മോഹൻലാൽ: താരസ്വരൂപവും ഫാൽകെ അവാർഡും
''മലയാളത്തിൽ മോഹൻലാൽ രൂപപ്പെടുത്തിയ താരശരീരം, മാറുന്ന കേരളത്തിന്റെ സാമൂഹിക മാറ്റങ്ങൾക്ക് അനുസരിച്ച് കൂടെയാണെന്ന് തോന്നുന്നു''
1983ല്‍ ആറു വയസ്സുള്ളപ്പോൾ എന്റെ അച്ഛന്റെ അനിയൻ ആയിരുന്നു ആദ്യമായി മാമാട്ടിക്കുട്ടിയമ്മക്ക് എന്ന സിനിമയിലൂടെ മോഹൻലാലിനെ കാണിച്ച് തരുന്നത്. നക്സലൈറ്റ് ആയ അച്ഛന്റെ അനിയൻ സിനിമ കാണുമോ എന്നൊക്കെ പലരും ചോദിക്കുമായിരുന്നു.
പക്ഷേ തളിപ്പറമ്പ് ആലങ്കീൽ ടാക്കീസിൽ നിറഞ്ഞുകവിഞ്ഞ ആ ടാക്കീസിൽ നിന്ന് കൊണ്ടാണ് അന്ന് ഞാൻ ആദ്യമായി മോഹൻലാലിനെ കാണുന്നത്. പിന്നെ കുറച്ച് കാലത്തിനു ശേഷം പീരുമേട് എന്ന സ്ഥലത്തെ കെൽട്രോൺ ടിവിയിൽ ഒരു എസ്എംഎസ് ക്ലബ്ബിൽ നാട്ടുകാരുടെ കൂടെ തിങ്ങിനിറഞ്ഞു 'നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്' എന്ന സിനിമ കണ്ടു. അതുപോലെ അതേ ക്ലബ്ബിൽ തന്നെ ഒരു തുണി വലിച്ച് കെട്ടി സ്ക്രീൻ ആക്കി പ്രൊജക്ടർ വെച്ച് രണ്ടു രൂപ ടിക്കറ്റ് ഒക്കെ വെച്ച് സിനിമ പ്രദർശിപ്പിക്കുമായിരുന്നു. അങ്ങനെ 'ഉണ്ണികളേ ഒരു കഥ പറയാം' എന്ന സിനിമയും കണ്ടു.
മോഹൻലാൽ എന്ന നടൻ, ഓരോ കാലത്തും തന്റെ താരശരീരം ഓരോ സാമൂഹികമായ രീതികളിലേക്ക് ചേർന്ന് നില്‍ക്കുന്നത് പോലെ ഓരോ ടെക്നിക്കാലിറ്റികളും വിവിധ രൂപങ്ങളിൽ ഉള്ള സ്‌ക്രീനുകളിലേക്കും ശബ്ദങ്ങളിലേക്കും സ്വയം ചേർന്ന് നിന്നിരുന്നു. അതുകൊണ്ട് തന്നെ തിയേറ്ററിലും ചെറിയ ക്ലബ് സ്ക്രീനിലും ടെലിവിഷനിലും ഇന്നത്തെ മൊബൈൽ സ്‌ക്രീനിലേക്കും മോഹൻലാൽ എന്ന നടൻ ചേർന്നുനിൽക്കുന്നതും ഒരു പരിവർത്തനമാണ്.
ഓരോ കാലത്തെയും ടെക്നിക്കാലിറ്റിയിലേക്ക് അയാൾ പരിവർത്തനപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന് 1980കളില്‍ ഞങ്ങളുടെ വീടുകളിലെ നാഷണൽ പാനാസോണിക് ടേപ് റിക്കോർഡറിൽ ഏറ്റവും കൂടുതൽ കേട്ടത് രാജാവിന്റെ മകൻ എന്ന സിനിമയുടെ ശബ്ദരേഖ ആയിരുന്നു. തൊണ്ണൂറുകളിൽ കിലുക്കം എന്ന സിനിമയുടെ ശബ്ദരേഖ ആകാശവാണിയിലൂടെ കേട്ടത് റെക്കോർഡ് ചെയ്ത പഠിച്ച്, സ്‌കൂളിൽ പോയി അതിലെ ജഗതി-മോഹൻലാൽ കൊമ്പോയിലെ തമാശകൾ പറയുന്നത് ഒരു ഹോബി ആയിരുന്നു.
കാഴ്ചയുടെയും ശബ്ദത്തിന്റെയും വിവിധ ടൂളുകളിലൂടെ ഇന്ന് മൊബൈൽ ഫോണിൽ കാണാവുന്ന ബിഗ്ബോസ് വരെ മോഹൻലാലിന്റെ താരശരീരം സിനിമക്ക് അകത്തും പുറത്തും ട്രാൻസ്മിറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. മോഹൻലാൽ പ്രക്ഷേപണം ചെയ്യപ്പെട്ട സിനിമ സ്ക്രീനുകൾ, വിവിധ കേബിൾ ചാനലുകൾ, ഓണം പരിപാടികൾ, അഭിമുഖങ്ങൾ, സ്റ്റേജ് ഷോകൾ തുടങ്ങി ഏറ്റവും അവസാനം ബിഗ്ബോസിൽ വരെ അയാൾക്ക് പലവിധ പരിവർത്തങ്ങൾ ഉണ്ടായി.
