സംവിധായകന്റെ വിഷൻ നടപ്പാക്കാനുള്ള ടൂളാണ് അഭിനേതാക്കൾ

അന്യഭാഷാ ഇൻഡസ്ട്രികൾ പോലും അസൂയയോടെ നോക്കി കാണുന്ന തലത്തിൽ മലയാള സിനിമ വളർന്നു കൊണ്ടിരിക്കുകയാണല്ലോ. മലയാള സിനിമകൾ കൂടുതൽ റിയലിസ്റ്റിക്കും ഓതന്റിക്കുമായാണ് കഥകൾ അവതരിപ്പിക്കുന്നത്. അതിന്റെ ഭാഗമായാണ് കഥാപശ്ചാത്തലത്തിന്റെ ശൈലികളെ ഉൾപ്പെടെ സിനിമയിൽ കാണിക്കാനുള്ള ശ്രമമുണ്ടായത്

Update: 2025-09-22 10:41 GMT

സർവകാല റെക്കോഡുകളും ഭേദിച്ച് ‘ലോക ചാപ്റ്റർ 1 ചന്ദ്ര’ ലോക സിനിമയുടെ നെറുകയിൽ എത്തിയിരിക്കുകയാണ്. മലയാള സിനിമയെ മറ്റൊരു തലത്തിൽ എത്തിച്ച ലോകയിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ശരത് സഭ മീഡിയവണിനോട്

 

? ലോകയുടെ വിജയത്തെ കുറിച്ച്

ഞാനും കൂടി ഭാഗമായ ഒരു സിനിമ റെക്കോഡുകൾ സൃഷ്ടിച്ച് മുന്നോട്ട് പോകുമ്പോൾ സന്തോഷവും അഭിമാനവും തോന്നുന്നു. ലോകയിലെ സുന്ദർ എന്ന കഥാപാത്രം മലയാളിയല്ല.. ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമായ ഒരു കഥാപാത്രമാണ് .. കേരളത്തിലെ പല സ്ലാങുകൾ മാറിമാറി ചെയ്യാൻ സാധിച്ചിട്ടുണ്ട്.. എങ്കിലും മലയാളം അല്ലാത്ത ഒരു ഭാഷ കൈകാര്യം ചെയ്യുന്നത് ഇത് ആദ്യമായാണ് .. അത് ആളുകൾ ഏറ്റെടുത്തുവെന്നതിൽ സന്തോഷം ഉണ്ട്.. കൂടാതെ നിരന്തരമായി ഹാസ്യ വേഷങ്ങൾ ചെയ്ത ഒരാളെന്ന നിലയിൽ നെഗറ്റീവ് ഷേയ്ഡ് കഥാപാത്രം പുതിയ ഒരു അനുഭവവുമായി.

Advertising
Advertising

? മലയാള സിനിമ ഒരുപാട് മാറ്റങ്ങളിലൂടെ കടന്നുപോവുകയാണ്... അത്തരം മാറ്റങ്ങൾ സംഭവിച്ച ഒട്ടുമിക്ക സിനിമയിലും താങ്കൾക്ക് ഭാഗമാവാൻ സാധിച്ചിട്ടുണ്ട്

ഇത്തരം അവസരങ്ങളെ ഒരു ഭാഗ്യമായിട്ടാണ് നോക്കിക്കാണുന്നത്. സ്കൂൾ ഓഫ് ഡ്രാമയിലെ തിയേറ്റർ പഠനത്തിന് ശേഷം ഒരു ഷെൽറ്റർ നഷ്ടപ്പെട്ട അവസ്ഥയായിരുന്നു. ഇനിയെന്ത് എന്ന ഒരു അന്താളിപ്പായിരുന്നു. അപ്പോളാണ് സുഹൃത്തുക്കളുടെ കൂടെ എറണാകുളത്തേക്ക് എത്തിയത്. തിയേറ്റർ പഠനം കൈമുതലായുണ്ടായിരുന്നു.അത് വച്ച് എറണാകുളം ബേസ് ചെയ്ത് വർക്ക്ഷോപ്പുകളെല്ലാം നടത്തി. ചാനലുകളിൽ ഫ്രീലാൻസായി കണ്ടന്റ് റൈറ്റിംഗ് ജോലി ചെയ്തു. അതിനിടയിൽ നിരവധി ഓഡിഷനുകളിൽ പങ്കെടുത്തു സംവിധായകരെയൊക്കെ വിളിക്കുകയും പോയി കാണുകയും ചെയ്തു. അങ്ങനെയിരിക്കെയാണ്, ലോകയുടെ തന്നെ സംവിധായകൻ ഡൊമിനിക് അരുണിന്റെ ആദ്യ സിനിമ തരംഗത്തിലേക്ക് അവസരം ലഭിക്കുന്നത്.അത് വഴി മിസ് ആന്റ് മിസിസ് റൌഡിയിലെക്ക് അവസരം,അവിടെ നിന്ന് ജാനേ മനിലേക്കും. പിന്നീട് വർക്കുകൾ വരാൻ തുടങ്ങി.ജാനേ മൻ ആണ് സിനിമാ ജീവിതം മാറ്റി മറിച്ചത്. ജാനേ മനിന്റെ റിലീസിന്റെ അന്ന് വരെ ഞാൻ ഒരു ഓഡീഷന് പോയത് ഓർക്കുന്നു.

