വിരാട്..! വെള്ളകുപ്പായത്തിലെ വീരോചിതം തുടരില്ല, കളിയാസ്വാദകരുടെ നോവ് തുടരും..!

താരതമ്യങ്ങളില്ലാത്ത പടയോട്ടമായിരുന്നു വിരാടിന്റേത്. രണ്ടായിരത്തി പതിനൊന്നിൽ അരങ്ങേറ്റം കുറിച്ച ടെസ്റ്റ് കരിയറിൽ റൺസുകളും സെഞ്ചുറികളും ഇടവേളകളില്ലാതെ ഒഴുകി

Update: 2025-05-12 10:54 GMT
Advertising

"ഇന്ത്യൻ ക്രിക്കറ്റിന്റെ അഭിമാനസ്തംഭമായ 'ബാഗി ബ്ലൂ' ധരിച്ച്‌ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ച 14 വർഷങ്ങൾ.. ഞാനൊരിക്കലും പ്രതീക്ഷിക്കുക പോലും ചെയ്യാത്ത തലത്തിലേക്ക് എന്നെ കൈപിടിച്ചുയർത്തിയ ഈ അഞ്ചുദിന ഫോർമാറ്റ് ഇടയ്ക്ക് എന്നെ പരീക്ഷിക്കുകയും തൽഫലം അതിലേറെ മികവിലേക്ക് എന്നെ രൂപപ്പെടുത്തുകയും ചെയ്തു.ജീവിതത്തിലുടനീളം കൊണ്ട് നടക്കാനുതകുന്ന ഒരുപിടി പാഠങ്ങൾ ടെസ്റ്റ് ക്രിക്കറ്റ് എനിക്ക് നൽകി..ദിവസങ്ങൾ നീണ്ടുനിൽക്കുന്ന അദ്ധ്വാനം,സമർപ്പണം, മറ്റാർക്കും കാണാൻ സാധിക്കാത്തതും എന്നാൽ എന്നിൽ എന്നന്നേക്കുമായി നിറഞ്ഞു നിൽക്കുന്നതുമായ ചെറിയ നിമിഷങ്ങൾ.

എനിക്ക് സാധ്യമായതൊക്കെയും ക്രിക്കറ്റിന് നൽകുകയും ഞാൻ പ്രതീക്ഷിച്ചതിലേറെ തിരിച്ചു നൽകുകയും ചെയ്ത ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിടചൊല്ലുകയെന്നത് എളുപ്പമുള്ള തീരുമാനമായിരുന്നില്ല, എങ്കിലും ഇതാണ് ഉചിതമായ സമയമെന്ന് ഞാൻ കരുതുന്നു.

ക്രിക്കറ്റ് ഫീൽഡ് പങ്കിട്ട സഹതാരങ്ങളേയും എന്റെ വഴി അനായാസമാക്കിയ ഓരോരുത്തരെയും നന്മ കാംഷിച്ച സകലരെയും നന്ദിയോടെ സ്മരിച്ചു ഞാൻ വിടവാങ്ങുന്നു. ഒരു ചെറുപുഞ്ചിരിയോടെയല്ലാതെ എന്റെ ടെസ്റ്റ് ക്രിക്കറ്റ് കരിയറിനെ സ്മരിക്കാൻ എനിക്കാവില്ല..നന്ദി..!”

വിരാടിനിത്‌ സാധ്യമാണ്. ടെസ്റ്റ് ക്രിക്കറ്റിൽ 10000 റൺസ് പൂർത്തിയാക്കുകയെന്നത് തന്റെ ചിരകാലാഭിലാഷമാണെന്ന് ഒന്നിലധികം തവണ ഉറക്കെ വിളിച്ചു പറഞ്ഞ വിരാട് ആ സുവർണനേട്ടത്തിന് 770 റൺസ് മാത്രമകലെ കളിയവസാനിപ്പിക്കുമ്പോൾ തന്റെ ഗെയിമിനോട് കാലമിത്രയൂം അയാൾ പുലർത്തിവന്ന സമർപ്പണബോധവും നീതിബോധവും വെളിവാക്കപ്പെട്ട അസംഖ്യം ഉദാഹരണങ്ങളിൽ ഏറ്റവും ഒടുവിലത്തേതായി മാറുന്നു ഈ വിടവാങ്ങൽ കുറിപ്പ്.

