മന്നത്ത് പത്മനാഭന്റെ പുനരാവിഷ്കാരം- ആദം അയൂബ്
ജാതിമേൽക്കോയ്മയും ഫ്യൂഡൽ വ്യവസ്ഥിതിയും ഒക്കെ നിലനിന്നിരുന്ന അന്നത്തെ സാമൂഹ്യപരിസ്ഥിതിയെ വസ്തുനിഷ്ഠമായിത്തന്നെ അനാവരണം ചെയ്യാൻ എം.എസ്. സത്യു ആത്മാർഥമായി ശ്രമിച്ചു
ഹിന്ദി സിനിമയുടെ സാമ്പ്രദായിക പാതകളിൽ നിന്നും മാറി സഞ്ചരിച്ച ഒരു ചലച്ചിത്രകാരനായിരുന്നു വിനോദ് പാണ്ഡെ. വിവാഹേതര ബന്ധങ്ങളെ പ്രമേയമാക്കിക്കൊണ്ട് അദ്ദേഹം നിർമിച്ച് രചനയും സംവിധാനവും നിർവഹിച്ച ചലച്ചിത്ര ത്രയമാണ് ‘ഏക് ബാർ ഫിർ’ -1980’,‘യേ നസ്ദീക്കിയാ’-1982 , ‘സച്ച്’-1989 എന്നിവ. ലണ്ടനിൽ ബിബിസിയുടെ ഹിന്ദി വാർത്താ അവതാരകനായി ജോലി ചെയ്യുമ്പോൾ, 1980 ൽ അദ്ദേഹം പൂർണമായും ലണ്ടനിൽ വെച്ചാണ് തന്റെ ആദ്യ ചിത്രമായ ‘ഏക് ബാർ ഫിർ’നിർമിച്ചത്. വളരെ ധീരമായ ഒരു ചുവടുവെപ്പായി നിരൂപകർ വിശേഷിപ്പിച്ച ഈ സിനിമ, ഇന്ത്യയിൽ റിലീസ് ചെയ്തു പ്രദർശന വിജയം നേടിയെങ്കിലും,പൂർണ്ണമായും വിദേശത്തു നിർമ്മിച്ചതിനാൽ ഇന്ത്യൻ സിനിമയായി പരിഗണിക്കപ്പെടാത്തത് കൊണ്ട് ദേശീയ ചലച്ചിത്ര പുരസ്ക്കാരത്തിന് മത്സരിക്കാൻ അർഹത നേടിയില്ല.
തുടർന്ന് അദ്ദേഹം ഇന്ത്യയിലേക്ക് വരികയും, ഈ ത്രയത്തിലെ രണ്ടാമത്തെ സിനിമ ‘യേ നസ്ദീക്കിയാ’ നിർമ്മിക്കുകയും ചെയ്തു. ഈ സിനിമയും വൻവിജയം നേടി. ഈ രണ്ടു സിനിമകളിലും അദ്ദേഹം പ്രധാന വേഷങ്ങളിൽ പുതുമുഖങ്ങളെ അവതരിപ്പിച്ചു. മൂന്നാമത്തെ ചിത്രമായ ‘സച്’ നിർമിക്കുമ്പോൾ അദ്ദേഹം രണ്ടു സുപ്രധാന തീരുമാനങ്ങൾ എടുത്തു. ഒന്ന്, നായകനായി അദ്ദേഹം തന്നെ വേഷമിടുന്നു. രണ്ട്, ഈ സിനിമ പൂർണ്ണമായും കേരളത്തിൽ ചീത്രീകരിക്കുന്നു. ഒരു ലോ ബഡ്ജറ്റ് സിനിമയായിരുന്നു അത്. പുതുമുഖങ്ങളും ഹിന്ദി സിനിമയിലെ താരപ്പൊലിമ ഇല്ലാത്ത അഭിനേതാക്കളുമാണ് ഈ സിനിമയിൽ വേഷമിട്ടത്. തിരുവനന്തപുരത്തെ ചിത്രാഞ്ജലി സ്റ്റുഡിയോയിലെ സാങ്കേതിക സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് പൂർണമായും കേരളത്തിൽ വെച്ച് ചിത്രീകരിക്കുന്ന സിനിമയ്ക്ക് കേരള സർക്കാർ നൽകുന്ന സബ്സിഡിയും മറ്റൊരു ആകർഷണമായിരുന്നു.
