മലയാളിയുടെ സാംസ്കാരിക (ശരീര) ചലനങ്ങളെ 'ബ്രേക്ക്' ചെയ്ത മൂൺവാക്ക്
മൂൺവാക്ക് എന്ന സിനിമയിലൂടെ ഒരു തലമുറയെ ഇപ്പോഴും കോരിത്തരിപ്പിക്കുന്ന ശാരീരികമായ മൂവ്മെന്റുകൾ എങ്ങനെ സാമൂഹിക നിർമ്മിതിയിലേക്ക് വിപ്ലവപരമായി പരിവർത്തനപ്പെടുന്നു എന്നത് കൂടി കാണിക്കുന്നു
1996ല്‍ എനിക്ക് പതിനെട്ട് വയസ്സു തികഞ്ഞ ഉടനെ അച്ഛൻ എനിക്ക് ഒരു ചേതക് സ്കൂട്ടർ വാങ്ങിച്ചു തന്നിരുന്നു. ഞങ്ങളുടെ അന്നത്തെ ദലിത് സമൂഹത്തിൽ അതൊരൂ പുതുമയും ആയി. അതോടെ എന്റെ കൗമാരത്തിലെ സാമൂഹിക ജീവിതം വേറൊരു തലത്തിലേക്ക് മാറുകയായിരുന്നു. എന്റെ അച്ഛൻ ‘ഒരു സ്കൂട്ടർ വാങ്ങുകയോ?’ എന്നു നാട്ടുകാർ അന്തം വിട്ടു. ‘ശരിക്കും വാങ്ങിയതല്ലേ?’ എന്നു അന്വേഷിക്കാൻ ബന്ധുക്കൾ ഒക്കെ അന്വേഷണ കമ്മീഷന് വിട്ടു. പതിനെട്ട് വയസ്സിൽ തന്നെ ഞാനും കൂടുകാരും ഈ ചേതക് സ്കൂട്ടറിൽ നാട് മുഴുവൻ ചുറ്റി.
അച്ഛന് സ്കൂട്ടർ ഓടിക്കാൻ അറിയാത്തത് കൊണ്ട് ഞാനാണ് അത് ഓടിച്ചത്. ഞങ്ങളുടെ കോളനിയിൽ നിന്നും ഞങ്ങൾ സ്കൂട്ടർ ഓടിച്ചു മെയിൻ റോഡിലേക്ക് കയറി. അവിടെ കോളനിക്കു പുറത്തുള്ള മനുഷ്യരുടെ കൂടെ ക്രിക്കറ്റ് കളിച്ചു. സ്കൂട്ടർ ഉള്ളത് കൊണ്ട് ഒരു പ്രിവിലേജ് ഒക്കെ കിട്ടി. ജാതി വിവേചനം ക്രിക്കറ്റ് ഗ്രൗണ്ടിൽ ഉണ്ടായിരുന്നെങ്കിലും അച്ഛൻ ഉദ്യോഗസ്ഥനായത് കൊണ്ടും എനിക്ക് സ്കൂട്ടർ ഉള്ളത് കൊണ്ടും നന്നായി ക്രിക്കറ്റ് കളിക്കുന്നത് കൊണ്ടും അതിന്റെ തോത് കുറഞ്ഞു. കുറച്ച് കഴിഞ്ഞപ്പോൾ ആ സ്കൂട്ടർ മാറ്റി യമഹ ആർ എക്സ് 100 ബൈക്ക് ആയി. ഒന്നുകൂടെ സ്റ്റൈൽ ആയി.
അതിൽ പല ഇടത്തും ക്രിക്കറ്റ് ടൂർണമെന്റിന് പോയി. കണ്ണൂരിലെ വി കെ എന്ന തിയേറ്ററിൽ പോയി ഇംഗ്ലീഷ് ഹോളിവുഡ്/ലോക സിനിമകൾ സിനിമകൾ കണ്ടു. കണ്ണൂരിൽ ഉള്ള ഒരു വിധം എല്ലാ ടാക്കീസുകളിലേക്കും ഞങ്ങൾ ബൈക്കിൽ പറന്നു. ഇടക്ക് കോളേജിലും ഈ ബൈക്കും ആയി പോകുമ്പോൾ അവിടെയും ഞങ്ങളുടെ സാമൂഹിക ജീവിതം മാറി. ബൈക്ക് ഉണ്ടായത് കൊണ്ട് ഒരു വേറൊരു പരിഗണന സമൂഹത്തിലും കോളേജിലും എനിക്ക് കിട്ടിയിരുന്നു. കോളനിക്ക് പുറത്തുള്ള വേറേ മനുഷ്യരുമായുള്ള സവർണ്ണരുമായുള്ള സാമൂഹിക രൂപീകരണത്തിൽ ബൈക്ക് വലിയൊരു ടൂളും ഘടകവുമായിരുന്നു.
