വ്യത്യസ്തവും വിചിത്രവുമായ കഥകളുമായി ‘കഥകളതിസാദരം’

ആ വർഷം എം.ടി വാസുദേവൻ നായരുടെ ‘നാലുകെട്ട്’ സംപ്രേഷണം ചെയ്തിരുന്നു. മത്സരത്തിനു ‘നാലുകെട്ട്’ വന്നപ്പോൾ പിന്നെ ജൂറി മറ്റു സീരിയലുകൾ ഒന്നും ഗൗനിച്ചതേയില്ല. എല്ലാ അവാർഡുകളും ‘നാലുകെട്ടിനു’ ആയിരുന്നു. എന്റെ സീരിയലുകളിൽ ഏറ്റവും മികച്ചതെന്ന് പ്രേക്ഷകർ വിലയിരുത്തിയ കഥകൾ അതിസാദരം സംസ്ഥാന അവാർഡ് ജൂറി തഴഞ്ഞപ്പോൾ വളരെ നിരാശ തോന്നി. എന്നാൽ മറ്റൊരു വലിയ അംഗീകാരം ഈ സീരിയലിനെ തേടിയെത്തി

Update: 2025-05-05 10:26 GMT
Advertising

ഞാൻ സംവിധാനം ചെയ്ത 22 സീരിയലുകളിൽ ഒരു സർഗാത്മക സാഹസികതയായി എനിക്ക് അനുഭവപ്പെട്ടതും,എന്നാൽ എനിക്ക് ഏറ്റവും കൂടുതൽ സംതൃപ്തി നൽകുകയും ചെയ്ത സീരിയൽ ആയിരുന്നു ‘കഥകൾ അതിസാദരം’. ആധുനിക മലയാള ചെറുകഥാരംഗത്തെ ഒരു അതികായൻ ആയതുകൊണ്ട് മാത്രമല്ല, എസ്.വി വേണുഗോപൻ നായരുടെ ചെറുകഥകളെ ഞാൻ ബഹുമാനത്തോടെയും അല്പം ആശങ്കയോടെയും സമീപിച്ചത്. കഥയുടെ ശില്പഘടനയ്ക്കുള്ളിൽ അദ്ദേഹം ഒളിപ്പിച്ചു വെയ്ക്കുന്ന അർത്ഥദലങ്ങൾ, നല്ല കാവ്യാനുശീലനമുള്ള സഹൃദയരിൽ മാത്രമേ ഇതൾ വിടരുകയുള്ളു. ദാർശനിക ഭൂമികയിൽ വായിച്ചെടുക്കേണ്ടവയും, മനഃശാസ്ത്ര വിശകലനം ആവശ്യമായവയുമാണ് എസ്.വിയുടെ കഥകൾ. അപൂർവ്വസുന്ദരങ്ങളായ പ്രമേയങ്ങളും, അനുപമായ ആഖ്യാനശൈലിയും അദ്ദേഹത്തിന്റെ കഥകൾക്ക് ഹൃദ്യമായ വായനാനുഭവം നൽകുന്നു. എന്നാൽ അവയ്ക്കു ദൃശ്യ സാധ്യതകൾ ഉണ്ടോ എന്നായിരുന്നു , അദ്ദേഹത്തിന്റെ കഥകൾ വായിച്ചിട്ടുള്ള പലരുടെയും സംശയം. അദ്ദേഹത്തിന്റെ വരികൾക്കിടയിലെല്ലാം അനന്തമായ ദൃശ്യസാധ്യതകൾ ഒളിഞ്ഞു കിടപ്പുണ്ടെന്ന്, സൂക്ഷ്മ വായനയിൽ ഞാൻ തിരിച്ചറിഞ്ഞു. അദ്ദേഹത്തിന്റെ കഥകൾക്ക് കൃത്യമായി നിർവചിക്കാവുന്ന ആദ്യമധ്യാന്തങ്ങളില്ല. എന്നിട്ടും അദ്ദേഹത്തിന്റെ കഥകൾ പ്രമേയത്തിന്റെ വൈവിധ്യം കൊണ്ടും ആഖ്യാനത്തിന്റെ സവിശേഷത കൊണ്ടും മലയാള സാഹിത്യത്തിൽ വേറിട്ട് നിന്നു. എന്തുകൊണ്ട് അത്തരo ഒരു പരീക്ഷണം ദൃശ്യഭാഷയിലും ആയിക്കൂടാ എന്ന ആലോചനയാണ് എന്നെ മുന്നോട്ടു നയിച്ചത്.

