്വരാജിനോട് ഉള്ള അഭിപ്രായവ്യത്യാസങ്ങൾ മാറ്റി അദ്ദേഹം പിന്തുണയ്ക്കാൻ വന്നത് അത്രയ്ക്ക് നിഷ്കളങ്കമാണ് എന്ന് കരുതാനാവുമോ? വൈക്തികമായ വിയോജിപ്പുകൾ മാറ്റിവെച്ചുകൊണ്ട് തൻറെ കൂടി സാമൂഹിക അസ്തിത്വം പേറുന്ന ഒരാളുടെ പ്രാതിനിധ്യം അധികാര സ്ഥാനത്ത് ഉണ്ടാകണമെന്ന അഭിലാഷമല്ലേ ഇത് പ്രകടമാക്കുന്നത്? ഇത്തരത്തിൽ ജയശങ്കർമാരുടെയും ഓൺലൈൻ കേശവൻമാമന്മാരുടെയും സ്വ സമുദായ സ്നേഹത്തിൽ വർഗീയതയില്ലേ? അവിടെ എന്താണ് പൊതു സമൂഹ ത്തിന് വർഗീയതയെ കാണാൻ സാധിക്കാതെ പോകുന്നത്? എൻ.എസ്.എസിന്റെയും ആർ.എസ്.എസിന്റെയും വോട്ടുകൾ സംഘടനാ നേതൃത്വത്തിൻ്റെ രാഷ്ട്രീയ ആഹ്വാനപ്രകാരം ചെയ്യപ്പെടുമ്പോൾ അത് വർഗീയ വോട്ട് ആയി കണക്കാക്കപ്പെടാത്തതെന്താണ്? സഭാ അടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ടിരിക്കുന്ന കേരള കോൺഗ്രസിൻറെ എ മുതൽ ഇസഡ് വരെയുള്ള പാർട്ടികളുടെ വോട്ട് വർഗീയമല്ലേ ?

മുഹമ്മദ് റിയാസിനെ "മരുമോനായി" മാത്രം പരിചയപ്പെടുത്തുന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ഇടപെടലുകളുടെ വിമർശനമെന്ന രീതിയിൽ സൂചിപ്പിക്കാനല്ല, മറിച്ച് അദ്ദേഹത്തിൻറെ മതപരമായ സ്വത്വത്തെ മുന്നോട്ട് കൊണ്ടുവരാനാണ്. "മുസ്ലിം മുഖം", "പാരമ്പര്യ ബന്ധം", "അഭ്യൂഹങ്ങൾ", ഇതെല്ലാം റിയാസിനെതിരെ നിരന്തരം ഉപയോഗിച്ചുകൊണ്ട് പ്രചരിപ്പിക്കുന്ന ഇസ്ലാമോഫോബിയ, ഒരു സാമൂഹിക മാനസികാവസ്ഥയായി മാറുകയാണ്.

പിണറായി വിജയനെ ജാതിപരമായി ലക്ഷ്യമിടുന്ന രീതിയിലുള്ള വിമർശനം പോലും ഇതേ രീതി പിന്തുടരുകയാണ്. രാഷ്ട്രീയ വിമർശനമെന്ന പേരിൽ ജാതിവൈരമാണ് നുഴഞ്ഞുകയറുന്നത്. മുഹമ്മദ് റിയാസിൻ്റെ മതേതര കാഴ്ചപ്പാടിനെപറ്റി സനാതനികൾക്കൊഴികെ മാറ്റാർക്കും തർക്കമുണ്ടാകുമെന്ന് തോന്നുന്നില്ല. പക്ഷേ താൻ മതേതര പക്ഷത്താണ് എന്ന് റിയാസിന് നിരന്തരം തെളിയിക്കേണ്ടി വരുന്നു, പ്രസ്താവന നടത്തേണ്ടി വരുന്നു.ഇത് മുസ്ലിം മത വിശ്വാസിയായ കുടുംബത്തിൽ ജനിച്ചത് കൊണ്ട് മാത്രമുള്ള ഗതികേടാണ്. അതൊരു. ഘടനാപരമായ പരിമിതി കൂടിയാണ് ' വിശ്വഹിന്ദു പരിഷത്തിൻ്റെ, ആർ എസ് എസിൻ്റെ, ഹിന്ദു മഹാസഭയുടെ, ജാതി ഫണ്ടമെൻ്റലിസ്റ്റ് ആയ എൻ.എസ്.എസിൻ്റെ വോട്ടുകളെ പറ്റി ഇങ്ങനെ പറയേണ്ട ഗതികേട് എം. സ്വരാജിനോ, പി. രാജീവിനോ ബാലഗോപാലിനൊ, സമാന സാമൂഹിക അസ്ഥിത്വം പേറുന്ന ഇതരരാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ നേതാക്കന്മാർക്കോ ഉണ്ടാവുന്നുമില്ല എന്നോർക്കണം. അവിടെയാണ് ഇത് റിയാസിൻ്റെ മാത്രം ബാധ്യതയായി മാറുന്നത്.

