മദ്യവും കഞ്ചാവും ഉപയോഗിക്കാതിരുന്നാൽ പാർശ്വവത്കൃതരെ പൊതുബോധം വേട്ടയാടാതിരിക്കുമോ?
കേരളത്തിലെ ഭരിക്കുന്ന പാർട്ടിയിലെ നിരവധി പ്രമുഖർ വേടനെതിരെ നടക്കുന്നത് വംശീയമായ പ്രതികാരമാണെന്ന് പ്രസ്താവച്ചിട്ടുണ്ട്. എന്നിട്ടും അവർ പൊലീസിന്റെ ഈ അധികാര പ്രയോഗത്തെ നിലക്ക് നിറുത്താത്തത് എന്തു കൊണ്ടാണ്?
മദ്യവും കഞ്ചാവും ഉപയോഗിക്കാതിരുന്നാൽ പാർശവത്കൃതരെ പൊതുബോധം വേട്ടയാടാതിരിക്കുമോ? ക്രിസ്ത്യൻ സമൂഹത്തിലെ ഏറ്റവും മത നിഷ്ഠ പാലിക്കുന്നവരാണ് പെന്തകോസ്തുകാർ. ലഹരി പോയിട്ടു ടിവി പോലും കാണാതിരിക്കുന്നവരാണവർ. എന്നിട്ടും വരേണ്യ ക്രിസ്ത്യാനികളിൽ നിന്നും പൊതു സമൂഹത്തിൽ നിന്നും അവർ കേൾക്കുന്ന പരിഹാസത്തിനും പഴിപറച്ചിലിനും എന്തെങ്കിലും കുറവുള്ളതായി കണ്ടിട്ടില്ല.
ലഹരി ഉപഭോഗം ഏറ്റവും കുറവുള്ളവരാണ് മുസ്‌ലിം കമ്മ്യൂണിറ്റി. അവർക്ക് എതിരെ നാർകോട്ടിക് ജിഹാദ് അടക്കമുള്ള എത്രമാത്രം ഫോബിയകളാണ് ഓരോ ദിവസവും പടച്ചിറക്കപ്പെടുന്നത്. ചില ശുദ്ധ മനുഷ്യർ വിശ്വസിക്കുന്നത് മുസ്‌ലിംകള്‍ ലഹരി ഉപയോഗിക്കാതെ മത നിഷ്ഠയോടെ ജീവിക്കുന്നതിനെ പൊതുമണ്ഡലം അംഗീകരിക്കുന്നു എന്നാണ്.
യഥാർത്ഥത്തിൽ, ഏഴാം നൂറ്റാണ്ടിൽ നിന്നും മാറാത്തവരും ആധുനികതയെ ഉൾക്കൊള്ളാൻ വിസമ്മതിക്കുന്നവരുമായി മുസ്‌ലിംകളെ പുരോഗമനർ ബ്രാൻഡ് ചെയ്യുന്നത് ഇത്തരം കാര്യങ്ങൾ കൊണ്ടു കൂടിയാണ്. കേരളത്തിലെ ദളിത് കോളനികൾ (സത്യത്തിൽ അവ ദളിതർ മാത്രം താമസിക്കുന്ന ഇടങ്ങളല്ല )മദ്യപാനത്തിന്റെയും അതിക്രമങ്ങളുടെയും കേന്ദ്രങ്ങളാണെന്നാണല്ലോ മുഖ്യധാര ചിത്രീകരിച്ചിട്ടുള്ളത്.
അനുഭവം കൊണ്ടു പറയുകയാണ്. ഈ കാലത്ത് ഏറ്റവുമധികം ജീവിത പരിഷ്ക്കരണം നടന്നിട്ടുള്ളത് ഇത്തരം ഇടങ്ങളിലാണ്. പുരുഷന്മാർക്ക് 1000രൂപയോളം കൂലി കിട്ടുകയും മിക്കവാറും സ്ത്രീകൾ പഠിപ്പുള്ളവരായി മാറുകയും ചെയ്തതിലൂടെ കുടുംബ ജീവിതം നല്ലനിലയിൽ ക്രമീകരിക്കപ്പെടുകയും മദ്യപാനവും അലമ്പ് ജീവിതവും വല്ലാതെ കുറഞ്ഞിട്ടുണ്ട് ഇവിടങ്ങളിൽ. ദളിത് ചെറുപ്പക്കാർ വിവിധ തൊഴിൽ മേഖലകളിൽ പെട്ടെന്നു തന്നെ കടന്നു ചെല്ലുന്നുണ്ട്. മുൻകാലത്തെ അപേക്ഷിച്ചു സമ്പത്തിനെ പറ്റി നല്ല അവബോധം പുലർത്തുന്നവരാണ് ദളിതർ. കേരളത്തിലെ ഏത് ബാറിൽ ചെന്നാലും ദളിതർ വളരെ കുറച്ചു പേർ മാത്രമാണ് അവിടെ വരുന്നതെന്ന് ബോധ്യപ്പെടും.
