ലക്ഷദ്വീപിൽ നിന്ന് എന്റെ ആദ്യത്തെ ലൈവ് ന്യൂസ് റിപ്പോർട്ടിങ്
ലക്ഷദ്വീപിന്റെ ആകാശ ദൃശ്യങ്ങൾ ചിത്രീകരിക്കാനായി എയർപോർട്ടിൽ എത്തിയപ്പോഴാണ് ആ ദുരന്ത വാർത്ത കേട്ടത്. ഞങ്ങൾ കയറേണ്ടിയിരുന്ന ഹെലികോപ്റ്റർ കടലിൽ തകർന്നുവീണു. ലക്ഷദ്വീപിന്റെ ചരിത്രത്തിലെ ആദ്യത്തെ ഹെലികോപ്റ്റർ അപകടമായിരുന്നു അത്.
“മിന്നാമിനുങ്ങുകൾ” എന്ന സീരിയലിന്റെ ഷൂട്ടിങ്ങിന്റെ ഇടവേളയിൽ ഒരു അപകടത്തിൽ കാലൊടിഞ്ഞ് തിരുവനന്തപുരത്തെ എസ്.പി ഫോർട്ട് ആശുപത്രിയിൽ രണ്ടാഴ്ചയോളം കിടക്കേണ്ടി വന്നു. ആ സമയത്തു ടിവി മാധ്യമത്തിലെ എന്റെ ഒരു പാട് സുഹൃത്തുക്കളും സഹപ്രവർത്തകരും എന്നെ കാണാൻ വന്നിരുന്നു.
അന്ന് ഞാൻ ” കോൺടാക്ട് “ എന്ന ടെലിവിഷൻ സംഘടനയുടെ പ്രസിഡന്റ് ആയിരുന്നു. ഒരു ദിവസം ആ സംഘടനയുടെ പ്രവർത്തകരും സുഹൃത്തുക്കളും അടങ്ങുന്ന വലിയ ഒരു സംഘം എന്നെ കാണാൻ ആശുപത്രിയിൽ വന്നു. ജഗന്നാഥ വർമ്മ,വിജയകൃഷ്ണൻ, ജഗന്നാഥൻ, അലിയാർ, പൂജപ്പുര രാധാകൃഷ്ണൻ, ശിവജി, പ്രവീൺ കുമാർ, രാധാകൃഷ്ണൻ മംഗലത്ത് എന്നിവർ ഉൾപ്പെടുന്ന ഒരു വലിയ സംഘമാണ് വന്നത്. പോകുമ്പോൾ നോട്ടുകെട്ടുകൾ അടങ്ങിയ ഒരു വലിയ കവർ അവർ എന്റെ നേരെ നീട്ടി.
“ഇതിരിക്കട്ടെ, ആശുപത്രി ചിലവിനും മറ്റും” വിജയകൃഷ്ണൻ പറഞ്ഞു.
“വേണ്ട” ഞാൻ പറഞ്ഞു.
“ഇത് അയൂബിന്റെ ചിലവിനു വേണ്ടി ഞങ്ങൾ അംഗങ്ങളിൽ നിന്നും പിരിച്ചതാണ്”. പൂജപ്പുര രാധാകൃഷ്ണൻ പറഞ്ഞു.
“ അയ്യോ ! എന്നെ അറിയിക്കാതെ എന്റെ പേരിൽ പണം പിരിക്കരുതായിരുന്നു” ഞാൻ അല്പം വിഷമത്തോടെ പറഞ്ഞു.
“സാരമില്ല, ഇവിടത്തെ ബില്ലു നല്ലൊരു തുക വരും. ഇത് സംഘടനയുടെ വക ഒരു സഹായമാണ്” അവർ പറഞ്ഞു.
“ക്ഷമിക്കണം. ഞാൻ ഇത് സ്വീകരിക്കില്ല. നിങ്ങളുടെ ഉദ്ദേശ്യശുദ്ധിയെ ഞാൻ മാനിക്കുന്നു. പക്ഷെ ആരുടെയും ഔദാര്യം സ്വീകരിക്കുന്നത് എനിക്ക് ഇഷ്ടമല്ല” ഞാൻ എന്റെ നിലപാടിൽ ഉറച്ചു നിന്നു.
