‘തുടരും’;തുടരുന്ന മോഹൻലാൽ എന്ന സ്റ്റാർ മെറ്റീരിയൽ

തുടരും എന്ന സിനിമ, മോഹൻലാലിന്റെ മലയാളത്തിന്റേതായ ഒരു താരശരീരത്തെ ശരിക്കും ഒരു എക്‌സ്പ്ലോസീവ് തിയേറ്റർ ഉരുപ്പടിയായി മാറ്റിയതിൽ തരുണ്‍ മൂർത്തി വിജയിച്ചിരിക്കുന്നു

Update: 2025-04-26 06:25 GMT
Advertising

മലയാളിയുടെ സിനിമാ കാഴ്ചയുടെ സംവേദനത്തിൽ നിരന്തരം ഉൽപ്പാദിപ്പിക്കുന്ന ഒരു ആശയങ്ങളാണ് ‘നമ്മുടെ പഴയ ലാലേട്ടൻ’,‘വിന്റേജ് ലാലേട്ടൻ’,‘സാധാരണക്കാരനായ ലാലേട്ടൻ’, ‘എൺപതുകളിലെ ലാലേട്ടൻ’ തുടങ്ങിയ ടെർമിനോളജികൾ. ഒരു സിനിമാ പ്രേക്ഷകൻ എന്ന രീതിയിൽ വ്യക്തിപരമായി ഒട്ടും ഫാൻസി ചെയ്യാത്ത ഒരു ആശയവും കൂടിയാണ് അത്. മലയാളി എന്ന സങ്കല്പം രൂപപ്പെടുത്തുന്നതിൽ മലയാളിയുടെ അയൽപക്കം, മലയാളിയുടെ നായർ യുവാവിത്തം, മലയാളിയുടെ എൺപതുകളിലെ നായർ തൊഴിലില്ലായ്മകൾ, സംവരണ വിരുദ്ധത തുടങ്ങിയവ ഒക്കെ കുഴച്ചുചേർത്ത കേരളത്തിലെ അപരസ്വത്വജീവിതങ്ങളെ അത്രയൊന്നും ഫാൻസി ചെയ്യിക്കാത്ത നൊസ്റ്റാൾജിക് സ്വപ്നങ്ങൾ മാത്രമായിട്ടാണ് ഈ ‘പഴയ ലാലേട്ടൻ’ എന്ന സ്വത്വ രൂപത്തെ വ്യക്തിപരമായി തോന്നിയിട്ടുള്ളത്.

അതേസമയം, എൺപതുകളിൽ തന്നെ ഉയരങ്ങളിൽ, കരിമ്പിൻ പൂവിനക്കരെ, വാർത്ത, രാജാവിന്റെ മകൻ, പാദമുദ്ര തുടങ്ങിയ സിനിമകളിലൂടെ നായർ ഐഡന്റിറ്റികളിൽ നിന്നു വേറിട്ടു നിന്ന പല തരത്തിലുള്ള അപരസ്വത്വങ്ങളിലൂടെയുള്ള കഥാപാത്രങ്ങളും മോഹൻലാൽ എന്ന നടൻ മലയാള സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ട്. പക്ഷേ ഏറ്റവും കൂടുതൽ മോഹൻലാലിനെ ആഘോഷിച്ചത് നായർ തൊഴിലില്ലായ്മകൾ ആഘോഷമാക്കിയ സത്യൻ അന്തിക്കാട് - ശ്രീനിവാസൻ സിനിമകളായിരുന്നു (നാടോടിക്കാറ്റ്, ഗാന്ധി നഗർ സെക്കൻഡ് സ്ട്രീറ്റ്, വരവേൽപ്പ്) എന്നതും വേറൊരു ചരിത്ര യാഥാർത്ഥ്യം. അവയ്ക്ക് ആ കാലത്തെ എന്റർടെയ്ൻമെന്റ് സ്വഭാവം ഉണ്ടായിരുന്നതെന്ന കാര്യം നിഷേധിച്ചു കൊണ്ടുമല്ല ഇങ്ങനെ എഴുതുന്നതും.

