‘കൂട്ടക്കൊലപാതകം, ബലാത്സംഗം, തലയറുക്കപ്പെട്ട 40 കുഞ്ഞുങ്ങൾ’; ഒക്ടോബർ ഏഴിന് ഇസ്രായേലും അമേരിക്കയും പ്രചരിപ്പിച്ച നുണകൾ

2023 ഒക്ടോബർ 7ന് ഹമാസ് ഇസ്രായേലിൽ നടത്തിയ ആക്രമണം ഇന്ന് ഫലസ്തീൻ വിഷയം വിലയിരുത്തുന്നതിലെ പ്രധാന സംഭവമാണ്. ഇസ്രായേലിന്റെ ഗസ്സയിലെ പ്രതികാര നടപടികളെ ന്യായീകരിക്കുന്നതിന് കേരളത്തിലടക്കം ഈ സംഭവം വ്യാപകമായി ഉപയോഗിക്കപ്പെട്ടു. എന്നാൽ ഈ ആക്രമണത്തിന്റെ വിവരണങ്ങളിൽ പലതും തെറ്റായതും കെട്ടിച്ചമച്ചതുമാണ്

Update: 2025-10-07 08:54 GMT

2023 ഒക്ടോബർ 7ന് ഹമാസ് ഇസ്രായേലിൽ നടത്തിയ ആക്രമണം ഇന്ന് ഫലസ്തീൻ വിഷയം വിലയിരുത്തുന്നതിലെ പ്രധാന സംഭവമാണ്. ഇസ്രായേലിന്റെ ഗസ്സയിലെ പ്രതികാര നടപടികളെ ന്യായീകരിക്കുന്നതിന് കേരളത്തിലടക്കം ഈ സംഭവം വ്യാപകമായി ഉപയോഗിക്കപ്പെട്ടു. എന്നാൽ ഈ ആക്രമണത്തിന്റെ വിവരണങ്ങളിൽ പലതും തെറ്റായതും കെട്ടിച്ചമച്ചതുമാണ്. പാശ്ചാത്യ മാധ്യമങ്ങൾ ഇസ്രായേലിന്റെ സൈനിക നടപടികളെ മറച്ചുവെച്ച് പല നുണകളും ഇതിന്റെ പേരിൽ പ്രചരിപ്പിച്ചു. എന്നാൽ ഇസ്രായേൽ മാധ്യമങ്ങളടക്കം ഒക്ടോബർ ഏഴിന്റെ അക്രമണത്തെ തുടർന്നുണ്ടായ സംഭവങ്ങളെ വിലയിരുത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവന്നു.

Advertising
Advertising

1. സ്വന്തം സൈന്യത്തെ കൊല്ലുന്ന ഇസ്രായേലിന്റെ ഹാനിബൽ ഡയറക്ടീവ്

ഹമാസ് ഇസ്രായേലി സൈന്യത്തെയും സാധാരണ ജനങ്ങളെയും കൂട്ടക്കൊല ചെയ്തു എന്നത് ഒക്ടോബർ ഏഴിന് ശേഷം ഏറ്റവും കൂടുതൽ പ്രചരിപ്പിച്ച വ്യാജവാർത്തയാണ്. ആയിരകണക്കിന് ആളുകൾ അന്ന് കൊല്ലപ്പെട്ടിരുന്നു എന്നത് സത്യമാണ്. എന്നാൽ ഇസ്രായേലി പട്ടാളം തന്നെയാണ് അവരുടെ സൈനികരെ വധിച്ചത് എന്നതാണ് വസ്തുതാ. ഇത് ഇസ്രായേലി സൈന്യത്തിന്റെ ഹാനിബൽ ഡയറക്ടീവ് എന്ന തന്ത്രമാണ്. ഒരു ഇസ്രായേലി പട്ടാളക്കാരനെ ശത്രുസൈന്യം പിടികൂടുന്നത് തടയാൻ അയാളെ വധിക്കാനുള്ള ഇസ്രായേൽ സൈന്യത്തിന്റെ രഹസ്യ നയമാണ് ഹാനിബൽ ഡയറക്ടീവ്. ഇങ്ങനെയൊരു നിർദേശം നിലനിൽക്കുന്നതിനെ കുറിച്ചുപോലും വർഷങ്ങളോളം ഇസ്രായേൽ രഹസ്യമായി സൂക്ഷിച്ചിരുന്നു. 2015ൽ ഇത് ഔദ്യോഗികമായി റദ്ദാക്കിയെങ്കിലും 2023 ഒക്ടോബർ 7ന് ഇത് വീണ്ടും പ്രയോഗിക്കപ്പെട്ടു.

