Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ഗസ്സയിലെ ആക്രമണം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച ഇരുപതിന നിർദേശങ്ങൾ ഹമാസ് ഭാഗികമായി അംഗീകരിച്ചതോടെ രണ്ട് വർഷമായി തുടരുന്ന ഗസ്സയിലെ വംശഹത്യക്ക് അവസാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ലോകം. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ദിവസങ്ങൾക്ക് മുമ്പാണ് ട്രംപ് ഇരുപതിന നിർദേശങ്ങൾ മുന്നോട്ടുവെച്ചത്. ട്രംപിന്റെ നിർദേശങ്ങൾ അംഗീകരിക്കുമെന്ന് നെതന്യാഹു അന്ന് തന്നെ വ്യക്തമാക്കിയിരുന്നു. ഹമാസ് ഇന്നലെയാണ് പ്രതികരിച്ചത്. ബന്ദി കൈമാറ്റത്തിന് തയ്യാറാണെന്നും മറ്റു വിഷയങ്ങളിൽ ചർച്ചയാവാമെന്നുമാണ് ഹമാസിന്റെ പ്രതികരണം.
ട്രംപിന്റെ നിർദേശങ്ങൾ
വിമർശനങ്ങൾ
ഹമാസിനെ ഏകപക്ഷീയമായി ലക്ഷ്യംവെക്കുന്ന നിർദേശങ്ങളാണ് ട്രംപ് മുന്നോട്ടുവെച്ചത്. 2023 ഒക്ടോബർ ഏഴ് മുതൽ ഗസ്സയിൽ പതിനായിരങ്ങളെ വംശഹത്യ നടത്തിയ അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച നെതന്യാഹുവിനെ കുറിച്ച് ട്രംപ് മിണ്ടുന്നില്ല. ഗസ്സയിലെ ജനങ്ങൾ ജനാധിപത്യ പ്രക്രിയയിലൂടെ തിരഞ്ഞെടുത്ത സർക്കാറാണ് ഹമാസിന്റെ നേതൃത്വത്തിലുള്ളത്. അവരെ തീവ്രവാദികളാക്കി മുദ്രകുത്തി ഗസ്സയിൽ നിന്ന് പുറത്താക്കാനുള്ള നടപടി പൂർണമായും ഇസ്രായേൽ അധിനിവേശത്തിന് വഴിയൊരുക്കും. രണ്ട് കക്ഷികൾ തമ്മിലുള്ള സമാധാന ചർച്ചയിൽ ഒരു വിഭാഗത്തെ പൂർണമായി നിരായുധീകരിച്ച് പ്രദേശം വിട്ടുപോകണമെന്ന് പറയുന്ന നിർദേശം സമാധാന ചർച്ച എന്നതിലപ്പുറം ഏകപക്ഷീയമായ കീഴടങ്ങലിനാണ് ആവശ്യപ്പെടുന്നത്.
ഗസ്സ ഭരണത്തിന് ട്രംപ് നിർദേശിച്ച സംവിധാനത്തെ നയിക്കാൻ നിർദേശിച്ചിരിക്കുന്നത് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറിന്റെ പേരാണ്. കടുത്ത സയണിസ്റ്റ് പക്ഷപാതിയായ ബ്ലെയർ മുൻ യുഎസ് പ്രസിഡന്റ് ജോര്ജ് ഡബ്ലിയു ബുഷിനൊപ്പം ഇറാഖ്, അഫ്ഗാൻ അധിനിവേശത്തിന് നേതൃത്വം കൊടുത്തയാളാണ്. ടോണി ബ്ലെയർ നേതൃത്വം കൊടുക്കുന്ന ഒരു ഭരണസംവിധാനം ഫലസ്തീനികളോട് എന്ത് സമീപനമാവും സ്വീകരിക്കുക എന്നറിയാൻ അധികാം ആലോചിക്കേണ്ടതില്ല. ഫലസ്തീനികളുടെ പ്രതിരോധം പൂർണമായി ഇല്ലാതാക്കി ഇസ്രായേലിന് ഏകപക്ഷീയ അധിനിവേശത്തിന് വഴിയൊരുക്കുന്നതാണ് ട്രംപ് മുന്നോട്ടുവെച്ച നിർദേശങ്ങൾ എന്നാണ് പ്രാഥമികമായി വിലയിരുത്താനാവുക.