 

‘തുടരും’ എന്ന സിനിമയുടെ പ്രമോ പരിപാടികളിൽ പ്രധാനമായും ഉയർന്നുവന്ന ഒരു സെമിയോട്ടിക്സ് — ഒരു ‘വിന്റേജ് ലാലേട്ടനെ’ തിരിച്ചു കൊണ്ടുവരുന്നു എന്ന തരത്തിലായിരുന്നു. ആ തരത്തിലുള്ള ഒരു പ്രസന്റേഷനിൽ താല്പര്യം ഇല്ലാത്തത് കൊണ്ടുതന്നെ, ഈ സിനിമ കാണാനൊക്കെ പോകണോ എന്നൊരു സംശയം പോലും ഉണ്ടായിരുന്നു. പക്ഷേ തരുണ്‍ മൂർത്തി എന്ന സംവിധായക​ന്റെ ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ സിനിമകളോട് രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും, ഒരു ഫിലിം മേക്കർ എന്ന നിലയിൽ വ്യത്യസ്തമായ ടെക്സ്റ്റുകൾ മുന്നോട്ട് വെച്ചത് കൊണ്ട് വേറിട്ട ഒരു സിനിമ കാണാനാകും എന്ന പ്രതീക്ഷയോടെയായിരുന്നു തുടരും എന്ന സിനിമയ്ക്ക് ആദ്യ ദിനം തന്നെ ടിക്കറ്റ് എടുക്കാൻ തുനിഞ്ഞത്.

മോഹൻലാൽ-ശോഭന തുടങ്ങിയ വിന്റേജ് ഫാക്ടറുകൾക്കപ്പുറം, മോഹൻലാൽ എന്ന സ്റ്റാർ മെറ്റീരിയലിനെ തരുണ്‍ മൂർത്തി എന്ന സംവിധായകൻ എങ്ങനെ ട്രീറ്റ് ചെയ്യും എന്ന ആകാംക്ഷ കൂടെയായിരുന്നു ഈ സിനിമയിലേക്കുള്ള എന്റെ പ്രതീക്ഷ. ആ ആകാംക്ഷയെ പ്രതീക്ഷ തെറ്റിക്കാതെ ഉയരത്തിലേക്കുള്ള ഒരു തിയറ്റർ സ്റ്റഫാക്കാൻ മാറ്റുന്നതിൽ, തരുണ്‍ മൂർത്തി വിജയിച്ചു എന്നതാണ് ഈ സിനിമയുടെ ഒരു പ്രത്യേകത. തരുണ്‍ മൂർത്തി തന്നെ തന്റെ അഭിമുഖങ്ങളിൽ, മോഹൻലാലിന്റെ കൊച്ചിയിലെ കോളനികളുടെ കഥ പറയുന്ന ഛോട്ടാ മുംബൈ എന്ന സിനിമയിലാണ് തിയേറ്ററിലെ ഒരു ആൾക്കൂട്ടത്തിന്റെ ‘ഹൈ’ ആദ്യമായി ലഭിച്ചതെന്ന് പറയുന്നുമുണ്ട്.

ഇത് എഴുതുന്ന എന്നെ പോലുള്ള സാധാരണ സിനിമ പ്രേക്ഷകനും, ഒരു മോഹൻലാൽ തിയേറ്റർ സ്റ്റഫ് കണ്ടു ജനങ്ങളുടെ ആരവം കേട്ടത് കുറേ വർഷങ്ങൾക്കു ശേഷമാണ്. നരസിംഹം എന്ന സിനിമയിലെ മോഹൻലാലിന്റെ ഹീറോയിസം കണ്ടു ചിരി വന്നതൊക്കെ ഇപ്പോൾ ഓർമ്മ വരുന്നു. തുടരും എന്ന സിനിമ, മോഹൻലാലിന്റെ മലയാളത്തിന്റേതായ ഒരു താരശരീരത്തെ ശരിക്കും ഒരു എക്‌സ്പ്ലോസീവ് തിയേറ്റർ ഉരുപ്പടിയായി മാറ്റിയതിൽ തരുണ്‍ മൂർത്തി വിജയിച്ചിരിക്കുന്നു.

എമ്പുരാൻ / ലൂസിഫർ തുടങ്ങിയ സിനിമകളെ പരസ്പരം താരതമ്യപ്പെടുത്തി പലതരം ചർച്ചകൾ കഴിഞ്ഞ രണ്ടാഴ്ചയായി രൂപപ്പെട്ടിട്ടുണ്ട്. എമ്പുരാൻ എന്ന സിനിമയിൽ, ഒരു പക്ഷേ അതിന്റെ ‘മലയാളിത്തം’ ആ സിനിമയിലെ ഭൂമിശാസ്ത്ര ചിത്രീകരണ ഘടകങ്ങളിലൂടെയും മോഹൻലാലിന്റെ പരാജയപ്പെട്ട ‘നോൺ മലയാളി’ശരീഭാഷയിലൂടെയും നഷ്ടപ്പെട്ടതിനാൽ , ആ സിനിമയുടെ ജനപ്രിയ സ്വീകരണത്തിന് തടസ്സമായി എന്ന രീതിയിലുള്ള സാമൂഹിക മാധ്യമ ചർച്ചകളും രൂപപ്പെട്ടു.

