റാപ്റ്റിവിസം: കേരളീയ സാംസ്കാരികതയോട് കലഹിക്കുന്ന വേടൻ

വേടന്റെ തീവ്രമായ വരികളും ചടുലമായ പ്രകടനങ്ങളും കലഹിക്കുന്ന, സംഘർഷപ്പെടുന്ന, ചോദ്യം ചെയ്യുന്ന കീഴാള യുവത്വത്തിനും ബഹുജന സംസ്കാരത്തിനും കൂടുതൽ ഉത്തേജനം നൽകുന്നുണ്ട് എന്നതിൽ തർക്കമില്ല. ബോബ് മാർലിയുടെ നീളൻ മുടിയും, താടിയും, ചുരുട്ടും മറ്റും എങ്ങനെയാണോ ആഗോള തലത്തിൽ പ്രതിരോധങ്ങളുടെ രാഷ്ട്രീയ ചിഹ്നങ്ങളായി മാറിയത്, സമാനമായി കേരളീയ പശ്ചാത്തലത്തിൽ ഇരുണ്ടു മെലിഞ്ഞ ശരീരവും, കറുത്ത വസ്ത്രങ്ങളും, ചിലപ്പോൾ മേൽവസ്ത്രം ഇല്ലാതെയുമൊക്കെ സദാചാര സങ്കല്പങ്ങളെയും പൊതുബോധത്തെയും വെല്ലുവിളിച്ചു കൊണ്ട് റാപ്പിലൂടെ കീഴാളതയുടെ, യുവത്വത്തിന്റെ ബിംബമായി വേടൻ മാറിക്കഴിഞ്ഞിട്ടുണ്ട്.

Update: 2025-04-25 10:55 GMT
Advertising

കേരളീയ പൊതുമണ്ഡലത്തിൽ യുവ സംസ്കാരത്തിന്റെ (youth culture) പുതിയ സാധ്യതകകളാണ് യൂട്യൂബ് പോലുള്ള നവമാധ്യമങ്ങൾ തുറന്ന് വെച്ചിട്ടുള്ളത്. യൂട്യൂബിന്റെ സ്വീകാര്യത റാപ്പ് സംഗീത സംസ്കാരത്തെ കൂടുതൽ ജനകീയമാക്കുകയും അതിന്റെ രാഷ്ട്രീയ ഉള്ളടക്കത്തെ കേരളീയ പൊതുമണ്ഡലത്തിൽ വിവിധ സംവാദങ്ങളുടെ ഭാഗമാക്കാനും കാരണമായിട്ടുണ്ട്. റാപ്പ് സംഗീതം മുന്നോട്ടു വെക്കുന്ന രാഷ്ട്രീയ ഭാവനകൾ, സാമൂഹികമായ ഓർമ്മകൾ, മുന്നേറ്റങ്ങൾ എന്നിവ ജനപ്രിയ സംസ്കാരത്തിന്റെ ഭാഗമായി മാറുന്നത് കേരളീയ സാംസ്കാരിക ബോധത്തിൽ സംഭവിക്കുന്ന കലർപ്പുകളുടെ സംയോജനം കൂടെയാണെന്ന് കരുതാവുന്നതാണ്. സംഗീതത്തിലെ, പാട്ടിലെ ഈ കലർപ്പുകൾക്ക് ചരിത്രപരമായ ചില തുടർച്ചകളും ഉണ്ടെന്ന് കാണാവുന്നതാണ്. പ്രതിരോധത്തിന്റെ കീഴാള ഭാവനാ ലോകം പടുത്തുയർത്തിയ പൊയ്കയിൽ അപ്പച്ചനായാലും, ‘ആധുനിക’ മലയാളിയുടെ സംഗീത ബോധത്തെ കീഴ്മേൽ മറിച്ച കലാഭവൻ മണിയുടെ പാട്ടുകളായാലും, സാമ്പ്രദായിക സിനിമാ സംഗീത സങ്കൽപങ്ങളെ അപ:നിർമിച്ച ജാസി ഗിഫ്റ്റായാലും കലർപ്പുകളുടെ തുടർച്ചയിൽ ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഇടം പിടിച്ചവരാണ്. ചരിത്രത്തിന്റെ ഈ തുടർച്ചയിലാണ് ‘റാപ്പ്’ എന്ന സമരോത്സുക സംഗീത വ്യവഹാരവുമായി ‘വേടൻ’ കേരളീയ പൊതു മണ്ഡലത്തിൽ പുതിയ ചലനങ്ങൾ സൃഷ്ടിക്കുന്നത്.