ഇസ്രായേൽ കരാർ പാലിക്കുന്നതിൽ എത്രത്തോളം സത്യസന്ധത പുലർത്തുമെന്നതാണ് മറ്റൊരു കാര്യം. ഗസ്സയിലെ ആക്രമണം നിർത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചതിന് ശേഷവും ഇസ്രായേൽ ആക്രണം തുടരുകയാണ്. ട്രംപിന്റെ പദ്ധതികളോട് ഹമാസ് അനുകൂലമായി പ്രതികരിക്കുകയും സൈനിക പിൻമാറ്റം സ്ഥിരീകരിക്കുകയും ചെയ്ത ശേഷം ശനിയാഴ്ച മാത്രം 70 ഫലസ്തീനികളെയാണ് ഇസ്രായേൽ കൊലപ്പെടുത്തിയത്. കഴിഞ്ഞ ജനുവരിയിൽ പ്രഖ്യാപിച്ച വെടിനിർത്തലും ഇസ്രായേൽ ഏകപക്ഷീയമായി ലംഘിക്കുകയായിരുന്നു. അൽ മവാസിയിലെ ഹ്യൂമാനിറ്റേറിയൻ സോണിലാണ് ഇസ്രായേൽ ആക്രമണം നടത്തിയത്. രണ്ട് കുട്ടികളടക്കം 10 പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. നുസൈറത്തിലും ഫലസ്തീനികൾ താമസിക്കുന്ന ക്യാമ്പിന് നേരെയാണ് ആക്രമണം നടന്നത്. സമാധാന ചർച്ചകൾക്കിടയിലും കുട്ടികളെയടക്കം ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തുന്ന ആക്രമണം ട്രംപിന്റെ നിർദേശങ്ങളുടെ ഭാവിയെന്താവുമെന്നതിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
പന്ത് ട്രംപിന്റെ കോർട്ടിലേക്ക് തന്നെ തട്ടി ഹമാസ്
അംഗീകരിച്ചാലും തള്ളിയാലും പ്രതിരോധത്തിലാവുന്ന നിർദേശങ്ങളാണ് ട്രംപ് ഹമാസിന് മുന്നിൽവെച്ചിരുന്നത്. അംഗീകരിച്ചാൽ പിന്നെ ഹമാസ് ഇല്ല, തള്ളിയാൽ പ്രശ്‌നക്കാർ ഹമാസ് ആണെന്ന ഇസ്രായേൽ പ്രചാരണത്തിന് അത് ശക്തിപകരും. ഈ പ്രതിസന്ധിയെ വിദഗ്ധമായി മറികടക്കുന്ന നയതന്ത്ര സമീപനമാണ് ഹമാസ് സ്വീകരിച്ചത്.
ആക്രമണം നിർത്തി ഇസ്രായേൽ പിൻമാറിയാൽ ബന്ദികളെ കൈമാറാൻ ഒരുക്കമാണെന്നാണ് ഹമാസ് വ്യക്തമാക്കിയത്. അതേസമയം യുദ്ധാനന്തര ഗസ്സയുടെ ഭാവി നിർണയിക്കേണ്ടത് തങ്ങൾ കൂടി ഉൾപ്പെട്ട സമിതിയാണെന്ന് ഹമാസ് വ്യക്തമാക്കി. അന്താരാഷ്ട്ര ചട്ടങ്ങളും പ്രമേയങ്ങളും മുൻ നിർത്തിയാണ് ഗസ്സയുടെ ഭാവി തീരുമാനിക്കേണ്ടത്. അറബ്, ഇസ് ലാമിക രാജ്യങ്ങളുടെ പിന്തുണയുള്ള ഫലസ്തീൻ സമിതിക്ക് ഗസ്സയുടെ ഭരണം കൈമാറാൻ ഒരുക്കമാണ്. അറബ്, ഇസ്ലാമിക രാജ്യങ്ങളുടെ പിന്തുണയുള്ള സ്വതന്ത്ര ഫലസ്തീൻ സമിതിക്ക് ഗസ്സ ഭരണം കൈമാറാൻ ഒരുക്കമെന്നും ഹമാസ് വ്യക്തമാക്കി.