മൂൺ വാക്ക് എന്നതു മലയാളത്തിലെ ഏറ്റവും മികച്ച സിനിമാറ്റിക് ആയ ഒരു പടം ഒന്നുമല്ല. ആലുവ സീനത്ത് എന്ന തിയേറ്ററിൽ പോയി ആളില്ലാത്തത് കൊണ്ട് ഷോ കാൻസൽ ചെയ്തപ്പോൾ, ഇനിയെങ്ങനെ കാണും എന്നു നിരാശപ്പെട്ടപ്പോഴാണ് ഈ സിനിമ ഒടിടിയിൽ വന്നത്. അങ്ങനെ കാത്തിരുന്നു കണ്ടതാണ് ഈ സിനിമ. പക്ഷേ, ഈ സിനിമയിൽ ഞാൻ നേരത്തെ പറഞ്ഞത് പോലെ, കേരളത്തിലെ പല തരം വ്യവസ്ഥാപിതമായ ‘പൊതു’ അംഗീകരിച്ച സാമൂഹിക-രാഷ്ട്രീയ മൂവ്മെന്റുകൾക്ക് അപ്പുറം, ചില അരികിലായ മനുഷ്യർ സമൂഹത്തിൽ ഒരു കാലഘട്ടത്തിലൂടെ പിടിച്ചു കയറുന്നതിന്റെ ഒരു ചരിത്രപരമായ ഡോക്യുമെന്റേഷൻ ആയി ഈ സിനിമ മാറുന്നുണ്ട്.
ഇതിലെ സുര എന്ന ഒരു മേക്കാട്ട് പണിക്കാരനായ ദളിതനായ യുവാവിന് ഒരു ഷൂസ് കിട്ടുന്ന സീന്‍ അത്തരത്തിലൊന്നാണ്. തൊണ്ണൂറുകളിൽ ഞങ്ങൾക്ക് ഒരു ഷൂ വാങ്ങിത്തരുമ്പോൾ ആ ഷൂ ഇട്ട് കൊണ്ട് പൊതു ഇടമായ കോളേജ്, ബസ് സ്റ്റോപ്പ് എന്നിവിടങ്ങളിൽ ഞങ്ങളെ തന്നെ അവതരിപ്പിക്കുമ്പോള് ഞങ്ങളുടെ സാമൂഹികമായ സ്റ്റാൻഡേർഡ് മാറുമായിരുന്നു. അതുപോലെ ഞങ്ങളുടെ സാമൂഹികബന്ധങ്ങളും ജീവിതവും മാറുമായിരുന്നു.
മൂൺവാക്ക് എന്ന സിനിമയിലെ ബ്രേക്ക് ഡാൻസ് എന്ന ഒരു രൂപത്തിന്റെ പഠനപരമായ പരിപാടികൾ നോക്കുക. ‘ഗുരു’ എന്ന സങ്കല്പം, കല പഠിക്കാനുള്ള യോഗ്യത/പാരമ്പര്യം എന്ന സങ്കൽപ്പം, ‘കുലം’ എന്ന സങ്കല്പങ്ങൾ ഒക്കെ അടിച്ചുതകർത്ത് കൊണ്ടാണ് ഒരു കൂട്ടം കൗമാരക്കാർ ബ്രേക്ക് ഡാൻസ് പഠിക്കാനായി തുനിയുന്നത്. തന്നെ ഇരട്ടപ്പേരിട്ട് കളിയാക്കുന്ന ഒരു സുഹൃത്താണ് ഡാൻസിന്റെ മൂവ്മെന്റുകൾ അവർക്കു പഠിപ്പിച്ചുകൊടുക്കുന്നത്. ഗുരു എന്ന സങ്കല്പമൊക്കെ ഈ പിള്ളേർ എടുത്തു എറിയുകയാണ്. ശാസ്ത്രീയ നൃത്തം, ശാസ്ത്രീയ സംഗീതം തുടങ്ങിയവയുടെ ബാല പാഠങ്ങൾ സാധനകൾ എന്നിവയെല്ലാം തള്ളിപ്പറഞ്ഞ് മോഡേണിറ്റിയുടെ ഒരു ഉത്പാദനമായ ടേപ്പ് റെക്കോർഡർ ഉപയോഗിച്ചാണ് ഒരു കൂട്ടം കുട്ടികൾ ബ്രേക്ക് ഡാൻസ് പഠിക്കുന്നത്.
‘മലയാളി’, ‘കേരളം’, ‘കേരള ഗ്രാമം’ എന്ന സങ്കല്പങ്ങൾ കലയിലെ ശുദ്ധി സങ്കല്പം തുടങ്ങിയവ/ എന്നിവയെ ഈ സിനിമയിൽ നഗരത്തിൽ നിന്നു വന്ന കുറച്ചു ബ്രേക്ക് ഡാൻസർമാർ കളങ്കപ്പെടുത്തുകയാണ്.