 

ബിംബങ്ങളുടെ രാഷ്ട്രീയം

പാട്ടിൽ ബിംബങ്ങൾ (icons) ഉണ്ടാകുന്നത് ചിലപ്പോഴൊക്കെ ചരിത്രപരമായ അനിവാര്യതയാവാം. വൈയക്തികവും, വൈകാരികവും, പ്രാദേശികവുമായ സാമൂഹിക-രാഷ്ട്രീയ സംഘർഷങ്ങളെ ആഗോള പശ്ചാത്തലത്തിൽ കൂടെ പ്രസക്തമായ രീതിയിൽ അവതരിപ്പിക്കാൻ ഈ ബിംബങ്ങൾക്ക് സാധിക്കും. സാർവ്വലൗകികമായ ഈ സ്വീകാര്യതയാണ് അപരസമൂഹങ്ങൾ, വിവിധ ഉപ:സംസ്കാരങ്ങൾ, ബഹുജനങ്ങൾ എന്നിവർക്ക് മേൽപറഞ്ഞ ബിംബങ്ങളുമായും അവരുടെ ഇടപെടലുകളുമായും ഒക്കെ ആത്മബന്ധം സൃഷ്ടിക്കാൻ കാരണമാകുന്നത്. അടിമത്വത്തെ, വംശീയതയെ പ്രശ്നവത്ക്കരിക്കുന്ന ബോബ് മാർലിയുടെ പാട്ടുകൾ ഈ അർത്ഥത്തിലാണ് ലോകത്തെ വിവിധ ഉപ:സംസ്കാരങ്ങളുമായി സാർവ്വലൗകികമായ ഒരു ആത്മബന്ധം കൈവരിക്കുന്നത്. സമാനമായ ഒരു സാർവ്വലൗകിക സ്വഭാവമാണ് സ്വത്വം, അപരത്വം, ജാതി, പുറന്തള്ളൽ തുടങ്ങിയ വ്യവഹാരങ്ങളെ ജനപ്രിയ സംസ്കാരത്തിലൂടെ ആഘോഷമാക്കുന്ന, പ്രശ്നവത്ക്കരിക്കുന്ന വേടന്റെ പാട്ടുകളിലും കാണാനാവുക. സാമൂഹികമായ ഓർമ്മകളും അനുഭവങ്ങളുമാണ് വേടന്റെ റാപ്പുകളുടെ ഇതിവൃത്തം. ദലിത് ചിത്രരചനയുടെ രീതിശാസ്ത്രവും ഭാവനാലോകവുമാണ് വേടൻ തന്റെ പാട്ടുകളുടെ രൂപീകരണത്തിനായി ഉപയോഗപ്പെടുത്തിയിരിക്കുന്നതെന്ന് കാണാനാവും. രാഷ്ട്രീയവും, സാമൂഹികവും, സാംസ്കാരികവുമായ വിമോചനാത്മകമായ സ്വഭാവവും സങ്കല്പങ്ങളുമാണ് ഈ പാട്ടുകളിലെല്ലാം പൊതുവിൽ കാണാനാവുക. ഒരുപക്ഷേ കലാഭവൻ മണിക്ക് ശേഷം സ്റ്റേജ് ഷോകളിലൂടെ അഥവാ കൺസേർട്ടുകളിലൂടെ കേരളീയ പൊതുമണ്ഡലത്തിൽ സ്വീകാര്യത നേടുന്ന അപര ദേഹത്തിനുടമയായിരിക്കും വേടൻ എന്ന് നിസംശയം പറയാനാവും.