“ എങ്കിൽ ഞങ്ങൾ ഇത് താഴെ കൗണ്ടറിൽ അടച്ചേക്കാം” ശിവജി പറഞ്ഞു.
“ വേണ്ട പ്ലീസ്, ദയവുചെയ്ത് അങ്ങിനെ ചെയ്യരുത്” ഞാൻ അവരോടു അപേക്ഷിച്ചു.
“മാത്രമല്ല, എന്റെ പേരിൽ പിരിച്ച ഈ തുക , തന്നവർക്കു ഓരോരുത്തർക്കും തിരിച്ചു കൊടുക്കണം. ഇല്ലെങ്കിൽ ഞാൻ ഈ പണം സ്വീകരിച്ചതായി അവർ വിചാരിക്കും”
അവർ പുറത്തേക്കു ഇറങ്ങിയ ഉടനെ എന്റെ ഭാര്യ റിസെപ്ഷ്യനിൽ വിളിച്ചു പറഞ്ഞു.
“ ഞങ്ങളുടെ ബിൽ അടക്കാൻ ആരെയുമനുവദിക്കരുത്”
അവർ ഓരോരുത്തരിലും നിന്നും പിരിച്ച തുക അവരവർക്ക് തിരിച്ചു കൊടുത്തപ്പോൾ, നെടുമുടി വേണു പറഞ്ഞുവത്രേ.
“ അദ്ദേഹത്തിന്റെ നിലപാട് വളരെ ശരിയാണ്. മറ്റാരും അങ്ങിനെ ചെയ്യില്ല”.
ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി വീട്ടിൽ വന്നതിനു ശേഷവും പലരും വീട്ടിൽ വന്നുകൊണ്ടിരുന്നു. “മിന്നാമിനുങ്ങുക”ളിൽ ഒരു പ്രധാന വേഷം ചെയ്യുന്ന ഇന്ദ്രൻസ് രണ്ടു മൂന്നു പ്രാവശ്യം വന്നു. ഒരു ദിവസം, നടനും, നിർമാതാവും സംവിധായകനുമായ മധു മോഹൻ, അദ്ദേഹത്തിന്റെ സീരിയലിലെ കുറെ അഭിനേതാക്കളുമായി വീട്ടിൽ വന്നു. കാലടി ഓമന, സിന്ധു എന്നീ നദികൾ ഉൾപ്പടെ അദ്ദേഹത്തിന്റെ സീരിയലിലെ കുറെ ആർട്ടിസ്റ്റുകൾ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഒരു സീരിയലിന്റെ പാക്ക് അപ്പ് ആയിരുന്നു അന്ന്. ലോകേഡക്ഷനിൽ നിന്ന് അദ്ദേഹവും സീരിയലിലെ ആർട്ടിസ്റ്റുകളും നേരെ എന്റെ വീട്ടിലേക്കു വരികയായിരുന്നു.
പോകുന്നതിനു മുൻപു മധു മോഹൻ ഒരു കവർ എന്റെ തലയണക്കടിയിൽ കൊണ്ട് വെച്ചു.
“എന്താണിത് ?” ഞാൻ ചോദിച്ചു.
“ ഇത് ഞാൻ ആരിൽ നിന്നും പിരിച്ചതല്ല.” മധു മോഹൻ ചിരിച്ചു കൊണ്ട് പറഞ്ഞു. “ ഇതെന്റെ സ്വന്തം പണമാണ്”.
“ മധു , നിങ്ങൾ വന്നതിൽ വളരെ സന്തോഷം. പക്ഷെ പണം എനിക്ക് വേണ്ട. ദയവു ചെയ്തു ഇത് തിരിച്ചെടുക്കണം” ഞാൻ പറഞ്ഞു.
അദ്ദേഹം വീണ്ടും നിർബന്ധിച്ചു. ഞാൻ വഴങ്ങിയില്ല.