നിരായുധീകരണം ഉൾപ്പെടെ പദ്ധതിയിലെ എല്ലാ കാര്യങ്ങളും മധ്യസ്ഥ രാജ്യങ്ങൾ മുഖേന ചർച്ച ചെയ്യാൻ ഒരുക്കമാണ്. ചർച്ച കൂടാതെ പദ്ധതി അംഗീകരിക്കാനാവില്ല. സമാധാന സേനയുടെ കാര്യത്തിലും വ്യക്തത വേണം. എന്നാൽ 72 മണിക്കൂറിനകം ബന്ദികളെ കൈമാറ്റം ചെയ്യൽ യാഥാർഥ്യബോധ്യമില്ലാത്ത ആവശ്യമാണെന്ന് ഹമാസ് പറഞ്ഞു. ഇസ്രായേലിന്റെ കൂട്ടക്കൊല അവസാനിപ്പിക്കാനാണ് തങ്ങൾ മുൻഗണന നൽകുന്നത്. ട്രംപിന്റെ പദ്ധതിയിലെ പല കാര്യങ്ങളും ചർച്ച ചെയ്ത് മാത്രമേ തീരുമാനത്തിലെത്താനാവൂ എന്നും ഹമാസ് പറയുന്നു.
ഇസ്രായേലിനെ ഞെട്ടിച്ചുകൊണ്ടാണ് ഹമാസ് പ്രതികരണം അംഗീകരിച്ച് ട്രംപ് ട്രൂത്ത് സോഷ്യലിൽ അത് പോസ്റ്റ് ചെയ്തത്. പശ്ചിമേഷ്യയുടെ ശാശ്വത സമാധാനത്തിന് വഴിയൊരുങ്ങുന്നതാണ് ഈ ചർച്ചകൾ എന്ന് വ്യക്തമാക്കിയ ട്രംപ് ബന്ദികളുടെ സുരക്ഷിത കൈമാറ്റത്തിന് ഇസ്രായേൽ ഉടൻ യുദ്ധം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ട്രംപിന് പുറമെ ഫ്രാൻസ്, ഖത്തർ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും ഹമാസ് നിലപാട് സ്വാഗതം ചെയ്തു.
ഒരാഴ്ചകൊണ്ട് ഹമാസിനെ തീർക്കുമെന്ന് വീരവാദം മുഴക്കി ആക്രമണം തുടങ്ങിയ നെതന്യാഹുവിന് ഒടുവിൽ ഹമാസ് മുന്നോട്ടുവെച്ച സമാധാന ചർച്ചകൾക്ക് വഴങ്ങേണ്ടിവന്നിരിക്കുന്നു എന്നതാണ് ലോകം കാണുന്നത്. ഇസ്രായേലിന്റെ കൂട്ടക്കൊലയുടെ ദുരിതങ്ങൾക്കിടയിലും ഫലസ്തീൻ പ്രശ്‌നം വീണ്ടും ലോകത്തിന് മുന്നിൽ സജീവമായി എത്തിക്കാനായത് ഹമാസിന്റെ വിജയമാണ്. അറബ് രാജ്യങ്ങളടക്കം ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുകയും ഫലസ്തീൻ ലോകത്തിന് ഒരു വിഷയമല്ലാതായി മാറുകയും ചെയ്ത സമയത്താണ് 'തൂഫാനുൽ അഖ്‌സ' സംഭവിക്കുന്നത്. ഒടുവിൽ 1948ൽ ഫലസ്തീന്റെ മണ്ണിൽ ഇസ്രായേൽ രാഷ്ട്രം സ്ഥാപിച്ച ബ്രിട്ടൻ തന്നെ ഫലസ്തീനെ അംഗീകരിക്കുന്നത് ലോകം കണ്ടു. കാനഡ, സ്‌പെയിൻ, ആസ്‌ത്രേലിയ തുടങ്ങിയ രാജ്യങ്ങളും സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചു. ജെൻ സി തലമുറക്കിടയിലും ഫലസ്തീൻ പ്രശ്‌നം ചർച്ചയാക്കാനും ഹമാസിനായി.
