പൃഥ്വി ഷാ: പാളം തെറ്റിയ റോളർ കോസ്റ്റർ

അമ്യൂസ്‌മെന്റ് പാര്‍ക്കിലെ റോളര്‍ കോസ്റ്റര്‍ പോലെയാണ് ഷായുടെ കരിയര്‍. കുത്തനെയുള്ള കയറ്റവും ഇറക്കവും നിറഞ്ഞ കരിയര്‍ ഒരിക്കല്‍ പോലും നേര്‍വഴിയേ പോയിട്ടില്ല. എത്രയോ ഉയരത്തിലെത്തേണ്ട കരിയറാണ് അഞ്ച് ടെസ്റ്റിലും ആറ് ഏകദിനത്തിലും ഒരു ട്വന്റി ട്വന്റിയിലുമായി 25ാം വയസില്‍ നിലച്ചത്. 'എല്ലാം എന്റെ പിഴ' എന്ന് ഏറ്റുപറഞ്ഞ് തിരിച്ചുവരവിനുള്ള ശ്രമത്തിലാണ് ഷാ

Update: 2025-07-03 10:25 GMT
Advertising

രാജ്‌കോട്ടിലെ പുല്ല് നിറഞ്ഞ പിച്ച്. പന്തെറിയാനെത്തുന്നത് വെസ്റ്റിന്‍ഡീസിന്റെ ഓപണിങ് ബൗളര്‍ കീമോ പോള്‍. ബാറ്റിങ് എന്‍ഡില്‍ പൊടിമീശ പോലും മുളക്കാത്തൊരു കൊച്ചുപയ്യന്‍. തൊട്ടുമുന്‍പത്തെ ഓവറില്‍ ലോകേഷ് രാഹുല്‍ പൂജ്യത്തിന് പുറത്തായതിന്റെ ടെന്‍ഷനിലാണ് ഇന്ത്യന്‍ ക്യാമ്പ്. എന്നാല്‍, കീമോ പോളിന്റെ 140 കിലോമീറ്റര്‍ വേഗതയിലെത്തിയ ഇന്‍സ്വിംഗറിനെ എക്‌സ്ട്രാ കവറിലൂടെ ബൗണ്ടറിയിലേക്കയച്ച് പയ്യന്‍ അടി തുടങ്ങി. കരിയറിലെ ആദ്യമത്സരമെന്ന ടെന്‍ഷനേതുമില്ലാതെ അവന്‍ അടിച്ചുതകര്‍ക്കുമ്പോള്‍ ക്രിക്കറ്റ് ലോകം പുതിയൊരു സച്ചിനെ കാണുകയായിരുന്നു. 99ാം പന്തില്‍ അതേ കീമോ പോളിനെ ഡീപ് കവറിലേക്ക് തട്ടിയിട്ട് ശതകം കുറിക്കുമ്പോള്‍ പൃഥ്വി പങ്കജ് ഷായുടെ പ്രായം 18 വയസും 329 ദിവസവും. അരങ്ങേറ്റത്തില്‍ മൂന്നക്കം കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരം. 17ാം വയസില്‍ സെഞ്ച്വറി നേടിയ സച്ചിന്‍ ടെണ്ടുല്‍കറിന് ശേഷം ശതകം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരന്‍. മെയ് വഴക്കത്തിലും ഷോട്ടിലും ഉയരത്തിലുമെല്ലാം പഴയ സച്ചിന്റെ പുതിയ വേര്‍ഷന്‍. സച്ചിന്‍ വിരമിച്ചതിന്റെ നാലാം ദിനം മുംബൈ ആസാദ് മൈദാനില്‍ നടന്ന ഹാരിസ് ഷീല്‍ഡ് മാച്ചില്‍ 546 റണ്‍സടിച്ച് റെക്കോഡ് പുസ്തകത്തില്‍ ഇടം നേടുമ്പോള്‍ അവന് 15 വയസ് തികഞ്ഞിട്ടില്ല. ആ കാലം മുതല്‍ ഇതിഹാസത്തിന്റെ പിന്‍ഗാമിയെന്ന വിളിപ്പേരുണ്ട്. പക്ഷെ, കുത്തിത്തിയിരുന്ന പിച്ചിലെ വിക്കറ്റ് വീഴ്ചയെന്നപോലെ കരിയറില്‍ തകര്‍ന്നടിയുന്ന കാഴ്ചയാണ് പിന്നീട് ക്രിക്കറ്റ് ലോകം കണ്ടത്. പബിലെ രാത്രി ജീവിതവും ഡാന്‍സ് പാര്‍ട്ടിയും അച്ചടക്കമില്ലായ്മയും തര്‍ക്കങ്ങളും പണവും പ്രശസ്തിയും ഉത്തേജകമരുന്ന് വിവാദവും താന്‍പോരിമയുമെല്ലാം ചേര്‍ന്നപ്പോള്‍ അവന്‍ ക്രിക്കറ്റില്‍ നിന്ന് തന്നെ റണ്ണൗട്ടായി. ഒടുവില്‍, ഐ.പി.എല്‍ ലേലത്തില്‍ ആര്‍ക്കും വേണ്ടാത്ത താരമായി കരിയറിലെയും ജീവിതത്തിലെയും ഏറ്റവും മോശം അവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ അവന്‍ പശ്ചാത്തപിക്കുകയാണ്-'എല്ലാം എന്റെ പിഴ'.