പലപ്പോഴും, കീഴാള, പിന്നോക്ക, പീഡിത ന്യൂനപക്ഷ വിഭാഗങ്ങളിൽപെട്ട മുഖ്യധാരാ രാഷ്ട്രീയയിൽ പാർട്ടികളിൽ നിൽക്കുന്ന നേതാക്കൾക്ക് കക്ഷിരാഷ്ട്രീയ വിമർശനത്തിന്റെ മറയിൽ വ്യക്തി അധിക്ഷേപവും സംഘടിതമായ സാമൂഹ്യ- രാഷ്ട്രീയപരമായ ഉന്മൂലനം ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങൾ നേരിടേണ്ടി വരുന്നു എന്നുള്ളത് ഒരു വസ്തുതയാണ്. അതിന് എത്രയോ ഉദാഹരണങ്ങൾ നമ്മുടെ മുന്നിലുണ്ട്.

ചരിത്രപരമായ സമുദായവോട്ടിന്റെ തർക്കഭൂമി

1891ലാണ് മലയാളി മെമ്മോറിയൽ എന്ന നിവേദനം തിരുവിതാംകൂർ രാജാവിന് കൊടുത്തത്. തിരുവിതാംകൂർ സർക്കാർ സർവീസിൽ തമിഴ് ബ്രാഹ്മണർക്ക് മാത്രം ഉന്നതമായ ഔദ്യോഗികമായ സ്ഥാനങ്ങൾ നൽകുന്നുവെന്നും അത്തരം സ്ഥാനങ്ങൾ മലയാളികൾക്ക് നൽകണമെന്നും ആവശ്യപ്പെട്ടാണ് നിവേദനം. അന്നത്തെ ആ മലയാളി മെമ്മോറിയൽ ഒപ്പുവെച്ചത് നായരും ഈഴവരും ആണ്. അപ്പോൾ ദലിതർക്ക് വിദ്യാഭ്യാസം സ്വപ്നം കാണാൻ പോലും കഴിയുമായിരുന്നില്ല. 1915 ലാണല്ലോ പഞ്ചമി കയറിയ ഊരുട്ടമ്പലം സ്കൂൾ ചുട്ടെരിക്കപ്പെട്ടത്. അതിനും 24 കൊല്ലം മുമ്പാണ് ഈ സംഭവം. പക്ഷേ അതിൻപ്രകാരം, ഈഴവർക്ക് ഉന്നത സ്ഥാനങ്ങളൊന്നും ലഭിച്ചില്ല. തുടർന്ന് 5 വർഷങ്ങൾക്ക് ശേഷം 1896 ൽ ഈഴവ മെമ്മോറിയൽ എന്ന് പ്രത്യേകം കൊടുക്കേണ്ടി വന്നു. അന്നത്തെ മലയാളി എന്ന് പറയുന്ന നിർവചനത്തിൽ നായർ മാത്രമേ പെടുമായിരുന്നുള്ളൂ എന്നാണ് അത് കാണിക്കുന്നത്. ഇന്നും അങ്ങനെതന്നെ. പുരോഗമന മലയാളി, പുതു മലയാളി, സാംസ്കാരിക നായ(ക)ന്മാർ.