അദ്ദേഹം ആദ്യം കേരളത്തിൽ വന്ന്, ഇവിടത്തെ സൗകര്യങ്ങൾ ഒക്കെ വിലയിരുത്തുകയും , സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ (KSFDC) അധികാരികളുമായി കരാർ ഒപ്പിടുകയും ചെയ്തു. പി.ഗോവിന്ദപ്പിള്ള ആയിരുന്നു അന്ന് കെഎസ്എഫ്ഡിസിയുടെ ചെയർമാൻ.
കെഎസ്എഫ്ഡിസിയുമായി കരാർ ഒപ്പിട്ടു തിരിച്ചു പോകുന്നതിനു മുൻപ്, അദ്ദേഹം ഹിന്ദി അറിയാവുന്ന മലയാള നടന്മാരെക്കുറിച്ചു അന്വേഷിച്ചു. സ്വാഭാവികമായും ആ അന്വേഷണം എന്നിൽ വന്നെത്തി. അദ്ദേഹം എന്നെ പ്രധാനപ്പെട്ട ഒരു വേഷത്തിൽ കാസ്റ്റ് ചെയ്യുകയും മറ്റു കഥാപാത്രങ്ങളുടെ വിവരങ്ങൾ തരികയും ചെയ്തു. അതനുസരിച്ച് ജമീല മാലിക് ഉൾപ്പടെ കുറെ അഭിനേതാക്കളെ ഞാൻ ശിപാർശ ചെയ്യുകയും ചെയ്തു. അവരെയൊക്കെ നേരിൽ കണ്ടതിനു ശേഷം അദ്ദേഹം അവരെ കാസ്റ്റ് ചെയ്യുകയും ചെയ്തു. അന്ന് കഷ്ടിച്ച് മൂന്നു വയസ് മാത്രമുള്ള എൻറ്റെ ഇളയ മകൻ അർഫാൻ ആദ്യമായി അഭിനയിക്കുന്ന സിനിമയും ഇതായിരുന്നു. നായകന്റെ മകൻ ആയിട്ടാണ് അർഫാൻ അഭിനയിച്ചത്. വലിയ അഭിനയമൊന്നും ആവശ്യമില്ലാത്ത ഒരു ചെറിയ ര൦ഗമായിരുന്നു അത്. പക്ഷെ അത് അവനു ബാലചന്ദ്ര മേനോന്റെ ‘ഞങ്ങളുടെ കൊച്ചു ഡോക്ടർ’ എന്ന സിനിമയിലേക്കുള്ള ഒരു ചുവടു വെയ്പായി. (ഇപ്പോൾ അർഫാൻ കാനഡയിൽ എൻജിനീയർ ആണ്)
മാനസിക വിഭ്രാന്തി നേരിടുന്ന, വിനോദ് പാണ്ഡെയുടെ ഭാര്യയെ, ചികിത്സിക്കുന്ന ഡോക്ടറുടെ വേഷമായിരുന്നു എനിക്ക്. സിനിമ പൂർണ്ണമായും കേരളത്തിൽ ചിത്രീകരിക്കുകയും ശരാശരി വിജയം നേടുകയും ചെയ്തു. പിന്നീടൊരിക്കൽ ബന്ധപ്പെട്ടപ്പോൾ, സച് (സത്യം) സിനിമയുടെ ലാഭം കൊണ്ട് താൻ ബോംബെയിൽ ഒരു ഫ്ലാറ്റ് വാങ്ങിച്ച കാര്യം അദ്ദേഹം പറഞ്ഞു.