മലയാളത്തിൽ മോഹൻലാൽ രൂപപ്പെടുത്തിയ താരശരീരം, മാറുന്ന കേരളത്തിന്റെ സാമൂഹികമാറ്റങ്ങൾക്ക് അനുസരിച്ച് കൂടെയാണെന്ന് തോന്നുന്നു. ഗൾഫ് പ്രവാസ കാലത്തെ വരവേൽപ്പ്, കേരളത്തിലെ മധ്യവർഗ പ്രതിസന്ധികളുടെ കാലത്തെ നാടോടിക്കാറ്റ്, സർക്കാർ ഉദ്യോഗങ്ങളിൽ നിന്ന് വിട്ട്, ചെറിയ കോൺട്രാക്ട് പണികളിലേക്ക് തിരിയുന്ന കാലത്തെ വെള്ളാനകളുടെ നാട്, ചിത്രം എന്ന സിനിമയിലെ ഫോട്ടോഗ്രാഫർ, ആര്യൻ എന്ന സിനിമയിലെ ഇന്ത്യയിലെ തന്നെ ആഭ്യന്തര പ്രവാസങ്ങൾ തുടങ്ങിയ എൺപതുകളിലെ അനേകം തൊഴിൽരൂപങ്ങളോട് ചേർന്ന് നിന്നുകൊണ്ടുകൂടെയാണ് മോഹൻലാൽ അക്കാലത്തെ താരശരീരരൂപങ്ങൾ സൃഷ്ടിക്കുന്നത്.
അതേസമയം ഇതേ കാലത്തെ സംവരണവിരുദ്ധമായ സവർണ-ബ്രാഹ്മണിക്-ശൂദ്ര രാഷ്ട്രീയ പ്രമേയങ്ങളോട് ചേർത്ത് സാമൂഹികമായും അദ്ദേഹത്തിന്റെ താരശരീരങ്ങൾ രൂപപ്പെട്ടു. അത് പിന്നെ മെല്ലെ വികസിച്ച് തൊണ്ണൂറുകളിൽ എത്തുമ്പോഴേക്കും വേറെ രീതികളിലേക്ക് വളർന്നു. എൺപതുകളിലെ നായർ കഥാപാത്രങ്ങളിലൂടെയും മധ്യവർഗ തൊഴിൽരൂപങ്ങളിലൂടെയും മോഹൻലാൽ ജനകീയനായി.
മോഹൻലാൽ പലപ്പോഴും തന്റെ സിനിമകളിലൂടെ സവർണ നായർ വംശീയത പ്രകടിപ്പിച്ചപ്പോഴും മലയാളികളാൽ സ്വീകരിക്കപ്പെട്ടത് അദ്ദേഹം അവതരിപ്പിച്ച പല തൊഴിൽരൂപങ്ങളും, പ്രത്യേകിച്ച് സർക്കാർ ഉദ്യോഗങ്ങൾ, ബ്രോക്കർ, കോൺട്രാക്ട് പണികൾ, തൊഴിലന്വേഷണരൂപങ്ങൾ, ആഭ്യന്തരവും അല്ലാത്തതുമായ പ്രവാസങ്ങൾ എന്നിവയൊക്കെ ഒരു പൊതു മലയാളി പ്രശ്നങ്ങളോ സവിശേഷതകളോ ആയതുകൊണ്ടായിരുന്നു.
അങ്ങനെ അടിയിലെ നായർ ഐഡന്റിറ്റി വിട്ടു നായർ-ബ്രാഹ്മണ്യം/സംവരണ വിരുദ്ധത പലപ്പോഴും വിളിച്ചുപറഞ്ഞപ്പോഴും മോഹൻലാൽ അവതരിപ്പിച്ച തൊഴിൽരൂപങ്ങൾ, വസ്ത്രങ്ങൾ, വാച്ചുകൾ പോലുള്ള ഉപകരണങ്ങൾ, വാഹനങ്ങൾ, അദ്ദേഹത്തിന്റെ ശരീരഭാഷകൾ എന്നിവയ്ക്ക് മലയാളികളുടെ ഇടയിൽ ഒരു 'പൊതു' സ്വഭാവം ഉണ്ടായിരുന്നു. അങ്ങനെ ദലിതരും കീഴാളരുമൊക്കെ മോഹൻലാലിനെ ഐഡന്റിഫൈ ചെയ്യുന്ന സാമൂഹിക സ്വഭാവം രൂപപ്പെട്ടു.
അതുപോലെ 1980കളിൽ, നേരത്തെ പറഞ്ഞത് പോലെ ടെലിവിഷൻ, ടേപ് റിക്കോർഡറിൽ തുടങ്ങിയവ കേരളത്തിലെ കീഴാളരിലെ ദലിത് സമൂഹങ്ങളിലടക്കം മധ്യവർഗങ്ങളിൽ വ്യാപകമായി തുടങ്ങി. ഞങ്ങളുടെ ദലിത്- മധ്യവർഗ വീടുകളിൽ അന്ന് വിസിആർ വാടകക്ക് എടുത്ത് മോഹൻലാൽ സിനിമകൾ കാണുന്നത് വ്യാപകമായിരുന്നു.
മോഹൻലാൽ വീടിന്റെ ഒരു ഭാഗമാകുന്നത് വിസിആർ എന്ന ഉപകരണത്തിലൂടെയായിരുന്നു. മലയാളിയുടെ റൊമാന്റിക് സ്വപ്നങ്ങൾ, ടെലിവിഷൻ സ്ക്രീനിലെ ചിത്രം എന്ന സിനിമയിലെ, താളവട്ടം എന്ന സിനിമയിലെ പാട്ടുകളിലൂടെയെല്ലാം മലയാളി മോഹൻലാലിലൂടെ രൂപപ്പെടുത്തുകയായിരുന്നു. ഈ സിനിമകളിലെ സവർണ നായർ സ്വഭാവങ്ങൾ പിന്നീട് രാഷ്ട്രീയമായി ചർച്ചചെയ്യപ്പെട്ടത് തൊണ്ണൂറുകളിലായിരുന്നു. എൺപതുകളിൽ മോഹൻലാൽ സിനിമകൾ 'പൊതു'ആയി ആഘോഷിക്കപ്പെട്ടു.
