പോൽ വാൾത്തട്ടി മുതൽ മൻദീപ് സിങ് വരെ..ഉന്മുക്ത് ചന്ദ്‌ മുതൽ പൃഥ്വി ഷാ വരെ..; സ്‌കൂൾ സിലബസിനൊപ്പം വൈഭവ് സൂര്യവൻഷി വിസ്മരിക്കാൻ പാടില്ലാത്ത പാഠപുസ്തകങ്ങൾ

ക്രിക്കറ്റ് എന്നതിലുപരി ഒരു വിനോദം മാത്രമാണ് ഫ്രാഞ്ചൈസി കുട്ടി ക്രിക്കറ്റുകൾ. ക്രിക്കറ്റിന്റെ അടിസ്ഥാന നിയമങ്ങൾ പോലും ബലി കഴിച്ച്, കളിയാസ്വാദകരെ ത്രസിപ്പിക്കാൻ വേണ്ടി മാത്രമായൊരുക്കുന്ന മൂന്നര മണിക്കൂർ നീളുന്ന ഒരു ഫയർ വർക്ക്. സാങ്കേതികതകൾക്കോ, ടെക്സ്റ്റ് ബുക്ക് ശൈലികൾക്കോ, ഫുട് വർക്കുകൾക്കോ ഒട്ടും പ്രാധാന്യം കൽപ്പിക്കാത്ത, പന്തെറിയുന്നവരോട് ഒരൽപ്പം പോലും ബഹുമാനമില്ലാത്ത, തനിക്ക് നേരെ വരുന്ന പന്തുകളെ അതിലേറെ ശക്തിയോടെ ആഞ്ഞടിച്ചകറ്റണമെന്ന ഒരൊറ്റ മനസ്സോടെ ബാറ്റ് ചെയ്യന്നവർക്കാണ് ഐപിഎല്ലിൽ മൂല്യം. തുടർച്ചയായി രണ്ട് ഡോട്ട് ബോളുകൾ കളിക്കുന്ന ബാറ്റർ വെറുക്കപ്പെട്ടവനാകുന്ന ഈ ടൂർണമെന്റ് യുവതലമുറയെ ഏത് വിധത്തിൽ സ്വാധീനിക്കുമെന്നെതിൽ ഗുരുതരമായ പ്രശ്നതലങ്ങളുണ്ട്.

Update: 2025-05-02 13:17 GMT
Advertising

2011 ഏപ്രിൽ 2..

മുംബൈ വാങ്കഡെ സ്റ്റേഡിയം..

നുവാൻ കുലശേഖരയുടെ ഒരു ഗുഡ് ലെങ്ത് പന്ത് ലോങ്ങ് ഓണിന് മുകളിലൂടെ നിലം തൊടാതെ അതിർത്തി കടത്തി മഹേന്ദ്രസിംഗ് ധോണിയിലൂടെ വിശ്വകിരീടം ഇരുപത്തെട്ട് വർഷങ്ങൾക്ക് ശേഷം ഇന്ത്യയിലെത്തിയ ആ രാവിൽ ഇന്ത്യ ഒന്നടങ്കം ആഘോഷങ്ങളിൽ മുഴുകി. 83 ലെ കപിലിന്റെ ചെകുത്താന്മാരുടെ പ്രുഡൻഷ്യൽ കപ്പ്‌ നേട്ടത്തിന് ശേഷം ഒരിക്കൽ കൂടി വിശ്വകിരീടം ഇന്ത്യയിൽ വിരുന്നെത്തുകയായിരുന്നു. എന്നാൽ ബിഹാറിലെ താജ്‌പൂരിൽ സഞ്ജീവ് സൂര്യവൻഷിയുടെ വസതിയിൽ സന്തോഷം നാല് നാൾ മുന്നേ വിരുന്നെത്തിയിരുന്നു.

മാർച്ച് 27ന് പ്രിയപത്നി ഒരാൺകുഞ്ഞിന് ജന്മം നൽകിയതിന്റെ നാലാം നാൾ ഇന്ത്യ ലോകകപ്പ് ജയിച്ചുവെന്ന വസ്തുത ഒരു ക്രിക്കറ്റർ കൂടെയായിരുന്ന പിതാവ് സഞ്ജീവ് സൂര്യവൻഷിക്ക്‌ മകൻ ഭാവിയിൽ എന്തായി തീരണമെന്ന ഭാവി പദ്ധതികളിൽ ഒരു പ്രചോദനമായി ഭവിച്ചിരിക്കാം.

