'വിഴിഞ്ഞം തുറമുഖ പദ്ധതി ഞങ്ങളുടെ ഉപജീവനത്തിന് തടസമാകുമോ എന്ന ഭയം വലിയ തോതിൽ ഉണ്ട്'
വിഴിഞ്ഞം പദ്ധതിയും മത്സ്യത്തൊഴിലാളികളുടെ അതിജീവനവും- ഒരു അവലോകനം
കേരളത്തിലും ഒപ്പം ദേശീയ തലത്തിലും ഒരുപോലെ ചർച്ച ചെയ്യപ്പെടുകയും ‘ആഘോഷിക്കപ്പെടുകയും’ ചെയ്ത പരിപാടിയാണ് കഴിഞ്ഞ ദിവസം വിഴിഞ്ഞത്ത് നടന്നത്. എന്നാൽ ഇവിടുത്തെ സാധാരണ ജനങ്ങൾ വളരെ വികാരരഹിതമായ ഒരു അവസ്ഥയിലായിരുന്നു ഉണ്ടായിരുന്നത്. ഇതേക്കുറിച്ച് എന്തെങ്കിലും തരത്തിലുള്ള ആവേശം തോന്നിയിരുന്ന മനുഷ്യരുടെ എണ്ണം വളരെ കുറവായിരുന്നു. പദ്ധതിയുടെ പേരിൽ എന്തെങ്കിലും ആശങ്കയോ പ്രതിഷേധമോ രേഖപ്പെടുത്തിയവരുടെ എണ്ണവും കുറവായിരുന്നു.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഉദ്‌ഘാടനം
തുടക്കം മുതലേ തന്നെ ഇടവിട്ട് ഇടവിട്ടുള്ള പ്രതികരണങ്ങളാണ് വിഴിഞ്ഞം പദ്ധതിയെ ചുറ്റിപറ്റി പ്രദേശവാസികളിൽ നിന്നുണ്ടായിട്ടുള്ളത്. വിഴിഞ്ഞം നിവാസികളുടെ മാത്രമല്ല, വിഴിഞ്ഞത്തിനോട് ചേർന്ന് കിടക്കുന്ന, ഹാർബറിൽ നിന്ന് മത്സ്യ ബന്ധനം ചെയ്യുന്ന തൊഴിലാളികളും അവരുടെ കുടുംബങ്ങളും അടങ്ങുന്ന ഒരു സമൂഹത്തെയാണ് ഞാനിവിടെ സൂചിപ്പിക്കുന്നത്. 2014 -2015 കാലഘട്ടത്തിൽ പദ്ധതിയെക്കുറിച്ചുള്ള പ്രാഥമിക ചർച്ചകൾ നടക്കുമ്പോൾ ഇത് മൂലം എന്തൊക്കെ പ്രത്യാഘാതങ്ങൾ ഉണ്ടാകും എന്ന യഥാർത്ഥ ചിത്രം ഈ സമൂഹത്തിന് ലഭിച്ചിരുന്നില്ല. രാജ്യത്തിനൊപ്പം മത്സ്യതൊഴിലാളികൾക്കും ഉപകാരപ്പെടുന്ന, തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ പോകുന്ന ഒരു പദ്ധതി. ഇതിന്മേൽ സ്ഥലം ഏറ്റെടുക്കലോ കുടിയൊഴിപ്പിക്കലോ ഒന്നും ഉണ്ടാവില്ല എന്നുള്ള തരത്തിലാണ് അക്കാലത്ത് ചർച്ചകൾ ഉണ്ടായിരുന്നത്. വിഴിഞ്ഞം കമ്മീഷനിങ് ദിവസം കണ്ട മാധ്യമ ആഖ്യാനങ്ങളോട് ചേർന്ന് നിന്ന സമീപനമാണ് അന്നും മാധ്യമങ്ങൾക്ക് ഉണ്ടായിരുന്നത്. വളരെ ആഘോഷത്തോടെ അതിനെ കൊണ്ടാടുകയാണ് മാധ്യമങ്ങൾ ചെയ്തത്.