 

ക്രിക്കറ്റ് ലോകത്തെ ഒന്നാകെ വേദനിപ്പിച്ച ഈ വിരമിക്കൽ പ്രഖ്യാപനത്തിന്റെ പിറകിലെ കരളുറപ്പിലേക്ക് ഓരോ ക്രിക്കറ്റ് ആരാധകരെയും കൈപിടിച്ച് കൊണ്ട് പോകുന്ന പതിനെട്ട് വയസ്സ് മാത്രം പ്രായമുള്ള ഒരു കുഞ്ഞുവിരാടിന്റെ ജീവിതകഥയുണ്ട്. രണ്ടായിരത്തിയാറിലെ ഡിസംബർ 19 ന് അപ്രതീക്ഷിതമായി വന്ദ്യപിതാവ് പ്രേം കോഹ്ലി മരണപ്പെടുമ്പോൾ ഉത്തംനഗറിലെ വാടകവീട് അനാഥമാവുകയായിരുന്നു. അഞ്ചു ദിനം നീളുന്ന ഒരു ടെസ്റ്റ് മത്സരം മൂന്നാല് ദിനം കൊണ്ട് തീർന്ന് പോകുമ്പോൾ അഞ്ചാം ദിനത്തിലുണ്ടാകുന്ന അതേ ശൂന്യത.

ഒരു രഞ്ജി ട്രോഫി മത്സരത്തിന്റെ രണ്ടാം ദിനത്തിന്റെയൊടുവിലാണ് പ്രേമിന്റെ വിടവാങ്ങലോടെ ജീവിതത്തിന്റെ ക്രീസിൽ വിരാട് തനിച്ചാവുന്നത്. പതിനെട്ട് വയസ്സ് മാത്രം പ്രായമുള്ള വിരാട് ഡിസംബറിലെ ശൈത്യത്തെക്കാൾ തണുത്തുറഞ്ഞ പിതാവിന്റെ ശരീരം മുന്നിൽ വെച്ച്‌ അന്നത്തെ പ്രിയപരിശീലകൻ രാജ്‌കുമാർ ശർമയെ വിളിച്ചൊരു കാര്യം ആവശ്യപ്പെട്ടു,

‘എനിക്ക് കളിക്കണം, മത്സരം പൂർത്തിയാക്കണം’വിരാടിലെ പോരാളിയെ, അയാളിലൂടെ ലോകം കാണാനിരിക്കുന്ന അത്ഭുതങ്ങളുടെ ആദ്യ സൂചനയായിരുന്നുവത്. പരിശീലകരും, സഹകളിക്കാരും വിരാടിനെ ആവും വിധം പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടും മത്സരം പൂർത്തിയാക്കണമെന്ന വിരാടിന്റെ നിശ്ചയദാർഢ്യം അന്ന് വിജയിച്ചു.അമ്പയറുടെ ഒരു തെറ്റായ തീരുമാനത്തിൽ പുറത്തായെങ്കിലും അഞ്ചു മണിക്കൂറോളം ക്രീസിൽ ചിലവഴിച്ചു തൊണ്ണൂറിലധികം റൺസ് നേടിയാണ് വിരാട് പവലിയനിലേക്ക് തിരിച്ചു നടന്നത്, ശേഷം വന്ദ്യപിതാവിന്റെ സംസ്കാര ചടങ്ങുകളിലേക്കും..

1999 ലോകകപ്പിലെ ബ്രിസ്റ്റോൾ മൈതാനത്തിന്റെ അതേ ചൂടും ചൂരുമായിരുന്നു അന്നത്തെ ദിവസം ഫിറോസ്ഷാ കോട്ല മൈതാനത്തിനും. അച്ഛന്റെ മരണാനന്തരം തിരിച്ചെത്തി സെഞ്ച്വുറി നേടി മൂന്നക്ഷരം മുദ്രണം ചെയ്ത ബാറ്റ് ആകാശത്തേക്കുയർത്തിയ സച്ചിന്റെ പിൻഗാമിയെ അന്ന് ഫിറോസ്ഷാ കോട്ല ഡൽഹിയിലും കണ്ടു, വിരാടിലൂടെ..

സച്ചിന്റെ പിൻഗാമിയെന്ന വാഴ്ത്തുപാട്ടിന് ആദ്യമായി ഹരിശ്രീ കുറിച്ചുവന്ന്. മാതാവ് സരോജ് കോഹ്ലിയോടൊപ്പം തനിച്ചായ പോയ പതിനെട്ട് വയസുകാരൻ കോഹ്‌ലിയിൽ നിന്ന് രാജ്യം കീഴടക്കിയ രാജാവിലേക്കയാൾ വളർന്നു, ക്രിക്കറ്റ് ഫീൽഡിൽ നിന്ന് സാധ്യമായതൊക്കെ കൈപ്പിടിയിലൊതുക്കിയ വിരാടിനെ വിരമിക്കലിൽ നിന്നും പിന്തിരിപ്പിക്കാൻ പലരും ശ്രമിച്ചെങ്കിലും അയാളുടെ തീരുമാനങ്ങൾക്ക് മാറ്റമുണ്ടായില്ല..