ഒരു ക്രിക്കറ്റർ ആയിരുന്നിട്ട് കൂടി തനിക്ക് സാധ്യമാവാത്ത നേട്ടങ്ങൾ വെട്ടിപ്പിടിക്കാൻ നാല് നാൾ പ്രായമുള്ള കുഞ്ഞു മകനെ പ്രാപ്തനാക്കണമെന്ന ആ പിതാവിന്റെ തോന്നലുകൾക്ക് ഒരുപക്ഷേ 2011ലെ ലോകകപ്പ് നേട്ടം പ്രേരകമായിട്ടുണ്ടാകാം. സഞ്ജീവിന്റെ വസതിയിൽ വിരുന്നെത്തിയ സന്തോഷത്തിന്റെ - തനിക്കന്യം നിന്ന് പോയ സ്വപ്നസാക്ഷാത്കാരം മകനിലൂടെ നേടിയടുക്കാമെന്ന പ്രതീക്ഷയുടെ - ആ പ്രതീക്ഷകളിലേക്ക് കുഞ്ഞുകാൽവെപ്പ് നടത്തിയവന്റെ പേര് ഇന്ന് ലോകം മുഴുക്കെയറിയാം - വൈഭവ് സൂര്യവൻഷി.

ലോകത്തിലെ ഏറ്റവും ആഢ്യത്വമുള്ള ടൂർണമെന്റുകളിലൊന്നായ ഐപിഎല്ലിൽ ഏറ്റവും പ്രായം കുറഞ്ഞ താരമായി അരങ്ങേറ്റം കുറിച്ചുവെന്നത് മാത്രമല്ല, ടൂർണമെന്റിന്റെ പ്രായം പോലുമില്ലാത്ത വൈഭവ് ഒരൊറ്റ ഇന്നിംഗ്സിലൂടെ സ്വന്തമാക്കിയത് ബാറ്റിങ്ങിലെ ഒരു പിടി റെക്കോർഡുകൾ കൂടിയാണ്.അന്താരാഷ്‌ട്ര താരങ്ങൾ പോലും മോഹിക്കുകയും ഇന്ന് വരെയും സാധ്യമാവാത്ത നേട്ടങ്ങൾ വെറും ഒരൊറ്റ മണിക്കൂർ കൊണ്ട് സാധ്യമാക്കിയാണ് വൈഭവ് പവലിയനിലേക്ക് തിരിച്ചു നടന്നത്.

 ക്രിസ് ഗെയിൽ

 

ഏറ്റവും വേഗതയേറിയ സെഞ്ച്വറി പ്രകടനമെന്ന ചരിത്രനേട്ടത്തിൽ ക്രിസ് ഗെയിലിന് മാത്രം പിറകിൽ രണ്ടാം സ്ഥാനക്കാരാനാവുകയെന്നത്‌ ആരെയാണ് മോഹിപ്പിക്കാത്തത്.!?

ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന പദവിയലങ്കരിക്കുമ്പോൾ ഈ സീസണിലെ ഏറ്റവും പ്രായം പിന്നിട്ട താരം താൻ ജനിക്കുമ്പോൾ ലോകക്കപ്പ് ഫൈനൽ മാൻ ഓഫ് ദ മാച്ച് ആയിരുന്ന സാക്ഷാൽ മഹേന്ദ്രസിംഗ് ധോണിയും. മുപ്പത് വയസ്സ് പ്രായവ്യതാസമുള്ള ഇരുവരും ഒരേ ലീഗിൽ കളിക്കുകയും ഓരോ മാൻ ഓഫ്‌ ദ മാച്ച് പുരസ്കാരങ്ങൾ സ്വന്തമാക്കുകയും ചെയ്തു.

 