പദ്ധതിക്ക് പ്രശ്നങ്ങൾ ഉണ്ടെന്നും, മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ അത് ബാധിക്കുമെന്നും ഉള്ള തരത്തിൽ ആ കാലഘട്ടത്തിൽ വിമർശനങ്ങൾ ഉയർത്തിയത് വളരെ ചുരുക്കം ചില സിവിൽ സൊസൈറ്റി ഗ്രൂപ്പുകളും വ്യക്തികളും ആക്ടിവിസ്റ്റുകളും പരിസ്ഥിതി പ്രവർത്തകരുമൊക്കെയായിരുന്നു. എന്നാൽ ഇതൊന്നും മത്സ്യത്തൊഴിലാളി സമൂഹത്തിലേക്ക് എത്തിയതും ഇല്ല.
വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ ഒരു പ്രാഥമിക അധികാര സ്ഥാപനം എന്ന് പറയാവുന്ന കത്തോലിക്കാ ചർച്ച് പദ്ധതിയുടെ തുടക്കത്തിൽ സ്ട്രാറ്റജിക് ആയിട്ടുള്ള മൗനം പാലിച്ച് നിൽക്കുകയും ചെയ്തു. ഏറെക്കുറെ അനുകൂലമായ ഒരു സമീപനം ആയിരുന്നു അത്. അല്ലെങ്കിൽ പ്രതികൂലം എന്ന് പറയാവുന്ന വലിയ പ്രവർത്തനങ്ങൾ ഒന്നും ചർച്ചിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവാതെ വന്നതോട് കൂടി തുടക്കം മുതലേ പദ്ധതിയോട് പ്രശ്നമില്ലെന്ന രീതിയായിരുന്നു.
2022 ലെ വിഴിഞ്ഞം സമരം
ആ ചിത്രം പിന്നീട് മാറുന്നത് 2022 ൽ നടന്ന സമരത്തിന്റെ സമയത്താണ്. അതിന് മുൻപേ തന്നെ തീരദേശ ശോഷണം അവിടെ വ്യാപകമായിരുന്നു. അതിൽ വിഴിഞ്ഞം പദ്ധതിക്കും അതിന്റെ ഭാഗമായുള്ള പുലിമുട്ട് നിർമ്മാണത്തിനുമുള്ള പങ്കിനെക്കുറിച്ച് മത്സ്യത്തൊഴിലാളി സമൂഹത്തിനിടയിൽ സംസാരമുണ്ടായിരുന്നു. പക്ഷെ ഇത്തരം ആശങ്കകൾ ഒക്കെ പുറത്തെത്തുന്നത് സമരത്തിലൂടെയാണ്. വലിയൊരു വിഭാഗം മത്സ്യത്തൊഴിലാളികൾ പദ്ധതിക്കെതിരെ പരസ്യമായി രംഗത്ത് വരാനും സംസാരിക്കാനും തുടങ്ങി. പക്ഷെ നിർഭാഗ്യവശാൽ ആ സമരത്തിന് ഒട്ടും നല്ല ഒരു അന്ത്യമല്ല ഉണ്ടായത്. സമരം അവസാനിപ്പിക്കാൻ തൊഴിലാളികൾ നിർബന്ധിതരായി തീരുന്ന ഒരു സാഹചര്യം അവിടെ ഉണ്ടായി. അതിന് ശേഷം സമരം കൊണ്ട് വലിയ നേട്ടമില്ല, പദ്ധതി എന്തായാലും നടപ്പിലാകും, അതിനെ തടയാൻ നമുക്ക് സാധിക്കില്ല എന്ന മനോഭാവം പ്രദേശവാസികളിൽ കണ്ടുതുടങ്ങിയിരുന്നു. പദ്ധതിയെ അത്ര സങ്കീർണ്ണമായ ഒരു വിഷയമായി കാണാതിരിക്കാൻ പലരും ശ്രമിച്ചു. എന്നാൽ വ്യാപകമായി അങ്ങനെ ഒരു മനോഭാവം ഉണ്ടായിരുന്നുവെന്നും പറയാൻ സാധിക്കില്ല.