 

 എസ്.വി വേണുഗോപൻ നായർ

അന്ന് എസ്.വി വേണുഗോപൻ നായർ, തിരുവനന്തപുരം മഹാത്മാ ഗാന്ധി കോളേജിലെ മലയാളം പ്രഫസർ ആയിരുന്നു. ഞാൻ അദ്ദേഹത്തെ കോളേജിൽ ചെന്ന് കണ്ടു. എപ്പോഴും വായിൽ മുറുക്കാൻ ഉള്ളതുകൊണ്ട് അദ്ദേഹത്തിന്റെ മുറിയിലെ വാഷ് ബേസിനും, ചവച്ചു തുപ്പിയ മുറുക്കാൻ ചണ്ടികളാൽ എപ്പോഴും സമൃദ്ധമായിരുന്നു.

“എന്റെ കഥകൾ സീരിയൽ ആക്കാൻ പറ്റുമോ?”

എന്ന് തന്നെയായിരുന്നു അദ്ദേഹത്തിന്റെയും ആശങ്ക.

“എളുപ്പമല്ല, പക്ഷെ ഞാനതു ഒരു വെല്ലുവിളിയായി ഏറ്റെടുക്കുകയാണ്”

ഞാൻ പറഞ്ഞു.

വിവിധ കാലങ്ങളിൽ വിവിധ പ്രസിദ്ധീകരണങ്ങളിൽ അച്ചടിച്ച് വന്നതും, കഥാ സമാഹാരങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ടതുമായ ഒരു പാട് കഥകൾ അദ്ദേഹം എനിക്ക് തന്നു.

“ പറ്റുന്നത് നോക്കി അയൂബ് തന്നെ സെലക്ട് ചെയ്തോളു”.

കോളേജിലും ധനുവച്ചപുരത്തെ അദ്ദേഹത്തിന്റെ വീട്ടിലും പലവട്ടം ഞങ്ങൾ രണ്ടുപേരും കൂടിയിരുന്നു അരിച്ചു പെറുക്കിയതിനു ശേഷം 12 കഥകൾ തെരഞ്ഞെടുത്തു. ദൂരദർശനിൽ പതിമൂന്ന് എപ്പിസോഡുകൾ ആയിരുന്നു ഒരു സീരിയൽ. ഒരു കഥയല്പം ദൈർഘ്യം കൂടുതൽ ഉണ്ടായിരുന്നത് കൊണ്ട് അത് രണ്ടു എപ്പിസോഡ് ആക്കുകയും ബാക്കി കഥകൾ ഒരോ എപ്പിസോഡ് ആക്കുകയും ചെയ്തു. ദൂരദർശനിൽ നിന്നും അംഗീകാരം കിട്ടിക്കഴിഞ്ഞ ഉടനെ, എല്ലാ കഥകളും ഒന്നിച്ചു തന്നെ ഷൂട്ട് ചെയ്യാൻ തീരുമാനിച്ചു, വി ട്രാക്സ് സ്റ്റുഡിയോ ആയിരുന്നു നിർമാതാക്കൾ. പൈലറ്റ് എപ്പിസോഡ് ഷൂട്ട് ചെയ്തു സമർപ്പിച്ചു. ദൂരദർശന്റെ അംഗീകാരത്തിന് വേണ്ടി കാത്തിരിക്കുന്നതിനു പകരം പതിമൂന്നു എപ്പിസോഡുകളും ഒന്നിച്ചു ഷൂട്ട് ചെയ്യാം എന്ന് നിർമ്മാതാവ് ബൈജു ദേവരാജ് പറഞ്ഞു. അദ്ദേഹത്തിന് ഈ പ്രോജെക്ടിൽ അത്രയ്ക്ക് വിശ്വാസമായിരുന്നു.