മഹേന്ദ്രസിംഗ് ധോണി

44 കാരനായ ധോണി കളമൊഴിയുന്ന അതേ സീസണിലാണ് വൈഭവ് സൂര്യവൻഷിയെന്ന പതിനാലുകാരന്റെ ഉദയമുണ്ടായതെന്ന് ഒരുപക്ഷെ കാലം ചൊല്ലി നടന്നേക്കാം.  സഞ്ജീവ് സൂര്യവൻഷി സ്വപ്നം കണ്ടത് കൊണ്ട് മാത്രം ക്രിക്കറ്റർ ആയവനല്ല വൈഭവ്. വർഷങ്ങളുടെ കഠിന പ്രയത്നവും, ഏതൊരു സാധാരണ കുടുംബത്തിലെന്ന പോലെ സാമ്പത്തിക അസ്ഥിരതയും യാത്രാ ക്ലേശങ്ങളും വൈഭവിന്റെ ജീവിതത്തിലുമുണ്ടായി. നാലാം വയസ്സിൽ ബാറ്റ് കയ്യിലെടുത്ത കുഞ്ഞു വൈഭവിന്റെ ആദ്യ പരിശീലകനും വഴികാട്ടിയും പിതാവ് സഞ്ജീവ് സൂര്യവൻഷി തന്നെയായിരുന്നു. പിന്നീട് ദിവസവും നൂറിലധികം കിലോമീറ്ററുകൾ താണ്ടിയാണ് പാട്നയിലെ ക്രിക്കറ്റ് അക്കാദമയിലേക്ക് ചേക്കേറുന്നത്. പരിശീലകൻ മനീഷ് ഓജക്ക് കീഴിൽ പരിശീലിക്കപ്പെട്ട വർഷങ്ങളിലാണ് തന്റെ കരിയർ ക്രിക്കറ്റ് തന്നെയെന്ന് വൈഭവ് നിശ്ചയിച്ചുറപ്പിക്കുന്നതും..

ഇന്ത്യയിൽ ഐ പി എല്ലിനോളം സ്വീകാര്യമായ മറ്റൊരു ടൂര്ണമെന്റുകളില്ല. വർഷങ്ങളോളം ആഭ്യന്തര മത്സരങ്ങളിൽ തുടരുകയും മികവ് പുലർത്തുകയും ചെയ്തിട്ടും സെലക്ടേഴ്സിന്റെയോ ബിസിസിഐയുടെയോ കണ്ണിൽ പെടാത്ത അനവധി നിർഭാഗ്യരായ താരങ്ങൾക്കിടയിൽ തന്നെയാണ് ഒരു രാത്രി കൊണ്ട് ഐപിഎൽ വാതിലിലൂടെ 'നാഷണൽ ഹീറോസ്' പിറക്കുന്നത്. രഞ്ജി ട്രോഫിയുൾപ്പെടെയുള്ള ഇന്ത്യൻ ക്രിക്കറ്റിന്റെ ബേസിക് പതിപ്പിലെ വർഷങ്ങളുടെ പ്രയത്നങ്ങളേക്കാൾ തിരഞ്ഞെടുപ്പിന്റെ ഭാഗമാവുന്നത് ഐപിഎൽ പ്രകടനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണെന്ന തിരിച്ചറിവ് താരങ്ങളിലും സംജാതമായതോടെ അതൊരവസരം എന്നതിലുപരി വലിയ വെല്ലുവിളി കൂടിയാണിപ്പോൾ.

പ്രായത്തിന്റെ പരിചയമില്ലായ്മയോടൊപ്പം അത്തരം വെല്ലുവിളികൾ എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കുന്നുവെന്നതിനെയും കൂടി ആശ്രയിച്ചായിരിക്കും വൈഭവ് സൂര്യവൻഷി ഉൾപ്പെടുന്ന യുവതലമുറയുടെ ഭാവി.

ക്രിക്കറ്റ് എന്നതിലുപരി ഒരു വിനോദം മാത്രമാണ് ഫ്രാഞ്ചൈസി കുട്ടി ക്രിക്കറ്റുകൾ. ക്രിക്കറ്റിന്റെ അടിസ്ഥാന നിയമങ്ങൾ പോലും ബലി കഴിച്ച്, കളിയാസ്വാദകരെ ത്രസിപ്പിക്കാൻ വേണ്ടി മാത്രമായൊരുക്കുന്ന മൂന്നര മണിക്കൂർ നീളുന്ന ഒരു ഫയർ വർക്ക്. സാങ്കേതികതകൾക്കോ, ടെക്സ്റ്റ് ബുക്ക് ശൈലികൾക്കോ, ഫുട് വർക്കുകൾക്കോ ഒട്ടും പ്രാധാന്യം കൽപ്പിക്കാത്ത, പന്തെറിയുന്നവരോട് ഒരൽപ്പം പോലും ബഹുമാനമില്ലാത്ത, തനിക്ക് നേരെ വരുന്ന പന്തുകളെ അതിലേറെ ശക്തിയോടെ ആഞ്ഞടിച്ചകറ്റണമെന്ന ഒരൊറ്റ മനസ്സോടെ ബാറ്റ് ചെയ്യന്നവർക്കാണ് ഐപിഎല്ലിൽ മൂല്യം. തുടർച്ചയായി രണ്ട് ഡോട്ട് ബോളുകൾ കളിക്കുന്ന ബാറ്റർ വെറുക്കപ്പെട്ടാനാവുന്ന ഈ ടൂർണമെന്റ് യുവതലമുറയെ ഏത് വിധത്തിൽ സ്വാധീനിക്കുമെന്നെതിൽ ഗുരുതരമായ പ്രശ്നതലങ്ങളുണ്ട്.