ഇപ്പോൾ തിരുവനന്തപുരത്തെ മത്സ്യത്തൊഴിലാളി സമൂഹത്തിനിടയിൽ വലിയ തോതിൽ ഭിന്നാഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ടെന്നാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ പലരോടും സംസാരിച്ചതിന് നിന്നും, പല ചർച്ചകളുടെ ഭാഗമായതിൽ നിന്നും എനിക്ക് മനസിലായത്. സമൂഹത്തിന്റെ ഏറിയ പങ്കും ഈ പദ്ധതിയെ എതിർക്കുന്നുവെന്നോ അനുകൂലിക്കുന്നുവെന്നോ പറയാൻ സാധിക്കില്ല. കഴിഞ്ഞ ദിവസം മത്സ്യത്തൊഴിലാളികൾ വിവിധ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. എന്നാൽപോലും ഇതേ സംബന്ധിച്ച് വലിയ ആശങ്കകൾ നിലനിൽക്കുന്നുമുണ്ട്.
വിഴിഞ്ഞം സമരം
അതിന് ഏറ്റവും വലിയ ഉദാഹരണമായി പറയാവുന്ന കാര്യം ചൂണ്ടിക്കാട്ടാം. വിഴിഞ്ഞം കമ്മീഷനിങ് ദിവസവും പിറ്റേന്നും വിഴിഞ്ഞം ഹാർബറിൽ നിന്ന് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് അറിയിച്ച് കൊണ്ട് ഫിഷറീസിന്റെ ഒരു നോട്ടിഫിക്കേഷൻ വന്നിരുന്നു. പ്രധാനമന്ത്രി ഉൾപ്പടെ അവിടെ എത്താൻ പോകുന്ന വിവിഐപികളുടെ സുരക്ഷ മുൻനിർത്തി അവിടെ മത്സ്യബന്ധനം പൂർണ്ണമായും നിരോധിക്കുന്നതായി നോട്ടിഫിക്കേഷനിൽ പറഞ്ഞിരുന്നു. രണ്ട് ദിവസത്തേക്ക് ഒരു വിഭാഗത്തിന്റെ ജോലി ഭരണകൂടം ഇടപെട്ട് തടസപ്പെടുത്തുകയാണെന്ന് മനസിലാക്കണം. അങ്ങനെ ചെയ്യുന്നതിന് സർക്കാരിന് ഒരു പ്രശ്നവും തോന്നുന്നില്ല.
സമാനമായ ഒരു പരിപാടി ടെക്നോ പാർക്കിൽ നടക്കുകയാണെന്ന് വെക്കുക. അവരുടെ ജോലി ഇതുപോലെ സർക്കാർ തടസപ്പെടുത്തുമോ? സുരക്ഷയും തൊഴിലും ഒരുപോലെ നടക്കുന്ന തരത്തിൽ മറ്റൊരു സംവിധാനം സർക്കാർ ഉണ്ടാക്കുകയാണ് ചെയ്യുക. പക്ഷെ ഇത് ഐടിക്കാരല്ലല്ലോ, കേവലം മത്സ്യത്തൊഴിലാളികൾ അല്ലേ..