1. മറ്റേ മകൾ, 2. ജനനി , 3. എഫ്.അഷ്ടമൂർത്തി, 4. ഒന്നായ നിന്നെ, 5. അടുക്കളയിൽ നിന്ന്, 6. അനുകരണീയമായ മാതൃക . 7. കോടതിവിധിക്കു മുൻപ്, 8. ആശ്രമ മൃഗങ്ങൾ, 9. അനന്തം അജ്ഞാതം, 10..ലാടാനുപ്രാസം, 11 . അവർകളുടെ ഉയിർത്തെഴുന്നേൽപ്പ്, 12. സ്കോളർഷിപ് എന്നിവയായിരുന്നു ആ കഥകൾ. ആ കാലഘട്ടത്തിലെ മലയാള സിനിമാ-സീരിയൽ രംഗത്തെ പ്രമുഖരായ അഭിനേതാക്കളാണ് വേഷമിട്ടത്. രാഘവൻ, ടി.പി മാധവൻ, ജഗന്നാഥ വർമ്മ, എം.ആർ.ഗോപകുമാർ, പൂജപ്പുര രാധാകൃഷ്ണൻ, ഡോക്ടർ ഹരി, ശിവജി, രാമചന്ദ്രൻ, സംവിധായകൻ വി.ആർ ഗോപിനാഥ്, മഞ്ജു പിള്ള, ഗ്രേസി എന്നിവർ കഥാപാത്രങ്ങൾക്ക് ജീവൻ നൽകി.

ആദം അയൂബ്

വേണുഗോപൻ നായരുടെ സവിശേഷമായ ആഖ്യാന ശൈലിയുടെ ഉത്തമോദാഹരണമാണ് ‘അനുകരണീയമായ മാതൃക’ എന്ന കഥ. വിചിത്രമായ സ്വഭാവ സവിശേഷതകളുള്ള കൊച്ചുകേശവപിള്ള സാർ എന്ന കഥാപാത്രത്തിന്റെ ഒരു വാങ്മയ ചിത്രം മാത്രമാണ് ഈ കഥ. ഗ്രാന്റ് വാധ്യാരായ കൊച്ചുകേശവപിള്ള സാർ കാളവണ്ടിയിലായിരുന്നു ദിവസവും പള്ളിക്കൂടത്തിലേക്കു പോയ്ക്കൊണ്ടിരുന്നത്. സവിശേഷമായ അദ്ദേഹത്തിന്റെ വസ്ത്രധാരണം മുതൽ, വില്ലുവണ്ടിയിൽ കയറുന്നതുവരെയുള്ള അദ്ദേഹത്തിന്റെ ഹൃസ്വദൂര കാൽനടയാത്രയാണ് കഥയിൽ ഏറെ വിശദമായും ദീർഘമായും പ്രതിപാദിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്തിന്റെ വിചിത്രമായ കൗതുകങ്ങൾ, ഒട്ടും ചോർന്നു പോവാതെ, അത്യന്തം സൂക്ഷ്മതയോടെയാണ് സ്ക്രീനിലേക്ക് പകർത്തിയത്. ചിരിച്ചു ചിരിച്ചു മരിക്കുന്ന കൊച്ചുകേശവപിള്ള സാറിന്റെ കഥ അദ്ദേഹത്തിന്റെ അപദാനങ്ങൾ അനുസ്മരിച്ചുകൊണ്ടാണ് അവസാനിക്കുന്നതെങ്കിൽ, ദൃശ്യപരമായ പരിസമാപ്തിക്കു വേണ്ടി ഞാൻ തിരക്കഥയിൽ ചെറിയ മാറ്റം വരുത്തി. കൊച്ചുകേശവപിള്ള സാറിന്റെ ഡയറിയിൽ അദ്ദേഹത്തിന്റെ കൈപ്പടയിൽ എഴുതിയ അവസാനത്തെ അക്ഷരങ്ങളിലാണ് ഞാൻ ദൃശ്യം അവസാനിപ്പിച്ചത്.

“ഇന്ന് ഞാൻ ജീവിച്ചോ ?”

സിനിമ നടൻ രാഘവനാണ് ഈ കഥാപാത്രത്തെ അവിസ്മരണീയമാക്കിയത്.

സിനിമയുടെ സ്ഥലകാല സങ്കൽപ്പങ്ങളെ വെല്ലുവിളിക്കുന്ന ഒരു കഥയായിരുന്നു ‘കോടതി വിധിക്കു മുൻപ്’. ഒരു കോടതി മുറിയുടെ പരിധിക്കുള്ളിൽ, ഇരുപതു മിനിറ്റിന്റെ സമയ പരിധിക്കുള്ളിൽ നടക്കുന്ന ഒരു സംഭവമാണ് ഇതിലെ ഇതിവൃത്തം. കോടതിമുറിയിൽ വിചാരണ നടപടികൾ പൂർത്തിയാക്കിയ ശേഷം, വിധി പ്രസ്താവിക്കുന്നതിനു മുൻപായി പ്രതിയോട് ‘അവസാനമായി എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോ?’ എന്ന് ന്യായാധിപൻ ചോദിക്കുമ്പോൾ,