അബ്രാം ഖുറേഷി എന്ന നോൺ-മലയാളി ഫിഗറിലേക്കാണ് മോഹൻലാൽ എമ്പുരാൻ സിനിമയിൽ മാറുന്നത്. അത് അദ്ദേഹത്തിന്റെ പ്രകടനം പരാജയപ്പെടാൻ ഇടയായെന്ന രീതിയിലുള്ള വായനകളും ഉണ്ട്. അതേസമയം, കേരള രാഷ്ട്രീയത്തിൽ നിന്നുള്ള ഒരു ‘മലയാളി’സ്വത്വത്തിൽ നിന്ന് ഹെറോയിക് ആയി പെരുമാറിയ ലൂസിഫർ എന്ന സിനിമയിലെ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെ മലയാളി കാണികൾ സ്വീകരിക്കുകയും ചെയ്തു. സിനിമയിലെ ഇത്തരം ഹെറോയിക് ഘടകങ്ങൾക്ക് പുറമെ, എമ്പുരാൻ എന്ന സിനിമയുടെ മാർക്കറ്റിംഗിലുണ്ടായിരുന്ന രാഷ്ട്രീയവും, ആ സിനിമയെ ഇന്ത്യയിലെ രാഷ്ട്രീയ മണ്ഡലത്തിൽ തന്നെ വലിയ ഒരു ചർച്ചയായി മാറ്റിയതും വേറൊരു കാര്യമാണ്. അത്തരം ഒരു സ്വീകാര്യത മോഹൻലാലിന്റെ ശരീരഭാഷയിൽ നിന്നു വ്യത്യാസപ്പെട്ട് ആ സിനിമയ്ക്ക് ലഭിച്ചിരുന്നു.

ഇവിടെയാണ് തരുൺ മൂർത്തി എന്ന സംവിധായകൻ ഒരു ‘ഫാൻ ബോയി’ എന്ന രീതിയിൽ മോഹൻലാൽ എന്ന സ്റ്റാർ മെറ്റീരിയലിനെ കൃത്യമായി ‘പിടിച്ച്’ കൊണ്ട് തിയേറ്ററിൽ ഓളം ഉണ്ടാക്കുന്ന ഒരു സിനിമയുടെ ഗ്രാമറിലേക്ക് എത്തുന്നത്. മോഹൻലാൽ എന്ന നടൻ ഒരേ സമയം മലയാളിയുടെ ‘അയൽവാസി’ ആകുമ്പോഴും അതിഗംഭീരമായി ആക്ഷൻ സീക്വൻസുകൾ കൈകാര്യം ചെയ്യാൻ കഴിയുന്ന ഒരാൾ കൂടെ ആണ്. നേരത്തെ പറഞ്ഞത് പോലെ, ഈ സിനിമയിൽ ഒരു തരത്തിൽ മടുപ്പിച്ചത് ആരംഭഭാഗങ്ങളിൽ കാണിക്കുന്ന കുടുംബം / മോഹൻലാലിന്റെ നിഷ്കളങ്കത / കുട്ടിത്തം / തമാശ തുടങ്ങിയ രംഗങ്ങളിലെ യാതൊരു പുതുമയുമില്ലാത്ത മോഹൻലാലിനെ കാണുമ്പോഴാണ്.

ഇത്തരം മോഹൻലാലിനെ ഏറെ കണ്ടു മടുത്തവരാണ് മലയാളികൾ. ആഗോളവത്കരണത്തിന് ശേഷമുള്ള വളർച്ചയുടെ പശ്ചാത്തലത്തിൽ, വിചിത്രമായ മാറ്റങ്ങളിലൂടെ ലോകത്താകമാനം രൂപപ്പെടുന്ന മസ്‌കുലിനിറ്റികളെയും ഫെമിനിറ്റികളെയും പല വിധ സെക്ഷ്വാലിറ്റികളെയും മലയാളികൾ കാണുന്നുണ്ട് — കേബിൾ ടിവിയിലൂടെയും ഇന്റർനെറ്റിലൂടെയും യൂട്യൂബിലൂടെയും റീൽസിലൂടെയും. അതിനാൽ, പുതിയ സി-ജനറേഷന്റെ മുന്നിൽ, മോഹൻലാലിന്റെ പഴയ മോഹൻലാലിന്റെ ‘കുട്ടിത്തം’ ഒക്കെ എത്രത്തോളം ചെലവാകും? മോഹന്ലാൽ ഈ നിഷ്കളങ്കത/കുട്ടിത്തം പരിപാടി അവസാനിപ്പിക്കേണ്ട കാലം കഴിഞ്ഞു.

