ബാലിസ്റ്റിക് മിസൈൽ; ഇറാന്റെ വജ്രായുധം

ഇറാന്റെ ബാലിസ്റ്റിക്ക് മിസൈലിന്റെ യഥാർത്ഥ കരുത്തു വെളിപ്പെട്ടത് ഇപ്പോൾ നടക്കുന്ന ഇസ്രായേല്‍-ഇറാന്‍ സംഘർഷത്തിലാണ്

Update: 2025-06-17 06:23 GMT

ആധുനിക യുദ്ധങ്ങളിൽ രാജ്യങ്ങളുടെ ഏറ്റവും വലിയ കരുത്തുകളിലൊന്ന് മിസൈലുകളിലാണ്. അതിവേഗത്തിൽ പ്രതികരിക്കാനും ഭീമാകാരമായ ആക്രമണശേഷിയുമുള്ള ഈ ആയുധങ്ങൾ, രാജ്യങ്ങളുടെ യുദ്ധശേഷിയും ആത്മവിശ്വാസത്തെയും പ്രതിരോധത്തെയും കാണിക്കുന്നതിനാണ് ഉപയോഗിക്കുന്നത്.

ഈ രംഗത്ത് ഏറ്റവും ഉയർന്ന സ്ഥാനങ്ങളിൽ എത്തിച്ചേർന്നിരിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇറാൻ. പലപ്പോഴും നാം കാണുന്ന മിസൈലുകളെക്കാള്‍ ( ക്രൂയിസ് മിസ്സലുകൾ ) ബാലിസ്റ്റിക്ക് മിസൈലുകൾക്ക് വളരെയേറെ പ്രാധാന്യം കൊടുക്കുന്ന ചുരുക്കം രാജ്യങ്ങളിലൊന്ന് ഇറാനാണ്. ക്രൂയിസ് മിസ്സലുകളേക്കാൾ ആക്രമണ ശേഷിയും ആയുധം വഹിക്കാനുള്ള കഴിവുകളും അതിവേഗ സഞ്ചാരപാതകളുമാണ് ബാലിസ്റ്റിക് മിസൈലുകളെ വേറിട്ടുനിർത്തുന്നത് .

Advertising
Advertising

ഇന്ന് ചൈനക്ക് ശേഷം ലോകത്തിലെ രണ്ടാമത്തെ വലിയ ബാലിസ്റ്റിക് മിസൈൽ ശേഖരവും മിഡിൽ ഈസ്റ്റിൽ ഒന്നാം സ്‌ഥാനവും ഇറാന് മാത്രം അവകാശപ്പെട്ടതാണ് . അമേരിക്ക , റഷ്യ , ഇന്ത്യ , നോർത്ത് കൊറിയ തുടങ്ങിയ രാജ്യങ്ങളുടെ ബാലിസ്റ്റിക് മിസൈൽ ഒരുമിച്ചു കൂട്ടി നിർത്തിയാൽ പോലും അത് ഇറാന്റെ ബാലിസ്റ്റിക്ക് മിസൈൽ ശേഖരത്തിന് താഴെ വരൂ എന്നത് ചിലർക്കെങ്കിലും അത്ഭുതമുടക്കുന്ന കാര്യമായിരിക്കും

ആരംഭത്തിന്റെ കഥ: ഉപരോധങ്ങൾക്കിടയിൽ ഉണ്ടായ സ്വാഭിമാനം

1979 ലെ ഇസ്‌ലാമിക വിപ്ലവത്തിന് ശേഷം ഭൂരിഭാഗ സമയങ്ങളിലും ഇറാൻ കടുത്ത ഉപരോധങ്ങളിലൂടെയാണ് കടന്നുപോയിരുന്നത് . ആയുധങ്ങൾ മറ്റു രാജ്യങ്ങളിൽനിന്ന് വാങ്ങാൻ കഴിയാത്തതിനാൽ, ഇറാനിയൻ ശാസ്ത്രജ്ഞരും എഞ്ചിനിയർമാരും ചേർന്ന് മിസൈലുകൾ നിർമ്മിക്കാനുള്ള ശ്രമം ഇറാൻ -ഇറാഖ് യുദ്ധത്തിന് ശേഷം തന്നെ ആരംഭിച്ചിരുന്നു . റിവേഴ്‌സ് എഞ്ചിനിയറിഗിൽ ആയിരുന്നു ആദ്യ ശ്രദ്ധ.


പതിയെ പതിയെ പഴയ മോഡലുകൾ പഠിച്ച് പരീക്ഷണങ്ങൾ നടത്തി. പൂർണമായും ഇറാനിൽ നിർമ്മിച്ച മിസൈൽ സാങ്കേതികതയിലേക്ക് കടന്നു. ഇന്ന് ഇറാൻ അവരുടെ മിസൈൽ സാങ്കേതിക വിദ്യയിൽ സ്വയംപര്യാപ്തത കൈവരിച്ചിരിക്കുന്നു എന്നത് ശത്രു രാജ്യങ്ങൾ പോലും അംഗീകരിക്കുന്ന കാര്യമാണ്. 