പിതാവിന്റെ ഭൗതികശരീരവും കരഞ്ഞു തളർന്ന അമ്മ സരോജ് കൊഹ്‍ലിയെയും തനിച്ചാക്കി മത്സരം പൂർത്തിയാക്കണമെന്ന തീരുമാനിച്ച അതേ ചങ്കൂറ്റം ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ സർവ്വാധിപത്യത്തിന് ക്ഷതമേൽക്കാൻ തുടങ്ങിയ നിമിഷത്തിൽ സിംഹാസനവും ചെങ്കോലും മറ്റൊരാൾക്ക് കൈമാറാനും അയാൾക്ക് പ്രയാസമേതുമുണ്ടായില്ല.

താരതമ്യങ്ങളില്ലാത്ത പടയോട്ടമായിരുന്നു വിരാടിന്റേത്. രണ്ടായിരത്തി പതിനൊന്നിൽ അരങ്ങേറ്റം കുറിച്ച ടെസ്റ്റ് കരിയറിൽ റൺസുകളും സെഞ്ചുറികളും ഇടവേളകളില്ലാതെ ഒഴുകി. 'ഫാബ് ഫോർ' എന്ന പേരിൽ ക്രിക്കറ്റ് ലോകത്ത് സ്റ്റീവ് സ്മിത്ത്, ജോ റൂട്ട്, കെയ്ൻ വില്യംസൺ എന്ന മൂന്ന് അതികായരോടൊപ്പം താരതമ്യപ്പെടുത്തലുകളുണ്ടായിരുന്നെങ്കിലും 'വിരാടും മറ്റ് മൂന്ന് പേരുമെന്ന' വേർതിരിവ് വളരെ പ്രകടമായി തന്നെ നിലനിന്നിരുന്നു..

രണ്ടായിരത്തി പതിനൊന്നിൽ അരങ്ങേറ്റം കുറിച്ച വിരാട് കേവലം ഒൻപത് വർഷങ്ങൾക്കുള്ളിൽ ഏഴായിരത്തിലധികം റൺസും ഇരുപത്തിയേഴ് സെഞ്ചുറികളും നേടി. സാക്ഷാൽ സച്ചിന്റെ നൂറ് അന്താരാഷ്‌ട്ര സെഞ്ചുറികളെന്ന മോഹനേട്ടം ക്രിക്കറ്റ് ലോകം മൊത്തം സ്വപ്നം കണ്ട നാളുകൾ.

ഇന്ത്യയിലെ ബാറ്റിങ്ങിന് ഒരൽപ്പം സഹായമേറെ ലഭിക്കുന്ന മൈതാനങ്ങളിലേക്കാൾ കൂടുതൽ വിരാടിന് പ്രിയം ജൊഹാനസ്ബർഗും ഓവലും ബ്രിസ്‌ബൈനും അഡ്ലൈഡും മെൽബണും ഡർബനുമൊക്കെയായിരുന്നു. ഇക്കാലയളവിൽ ഇന്ത്യ വിദേശ പര്യടനം നടത്തിയപ്പോഴൊക്കെയും ഇരുടീമുകൾക്കുമിടയിലെ ഏക വ്യത്യാസം വിരാടിന്റെ ബാറ്റായിരുന്നു.

2013 ലെ ജൊഹാനസ്‌ബർഗ് ടെസ്റ്റ് - ടീമംഗങ്ങൾ ഒന്നടങ്കടം പരാജയപ്പെട്ട മത്സരത്തിൽ വിരാട് ഏറെക്കുറെ ഇന്ത്യയെ അപ്രാപ്യമായ വിജയത്തിന് തൊട്ടരികലെത്തിച്ചു. ആദ്യ ഇന്നിംഗ്‌സിൽ സെഞ്ചുറിയും രണ്ടാം ഇന്നിങ്സിൽ സെഞ്ച്വറിക്ക് നാല് റൺസകലെ വരെയും വിരാടിന്റെ ബാറ്റ് ഒറ്റക്ക് പോരാടിയെങ്കിലും വിജയവര കടക്കാൻ സഹതാരങ്ങളുടെ മികവ് കൂട്ടിനുണ്ടായിരുന്നില്ല.