 

ബോബ് മാർലി 

സാമൂഹിക നീതി, പ്രതിരോധം, പോരാട്ടം എന്നീ വ്യവഹാരങ്ങളെ കുറിച്ചുള്ള സങ്കല്പങ്ങളാണ് ബഹുജനങ്ങൾക്കിടയിൽ, അപരസമൂഹങ്ങൾക്കിടയിൽ വേടന്റെ റാപ്പുകൾ കൂടുതൽ സ്വീകാര്യമായി മാറാനുള്ള സുപ്രധാനമായ കാരണം. വേടന്റെ തീവ്രമായ വരികളും ചടുലമായ പ്രകടനങ്ങളും കലഹിക്കുന്ന, സംഘർഷപ്പെടുന്ന, ചോദ്യം ചെയ്യുന്ന കീഴാള യുവത്വത്തിനും ബഹുജന സംസ്കാരത്തിനും കൂടുതൽ ഉത്തേജനം നൽകുന്നുണ്ട് എന്നതിൽ തർക്കമില്ല. ബോബ് മാർലിയുടെ നീളൻ മുടിയും, താടിയും, ചുരുട്ടും മറ്റും എങ്ങനെയാണോ ആഗോള തലത്തിൽ പ്രതിരോധങ്ങളുടെ രാഷ്ട്രീയ ചിഹ്നങ്ങളായി മാറിയത്, സമാനമായി കേരളീയ പശ്ചാത്തലത്തിൽ ഇരുണ്ടു മെലിഞ്ഞ ശരീരവും, കറുത്ത വസ്ത്രങ്ങളും, ചിലപ്പോൾ മേൽവസ്ത്രം ഇല്ലാതെയുമൊക്കെ സദാചാര സങ്കല്പങ്ങളെയും പൊതുബോധത്തെയും വെല്ലുവിളിച്ചു കൊണ്ട് റാപ്പിലൂടെ കീഴാളതയുടെ, യുവത്വത്തിന്റെ ബിംബമായി വേടൻ മാറിക്കഴിഞ്ഞിട്ടുണ്ട്.