ഗ്രാമത്തിലെ, നാട്ടിൻ പുറത്തെ ഒരു കൂട്ടം ചെറുപ്പക്കാർ ബ്രേക്ക് ഡാൻസിനെ കുറിച്ച് അറിയുന്നത് തന്നെ നഗരത്തിൽ നിന്നു വന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ പെർഫോമൻസുകൾ വഴി ആണ്. അവർ കേരളീയ ഗ്രാമങ്ങളിൽ ആഗോളവൽക്കരണത്തിന് മുമ്പും ശേഷവും നിർമ്മിക്കപ്പെട്ടിട്ടുള്ള മോഡേണിറ്റിയുടെ ഒരു താളം കൂടെയാണ് ഈ ബ്രേക്ക് ഡാൻസിന്റെയും ഡിസ്കോ ഡാൻസിന്റെയും സംസ്കാരങ്ങൾ. അതിന് മുമ്പേ തന്നെ സിനിമയിലൂടെ കമൽഹാസനും മിഥുൻ ചക്രവർത്തിയും അടക്കം ഇത്തരം യുവാക്കളെ ഡിസ്കോ ഡാൻസിലൂടെ ഇൻഫ്ലൂവന്‍സ് ചെയ്യുന്നതിനെ കുറിച്ചും ഈ സിനിമ പറയുന്നുണ്ട്.
ഞങ്ങളുടെ ചെറുപ്പത്തിൽ ഒരു ചാലിയ തെരുവിൽ പോയി, പുലയരായ ഞങ്ങൾ ക്രിക്കറ്റ് കളിച്ച് ഒരു സമൂഹത്തിലേക്ക്, ഒരു പൊതു സമൂഹത്തിലേക്ക് വളർന്നത് പോലെ, ഈ സിനിമയിലും സാമൂഹികമായി നിലനിൽക്കുന്നതിൽ-വളരുന്നതിൽ, ക്രിക്കറ്റും ബ്രേക്ക് ഡാൻസും ഒരു ഘടകമാകുന്നുണ്ട്. ഒരു ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഇവരുടെ സാമൂഹിക കമ്മ്യൂണിക്കേഷനുകൾ നടക്കുന്നത്.
ബൈക്ക്, ടേപ്പ് റെക്കോർഡർ, ഇംഗ്ലീഷിങ്, ബ്രേക്ക് ഡാൻസ്, വീഡിയോ കാസറ്റ്, ശൂശ, മുടിയുടെ സ്റ്റൈൽ തുടങ്ങിയ സാമൂഹിക രൂപങ്ങളും ടൂളുകളും കൗമാരക്കാരുടെ ഒരു കമ്മ്യൂണിറ്റി രൂപീകരണത്തിൽ ഈ സിനിമയിൽ വലിയ ഘടകങ്ങളാകുന്നു. ഞങ്ങളുടേയും മറ്റുള്ളവരുടെ ജീവിതത്തിൽ, സാമൂഹിക ജീവിതം രൂപപ്പെടുത്തുന്നതിലും മറ്റ് മനുഷ്യരുമായി ഇടപഴകുന്നതിലും ഇതൊക്കെ വലിയ പങ്ക് തൊണ്ണൂറുകളിൽ വഹിച്ചിരുന്നു.
ബൈക്കിൽ മൂന്നു പേർ ട്രിപ്പിൾ അടിച്ച് പോകുമ്പോഴും, ടേപ്പ് റെക്കോർഡർ സ്വിച്ച് ഓൺ ചെയ്യാനും ഓഫ് ചെയ്യാനും, സുരയെ വിളിക്കുമ്പോഴും, അതിൽ നിന്നുണ്ടാകുന്ന പാട്ടിലൂടെ അവർ ഒരുമിച്ച് ഡാൻസ് ചെയ്യുമ്പോഴും, ഒരു ഹെയർസ്റ്റൈലിന്റെ സാമ്യത അവരെ ഒരുമിപ്പിക്കുമ്പോഴും, മുടി വെട്ടുമ്പോഴുള്ള അവരുടെ സങ്കടത്തിലും, ഷാരട്ടില്ലാത്ത വിവിധ ശരീരങ്ങളുടെ ഒറ്റ ഫ്രെയിമിലും, ഒരാൾ അഴിച്ചു വെച്ച ഷൂ മറ്റൊരാൾക്ക് കിട്ടുമ്പോഴുള്ള സാമൂഹികമായ എൻട്രിയും — എല്ലാം കേരളത്തിലെ സമൂഹങ്ങളിലെ ചില ഓർഗാനിക് ആയ ഉൾപിരിവുകളെയും ഈ സിനിമ കാണിക്കുന്നു.