പക്ഷേ അത്തരം ക്രിഞ്ച് സാധനങ്ങളിൽ നിന്നു ഈ സിനിമ പതുക്കെ മാറി സംവിധായകന്റെയും കെ. ആർ. സുനിൽ എന്ന തിരക്കഥാകൃത്തിന്റെ ‘അധികാരത്തിലേക്ക്’ ഈ സിനിമ വളരുകയാണ്. വളരെ പതിഞ്ഞ താളത്തിൽ തുടങ്ങിയ സിനിമ, പിന്നീട് പുതിയ കാലത്തെ തിയേറ്റർ ടെക്സ്റ്റിന്റെ രൂപത്തിലേക്ക് അതിന്റെ പലതരം ഡിസൈനിങ്ങിലേക്കും വളരുക കൂടെ ആണ്. മലയാളം കണ്ട ഏറ്റവും നല്ല സിനിമകളിൽ ഒന്നാണ് തുടരും എന്നൊന്നും പറയാൻ കഴിയില്ല. പക്ഷേ, കുറെക്കാലമായി പതറിപ്പോയ ഒരു താര ശരീരത്തെ തീയേറ്ററിന്റെ, ആൾകൂട്ടത്തിന്റെ, പോപുലർ കൾച്ചറിന്റെ, ഭാഷയിലേക്ക് അതിന്റെ ടെക്നിക്കൽ എലമെന്റുകൾ വളർത്തി, കേരളീയ സമൂഹത്തിൽ വീണ്ടും തിരിച്ചു അവതരിപ്പിച്ചുവെന്നത് ഇതിന്റെ സാങ്കേതിക പ്രവർത്തകർക്ക് അഭിമാനിക്കാവുന്ന കൃത്യമാണ്.

ഈ സിനിമയുടെ പ്ലോട്ട്, തിരക്കഥ, ബിജിഎം, ആക്ഷൻ കോറിയോഗ്രഫി, പിന്നെ ത്രില്ലിംഗ് സീക്വൻസുകളിലെ മോഹൻലാലിന്റെ പെർഫോമൻസ് തുടങ്ങിയവ ഒരു ആൾക്കൂട്ടത്തിന് ആഘോഷിക്കാവുന്ന തരത്തിൽ രൂപപ്പെടുത്തി, തിയേറ്ററിൽ ജനങ്ങളെ കൊണ്ട് ആർപ്പ് വിളിപ്പിച്ചു. അതിനാണ് ഈ സിനിമ കയ്യടി നേടുന്നത്. ജനങ്ങൾ സിനിമ കാണുന്നത് ആർപ്പ് വിളിക്കാൻ കൂടിയും ആയിരിക്കും അല്ലേ? ഈ ആർപ്പ് വിളി പഴയ ആർഎസ്എസ് ഹെറോകൾക്കും / ഹിന്ദുത്വ ഹീറോകൾക്കും വേണ്ടി അല്ല എന്നതാണ് ഇതിന്റെ രസം. ഈ ആർപ്പു വിളികൾ ചില അധികാര വംശീയ ഭീകരതകൾക്കു എതിരെ കൂടി ആണെന്നതാണ് അതിന്റെ സൗന്ദര്യം.

മോഹൻലാൽ എന്ന താര ശരീരത്തിന്റെ, അദ്ദേഹത്തിന്റെ ആറാം തമ്പുരാൻ, നരസിംഹം പോലുള്ള സിനിമകളിൽ ‘നരസിംഹം’ പോലുള്ള മൃഗങ്ങളെ ഹിന്ദുത്വ രൂപങ്ങളോട് ചേർത്തു, ഹെറോയിക് സെമിയോട്ടിക്സ് സൃഷ്ടിച്ചപ്പോഴാണ്, ഇവിടെ ഒറ്റയാനിലേക്ക് ചേർത്ത് വെച്ച് തുടരും എന്ന സിനിമ തന്റെ ഹെറോയിക് സെൻസിബിലിറ്റി രൂപപ്പെടുത്തുന്നത്.“When the elephant walks, the forest walks with them” എന്ന ഒരു ക്യാപ്ഷനോടെയാണ് ഈ സിനിമ ആരംഭിക്കുന്നത്. അവിടെ മോഹൻലാൽ എന്ന താരശരീരം നടക്കുമ്പോൾ, അതിന്റെ കൂടെ കാണികളായ ജനവും ആർത്ത് വിളിച്ചു നടക്കുകയാണ്.