തകഴി ശിവശങ്കരപ്പിള്ള
ഹിന്ദി സിനിമയിൽ നിന്നും ഹിന്ദി സീരിയലിലേക്കായിരുന്നു അടുത്ത യാത്ര. അതും വിഖ്യാത ഇതിഹാസമായ തകഴി ശിവശങ്കരപ്പിള്ളയുടെ ‘കയർ’, കുട്ടനാടിന്റെ 200 വർഷത്തെ വിസ്തൃതമായ ചരിത്രം രേഖപ്പെടുത്തുന്ന കയർ, ഏഴര വർഷം കൊണ്ടാണ് തകഴി എഴുതിത്തീർത്തത്. കുട്ടനാടൻ ഗ്രാമത്തിൽ തലമുറകളായി ജീവിച്ച മനുഷ്യരുടെ കഥയാണത്. 200 വർഷം മുൻപ് നിലനിന്നിരുന്ന സാമൂഹ്യ വ്യവസ്ഥിതിയും, അതിൽ ക്രമേണ വന്ന മാറ്റങ്ങൾ എല്ലാം ഈ കഥയിൽ സവിസ്തരം പ്രതിപാദിച്ചിരിക്കുന്നു. എന്നാൽ മലയാളത്തിലെ ഈ ഇതിഹാസം സീരിയൽ ആയത് ഹിന്ദിയിലാണ്. ദൂരദർശന്റെ ദേശീയ ചാനലിൽ സംപ്രേഷണം ചെയ്ത കയറിന്റെ ഓരോ എപ്പിസോഡിന്റെയും തിരക്കഥ, മാതൃഭൂമി പത്രം മലയാളത്തിൽ സംപ്രേഷണ ദിവസം പരമ്പരയായി പ്രസിദ്ധീകരിച്ചിരുന്നു. ഈ സീരിയൽ സംവിധാനം ചെയ്തത് എം.എസ്. സത്യു എന്ന വ്യഖ്യാത ചലച്ചിത്രകാരൻ ആയിരുന്നു. പ്രഗത്ഭ നാടക പ്രവർത്തകനായിരുന്ന എം.എസ്. സത്യു , IPTA യുടെ (ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ) സ്ഥാപകാംഗങ്ങളിൽ ഒരാളായിരുന്നു.
എം.എസ്. സത്യു
ഇന്ത്യാ-പാകിസ്താൻ വിഭജനത്തെ ആസ്പദമാക്കി അദ്ദേഹം നിർമ്മിച്ച ‘ഗരം ഹവാ’, അനേകം പുരസ്കാരങ്ങൾ വാരിക്കൂട്ടിയ സിനിമയായിരുന്നു. പ്രമുഖ മലയാളം ഏഴുത്തുകാരനും പത്രപ്രവർത്തകനുമായിരുന്ന ബാബു ഭാസ്കർ ആണ് കയറിന്റെ തിരക്കഥ തയ്യാറാക്കിയത്.അദ്ദേഹത്തിന്റെ ഭാര്യയും എഴുത്തുകാരിയുമായ (Shama Zaidi) ശാമ സൈദിയാണ്, ഹിന്ദിയിൽ സംഭാഷണം എഴുതിയത്. പൂർണ്ണമായും , തകഴി വിഭാവനം ചെയ്ത, കുട്ടനാടൻ ഗ്രാമങ്ങളിൽ തന്നെയായിരുന്നു ചിത്രീകരണം. ജാതിമേൽക്കോയ്മയും ഫ്യൂഡൽ വ്യവസ്ഥിതിയും ഒക്കെ നിലനിന്നിരുന്ന അന്നത്തെ സാമൂഹ്യപരിസ്ഥിതിയെ വസ്തുനിഷ്ഠമായിത്തന്നെ അനാവരണം ചെയ്യാൻ എം.എസ്. സത്യു ആത്മാർഥമായി ശ്രമിച്ചു.