സിനിമാലോകത്ത് , ടിവിയിലും, ബുദ്ധിമുട്ടു അനുഭവിക്കുന്നവർക്ക് സഹായധനം നൽകുന്ന ഏർപ്പാട് ഉണ്ട്. പല പ്രശസ്ത വ്യക്തികൾക്കും ഇങ്ങനെ പണം പിരിച്ചു നൽകിയിട്ടുണ്ട്. എന്നാൽ എന്റെ മനസ്സാക്ഷി അങ്ങിനെ സഹായധനം സ്വീകരിക്കാൻ അനുവദിക്കുന്നില്ല. വേണമെങ്കിൽ നിങ്ങൾ അതിനെ ദുരഭിമാനം എന്ന് വിളിച്ചോളൂ. ഞാൻ ഒരു സമ്പന്നൻ ഒന്നുമല്ല. പലപ്പോഴും സാമ്പത്തിക പ്രയാസങ്ങൾ നേരിട്ടിട്ടുണ്ട്. പക്ഷെ അത് ഞാൻ ആരെയും അറിയിക്കാറില്ല, സ്വന്തം സഹോദരങ്ങളെപോലും. അക്കാര്യത്തിൽ എന്റെ ഭാര്യയും എന്റെ ആശയങ്ങളോട് പൂർണ്ണമായി യോജിക്കുന്നവളാണ്.
1983ലാണ് ഞാൻ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടില്‍ അധ്യാപകനായി ജോലി തുടങ്ങുന്നത്. പിന്നീട് പല സ്ഥാപനങ്ങളിലും ചില കോളേജുകളിലും സിനിമ സംബന്ധിയായ വിഷയങ്ങൾ പഠിപ്പിച്ചിട്ടുണ്ട്. എന്നാൽ ഞാൻ ആദ്യം പഠിപ്പിച്ച സ്ഥാപനത്തിലെ എന്റെ ആദ്യ വിദ്യാർത്ഥികളിൽ ചിലരെ ഓർക്കാതെ വയ്യ. അവരിൽ ഒരാളാണ് പിന്നീട് പ്രശസ്ത സംവിധായകൻ ആയിത്തീർന്ന സുനിൽ കാരന്തൂർ. അദ്ദേഹം സംവിധാനം ചെയ്ത ചില പ്രധാന സിനിമകൾ ഇവയാണ്:- പ്രിയപ്പെട്ട കുക്കു, ഗാന്ധാരി, മാനത്തെ കൊട്ടാരം, ആലഞ്ചേരി തമ്പ്രാക്കൾ, വൃദ്ധന്മാരെ സൂക്ഷിക്കുക തുടങ്ങിയവ.
സുനിൽ, ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്ന് പാസ്സായി പോയതിനു ശേഷം പിന്നെ ഞാൻ അയാളെ കണ്ടിട്ടില്ല. എന്നാൽ അനേകം വര്ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം സുനിൽ എന്നെ വീണ്ടും ബന്ധപ്പെട്ടു. അദ്ദേഹത്തിന്റെ മകൾ വേദ തിരക്കഥ എഴുതുകയും നായികയായി അഭിനയിക്കുകയും ചെയ്യുന്ന, സുനിൽ ഒരു ദീർഘമായ ഇടവേളയ്ക്കു ശേഷം അംവിധാനം ചെയ്യുന്ന, “കേക്ക് സ്റ്റോറി” എന്ന സിനിമയുടെ പ്രൊമോഷനും പ്രിവ്യൂവും ആയി ബന്ധപ്പെട്ടാണ് എന്നെ വിളിച്ചത്. ഞാൻ ആ പരിപാടികളിൽ ഒക്കെ പങ്കെടുത്തു.