‘അങ്ങേക്ക് ഇനി ഒരു മണിക്കൂറും മൂന്നു മിനിറ്റും മാത്രമേ ജീവിതമുള്ളു’

എന്ന് പ്രതി ന്യായാധിപന്റെ വിധി പ്രസ്താവിക്കുകയാണ്. ഈ പ്രസ്താവം കോടതിയിൽ സൃഷ്ടിക്കുന്ന ഞെട്ടലും പിരിമുറുക്കവും, വിറങ്ങലിച്ച കോടതി മുറിയിൽ നിന്ന് കാമറ പുറത്തു പോകാതെ തന്നെ ചിത്രീകരിക്കുക എന്നത് വലിയ ഒരു വെല്ലുവിളി തന്നെയായിരുന്നു. നടൻ ജഗന്നാഥ വർമ്മയും സിനിമ സംവിധായകൻ വി.ആർ ഗോപിനാഥുമാണ് യഥാക്രമം ന്യായാധിപനെയും പ്രതിയെയും അവതരിപ്പിച്ചത്.

ഇതുപോലെ ഓരോ കഥയും വ്യത്യസ്തവും വിചിത്രവും ആയിരുന്നു. വിസ്താര ഭയത്താൽ രണ്ടുകഥകളെക്കുറിച്ചു മാത്രമേ ഈ ലേഖനത്തിൽ ഹൃസ്വമായി പ്രതിപാദിക്കുന്നുള്ളു.

ഓരോ ആഴ്ചയിലും തികച്ചും വ്യത്യസ്തവും വിചിത്രവുമായ കഥകളുമായി ‘കഥകൾ അതി സാദരം’ ദൂരദർശൻ സംപ്രേഷണം തുടങ്ങിയപ്പോൾ അത് ടെലിവിഷനിലെ ഒരു നവ്യാനുഭവമായി മാറി. എനിക്ക് ധാരാളം അഭിനന്ദനങ്ങൾ ലഭിച്ചു.. വേണുഗോപൻ നായർ സാറിനെയും അദ്ദേഹത്തിന്റെ വായനക്കാർ അഭിനന്ദനങ്ങൾ കൊണ്ട് വീർപ്പുമുട്ടിച്ചു. അവയിൽ ഏറ്റവും വിലപ്പെട്ടത് , പ്രശസ്ത എഴുത്തുകാരൻ ടി. പദ്മനാഭൻ, വേണുഗോപൻ നായർക്ക് അയച്ച ഒരു പോസ്റ്റ് കാർഡ് ആയിരുന്നു.

 