ഭാരതനാട്യം, മോഹിനിയാട്ടം, ശാസ്ത്രീയ സംഗീതം എന്നിവ അരങ്ങ് വാഴുന്ന കാമ്പസിലെ ഒരു കോളേജിന്റെ സ്റ്റേജിൽ ഒരു കൂട്ടം ചെറുപ്പക്കാർ ബ്രേക്ക് ഡാൻസ് കളിക്കുന്നതിലൂടെ ആ പൊതു ഇടം പിടിച്ചടുക്കുന്നു. അതോടെ അവർക്കു ആ കോളേജിനെയും തന്നെ കൈയിലെടുക്കാനാവുന്നു. ബ്രേക്ക് ഡാൻസിന്റെയും ഗാനമേളയുടെയും ഒരു ഗുണം എന്നത്, അത് സ്റ്റേജിൽ കളിക്കുമ്പോൾ ഒരു പകർച്ചവ്യാധിപോലെ ഹിസ്റ്റീരിയയായി ആളുകളിലേക്ക് പടരുന്നു എന്നതാണ്. അത്തരം പകർച്ചകളിലൂടെ ഒരു മാസ് ഹിസ്റ്റീരിയ സൃഷ്ടിച്ച് സമൂഹകതയുടെ അപരിമിതമായ ഒരു കൂട്ടായ്മയുടെ ആഹ്ലാദത്തിന്റെ രാഷ്ട്രീയം ഈ കുട്ടികൾ തീർക്കുന്നു.
അത് ശാരീരികമായ, ലിംഗപരമായ, ജാതീയമായ അതിർത്തികൾ ഡാൻസിന്റെ ചലനത്തിലൂടെ തകർക്കുന്ന അനുഭവമായി മാറുന്നു. ഒരു കോളേജിൽ ഈ കലാരൂപങ്ങൾ അവതരിപ്പിക്കുമ്പോൾ, അവിടെ എസ്.എഫ്.ഐ പ്രവർത്തകർ എത്തി, "അധിനിവേശത്തിന്റെ പാശ്ചാത്യ സംസ്കാരത്തിന്റെ കല’ എന്ന് എസ് എഫ് ഐക്കാർ പറയുന്നുണ്ട്. ഇവരുടേത് ഒക്കെ എന്ത് രാഷ്ട്രീയമാണ് എന്നു അപ്പോഴാണ് നമുക്ക് മനസ്സിലാവുക. അത് തൊണ്ണൂറുകളിലെ എസ്.എഫ്.ഐ. രാഷ്ട്രീയത്തിന്റെ ഒരു രീതി കൂടിയായിരുന്നു എന്നതും ചരിത്ര സത്യമാണ്.
എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട് — തൊണ്ണൂറുകളിൽ ബാബു ആന്റണി എന്ന നടൻ കേരളത്തിലെ പോപ്പുലർ കൾച്ചറിൽ ഒരു താരശരീരമായി മാറിയപ്പോൾ, കേരളത്തിലെ കൗമാരക്കാർ മുടി നീട്ടി വളർത്താൻ തുടങ്ങിയിരുന്നു കേരള/മലയാളി/ഇടതുപക്ഷ സമൂഹങ്ങൾ അതിനെ ‘കാട്ടാളത്തം’, ‘അപരിഷ്കൃതം എന്നിങ്ങനെ വിളിച്ചു കളിയാക്കി. മുടി നീട്ടി വളർത്തിയവരെ ‘കോളനി ജീവികൾ’ എന്നു വരെ പരിഹസിച്ചു. ഒരു സന്ദർഭത്തിൽ, മുടി നീട്ടി വളർത്തിയ ഒരാൾ തന്റെ അമ്മയുടെ കൂടെ പോകുമ്പോൾ, ഒരു എസ്.എഫ്.ഐ ക്കാരൻ — “ആ കൂടെ പോകുന്ന അമ്മയോടാണു എനിക്ക് കഷ്ടം തോന്നുന്നത് ” എന്ന് പറഞ്ഞു, മുടിയെ അടിസ്ഥാനമാക്കി അവനെ കളിയാക്കുന്നത് ഇന്നും എന്റെ ഓർമ്മയിൽ ഉണ്ട്.
അത്തരം മുടി നീട്ടലുകളെ വംശീയമായി അധിക്ഷേപിച്ച ഒരു സമൂഹത്തെ ആട്ടിമറിച്ചു കൊണ്ട് കൂടി ആണ് ഈ സിനിമ മുന്നോട്ട് പോകുന്നത്. ഇന്ത്യന് സമൂഹം, ഭരണഘടനയിലും മറ്റും രൂപപ്പെട്ടതാണെന്നും, സ്വതന്ത്രമാണെന്ന് ഒക്കെ പറയുമ്പോഴും പൊലീസ് എന്ന സിസ്റ്റം മുടി വെട്ടിക്കൊണ്ടാണ് അവരെ നോര്‍മലൈസ് ചെയ്യാനായുള്ള ഒരു ഫാസിസ്റ്റ് പദ്ധതിയെ നടപ്പിലാക്കുന്നത് — അത്തരം അധിക്കാരങ്ങളുടെ വംശീയമായ കടന്നു കയറ്റം ഈ സിനിമ വിഷ്വലൈസ് ചെയ്യുന്നുമുണ്ട്. അത് പോലെ "മുടി നീട്ടി വളർത്തുന്നത് കുട്ടികളുടെ ഇഷ്ടമല്ലേ?" എന്നു ചോദിക്കുന്നവൻ കീഴാളനായ ഒരു പിതാവ് കൂടെ ആണ്.