 

ഈയിടെ പുറത്തിറങ്ങിയ രേഖാ ചിത്രം എന്ന സിനിമ ഒരു തരത്തിൽ ആയിരത്തി തൊള്ളായിരത്തി എൺപതുകളിൽ മലയാള സിനിമയിലെ അരികുകകളിൽ മാത്രം ജീവിച്ച ജൂനിയർ ആർടിസ്റ്റുകൾക്ക് ഒരു ട്രിബ്യൂട്ട് ആയി മാറുന്നുണ്ട്. ജൂനിയർ ആർടിസ്റ്റുകളുടെ ഒരു ജീവിതം കൂടെ ദൃശ്യപരമായി പ്രദർശിപ്പിക്കുന്നു. തുടരും എന്ന സിനിമയിൽ, മോഹൻലിന്റെ താര സ്വരൂപം എൺപതുകളിലും, അതിനു ശേഷം മലയാള സിനിമയെ രൂപപ്പെടുത്തിയ സ്റ്റണ്ട് ആർടിസ്റ്റുകളുടെ ജീവിതത്തിലെ ചെറിയ എടുകളിലേക്കെങ്കിലും പോകുന്നു.

മോഹൻലാൽ അടക്കം ഉള്ള താരങ്ങളെ മലയാള സിനിമയിൽ സൃഷ്ടിക്കുന്നതിൽ വലിയ പങ്ക് വഹിച്ച സ്റ്റണ്ട് ആർടിസ്റ്റുകളെയും ഡ്യൂപ് ആർടിസ്റ്റുകളെയും കുറിച്ച് ഈ സിനിമ സംസാരിക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള ഒരു മെറ്റാ റിയലിസ്റ്റിക് ആയ ഒരു നറേഷനും ഈ സിനിമ രൂപപ്പെടുത്തുന്നു. മലയാള സിനിമയുടെ സിനിമക്കുള്ളിലെ തന്നെ പല തരം അപര സ്വത്വങ്ങളെയും വെളിച്ചത്തേക്ക് കൊണ്ടുവരുന്നു. അത് രാഷ്ട്രീയമായി ടെക്സ്ച്വൽ ആയ പുതിയ മാമായക്കൂടെ കണക്കിലെടുക്കാം. മോഹൻലാലിന്റെ ഷണ്മുഖൻ എന്ന സ്റ്റണ്ട് ആർടിസ്റ്റിന്റെ, അയാളുടെ ഗുരുവുമായുള്ള ബന്ധങ്ങൾ, അവരുടെ ചെറുതായുള്ള ജീവിതം, എന്നിവയും ഈ സിനിമയുടെ ഒരു ഫ്രഷ്നസ് ആണ്.

ആയിരത്തി തൊള്ളായിരത്തി എഴുപതുകളിലാണ് അമിതാഭ് ബച്ചൻ എന്ന താര സ്വരൂപത്തിലൂടെ ഇന്ത്യയിൽ Angry Young Man എന്ന പുതിയ ഒരു യുവത്വത്തിന്റെ ഒരു കൺസപ്റ്റ് രൂപപ്പെടുന്നത്. ഇന്ത്യയിലെ അന്നത്തെ ഭരണഘടനയ്ക്കും നിയമവ്യവസ്ഥയ്ക്കും കോടതി വ്യവഹാരങ്ങളിലും വിശ്വാസം നഷ്ടപ്പെട്ട ഒരു തലമുറ ആയുധം എടുത്തു നിയമങ്ങൾക്കെതിരെ പോരാടുന്നവരായി മാറുന്ന സിനിമ പ്ലോട്ടുകൾ ആയിരുന്നു അവയിൽ ഭൂരിഭാഗവും. അമിതാഭ് ബച്ചന്റെ കൂലി, ആഖരി റാസ്ത , ദീവാർ തുടങ്ങിയ സിനിമകൾ ഒക്കെ ആ തരത്തിൽപെടുന്നവയായി. മലയാളത്തിൽ ഈ ശബ്ദം ഇന്നത്തെ ശബ്ദം പോലുള്ള മമ്മൂട്ടി സിനിമകളും തമിഴിൽ നാൻ ശിവപ്പു മനിതൻ , ഒരു കൈതിയിൻ ഡയറി പോലുള്ള രജനി/കമൽ സിനിമകളും ഇത്തരത്തിലുള്ള ‘നിയമം’ കയ്യിലെടുത്ത ഹീറോസിനെ സൃഷ്ടിച്ചു. ഇത്തരം ഹീറോസിന് ഒക്കെ തന്നെ അന്നത്തെ ജനാധിപത്യത്തിലും വിശ്വാസം കുറവായിരുന്നു അമിതാബ് ബച്ചൻ ഹിന്ദി സിനിമകളിൽ ഇത്തരം വേഷങ്ങൾ നിറഞ്ഞാടിയ കാലത്ത് തന്നെയാണ് ഇന്ത്യയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നത്.