ജഗന്നാഥ വർമ

പല എഴുത്തുകാരുടെയും കഥകൾ ടീവിയിൽ സീരിയലുകളായി വന്നിട്ടുണ്ടെങ്കിലും, കഥയുടെ മേന്മ ഒട്ടും ചോർന്നുപോകാതെ സ്ക്രീനിലേക്ക് പകർത്തിയതു കണ്ടപ്പോഴാണ് നിങ്ങളുടെ കഥകൾക്ക് ഇത്രയും ദൃശ്യചാരുത ഉണ്ടെന്നു മനസ്സിലായത്, എന്നായിരുന്നു ആ പോസ്റ്റ് കാർഡിലെ ഉള്ളടക്കം. വേണുഗോപൻ നായർ ആ പോസ്റ്റ് കാർഡ് എനിക്ക് സമ്മാനിച്ചു. ഞാൻ അത് നിധി പോലെ കാത്ത് സൂക്ഷിച്ചു. ആ പോസ്റ്റ് കാർഡ് എനിക്കൊരു അവാർഡിനേക്കാൾ വിലപ്പെട്ടതായിരുന്നു. അതിനു കാരണം:. അപ്പോഴേക്കും കേരളം സർക്കാരിന്റെ ടെലിവിഷൻ അവാർഡുകൾ ആരംഭിച്ചിരുന്നു. കഥകൾ അതിസാദാരത്തിനു, നല്ല സീരിയൽ, നല്ല കഥകൾ, നല്ല തിരക്കഥ, നല്ല സംവിധാനം, എന്നീ അവാർഡുകൾ ലഭിക്കുമെന്ന് നിരവധി പ്രേക്ഷകരും, പത്രക്കാരും, സുഹൃത്തുക്കളും ഒക്കെ പറഞ്ഞിരുന്നു. എന്നാൽ ആ വർഷം എം.ടി വാസുദേവൻ നായരുടെ “നാലുകെട്ട്” സംപ്രേഷണം ചെയ്തിരുന്നു. മത്സരത്തിനു ‘നാലുകെട്ട്’ വന്നപ്പോൾ പിന്നെ ജൂറി മറ്റു സീരിയലുകൾ ഒന്നും ഗൗനിച്ചതേയില്ല. എല്ലാ അവാർഡുകളും ‘നാലുകെട്ടിനു’ ആയിരുന്നു. എന്റെ സീരിയലുകളിൽ ഏറ്റവും മികച്ചതെന്ന് പ്രേക്ഷകർ വിലയിരുത്തിയ കഥകൾ അതിസാദരം സംസ്ഥാന അവാർഡ് ജൂറി തഴഞ്ഞപ്പോൾ വളരെ നിരാശ തോന്നി. എന്നാൽ മറ്റൊരു വലിയ അംഗീകാരം ഈ സീരിയലിനെ തേടിയെത്തി. അഖിലേന്ത്യ തലത്തിൽ ഏറ്റവും നല്ല പ്രാദേശിക ഭാഷാ സീരിയലിനുള്ള pinnacle award ആ വര്ഷം കഥകൾ അതി സാദരത്തിനു ലഭിച്ചു എന്നുള്ളത് വലിയ അംഗീരകമായി ഞാൻ കരുതുന്നു.

വി.ആർ ഗോപിനാഥ്

 

മറ്റൊരു യാദൃശ്ചികതയും എടുത്തു പറയേണ്ടിയിരിക്കുന്നു. ആ വർഷത്തെ ടെലിവിഷൻ അവാർഡുകൾ ആധാരമാക്കി, 6 എപ്പിസോഡുകൾ ഉള്ള ഒരു പരിപാടി നിർമ്മിക്കാൻ ചലച്ചിത്ര അക്കാദമി എന്നെയാണ് ഏല്പിച്ചത്. അവർഡ് നേടിയ ടെലിവിഷൻ പരിപാടികളുടെ ക്ലിപ്പിംഗുകൾ, അവർഡ് ജേതാക്കളുടെ അഭിമുഖങ്ങൾ, അവർഡ് ദാന പരിപാടിയുടെ ദൃശ്യങ്ങൾ എന്നിവ കൂട്ടിച്ചേർത്താണ് പരിപാടി തയാറാക്കിയത്. ഇതിനു വേണ്ടി ഏറ്റവും നല്ല സീരിയലിന്റെ സംവിധായകനായ എം.ടി വാസുദേവൻ നായരെയും ഞാൻ ഇന്റർവ്യൂ ചെയ്തു. അദ്ദേഹം നാലുകെട്ട് എന്ന തന്റെ നോവലിനെക്കുറിച്ചാണ് കൂടുതൽ സംസാരിച്ചത്, അതിന്റെ ദൃശ്യാവിഷ്കരമായ സീരിയലിനെക്കുറിച്ചല്ല. പിന്നീട് ഈ സീരിയലിന്റെ ക്യാമറാമാൻ, ചിത്രീകരണ സമയത്തെ എം.ടി യുടെ സാന്നിധ്യത്തെക്കുറിച്ചും സംവിധാനത്തെക്കുറിച്ചുമൊക്കെ എന്നോട് സംസാരിച്ചു. പക്ഷെ അതൊന്നും ക്യാമറയുടെ മുന്നിൽ അല്ല എന്ന് മാത്രം.