വർഷത്തിൽ വന്നു പോകുന്ന രണ്ട് മാസത്തെ ഫ്രാഞ്ചൈസി ടൂർണമെന്റുകളിൽ മാത്രമായൊതുങ്ങണോ അതോ ക്രിക്കറ്റിന്റെ ക്ലാസ്സും സൗന്ദര്യവും അപ്പടി നിലനിർത്തി ദേശീയ ടീമിലെ സ്ഥിരാംഗമാവാനുള്ള ശ്രമം തുടരണോ എന്ന രണ്ട് ചോദ്യങ്ങൾക്കിടയിൽ നേർത്ത ഒരു സമതുലിതമാക്കുന്ന ഒരു ഉത്തരമുണ്ട്. ഒന്ന് മറ്റൊന്നിന് വേണ്ടി നഷ്ടപ്പെടുത്താതെ ആ ഉത്തരം കണ്ടെത്തുന്നവർക്കുള്ളതാണ്‌ ശോഭനമായ ഭാവി.

കൊട്ടിഘോഷിക്കപ്പെടുന്ന 'പതിനാല് വയസ്സെന്ന' പെരുമ ഒരു ഭാരമാവാതിരിക്കാൻ വൈഭവിനെ പ്രാപ്തനാക്കുക എന്നതാണ് പിതാവ് സഞ്ജീവിനും മികച്ചൊരു പരിശീലകനും മുന്നിലുള്ള വെല്ലുവിളി. മാധ്യമങ്ങളുടെ അമിത പുകഴ്ത്തു പാട്ടുകളിലും, എല്ലാം നേടിയെന്ന തരത്തിലുള്ള താരതമ്യങ്ങളിലും വീണ് പോകാതിരിക്കാൻ വൈഭവിനെക്കാളേറെ ശ്രദ്ധ പുലർത്തേണ്ടത് ഇരുവരുമാണ്.

സ്വപ്നങ്ങളിലേക്കുള്ള ഒരു കുഞ്ഞു കാൽവെയ്പ്പ് മാത്രമാണ്‌ കഴിഞ്ഞ രാത്രിയിൽ സാധ്യമായതെന്നും യഥാർത്ഥ ലക്ഷ്യത്തിലേക്ക് ഇനിയുമൊരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്നുമുള്ള ബോധ്യം പകർന്ന് നൽകുകയെന്നതാണ് ആദ്യ പടി. ഓൺ ഫീൽഡിലെ പ്രകടനങ്ങളും ബാറ്റിങ് വിസ്‌മയങ്ങളും അതിന് ശേഷം മാത്രം വരുന്നുള്ളൂ. നാലാം വയസ്സിൽ തുടങ്ങിയ കഠിനാധ്വാനം പതിനാലാം വയസ്സിൽ പാതിവഴിയിൽ കൈമോശം വരാതിരിക്കണമെങ്കിൽ ചില കഴിഞ്ഞു പോയ താരങ്ങളെ വൈഭവ് സൂര്യവൻഷിക്ക്‌ പാഠപുസ്തകങ്ങളാക്കാം..

വിരാടിന്റെ പിൻഗാമി എന്ന ലേബലിൽ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് ഉന്മുക്ത് ചന്ദ്‌. ക്യാപ്റ്റനെന്ന നിലയിൽ അണ്ടർ 19 ലോകകപ്പ് ഇന്ത്യയിലെത്തിക്കാനും ഉന്മുക്തിന് കഴിഞ്ഞിരുന്നു.! നിശ്ചയമായും ഇന്ത്യൻ ദേശീയ ടീമിന്റെ ഭാഗമാവുമെന്ന് സകലരും വിധിയെഴുതിയ ഉന്മുക്ത് ഇന്ന് ചിത്രത്തിൽ പോലുമില്ല. 32 വയസ്സ് മാത്രം പ്രായമുള്ള അദ്ദേഹത്തിന്റെ ഇന്ത്യൻ ക്രിക്കറ്റ് കരിയർ പത്ത് വർഷം മുന്നേ ഫുൾസ്റ്റോപ്പിട്ടു.