തിരുവനന്തപുരത്തെ തൊണ്ണൂറുകളിലെ പുറം ലോകങ്ങളിലൂടെ ആണ് ഈ സിനിമ പോകുന്നത്. താൻ തന്റെ ഡാൻസിനുവേണ്ടി ആണ് കാതിൽ ഇട്ടിരിക്കുന്നത് എന്നു പറയുമ്പോൾ അംഗീകരിക്കുന്ന ഗൗരവനായ ഒരു മുസ്ലീം പിതാവിനെ ഒക്കെ ഈ സിനിമയിൽ കാണാം. ഇതിലെ സൂർസുര എന്ന മേക്കാട്ട് പണിക്കാരനായ ദളിതനായ കഥാപാത്രം ഇവിടെയും പല ഇടത്തും അപരവൽക്കരിക്കപ്പെടുന്നുമുണ്ട്. വരുൺ എന്ന ചെറുപ്പക്കാരന്റെ വീട്ടിൽ പോകുമ്പോൾ അപമാനിക്കുന്ന അവന്റെ അച്ഛൻ, ഒരു ക്രിസ്മസ് ആഘോഷത്തിന്റെ ഡിന്നറിലേക്ക് അവനെ ക്ഷണിക്കാതിരിക്കുമ്പോൾ, മറ്റുള്ളവർ അവരുടെ ജീവിതത്തിലേക്ക് തിരിയുമ്പോൾ അവൻ ഒറ്റക്കിരിക്കുമ്പോൾ ഒക്കെ അവന്റെ ലോകം മറ്റുള്ളവരിൽ നിന്നും വേറെ ആണ്.
പക്ഷേ അവൻ അത്തരം ലോകങ്ങളിൽ നിന്നു അവന്റെ ഒരു പൊതു ലോകത്തിലേക്ക് പിടിച്ചു കയറി ഹീറോ ആകുന്നത് ബ്രേക്ക് ഡാൻസിലൂടെ ആണ്. അത് വെറും ഒരു ഡാൻസ് പെർഫോർമൻസിലൂടെ അല്ല, പകരം അത് മൂൺവാക്ക് എന്ന ഒരു മൂവ്മെന്റിലൂടെ ആണ്. ഇവിടെ ആണ് ഡാൻസിലെ ശരീരങ്ങളുടെ ചില മൂവ്മെന്റുകൾ ഒരു കമ്മ്യൂണിറ്റിയിൽ വലിയ പൊട്ടിത്തെറികൾ ഉണ്ടാക്കുന്നത്. ഇന്ത്യൻ നാട്യശാസ്ത്രത്തിന്റെ സങ്കേതമായ ശരീര ചലനങ്ങൾക്കപ്പുറം വിപ്ലവാത്മകമായ ഒരു മാറ്റം മൈക്കൽ ജാക്സന്റെ മൂവ്മെന്റുകൾ ഇന്ത്യൻ സാമൂഹികതയിൽ വെറുകളായഴത്തുന്നതിലൂടെ സൃഷ്ടിച്ചിരുന്നു. അത്തരം മാറ്റങ്ങൾ ഇന്ത്യയിലേക്ക് വരുന്നതിന്റെ ഒരു രീതി ഈ സിനിമ തന്നെ കാണിക്കുന്നുണ്ട്. ഈ ചെറുപ്പക്കാർ ഒരു വീഡിയോ കാസറ്റിൽ മൈക്കൽ ജാക്സൺ പ്ലേ ചെയ്യുന്നതിലൂടെ ആണ് അവരുടെ മുന്നിൽ മൈക്കൽ ജാക്സൺ വെളിവാകുന്നത്.