പക്ഷേ മലയാള സിനിമയിൽ തൊണ്ണൂറുകളിൽ ഇറങ്ങിയ സുരേഷ് ഗോപിയുടെ ഏകലവ്യൻ, കമ്മീഷണർ പോലുള്ള പോലീസ് സിനിമകൾ പൊലീസിങ്ങിൽ ഉള്ള വിശ്വാസത്തെ തിരിച്ചു പിടിച്ചു. രഞ്ജി പണിക്കർ തിരക്കഥകൾ ഐ.പി.എസ്, ഐ.എ.എസ് ഉദ്യോഗസ്ഥരായ സിവിൽ സർവീസ് ഉദ്യോഗസ്ഥർ, മുസ്‍ലിംകളായ കൊള്ളക്കാരെയും തീവ്രവാദികളെയും വെടി വെച്ചിട്ടു ഇന്ത്യ എന്ന ദേശരാഷ്ട്രീയത്തെ രക്ഷിക്കും എന്ന ഒരു നറേറ്റീവ് സൃഷ്ടിച്ചു. പക്ഷേ, സുരേഷ് ഗോപി പിന്നീട് ഈ ഇമേജിൽ നിന്നു വളർന്ന്, പിന്നെ ബിജെപി കാർഡിൽ, കേന്ദ്രമന്ത്രി ആയി. ഹിന്ദുത്വത്തിന്റെ വക്താവായി.

പക്ഷേ, പൊലീസ് എന്ന സിസ്റ്റം എന്നത്തേയും പോലെ ആദിവാസികളോടും ദളിത് വിരുദ്ധമായ വംശീയതയോടെ പെരുമാറാനും തുടങ്ങി. എൺപതുകളിലെയും, തൊണ്ണൂറുകളിലും വ്യത്യസ്തമായ പുതിയ ഒരു കാലത്ത് രണ്ടായിരത്തി ഇരുപത്തി നാലിൽ പൊലീസ് എന്ന സിസ്റ്റത്തിലെ ക്രൂരതകൾ വിശകലനം ചെയ്യുകയും, പൊലീസിന്റെ അധികാരത്തോടും യുദ്ധം ചെയ്യുന്ന ഒരു അപരസ്വത്വമായ ഷണ്മുഖൻ എന്ന വേറിട്ട ഐഡന്റിറ്റി പുതിയ കാലത്തെ ഒരു പൊളിറ്റിക്കൽ സിനിമ സ്റ്റഡി മെറ്റീരിയലായി രൂപപ്പെട്ടേക്കാം.

മലയാളിയുടെ സാംസ്കാരിക സാമ്പത്തിക പരിസരത്ത് അംബാസഡർ കാറുകൾക്ക് എൺപതുകൾ മുതൽ വലിയ സ്ഥാനം ഉണ്ടായിരുന്നു. ഗൾഫ് ബൂമിനു ശേഷമുള്ള മിഡിൽ ക്ലാസുകൾ അംബാസഡർ കാറുകൾ ഉപയോഗിച്ച് കൊണ്ടാണ് അവരുടെ സാമ്പത്തികമായ നിലവാരം എക്സിബിറ്റ് ചെയ്തത്. അത് പിന്നീട് കാലക്രമേണ ഒരു തൊഴിൽ രൂപത്തിന്റെ പ്രതീകമായി. ടാക്സി ഡ്രൈവേർമാർ അംബാസഡർ കാറുകളിലേക്ക് മാറി. എന്നാലും അംബാസഡർ കാർ ഒരു മിഡിൽ ക്ലാസ് സ്വപ്നവുമായിരുന്നു. ആ ഒരു സിംബലായി ലൂസിഫർ, എമ്പുരാൻ സിനിമകളിൽ ലാളിത്യത്തിന്റെയും ആഡ്യത്തിന്റെയും സിംബലുകളായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. കറുത്ത അംബാസിഡറിൽ ശബരിമല ഭക്തരെയും കൊണ്ട് പോകുന്ന ഒരു സീനിലൂടെയാണ് ഈ സിനിമയുടെ തുടക്കം. ഇതേകാറിൽ സാധാരണ കൊടി പിടിക്കുന്ന സ്ത്രീകളും സ്കൂൾ കുട്ടികളും കഞ്ചാവ് കടത്തുന്നവരും എല്ലാവരും യാത്രക്കാരാണ്.