ഞങ്ങളുടെ നാട്ടിലെ ദലിത് കോളനിയിൽ നിന്ന് ഒരു ഓണത്തിനോ മറ്റോ സ്ത്രീകൾ അടക്കമുള്ളവർ കൂട്ടമായി മോഹൻലാലിന്റെ നാടോടിക്കാറ്റ് എന്ന സിനിമ കാണാൻ വാഹനം പിടിച്ചാണ് പോയത്. അന്ന് നാടോടിക്കാറ്റ് സിനിമയിൽ പെട്ടിയും എടുത്ത് ചെന്നൈയ്ക്ക് പോകുന്ന മോഹൻലാലിനെ കണ്ട് എന്റെ അനിയൻ ‘അച്ഛൻ’എന്ന് വിളിച്ചിരുന്നു. കാരണം അന്ന് മധ്യവർഗത്തിലെ ഓഫീസ് ജോലിയിലേക്ക് ഉയർത്തപ്പെട്ട എന്റെ അച്ഛൻ ഇങ്ങനെ പാന്റ്സ് ഇട്ടു പെട്ടിയും എടുത്തതായിരുന്നു ഓഫീസിൽ പോയിരുന്നത്. കീഴാള മധ്യവർഗങ്ങൾ തൊഴിൽരൂപങ്ങളിലൂടെ മോഹൻലാലിനെ അങ്ങനെ ഐഡന്റിഫൈ ചെയ്തു.
മോഹൻലാലിന്റെ നായർ ഐഡന്റിറ്റിക്ക് അപ്പുറം പല പൊതുരൂപങ്ങളും അയാൾ കേരളസമൂഹത്തിനോട് പങ്കുവഹിച്ചു. ഈ സാധാരണത്തത്തിലൂടെയാണ് മോഹൻലാലിന്റെ താരശരീരം എൺപതുകളിൽ രൂപപ്പെടുന്നത്. അതുപോലെ ടേപ്‌റിക്കോർഡർ എന്ന ഉപകരണം സാധാരണക്കാരുടെ വീടുകളിൽ ധാരാളമായി ഉപയോഗിക്കപ്പെടാൻ തുടങ്ങിയതോടെ മോഹൻലാൽ കളക്ഷനിലെ പാട്ടുകളും താരത്തിന്റെ ശബ്ദരേഖകളും അദ്ദേഹത്തിന്റെ താരസ്വരൂപം കേരളത്തിൽ അടിയുറപ്പിച്ചു നിന്നു.
തൊണ്ണൂറുകളിൽ ഗ്ലോബലൈസേഷന് ശേഷം വേറൊരു തരത്തിലുള്ള താരസ്വരൂപത്തിലേക്കാണ് മോഹൻലാൽ കടന്നുകയറുന്നത്. നേരത്തെ അദ്ദേഹം വളർത്തിയെടുത്ത സാധാരണ കഥാപാത്രങ്ങളില്‍ നിന്ന് പുതിയ നൂറ്റാണ്ടിലെ സവർണ-തമ്പുരാൻ റോളുകളിൽ നിന്ന് വ്യത്യസ്തപ്പെട്ടു. കുറച്ചുകൂടി മൈൽഡ് ആയ തമ്പുരാൻ റോളുകളിലേക്ക് അദ്ദേഹം കടന്നുകയറി. ഇതൊരു പ്രത്യേകമായ കാലഘട്ടമായിരുന്നു. എൺപതുകളിൽ കേരള സമൂഹത്തിലെ ജിയോഗ്രാഫിക്കൽ ഡിസ്പ്ലേസ്മെന്റ് എന്ന് പറഞ്ഞാൽ പ്രധാനമായും പ്രവാസങ്ങളിലായിരുന്നു സംഭവിച്ചത്.
പ്രവാസങ്ങളിലൂടെയും പട്ടാളക്കാരുടെ കഥകളിലൂടെയും, ആഭ്യന്തര പ്രവാസങ്ങളിലെ ജോലികളിലൂടെ ഡിസ്പ്ലേസ്ഡ് ആയവരിലൂടെയും മാധ്യമങ്ങളിലൂടെയുമായിരുന്നു കേരളത്തിന് പുറത്തുള്ള ലോകം മലയാളി അറിയുന്നത്. അതിനുപുറമെ ഇടതുപക്ഷ പ്രത്യശാസ്ത്രങ്ങളിൽ ഇന്ത്യക്ക് പുറത്തുള്ള രാഷ്ട്രീയങ്ങളുടെ പഠനങ്ങളും റഷ്യയും വിയറ്റ്‌നാമും ചൈനയുമൊക്കെയായിരുന്നു വേറെ ലോകങ്ങൾ. തൊണ്ണൂറുകളിൽ ആഗോളവത്കരണത്തിനു ശേഷം, പ്രത്യേകിച്ച് ദൃശ്യ മാധ്യമങ്ങളിലൂടെയൊക്കെ ഇവ തകിടംമറിഞ്ഞു. ഹോളിവുഡ് സിനിമകൾ വ്യാപകമായി കേരളത്തിൽ ഓടാൻ തുടങ്ങി. എംടിവി, ബി4യു പോലുള്ള മ്യൂസിക് ചാനലുകൾ വ്യാപകമായി, എഫ്ടിവി കാണുന്ന ഒരു തലമുറ വളർന്നു. ഇടതുപക്ഷം ആഗോളവത്കരണം എന്ന് അലമുറയിട്ടപ്പോൾ, അതിനെ സാമ്രാജ്യത്വം എന്ന് വായിച്ചപ്പോൾ അത്തരം പ്രതിരോധങ്ങളെല്ലാം പൊളിഞ്ഞുപാളീസാവുകയും ചെയ്തു. കാരണം ആഗോളവത്കരണം മലയാളികൾക്ക് തുറന്നുകൊടുത്തത് വേറൊരു ലോകമായിരുന്നു.