 

? മലയാള സിനിമയുടെ മുഴുവൻ കോമഡി വ്യാകരണങ്ങളും തിരുത്തിക്കുറിച്ച ചിത്രമായിരുന്നു ജാനേമൻ. പരമ്പരാഗത കോമഡി സീനുകളിൽ നിന്ന് വിഭിന്നമായി അവതരിപ്പിച്ച ഒരു ചിത്രം കൂടിയല്ലേ? ഡബിൾ മീനിംങ് തമാശകളും,ബോഡി ഷേമിങുകളും സ്തീവിരുദ്ധതയൊക്കെ പരമാവധി മാറ്റിവെച്ച ഒരുമുഴുനീള കോമഡി ചിത്രം. എന്നാൽ കൈകാര്യം ചെയ്തത് വളരെ സീരിയസായ ഒരു വിഷയവും

അത്തരം ഒരു വിപ്ലവം ഉണ്ടെന്ന് വിലയിരുത്തപ്പെടുന്നുണ്ടെങ്കിൽ അതിന്റെ മുഴുവൻ ക്രെഡിറ്റും സംവിധായകനായ ചിദംബരത്തിന് അവകാശപ്പെട്ടതാണ്.ചിദംബരം എങ്ങനെ ഗെയ്ഡ് ചെയ്തു അതിനനുസരിച്ചാണ് വർക്ക് ചെയ്തത്.ഡയറക്ടറുടെ വിഷൻ ആണ് ആ സിനിമ കൺവേ ചെയ്യുന്നത്. സംവിധായകരുടെ വിഷൻ നടപ്പാക്കാനുള്ള ടൂളുകളാണ് ഓരോ അഭിനേതാക്കളും എന്ന് വിശ്വസിക്കുന്ന ഒരു കലാകാരൻ ആണ് ഞാൻ. അങ്ങനെയാണല്ലോ സിനിമയുടെ പൂർണത സംഭവിക്കുന്നത്.

? കോമഡി കഥാപാത്രങ്ങൾ ചെയ്ത് ഫലിപ്പിക്കുന്നത് മറ്റു കഥാപാത്രങ്ങളെ അപേക്ഷിച്ച് പ്രയാസമാണെന്ന് മുൻപ് പല സീനിയർ നടീനടന്മാരും പറഞ്ഞ് കേട്ടിട്ടുണ്ട്. കൂടുതലും കോമഡി വേഷങ്ങൾ കൈകാര്യം ചെയ്ത ഒരാളെന്ന നിലയിൽ എങ്ങനെയാണ് താങ്കളുടെ ഒരു നിരീക്ഷണം

തമാശകൾ ചെയ്ത് ഫലിപ്പിക്കുന്നത് പ്രയാസം തന്നെയാണ്. ആളുകൾ ചിരിക്കണമല്ലോ അല്ലെങ്കിൽ പിന്നെ അത് തമാശയല്ലല്ലോ. കോമഡി വേഷങ്ങൾ ചെയ്യാൻ അത്ര എളുപ്പമല്ല എന്ന് തന്നെയാണ് എനിക്കും പറയാനുള്ളത്. പ്രേക്ഷകരും മാറി കഴിഞ്ഞു. നേരത്തെ നിങ്ങൾ സൂചിപ്പിച്ച മാറ്റി നിർത്തപ്പെടേണ്ട തമാശകൾ പ്രേക്ഷകർ തിരിച്ചറിയാനും ചോദ്യം ചെയ്യാനും തുടങ്ങി. അതിനാൽ അത് സിനിമകളിലും പ്രതിഫലിക്കാൻ തുടങ്ങിയെന്നത് നല്ല മാറ്റമാണ്.