അംബാസഡർ കാർ എന്ന പ്രൗഡിയിൽ നിന്നും രൂപമാറ്റം സംഭവിച്ചുകൊണ്ടു ഈ സിനിമയിലെ ഒരു പൊതുഇടം കൂടെ മാറിയിട്ടുണ്ട്. ഒരു പക്ഷേ മലയാളിയുടെ കേരള സമൂഹത്തിന്റെ അംബാസഡർ കാർ എന്ന ഓർമ്മ കൂടി ഈ സിനിമയിലെ ഒരു സിംബലിസമായി മാറുകയാകും. കേരളത്തിലെ സബാൾറ്റേൺ/ബഹുജൻ പരിസരങ്ങളിലെ പല മനുഷ്യരും പിന്നീട് അംബാസഡർ കാർ ടാക്സി ആയി ഓടിച്ചു, ഡ്രൈവർമാർ ആയി ജീവിച്ചും ജീവിതം മുന്നോട്ട് കൊണ്ട് പോയിട്ടുണ്ട്. ഈ സിനിമയിൽ മോഹൻലാലിന്റെ ബെൻസ് എന്ന ഷണ്മുഖവും തന്റെ തൊഴിലിടം ആയ ആ അംബാസഡർ കാറുമായി ആത്മീയമായ ഒരു ബന്ധം പോലും നില നിൽക്കുന്നുമുണ്ട്.

ഇത്തരം ഒരു സബേൽറ്റേണിറ്റി തന്നെ ആകാം ഒരു കുറ്റകൃത്യത്തിന് ഇതിലെ മറ്റുള്ള കഥാപാത്രങ്ങൾ ഈ കാർ തന്നെ തിരഞ്ഞെടുക്കുന്നതും. കാറിന് തകരാറുണ്ടാകുമ്പോഴും അത് മറ്റുള്ളവർ ഉപയോഗിക്കുമ്പോഴും അതിൽ കാൽ ചവിട്ടുമ്പോൾ പോലും ഈ ബെൻസ് ആകെ അസ്വസ്ഥമാകുന്നുണ്ട്. അത്പോലെ പല മഹാന്മാരും സഞ്ചരിച്ച വണ്ടി ആണെന്ന രീതിയിൽ എത്ര ചന്തികൾ പതിഞ്ഞ വണ്ടി ആണെന്നൊക്കെ അദ്ദേഹം വെച്ചു കാച്ചുന്നുമുണ്ട്. കേരളത്തിലെ സബേൽറ്റേൺ സമൂഹങ്ങളിലെ തൊഴിൽ ഉപകരണങ്ങളോടുള്ള സ്നേഹവും ആത്മീയവുമായ ചില ബന്ധങ്ങളുമൊക്കെ ഈ ഒരു ബെൻസ്-കാർ ബന്ധത്തിലൂടെയും സിനിമ ദൃശ്യതപ്പെടുത്തുന്നു.

ഷീലയും മോഹന്ലാലും അഭിനയിച്ച സത്യൻ അന്തിക്കാട് സിനിമ ആയ ‘സ്നേഹവീട്’ ചെന്നെയിൽ ജൂനിയർ ആർടിസ്റ്റ ആയ ഒരു പെൺകുട്ടിയുടെ മകന്റെ പിതൃത്വം മോഹൻലാലിന്റെ നായർ കഥാപാത്രത്തിലേക്ക് ആരോപിക്കപ്പെടുന്ന കഥയാണ്. പിതൃത്വം ആയിരുന്നു ഒരു കാലത്ത് മലയാള ‘നായർ’ സിനിമയുടെ പ്രശ്നം. തന്തക്ക് പിറക്കുക, തന്ത ഇല്ലായ്മയൊക്കെയാണ് മലയാള സിനിമ ചർച്ച ചെയ്തത്. പക്ഷേ ഈ സിനിമയിലെ ബെൻസ് എന്നു വിളിക്കുന്ന ഷണ്മുഖന്റെ കഥാപാത്രം പിതൃത്വം എന്ന സങ്കൽപ്പത്തിനും അപ്പുറം ചെന്നൈ പോലുള്ള നഗരത്തിൽ അനാഥപ്പെടുന്ന ഒരു സ്ത്രീയെയും കുട്ടിയെയും ഒരു ജീവിതത്തിലേക്ക് നടത്തിക്കൊണ്ടു പോകുന്ന ഒരു കാര്യം ചെയ്യുന്നു.