പക്ഷേ മോഹൻലാൽ സിനിമകൾ ആഗോളവത്കരണകാലത്ത് 'മലയാളിത്തത്തെ' തിരിച്ചുപിടിച്ചത് ഒരുപക്ഷേ ശാസ്ത്രീയ സംഗീതത്തിലൂടെയായിരുന്നു. ഹിസ് ഹൈനസ് അബ്ദുല്ല (ആഗോളവത്കരണത്തിനു മുമ്പ്) തുടങ്ങിയ സിനിമകളിലൂടെ എൺപതുകളിലെ സാധാരണത്തിൽ നിന്ന് മോഹൻലാൽ കൊട്ടാരങ്ങളിലേക്കും മനകളിലേക്കും കടന്നുകയറി . വിദേശസംസ്കാരം, ആഗോളവത്കരണം എന്നിവക്കെതിരെയുള്ള ഇടതുപക്ഷ ചപ്പടാച്ചികളെല്ലാം പൊളിഞ്ഞപ്പോൾ മോഹൻലാൽ സിനിമകളിലൂടെ ശാസ്ത്രീയസംഗീതത്തിലൂടെയും കഥകളിയിലൂടെയും കലാമണ്ഡലത്തിലൂടെയും വിദേശസംസ്കാരത്തിൽ നിന്ന് വേർപെട്ട വേറൊരു മലയാളിയെ സൃഷ്ടിച്ചു.
കേരള ജ്യോഗ്രഫിയിലെ അപരങ്ങളായ ഐഡന്റിറ്റികള്‍, ജീവിതങ്ങൾ, സമൂഹങ്ങൾ, ജ്യോഗ്രഫികള്‍ സിനിമയിൽ അദൃശ്യതയിലായി. അത് രണ്ടായിരത്തിൽ ഇറങ്ങിയ മോഹൻലാലിന്റെ 'തമ്പുരാൻ' സിനിമകളുടെ മുന്നോടിയായിരുന്നു. ഹിസ് ഹൈനസ് അബ്ദുല്ല, ഭാരതം, രാജശില്പി, കമലദളം, വാനപ്രസ്ഥം തുടങ്ങിയ സിനിമകളിലൂടെ ഇത്തരം എക്സ്പളിസീറ്റ് ആയ വേറൊരു മലയാളിയെ മോഹൻലാൽ സിനിമകളിലൂടെ സൃഷ്ടിക്കപ്പെട്ടു. മലയാളിയുടെ ഫ്യൂഡൽ വെറുകളിലേക്കാണ് അവ പിടിച്ചു കൊണ്ടുപോയത്.
ആ കാലമായപ്പോഴേക്കും മുസ്‌ലിം സമുദായം പ്രവാസങ്ങളിലൂടെ വേറൊരു തരത്തിൽ കേരളത്തിലടക്കം ഒരു സാമ്പത്തിക ബിസിനസ് കമ്മ്യൂണിറ്റിയായി രൂപപ്പെട്ടിരുന്നു. അങ്ങനെ രൂപപ്പെട്ട ഒരു മുസ്‌ലിമായ കൊച്ചിൻ ഹനീഫയോടാണ് ദേവാസുരം സിനിമയിലെ മംഗലശേരി നീലകണ്ഠൻ “നിന്റെ ഉപ്പയെ ഈ തറവാടിന്റെ മുന്നിലെ മരത്തിൽ കെട്ടി ഇട്ട് അടിച്ചതാണ്” എന്ന് പറയുന്നത്.
ആ മംഗലശേരി നീലകണ്ഠനെ മലയാളി ആഘോഷിക്കുകയും ചെയ്തു. ഒരു ഭാഗത്ത് ആഗോളവത്കരണം പുതിയൊരു ലോകം തുറന്നുവിടുകയും അതിനെ പ്രതിരോധിക്കാൻ ശ്രമിച്ച ഇടതുപക്ഷ പ്രത്യയശാസ്ത്രങ്ങൾ മുറ്റു കോമഡി ആവുകയും ചെയ്തു. ഒരു കാലത്ത് മലയാളി 'തനതു' എന്ന് പറഞ്ഞു തിരിച്ചുപിടിച്ചത് ഇത്തരം 'തമ്പുരാൻ' സിനിമകളുടെ ആദ്യരൂപങ്ങളെയായിരുന്നു. മോഹൻലാലിന്റെ താരസ്വരൂപം രൂപപ്പെടുന്നതിന്റെ മറ്റൊരു ഘട്ടം കൂടെയായിരുന്നു അത്. അതേസമയം കാലാപാനി പോലുള്ള സിനിമകളിലൂടെ ദേശീയവാദത്തിനും സംഘ്പരിവാർ രാഷ്ട്രീയത്തിന് മുളയിടുന്ന മറ്റൊരു രീതിയിലേക്ക് വളർന്നുവരികയും ചെയ്തു.
എൺപതുകളിൽ രാമായണം എന്ന സീരിയലിന്റെ ചുവടുപിടിച്ച് പലതരം ജാതീയ ഹിന്ദു സിനിമകൾ മലയാളത്തിൽ ഉണ്ടായി. അതിന്റെ ഏറ്റവും വലിയ കൾമിനേഷൻ ആയിരുന്നു മോഹൻലാലിന്റെ ആറാം തമ്പുരാൻ എന്ന സിനിമ; അത് അദ്ദേഹത്തിന്റെ താരസ്വരൂപത്തിന്റെ മറ്റൊരു ഘട്ടത്തിലേക്കുള്ള മാറ്റമായിരുന്നു.