നോട്ടിഫിക്കേഷനെതിരെ അവിടെയും ഇവിടെയുമായി ചില പ്രതിഷേധങ്ങൾ ഉയർന്നുവെന്നല്ലാതെ, അതിനെ കളക്റ്റീവ് ആയിട്ട് ചോദ്യം ചെയ്യാൻ ഒരു സമൂഹമെന്ന നിലയിൽ ഞങ്ങൾക്കും സാധിച്ചിട്ടില്ല. അത്രയും ദയനീയ സ്ഥിതിയിലാണ് ഇപ്പോൾ കാര്യങ്ങൾ എത്തി നിൽക്കുന്നത്. മൽസ്യത്തൊഴികൾക്ക് ഇപ്പോൾ മൽസ്യബന്ധനം നടത്തുന്നതിന് വലിയ പ്രശ്നങ്ങൾ ഒന്നും നേരിടുന്നില്ല. എന്നാൽ ഭാവിയിൽ എന്ത് സംഭവിക്കുമെന്ന ആശങ്ക പലർക്കും ഉണ്ട്. ഇതിലൊരു വ്യക്തതയില്ല. ഇത്രയധികം പൊതുജന താല്പര്യവും, ഭരണകൂട താല്പര്യവും, കോർപറേറ്റ് താല്പര്യവും രാഷ്ട്രീയ താല്പര്യവും ഒക്കെ വന്നെത്തിയിരിക്കുന്ന ഒരു പദ്ധതിയാണ് വിഴിഞ്ഞം. ചിലപ്പോൾ രണ്ടോ നാലോ വർഷം കഴിഞ്ഞ് ഇതുപോലെ മൽസ്യബന്ധനം പാടില്ല എന്നൊരു നോട്ടിഫിക്കേഷൻ വന്നാൽ, അതിനെ കാര്യമായി പ്രതിരോധിക്കാൻ പോലും സാധിക്കാത്ത നിലയിലാണ് ഇപ്പോൾ മൽസ്യത്തൊഴിലാളികൾ ഉള്ളത്. എന്ത് പറഞ്ഞാലും നമ്മൾ പ്രശ്നങ്ങൾ ഉണ്ടാക്കുന്നവരും വികസനവിരുദ്ധരും ആവുന്നു. ഒരുതരം നിരാശ നമ്മളെ വന്നു മൂടിയിരിക്കുന്നു. സമരം അത്തരത്തിൽ അവസാനിച്ചതും നമ്മുടെ പ്രശ്‍നങ്ങളെക്കാൾ ഈ പദ്ധതിക്ക് കിട്ടുന്ന ശ്രദ്ധയും ഒക്കെ ആ നിരാശയുടെ ആക്കം കൂട്ടിയിട്ടുണ്ട്.
വിഴിഞ്ഞം ഹാർബർ
വിഴിഞ്ഞം തുറമുഖപദ്ധതി എങ്ങനെയാണ് പരിണമിക്കുക എന്നത് ഞങ്ങളും ഉറ്റുനോക്കുന്ന കാര്യമാണ്. എന്നാൽപ്പോലും ഞങ്ങളുടെ ഉപജീവനത്തിന് തടസമാകുമോ എന്ന ഭയം വലിയ തോതിൽ ഉണ്ട്. സമീപ പ്രദേശങ്ങളിൽ ഭാഗികമായി മത്സ്യബന്ധനം നിരോധിക്കപ്പെടാം. വിഴിഞ്ഞം ഫിഷിങ് ഹാർബർ തന്നെ പതുക്കെ ഇല്ലാതായേക്കാം. ഒരുപാട് മത്സ്യത്തൊഴിലാളികളെ നേരിട്ട് ബാധിക്കാൻ പോകുന്ന ഒരു പ്രശ്നമാണത്. അങ്ങനെ ഒരു വിദൂര സാധ്യത ഉള്ളത് പോലും ആശങ്ക ഉണ്ടാക്കുന്നുണ്ട്.