വരേണ്യ സാമൂഹിക ബോധത്തിന്റെയും ധാർമ്മികതയുടെയും നിരാകരണത്തിലാണ് റാപ്പ് സംഗീത സങ്കല്പത്തിന്റെ സൗന്ദര്യ ശാസ്ത്രം തന്നെ നിർമ്മിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ പരമ്പരാഗത സങ്കല്പങ്ങളെയും ആധിപത്യ വ്യവഹാരങ്ങളെയും തികച്ചും അട്ടിമറിക്കാനുള്ള ശ്രമങ്ങൾ റാപ്പുകളിൽ കാണാനാവും. റാപ്പ് സംഗീതത്തിന്റെ രാഷ്ട്രീയമായ ഉള്ളടക്കവും അത് നിർമിക്കുന്ന സാംസ്കാരിക വ്യവഹാരങ്ങളും അപരസമുദായങ്ങൾ, യുവാക്കൾ തുടങ്ങിയ സംഘർഷപ്പെടുന്ന സമൂഹങ്ങളെ സ്വാധീനിക്കുന്നത് തികച്ചും സ്വാഭാവികമാണ്. വ്യവസ്ഥാപിത രാഷ്ട്രീയ ദർശനങ്ങൾ എന്നത് അടിസ്ഥാനപരമായി ആധിപത്യ സാംസ്കാരികതയിൽ വേരൂന്നി നിൽക്കുന്നതിനാൽ, അത്തരം രാഷ്ട്രീയ സങ്കല്പങ്ങളുടെ തിരസ്കരണം വേടന്റെ വരികളിൽ വ്യക്തമാണ്. ചുരുക്കത്തിൽ പരമ്പരാഗത രാഷ്ട്രീയ ധാരകളിൽ നിരാശരായ, അതിനോട് കലഹിക്കുന്ന, പുതിയ രാഷ്ട്രീയ ഭാവനകൾ ആഗ്രഹിക്കുന്ന ബഹുജനങ്ങളുടെ കൂട്ടമാണ് വേടനെ ഇത്രമേൽ ആഘോഷമാക്കുന്നതെന്ന് പറയാം. മനുഷ്യരുടെ രാഷ്ട്രീയ കാഴ്ചപ്പാടുകളെ, തെരഞ്ഞെടുപ്പുകളെ, തിരിച്ചറിവുകളെയെല്ലാം പുതുക്കിപ്പണിയുന്നതാണ് അദ്ദേഹത്തിന്റെ വരികളും പ്രകടനങ്ങളും. കേരളത്തിലെ അപര ഇടങ്ങളെ കുറിച്ചും സ്വന്തം അപരജീവിതത്തെ കുറിച്ചുമൊക്കെയാണ് വേടൻ പൊതുവിൽ പാടാൻ ശ്രമിക്കുന്നതെങ്കിലും വിവിധ രൂപകങ്ങളാലും അന്തരാർത്ഥങ്ങളാലും സമ്പന്നമായ അദ്ദേഹത്തിന്റെ വരികൾ വിഭിന്നമായ മനുഷ്യർക്ക് അവരുടേതായ വ്യാഖാനങ്ങൾക്ക് കൂടെയുള്ള സാധ്യതകൾ തുറന്നിടുന്നുണ്ട്. സാമൂഹിക നീതിക്കും രാഷ്ട്രീയമായ പരിവർത്തനങ്ങൾക്കുമുള്ള സാർവ്വലൗകിക ഗീതമായി സ്വീകരിക്കപ്പെട്ട ബോബ് മാർലിയുടെ ‘ഗെറ്റ് അപ്പ്, സ്റ്റാൻഡ് അപ്പ്’ (Get Up, Stand Up) എന്ന ഗാനത്തെ അനുസ്മരിപ്പിക്കുന്നതാണ് യൂട്യൂബിലൂടെ ആഘോഷിക്കപ്പെട്ട വേടന്റെ ‘വോയ്സ് ഓഫ് വോയ്സ് ലെസ് (voice of voiceless) എന്ന റാപ്പ്. ആന്തരികമായ രാഷ്ട്രീയ ഭാവുകത്വം, സൗന്ദര്യശാസ്ത്രം, വിമർശനപരത തുടങ്ങിയ ഘടകങ്ങൾ വേടന്റെ പാട്ടുകളെ കലയുടെ വിശാലമായ ലോകവും ബഹുജന സാക്ഷാത്കാരങ്ങളും തമ്മിലുള്ള അതിർ വരമ്പുകളെ ഭേദിക്കാൻ സഹായിച്ചു എന്ന് വേണം മനസിലാക്കാൻ. ഒരു ബദൽ സാംസ്കാരിക, രാഷ്ട്രീയ, ധാർമ്മിക ബോധ്യങ്ങളെ സംവേദനം ചെയ്യാൻ ശ്രമിക്കുന്നതുകൊണ്ട് തന്നെ യുവാക്കൾ, അധഃസ്ഥിതർ, തൊഴിലാളികൾ, ബഹുജനങ്ങൾ തുടങ്ങി വിവിധ സാമൂഹ്യ വിഭാഗങ്ങളെയാണ് വേടന്റെ റാപ്പുകൾ സ്വാധീനിച്ചിട്ടുള്ളത്. കുറച്ചുകൂടെ വ്യക്തമായി പറഞ്ഞാൽ രാഷ്ട്രീയമായ ഉണർവ്വുകൾ പ്രമേയമാക്കിയ വേടന്റെ മിക്ക റാപ്പുകളും നിരന്തരം കലഹിച്ചു കൊണ്ടിരിക്കുന്ന വലിയൊരു വിഭാഗം അപരവത്ക്കരിക്കപ്പെട്ട മനുഷ്യരുടെ ഹൃദയത്തിലാണ് സ്പർശിച്ചത്.