ഇവരുടെ വോട്ടുകൾ അതു സംഘപരിവാരത്തിൻ്റെയും എൻ.എസ്.എസിൻ്റെ യും രൂപത്തിൽ ആണെങ്കിൽ പോലും ഒട്ടും വർഗീയമല്ല, സമുദായികമല്ല. അതേസമയം മുസ്ലിമിന്റെയും ദലിതന്റെയും ഒക്കെ വോട്ടുകൾ വർഗീയവും സാമുദായികവുമാണ്. 1891-ലെ മലയാളി മെമ്മോറിയൽ ജാതി, ഭാഷ, സാമുദായിക തിരിച്ചറിവുകൾ ഉൾപ്പെട്ട ആദ്യത്തെ രാഷ്ട്രീയ ഇടപെടലായിരുന്നുവെങ്കിലും അതിൽ ഉൾപ്പെടുന്നത് നായർ–ഈഴവ കൂട്ടായ്മ മാത്രം ആയിരുന്നു.പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ അവസാനം ഉയർന്ന ഈ ആവശ്യം തുല്യതയുടെ രാഷ്ട്രീയമായ തുടക്കമായി. പക്ഷേ, അതിനൊരു പരിപൂർണ പ്രാതിനിധ്യമാകാൻ കഴിഞ്ഞില്ല. 1896-ലെ ഈഴവ മെമ്മോറിയൽ ‘മലയാളി’ എന്ന നിർവചനം എന്തെന്നു തുറന്ന് കാണിച്ചു എന്നതാണ് അതിൻ്റെ പ്രാധാന്യം . ആ മലയാളിബോധം ഇന്നും തുടരുകയാണ്. “പുരോഗമന മലയാളി” എന്നത് പൊതുവെ സവർണ്ണ, ഭൂരിപക്ഷ വിഭാഗങ്ങളെയും, പാർശ്വവത്കൃത വിഭാഗങ്ങളിലെ പ്രമാണികളായ പുരുഷന്മാരെയും മാത്രം ഉൾപ്പെടുത്തി മാത്രമാണ് ഉപയോഗിക്കപ്പെടുന്നത്.

ന്യൂനപക്ഷ /ദലിത് വോട്ടുകൾ ; നിരന്തര സംശയത്തിന്റെ നിഴൽ!

ജനാധിപത്യത്തെ മുൻനിർത്തി മതസ്വതന്ത്ര സമൂഹത്തെ കെട്ടിപ്പടുത്തുവെന്നു അവകാശപ്പെടുന്നവരാണ് ഇന്ന് ന്യൂനപക്ഷ /ദലിത് ജനവിഭാഗങ്ങളുടെ രാഷ്ട്രീയ ചേരിതിരിവുകളെ നിരന്തരം ചോദ്യം ചെയ്യുന്നത്. എന്താണ് അവരുടെ സംഘടിത താത്പര്യം? ആരാണവരുടെ സാമ്പത്തിക സ്രോതസ്സ്? എന്ന അന്വേഷണത്തിനു പിറകിൽ അവരെയും അവരുടെ താത്പര്യങ്ങളെയും തന്നെ അസാധുവാക്കുകയാണ് ഉദ്ദേശം. അടിസ്ഥാന ജനവിഭാഗങ്ങളെ, പീഡിത ന്യൂനപക്ഷങ്ങളെ വർഗീയമെന്നും സാമുദായികമെന്നും ചാപ്പ കുത്തുന്നതും, ഇവരുടെ വോട്ടു വേണ്ടെന്നു മേനി പറയുന്നതും തികഞ്ഞ ജനാധിപത്യവിരുദ്ധതയും വർഗീയതയുമാണ്.

വ്യത്യസ്ത സാമുദായിക വിഭാഗങ്ങൾ നിലനിൽക്കുന്ന ഇന്ത്യയിൽ അടിസ്ഥാന ജനവിഭാഗങ്ങളും പീഡിത ന്യൂനപക്ഷങ്ങളും സാമുദായികമായി നടത്തിയ ഇടപെടലിന്റെ ഭാഗമായാണ് ഇന്ത്യയിലെ സാമൂഹിക മാറ്റം ഉണ്ടായത്. ദേശീയതയോട് പോലും ഇവർ പ്രതികരിച്ചതുകൊണ്ടു മാത്രമാണ് ബഹുസ്വര മതേതര ജനാധിപത്യ ഇന്ത്യ രൂപം കൊണ്ടത്. ഇവരുടെ വോട്ടുകൾ വേണ്ടെന്നു പറയുന്നതും സംഘപരിവാർ ഭരണകൂടം മുസ്ലീങ്ങളുടെ വോട്ടവകാശത്തെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നതും പിൻപറ്റുന്നത് സവർണ്ണ ഹൈന്ദവ ഒളിഗാർക്കിയുടെ താല്പര്യങ്ങളാണ്.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ ചർച്ചകൾ, മുസ്ലിം രാഷ്ട്രീയ പൗരാവകാശങ്ങളെ യഥാർത്ഥത്തിൽ അവഗണിക്കുന്ന രീതിയിലാണ് മുന്നോട്ടു പോകുന്നത്. പ്രമുഖ മാധ്യമപ്രവർത്തകരും സാമൂഹികമാധ്യമങ്ങളിൽ ഇടപെടുന്നവരും തെരഞ്ഞെടുപ്പ് ഫലത്തെ ആധുനിക ഇസ്ലാമോഫോബിയയുടെ ഏക മുഖപ്രക്ഷേപണമായി മാറ്റുമ്പോൾ, മതേതരത്വം എന്നത് സവർണ്ണതയുടെ രാഷ്ട്രീയ ആയുധമായി മാത്രം മാറുന്നു.