ഇസ്രായേലിന് തിരിച്ചടി

ഇറാന്റെ ബാലിസ്റ്റിക്ക് മിസൈലിന്റെ യഥാർത്ഥ കരുത്തു വെളിപ്പെട്ടത് ഇപ്പോൾ നടക്കുന്ന ഇസ്രായേല്‍-ഇറാന്‍ സംഘർഷത്തിലാണ് . പ്രകോപനമില്ലാതെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇറാന്റെ തന്ത്രപ്രധാന സ്‌ഥലങ്ങൾ ആക്രമിക്കാൻ ഉത്തരവ് കൊടുത്തത് പ്രത്യേകിച്ചും രണ്ടു കാരണങ്ങൾ കട്ടായം പറഞ്ഞാണ്, ഇറാന്റെ ആണവ സമ്പുഷ്ടീകരണങ്ങളും ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ശേഖരങ്ങളുടെ വ്യാപനവും. 

ആധുനിക കാലത്ത് ആണവ ആയുധങ്ങൾ യുദ്ധങ്ങളിലോ സംഘര്‍ഷങ്ങളിലോ ഉപയോഗിക്കല്‍ പ്രായോഗികമല്ല എന്നതാണ് യാഥാർഥ്യം . രാജ്യങ്ങൾ തങ്ങൾക്ക് അനുകൂലമായി കരാറുകൾക്ക് വിലപേശാനും മിനിമം "deterrent" നും വേണ്ടിയാണു ആണവ ആയുധങ്ങൾ വികസിപ്പിക്കുന്നത് എന്നാണ് നിരീക്ഷകർ പൊതുവായി കരുതുന്നത് .

അല്ലെങ്കില്‍ സുഹൃത്ത് രാജ്യങ്ങൾ പോലും ഒറ്റപ്പെടുത്തുമെന്നത് ഒരു യാഥാർഥ്യമാണ് . അത് കൊണ്ടുതന്നെ ഇസ്രായേലിന്റെ ഇറാൻ ആക്രമണം ആണവ ഭീക്ഷണിയേക്കാൾ അവരുടെ ബാലിസ്റ്റിക് മിസൈൽ പ്രോഗ്രാം കാരണമാണ് എന്ന് ആരെക്കിലും കരുതിയാൽ അവരെ കുറ്റം പറയാൻ കഴിയില്ല. ഇറാന് 2000നും 3000 ഇടയിലുള്ള സജീവമായ ബാലിസ്റ്റിക് മിസൽ ശേഖരങ്ങൾ ഉണ്ട് എന്നാണ് തിട്ടപ്പെടുത്തിയിട്ടുള്ളത് .നേരത്തെ പറഞ്ഞപോലെ ചൈനക്ക് മാത്രമാണ് ഇതിൽ കൂടുതൽ ശേഖരമുള്ളത്. 


ഈ ഇസ്രായേൽ -ഇറാൻ സഘർഷത്തിൽ നാളിതുവരെ ഏകദേശം 300 ബാലിസ്റ്റിക് മിസൈലുകളും അതിന്റെ ഇരട്ടിയോളം ഡ്രോണുകളുമാണ് ഇറാൻ ഇസ്രായേലിന് നേരെ പ്രയോഗിച്ചിട്ടുള്ളത് . തെല്‍ അവീവ്, ജെറുസലേം, ഹെയ്ഫ എന്നിവയെ ലക്ഷ്യമാക്കി നടത്തിയ ഈ ആക്രമണത്തിൽ, ഇസ്രായേല്‍ നിർമിത അയേൺ ഡോമും അമേരിക്കൻ നിർമിത താഡ് (ടെർമിനൽ ഹൈ ആൾട്ടിറ്റ്യൂഡ് ഏരിയ ഡിഫൻസ്) വ്യോമ പ്രതിരോധ സംവിധാനങ്ങളുമടക്കം അഞ്ചു തലത്തിലുള്ള ഇസ്രായേൽ വ്യോമ പ്രതിരോധങ്ങൾ തകര്‍ത്തിരുന്നു. ഇതോടെ ഇറാന്റെ ബാലസ്റ്റിക്ക് മിസൈൽ ശക്തിയെ ലോകത്തിന് മനസിലാക്കേണ്ടി വന്നു.