ഷാജി കൈലാസ്–രഞ്ജിത്ത് സിനിമകളിലൂടെ തമ്പുരാൻ–മാടമ്പി സിനിമകളുടെ ഹിന്ദു രാഷ്ട്രീയത്തിലെ ഹീറോഷിപ്പിലേക്ക് മോഹൻലാൽ വളർന്നു. ഈ കാലത്ത് തന്നെ പോസ്റ്റ്-ബാബ്‌റി കാല പശ്ചാത്തലത്തിൽ ഇന്ത്യയിലെ ഹിന്ദുത്വ ഫാഷിസം വ്യാപകമായി അടിയുറക്കുകയും ചെയ്തു. അതേസമയം പുതിയ നൂറ്റാണ്ടിലെ 9/11 വേൾഡ് ട്രേഡ് സെന്ററിലെ ആക്രമണത്തിലൂടെ സിനിമകളിലെ മുസ്‌ലിം വിരുദ്ധത മലയാള സിനിമയിലും വ്യാപകമായി. തൊണ്ണൂറുകളിൽ ആഘോഷിക്കപ്പെട്ട സിവിൽ സമൂഹ വിപ്ലവ രഞ്ജി പണിക്കർ സിനിമകളിലെ വില്ലന്മാരിൽ ഭൂരിഭാഗവും മുസ്‌ലിംകളായിരുന്നു എന്നതാണ് വേറൊരു കാര്യം. 2010 കാലത്ത് സാമൂഹിക മാധ്യമങ്ങളുടെ വരവോടുകൂടി മോഹൻലാലിന്റെ തമ്പുരാൻ സിനിമകൾക്കെതിരെ മുസ്‌ലിം–ദലിത് വായനകൾ ധാരാളമായി വന്നതോടെ ഇത്തരം സിനിമകൾ പല തരത്തിലും അപനിർമിക്കപ്പെടാൻ തുടങ്ങി.
ഈ കാലത്താണ് മോഹൻലാലിന്റെ എൺപതുകൾ മുതലുള്ള സിനിമകളിലെ സംവരണ വിരുദ്ധത/നായർ–ബ്രാഹ്മണിക് മാഹാത്മ്യങ്ങൾ തുടങ്ങിയവയും മോഹൻലാലിന്റെ താരസ്വരൂപങ്ങളും വ്യാപകമായി വിമർശന വിധേയമായത്. മോഹൻലാലിന്റെ താരസ്വരൂപങ്ങൾ പല തരത്തിലും ചോദ്യം ചെയ്യപ്പെടാൻ തുടങ്ങി. അതുപോലെ പ്രിൻസ് എന്ന സിനിമയിലൂടെയുള്ള അദ്ദേഹത്തിന്റെ ശബ്ദമാറ്റം കേരളത്തിൽ ചർച്ച ചെയ്യപ്പെട്ടു. ഒടിയൻ എന്ന സിനിമയിലൂടെ അദ്ദേഹത്തിന്റെ മുഖത്തുണ്ടായ രൂപമാറ്റം അഭിനയത്തിൽ പ്രതിസന്ധി ഉണ്ടാക്കുന്നു എന്ന രീതിയിലും ചർച്ച ചെയ്യപ്പെട്ടു. മോഹനലാലിന്റെ ഈ കാലത്തെ താടി, മലയാള സാംസ്കാരികതയിൽ വലിയ ചർച്ചയായി.
ഇതേ കാലത്ത് തന്നെ ഡിജിറ്റൽ മീഡിയകളുടെ—റീലുകൾ, ടിക്‌ടോക്‌കൾ, യൂട്യൂബുകൾ, ജെൻ സി പോലുള്ള തലമുറകളുടെ വികാസത്തോടെ പുതിയ പല താര ശരീരരൂപങ്ങളും നിർമിക്കപ്പെട്ടു. മർവൽ യൂണിവേഴ്സ്, ടെലിഗ്രാം, യൂട്യൂബ് മുതലായ പ്ലാറ്റ്ഫോമുകളിലൂടെ മലയാളത്തിന് പുറമെ ഉള്ള പലവിധ വിഷ്വൽ എക്സ്പോഷറുകളിലേക്കും മലയാളികൾ തുറന്നുവെക്കപ്പെട്ടു. പുതിയ കുട്ടികൾ കൊറിയൻ വെബ്‌സീരീസുകളുടെ ആരാധകരാകുന്നതോടുകൂടി മോഹൻലാലിന്റെ താരശരീരത്തിന് പലതരത്തിലുള്ള മെറ്റാമോർഫോസിസുകളും സംഭവിച്ചു. പുതിയ തലമുറകൾക്ക് പുതിയ തിരഞ്ഞെടുപ്പുകൾ ഉണ്ടായി. പലപ്പോഴും കൊറോണക്ക് പാത്രം കൊട്ടുന്നതിലൂടെയും മോദിയെ അഭിനന്ദിക്കുന്നതിലൂടെയും സിനിമക്ക് പുറത്ത് അദ്ദേഹത്തിന്റെ രാഷ്ട്രീയം വെളിവാക്കപ്പെടുകയും ചെയ്തു. പട്ടാള സിനിമകളിലൂടെയോ ദേശീയവാദിയായി മാറുന്നതിലൂടെയോ ദേശീയവാദ–ഫാഷിസ്റ്റ് രാഷ്ട്രീയത്തിന്റെ ചിഹ്നമാവുന്ന തരത്തിലേക്ക് ഓഫ്-സ്ക്രീൻ മോഹൻലാലിന്റെ താരശരീരം മാറി.
കോവിഡിന് ശേഷമുള്ള കാലത്താണ് മറ്റൊരു മോഹൻലാൽ രൂപപ്പെടുന്നത്. അത് എമ്പുരാൻ എന്ന സിനിമയിലൂടെയായിരുന്നു. ആ സിനിമ ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയത്തെ പ്രത്യക്ഷത്തിൽ വിമർശിക്കുന്ന ഒരു പൊളിറ്റിക്കൽ ടെക്സ്റ്റ് ആയി മാറി. സിനിമ സംഘ്പരിവാർ അനുകൂലികളാൽ ആക്രമിക്കപ്പെട്ടു, വീണ്ടും സെൻസർ ചെയ്യപ്പെട്ടു,പൃഥ്വിരാജ് പ്രതിക്കൂട്ടിലായി, മോഹൻലാൽ സ്വയം സംഘ്പരിവാറുകാരാൽ ആക്രമിക്കപ്പെട്ടു.