ഗസ്സ ഡിവിഷൻ, സതേൺ കമാൻഡ്, ഐഡിഎഫ് ജനറൽ സ്റ്റാഫ് എന്നിവിടങ്ങളിൽ നിന്നുള്ള രേഖകളും സാക്ഷ്യങ്ങളും അനുസരിച്ച് ഒക്ടോബർ ഏഴിന് ഈ ഡയറക്ടീവ് പലയിടത്തും ഉപയോഗിച്ചതായി ഇസ്രായേലി മാധ്യമം ഹാരെറ്റ്സ് റിപ്പോർട്ട് ചെയ്യുന്നുണ്ട് (ജൂലൈ 2024).

ഇസ്രായേൽ സ്വന്തം സൈനികരെ വധിച്ചതിനെ കുറിച്ച് ഇസ്രായേലി മാധ്യമം ഹാരെറ്റ്‌സിൽ വന്ന റിപ്പോർട്ട് | Photo: Haaretz

ഒക്ടോബർ ഏഴ് ഹമാസ് അക്രമണത്തോടുള്ള പ്രതികരണമായി ഇസ്രായേൽ നടത്തിയ പ്രത്യാക്രമണത്തിൽ 70 വാഹനങ്ങളും വിമാനങ്ങളും ടാങ്കുകളും ഇസ്രായേൽ നശിപ്പിച്ചതായി അമേരിക്കൻ മാധ്യമം എബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു (സെപ്റ്റംബർ 2024).

ഇസ്രായേൽ സൈന്യം സ്വന്തം പൗരന്മാരെ കൊന്നതായി അമേരിക്കൻ മാധ്യമം എബിസി ന്യൂസ് റിപ്പോർട്ട് | Photo: ABC News

കൊല്ലപ്പെട്ടവരിൽ ബന്ദികളും ഉൾപ്പെട്ടിരുന്നതായും റിപ്പോർട്ട് ചൂണ്ടികാണിക്കുന്നുണ്ട്. നോവ ഫെസ്റ്റിവലിൽ അപ്പാച്ചി ഹെലികോപ്റ്ററുകൾ സ്വന്തം ജനങ്ങൾക്ക് നേരെ ആക്രമണം നടത്തിയതായി റിപ്പോർട്ടിൽ പറയുന്നു. ബെ'ഇരിയിൽ 101 പേരാണ് കൊല്ലപ്പെട്ടത്. അതിൽ ഭൂരിഭാഗവും ഐഡിഎഫ് ആയുധങ്ങളിൽ നിന്നാണെന്ന് എബിസി റിപ്പോർട്ടിൽ പറയുന്നു.

ഇസ്രായേലിന്റെ ഹാനിബൽ തന്ത്രത്തെ കുറിച്ച് ഇസ്രായേലി മാധ്യമം ജെറുസലേം പോസ്റ്റിന്റെ റിപ്പോർട്ട് | Photo: The Jerusalem Post

2. ലൈംഗിക അക്രമണ ആരോപണങ്ങൾ: തെളിവില്ലാത്ത 'മാസ് റേപ്പ്' ക്ലെയിമുകൾ

ഒക്ടോബർ ഏഴ് ആക്രമണത്തിന് ശേഷം ന്യൂയോർക്ക് ടൈംസ് നേരിട്ട് പ്രചരിപ്പിച്ച നുണയാണ് ഹമാസ് ഇസ്രായേലി സ്ത്രീകളെ ആസൂത്രിതമായി കൂട്ടമായി പീഡിപ്പിച്ചു എന്നത്. പാശ്ചാത്യ മാധ്യമങ്ങൾ ഏറ്റെടുത്തതോടെ അതിന് വിശ്വാസ്യത കൈവന്നു. ഇതുമായി ബന്ധപ്പെട്ട് അൽ ജസീറയും ടൈംസ് മാഗസിനും യെസ്  മാഗസിനും വസ്തുത പരിശോധനയും ഇസ്രായേലി മാധ്യമം ഹാരെറ്റ്സ് ഇസ്രയേലിലും അന്വേഷണം നടത്തി. എന്നാൽ പൊലീസ് രേഖകളിലോ മറ്റോ ഒറ്റ പീഡനത്തിന്റെ പോലും തെളിവില്ല.