ഗൾഫ് പ്രവാസത്തിന് ശേഷം ഒക്കെ രൂപപ്പെടുന്ന പുതിയ മിഡിൽ ക്ലാസുകൾ കൊണ്ട് വന്ന ഗൾഫ് കാസറ്റുകളിലൂടെയും ഗ്ലോബലൈസേഷൻ ശേഷം ഉണ്ടായ കേബിൾ ടി.വി.കളിലെ എം.ടി.വി. പോലുള്ള ചാനലുകളിലൂടെയും ആണ് ഇന്ത്യൻ ക്ലാസിക്കൽ ഡാൻസ് എന്ന രൂപത്തിന്റെ ശാരീരിക ചലനങ്ങൾ തകർത്തുകൊണ്ടു മൂൺവാക്ക് പോലുള്ള ചലനങ്ങൾ ഇന്ത്യയിൽ ഭാഗമാകുന്നത്. ക്രിസ്ത്യൻ സമൂഹങ്ങളുടെ പ്രവാസികളായ സ്ത്രീകളുടെ തൊഴിൽ ജീവിതവും കുടുംബവും അവരുടെ മക്കളെ കുറിച്ചുള്ള എണ്ട്രൻസ് എന്ന സ്വപ്നവും ഈ സിനിമ ഡോക്യുമെന്റ ചെയ്യുന്നു പക്ഷേ അതിന്നുമൊക്കെ അപ്പുറം സുര എന്ന ഒരു കോളനിയിലെ മനുഷ്യൻ "കേരളം", "ഇന്ത്യ" എന്ന സങ്കൽപ്പമൊക്കെ വിട്ട് തന്റെ ശരീരത്തിന്റെ ഉപയോഗത്തിലൂടെ കറുത്ത ശരീരത്തിന്റെ ലൈംഗികവും ശാരീരികവുമായ വിക്ഷേപങ്ങൾ ആയ മൂൺവാക്ക് എന്ന ഒരു ശാരീരികമായ ചലനത്തിലൂടെ ഈ സിനിമയിൽ ഒരു സമൂഹത്തെ തന്നെ കൈയിലെടുത്ത് ഹീറോ ആകുകയാണ്.
അയാൾ ഒരു ഇന്റർനാഷണൽ ആയ മനുഷ്യൻ ആവുകയാണ്. ലോകത്തിലെ ബ്ലാക്ക് ബോഡി പൊളിറ്റിക്സിന്റെ ഒരു ചിഹ്നമായി സുര എന്ന കഥാപാത്രം അവതരിപ്പിച്ച നടന്റെ ശരീരം മാറുകയാണ്. മലയാളത്തിലെ ബ്ലാക് പൊളിറ്റിക്സ് ശാരീരികമായി അതിന്റെ മൂവ്മെന്റുകളിലൂടെയും ലൈംഗിക കഥയിലൂടെയും ഈ സിനിമയിൽ അരങ്ങ് തകർക്കുന്നുണ്ട്. കേരളത്തിന്റെ വിൽ സ്മിത്ത് എന്നു വേണമെങ്കിൽ സുര എന്ന കഥാപാത്രം സിബി കുട്ടപ്പൻ എന്ന അവതരിപ്പിച്ച നടനെ വിളിക്കാം. ശരീരങ്ങളുടെ ചലനങ്ങളിലൂടെ കേരളത്തിന്റെ സാംസ്കാരികത്തയിൽ ഒരു പൊട്ടിത്തെറി ഉണ്ടാക്കുന്നുണ്ട്.
ഈ സിനിമയിലെ ഏറ്റവും മനോഹരമായ കാര്യങ്ങളിൽ ഒന്ന് വിവിധ ഐഡന്റിറ്റികൾ തമ്മിലുള്ള ഒരേ സമയം വിഘർഷണങ്ങളും വിവേചനങ്ങൾക്കിടയിലെയും കൂടി ചേരലുകളും കൂടെയാണ്. അതിനർത്ഥം ഈ മൂവ്മെന്റുകൾ ഒക്കെ കേരളത്തിലെ ജാതി ഇല്ലാതാക്കി എന്നതല്ല.
മൊബൈൽ ഫോൺ കേരളത്തിലെ ലൈംഗികതയേയും, പ്രണയങ്ങളെയും, ബന്ധങ്ങളെയും അട്ടിമറിച്ചത് പോലെ, ടെലിഫോൺ ബൂത്തുകൾ പ്രണയബന്ധങ്ങളെ രൂപപ്പെടുത്തുന്ന ഒരു കാലത്തെ കൂടെ ഈ സിനിമ ചരിത്രവൽക്കരിക്കുന്നു. ഈ ചെറുപ്പക്കാരുടെ ബ്രേക്ക് ഡാൻസ് ആണ് വിദേശത്തോ മറ്റോ ഉള്ള ഇംഗ്ലീഷ് മാത്രം സംസാരിക്കുന്ന ഒരു ക്രിസ്ത്യൻ പെൺകുട്ടിയുമായുള്ള സൗഹൃദം രൂപപ്പെടുത്തുന്നതും. ആ പെൺകുട്ടിയാണ് ഒരു തരത്തിൽ ഈ ഡാൻസ് ഗ്രൂപ്പിലെ ഒരു യുവാവിനെ സ്കൂട്ടറിൽ തൊണ്ണൂറുകളിൽ നൈറ്റ് ഡ്രൈവ് എന്ന ഒരു സംഗതി തന്നെ പരിചയപ്പെടുത്തുന്നത് .