കേരളത്തിലെ പൈതൃക അന്വേഷണ സമൂഹങ്ങളിൽ/സിനിമകളിൽ നിന്നു വ്യത്യസ്തമായി സബാൾറ്റേൺ അപര സ്വത്വങ്ങളുടെ ജീവിത വഴി കൂടെയാണ് അത്. മോഹൻലാൽ എന്ന താര ശരീരത്തിലൂടെ ഷണ്മുഖൻ എന്ന കഥാപാത്രത്തിന്റെ ഫോട്ടോകളിലൂടെ എൺപതുകളിലേക്ക് യാത്ര തിരിക്കുമ്പോൾ കേരളത്തിലെ ‘സാധാരണക്കാരനായ മലയാളി നായർ’സ്വത്വത്തിന് അപ്പുറം ഒരു പക്ഷേ ചെന്നൈ എന്ന നഗരത്തിലെ ചേരികളിൽ അടക്കം ജീവിച്ച സ്റ്റണ്ട് ആർടിസ്റ്റുകളുടെ ജീവിതത്തിന്റെ ചരിത്രത്തിന്റെ രേഖപ്പെടുത്തൽ കൂടെയാകുന്നു. അത് ഒരു സബാൾറ്റേൺ ജീവിത രേഖയുടെ ഒരു ചരിത്രം കൂടെ ആണ് ആ ഫോട്ടോയിലൂടെ വെളിവാകുന്നത്.

മോഹൻലാൽ എന്ന താര ശരീരത്തെ സബാൽറ്റേൺ/ബഹുജൻ ജീവിതങ്ങളിലേക്ക് ചേർത്തു വെക്കുന്ന ഒരു ദൃശ്യതയിലേക്ക് ഈ സിനിമ അതിലെ ഫോട്ടോകളിലൂടെ തൊഴിൽ രൂപങ്ങളിലൂടെ ജീവിക്കുന്ന വീടിലൂടെ, ജ്യോഗ്രഫികളിലൂടെ എല്ലാം ദൃശ്യതപ്പെടുത്തുന്നു. ഈ സിനിമയുടെ നൊസ്റ്റാൾജിയ ഒരു ‘ടിപ്പിക്കൽ മലയാളി നൊസ്റ്റാൾജിയ’അല്ല അത് ബഹുജൻ സബാൾറ്റേൺ നൊസ്റ്റാൾജിയ കൂടെയാണ്. എമ്പുരാൻ എന്ന സിനിമയിൽ മോഹൻലാൽ പൃഥ്വിരാജ് തുടങ്ങിയവരുടെ താരാശരീരങ്ങളുടെ ഹെറോയിസം ഇസ്‍ലാമോഫോബിയയ്ക്കെതിരെയും ഹിന്ദുത്വ ഫാസിസത്തിനെതിരെയും പൊളിറ്റിക്കൽ ടൂൾ ആയി ഉപയോഗിക്കപ്പെട്ടപ്പോൾ തുടരും എന്ന സിനിമയിലെ മോഹന്ലാൽ-ശോഭന എന്നീ സ്റ്റാർ മെറ്റീരിയലുകൾ അവർ തന്നെ സ്വയം വിഘടിച്ചു ഒരു സബാൾറ്റേൺ ബഹുജൻ പരിസരത്തിലേക്ക് ഈ സിനിമയിൽ സ്ഥാപിക്കുന്നതും അത്തരം താരങ്ങൾക്കു കേരളത്തിലെ കാണികൾ ആർത്ത് വിളിച്ചു കയ്യടിക്കുന്നത് സിനിമ എന്ന പൊളിറ്റിക്കൽ ടെക്സ്റ്റും അതിന്റെ കാണികളുമായുമുള്ള ഒരു എൻഗെജ്മെന്റിന്റെ രാഷ്ട്രീയ വ്യത്യാസം കൂടെയാണ്.

ശോഭന എന്ന നടിയുടെ കഥാപാത്രതത്തിന്റെ തമിഴ്-മലയാളി സ്വത്വവും മലയാള സിനിമയിൽ ഒരു കൾച്ചറൽ ഫ്ലെക്സിബിലിറ്റിയുടെ അല്ലെങ്കിൽ ലിക്വിഡിറ്റിയുടെ സ്വഭാവം നൽകുന്നു. അതുപോലെ ഈ സിനിമയിൽ പ്രധാന കഥാപാത്രങ്ങളിലൊന്നിനെ അവതരിപ്പിച്ച പ്രകാശ് വർമ എന്ന മലയാള സിനിമയ്ക്ക് ഒരു മുതൽ കൂട്ടും ആയിരിക്കും. മോഹന്ലാൽ എന്ന ഈ സിനിമയിലെ നായക ശരീരത്തിന് അപാരമായ പവർ നല്കുന്നതിൽ പ്രകാശ് വർമയുടെ കഥാപാത്രത്തിന് കഴിഞ്ഞിട്ടുണ്ട്. ബിനു പപ്പു എന്ന നടനും ഈ സിനിമയിൽ തകർത്തു വാരിയിട്ടുണ്ട്.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - രൂപേഷ് കുമാര്‍

contributor

Similar News