കയറ്റിറക്കങ്ങളുടെ കരിയര്‍

അമ്യൂസ്‌മെന്റ് പാര്‍ക്കിലെ റോളര്‍ കോസ്റ്റര്‍ പോലെയായിരുന്നു ഷായുടെ കരിയര്‍. കുത്തനെയുള്ള കയറ്റങ്ങളും ഇറക്കങ്ങളും നിറഞ്ഞ ആ കരിയര്‍ ഒരിക്കല്‍ പോലും നേര്‍ വഴിയേ പോയിട്ടില്ല. എട്ടാം വയസില്‍ പൃഥ്വിയുടെ ബാറ്റിങ് കണ്ട നാട്ടുകാരനായ സാക്ഷാല്‍ സച്ചിനാണ് ഇവന്‍ ഇന്ത്യന്‍ ടീമിലെത്തുമെന്ന് ആദ്യമായി പ്രവചിച്ചത്. സച്ചിന്‍ വിരമിച്ച് നാലാം ദിവസമായിരുന്നു ഹാരിസ് ഷീല്‍ഡ് മാച്ചില്‍ റിസ്വി സ്പ്രിങ് ഫീല്‍ഡ് സ്‌കൂളിനായി പൃഥ്വി ഷാ 330 പന്തുകളില്‍ 546 റണ്‍സെടുത്തത്. അന്ന് ഇന്ത്യന്‍ സ്‌കൂള്‍ ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറായിരുന്നു അത്. 1988ല്‍ ഇതേ സ്‌കൂളിലായിരുന്നു സച്ചിന്റെ പ്രസിദ്ധമായ ട്രിപ്പിള്‍ സെഞ്ച്വറി പ്രകടനം. 326 റണ്‍സെടുത്ത സച്ചിനൊപ്പം മറ്റൊരാള്‍ കൂടിയുണ്ടായിരുന്നു, ഉറ്റ സുഹൃത്ത് വിനോദ് കാംബ്‌ളി. അന്ന് 349 റണ്‍സെടുത്ത വിനോദ് കാംബ്‌ളിയുടെ അതേ അവസ്ഥയിലേക്കാണോ പൃഥ്വിയുടെ യാത്രയെന്നാണ് ക്രിക്കറ്റ് ലോകത്തിന്റെ ചോദ്യം.

തുടക്കം ഗംഭീരം

അരങ്ങേറ്റ മത്സരങ്ങള്‍ അവന് ഹരമായിരുന്നു. 2016ല്‍ രഞ്ജി ട്രോഫിയിലും ദുലീപ് ട്രോഫിയിലും അരങ്ങേറ്റത്തില്‍ സെഞ്ച്വറി. വിന്‍ഡീസിനെതിരായ കന്നി ടെസ്റ്റില്‍ മാന്‍ ഓഫ് ദ മാച്ചും ആദ്യ പരമ്പരയില്‍ മാന്‍ ഓഫ് ദ സീരീസും. 2018 അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ കിരീടമണിയുമ്പോള്‍ നായകസ്ഥാനത്ത് പൃഥ്വിയായിരുന്നു. അന്ന് പൃഥ്വിയുടെ നിഴലായി നിന്ന ശുഭ്മാന്‍ ഗില്ലാണ് ഇപ്പോള്‍ ഇന്ത്യന്‍ ദേശീയ ടീമിന്റെ നായകന്‍ എന്നത് കാലം കാത്തുവെച്ച വിധി.