ജോലിയുടെ കാര്യം പറയുകയാണെങ്കിൽ, മത്സ്യത്തൊഴിലാളി സമൂഹത്തിൽ നിന്നുള്ളവർക്ക് പദ്ധതിയുടെ ഭാഗമായി ജോലി ലഭിച്ചുവെന്ന തരത്തിൽ വാർത്തകൾ കാണുന്നുണ്ട്. ഇക്കഴിഞ്ഞ വനിതാ ദിനത്തിൽ വിഴിഞ്ഞത്തെ ക്രെയ്ൻ ഓപ്പറേറ്റർമാരിൽ തീരദേശ ഗ്രാമങ്ങളിൽ നിന്നുള്ള സ്ത്രീകളും ഉണ്ടെന്ന വാർത്ത അത്തരത്തിൽ ഒന്നാണ്. അത്തരം കാര്യങ്ങളിൽ തീർച്ചയായും സന്തോഷം ഉണ്ട്. എന്നാൽ അവിടെ വരുന്ന തൊഴിലവസരങ്ങളിൽ ഏറിയ പങ്കും പ്രദേശവാസികൾക്ക് തന്നെയാണ് കൊടുത്തുകൊണ്ടിരിക്കുന്നത് എന്ന തരത്തിലാണ് അവരതിനെ പുറത്തേക്ക് എത്തിക്കുന്നത്. അവിടെ നടക്കുന്ന 1000 റിക്രൂട്മെന്റിൽ 25 പേർ മാത്രം ആയിരിക്കും പ്രദേശവാസികൾ. ടെക്നിക്കൽ റിക്രൂട്ട്മെന്റുകൾ മത്സ്യത്തൊഴിലാളികൾക്ക് നേരിട്ട് ഗുണം ചെയ്യില്ലെന്നാണ് ഞാൻ കരുതുന്നത്. കൃത്യമായ വിവരങ്ങൾ ഇല്ലാത്തത് കൊണ്ട് ഇത് ആധികാരികമാണോ എന്നും എനിക്ക് അറിയില്ല.
അദാനി ഗ്രൂപ്പിന്റെ കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റിയുടെ ഭാഗമായി വിഴിഞ്ഞത്ത് പല പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. അതിൽ വളരെ സജീവമായി മത്സ്യത്തൊഴിലാളി സമൂഹം ഇടപെടുന്നുമുണ്ട്. അവിടെ പലതരത്തിലുള്ള ടെക്നിക്കൽ സ്കിൽ ട്രെയിനിങ്ങുകൾ നടക്കുന്നുണ്ട്. പല പൊതുസ്ഥാപനങ്ങളിലും അദാനി ഗ്രൂപ്പിന്റെ സഹായം ലഭിക്കുന്നുണ്ട്. വിമർശനങ്ങളെ പ്രതിരോധിക്കാൻ കോർപറേറ്റ് ഗ്രൂപ്പിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ശ്രമങ്ങളായിട്ടാണ് ഞാൻ അതിനെ കാണുന്നത്. അത്തരം ശ്രമങ്ങളെ നമ്മൾ കാണുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. പക്ഷെ വ്യാപകമായി അത്തരം കാര്യങ്ങൾ സംഭവിക്കുന്നുവെന്ന യാതൊരു അഭിപ്രായവും എനിക്കില്ല.
മാത്രവുമല്ല മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ വരുമാന വിഭവങ്ങൾ അദാനി ഗ്രൂപ്പിന്റെ കൈകളിലേക്ക് അടുത്ത വർഷങ്ങൾ കൊണ്ടെത്തും എന്നതോർത്ത് ആശങ്കയും ഞങ്ങൾക്കുണ്ട്.