എങ്കിലും അവരെ പ്രതി ചേർത്തുള്ള പൊതുബോധ നിർമിതിക്ക് എന്തൊരു സ്വീകാര്യതയാണ് കിട്ടുന്നത്. മദ്യവും കഞ്ചാവും സ്ത്രീ പീഡനങ്ങളുടെ കേന്ദ്രമാണെന്ന് ചിലർ വാദിക്കുന്നു. കേരളത്തിലെ പുരോഗമനകാരികൾ സർവ്വ നിരോധനങ്ങളും നില നിൽക്കുന്ന അഫ്ഗാനിസ്ഥാനെയും ഇറാനെയും മാതൃകയായി ഉയർത്തി കാട്ടാറില്ലല്ലോ. മറിച്ചു ഡെന്മാർക്കും മറ്റുമാണ് മാതൃക. ഇവിടങ്ങളിൽ കഞ്ചാവും പല തരം ഡ്രഗ്സും നിയമപരമാണ്. ഇവിടെയൊന്നും സ്ത്രീ പീഡനങ്ങൾ വർധിച്ചിട്ടുമില്ല. സമൂഹത്തിൽ നില നിൽക്കുന്ന പുരുഷാധിപത്യ വ്യവസ്ഥയെ ലളിതവൽക്കരിക്കുന്നതാണ് ഇത്തരം വാദങ്ങൾ.
പ്രശ്നം, വരേണ്യരുടെ ഉൾക്കിടിലങ്ങളും ഭയങ്ങളും പുനരുൽപ്പാദിപ്പിക്കുന്നവരായി പാർഷ്വവത്കൃതർ നിലനിൽക്കുന്നു എന്നതാണ്. അവരുടെ ഏത് നിലയിലുള്ള മുന്നേറ്റവും വരേണ്യരിൽ പ്രതികാര വാസന ജനിപ്പിക്കും.
അമേരിക്കയിൽ അടിമത്തം നിരോധിച്ചപ്പോൾ കറുത്ത ആണുങ്ങളെ ബ്ലാക്ക് ബീസ്റ്റ് റേപ്പിസ്റ്റുകൾ എന്നു മുദ്ര കുത്തി ലിഞ്ചിങ് നടത്തിയത് ഇതേ ഉൾക്കിടിലത്തിന്റെ ഫലമാണ്. ആഫ്രോ- അമേരിക്കക്കാരായ ഒട്ടേറെ കലാ പ്രവർത്തകർ വ്യാജ ആരോപണങ്ങൾക്കോ ചെറിയ കുറ്റങ്ങൾ പെരിപ്പിച്ചു കാട്ടിയോ ശിക്ഷിക്കപ്പെട്ടു. കേരളത്തിലെ സവർണ പുരുഷ കേന്ദ്രമായ സിനിമകളിൽ നിന്നും വേറിട്ട പുതിയൊരു വ്യാകരണം രൂപപ്പെടുത്തിയവരാണ് മട്ടാഞ്ചേരി മാഫിയ എന്നു വിളിക്കപ്പെടുന്നവർ. അവരും പുതു തലമുറ റപ്പാർമാരും പരമ്പരാഗത കേൾവികൾക്കും പെർഫോമൻസുകൾക്കും വലിയ പിളർപ്പ് ഉണ്ടാക്കി. ഇക്കൂട്ടത്തിൽ വ്യക്തമായി തന്നെ കീഴാള രാഷ്ട്രീയം അരങ്ങിൽ എത്തിച്ചയാളാണ് വേടൻ.
അവൻ ലഹരിക്ക് അടിമപ്പെട്ടു നശിക്കണമോ എന്നു അവന് തന്നെ തീരുമാനിക്കാൻ കഴിയും.എന്നാൽ അവന്റെ പേരിൽ സാംസ്‌കാരിക ശുദ്ധിവാദം ഉന്നയിക്കുന്നവർ ഹിറ്റ്ലറിസം തന്നെയാണ് സാംസ്‌കാരികശുദ്ധി വാദം എന്ന വസ്തുത മറച്ചു പിടിക്കുന്നു. വേടനെ തൂക്കി കൊല്ലാനൊന്നും കഴിയില്ല. നല്ല ഒരു വായനക്കാരനും വിജ്ഞാനത്തോട് പ്രതി ബദ്ധതയുള്ളയാളും എന്ന നിലയിൽ അവൻ ഈ നിർണായക ഘട്ടത്തെ മറികടക്കും എന്നാണ് പ്രതീക്ഷ.
അവസാനമായി, കേരളത്തിലെ ഭരിക്കുന്ന പാർട്ടിയിലെ നിരവധി പ്രമുഖർ വേടന് എതിരെ നടക്കുന്നത് വംശീയമായ പ്രതികാരമാണെന്നു പ്രസ്താവച്ചിട്ടുണ്ട്. എന്നിട്ടും അവർ പൊലീസിന്റെ ഈ അധികാര പ്രയോഗത്തെ നിലക്ക് നിറുത്താത്തത് എന്തു കൊണ്ടാണ്?.