ലോക വൻശക്തികളായ അമേരിക്കയും ഇസ്രായേലും ഒരുമിച്ചിറങ്ങിയിട്ടും ഗസ്സയെന്ന ഒരു കൊച്ചു പ്രദേശത്ത് ഹമാസ് ഒളിപ്പിച്ച 40 ബന്ദികളെ ഇനിയും മോചിപ്പിക്കാനായിട്ടില്ല. അറബ് ഭരണാധികാരികൾക്ക് ഫലസ്തീൻ പ്രശ്‌നം അവഗണിച്ചുകൊണ്ട് ഇസ്രായേൽ ബന്ധം മുന്നോട്ടുകൊണ്ടുപോകാനാവില്ല എന്ന സ്ഥിതിയുണ്ടായി. 1967ലെ അതിർത്തികളോടെ ഫലസ്തീൻ പിറക്കാതെ ഇസ്രായേലുമായി ബന്ധമുണ്ടാകില്ലെന്ന് അറബ് രാജ്യങ്ങൾക്ക് സ്വന്തം ഭരണാധികാരികൾക്ക് സ്വന്തം ജനതയോട് ആവർത്തിക്കേണ്ടിവന്നു. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രമെന്ന ആവശ്യം ലോകത്തിന് മുന്നിൽ വീണ്ടും ചർച്ചക്ക് വരികയാണ്. യുഎസ് പ്രസിഡന്റ് ഇക്കാര്യത്തിൽ ചർച്ചക്ക് തയ്യാറായിരിക്കുന്നു. ഇത് തീർച്ചയായും ഹമാസിന്റെ വിജയം തന്നെയാണ്.
ലോകത്തിന്റെ മുന്നിൽ യുദ്ധ കുറ്റവാളിയായി നെതന്യാഹു
ഹമാസിന്റെ പ്രതികരണത്തിലും അത് സ്വാഗതം ചെയ്ത ട്രംപിന്റെ നിലപാടിലും വെട്ടിലായിരിക്കുന്നത് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവാണ്. ഇസ്രായേലിനുള്ളിലും നെതന്യാഹുവിനെതരെ വലിയ പ്രതിഷേധം നടക്കുന്നുണ്ട്. പ്രതിപക്ഷ കക്ഷികൾ നെതന്യാഹുവിനെതിരെ പടയൊരുക്കും തുടങ്ങിയിട്ടുണ്ട്. ട്രംപിന്റെ നിർദേശത്തെ ഹമാസ് ഇങ്ങനെ സ്വാഗതം ചെയ്തതിലും യുഎസ് പ്രസിഡന്റ് അതിവേഗം ഇസ്രായേൽ ബോംബിങ് അവസാനിപ്പിക്കണം എന്നു പ്രഖ്യാപിച്ചതിലും നെതന്യാഹു അമ്പരപ്പിലാണെന്ന് ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഹമാസിന്റെ മറുപടി വന്നാൽ ഇസ്രായേൽ- യു എസ് സംയുക്ത പ്രതികരണം ഉണ്ടാകണം എന്നായിരുന്നു നെതന്യാഹു ആഗ്രഹിച്ചത്. അതുവഴി ഹമാസിനെ വീണ്ടും പ്രശ്‌നക്കാരായി ഉയർത്തിക്കട്ടാമെന്നും കരുതി. ഇരുട്ടടിയായാണ് ട്രംപിന്റെ പ്രതികരണം വന്നത്. ഹമാസിന്റെ സന്ദേശം പങ്കുവെച്ച് അവർ സമാധാനം ആഗ്രഹിക്കുന്നുവെന്നാണ് ട്രംപ് പറഞ്ഞത്. വെടിനിർത്തൽ നടപ്പിലാക്കാൻ നെതന്യാഹുവിന് തന്റെ കൂട്ടുകക്ഷി മന്ത്രിസഭയിൽ ചർച്ച നടത്തേണ്ടതുണ്ട്. അവിടെ വോട്ടെടുപ്പും നടക്കണം. വെടിർത്തൽ നെതന്യാഹു അംഗീകരിച്ചില്ലെങ്കിൽ മന്ത്രിസഭയിലെ കക്ഷികളെ കൂട്ടി പുതിയ സർക്കാർ രൂപീകരിച്ച് ഈ കരാർ പാസാക്കുമെന്നും ഉടൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനും ഒരുങ്ങുകയാണ് പ്രതിപക്ഷം.