1968ൽ ഒരു ക്യാമറ അസിസ്റ്റന്റായി സിനിമയിലേക്ക് വരികയും, പിന്നീട് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടില്‍ ചേർന്ന് സിനിമാ പഠനം പൂർത്തിയാക്കുകയും ചെയ്തിട്ട് ഞാൻ ജീവിതത്തിൽ ഉണ്ടാക്കിയ നേട്ടങ്ങൾ എന്തൊക്കെയാണെന്ന് ചോദിച്ചാൽ , ഞാൻ ആദ്യം പറയുന്ന ഉത്തരം, വലിയൊരു ശിഷ്യ സമ്പത്തു എന്നായിരിക്കും. ദീർഘകാലം പ്രവർത്തിച്ച സതേൺ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഉൾപ്പടെ അനേകം സിനിമ പാഠശാലകളിൽ ആയിരക്കണക്കിന് വിദ്യാർത്ഥികളെ സിനിമ പഠിപ്പിച്ചിട്ടുണ്ട്. അവരിൽ പലരും സിനിമാ രംഗത്ത് പേരും പ്രശസ്തിയും നേടി. ഏതു അവതാര പുരുഷനും ഗുരുവിന്റെ മുന്നിൽ ഇരിക്കുകയില്ല എന്നല്ലേ പറയുന്നത്. സിനിമയുമായി ബന്ധപ്പെട്ട ഏതു പരിപാടിക്ക് പോയാലും അവിടെ എന്റെ പല വിദ്യാർത്ഥികളെയും കണ്ടുമുട്ടാറുണ്ട്. മലയാള സിനിമയിൽ വ്യാപിച്ചു കിടക്കുന്ന എന്റെ ശിഷ്യ സമ്പത്തു തന്നെയാണ് എന്റെ ഏറ്റവും വലിയ നേട്ടം.
ഇവിടെ ഞാൻ പരാമർശിക്കുന്നത് ഞാൻ സിനിമ അധ്യാപകനായി ആദ്യം അദ്ധ്യാപനം തുടങ്ങിയ ഇൻസ്റ്റിറ്റ്യൂട്ടിലെ എന്റെ ആദ്യ വിദ്യാർത്ഥികളെ കുറിച്ചാണ്. സുനിൽ കാരന്തൂരിനൊപ്പം പഠിച്ച അതേ ബാച്ചിൽപെട്ട മറ്റൊരു വിദ്യാർത്ഥിയാണ് ജോസ് തോമസ്. കുറെ സിനിമകളിൽ സഹസംവിധായകനായി പ്രവർത്തിച്ചതിനു ശേഷം, വി.ആർ. ഗോപിനാഥ് സംവിധാനം ചെയ്ത “ഉണ്ണിക്കുട്ടന് ജോലി കിട്ടി” എന്ന സിനിമയിൽ നായകനായി അഭിനയിച്ചു.
ഈ സിനിമ നിരവധി അവാർഡുകൾ നേടുകയും ചെയ്തു. പക്ഷെ സിനിമ രംഗത്ത് ബഹുദൂരം സഞ്ചരിക്കുന്നതിനു മുൻപ് ചെറുപ്രായത്തിൽ തന്നെ ജോസ് ഈ ലോകത്തോട് വിട പറഞ്ഞു. മേൽപ്പറഞ്ഞ രണ്ടുപേരും അവരുടെ തൊഴിൽ മേഖലകളിൽ സജീവമായെങ്കിലും, ഞാനുമായി പിന്നീട് ബന്ധം ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ തൊഴിൽപരമായി എന്നോട് നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്ന ഒരു വിദ്യാർത്ഥിയാണ്, കൊല്ലത്തുകാരനായ സലിം.
അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചത് ടെലിവിഷൻ രംഗത്താണെന്നു മാത്രം. അദ്ദേഹ൦ പിൽക്കാലത്തു ഒരു സീരിയൽ, ഡോക്യുമെന്ററി നിർമ്മാതാവായും, ദൂരദർശന്റെ ന്യൂസ് സ്ട്രിങ്ങർ ആയും പ്രവർത്തിച്ചു. സിനിമ നടൻ ബഹദൂർ ആദ്യമായി ടിവിയിൽ അഭിനയിക്കുന്നത് സലിം നിർമിച്ചു. ഞാൻ സംവിധാനം ചെയ്ത “കുഞ്ഞായന്റെ കോഴി” എന്ന ടെലിഫിലിമിൽ ആയിരുന്നു. സ്റ്റിൽ ഫോട്ടോഗ്രാഫർ എൻ.എൽ.ബാലകൃഷ്ണനാണ് ഈ ടെലിഫിലിമിൽ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ചത്. തുടർന്ന് അദ്ദേഹം “ബീപാത്തുവിന്റെ ഹജ്ജ്” എന്ന ടെലിഫിലിമും നിർമ്മിച്ചു.