വിഴിഞ്ഞം തുറമുഖ പദ്ധതി
ഇതിന്റെ മറ്റൊരു വശം പരിശോധിക്കുകയാണെങ്കിൽ, മത്സ്യബന്ധങ്ങളിൽ ഏർപ്പെടുന്നവരുടെ എണ്ണവും മത്സ്യബന്ധന യാനങ്ങളുടെ എണ്ണവും എല്ലാം കൂടിക്കൊണ്ടിരിക്കുന്നതായിട്ട് നമുക്ക് മനസിലാവും. എന്നാൽ പുതുതായിട്ട് ഇതിലേക്ക് കടന്നുവരുന്നവർ ആരും പുതിയ തലമുറക്കാർ അല്ല. നേരത്തെ ഗൾഫിലേക്ക് പോവുകയും കൊറോണയും മറ്റു പ്രശ്‍നങ്ങളും കാരണം നാട്ടിലേക്ക് മടങ്ങുകയും ചെയ്തവരാണ് ഇപ്പോൾ മത്സ്യബന്ധന മേഖലയിലേക്ക് കടന്നു വരുന്നത്.
വിഴിഞ്ഞം മേഖലയിൽ ചെറുപ്പക്കാരായിട്ടുള്ള ആളുകൾ പലതും വിഴിഞ്ഞം പദ്ധതിയെ ആഘോഷിക്കുന്ന തരത്തിൽ സാമൂഹ്യ മാധ്യമ ഇടപെടലുകൾ നടത്തിയതായി കണ്ടു. മുഴുവനായെന്ന് പറയാൻ സാധിക്കില്ലെങ്കിലും പലരും ആ അർത്ഥത്തിൽ ആണ് അതിനെ കാണുന്നത്. പദ്ധതി നടക്കുന്നത് സ്വന്തം നാട്ടിലാണെന്ന വസ്തുതയിൽ പലരും അഭിമാനിക്കുന്നുണ്ട്. ആ വസ്തുതയെ നമുക്ക് കണ്ടില്ലെന്ന നടിക്കാൻ സാധിക്കില്ല. ക്രോണി ക്യാപിറ്റലിസത്തിന്റെ ആശയങ്ങളോ നിർവചനങ്ങളോ, കോർപറേറ്റ് താല്പര്യങ്ങളോ, പാരിസ്ഥിതിക പ്രശ്നങ്ങളോ ഒന്നും തന്നെ പുതു തലമുറയിലേക്ക് എത്തിക്കാൻ നമുക്ക് സാധിച്ചിട്ടില്ല. അതേക്കുറിച്ച് ചിന്തിക്കാനോ പ്രവർത്തിക്കാനോ അവരും തയ്യാറാകുന്നില്ല. അവരിൽ നിന്ന് ഇക്കാര്യങ്ങൾ അകന്ന് പോവുന്നത് കൊണ്ടാണ് പദ്ധതിയെ അവർ ആഘോഷിക്കുന്നത്. അത് നിരാശയോടെ തന്നെയാണ് ഞാനടക്കമുള്ളവർ കണ്ടുനിൽക്കുന്നതും.
വിഴിഞ്ഞം കമ്മീഷനിങ് ദിവസം നമ്മൾ കണ്ടതൊക്കെയും ഇതുമായിട്ടൊന്നും യാതൊരു ബന്ധവുമില്ലാത്ത രാഷ്ട്രീയ നാടകങ്ങളാണ്. പ്രധാനപ്പെട്ട പല പ്രശ്നങ്ങൾക്കും ഏകാഭിപ്രായം രൂപീകരിക്കാൻ പോലും സാധിക്കാത്ത സാഹചര്യത്തിൽ ഇത്തരം പ്രശ്നങ്ങൾ ഞങ്ങളുടേത് ആകുന്നില്ല.
(സിന്ധു മരിയ നെപ്പോളിയനുമായി നടത്തിയ ഫോൺ സംഭാഷണത്തിൻ്റെ അടിസ്ഥാനത്തിൽ സനു ഹദീബ തയ്യാറാക്കിയ ലേഖനം. (സ്വതന്ത്ര മാധ്യമപ്രവർത്തകയും സാമൂഹിക പ്രവർത്തകയുമായ സിന്ധു തിരുവനന്തപുരം പുല്ലുവിള സ്വദേശിനിയാണ്