ഉന്മുക്ത് ചന്ദ്‌

 

വിരാട് കോഹ്‌ലിയുടെ പകരക്കാരനാവുമെന്നും അദേഹത്തിന്റെ ബാറ്റിങ് ലെഗസി അതെപടി പിന്തുടരുമെന്നും പ്രതീക്ഷിച്ച ഒരു താരം ഇരുപത്തിരണ്ടാം വയസ്സിൽ ക്രിക്കറ്റ് ഫീൽഡിൽ നിന്നും അപ്രത്യക്ഷമാകുന്നു..!

അമിത പ്രശസ്തിയും, അനവസരത്തിൽ വന്ന് ചേർന്ന സാമ്പത്തിക നേട്ടങ്ങളും, മാധ്യമങ്ങളുടെ അമിതലാളനകളും ഉന്മുക്തിന്റെ ശ്രദ്ധ തിരിച്ചു. കളിയിലെ അർപ്പണമനോഭാവത്തിൽ നിന്ന് വ്യതിചലിച്ചു പോയ അദ്ദേഹത്തിന് പിന്നീടൊരു തിരിച്ചുവരവ് സാധ്യമായതുമില്ല.

 

സച്ചിൻ ടെണ്ടുൽക്കർ, ബ്രയാൻ ലാറ

സച്ചിൻ ടെണ്ടുൽക്കറുടെയും ബ്രയാൻ ലാറയുടെയും സങ്കലനമെന്നത് ഒരു ബാറ്റർക്ക് കിട്ടാവുന്ന ഏറ്റവും വലിയ അഭിനന്ദനവചനമാണെങ്കിൽ അത് തന്റെ കളിമികവിലൂടെ സാധിച്ചെടുത്ത താരമാണ് പൃഥ്വി ഷാ. ടെസ്റ്റിൽ അരങ്ങേറ്റത്തിൽ തന്നെ സെഞ്ച്വറി കൂടെ സാധ്യമായതോടെ ഇന്ത്യ ഇനി വരുന്ന പതിനഞ്ച് വർഷത്തേക്കെങ്കിലും തങ്ങളുടെ ബാറ്റിങ് സെൻസേഷനെ കണ്ടെത്തിയെന്നുറപ്പിച്ച വേളയിലാണ് അപ്രതീക്ഷിതമായി പൃഥ്വി വീണ് പോകുന്നത്.

പൃഥ്വി ഷാ

 

പ്രശസ്തിയുടെ കൊടുമുടി കയറിയ പൃഥ്വി അതാസ്വദിക്കുന്നതിനിടയിൽ തന്നെ അവിടെയെത്തിച്ച ക്രിക്കറ്റിനോട് കൂറ് കാണിക്കാൻ മറന്ന് പോയതാണ് തിരിച്ചടിയായത്. ഫിറ്റ്നസ്സിലെ അശ്രദ്ധയും, നേരം പുലരുവോളമുള്ള നിശാ പാർട്ടികളും, അച്ചടക്കമില്ലായ്മയും  പൃഥ്വിയെ ടീമിൽ നിന്ന് പുറത്തെത്തിക്കുന്നതിന് കാരണമായി. ഇന്നദ്ദേഹം അടിസ്ഥാന വിലക്ക് പോലും വിറ്റുപോകാത്ത - ആർക്കും വേണ്ടാത്ത താരമായി പുറത്തിരിക്കുന്നു. ഫ്രാഞ്ചൈസി ലീഗുകളിൽ പോലും പൃഥ്വിയെ ടീമിന്റെ ഭാഗമാക്കാൻ ഒരു ടീം മാനേജ്‌മെന്റും ആഗ്രഹിക്കുന്നില്ലെന്നതിൽ അദ്ദേഹത്തിന്റെ വീഴ്ച്ചയുടെ ആഘാതം എത്രയെന്ന് ബോധ്യപ്പെടും..

2011 ലെ ഐപിഎല്ലിൽ പുറത്തെടുത്ത പ്രകടനം പിന്നീടൊരിക്കൽ കൂടെ ആവർത്തിക്കുന്നതിൽ പരാജയപ്പെട്ട പോൾ വൽതാട്ടിയുടെ പേര് ചിലരെങ്കിലും ഓർത്തേക്കാം. സാക്ഷാൽ ആഡം ഗിൽക്രിസ്റ്റിനെയും ഷോൺ മാർഷിനേയുമെല്ലാം കാഴ്ച്ചക്കാരാക്കി അഴിഞ്ഞാടിയ വൽതാട്ടി പതിയെ ക്രിക്കറ്റിന്റെ ഭാഗമല്ലാതായി മാറി.63 പന്തിൽ 120 റൺസെടുത്ത പ്രകടനത്തിന് ശേഷം മാധ്യമശ്രദ്ധ പിടിച്ചു പറ്റിയ പോൾ പതിയെ ക്രിക്കറ്റ് ഭൂപടത്തിൽ നിന്നുമില്ലാതായി.