ഇംഗ്ലീഷ് ഇൻഫ്ലുവൻസ് വഴി വളർന്ന ഒരു പെൺകുട്ടി പല തരം ബോർഡറുകളും തകർക്കുന്നു/ ഈ ചെറുപ്പക്കാരനോടൊപ്പം ചേരുന്നു. അതേസമയം അവളുടെ സഹോദരന്‍ ഒരു പിന്തിരിപ്പനും ആണ്. അപര മനുഷ്യരെ ഉൾക്കൊള്ളാൻ കഴിയാത്തവനാണ്. ഈ സിനിമയിലെ തുടക്കത്തിൽ തന്നെ ഈ ഡാൻസ് ഗ്രൂപ്പ് വിദേശത്തേക്ക് ടൂർ പോകുന്നതിന്റെ ഒരു ഡോക്യുമെന്റേഷൻ വഴി ആണ് തുടങ്ങുന്നതും.
ഇത്തരത്തിലുള്ള കലാരൂപങ്ങളിലൂടെ, അപരരായി അരികുവൽക്കരിക്കപ്പെട്ട പല മനുഷ്യരും കേരളത്തിന്റെ ബോർഡറുകൾ തകർത്ത്, വിദേശത്തേക്ക് യാത്ര ചെയ്ത് പുതിയ എക്സ്പോഷറുകളിലേക്ക് എത്തിയിട്ടുണ്ട്. ജോലിക്ക് വേണ്ടി നടത്തുന്ന പ്രവാസങ്ങൾക്ക് പുറമെ, ദളിതർ ഉൾപ്പെടുന്ന മിമിക്രി കലാകാരന്മാർ, ഡാൻസ് കലാകാരന്മാർ, ഗാനമേള കലാകാരന്മാർ എന്നിവരാണ് വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്ത് അവരുടെ സോഷ്യല്‍ ഹൊറൈസൺ രൂപപ്പെടുത്തുന്നത് ഇത്തരം കലാരൂപങ്ങളിലൂടെ കൂടെ ആയിരുന്നു.
കേരളത്തിന്റെ നവോദ്ധാനം, പുരോഗമനം എന്നൊക്കെ പറഞ്ഞു തള്ളിമറിക്കുന്ന പൊതു രാഷ്ട്രീയ ഇടതുപക്ഷ, വലതുപക്ഷ, മറ്റ് രാഷ്ട്രീയ ബോധങ്ങൾക്ക് അപ്പുറം , വളരെ ഡി-കൺസ്ട്രക്ടീവ് ആയ, സമൂഹത്തിന്റെ അടിത്തട്ടിൽ നടക്കുന്ന ഇത്തരം അനേകം മൂവ്മെന്റുകളും കേരളത്തെ മുന്നോട്ട് നയിച്ചിട്ടുണ്ട് എന്നു വേണം പറയാൻ. ആഗോളവൽക്കരണ കാലത്തെ മ്യൂസിക് ചാനലുകൾ, ഹോളിവുഡ് മൂവികൾ, അൽ ജസീറ, എൺപതുകളിലെ ഡിസ്കോ ഡാൻസുകൾ, തൊണ്ണൂറുകളിലെ ബ്രേക്ക് ഡാൻസുകൾ, വീഡിയോ കാസറ്റുകൾ, ടേപ്പ് റെക്കോർഡറുകൾ, റോളക്സ് വാച്ച്, സിനിമകൾ, ടെലിഫോണുകൾ, മിമിക്രി, മിമിക്സ് പരേഡുകൾ, പൾപ് ഫിക്ഷനുകൾ — അങ്ങനെ പലതും.
ഡാൻസും ബ്രേക്ക് ഡാൻസും മൂൺ വാക്കിനോടൊപ്പം തന്നെ ഈ സിനിമയിലെ ഏറ്റവും ഗംഭീരമായ സീനുകളിൽ ഒന്നാണ്. ‘ഓ കിനാക്കാലം’ എന്ന പാട്ടിലെ ഒരു കെ എസ് ആർ ടി സി ബസ്സിലെ സീൻ. ഒരു കാലത്തിലെ സമൂഹങ്ങളിലെ ആനേകം ശരീരങ്ങൾ ഒത്തു ചേരുന്ന ഒരു മോഡേണിറ്റിയുടെ ഇടം ആയി ആ കെ എസ് ആർ ടി സി ബസ് മാറുന്നു.
പരസ്പരം പ്രണയിക്കുന്ന കമിതാക്കൾ, തന്റെ പെൺകുട്ടിയുടെ പിന്തുടരുന്ന ഒരു ചെറുപ്പക്കാരൻ ബസ്സിന്റെ ഏണിയിൽ തൂങ്ങിപ്പിടിച്ചു പോകുന്നത്, ഒരു ബൈക്കിൽ തന്റെ പെൺ കുട്ടിയെ ആ ബസ്സിനു പിന്നാലെ പിന്തുടരുന്നത്, തന്തക്ക് വിളിക്കുന്നത്, ഒരു ചോറ്റു പാത്രം പോട്ടിത്തെറിച്ചു ഭക്ഷണം മറ്റുള്ളവരുടെ മുഖത്തേക്ക് തെറിക്കുന്നത്, ഫുട്ബോഡിൽ ചാടി പിടിച്ചു യാത്ര ചെയ്യുന്നത്, ഈ ഒരു പാട്ടിലെ ഒരു സീനിലൂടെ തന്നെ തൊണ്ണൂറുകളിലെ ‘പൊതു’ എന്ന ഒരു ഇടം, ഇവിടെ ജാതി വിവേചനം നില നിൽക്കുമ്പോൾ, പല ഐഡന്റിറ്റികളും അപര മനുഷ്യരും ഒരു ബസ്സിലൂടെ, ബസ് എന്ന ഒരു സാമൂഹിക സ്ഥാപനത്തിലൂടെ പിടിക്കുന്നത് ക്ലാസിക്കൽ ആയ ഒരു സീൻ ആയി മാറുന്നു.