ഈ രണ്ടു ടെലിഫിലിമുകളുടെയും തിരക്കഥ എഴുതിയത്, ചലച്ചിത്ര നിർമ്മാതാവും തിരക്കഥാകൃത്തുമായ അൻവർ സുബൈറാണ്. അതിനു ശേഷം സലീം “ കഥ” എന്ന ഒരു സീരിയൽ നിർമിച്ചു. അതിലെ സാമാന്യം ദൈർഘ്യമുള്ള വർഷ എന്ന കഥയിൽ ഞാൻ ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുകയും ചെയ്തു. എൻ്റെ വിദ്യാർത്ഥിയായിരുന്ന ഉണ്ണി ശിവപാൽ, ശോഭ മോഹൻ, പ്രവീണ എന്നിവരായിരുന്നു മറ്റു അഭിനേതാക്കൾ. പ്രവീണ ആദ്യമായി അഭിനയിക്കുന്ന സീരിയൽ കൂടി ആയിരുന്നു ഇത്. സൂര്യ ശ്രീകുമാർ ആയിരുന്നു സംവിധായകൻ.
ഞാനും സലീമും കൂടി ചെയ്ത ഒരു ബൃഹത് സംരംഭമായിരുന്നു, ലക്ഷദ്വീപിനെക്കുറിച്ചു നിർമിച്ച ദീർഘമായ ഡോക്യുമെന്ററി. രചനയും സംവിധാനവും ഞാനും, ദൂരദര്‍ശന് വേണ്ടി നിർമ്മാണം സലീമും നിർവഹിച്ചു. ദൂരദർശന്റെ ഒരു കമ്മീഷൻഡ് പ്രോഗ്രാം ആയിരുന്നു ഇത്. ലക്ഷദ്വീപുകളുടെ ഭൂമിശാസ്ത്രപരവും, സാംസ്കാരികവും, ചരിത്രപരവുമായ മേഖലകളെക്കുറിച്ചു സമഗ്രമായ പഠനം നടത്തിയതിന് ശേഷമാണു ഞാൻ “ലക്ഷദ്വീപുകളിലൂടെ” എന്ന ഈ ഡോക്യുമെന്ററി സീരീസ് സംവിധാനം ചെയ്തത്. ലക്ഷദ്വീപ് സമൂഹങ്ങളിലെ 30 ദ്വീപുകളിൽ ജനവാസമുള്ള 9 ദ്വീപുകളും ജനവാസമില്ലാത്ത ചില ദ്വീപുകളും ഞങ്ങൾ ചിത്രീകരണം നടത്തി. ഇതുമുൻപ് “സാഗരിക” എന്ന ഹിന്ദി സീരിയലിൽ അഭിനയിക്കാനായി ലക്ഷദ്വീപിൽ പോയിട്ടുള്ളത് കൊണ്ട്, ആ അനുഭവം എനിക്ക് വളരെ സഹായകമായി.