മതേതരത്വം : രാഷ്ട്രീയമാർഗ രേഖയുടെ അഭാവം

മതേതരത്വം ഒരു ഉട്ടോപ്യയോ കയ്യെത്തി പിടിക്കാനാകാത്തൊരു ആധുനിക യുക്തിയോ ആവുകയാണ്. കേരളത്തിന്റെ രാഷ്ട്രീയമാതൃകകൾ മാതൃകാപരമായ മാറ്റത്തിനാണ് വിധേയമാകേണ്ടത്. മതപരമായ വ്യതിരിക്തതകൾ ഇല്ലാതാക്കാൻ ഒരു മതേതര രാജ്യത്തിന് സാധിക്കില്ല; അത് നീതിയുക്തവും അല്ല. മതപരമായ തിരിച്ചറിവുകളെ മാന്യമായി ഉൾക്കൊണ്ടുള്ള രാഷ്ട്രീയം മാത്രമാണ് സാമുദായിക തുല്യതയിലേക്ക് നയിക്കുക. നിലമ്പൂരിനെ, ജയപരാജയങ്ങളായല്ല;മറിച്ച്, സമൂഹത്തിലെ അടിത്തട്ട് സമൂഹങ്ങൾക്ക് കൂടുതൽ ശക്തമായ രാഷ്ട്രീയ ഇടപെടലുകൾ ആവശ്യമാണ് എന്നത് വെളിപ്പെടുത്തുന്ന ഒരു രാഷ്ട്രീയ സംഭവമായിട്ടാണ് മനസ്സിലാക്കേണ്ടത് '. മുസ്ലിംകളുടേയും ദലിതുകളുടേയും വോട്ടുകൾ മതേതരത്വത്തിനും ജനാധിപത്യത്തിനും ഹാനികരമാണെന്നു പറയുന്നവരെക്കുറിച്ചാണ് നാം രാഷ്ട്രീയ മായി ആശങ്കപ്പെടേണ്ടത്.

ഇനി നിങ്ങൾക്ക് ഏതെങ്കിലും വിഭാഗത്തെ വർഗീയം എന്ന് മുദ്രകുത്തിയേ തീരൂ എങ്കിൽ അതിൻ്റെ മാനദണ്ഡം അപരസമുദായങ്ങളെ ജനാധിപത്യ രീതിയിൽ പരിഗണിക്കാത്തതും അവരുടെ ജനാധിപത്യ അവകാശങ്ങളും സാമൂഹിക നീതിയും നിഷേധിക്കുന്നതുമായ ഒരു സമൂഹത്തെയാണോ ആ വിഭാഗം പ്രതിനിധീകരിക്കുന്നത് എന്നതാണ്. സനാതന അധർമ്മത്തിന്റെ പേരിൽ അധികാരം കയ്യാളുന്നതും ഇതര സമുദായങ്ങളുടെ അധികാരത്തിൽ നിന്നും ഭൂമിയിൽ നിന്നും വിഭവങ്ങളിൽ നിന്നും അവരെ അകറ്റുന്നവരാണോ ആ വിഭാഗം? എന്നതാണ്. വർണാശ്രമ / സനാതന അധർമ്മത്തിന്റെ അടിസ്ഥാനത്തിൽ അത് പ്രത്യയശാസ്ത്രപരമായും സംഘടനാപരമായും സാംസ്കാരികമായും സാമൂഹികമായും രാഷ്ട്രീയമായും നിയമപരമായും പോലും സംഘടിതരാണോ ? എന്നതാണ് വർഗീയമെന്ന് വിളിക്കുന്നതിന് സർവ്വഥായോഗ്യർ മേൽപ്പറഞ്ഞ കൂട്ടരാണ്. അത്തരം വർഗീയ ശക്തികൾ എൽഡിഎഫുമായും യുഡിഎഫുമായും വ്യത്യസ്ത രൂപങ്ങളിലും ഘടനകളിലും തെരഞ്ഞെടുപ്പുകാലത്തു മാത്രമല്ല എല്ലായ്പ്പോളും 'സഖ്യ'ത്തിലുമാണ്. അതിനെയാണ് ഡോ. അംബേദ്കർ ഓളിഗാർക്കി എന്ന് വിശേഷിപ്പിക്കുന്നത്.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - ലജിത് വി.എസ്

contributor

ചരിത്ര വിഭാഗം മേധാവി ദേവസ്വം ബോർഡ് കോളേജ് ശാസ്താംകോട്ട

Similar News