ഇവിടെ രസകരമായ കാര്യം, മോഹൻലാൽ എന്ന താരശരീരം ഓരോ കാലത്തും രൂപപ്പെടുന്ന രാഷ്ട്രീയ മാറ്റങ്ങൾക്ക് അനുസരിച്ച് സ്വയം ഷിഫ്റ്റ് ചെയ്യപ്പെടുന്നുവെന്നതാണ്. ആറാം തമ്പുരാനില്‍ അഭിനയിച്ച മോഹൻലാലിനെ എമ്പുരാൻ പോലുള്ള സിനിമയിലും അഭിനയിക്കാൻ കഴിയുന്നു എന്നതാണ്. എന്നാൽ എമ്പുരാൻ എന്ന സിനിമയിൽ കേരളം എന്ന ജിയോഗ്രഫിക്കിന് പുറത്തുള്ള ഇടങ്ങളിൽ അദ്ദേഹത്തിന്റെ താരശരീരം അത്തരം സീനുകളിൽ പരാജയപ്പെടുന്നതാണ് കണ്ടത്. കോട്ടും സൂട്ടും ഇട്ട മോഹന്‍ലാലിന്റെ താരശരീരത്തെ ആ സിനിമയിൽ കാണുമ്പോൾ ചിരി വരും. പക്ഷേ തുടരും എന്ന സിനിമയിൽ ‘സാധാരണക്കാരൻ’ആയി വരുന്നതിലൂടെ അയാൾ കേരള സമൂഹത്തിൽ വിജയിക്കുകയും ചെയ്യുന്നു.
കോട്ടും സ്യൂട്ടും കൂളിങ് ഗ്ലാസും ധരിച്ച എമ്പുരാനിലെ മോഹൻലാൽ ഒരുവിധം “ലാഫിങ് മറ്റീരിയൽ” ആകുമ്പോൾ, മുണ്ടുടുത്ത് വന്ന് തുടരും എന്ന സിനിമയിലെ ഷണ്മുഖൻ സ്വീകരിക്കപ്പെട്ടു. മോഹൻലാൽ എന്ന താരശരീരത്തിന്റെ വസ്ത്രധാരണം, പ്രോപ്പുകൾ, ആക്സസറികൾ മുതലായവ അദ്ദേഹത്തിന്റെ താരശരീരത്തെ സ്വീകരിക്കപ്പെടുന്നതിൽ വലിയ പങ്കുവഹിക്കുന്നു എന്നതാണ്. എമ്പുരാൻ വലിയ സാമ്പത്തിക വിജയമായപ്പോഴും ലൂസിഫർ എന്ന സിനിമയിലെ ‘മലയാളി’ ആയ മോഹൻലാലിലേക്ക് എത്താൻ കഴിഞ്ഞില്ല എന്ന തരത്തിലുള്ള പൊതു വായനകൾ ഉയർന്നു. ഇരുവർ, കമ്പനി എന്നീ സിനിമകളിൽ മലയാളത്തിന് പുറത്തും മോഹൻലാൽ ഗംഭീര പെർഫോമൻസ് മുന്നോട്ടുവെച്ചെങ്കിലും, ഒരു ‘താരശരീരം’ എന്ന നിലയിൽ മോഹൻലാലിന് കേരളത്തിന് പുറത്തു വളരാനായില്ല എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണിത്.
അതിനു പുറമെ, മോഹന്‍ലാല്‍ എന്ന നടനും സഹചാരി ആയ ആന്റണി പെരുമ്പാവൂരുമായുള്ള ഇടപെടലുകളും അദ്ദേഹത്തിന്റെ സിനിമക്ക് അകത്തും പുറത്തുമുള്ള താരശരീര രൂപീകരണത്തിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. രണ്ടായിരത്തിൽ ആന്റണി പെരുമ്പാവൂര്‍ നിർമിച്ച നരസിംഹം എന്ന സിനിമയാണ് മോഹനലാലിന്റെ ഏറ്റവും വലിയ ഇൻഡസ്ട്രി ഹിറ്റുകളിൽ ഒന്ന്. ആന്റണി പെരുമ്പാവൂരിന്റെ നിർമാണത്തിൽ വന്ന പുതിയ നൂറ്റാണ്ടിലെ സിനിമകളാണ് മോഹന്‍ലാല്‍ എന്ന താരത്തെ ആ കാലത്ത് നിർമിച്ചത്. പക്ഷേ ഏറ്റവും തമാശയുള്ള ഒരു കാര്യം, കേരള സമൂഹത്തിലെ ചിലരെങ്കിലും ആന്റണി പെരുമ്പാവൂരിനെ ഇപ്പോഴും ഒരു ഡ്രൈവർ മാത്രമായാണ് കാണുന്നതെന്നാണ്.