വളരെ ആഴത്തിലും പരപ്പിലും പ്രതിപാദിക്കേണ്ട വിഷയം ആയതുകൊണ്ട് ,ചിത്രീകരണത്തിന് രണ്ടു മാസത്തോളം എടുത്തു. രണ്ടു ഷെഡ്യൂൾ ആയിട്ടാണ് ഈ ഡോക്യുമെന്ററി ചിത്രീകരിച്ചത്. ആദ്യത്തെ പ്രാവശ്യം ഞങ്ങൾ ലക്ഷ്ദ്വീപിൽ ചിത്രീകരിച്ചു കൊണ്ടരിക്കെ റമളാൻ മാസം ആഗതമായി. നൂറുശതമാനം മുസ്‌ലിം ജനസംഖ്യയുള്ള ലക്ഷദ്വീപിൽ റമളാൻ മാസം പൂർണ്ണമായും ആരാധനയുടെ മാസമാണ്. ആ കാലത്തു അവിടെ മറ്റ് എല്ലാ കാര്യങ്ങൾക്കും വിരാമമാണ്. അതിനാൽ തല്ക്കാലം ഞങ്ങൾ ഷൂട്ടിംഗ് മതിയാക്കി തിരിച്ചു വരികയും , പിന്നീട് റമളാനിനു ശേഷ൦ ബാക്കി ചിത്രീകരണ൦ പൂർത്തിയാക്കുകയും ചെയ്തു.
ബംഗാരം ദ്വീപിൽ സ്ക്യൂബാ ഡൈവിംഗ് സ്കൂൾ നടത്തുന്ന പ്രഹ്ളാദ് കക്കറിനെ അവിടെ വെച്ച് പരിചയപ്പെടുവാനും അദ്ദേഹത്തിന്റെ ഇന്റർവ്യൂ ഫിലിമിൽ ഉൾപ്പെടുത്താനും കഴിഞ്ഞു. മുംബൈയിലെ പ്രശസ്തനായ പരസ്യ ചിത്ര നിർമ്മാതാവ് കൂടിയാണ് കക്കർ. അദ്ദേഹത്തിന്റെ സഹായത്തോടെ കടലിനടിയിലുള്ള വിസ്മയിപ്പിക്കിയുന്ന ലോകം underwater photography യിലൂടെ ചിത്രീകരിക്കാൻ കഴിഞ്ഞു. ഞങ്ങൾ ,ഹെലികോപ്റ്ററിൽ , ലക്ഷദ്വീപിന്റെ ആകാശ ദൃശ്യങ്ങൾ ചിത്രീകരിക്കാനായി, എയർപോർട്ടിൽ എത്തിയപ്പോഴാണ് ആ ദുരന്ത വാർത്ത കേട്ടത്. ഞങ്ങൾ കയറേണ്ടിയിരുന്ന ഹെലികോപ്റ്റർ കടലിൽ തകർന്നു വീണു. ലക്ഷദ്വീപിന്റെ ചരിത്രത്തിലെ ആദ്യത്തെ ഹെലികോപ്റ്റർ അപകടമായിരുന്നു അത്.
ഞങ്ങൾ ഉടനെ അപകട സ്ഥലത്തേക്ക് കുതിച്ചു. ബോട്ടിൽ ഞങ്ങൾ ഹെലികോപ്റ്റർ വീണുകിടക്കുന്ന സ്ഥലത്തേക്ക് പോയി. ദൂരദർശന്റെ പ്രോഗ്രാം ചിത്രീകരിക്കാൻ എത്തിയവർ എന്ന നിലയിൽ ഞങ്ങൾക്ക് എല്ലാ ഔദ്യോഗിക സഹായങ്ങളും ലഭിച്ചിരുന്നു. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഹെലികോപ്ടറിന്റെ ഭാഗങ്ങൾ ഞങ്ങൾ ഷൂട്ട് ചെയ്തു. മാത്രമല്ല, ഉടനെ ഈ വാർത്ത ദൂരദർശനിലേക്കു വിളിച്ചറിയിക്കുകയും ചെയ്തു.
