മാധ്യമസ്വാതന്ത്ര്യം പിന്നെയും താഴോട്ട്; ഗസ്സ മുതൽ ഗൗരി ലങ്കേഷ് വരെ – പുലിറ്റ്സർ സമ്മാനങ്ങൾ

ചരിത്രത്തിലാദ്യമായി സാമ്പത്തികത്തകർച്ച കൂടി പാരമ്പര്യ മാധ്യമങ്ങളെ ബാധിച്ചു. ഇന്ത്യയിൽ ഇതും, മാധ്യമ വേട്ടയും സെൻസർഷിപ്പും മാധ്യമക്കുത്തകയുമെല്ലാം സ്വാതന്ത്ര്യത്തെ ഹനിക്കുന്നതായി റിപ്പോർട്ട് പറയുന്നു. നിർമിത ബുദ്ധിയും അതുപയോഗിച്ച് സൃഷ്ടിക്കപ്പെടുന്ന വ്യാജവാർത്തകളുമാണ് പുതിയ വെല്ലുവിളി

Update: 2025-05-12 06:33 GMT
Advertising

മാധ്യമസ്വാതന്ത്ര്യം പിന്നെയും താഴോട്ട്

മെയ് മൂന്നിന്, യുഎൻ ആഭിമുഖ്യത്തിലുള്ള ആഗോള മാധ്യമസ്വാതന്ത്ര്യ ദിനത്തിൽ, റിപ്പോർട്ടേഴ്സ് വിതൗട്ട് ബോർഡേഴ്സ് പുതിയ കണക്ക് പുറത്തുവിട്ടു. മാധ്യമസ്വാതന്ത്ര്യം “അതിഗുരുതരാ”വസ്ഥയിലുള്ള രാജ്യങ്ങൾ മുൻവർഷം (ഇന്ത്യയടക്കം) 36 എണ്ണമായിരുന്നെങ്കിൽ ഈ വർഷം അത് (ഇന്ത്യയടക്കം) 42 എണ്ണമായി വർധിച്ചു. ചരിത്രത്തിലാദ്യമായി സാമ്പത്തികത്തകർച്ച കൂടി പാരമ്പര്യ മാധ്യമങ്ങളെ ബാധിച്ചു. ഇന്ത്യയിൽ ഇതും, മാധ്യമ വേട്ടയും സെൻസർഷിപ്പും മാധ്യമക്കുത്തകയുമെല്ലാം സ്വാതന്ത്ര്യത്തെ ഹനിക്കുന്നതായി റിപ്പോർട്ട് പറയുന്നു. നിർമിത ബുദ്ധിയും അതുപയോഗിച്ച് സൃഷ്ടിക്കപ്പെടുന്ന വ്യാജവാർത്തകളുമാണ് പുതിയ വെല്ലുവിളി.

ആസ്ട്രേലിയൻ ലേഖിക കേയ്റ്റ്ലിൻ ജോൺസ്റ്റൻ എഴുതുന്നു: ഇന്ന് മാധ്യമസ്വാതന്ത്ര്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇസ്രായേലിന് വൻശക്തിരാഷ്ട്രങ്ങൾ നൽകുന്ന പിന്തുണയാണ്. മാധ്യമസ്വാതന്ത്ര്യ ദിനത്തിൽ, ഗസ്സയിൽ ബാക്കിയുള്ള മാധ്യമപ്രവർത്തകർ ലോകത്തോട് പറഞ്ഞു: “574 ദിവസമായി ഞങ്ങൾ ബോംബുകൾക്കു ചുവടെ ഇവിടത്തെ യാഥാർഥ്യം റിപ്പോർട്ട് ചെയ്യുന്നു. അതിന് ഞങ്ങൾക്ക് കിട്ടുന്ന പ്രതിഫലം, കൊല്ലപ്പെടുക എന്നതാണ്. 212 മാധ്യമപ്രവർത്തകരെ ഇസ്രായേൽ ഇതിനകം ഗസ്സയിൽ മാത്രം കൊലപ്പെടുത്തി. എന്നിട്ടും ഞങ്ങൾക്കാവുന്നത് ഞങ്ങൾ ചെയ്യുന്നുണ്ട്. പക്ഷേ ഞങ്ങൾ തളർന്നിരിക്കുന്നു. നിങ്ങൾ ഇനിയെങ്കിലും നിങ്ങളുടെ കടമ നിർവഹിക്കുമോ?”