പുറന്തള്ളൽ, അപരത്വം തുടങ്ങിയ പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ ശേഷിയുള്ള നവീനമായ ഒരു രാഷ്ട്രീയ ഭാഷയ്ക്കും ശൈലിക്കുമായി കാത്തിരുന്ന മനുഷ്യർക്ക് വേടന്റെ പാട്ടുകൾ നൽകുന്ന ആവേശം ചെറുതല്ല. ഉദാഹരണത്തിന് ‘വാ’ എന്ന റാപ്പിലൂടെ തോളോട് തോൾ ചേർന്ന് പോരാടാനും കലഹിക്കാനും ക്ഷണിക്കുന്ന വേടൻ അടിച്ചമർത്തപ്പെട്ട മനുഷ്യരുടെ രാഷ്ട്രീയ ഭാവനകൾക്ക് കൂടുതൽ കരുത്തു പകരുകയാണ് ചെയ്യുന്നത്. കേരളത്തിലെ വിവിധ അപരഇടങ്ങളിൽ ജനിച്ചു വളർന്ന യുവാക്കളെ സംബന്ധിച്ചിടത്തോളം സാമൂഹിക നീതി സങ്കല്പവുമായി ബന്ധപ്പെട്ട വിശാലമായ ഭാവനകളും അടിമത്വം, ജാതി എന്നിവയെ കുറിച്ചുള്ള ചരിത്രപരമായ അനുഭവങ്ങളും ഓർമ്മകളുമാണ് വേടന്റെ റാപ്പുകൾ പകർന്നു നൽകുന്നത്. കീഴാളർ, വിദ്യാർത്ഥികൾ, യുവാക്കൾ തുടങ്ങിയ നിഷേധികളുടെ വലിയൊരു കൂട്ടമാണ് വേടന്റെ കൺസേർട്ടുകൾക്കായി ഇന്ന് ഒത്തു കൂടുന്നത്. ആധിപത്യ സാമൂഹ്യ വ്യവസ്ഥിതിയോടും, മുഖ്യധാരാ രാഷ്ട്രീയ വ്യവഹാരങ്ങളോടുമൊക്കെ പ്രതിഷേധങ്ങളുള്ള വലിയ ആൾക്കൂട്ടങ്ങളാണ് വേടനെ കേൾക്കാൻ കാത്തിരിക്കുന്നത്. നിഷേധാത്മകമായ ഒരു യുവ സംസ്കാരത്തെയും അതിന്റെ സാർവ്വലൗകിക സ്വഭാവത്തെയും വേടൻ പ്രത്യക്ഷമായോ പരോക്ഷമായോ ഒക്കെ പ്രതിനിധീകരിക്കുന്നു എന്നതാണ് ഇത്തരം ആൾക്കൂട്ട രൂപീകരണത്തിന്റെ പ്രധാന കാരണം. അടിച്ചമർത്തപ്പെട്ട മനുഷ്യരുടെ ശബ്ദത്തെയും പാട്ടിനെയും സംയോജിപ്പിച്ചുകൊണ്ട് സാമൂഹിക