എന്റെ അമ്മേ..
പി.എസ് റഫീഖിന്റെ കവിത വായിക്കാം
എന്റെ അമ്മേ..
വിശന്നു മരിക്കുന്ന
കുഞ്ഞുങ്ങളുടെ അമ്മേ..
പൈതങ്ങളുടെ
കാറ്റു മാത്രം പുറത്തു വരുന്ന
നിലവിളി കാണുമ്പോൾ
നീയെന്നെ
അടക്കിപ്പിടിച്ചത്
ഓർമ്മ വരുന്നു.
ഒട്ടിപ്പോയ കവിളുകളും
വറ്റിപ്പോയ മുലകളും
പ്രാണൻ മാത്രം പേറുന്ന
നെഞ്ചെല്ലിൻ കൂടും
ഓർമ്മ വരുന്നു.
നിന്നെ കുടിച്ചു വറ്റിച്ചത് ഞാനായിരുന്നുവല്ലോ..
എന്റെ അമ്മേ..
നിശ്ശബ്ദ ശൂന്യതേ…
ഇടിഞ്ഞു വീണ
കെട്ടിടങ്ങൾക്കടിയിൽ നിന്ന്
പുറത്തേക്ക് വരൂ..
മണലിൽ പുതഞ്ഞു പോയ
സഹായ ട്രക്കിൽ നിന്ന്
പുറത്തു വീണ
ബിസ്ക്കറ്റുകൂട്
വിരലുകൾ മുറിഞ്ഞു പോയ
കുഞ്ഞു കൈകളിൽ
വച്ചുകൊടുക്കൂ
ബോംബു വീണുണ്ടായ
കുഴികളിൽ
ഒളിച്ചിരിക്കുന്ന
രണ്ട് കുഞ്ഞുങ്ങൾ
വിമാനങ്ങളുടെ
ഇരമ്പലുകൾക്കിടയിൽ
തലയുയർത്തി നോക്കുന്നു
മണ്ണുപുരണ്ട
വിരലുകൾ കൊണ്ട്
ആ ബിസ്ക്കറ്റുകൂട്
എടുത്തു കൊടുക്കു
എന്റെ അമ്മേ...
എന്റെ അവസാന
അഭയമേ
ചിതറിപ്പോയ
എന്റെ
ഭവനമേ…
പണ്ടുണ്ടായിരുന്ന എന്റെ
രാജ്യമേ..
മരണവും പട്ടിണിയും
അലറി നടക്കുന്ന
ഈ നാട്ടിൽ നിന്ന്
കുഞ്ഞുങ്ങളെയുമെടുത്ത്
ആകാശത്തേയ്ക്ക് പായൂ
പണ്ട്
പനിത്തീയിലൂടെ
എന്നെയെടുത്ത്
പാഞ്ഞതുപോലെ
ശിശുവായിരിക്കുമ്പോൾ മരിച്ച
മകളെത്തേടി
അതിർത്തിയിൽ മരിച്ച
ഭർത്താവിനെത്തേടി
തെരുവിൽ മരിച്ച
മകനെത്തേടി
പുറത്തുവന്ന
പഴയ ദുഖത്തിന്റെ
കണ്ണീർ തുള്ളി
ഇവിടെ വീഴ്ത്തൂ
ജല ഞരമ്പുകൾ മുറിച്ച
ഈ മണ്ണിൽ
ദാഹിച്ചു മരിക്കുന്ന
ഈ പൈതലിന്റെ
ചുണ്ടിൽ
എന്റെ അമ്മേ..
വെടിത്തുള വീണ
എന്റെ
ഭക്ഷണപ്പാത്രമേ ..
കാറ്റു പറത്തിക്കൊണ്ടുവന്ന
ചോരയുണങ്ങിയ
ഈ വസ്ത്രത്തിനുള്ളിൽ
കയറൂ…
ദൂരേയ്ക്ക് നോക്കി
തേങ്ങിക്കരയുന്ന
ഈ കുഞ്ഞു മകളെ
വാരിയെടുക്കൂ..
എന്റെ അമ്മേ…
പുക മൂടിയ എന്റെ
ആകാശമേ…
കല്ലേറിൽ തകർന്ന
എന്റെ ഇടത് കണ്ണേ..
ലോഹച്ചീളു തുളച്ച
എന്റെ വലതു കണ്ണേ
ചോര വിള്ളൽ വീണ
എന്റെ നെഞ്ചലിവേ…
എന്റെ പ്രിയപ്പെട്ട അമ്മേ…
ആലിംഗനം ചെയ്യൂ..
മരിച്ചവരുടെ
ചെരിപ്പുകളെ
അനാഥരാക്കപ്പെട്ട
പാവകളെ
വിവാഹ മോതിരങ്ങളെ
പാതി കത്തിയ
പാസ്പോർട്ടുകളെ
നിലച്ച പാട്ടുകളെ
മരിച്ചവരുടെ
ഗ്രാമങ്ങളെ
ഭൂമിക്കടിയിലെ
നിലവിളികളെ
പണ്ട് നിലത്തിരുന്ന്
കരഞ്ഞ
എന്നെ
വാരിയെടുത്തതു പോലെ
തോളിലെടുത്തതു പോലെ
എന്റെ അമ്മേ..
പ്രവാചകന്മാരുടെ അമ്മേ..
സമുദ്രത്തിന് മുമ്പും
ഉണ്ടായിരുന്നവളേ..
കുഞ്ഞുങ്ങളുടെ
കൊല നടക്കുന്ന
ഈ രാത്രിക്ക് ശേഷം
നീയെന്നെ
പ്രസവിക്കൂ…….
പി.എസ് റഫീഖ്
തിരക്കഥാകൃത്ത്, കഥാകൃത്ത്, ഗാനരചയിതാവ് എന്നീ നിലകളില്‍ ശ്രദ്ധേയന്‍. സദ്ദാമിന്റെ ബാര്‍ബര്‍ (ചെറുകഥാ സമാഹാരം), ആമേന്‍ (തിരക്കഥ) എന്നിവയാണ് പുസ്തകങ്ങള്‍. നായകന്‍, ആമേന്‍, ഉട്ടോപ്യയിലെ രാജാവ്, തൃശ്ശിവപേരൂര്‍ ക്ലിപ്തം, തൊട്ടപ്പന്‍ എന്നീ സിനിമകള്‍ക്കു തിരക്കഥയെഴുതി.