Full View

മാധ്യമങ്ങൾ തരുന്നത് വാർത്തയോ ആഖ്യാനമോ?

നിർമിതബുദ്ധി അടക്കമുള്ള ആധുനിക സങ്കേതങ്ങളില്ലാതെ തന്നെ വാർത്തകളെ വളച്ച്, തോൽവിയെ ജയമാക്കി കാട്ടാനും പിന്മാറ്റത്തെ മുന്നേറ്റമാക്കി അവതരിപ്പിക്കാനും കഴിയും. വിഴിഞ്ഞം ഒരു ഉദാഹരണമായിരുന്നു. വികസനത്തിൽ രാഷ്ട്രീയം കൊണ്ടുവരരുതെന്ന് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നവർ ഇതിൽ രാഷ്ട്രീയം കലർത്തുക മാത്രമല്ല, അതിന് നേതൃത്വവും നൽകി. നാരേറ്റിവ് എങ്ങനെ രാഷ്ട്രീയ നിറംമാറ്റത്തിനനുസരിച്ച് മാറാമെന്ന് കാണിക്കുന്നു ജാതി സെൻസസ് പ്രഖ്യാപനം. ഭരണപക്ഷം ഇതുവരെ ജാതി സെൻസസിനെ മഹാമോശമായിട്ടാണ് ചിത്രീകരിച്ചിരുന്നത്. പെട്ടെന്ന് മോദി സർക്കാർ നിലപാട് മാറ്റിയപ്പോൾ അവരും വാക്കു മാറ്റി. സംഘർഷാന്തരീക്ഷത്തിൽ വ്യാജ നാരേറ്റിവുകൾ പെരുകും. നേർവാർത്തയുടെയും ശരിയായ നാരേറ്റിവിന്‍റേയും വില ചെറുതല്ല.

Full View

ഗസ്സ മുതൽ ഗൗരി ലങ്കേഷ് വരെ – പുലിറ്റ്സർ സമ്മാനങ്ങൾ

പുലിറ്റ്സർ സമ്മാനം അമേരിക്കൻ മാധ്യമപ്രവർത്തകർക്കും എഴുത്തുകാർക്കും നൽകുന്നതാണെങ്കിലും അത് നേടുന്നവർ പലപ്പോഴും ആഗോളതലത്തിൽ ചലനമുണ്ടാക്കിയവരാണ്. ഇക്കൊല്ലം ബ്രേക്കിങ് ന്യൂസ് വിഭാഗത്തിൽ വാഷിങ്ടൺ പോസ്റ്റിനും, ബ്രേക്കിങ് ന്യൂസ് ഫൊട്ടോഗ്രഫിയിൽ ന്യൂയോർക്ക് ടൈംസിനും പുരസ്കാരമുണ്ട്. ശ്രദ്ധേയമായ മറ്റൊരു പുലിറ്റ്സർ പുരസ്കാരം, കമന്‍ററി വിഭാഗത്തിലേതാണ്. ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യം നേരിടുന്ന പ്രശ്നങ്ങൾ പുലിറ്റ്സർ പട്ടികയിൽ ഇടം പിടിക്കാൻ ഒരു കാരണമുണ്ടായി. ഗൗരി ലങ്കേഷിന്‍റെ കൊലയും അതിന് പശ്ചാത്തലമായ ഇന്ത്യയിലെ വലതു വർഗീയ പക്ഷത്തിന്‍റെ വളർച്ചയും പ്രതിപാദിക്കുന്ന റോളോ റൊമിഗിന്‍റെ I am on the Hit List എന്ന പഠന ഗ്രന്ഥത്തിനാണ് ജനറൽ നോൺ-ഫിക്‌ഷൻ വിഭാഗത്തിൽ രണ്ടാം സ്ഥാനം. 

Full View

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - യാസീന്‍ അശ്‌റഫ്

Media Critic, Writer

Similar News