നീതിയുടെയും പ്രതിരോധത്തിന്റെയും ബിംബമായി മാറുകയും അതുവഴി വ്യവസ്ഥാ വിരുദ്ധമായ രാഷ്ട്രീയ ദർശനങ്ങളുടെ ഭാഗമാകാനും വേടന് കഴിയുന്നുണ്ട്. കേരളീയ സാംസ്കാരികതയിലെ ‘കരടു’കളായി നിലനിൽക്കുന്ന കോളനികൾ, അപര പ്രദേശങ്ങൾ, അതിലെ ജീവിതങ്ങൾ ഒക്കെയാണ് വേടന്റെ വരികളിൽ കനലുകൾ പടർത്തുന്നതെങ്കിലും, കേരളത്തിലെ ‘പൊതു’ സാമൂഹിക ഇടങ്ങളിലെ വലിയൊരു വിഭാഗം മനുഷ്യർക്കും അവരുടെ വിമോചനാത്മക സങ്കല്പങ്ങളുടെ പ്രതിഫലനങ്ങളായി അദ്ദേഹത്തിന്റെ റാപ്പുകൾ അനുഭവപ്പെടുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം. കീഴാള ലോകവീക്ഷണത്തിൽ നിന്ന് കൊണ്ടുള്ള അധീശത്വ വിരുദ്ധമായ, ഒരുപക്ഷേ എല്ലാ മനുഷ്യർക്കും ഒരുപോലെ മനസിലാകാനും അനുഭവപ്പെടാനും സാധ്യതയില്ലാത്ത, വിമോചനാത്മക സങ്കല്പങ്ങളാണ് വേടൻ മുന്നോട്ടു വെക്കുന്നതെങ്കിലും റാപ്പുകളിലെ ആശയങ്ങൾ വ്യത്യസ്തരായ മനുഷ്യരുടെ ആസ്വാദന ബോധത്തെ സ്വാധീനിച്ചിട്ടുണ്ട് എന്നതാണ് സത്യം. സാമ്പ്രദായിക സൗന്ദര്യശാസ്ത്രത്തിൽ നിന്നും പ്രതിരോധ സങ്കല്പങ്ങളിൽ നിന്നും വിഭിന്നമായ ഘടനാ വിരുദ്ധമായ റാപ്പുകൾ, ബദൽ രാഷ്ട്രീയ ബിംബത്തിനായി ആഗ്രഹിച്ചിരുന്ന കേരളീയ യുവസമൂഹം പ്രതിനിധീകരിക്കുന്ന ഉപസംസ്കാരത്തെയാണ് സംതൃപ്തരാക്കിയത്. അതായത് വ്യത്യസ്ത സാമൂഹിക-സാംസ്കാരിക തലങ്ങളിലുള്ള ആസ്വാദകരെയും ആരാധകരെയും തമ്മിൽ കോർത്തിണക്കുന്ന ഒരു ഘടകമായി വേടൻ എന്ന ബിംബം മാറി എന്ന് വേണം കരുതാൻ.