മലയാളി തൊഴിൽരൂപം, നിറം, ഒരാൾ വരുന്ന സാമൂഹികഥ എന്നിവയൊക്കെ ചേർത്ത് കീഴാളതയും മേലാളത്തവും രൂപീകരിക്കുന്നത് ഇങ്ങനെ കൂടിയാണ്. എമ്പുരാൻ പോലുള്ള ഒരു ഇൻഡസ്ട്രി ഹിറ്റ് നിർമിച്ചെടുത്താലും ആന്റണി പെരുമ്പാവൂർ മോഹനലാലിന്റെ സഹചാരി മാത്രമാണ്. ഇവർ തമ്മിലുള്ള ഓൺ സ്ക്രീന് ഓഫ് സ്ക്രീന് വ്യാവസായികമായ ബന്ധങ്ങൾക്ക് പഠന സാധ്യതയുണ്ട്. പക്ഷേ ചില മലയാളികൾക്കെങ്കിലും ആന്റണി ഒരു ഡ്രൈവർ മാത്രമാകുമ്പോൾ അത് എന്നു സംഭവിക്കുമെന്ന് കാത്തിരുന്നു കാണണം. ഒരു ഡ്രൈവറോട് കഥ പറയാന് ഞങ്ങളില്ല എന്നു പറഞ്ഞ സിനിമക്കാരൊക്കെ ഉണ്ടെന്ന് കേട്ടിട്ടുമുണ്ട്.
മോഹൻലാലിന്റെ താരശരീരങ്ങൾ രൂപപ്പെടുത്തിയ എൺപതുകളിലെ സാധാരണക്കാരുടെ സിനിമകൾ, തൊണ്ണൂറുകളിലെയും രണ്ടായിരത്തിലെയും തമ്പുരാൻ സിനിമകൾ, പോസ്റ്റ്-കോവിഡ് കാലത്തെ എമ്പുരാൻ പോലുള്ള സിനിമകളിൽ നിന്ന് വ്യത്യസ്തമായി അനേകം സിനിമകളും അദ്ദേഹം ചെയ്തിട്ടുണ്ട്. എൺപതുകളിലെ ഉയരങ്ങളിൽ എന്ന സിനിമയിലെ കീഴാള കഥാപാത്രം, ഉയരും ഞാൻ നാടാകെ സിനിമയിലെ ആദിവാസി, പാദമുദ്രയിലെ കഥാപാത്രം, താഴ്വാരം എന്ന സിനിമയിലെ ലോറിക്കാരനായ കഥാപാത്രം, സദയം എന്ന സിനിമയിലെ കീഴാളനായ കഥാപാത്രം, മൂന്നാംമുറയിലെ അലി ഇമ്രാൻ, അങ്ങനെ നിരവധി പല കഥാപാത്രങ്ങളിലൂടെയും മോഹൻലാൽ വൈബ്രേഷൻ മുന്നോട്ടുവെച്ചിട്ടുണ്ട്.
പക്ഷേ, അത്തരം കഥാപാത്രങ്ങൾ ഒന്നും തന്നെ മോഹൻലാലിന്റെ താരശരീരത്തിലേക്ക് ചേർത്തു കാണുകയും മലയാളി വായിക്കുകയും ചെയ്തിട്ടില്ല. അവ എല്ലാം ഒരു അഭിനേതാവിന്റെ കഥാപാത്രങ്ങൾ ആയിരുന്നു. താരമായി അല്ല അവരെ കണക്കാക്കിയത്. അഭിനേതാവ്, താരം എന്നീ രണ്ടു രീതികളിലാണ് പലപ്പോഴും മോഹന്‍ലാലിന്റെ വിമർശകർ അടക്കം കണ്ടത്. ഒരു പക്ഷേ മോഹന്‍ലാലിന്റെ ഏറ്റവും മികച്ച അഭിനയം ചന്ദ്രലേഖ എന്ന സിനിമയിലെ ആശുപത്രി സീനുകളിൽ ആയിരിക്കാം. അത് ഒരു കൊമേഴ്സ്യൽ സിനിമ ആയതുകൊണ്ട് അത്തരത്തിൽ ചർച്ച ചെയ്യപ്പെട്ടിട്ടുമില്ല. ഒരേസമയം അഭിനേതാവായും താരശരീരമായും മോഹൻലാൽ വരുമ്പോൾ, അദ്ദേഹത്തിന്റെ താരശരീരം പലപ്പോഴും കേരളത്തിലെ മലയാളിയുടെ പൊതുബോധത്തിൽ നിന്ന് രൂപപ്പെടുന്നതാണെന്ന് തോന്നുന്നു.
അവസാനമായി, മോഹൻലാൽ ബിഗ് ബോസ് എന്ന പരിപാടിയിൽ കേരളസമൂഹത്തിന്റെ ഏറ്റവും പുതിയ വിഷ്വൽ ടെക്സ്റ്റിൽ അപാര ലൈംഗികതയോടു ചേർന്നുനിൽക്കുന്ന ഒരു ഐഡന്റിറ്റിയായി മാറുന്നു. മോഹൻലാൽ എന്ന താരശരീരം അവരെ പിന്തുണച്ചതിലൂടെ, ഇത്തരം സ്വവർഗാനുരാഗികളുടെ ദൃശ്യതയും മാറുന്നു. കേരളത്തിലെ മോഹൻലാലിന്റെ ചരിത്രം പരിശോധിക്കുമ്പോൾ, അദ്ദേഹത്തിന്റെ താരശരീരം എന്ന രീതിയിലും, അഭിനേതാവ് എന്ന രീതിയിലും, ഇരുവരും കൂടി നിലനിൽക്കുന്ന രീതിയിലും, സിനിമക്ക് പുറത്തുള്ള താരശരീരരൂപങ്ങളിലും, രാഷ്ട്രീയ ഇടപെടലുകളിലും, ലൈംഗികകതകളിലും, അദ്ദേഹത്തെക്കുറിച്ചുള്ള കഥകളിലും വളരെ കൂടുതൽ കോംപ്ലക്സിറ്റികളിലൂടെ കടന്നുപോകുന്ന നടനാണ് അദ്ദേഹം.