ഇറാന്റെ മിസൈലുകളുടെ വൈവിധ്യം

ഇറാന്റെ മിസൈൽ പദ്ധതിക്ക് ഏറ്റവും വലിയ പ്രത്യേകത അതിന്റെ വൈവിധ്യത്തിലാണ്. 300–500 കി.മീ സഞ്ചരിക്കുന്ന ഹ്രസ്വദൂര ബാലിസ്റ്റിക് മിസ്സലുകളും, 2000 കിലോ മീറ്ററുകൾ വരെ സഞ്ചരിക്കുന്ന മധ്യദൂര ബാലിസ്റ്റിക് മിസ്സലുകളും, ചലിക്കുന്ന പ്രതലത്തിൽ നിന്ന് പോലും വിക്ഷേപിക്കാൻ കയ്യുന്ന സോളിഡ് ഫ്യുവൽ മിസ്സലുകളും, വളരെ കൃത്യമായി ലക്ഷ്യ സഥാനത്തു എത്തിച്ചേരാൻ കഴിയുന്ന ക്രൂസ് മിസ്സലുകളും, ശബ്ദത്തെക്കാളും അഞ്ച്  മടങ്ങുവരെ വേഗത്തിൽ പോകുന്ന ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധ സംവിധാനങ്ങൾക്ക് പോലും തടുയ്ക്കാൻ കയ്യാത്ത ഫത്തഹ് -1 പോലുള്ള ഹൈപ്പർ സോണിക് മിസ്സലുകളും ഇറാന്റെ മാത്രം പ്രത്യേകതയാണ്. 

കടുത്ത ഉപരോധത്തിനിടയിലും എങ്ങനെ ഇറാൻ ബാലസ്‌റ്റിക്‌ മിസൈൽ ശക്തിയായി ?

• സ്വദേശ നിർമാണം: ഇറാൻ എല്ലാ മിസൈലുകളും രാജ്യത്തിനുള്ളിൽ തന്നെ നിർമ്മിക്കുന്നു.

• അണ്ടർഗ്രൗണ്ട് സിസ്റ്റങ്ങൾ: മണ്ണിനടിയിലായി നിർമ്മിച്ച മിസൈൽ സങ്കേതങ്ങൾ ശത്രുക്കൾക്കു വേഗത്തിൽ തിരിച്ചറിയാൻ കഴിയില്ല . വൻ ശക്തി രാജ്യങ്ങൾക്ക് പോലും അത് കൊണ്ട് ഇതു നശിപ്പിക്കാൻ ബുദ്ധിമുട്ടാണ്

• നിരന്തര പരീക്ഷണം : ഇറാൻ തങ്ങളുടെ മിസൈലുകൾ നിരന്തരം പരീക്ഷണങ്ങൾക്ക് വിധേയമാക്കാറുണ്ട് . മാത്രമല്ല മാറിവരുന്ന യുദ്ധതന്ത്രങ്ങൾക്ക് അനുസൃതമായി പരിഷ്‌കാരങ്ങൾ വരുത്താനും ശ്രദ്ധിക്കാറുണ്ട്

• സാങ്കേതികത: ഇറാൻ ബാലിസ്റ്റിക് മിസൈലുകൾക്ക് പുറമെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളുടെയും ഒരേ സമയത്ത് ഒന്നിലധികം ലക്ഷ്യങ്ങൾ തകർക്കാൻ കഴിയുന്ന മിസൈലുകളുടെയും പണിപ്പുരയിലാണ് .

ലോകത്തിന് നൽകുന്ന സന്ദേശം

ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പ്രോഗ്രാം ലോകത്തോട് നൽകുന്ന സന്ദേശം വളരെ വ്യക്തമാണ്. ഇത് വെറും യുദ്ധായുധങ്ങളുടെ സമാഹാരമല്ല, മറിച്ച് ഒരു രാഷ്ട്രത്തിന്റെ ആത്മാഭിമാനം പ്രഖ്യാപിക്കുന്ന പ്രതീകം കൂടിയാണ്. 


അറ്റകുറ്റമില്ലാത്ത പ്രതിരോധ ശേഷിയിലേക്കാണ് ഇറാൻ മുന്നേറുന്നത്, അതിലൂടെ ഭീഷണിപ്പെടുത്തലുകൾക്ക് വിധേയമാകില്ലെന്നും, അതിന്റെ പരിധികൾ ലംഘിച്ചാൽ ശക്തമായ പ്രതികരണം ഉണ്ടാകുമെന്നും ലോകം മുഴുവൻ മനസ്സിലാക്കണമെന്ന് ഈ മിസൈൽ പ്രോഗ്രാം സൂചിപ്പിക്കുന്നു. ആഗോള ശക്തികൾക്ക് മുന്നിൽ സ്വന്തം നിലപാട് ഉറപ്പിച്ച് നിലകൊള്ളാനുള്ള ഇറാന്റെ ശ്രമമാണിത്. ഒരു രാഷ്ട്രത്തിന്റെ ആത്മാഭിമാനത്തിന്റെ പ്രതീകമായി ഈ മിസൈൽ പ്രോഗ്രാം മാറുന്നുണ്ട്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - മുനവ്വര്‍ ഖാസിം

contributor

Similar News