കരുവാറ്റയിലെ ഒരു ഹോട്ടലിൽ താമസിച്ചിട്ടാണ് ഞങ്ങൾ കുട്ടനാടിന്റെ ഉൾഗ്രാമങ്ങളിലേക്കു കാറിൽ യാത്ര ചെയ്തത്. കോൺക്രീറ്റ് വീടുകളോ, ഇലക്ട്രിക്ക് പോസ്റ്റുകളോ ഇല്ലാത്ത സ്ഥലങ്ങളിൽ തന്നെയായിരുന്നു ചിത്രീകരണം. അഭിനയിക്കാനായി ദിവസേന പുതിയ ആളുകൾ എത്തിക്കൊണ്ടിരുന്നു. തിരുവനന്തപുരത്തെ ഒരു കോളേജിലെ ഹിന്ദി പ്രൊഫസ്സറും അഭിനയിക്കാൻ എത്തിയിരുന്നു. ഹിന്ദി പ്രൊഫസർ എന്ന് കേട്ടപ്പോൾ സത്യുവിനു സന്തോഷമായി. അദ്ദേഹം പ്രൊഫസ്സർക്കു കുറെ സംഭാഷണം ഉള്ള നല്ലൊരു വേഷം തന്നെ നൽകി. അദ്ദേഹം തപ്പിത്തടഞ്ഞു ആ സംഭാഷണം പറയുന്നത് കേട്ടപ്പോൾ, സത്യുവും അദ്ദേഹത്തിന്റെ ഭാര്യ ശാമ സൈദിയും, സഹ സംവിധായികയായ സത്യുവിന്റെ മകൾ, സീമ സത്യുവും കണ്ണ് മിഴിച്ചു.
കന്നഡ നടൻ ശ്രീധർ (മണിച്ചിത്രത്താഴ് ഫെയിം)
‘ഇദ്ദേഹം എന്ത് ഭാഷയാണ് പറയുന്നത്?’ സീമ എന്നോട് ചോദിച്ചു.
അല്പം കഴിഞ് വിശ്രമ വേളയിൽ സത്യു സർ എന്നോട് പറഞ്ഞു ;-
‘ഇങ്ങനെയാണ് പ്രൊഫസർ കുട്ടികളെ ഹിന്ദി പഠിപ്പിക്കുന്നത് എങ്കിൽ, അവർക്കു കേരളത്തിന് പുറത്തു പോയി ഹിന്ദി പറയാൻ കഴിയില്ല’.
അപ്പോൾ ഞാനോർത്തത്, എന്റെ കുട്ടികളെ ഹിന്ദി പഠിപ്പിക്കാൻ സന്നദ്ധനായ എന്റെ ഒരു വിദ്യാർഥിയെക്കുറിച്ചാണ്. അയാൾ എന്റെ സഹസംവിധായകൻ ആയിരുന്നു. ഷൂട്ടിംഗ് ഇല്ലാത്ത ഇടവേളകളിൽ അയാൾ എന്റെ കുട്ടികളെ ഹിന്ദി പഠിപ്പിക്കാം എന്ന് സ്വയം ഏറ്റു. അയാൾക്കൊരു വരുമാനം ആയിക്കോട്ടെ എന്ന് കരുതി ഞാൻ സമ്മതിച്ചു. പക്ഷെ അയാൾ ഓരോ ഹിന്ദി വാക്കുകൾ ഉച്ചരിക്കുന്നത് കേട്ടപ്പോൾ ഞാൻ ആ ട്യൂഷൻ അവിടെ നിർത്തി. നൂറുകണക്കിന് കഥാപാത്രങ്ങളുള്ള ഈ സീരിയലിൽ അഭിനയിക്കാൻ പത്തോളം അഭിനേതാക്കൾ മാത്രമേ മുംബൈയിൽ നിന്ന് വന്നുള്ളൂ. സുധീർ പാണ്ഡെ, ആനന്ദ് മഹാദേവൻ, കന്നഡ നടൻ ശ്രീധർ (മണിച്ചിത്രത്താഴ് ഫെയിം) എന്നിവർ. ബാക്കി എല്ലാവരെയും കേരളത്തിൽ നിന്ന് തന്നെ കണ്ടെത്തുകയായിരുന്നു. കൂടാതെ ഇത്രയും പേരെ കൊണ്ട് പോയി ഡബ് ചെയ്യിക്കാൻ ബുദ്ധിമുട്ടുള്ളത് കൊണ്ട് സ്പോട് റെക്കോർഡിങ് ആണ് ചെയ്തിരുന്നത്. അതുകൊണ്ടു തന്നെ ഉച്ചാരണം വളരെ പ്രധാനമായിരുന്നു.