അൽ ജസീറയുടെ വസ്തുതാന്വേഷണ റിപ്പോർട്ട് | Photo: Al Jazeera

ഗസ്സയിലെ വംശഹത്യയെ ന്യായീകരിക്കാൻ ഇസ്രായേൽ ഈ വ്യാജവാർത്ത ഉപയോഗിച്ചു. എന്നാൽ പിന്നീട് പുറത്തുവന്ന തെളിവുകൾ ഈ സംഭവങ്ങളെ നിഷേധിക്കുന്നതായിരുന്നു. 14 മാസത്തെ അന്വേഷണത്തിന് ശേഷം ഹമാസിനെതിരെ ഒരു റേപ്പ് കേസും രജിസ്റ്റർ ചെയ്തില്ലെന്നും സ്ത്രീകളുടെ അവകാശ സംഘടനകൾ ആരും സമീപിച്ചില്ലെന്നും ഇസ്രായേലി പ്രോസിക്യൂട്ടർ മോറാൻ ഗാസ് പറഞ്ഞതായി ഇസ്രായേലി മാധ്യമം Ynet ന്യൂസ് റിപ്പോർട്ട് ചെയ്തു.

ഹാരെറ്റ്സ് റിപ്പോർട്ട് | Photo: Haaretz

ന്യൂയോർക്ക് ടൈംസ് ഈ വിഷയത്തിൽ 'സ്ക്രീമ്സ് വിത്തൗട്ട് വേഡ്സ്' എന്ന പേരിൽ പ്രത്യേക അന്വേഷണ പരമ്പര തന്നെ പുറത്തിറക്കിയിരുന്നു. 200 അഭിമുഖങ്ങൾ നടത്തിയതിൽ ഒറ്റ ഫോറൻസിക് തെളിവുകളോ വിശ്വാസയോഗ്യരായ സാക്ഷികളായോ ഹാജരാകാൻ ന്യൂയോർക് ടൈംസിന് സാധിച്ചില്ല. മാത്രമല്ല ഇതുമായി ബന്ധപ്പെട്ട് ഹോസ്പിറ്റലുകളിലോ റേപ്പ് ക്രൈസിസ് ഹോട്ട്‌ലൈനുകളിലോ 'ഒരു കേസും' റിപ്പോർട്ട് ചെയ്തിട്ടുമില്ല. ചുരുക്കത്തിൽ ന്യൂയോർക്ക് ടൈംസിന്റെ ഡിസംബർ 2023ലെ 'സ്ക്രീമ്സ് വിത്തൗട്ട് വേഡ്സ്' എന്ന ലേഖനം ഒരു വസ്തുതയും മുന്നോട്ട് വെക്കുന്നതായിരുന്നില്ല.

3. ജോ ബൈഡനും 'തലയറുക്കപ്പെട്ട 40 കുഞ്ഞുങ്ങളും' - പാശ്ചാത്യ മാധ്യമങ്ങളുടെ പ്രോ-ഇസ്രായേൽ സമീപനവും തെറ്റായ വിവരങ്ങളും

ഒക്ടോബർ ഏഴിലെ ആക്രമണത്തിന് ശേഷം പ്രചരിച്ച മറ്റൊരു പ്രധാന നുണയായിരുന്നു ഹമാസ് 40 കുഞ്ഞുങ്ങളെ തലയറുത്ത് കൊലപ്പെടുത്തി എന്നത്. 2023 ഒക്ടോബർ 10ന് i24News റിപ്പോർട്ടറായ നിക്കോൾ സെഡെക്ക്, ക്ഫാർ ആസ കിബ്ബറ്റ്സിൽ നിന്ന് തത്സമയം സംപ്രേഷണം ചെയ്തതിന് ശേഷമാണ് ഈ പ്രചാരണം ആരംഭിച്ചത്. 'തല ഛേദിക്കപ്പെട്ട' കുഞ്ഞുങ്ങളെ സൈനികർ കണ്ടതായി അവരോട് പറഞ്ഞതായാണ് അവർ പറഞ്ഞത്. ഈ വാദത്തെ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന ജോ ബൈഡൻ പോലും ഏറ്റെടുത്തു പ്രചരിപ്പിച്ചു.