ഇനി ദാദാ സാഹേബ് ഫാൽക്കെ അവാർഡ് മോഹൻലാൽ എന്ന സാമൂഹിക വ്യക്തിത്വവുമായി ചേർത്ത് എങ്ങനെ കമ്മ്യൂണിക്കേറ്റ് ചെയ്യപ്പെടുന്നു എന്ന് പരിശോധിച്ചാൽ ചില കാര്യങ്ങൾ വ്യക്തമായി കാണാം. ഒരു തരത്തിൽ, എമ്പുരാൻ മുഖാന്തരം സംഘ്പരിവാർ വിരുദ്ധ രാഷ്ട്രീയത്തെ തള്ളിപ്പറയുകയും, ബിഗ്ബോസ് മുഖാന്തിരം അപാര ലൈംഗികതയോടുകൂടി നിൽക്കുകയും ചെയ്യുന്ന മോഹൻലാലിന് ബിജെപി വീണ്ടും സർക്കാർ ഫാൽക്കെ അവാർഡ് കൊടുക്കുന്നത് ഒരു രാഷ്ട്രീയ–സാംസ്കാരിക സൂചനയാണ്.
ഇന്ത്യയിലെ രാഷ്ട്രീയ, ഫാഷിസം, ജാതി, സവർണത, താരശരീരങ്ങൾ എന്നിവ പല തരത്തിലുള്ള കീഴ്മേൽ മറിച്ചിലുകൾക്ക് സാധ്യത നിർമിക്കുന്നു എന്നത് മനസ്സിലാക്കേണ്ടതാണ്. ഫാഷിസം ചിലപ്പോൾ വികസനത്തിലേക്കും പുരോഗമാനത്തിലേക്കും ചാടാനുള്ള പല സാധ്യതകളും തുറന്നുവിടും. അതും ഫാസിസത്തിന്റെ ഒരു പൊളിറ്റിക്കല് ടൂൾ ആണ്. അവിടെ മോഹനാലാലിന് പെട്ടെന്ന് അപര രാഷ്ട്രീയത്തിലേക്ക് ചാടാനും അവിടെ നിന്ന് വീണ്ടും ദേശീയതയിലേക്കും മോദിയിലേക്കും ഒക്കെ ചാടാൻ സൗകര്യം ഉണ്ടാകും.
ഇത്തരം കീഴ്മേൽ മാറ്റങ്ങൾ പലതരം ഐഡന്റിറ്റികളിലേക്ക് പൊളിറ്റിക്കൽ ട്രാൻസ്ഫർമേഷനായി ചാടുന്ന വിചിത്രമായ പ്രക്രിയയാണ് മോഹൻലാൽ എന്ന അഭിനേതാവിന്റെ താരശരീര ട്രാജക്ടറിയിലൂടെ കാണുന്നത്. പല രാഷ്ട്രീയ സാഹചര്യങ്ങളിലേക്കും മോഹന്‍ലാല്‍ ചാടി മറിയുന്നു, അത് ഓരോ കാലത്തെയും ഉപകരണങ്ങളും (ടൂൾസ്) രാഷ്ട്രീയാവസ്ഥയും ഉപയോഗിച്ച് മാറുന്നു.
രാം ഗോപാൽ വർമ പറഞ്ഞ പോലെ “രാം ഗോപാൽ വർമ പറഞ്ഞ പോലെ മോഹൻലാൽ അവാര്‍ഡ് ദാദാ സാഹേബിന് കൊടുക്കണം” എന്ന അഭിപ്രായം, ഒരു തമാശ എന്നതിനപ്പുറമുള്ള ഒരു പ്രസ്താവന ആയി പരിശോധിക്കപ്പെടേണ്ടത് ആണെന്ന് തോന്നുന്നു. പുതിയ മൾട്ടി-ലേയേർഡ് മീഡിയകളുടെ കാലത്ത് ദാദാ സാഹേബ് ഫാൽക്കെയുടെ ചരിത്രത്തിലേക്ക് പുതിയ തലമുറ ശ്രദ്ധിക്കുകയില്ല. അതുപോലെ പത്രങ്ങളും ടെലിവിഷനും മാത്രമുണ്ടായിരുന്ന സമയത്തെ മാസ്മരികത, ഈ അവാർഡിന്റെ വളരെ കോംപ്ലക്സ് ആയ കാലത്തെ ഡൈവേഴ്സിഫൈഡ് മാധ്യമങ്ങളുടെ പശ്ചാത്തലത്തിൽ ലഭിക്കുന്നുമില്ല.
പക്ഷേ, കഴിഞ്ഞ 40 വർഷത്തിലധികം, വളരെ കോംപ്ലക്സ് ആയി കീഴ്മേൽ മറിയുന്ന കാലങ്ങളിലും മോഹൻലാൽ പലതരം രാഷ്ട്രീയ–സാംസ്കാരിക സാഹചര്യങ്ങളിലൂടെയും ഒരു ഐക്കൺ ആയി രൂപപ്പെടുന്നു. ദാദാ സാഹേബ് ഫാൽക്കെ, റോസി, ജെ.സി ഡാനിയൽ തുടങ്ങിയവർ ഇന്ത്യൻ സിനിമ ചരിത്രനങ്ങളാകുമ്പോഴും റോസിയുടെ പേരിൽ ഒരു അവാർഡ് പോലും ഇല്ലാത്ത ഒരു ഇന്ത്യൻ/കേരള സമൂഹത്തിൽ മോഹൻലാൽ ഒരു ഐക്കൺ ആയി മാറുന്നത് മലയാളിയുടെ ഒരു സാമൂഹിക സ്വഭാവം കൊണ്ട് കൂടെയാണ്. റോസി തമിഴ്നാട്ടിലേക്ക് നാട് കടത്തപ്പെട്ടിട്ട് ഒരു ആവാർഡിലൂടെ പോലും ഇന്നു വരെ കേരളത്തിലേക്ക് തിരിച്ചെത്തിയിട്ടില്ല. പക്ഷേ മോഹന്‍ലാല്‍ എന്നും എപ്പോഴും ഹൃദയപൂർവം മലയാളിയുടെ ഐക്കൺ ആണ്.