ഒരു നായർ പ്രമാണിയുടെ വേഷമായിരുന്നു എനിക്ക്. മുണ്ടും ഒരു മേൽമുണ്ടും, ക്ലീൻ ഷേവും, കുടുമയും ആയിരുന്നു വേഷം.. സുധീർ പാണ്ഡേയും ഞാനും ഉൾപ്പടെ നാലു പേരായിരുന്നു നായർ പ്രമാണികൾ.
രണ്ടു മാസത്തിലധികം നീണ്ടു നിന്ന ഷെഡ്യൂൾ ആയിരുന്നു. ഇടയ്ക്കു ഇടവേള കിട്ടുമ്പോൾ ഞാൻ കരുവാറ്റയിൽ നിന്നും തിരുവനന്തപുരത്തു വീട്ടിൽ പോയി വരുമായിരുന്നു. ഒരിക്കൽ അങ്ങിനെ പോയി വന്നപ്പോൾ സത്യു പറഞ്ഞു;-
‘അയൂബ് ഒരു വേഷം കൂടി ചെയ്യണം.’
‘എന്ത് വേഷം ?’
“നായർ നേതാവ് മന്നത്തുപദ്മനാഭന്റെ വേഷം’ സത്യു പറഞ്ഞു.
‘അപ്പോൾ ഞാൻ ചെയ്യുന്ന വേഷമോ ?’ ഞാൻ ചോദിച്ചു.
‘അത് സാരമില്ല , നമുക്ക് രൂപം മാറ്റാം’ അദ്ദേഹം പറഞ്ഞു.
‘രണ്ടു പേജിൽ കൂടുതൽ വരുന്ന ഒരു തീപ്പൊരി പ്രസംഗമാണ്.’
സംഭാഷണ രചയിതാവായ ശാമ സൈദീ പറഞ്ഞു.
‘അത് മുഴുവൻ മനഃപാഠം പഠിച്ചു, ശക്തമായി ഡെലിവറി ചെയ്യണം. നിങ്ങളുടെ ഹിന്ദി പ്രൊഫസറുടെ ഡെലിവറി നമ്മൾ കേട്ടതല്ലേ. ഇനി അതിലപ്പുറം ആരെ കൊണ്ടുവരും?’
‘പക്ഷെ എന്റെ രൂപം..? ’ ഞാൻ സംശയം പ്രകടിപ്പിച്ചു.
‘അതിനെക്കുറിച്ച് വിഷമിക്കണ്ട. മന്നത്തു പദ്മനാഭന്റെ ഫോട്ടോ ഉണ്ട് അതുപോലെ മേക്ക് ഓവർ ചെയ്താൽ നല്ല വ്യത്യസ്തമായിരിക്കും’ സീമ പറഞ്ഞു.
രണ്ടു പേജിലധികം വരുന്ന, ഹിന്ദിയിൽ എഴുതിയ പ്രസംഗം ശാമ എന്നെ ഏൽപ്പിച്ചു.
‘നാളെയാണ് ഷൂട്ട്. ഇത് പോയിരുന്നു മനഃപാഠം പഠിച്ചോളൂ.’
നായർ പ്രമാണിയുടെ വേഷം മുണ്ടും ഒരു മേല്മുണ്ടും മാത്രം ആയിരുന്നെങ്കിൽ, മന്നത്തു പദ്മനാഭന് മുണ്ടും, വളരെ അയഞ്ഞ, കോളർ ഇല്ലാത്ത ഒരു അരക്കയ്യൻ ഷർട്ടുമായിരുന്നു വേഷം. കുടുമയ്ക്കു പകരം എന്റെ സ്വന്തം മുടി എണ്ണ തേച്ചു മിനുക്കി മധ്യത്തിൽ പകുത്തു പുറകോട്ടു ചീകി വെച്ചു. നമ്മൾ കണ്ടിട്ടുള്ള പ്രായമായ മന്നത്തിന്റെ രൂപമല്ല ഇത്. അദ്ദേഹത്തിന്റെ കുറേക്കൂടി ചെറുപ്പമുള്ളൊരു പ്രായമാണ് ഞാൻ അവതരിപ്പിക്കേണ്ടത്.