 

?കോമഡികളിലും പൊളിറ്റിക്കൽ കറക്ടനസ് വന്നു എന്നല്ലേ ഉദ്ദേശിച്ചത്. അല്ലെങ്കിൽ അങ്ങനെ ആകണം എന്നല്ലേ?

അത് പൂർണമായും സംവിധാകന്റെ കയ്യിലാണ്. അത് ഓരോ സംവിധായകനെയും അപേക്ഷിച്ചിരിക്കും.അവർ അതിനെ എങ്ങനെ പ്രസന്റ് ചെയ്യുന്നത് എന്നനുസരിച്ചിരിക്കും.

?അത്തരം മാറ്റങ്ങളിൽ നടന്മാർക്ക് പങ്കില്ലെന്നാണോ

തീർച്ചയായും നടന്മാർക്ക് പങ്കുണ്ട്. കാരണം സിനിമ ഒരു കൂട്ടായ കലയാണ്. നടന്മാർ മാത്രമല്ല ടെക്നിക്കൽ ടീം അടക്കമുള്ളവർ റെസ്പോൺസിബിൾ ആയുള്ള ഒരു കൂട്ടായ കലയാണ് സിനിമ. പക്ഷേ ഫൈനൽ ഡിസിഷൻ സംവിധായകന്റേതായിരിക്കും. അഭിനേതാക്കൾക്ക് ഇംപ്രവൈസേഷനായി പലതരത്തിലുള്ള നിർദ്ദേശങ്ങൾ നൽകാൻ സാധിക്കും എന്നുള്ളതാണ്.ആ നിർദ്ദേശങ്ങൾ അംഗീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് തീർച്ചയായും സംവിധായകൻ തന്നെയാണ്.

? ലോക സിനിമയിലെ സുന്ദർ എന്ന കഥാപാത്രത്തിന്റെ പ്രത്യേകത എന്നത്. അയാൾ ഉപയോഗിച്ചിരിക്കുന്ന മിക്സഡ് ഭാഷകളാണ്. അതെങ്ങനെ ഇത്ര ഭംഗിയായി ചെയ്യാൻ പറ്റി. സംവിധായകന്റെ നിർദ്ദേശങ്ങൾ മാത്രമാണോ അതോ ശരതിന്റെ ഒബ്സർവേഷനുണ്ടോ

എനിക്ക് ഒട്ടും അറിയാത്ത ഭാഷയാണ് കന്നട. ഇതെങ്ങനെ ചെയ്യാൻ പറ്റുമെന്നായിരുന്നു ആശങ്ക. സംവിധായകനാണ് ആത്മവിശ്വാസം തന്നത്. സിനിമയുടെ ഡിസ്കഷന് ശേഷം വീട്ടിൽ വന്ന് ഒരുപാട് കന്നട സിനിമകൾ കണ്ടു നോക്കി.ഒന്നും വർക്കായില്ല. മലയാളവും കന്നഡയും മിക്സ്ഡ് ആയ ഒരു റെഫറൻസും കാണാൻ പറ്റിയില്ല. അപ്പോഴാണ് കർണാടകയിലെ ഷിരൂർ ദുരന്തവുമായി ബന്ധപ്പെട്ട വാർത്ത കാണുന്നത്. അർജുന്റെ രക്ഷാപ്രവർത്തനത്തിനെത്തിയ മുങ്ങൽ വിദഗ്ധനായ ഈശ്വർ മാൽപേയുടെ ബൈറ്റുകൾ കാണാനിടയായി. അത് വല്ലാതെ എന്നെ ഈ കഥാപാത്രത്തിന് സ്വാധീനിച്ചിട്ടുണ്ട്. പൂർണമായ അനുകരണമെന്നല്ല. അദ്ദേഹം സംസാരിക്കുന്ന രീതി എന്നെ സഹായിച്ചു. മലയാളിയല്ലാത്ത അദ്ദേഹം മലയാള ചാനലുകളോട് സംസാരിക്കുന്ന രീതിയാണ് ഞാൻ ശ്രദ്ധിച്ചത്. കന്നടയും മലയാളവും തമിഴും കലർന്ന രീതിയാണ് അദ്ദേഹം ഉപയോഗിച്ചത്. ഇത് ഡൊമിനിക്കുമായി സംസാരിക്കുകയും ചെയ്തിരുന്നു. കൂടാതെ സെറ്റിൽ കന്നട സിനിമാ പ്രവർത്തകനായ ഒരു മലയാളി കൂടെ ഉണ്ടായിരുന്നു. ബേസിൽ എന്നാണ് അദ്ദേഹത്തിന്റെ പേര്. ഷൂട്ടിംങ് സമയത്തും പിന്നീട് ഡബ്ബിംങിനും അദ്ദേഹത്തിന്റെ സഹായം ലഭിച്ചു.