ഹമാസ് 40 കുഞ്ഞുങ്ങളെ കൊന്നതായി വന്ന വാർത്തകൾ | Photo: Special Arrangement

ഈ അവകാശവാദം വലിയ തോതിൽ പ്രചരിച്ചെങ്കിലും ഇസ്രായേൽ പ്രതിരോധ സേനക്ക് (IDF) ഇത് സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല. മാത്രമല്ല അന്താരാഷ്ട്ര വാർത്താ ഏജൻസികളും ലെ മോണ്ടെ, അൽ ജസീറ തുടങ്ങിയ മാധ്യമങ്ങളും പോളിറ്റിഫാക്റ്റ് തുടങ്ങിയ വസ്തുതാ പരിശോധനാ സംഘടനകൾ ഈ അവകാശവാദം തെറ്റാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ക്ഫാർ ആസയിലോ മറ്റേതെങ്കിലും കിബ്ബുറ്റ്സിലോ ഒരിക്കലും 40 ശിരഛേദം ചെയ്യപ്പെട്ട കുഞ്ഞുങ്ങളെ കണ്ടെത്തിയിട്ടില്ലെന്ന ലെ മോണ്ടെയുടെ അന്വേഷണത്തെ ഇസ്രായേൽ സർക്കാരിന്റെ പ്രസ് ഓഫീസ് സ്ഥിരീകരിക്കുകയും ചെയ്തു.

ലെ മോണ്ടെ റിപ്പോർട്ട് | Photo: Le monde

ഗസ്സയിലെ ജനങ്ങൾക്കെതിരായ അക്രമങ്ങൾ ന്യായികരിക്കുന്നതിനായി എല്ലാകാലത്തും യൂറോപ്യൻ - അമേരിക്കൻ മാധ്യമങ്ങൾ പ്രൊ ഇസ്രായേൽ വാർത്തകൾ മാത്രം നിരന്തരം നൽകുകയും ഒരു വേള വ്യാജ വാർത്തകൾ വരെ നൽകിയും ലോകത്ത് ഇസ്രായേൽ അനുകൂല മനോഭാവം ഉണ്ടാക്കാൻ ശ്രമിച്ചു പോന്നിട്ടുണ്ട്. അതിന്റെ ഏറ്റവും പ്രകടമായ ഉദാഹരണങ്ങളിലൊന്നാണ് ബിബിസി. ബിബിസിയിലെ ജീവനക്കാർ ഉൾപ്പെടെയുള്ള നിരവധി പേർ ബിബിസി ഇസ്രായേൽ സർക്കാരിന്റെയും സൈനികരുടെയും അവകാശവാദങ്ങളെ അവതരിപ്പിക്കുകയും അതേസമയം ഫലസ്തീൻ ശബ്ദങ്ങളെയും കാഴ്ചപ്പാടുകളെയും അവഗണിക്കുകയും ചെയ്യുന്നുവെന്ന് തുറന്നുപറഞ്ഞിട്ടുണ്ട്.

ഈ അർഥത്തിലുള്ള മാധ്യമ പ്രോപഗണ്ടകളുടെ തുടർച്ചയാണ് ഒക്ടോബർ 7ന് ശേഷവും സംഭവിച്ചത്. എന്നാൽ ഒരു ഘട്ടം കഴിഞ്ഞപ്പോൾ തങ്ങളുടെ പ്രചാരണങ്ങൾ ഒക്കെ തങ്ങൾക്കെതിരായി മാറുന്ന കാഴ്ചയാണുണ്ടായത്. ഇസ്രായേലി മാധ്യമങ്ങളടക്കമുള്ള മാധ്യമങ്ങളും സമാന്തര മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും ഈ കുപ്രചരണങ്ങളെ ചോദ്യം ചെയ്ത് രംഗത്ത് വരികയും യാഥാർഥ്യം ലോകത്തിന് മുന്നിൽ വിവരിക്കുകയും ചെയ്തു. പ്രോപഗണ്ട യുദ്ധത്തിൽ തങ്ങൾ പരാജയപെട്ടു എന്ന് ഇസ്രായേലിന് തന്നെ പിന്നീട് സമ്മതിക്കേണ്ടിയും വന്നു. എങ്കിലും നമ്മുടെ കേരളത്തിലെ പലരും ഇന്നും ഈ പ്രോപഗണ്ട വാർത്തകൾ എടുത്ത് ഉദ്ധരിക്കുകയും വംശഹത്യക്ക് കൂടുതൽ സാധുത നൽകുകയും ചെയ്യുന്നു.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Byline - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Similar News