പിറ്റെദിവസം ഞാൻ റെഡി ആയി സെറ്റിൽ എത്തി. പ്രസംഗം മുഴുവനും ഞാൻ മനഃപാഠം പഠിച്ചിരുന്നു.. എന്റെ ശ്രോതാക്കളായി വലിയൊരു ജനക്കൂട്ടം സ്റ്റേജിന് മുന്നിൽ തടിച്ചു കൂടിയിരുന്നു.
‘നായന്മാരെ നിങ്ങൾ ആദ്യമായി സംഘടിപ്പിക്കാൻ ശ്രമിക്കുകയാണ്.’
സത്യു പറഞ്ഞു.
‘അവരെ ഇളക്കിമറിക്കാൻ കഴിയുന്ന ആവേശ്വോജ്വലമായ ഒരു പ്രസംഗമായിരിക്കണം’.
അദ്ദേഹം ആക്ഷൻ പറഞ്ഞു. ഞാൻ രണ്ടു വാചകം പറഞ്ഞപ്പോഴേക്കും അദ്ദേഹം പറഞ്ഞു.
‘കട്ട് കട്ട്..പോരാ ..പോരാ. ഇതിന്റെ പത്തിരട്ടി വേണം. ഇതൊരു സിംഹത്തിന്റെ ഗർജ്ജനമാണ്. നിങ്ങളുടെ മുഖത്തെ മാംസപേശികൾ വരിഞ്ഞു മുറുകണം, കണ്ണുകളിൽ നിന്ന് തീ പാറണം . . . മുഷ്ടി ചുരുട്ടി അന്തരീക്ഷത്തിലേക്ക് എറിയണം. I want a high voltage performance !”.
എനിക്ക് കാര്യം പിടി കിട്ടി. ഇവിടെ ( subtle acting) സൂക്ഷ്മമായ ഭാവങ്ങൾ അല്ല വേണ്ടത്. അടിസ്ഥാനപരമായി ഒരു നാടകക്കാരനായ സത്യു ഇവിടെ ആവശ്യപ്പെടുന്നത് അത്യുക്തമായ ഭാവപ്രകടനങ്ങളാണ്. ഞാൻ ഗിയർ മാറ്റി ഇട്ടു. ഞാൻ പറഞ്ഞു
‘റെഡി സർ’.
സത്യു പറഞ്ഞു -
“റോൾ ക്യാമറാ ….ആക്ഷൻ .”
ഞാൻ ഒരു ദീർഘശ്വാസം എടുത്തു. എന്നിട്ടു സർവ ശക്തിയും കഴിവും സംഭരിച്ചു കൊണ്ട് ഞാൻ അലറി ;-
‘മേരെ സാഥിയോ…..
അണപൊട്ടി ഒഴുകുന്ന ജലപ്രവാഹം പോലെ വാക്കുകൾ അനർഗ്ഗളം പ്രവഹിച്ചു കൊണ്ടിരുന്നു. ലോങ്ങ് ഷോട്ടിലും , മിഡ് ഷോട്ടിലും ക്ലോസ് അപ്പീലുമായി സത്യു പ്രസംഗം ചിത്രീകരിച്ചു. സീൻ അവസാനിച്ചപ്പോൾ അദ്ദേഹം എന്നെ വന്നു കെട്ടിപ്പിടിച്ചു.
“wonderful performance ! You have given life to Mannathu Padmanabhan”.
ഞാൻ അഭിനയിച്ച വേഷങ്ങളിൽ എനിക്ക് ഏറ്റവും കൂടുതൽ ആത്മസംതൃപ്തി നൽകിയ കഥാപാത്രമായിരുന്നു മന്നത്തു പദ്മനാഭന്റേത്