 

? മുൻകാലങ്ങളിൽ തിരുവനന്തപുരം,കൊച്ചി പോലുള്ള ഇടങ്ങളിൽ മാത്രം ഒതുങ്ങി നിന്ന മലയാള സിനിമ പ്രാദേശിക തലങ്ങളിലേക്ക് വ്യാപിക്കുകയാണല്ലോ . പലതരത്തിലുള്ള പ്രാദേശിക ശൈലികൾ കൈകാര്യം ചെയ്ത അഭിനേതാവ് എന്ന നിലയിൽ ഈ മാറ്റത്തെ എങ്ങനെ കാണുന്നു

അന്യഭാഷാ ഇൻഡസ്ട്രികൾ പോലും അസൂയയോടെ നോക്കി കാണുന്ന തലത്തിൽ മലയാള സിനിമ വളർന്നു കൊണ്ടിരിക്കുകയാണല്ലോ. മലയാള സിനിമകൾ കൂടുതൽ റിയലിസ്റ്റിക്കും ഓതന്റിക്കുമായാണ് കഥകൾ അവതരിപ്പിക്കുന്നത്. അതിന്റെ ഭാഗമായാണ് കഥാപശ്ചാത്തലത്തിന്റെ ശൈലികളെ ഉൾപ്പെടെ സിനിമയിൽ കാണിക്കാനുള്ള ശ്രമമുണ്ടായത്. കാസ്റ്റിങ് കാളുകൾ വരെ അത്തരത്തിൽ മാറി. ഉദാഹരണം പാലക്കാട് വെച്ചുള്ള കഥയാണെങ്കിൽ ആ നാട്ടുകാർക്കും ആ ശൈലി ഉപയോഗിക്കുന്നവർക്കും മുൻഗണന എന്നാണ് കാണാറ്. ഇത് കൂടുതൽ കലാകാരന്മാർക്ക് അവസരം ലഭിക്കാനും ഒരു കാരണമാകുന്നുണ്ട്. അതിനാൽ തന്നെ സിനിമ ഒന്നൂടെ ജനകീയമാകാനും ഇത് സഹായകമാകുന്നുണ്ട്. പല സ്ലാങുകളിലും സംസാരിക്കാനുള്ള ഭാഗ്യം മുൻപ് എനിക്കുണ്ടായിട്ടുണ്ട്. ജാനേമനിൽ പാലക്കാടൻ സ്ലാങ്, ജയജയഹേയിൽ കൊല്ലം സ്ലാങ്, പ്രണയവിലാസത്തിൽ കണ്ണൂർ സ്ലാങ് ,കൊറോണ ധവാനിൽ തൃശൂർ സ്ലാങ് എന്നിവ പരീക്ഷിക്കാൻ പറ്റി എന്നത് നേട്ടമായി കാണുന്നു.

?ഡ്രീം പ്രൊജക്ട്

കോമഡി കഥാപാത്രങ്ങൾ ചെയ്ത സമയത്ത് നെഗറ്റീവ് ചെയ്യുക എന്നത് ഒരു ആഗ്രഹമായിരുന്നു. അതിപ്പോൾ സാക്ഷാത്കരിച്ചു. ഇനി തമിഴ് സിനിമകളിൽ അഭിനയിക്കാൻ ആഗ്രഹമുണ്ട്.

? പുതിയ പ്രോജക്ടുകൾ

നൈറ്റ് റൈഡേഴ്സ് എന്ന ചിത്രം അടുത്ത മാസം റിലീസിനെത്തും.പ്രണയ വിലാസം സിനിമയുടെ തിരക്കഥാകൃത്തുക്കളായ സുനു,ജ്യോതിഷ് എന്നിവരുടേതാണ് തിരക്കഥ. എഡിറ്ററായിരുന്ന നൌഫൽ അബ്ദുള്ളയുടെ ആദ്യ സംവിധാന സംരഭമാണ്. മലയാളത്തിലെ നല്ലൊരു താരനിര തന്നെ അണിനിരക്കുന്ന ചിത്രമാണത്.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - കിരണ ഗോവിന്ദന്‍

Media Person

Similar News