എസ്.വി വേണുഗോപൻ നായർ ജീവിച്ചിരിക്കുമ്പോൾ തന്നെ അദ്ദേഹത്തിന്റെ സാഹിത്യ സപര്യയെക്കുറിച്ചു, സി.വി.സുരേഷ് എഡിറ്റ് ചെയ്ത ഒരു പഠനം പ്രസിദ്ധീകരിച്ചിരുന്നു. അതിൽ ഒരു ലേഖനം എഴുതണം എന്ന് എസ് .വി. തന്നെ ആവശ്യപ്പെട്ടതനുസരിച്ച് “എസ്.വിയുടെ എഴുത്തു വഴികൾ “ എന്ന സമാഹാരത്തിൽ ‘എസ്.വി കഥകളുടെ “ദൃശ്യ സാധ്യതകൾ” എന്നൊരു ലേഖനം ഞാനെഴുതി. ഞാൻ സംവിധാനം ചെയ്ത ഒട്ടുമിക്ക സീരിയലുകടെയും തിരക്കഥകൾ ഞാൻ തന്നെയാണ് എഴുതിയിട്ടുള്ളതെങ്കിലും, ഒരു മാധ്യമ അധ്യാപകൻ എന്ന നിലയിൽ ‘കഥയിൽ നിന്ന് തിരക്കഥയിലേക്കു’ എന്ന വിഷയത്തിൽ ക്ലാസ്സെടുക്കുമ്പോൾ ഞാൻ എപ്പോഴും പരാമർശിക്കുന്നത് എസ്.വി വേണുഗോപൻ നായരുടെ “കഥകൾ അതി സാദരം” എന്ന സീരിയലിന്റെ തിരക്കഥയെക്കുറിച്ചാണ്. 

 

“കഥകൾ അതി സാദരം” എന്ന സീരിയൽ നേടിയ ജനപ്രീതിയും പ്രശസ്തിയും കണക്കിലെടുത്ത്, അതിലെ കഥകൾ മാത്രം ഉൾപ്പെടുത്തി അതേപേരിൽ ഒരു പുസ്തകം പ്രസിദ്ധീകരിക്കണമെന്ന്, എസ്.വി.വേണുഗോപൻ നായരുടെ വായനക്കാരും, സുഹൃത്തുക്കളും, മറ്റുപല സാഹിത്യകാരന്മാരും അദ്ദേഹത്തെ നിർബന്ധിച്ചു. ഫ തൽഫലമായി അദ്ദേഹം ഈ സീരിയലിലെ 12 കഥകൾ ഉൾപ്പെടുത്തി ‘കഥകൾ അതി സാദരം’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. 1996 ൽ കറന്റ് ബുക്ക്സ് പ്രസിദ്ധീകരിച്ച ഈ സമാഹാരത്തിന്റെ പ്രവേശകത്തിൽ എസ്.വി.വേണുഗോപൻ നായർ ഇങ്ങനെ എഴുതി:-

“ തിരുവനന്തപു​രം ദൂരദർശൻ സംപ്രേഷണം ചെയ്ത “കഥകൾ അതിസാദരം” എന്ന പരമ്പരയിലെ പന്ത്രണ്ടു കഥകൾ ഉൾക്കൊള്ളുന്നതാണീ സമാഹാരം. എനിക്ക് അത്യന്തം ആഹ്ളാദകരമായ പ്രതികരണമാണ് എല്ലാ നിലയിലുമുള്ള പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ഈ കഥകളുടെ ഒരു സമാഹാരം പ്രസിദ്ധീകരിക്കണമെന്ന് ഒട്ടേറെ സുഹൃത്തുക്കൾ ആവശ്യപ്പെടുകയുണ്ടായി. ആ പ്രേരണയുടെ ഫലമാണ് ഇപ്പുസ്തകം.

എന്റെ ഈ കഥകളെ അവയുടെ ഭാവത്തിനു പോറലേൽപ്പിക്കാതെ, സാക്ഷാത്ക്കരിച്ച സുപ്രസിദ്ധ സംവിധായകൻ ആദം അയൂബിനോട് അതീവ കൃതജ്ഞനാണ് ഞാൻ. ‘എന്റെ ഹൃദയം തന്നിലങ്ങിരിക്കും പോലെ തന്നെ ഇവയിലെ കഥാപാത്രങ്ങളെ ദൃഷ്ടിഗോചരമാക്കിത്തന്ന പ്രശസ്ത നടീനടന്മാരെ ഞാൻ നന്ദിയോടെ, സസ്നേഹം ഓർക്കുന്നു. “കഥകൾ

അതി സാദര”ത്തെ അവിസ്മരണീയമായൊരു അനുഭവമാക്കുവാൻ സ്ക്രീനിനു പിന്നിൽ ആത്മാർത്ഥമായി പരിശ്രമിച്ച എല്ലാ സുഹൃത്തുക്കൾക്കും, വീ ട്രാക്സിനും നന്ദി’

എസ്.വി.വേണുഗോപൻ നായർ 

 

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - ആദം അയ്യൂബ്

contributor

Similar News