2019ലെ ഓസീസ് പരമ്പരയില്‍ ഇടം കിട്ടിയെങ്കിലും പരിശീലന മത്സരത്തിനിടെ കാലിന് പരിക്കേറ്റതോടെയാണ് പൃഥ്വിയുടെ ദുര്‍വിധി തുടങ്ങുന്നത്. ആസ്‌ട്രേലിയയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയ അവന് പരമ്പര പൂര്‍ണമായി നഷ്ടപ്പെട്ടു. അടുത്ത വര്‍ഷം മടങ്ങിവരവ് പ്രതീക്ഷിച്ചിര്ിക്കുമ്പോഴാണ് ഉത്തേജക മരുന്ന് വിവാദം. സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കിടെ ശേഖരിച്ച സാമ്പിളില്‍ ഉത്തേജക മരുന്നിന്റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. ചുമയും ജലദോഷവും മാറ്റാന്‍ ഉപയോഗിച്ച കഫ് സിറപ്പാണ് വില്ലനായതെന്ന് ഷാ വിശദീകരിച്ചെങ്കിലും മുംബൈ ക്രിക്കറ്റ് അസോസിയേഷനും ടീം ഫിസിയോയും കൈവിട്ടു. ഇതോടെ എട്ട് മാസം വിലക്ക്. മടങ്ങിയെത്തിയെങ്കിലും മുംബൈയുടെ ഡ്രസിങ് റൂമിലെ മോശം പെരുമാറ്റത്തിന്റെ പേരില്‍ വീണ്ടും താക്കീത്.

ഇതിനിടയിലും ഷായിലെ പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ ഇടക്കിടെ കണ്ടിരുന്നു. ഐ.പി.എല്ലിലും രഞ്ജിയിലും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും വിജയ് ഹസാരെയിലും കൗണ്ടിയിലുമെല്ലാം ഷായുടെ ഫോം മിന്നിമറഞ്ഞു. എന്നാല്‍, സ്ഥിരതയുണ്ടായിരുന്നില്ല. വിവാദങ്ങള്‍ക്ക് മാത്രം യാതൊരു കുറവുമില്ലായിരുന്നു. 2020ല്‍ ബോര്‍ഡര്‍ -ഗവാസ്‌കര്‍ ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചെങ്കിലും വിവാദവും കൂട്ടിനെത്തി. സിഡ്‌നിയിലെ പരിശീലന മത്സരത്തില്‍ മടിപിടിച്ച പൃഥ്വി പരിക്ക് അഭിനയിച്ച് ഡ്രസിങ് റൂമിലേക്ക് മടങ്ങാന്‍ ശ്രമിക്കുകയായിരുന്നു. നായകന്‍ അജന്‍ക്യ രഹാനെയാണ് ഈ കള്ളത്തരം കൈയോടെ പൊളിച്ചത്. ഓസീസിനെതിരെ അഡ്‌ലൈഡിലെ ആദ്യ ടെസ്റ്റില്‍ ഇടംനേടിയെങ്കിലും ആദ്യ ഇന്നിങ്‌സില്‍ പൂജ്യനായി മടങ്ങി. രണ്ടാം ഇന്നിങ്‌സില്‍ നാല് റണ്‍സ്. പിന്നീട് ദേശീയ ടീമിന്റെ ടെസ്റ്റ് ജേഴ്‌സി അണിഞ്ഞിട്ടില്ല. എത്രയോ ഉയരത്തിലെത്തേണ്ട കരിയറാണ് അഞ്ച് ടെസ്റ്റിലും ആറ് ഏകദിനത്തിലും ഒരു ട്വന്റി ട്വന്റിയിലുമായി 25ാം വയസില്‍ നിലച്ചത്.