2014 ൽ ചരിത്രം വീണ്ടുമാവർത്തിച്ചു. ഓസ്‌ട്രേലിയയുടെ സീമിങ് കണ്ടീഷനിൽ മിച്ചൽ ജോൺസണും റിയാൻ ഹാരിസും പീറ്റർ സിഡിലുമുൾപ്പെടുന്ന പേസ് ആക്രമണ നിരക്കെതിരെ വിരാട് ഒറ്റക്ക് പൊരുതി. ആദ്യ ഇന്നിങ്സിൽ നൂറ്റിപതിനഞ്ചും രണ്ടാമിന്നിങ്സിൽ നൂറ്റിനാൽപ്പത്തിയൊന്നും നേടിയ വിരാട് പുറത്തായതോടെ ഇന്ത്യയുടെ വിജയപ്രതീക്ഷകൾ അവസാനിക്കുകയായിരുന്നു. ഇരു ഓപ്പണർമാരെയും തുടക്കത്തിലേ നഷ്ടമായ ചേസിങ്ങിൽ മുരളി വിജയുമൊത്ത് വിരാട് ക്രീസിൽ ചെലവഴിച്ച മണിക്കൂറുകളിൽ ഇന്ത്യൻ ഡഗ്ഔട്ടിൽ ആശ്വാസത്തിന്റെ ചിരിയുണ്ടായിരുന്നു. ഏഴാമനായി വിരാട് പുറത്തായി കേവലം ആറോവറുകൾക്കുള്ളിൽ ഇന്ത്യ പോരാട്ടം അവസാനിപ്പിക്കുകയായിരുന്നു..

അന്ന് തോറ്റത് ഇന്ത്യയായിരുന്നില്ല, ഒറ്റയാൾ പോരാട്ടം നടത്തിയ വിരാട് ഇന്ത്യയോട് തോൽക്കുകയായിരുന്നു.രണ്ടായിരത്തി പതിനെട്ടിൽ എഡ്ജ്ബാസ്റ്റണിലും അതേ വർഷം സൗത്താഫ്രിക്കയിലുമൊക്കെ വിരാടിന്റെ വിരോചിത പ്രകടനങ്ങൾ തുടർന്ന് കൊണ്ടേയിരുന്നു.സമാനതകളില്ലാത്ത നേട്ടങ്ങൾ ഓരോ മത്സരങ്ങൾക്ക് ശേഷവും കോഹ്‌ലിയെ തേടിയെത്തി. റൺസിന്റെയും സെഞ്ച്വുറി കണക്കുകളുടെയും മത്സരത്തിൽ വിരാടിന് എതിരാളികളില്ലാതെയായി.

ധോണി ഒഴിച്ചിട്ട ക്യാപ്റ്റൻസി ഒഴിവും വിരാടിലൂടെ പരിഹരിക്കപ്പെട്ടു. റാങ്കിങ്ങിൽ ഏഴാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ കോഹ്ലി ക്യാപ്റ്റൻ സ്ഥാനം രോഹിതിനെയേൽപ്പിക്കുമ്പോൾ ഇന്ത്യയുടെ സ്ഥാനം ഒന്നാം നമ്പറിലായിരുന്നു. പ്രതിരോധാത്മക ശൈലി സ്വീകരിച്ചിരുന്ന ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ മുഖം മാറുന്നത് വിരാടിന്റെ ക്യാപ്റ്റൻഷിപ്പിലാണ്, എതിരാളികളെ അവരുടെ തട്ടകത്ത് ആക്രമിക്കാനുള്ള ധൈര്യവും കരുത്തും പകരുക വഴി വിരാട് കോഹ്ലി ഇന്ത്യയുടെ മികച്ച ടെസ്റ്റ് ക്യാപ്പ്റ്റനുമായി.

ഒരു മേജർ ട്രോഫി ഇല്ലെന്ന ഒറ്റക്കാരണത്താൽ വിരാട് ഒരു പരാജയപ്പെട്ട ക്യാപ്പ്റ്റനായി മാറി. അവസാനവട്ട കണക്കെടുപ്പിൽ ഐസിസി ട്രോഫികളുടെ ശേഖരമില്ലെങ്കിലും വിദേശ ടൂറുകളിൽ ഒറ്റപ്പെട്ട ജയങ്ങളല്ലാതെ സ്ഥിരമായി നല്ല പ്രകടനം നടത്താനുള്ള ശേഷി സമ്മാനിച്ച ക്രെഡിറ്റ് വിരാട് കോഹ്‌ലിയുടെ മാത്രമായിരിക്കും..!