പോൾ വൽതാട്ടി

 

'വൺ സീസൺ വണ്ടറെന്ന' നിലക്ക് മാത്രം ഒതുങ്ങേണ്ട താരമായിരുന്നില്ല വൽതാട്ടി. ഒരു സ്ലോഗ് ഹിറ്ററെന്നതിലുപരി ടെസ്റ്റ് ഫോർമാറ്റ് കൂടെ വഴങ്ങുന്ന സാങ്കേതികത്തികവുള്ള ഒരു ബാറ്റർ കൂടെയായിരുന്ന വൽതാട്ടി ചെന്നൈ സൂപ്പർ കിങ്സിനെതിരെ നേടിയ 120 റൺസ്‌ പ്രകടനം ഒരു ഭാരമായെന്നും, ആ പ്രകടനത്തിന് ശേഷം ആരാധകർ നിരന്തരം അത്തരം ഇന്നിങ്‌സുകൾ പ്രതീക്ഷിച്ചുവെന്നും, അത് സാധ്യമായില്ലെന്നുമുള്ള തുറന്നു പറച്ചിൽ അദ്ദേഹം പിന്നീട് നടത്തുകയും ചെയ്തു.

കളിമികവിനൊപ്പം മാനസികമായി എത്രമാത്രം പരുവപ്പെട്ടാലാണ് പിടിച്ചുനിൽക്കാനാവുകയെന്നതിന്റെ നേർസാക്ഷ്യം...!

പ്രതീക്ഷകൾ നൽകുകയും പാതിവഴിയിൽ ഇടറി വീഴുകയും ചെയ്ത അനവധി താരങ്ങൾ.

മൻദീപ് സിംഗ്, മൻപ്രീത് സിംഗ് ഗോണി, അനിരുദ്ധ് ശ്രീകാന്ത് തുടങ്ങിയവർ ഈ പട്ടികയിലെ ചില പേരുകൾ മാത്രം. വീണുപോയവരുടെ പട്ടികയിൽ തങ്ങളുടെ പേര് എഴുതിച്ചേർക്കരുതെന്ന ദൃഢനിശ്ചയം വൈഭവ് ഉൾപ്പെടെയുള്ള താരങ്ങൾക്കും താരങ്ങളെ വളർത്തുന്ന - പരിശീലക സംഘത്തിനും കഴിഞ്ഞകാല ദുരന്ത പാഠങ്ങളിൽ നിന്ന് എത്ര വേഗത്തിൽ പഠിച്ചെടുക്കാനാവുന്നോ അത്രയും കാര്യങ്ങൾ എളുപ്പമാവും.

ഒരൊറ്റ രാത്രി കൊണ്ട് ലോകം മുഴുവൻ തന്റെ പേര് എഴുതിചേർത്ത് നിലവിൽ സാധ്യമായ ഏറ്റവും ഉന്നതിയിൽ തന്നെ പ്രതിഷ്ഠിച്ചു വെച്ച സൂര്യവൻഷിയുടെ വൈഭവം നിസ്സാരമായ കാര്യമല്ല.കളിയിലെ അർപ്പണ മനോഭാവം കൈവിടാതെ തുടർന്നും കളിയെ കാര്യമായി കാണാൻ മാനസികമായി പരുവപ്പെട്ടാൽ ഉന്നതിയുടെ ഉയരം ഇനിയും കൂടും.അതിന്റെ നേട്ടം വൈഭവിനൊപ്പം ഇന്ത്യക്കും കൂടിയാണ്. പ്രായം വൈഭവിനെ കൂടുതൽ പക്വമതിയാക്കട്ടേയെന്നും വീണുപോയവരുടെ പേരിൽ വൈഭവ് സൂര്യവൻഷി എന്ന് എഴുതിച്ചേർക്കപ്പെടാതിരിക്കട്ടെയെന്നും പ്രത്യാശിക്കാം..! 

സൂര്യവൻഷി

 

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - സോനു സഫീര്‍

Writer

Similar News