ഐ.പി.എല്ലിലും രക്ഷയില്ല:

വിവാദങ്ങളും ഫോമില്ലായ്്്മയും ഐ.പി.എല്ലിലും പിന്നാലെയുണ്ടായിരുന്നു. 2018ല്‍ 1.2 കോടി രൂപക്കാണ്് ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് (ഇപ്പോള്‍ ഡല്‍ഹി കാപിറ്റല്‍സ്) പൃഥ്വിയെ ടീമിലെത്തിച്ചത്. രണ്ടാം മത്സരത്തില്‍ തന്നെ 44 പന്തില്‍ 62 റണ്‍സെടുത്ത് വരവറിയിച്ചു. 2021 സീസണില്‍ ടോപ് സ്‌കോറര്‍മാരില്‍ ഏഴാമാനായി. 2022ല്‍ നടന്ന മെഗാ ലേലത്തില്‍ 7.5 കോടി മുടക്കി ഡല്‍ഹി തന്നെ ഷായെ നിലനിര്‍ത്തി. ഐ.പി.എല്ലില്‍ ഒരു ഓവറില്‍ ആറ് പന്തും ഫോര്‍ നേടിയ രണ്ട് താരങ്ങളില്‍ ഒരാളാണ് ഷാ. 2021ല്‍ കൊല്‍ക്കത്തയുടെ ശിവം മാവിയെയാണ് തുടര്‍ച്ചയായി അതിര്‍ത്തികടത്തിയത്. എന്നാല്‍, പരിശീലനത്തിനിറങ്ങാതെയും മടിപിടിച്ചും അവന്‍ ടീം മാനേജ്‌മെന്റിനെ വെറുപ്പിച്ചുകൊണ്ടിരുന്നു. ഇതിനെതിരെ പരിശീലകന്‍ റിക്കി പോണ്ടിങ് തന്നെ നേരിട്ട് രംഗത്തെത്തി. പരിശീലനത്തിന് വിളിച്ചാല്‍ പോലും വരുന്നില്ലെന്നായിരുന്നു ്‌പോണ്ടിങ്ങിന്റെ പരാതി. തൊട്ടടുത്ത വര്‍ഷത്തെ ഐ.പി.എല്ലിന്റെ ഫിറ്റ്‌നസ് ടെസ്റ്റിലും പരാജയമായി. ഇതോടെ ദേശീയ ടീമിന്റെ പടി ഏറെക്കുറെ അടഞ്ഞു. ഫിറ്റ്‌നസില്‍ ശ്രദ്ധിക്കാതെ വന്നതോടെ തടി കൂടി. രണ്ട് വര്‍ഷം മുന്‍പ് അടിപിടിക്കേസും എത്തി. സെല്‍ഫിയെടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് പിന്തുടര്‍ന്നെത്തിയ സംഘം ഷായെയും സുഹൃത്തിനെയും ആക്രമിക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം സൗദിയില്‍ നടന്ന ഐ.പി.എല്‍ ലേലത്തില്‍ ആര്‍ക്കും വേണ്ടാത്തവനായി. താന്‍ ഇത് പ്രതീക്ഷിച്ചിരുന്നുവെന്നായിരുന്നു അവന്റെ പ്രതികരണം. കഴിഞ്ഞ രഞ്ജി സീസണില്‍ മുംബൈ ടീമില്‍ പോലും ഇടം ലഭിക്കാത്ത അവസ്ഥയിലേക്ക് അവനെ എത്തിച്ചത് അച്ചടക്കമില്ലാത്ത ജീവിത ശൈലിയായിരുന്നു. പബുകളില്‍ കുടിച്ച് കൂത്താടുന്നതും പെണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം കറങ്ങിനടക്കുന്നതുമെല്ലാം സാമൂഹിക മാധ്യമങ്ങള്‍ ആഘോഷമാക്കി. ഒടുവില്‍, മുംബൈ ക്രിക്കറ്റുമായുള്ള ബന്ധം അവസാനിപ്പിച്ച് മഹാരാഷ്ട്രയിലേക്ക് ചേക്കേറാനുള്ള ഒരുക്കത്തിലാണ് പൃഥ്വി ഷാ. മാനസാന്തരത്തിന്റെ പാതിയില്‍ സഞ്ചരിക്കുന്ന ഷായുടെ ഒടുവിലത്തെ വാക്കുകള്‍ പ്രതീക്ഷ പകരുന്നതാണ്. അതിങ്ങനെയായിരുന്നു-''തെറ്റായ തീരുമാനങ്ങള്‍ എന്റെ കരിയര്‍ നശിപ്പിച്ചു. മോശം സൗഹൃദങ്ങളുണ്ടായതോടെ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിഞ്ഞില്ല. തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്'.


Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

Similar News