ഫോർമാറ്റുകൾ മാറുന്നതിന് അനുസരിച്ചും പല സാഹചര്യങ്ങളിൽ അത് ആവശ്യപ്പടുന്ന സാങ്കേതിക മികവിലേക്ക് തന്റെ കളിയെ പരിവർത്തപ്പെടുത്താൻ വിരാടിന് കഴിഞ്ഞിരുന്നു. ആ മികവിന്റെ ഒറ്റവരി ഉദാഹരണമാണ് ഒരേ സമയം ഏകദിന ക്രിക്കറ്റിലും ടെസ്റ്റിലും ടി20 യിലും കൈവശം വെച്ചിരുന്ന ലോക ഒന്നാം നമ്പർ പദവി.

നാളിത് വരെ മറ്റൊരു ബാറ്റർക്കും സാധ്യമാവാത്ത നിസ്തുലനേട്ടം. അമ്പത്തഞ്ചിനോടടുത്ത മോഹിപ്പിക്കുന്ന ടെസ്റ്റ് ശരാശരിയും വിദേശ പര്യടനങ്ങളിലെ സ്ഥിരതയും വിരാടിന് അനുക്രമം കൈമോശം വന്ന് തുടങ്ങുന്നത് 2020 ഓട് കൂടിയാണ്. ആദ്യമാദ്യം ഒന്നോ രണ്ടോ മത്സരങ്ങളിലെ പരാജയമെന്നത് പല സീരീസുകളിലേക്കും ഒടുവിൽ വർഷങ്ങൾ കടന്ന് അടുത്ത വർഷങ്ങളിലേക്കുമെത്തി.ഓഫ് സ്റ്റമ്പിന് പുറത്ത് അഞ്ചാം സ്റ്റമ്പിലേക്ക് പോകുന്ന നന്നേ നിരുപദ്രവ പന്തുകളിൽ ബാറ്റ് അലക്ഷ്യമായി വീശി സ്ലിപ്പ് ഫീൽഡർക്ക് ക്യാച്ചിങ്ങ് പ്രാക്ടീസ് നൽകുകയും നിരാശയോടെ തലതാഴ്ത്തി പോകുന്ന വിരാടിന്റെ രൂപം ക്രീസുകളിൽ പലകുറിയാവർത്തിക്കപ്പെട്ടു.

 

ക്രിക്കറ്റ് ഫീൽഡിൽ അതില്പരം ഹൃദയഭേദകമായ കാഴ്ച്ച സമീപകാലത്തുണ്ടായിരുന്നില്ല. 2020 ന് മുൻപ് എതിരാളികളില്ലാതെ കുതിച്ചോടിയിരുന്ന കോഹ്‍ലിക്ക് പോസ്റ്റ് കോവിഡ് സീസണുകളിൽ കടിഞ്ഞാൻ വീണു. തന്നേക്കാൾ പതിനഞ്ചോളം സെഞ്ചുറികൾ പിറകിലുണ്ടായിരുന്ന ജോ റൂട്ട് ഇന്ന് വിരാടിനെക്കാൾ അഞ്ച് സെഞ്ച്വറികൾ അധികം നേടി ആ പട്ടികയിൽ ഒന്നാമനാണ്.കഴിഞ്ഞ അഞ്ചു വർഷത്തെ കണക്കെടുത്താൽ ഒരു വാലറ്റ ബാറ്ററുടെയെന്ന പോലെ പരിതാപരകമായ സ്റ്റാറ്റിസ്റ്റിക്കുകൾ..!

ഇന്ത്യ കണ്ട ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റർ എന്ന ഖ്യാതി കൂടെ സ്വന്തമാക്കി കളിക്കളത്തോട് വിടപറയാൻ എല്ലാ സാധ്യതകളുമുണ്ടായിരുന്ന ഒരു കരിയർ കേവലം നാല്പത്തിയാറ്‌ എന്ന ശരാശരിയിൽ ഒരു 'മനുഷ്യ കരിയർ' ആയി അവസാനിപ്പിക്കേണ്ടി വരുന്നതിന്റെ സങ്കടം ഉൾകൊള്ളാൻ അങ്ങേയറ്റം പ്രൊഫഷണലായ വിരാടിന്റെ കരളുറപ്പിന് കഴിഞ്ഞേക്കാമെങ്കിലും അദ്ദേഹത്തെ സ്നേഹിക്കുന്ന ക്രിക്കറ്റ് പ്രേമികളുടെ മനസ്സിൽ അതൊരു നോവായി തുടരും , പ്രതീക്ഷിതമെങ്കിലും ഈ വിടവാങ്ങലും..

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - സോനു സഫീര്‍

Writer

Similar News