റാപ്പുകൾ നിർമിക്കുന്ന പ്രതിസാംസ്കാരിക വ്യവഹാരങ്ങൾ

സാമൂഹിക പിന്നോക്കാവസ്ഥയ്ക്ക് കാരണമാകുന്ന ആധിപത്യ സാമൂഹിക ഘടനകളെ നിശിതമായ വിമർശനങ്ങൾക്ക് വിധേയമാക്കുകയാണ് റാപ്പുകളിലൂടെ വേടൻ ചെയ്യുന്നത്. സാമൂഹിക ഘടനയ്ക്കുള്ളിൽ നിന്നു കൊണ്ട് ആധിപത്യ ശക്തികൾക്കെതിരെ പ്രതിരോധം തീർക്കുന്നതിനാൽ റാപ്പുകൾ പൊതുവിൽ ഒരു പ്രതിസാംസ്കാരിക വ്യവഹാരം കൂടെയായി പ്രവർത്തിക്കുന്നുണ്ട്. റാപ്പുകൾ അടിസ്ഥാനപരമായി സാംസ്കാരിക ആധിപത്യത്തെ പ്രതിരോധിക്കുകയും വിവിധ പ്രത്യയശാസ്ത്രങ്ങളുടെ ആധിപത്യ പ്രവണതകളെ പ്രശ്നവത്ക്കരിക്കുകയും ചെയ്യുന്നുണ്ട്. റാപ്പുകളുടെ ആധിപത്യ വിരുദ്ധ സ്വഭാവത്തിന് തീർച്ചയായും ചരിത്രപരമായ ബന്ധങ്ങൾ കൂടെയുണ്ട് എന്നതാണ് വസ്തുത. അമേരിക്കൻ നഗരങ്ങളിലെ ആഫ്രോ-അമേരിക്കൻ ജനത തിങ്ങി പാർക്കുന്ന അപര പ്രദേശങ്ങളിലെ യുവത്വമാണ് ഒരു പ്രതിരോധ സങ്കല്പമായി റാപ്പുകൾ ആദ്യ കാലങ്ങളിൽ ഉപയോഗിച്ചിരുന്നത്. വംശീയത, ദാരിദ്ര്യം, വിവിധതരം അരക്ഷിതാവസ്ഥകൾ, ചൂഷണങ്ങൾ എന്നിവയോടുള്ള ‘കറുത്ത’ വംശജരുടെ കലാപരമായ ആശയ പ്രകാശനവും പ്രതിഷേധവുമാണ് റാപ്പുകളിലൂടെ പ്രതിഫലിച്ചിരുന്നത്. ‘അപരത്വം’ എന്ന പ്രശ്നത്തെ കേന്ദ്ര സ്ഥാനത്തു പ്രതിഷ്ഠിക്കുമ്പോളാണ് റാപ്പുകൾ സൗന്ദര്യശാസ്ത്രപരമായി കൂടുതൽ ആധികാരികത കൈവരിക്കുന്നതെന്ന് തോന്നുന്നു. അമേരിക്കയിൽ തീർച്ചയായും വംശീയതയും ആഫ്രോ-അമേരിക്കൻ ജനതയുടെ സ്വത്വ പ്രകാശനവുമാണ് റാപ്പുകളുടെ മുഖ്യ പ്രമേയമായതെങ്കിൽ കേരളീയ സാമൂഹിക പശ്ചാത്തലത്തിൽ ജാതി, കോളനി, ദലിത് സാംസ്കാരികത തുടങ്ങിയ വിഷയങ്ങളാണ് സ്വാഭാവികമായും വേടന്റെ റാപ്പുകൾക്ക് വിഷയങ്ങളായി മാറിയത്. അതായത് ലോകത്തിന്റെ വിവിധ കോണുകളിലുള്ള അപരവത്കൃത സമൂഹങ്ങളെ ഒരു ഭാവനാത്മക സമൂഹമായി കണ്ണിചേർക്കാൻ റാപ്പ് എന്ന സാംസ്കാരിക പ്രതിരോധത്തിന് കഴിഞ്ഞു എന്ന് വേണം കരുതാൻ. ഒരുതരത്തിൽ ഹിരൺദാസ് മുരളി എന്ന റാപ്പർ ‘വേടൻ’ എന്ന് സ്വയം നാമകരണം ചെയ്യുന്നത് പോലും ആധിപത്യ സമൂഹം ചരിത്രപരമായി കീഴാളർക്ക് മുകളിൽ അടിച്ചേൽപ്പിക്കുന്ന ജാതി സ്വത്വത്തോടുള്ള പ്രതിഷേധവും നിരാകരണവുമായി മനസിലാക്കാവുന്നതാണ്. ആഫ്രോ-അമേരിക്കൻ റാപ്പർമാരുടെ ചരിത്രം പരിശോധിച്ചാലും അടിച്ചേല്പിക്കപ്പെട്ട സ്വത്വ നിരാകരണത്തിന്റെ ഭാഗമായുള്ള ഇത്തരം സ്വയം നാമകരണം കാണാൻ സാധിക്കും. അപര സമൂഹങ്ങളെ കീഴ്പ്പെടുത്താനായി ആധിപത്യ സാമൂഹിക വ്യവസ്ഥ ആന്തരികമായി നടത്തുന്ന ശ്രമങ്ങളെ പ്രതിരോധിക്കാനും സാംസ്കാരിക സ്വത്വ പ്രകാശനം സാധ്യമാക്കാനും സ്വയം നാമകരണം എന്ന പ്രക്രിയ സഹായിക്കുന്നുണ്ട്.

 