യുദ്ധം ഉടൻ നിർത്തണമെന്ന് ആവശ്യപ്പെട്ട് ഇസ്രായേലിൽ ആയിരങ്ങൾ തെരുവിൽ ഇറങ്ങിക്കഴിഞ്ഞു.
ഹമാസിനെ ഇല്ലാതാക്കുമെന്നും ഗസ്സ പൂർണമായും പിടിച്ചെടുക്കുമെന്നും പറഞ്ഞാണ് നെതന്യാഹു 2023 ഒക്ടോബർ ഏഴിന് ഗസ്സയിൽ ആക്രമണം തുടങ്ങിയത്. സ്ത്രീകളെയും കുഞ്ഞുങ്ങളെയും അടക്കം 65,000ൽ അധികം ഫലസ്തീനികളെ കൊലപ്പെടുത്തി. ഗസ്സയിലെ അടിസ്ഥാന സൗകര്യങ്ങൾ മുഴുവൻ ഇല്ലാതാക്കി. പക്ഷേ ബന്ദികളെ മോചിപ്പിക്കാനോ ഹമാസിന്റെ സംവിധാനങ്ങൾ ഇല്ലാതാക്കാനോ നെതന്യാഹുവിന് കഴിഞ്ഞിട്ടില്ല. അന്താരാഷ്ട്ര ക്രിമിനൽ കോടതി നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ലോകത്തിന് മുന്നിൽ യുദ്ധ കുറ്റവാളിയാണ് ഇപ്പോൾ ഇസ്രായേൽ പ്രധാനമന്ത്രി. യൂറോപ്യൻ രാജ്യങ്ങളിലാണ് ഫലസ്തീനായി ഏറ്റവും കൂടുതൽ പ്രതിഷേധമുയർന്നത്. സാധ്യമായ രീതിയിലെല്ലാം ഫലസ്തീനെ വളഞ്ഞിട്ട് ആക്രമിച്ചിട്ടും ലക്ഷ്യങ്ങളൊന്നും നേടാനാവാതെ നെതന്യാഹു ഒടുവിൽ ഹമാസുമായി ചർച്ചയിലേക്ക് നീങ്ങുകയാണ്. ഗസ്സ പിടിച്ചെടുക്കാൻ പോയവർ ഒടുവിൽ സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം അടക്കമുള്ള വിഷയങ്ങളിലാണ് ചർച്ചക്ക് ഒരുങ്ങുന്നത്.
ലോകത്തിലെ ഏറ്റവും പുതിയ ജെൻ സി തലമുറ പോലും സ്വതന്ത്ര ഫലസ്തീൻ എന്ന ആവശ്യം അംഗീകരിക്കണമെന്നാണ് ആവശ്യപ്പെട്ട് തെരുവിലാണ്. ഇറാനോട് മുട്ടി നേരിട്ട തിരിച്ചടിയും ഖത്തറിനോടുള്ള മാപ്പ് പറച്ചിലും നെതന്യാഹുവിന് ഉണ്ടാക്കിയ തിരിച്ചടി ചെറുതല്ല. ഈ പ്രതിസന്ധി മറികടക്കാൻ നെതന്യാഹു എന്ത് നടപടി സ്വീകരിക്കുമെന്നാണ് ഇനി അറിയാനുള്ള. ട്രംപിന്റെ നിർദേശങ്ങൾ നെതന്യാഹു അംഗീകരിക്കുമോ അതോ കൂട്ടക്കൊലയും അധിനിവേശവും തന്നെ തുടരുമോ എന്നതാണ് ലോകത്തിന് മുന്നിലുള്ള ചോദ്യം.