കൈരളി ചാനലിൽ ഈ വാർത്ത നൽകിയപ്പോൾ അവർ ന്യൂസിൽ തല്സമയ റിപ്പോർട്ടിങ് നടത്താൻ എന്നോട് ആവശ്യപ്പെട്ടു. അങ്ങിനെ കൈരളി വാർത്തയിൽ ലക്ഷദ്വീപിലെ ആദ്യത്തെ ഹെലികോപ്റ്റർ അപകടം ഞാൻ ലൈവായി റിപ്പോർട്ട് ചെയ്തു. ഈ ഡോക്യൂമെന്ററിയിൽ എന്റെ സഹസംവിധായകനായിരുന്ന എന്റെ മകൻ അർഫാസ് അയൂബ്, ഈ വാർത്ത ജയ്ഹിന്ദ് ചാനലിൽ ലൈവായി റിപ്പോർട്ട് ചെയ്തു. മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദം എടുത്തതിനു ശേഷം അർഫാസിന്റെ ആദ്യത്തെ ലൈവ് ന്യൂസ് റിപ്പോർട്ടിങ് കൂടി ആയിരുന്നു ഇത്.
ദൂരദർശൻ നാലു ഭാഗങ്ങളായി ഈ ഡോക്യുമെന്ററി പല പ്രാവശ്യം സംപ്രേഷണം ചെയ്തു. കൂടാതെ ഹിന്ദിയിലും ഇംഗ്ലീഷിലും ഡബ്ബ് ചെയ്ത ഈ സീരീസ് ദൂരദർശന്റെ ദേശീയ ചാനലും പല പ്രാവശ്യം ടെലികാസ്റ്റ് ചെയ്തു. ഈ കാലത്തോടെ തുടരെത്തുടരെ സ്വകാര്യ ചാനലുകൾ മലയാളിയുടെ സ്വീകരണമുറികൾ കീഴടക്കിത്തുടങ്ങിയിരുന്നു. ക്രമേണ ദൂരദർശന്റെ ആധിപത്യവും അയഞ്ഞു തുടങ്ങി. ഏഷ്യാനെറ്റിന് ശേഷം, അമൃത ടിവീ, കൈരളി, ജയ്ഹിന്ദ്, ഇന്ത്യവിഷൻ, തുടങ്ങി സ്വകാര്യ ചാനലുകളുടെ ഘോഷയാത്രയായിരുന്നു.
ദൂരദർശന് പുറത്തു ഞാൻ ആദ്യമായി ഒരു സ്വകാര്യ ചാനലിന് വേണ്ടി സംവിധാനം ചെയ്ത സീരിയൽ . കൈരളി ടീവിക്ക് വേണ്ടി ചെയ്ത “ഡയാന” ആയിരുന്നു. പതിമൂന്ന് എപ്പിസോഡുകളുടെ ഒതുക്കത്തിൽ നിന്നും മെഗാ സീരിയലുകാരുടെ വിശാലതയിലേക്ക് ഞാൻ പ്രവേശിച്ച ആദ്യത്തെ സീരിയലും ഡയാന ആയിരുന്നു. അടൂർ ഭാസിയുടെ സഹോദരീപുത്രനും, എഴുത്തുകാരനും നടനുമായ ബി.ഹരികുമാറിന്റെ ഒരു നോവലാണ് ഇതിനു വേണ്ടി തെരഞ്ഞെടുത്തത്.
എം.എം.ഹസ്സന്റെ അനിയൻ എം.എം.ഷാനവാസ് ആയിരുന്നു തിരക്കഥാകൃത്ത്. നിർമ്മാണം വീട്രാൿസും. ആദ്യത്തെ കുറെ എപ്പിസോഡുകൾ , സസ്പെൻസ് നിലനിർത്തിക്കൊണ്ടു, അതി ഗംഭീരമായി മുന്നോട്ടു പോയെങ്കിലും, പിന്നീട് ദീർഘമായ സംഭാഷണങ്ങൾ കൊണ്ട് വിരസമാവാൻ തുടങ്ങി. ദൂരദർശനിൽ 13 എപ്പിസോഡുകളിൽ കഥ ഒതുക്കിപ്പറയുന്ന സുഖവും സൗന്ദര്യവും, എനിക്ക് ഈ മെഗാസീരിയലിൽ ലഭിച്ചില്ല. അതുകൊണ്ടു 65 എപ്പിസോഡ് ആയപ്പോൾ, ഞാൻ തന്നെ മുൻകൈയെടുത്തു ഈ സീരിയൽ അവസാനിപ്പിച്ചു.