അത് പോലെ ആയിരത്തി തൊള്ളായയിരത്തി തൊണ്ണൂറുകളിലെ സിദ്ധീക് -ലാൽ സ്ട്രീമിലുള്ള സിനിമകളുടെ ആണുങ്ങളുടെ ഒരു കൂട്ടം ഒരു ക്വീർ കൂട്ടങ്ങളായുള്ള പല വായനകളും ഇവിടെ ഉണ്ടായിരുന്നു. ഈ സിനിമയിൽ കീഴാളരും ദളിതരും മുസ്ലീങ്ങളും എല്ലാം ചേർന്ന ആണുങ്ങളുടെ ശരീരം ഷെക്ക് ചെയ്തു കൊണ്ടും പ്രദർശിപ്പിച്ചു കൊണ്ടുമുള്ള മൂൺവാക്ക് ഡാൻസിലും മറ്റ് ഇടങ്ങളിലും ഒരു ക്വീർ വിഷ്വലൈസേഷനും ഈ സിനിമ രസകരമായി ചിത്രീകരിക്കുന്നു.
ഈ സിനിമയുടെ ഷർട്ട് ഇടാതെ നടക്കുന്ന ആ കൗമാരക്കാരുടെ ഫോട്ടോ ഉള്ള പോസ്റ്റർ തന്നെ അതിന്റെ ഏറ്റവും വലിയ സ്പേസിമെൻ ആണ്. ഇവർ മൂൺ വാക്ക് എന്ന ഒരു മൂവ്മെന്റ് പഠിക്കാൻ തിരഞ്ഞെടുക്കുന്നത് പൊതു ഇടത്തിൽ ശല്യമായത് കൊണ്ട് തന്നെ കടൽ തീരത്തിന് അടുത്തുള്ള ആരും കയറാത്ത ഒഴിഞ്ഞ പൊളിഞ്ഞ വൃത്തി ഇല്ലാത്ത ഒരു ബിൽഡിങ് വൃത്തി ആക്കിക്കൊണ്ടാണ്. അവിടെയും മറ്റിടങ്ങളിലും മൈക്കിൽ ജാക്സന്റെ ചുമര് ചിത്രങ്ങൾ അതിന്റെ ബാക്ഗ്രൗണ്ട് ആയും വരുന്നുണ്ട്.
പല അപര രാഷ്ട്രീയങ്ങളും പല തരത്തിലും ലോകത്ത് അവതരിപ്പിച്ച ഗ്രാഫിറ്റി ആർടുകളുടെ രാഷ്ട്രീയമടക്കം ഈ സിനിമയുടെ ദൃശ്യതയിൽ അങ്ങനെ വരുന്നുണ്ട്. പഴയ ഡിസ്കോ ഡാൻസർ ആയ പൊതു സമൂഹത്തിന് പുറത്തു ബീഡി വലിച്ചു നിൽക്കുന്ന ഒരു വയസ്സൻ കഥാപാത്രമൊക്കെ കേരളം/മലയാളി ഒരുകാലത്ത് പുറത്താക്കിയവരുടെ ഐക്കൺ കൂടെ ആണ്. മൂൺവാക്ക് എന്ന സിനിമയിലൂടെ ഒരു തലമുറയെ ഇപ്പോഴും കോരിത്തരിപ്പിക്കുന്ന ശാരീരികമായ മൂവ്മെന്റുകൾ എങ്ങനെ സാമൂഹിക നിർമ്മിതിയിലേക്ക് വിപ്ലവപരമായി പരിവർത്തനപ്പെടുന്നു എന്നത് കൂടി കാണിക്കുന്നു. കഴിഞ്ഞുപോയ പല പൊട്ടിത്തെറികളും ചരിത്രങ്ങളാകുമ്പോഴാണ് സമൂഹം അതിനെ തിരിച്ചറിയുകയും ആഘോഷിക്കുകയും ചെയ്യുന്നത്. ഇന്ന് സി-ജൻ എന്നു പറഞ്ഞു കളിയാക്കുന്ന പുതിയ കുട്ടികളുടെ പല ആഘോഷങ്ങളും ചരിത്രമാകാം — അതൊരു പൊട്ടിത്തെറിയായിരുന്നു എന്നായിരിക്കും നാളത്തെ വായനകൾ.