അനീതികളെ പ്രോത്സാഹിപ്പിക്കുന്ന മർദ്ദക സാമൂഹിക ഘടനയെ അപനിർമ്മിക്കാൻ ശേഷിയുള്ള രാഷ്ട്രീയ വ്യവഹാരങ്ങളാണ് റാപ്പുകൾ സാധ്യമാക്കുന്നത്. കേരളീയ സാമൂഹിക ഘടനയെ ഏകമാന രൂപമായി വിഭാവനം ചെയ്യുന്ന വരേണ്യ സാംസ്കാരിക ബോധത്തെയാണ് വാസ്തവത്തിൽ റാപ്പുകളിലൂടെ വേടൻ പ്രതിസന്ധിയിലാക്കുന്നത്. അരികുകളിലുള്ള മനുഷ്യരെയും അവരുടെ ജീവിതത്തെയും അതിജീവനത്തെയും അഭിലാഷങ്ങളെയുമെല്ലാം തിരസ്ക്കരിക്കുന്ന ഒരു മർദ്ദക സാമൂഹിക വ്യവസ്ഥ ഇവിടെ ഇന്നും നിലനിൽക്കുന്നുണ്ടെന്നാണ് വേടന്റെ റാപ്പുകൾ പ്രതിധ്വനിക്കുന്നത്. ‘അപരത്വ’ത്തെ കേന്ദ്ര സ്ഥാനത്തു പ്രതിഷ്ഠിച്ചു കൊണ്ട് അതിനെ ഒരു കീഴാള മൂലധനമാക്കുകയും വാണിജ്യവത്ക്കരിക്കുകയും ചെയ്യുക വഴി മുഖ്യധാരാ സംഗീത വ്യവഹാരങ്ങളുടെ വരേണ്യ അടിത്തറയിലാണ് വേടൻ വിള്ളലുകൾ വീഴ്ത്തുന്നത്. മാത്രമല്ല കേരളീയ പൊതുമണ്ഡലത്തിന്റെ വരേണ്യ ആസ്വാദന ബോധത്തെ സംതൃപ്തമാക്കാനായി അപര ജീവിതങ്ങളുടെ വൈകാരികത, സംഘർഷങ്ങൾ, സങ്കീർണ്ണതകൾ എന്നീ വിഷയങ്ങളിൽ യാതൊരു വിധത്തിലുള്ള വിട്ടുവീഴ്ച്ചകൾക്കും വേടൻ ശ്രമിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഒരു ഭാഗത്തു ആധിപത്യ പ്രത്യയശാസ്ത്രങ്ങളെയും സാമൂഹിക നിർമിതികളെയും ചോദ്യം ചെയ്യുകയും മറു വശത്തു കീഴാള ജനതയ്ക്ക്, യുവാക്കൾക്ക് വിശാലമായൊരു ലോക വീക്ഷണം, രാഷ്ട്രീയ പാഠങ്ങൾ, അനുഭവങ്ങൾ എന്നിവ പകർന്നു കൊടുക്കയും കൂടെ ചെയ്യുന്നുണ്ട് വേടന്റെ പാട്ടുകൾ. അപരത്വത്തിന്റെ സാമൂഹികവും സൈദ്ധാന്തികവുമായ പ്രശ്നങ്ങളെ നിരന്തരം ചോദ്യം ചെയ്യുക വഴി അപരവത്ക്കരണത്തിൽ നിന്ന് തന്നെ കുതറി മാറാൻ അരികുകളിലെ യുവത്വത്തിന് ഊർജ്ജം പകരുകയാണ് വേടന്റെ വരികൾ ചെയ്യുന്നത്. വേടന്റെ കൺസേർട്ടുകൾ പോലും മറ്റൊരു തരത്തിൽ അധീശ വ്യവഹാരങ്ങളെ കടന്നാക്രമിക്കുകയും അപനിർമിക്കുകയും ഒപ്പം അപര സമൂഹങ്ങളുടെ കാഴ്ച്ചകളെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന സാമൂഹിക ഇടങ്ങളായി പരിവർത്തനപ്പെടുന്നുണ്ടെന്നതാണ് യാഥാർത്ഥ്യം. കേരളീയ സാംസ്കാരികതയോട് നിരന്തരം കലഹിക്കുകയും ചിലപ്പോഴൊക്കെ സമരസപ്പെടുകയും അതിജീവനം നടത്തുകയും ചെയ്യുന്ന അപര സമൂഹങ്ങൾക്ക്, സവിശേഷമായി യുവ ജനതയ്ക്ക്, നവീനമായൊരു ദിശാബോധവും രാഷ്ട്രീയമായ ഉണർവ്വുകളും പകർന്നു നൽകുന്ന ഒരു പ്രതിസാംസ്കാരിക ബിംബമായി വേടനും അദ്ദേഹത്തിന്റെ റാപ്പുകളും മാറുന്നുണ്ടെന്നത് അനിഷേധ്യമായ വസ്തുതയാണ്.

(ശ്രുതീഷ് കണ്ണാടി - ഹൈദരാബാദ് GITAM സർവ്വകലാശാലയിൽ മാധ്യമപഠന വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറാണ്)

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - ശ്രുതീഷ് കണ്ണാടി

contributor

പോണ്ടിച്ചേരി കേന്ദ്ര സർവ്വകലാശാലയിൽ മാസ് കമ്മ്യൂണിക്കേഷന്‍ ഗവേഷണ വിദ്യാർഥിയാണ് ലേഖകന്‍

Similar News