‘അധികാരത്തിലെത്താനുള്ള തന്ത്രമായി സ്ഫോടനങ്ങൾ ഉപയോഗിക്കപ്പെടാറുണ്ട്’- 7/11 സ്ഫോടന കേസിൽ കുറ്റവിമുക്തനായ ഡോ. അബ്ദുൽ വാഹിദ് ശൈഖ് സംസാരിക്കുന്നു

മലേഗാവ് സ്ഫോടനം, മക്കാ മസ്ജിദ് സ്ഫോടനം തുടങ്ങിയവ തീവ്ര വലതുപക്ഷത്തിന്റെ ചെയ്തികളായിരുന്നു. ആർഎസ്എസ് അനുഭാവികളാണ് ഇതിന്റെയൊക്കെ സൂത്രധാരന്മാരെന്ന കാര്യം തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. കോൺഗ്രസിനെ അധികാരത്തിൽ നിന്ന് താഴെയിറക്കാനും, മുസ്ലിംകൾക്കെതിരെ ആളുകളെ തിരിക്കാനുള്ള നീക്കവുമായിരുന്നു ഈ സ്ഫോടനങ്ങൾ എന്നത് സുവ്യക്തം. മുസ്ലിംകളെ അറസ്റ്റ് ചെയ്യുന്നത് വഴി കോൺഗ്രസിന് ലഭിക്കുന്ന മുസ്ലിം വോട്ടുകൾ കുറക്കാനും മുസ്ലിംകളുമായുള്ള ബന്ധം വഷളാക്കാനും ബിജെപി ഈ അവസരം ഉപയോഗിക്കുകയായിരുന്നു. ഇതേ രീതിയാണ് രാഷ്ട്രീയ പാർട്ടികൾ ഇപ്പോഴും ഉപയോഗിക്കുന്നത്.

Update: 2025-08-12 12:27 GMT

ഡോ.അബ്ദുൽ വാഹിദ് ശൈഖ്, മുംബൈയിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച് അധ്യാപകനായി തന്റെ കുടുംബത്തോടൊപ്പം വളരെ സാധാരണ ജീവിതം നയിക്കേണ്ടിയിരുന്ന മനുഷ്യൻ. എന്നാൽ 2006 ജൂലൈയിൽ കാര്യങ്ങൾ ആകെ മാറി. 7/11 കേസിൽ 13 പ്രതികളിൽ ഒരാളായി പ്രതിചേർക്കപ്പെട്ടു. പിന്നീട് നീണ്ട ഒൻപത് വർഷക്കാലത്തെ നിയമപോരാട്ടത്തിനൊടുവിൽ തന്റെ നിരപരാധിത്വം ലോകത്തോട് വിളിച്ചു പറഞ്ഞ് ആ മനുഷ്യൻ ജയിൽ മോചിതനായി. കുറ്റവിമുക്തനാക്കപ്പെട്ട് പുറത്തിറങ്ങിയ ശേഷം അന്യായമായി ജയിലിലടക്കപ്പെട്ട തന്റെ സുഹൃത്തുക്കൾക്കായി നിയമപോരാട്ടത്തിനിറങ്ങി. നാടും നിയമവും കുറ്റവാളികളെന്നും തീവ്രവാദികളെന്നും ആവർത്തിച്ച് പറഞ്ഞിട്ടും തന്റെ സുഹൃത്തുക്കളുടെ നിരപരാധിത്വത്തിൽ ഉറച്ച ബോധ്യമുണ്ടായിരുന്നതിനാൽ വാഹിദ് പോരാട്ടമവസാനിപ്പിച്ചതേയില്ല. ഒടുവിൽ 2025 ജൂലൈ 21ന് ആ പോരാട്ടം ഫലം കണ്ടു. ബോംബെ ട്രെയിൻ സ്ഫോടനക്കേസിലെ മുഴുവൻ പ്രതികളേയും കുറ്റവിമുക്തരാക്കി കോടതി വിധി പ്രഖ്യാപിച്ചു. അന്ന് ആദ്യമായി വാഹിദ് ശൈഖ് സമാധാനമായി ഉറങ്ങി.

Advertising
Advertising

തന്റെ ജയിൽവാസത്തിനിടയിൽ അനുഭവിച്ച ക്രൂരതകളുടെയും പീഡനങ്ങളുടെയും നേർക്കുറിപ്പായി 'ബേഗുന കൈദി' എന്ന പുസ്തകമെഴുതി. പിന്നീട് ഹോളിവുഡിൽ 'ഹെമോലിംഫ്' എന്ന സിനിമയായ ഈ പുസ്തകത്തിലാകെ നെഞ്ചുലക്കുന്ന, രക്തം തണുപ്പിക്കുന്ന തീക്ഷ്ണാനുഭവങ്ങളാണ്. തനിക്കൊപ്പം ജയിലിലടക്കപ്പെട്ട 12 പേരുടെയും കൂടി കഥയാണ് ബേഗുന കൈദിയെന്ന് വാഹിദ് വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ വാഹിദിന്റെ പോരാട്ടം അവിടെ അവസാനിക്കുന്നില്ല. ഇന്നസെൻസ് നെറ്റ്വർക്ക് എന്ന സംഘടനയുടെ കീഴിൽ അന്യായമായി തടവിലാക്കപ്പെട്ടവരുടെ കുടുംബത്തിനാവശ്യമായ നിയമ സഹായം നൽകാനും, അനീതിക്കിരയായവരുടെ ശബ്ദമാകാനും വാഹിദ് ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. നിർഭയനായി, ഭരണകൂട ഭീകരതകൾക്കെതിരെ, വ്യവസ്ഥിതികൾക്കെതിരെ അനുസ്യൂതം കലഹിച്ചുകൊണ്ടേയിരിക്കുന്ന ഡോ. അബ്ദുൽ വാഹിദ് ശൈഖ് മീഡിയവൺ ഓൺലൈനിനോട് സംസാരിക്കുന്നു. അരീജ മുനസ്സ തയ്യാറാക്കിയ അഭിമുഖത്തിൽ നിന്ന് 

? അറസ്റ്റ് ചെയ്യപ്പെ​ട്ടപ്പോഴും പിന്നീട് ജയിൽ മോചിതനായപ്പോഴും മാധ്യമങ്ങളുടെ സമീപനം എങ്ങനെയായിരുന്നു ?

ഞാൻ 2006ൽ അറസ്റ് ചെയ്യപ്പെട്ട സമയം, എടിഎസ് എഴുതിയ സ്‌ക്രിപ്റ്റ് അനുസരിച്ചുള്ള കഥകളെ മാധ്യമങ്ങൾ വെള്ളം തൊടാതെ വിഴുങ്ങുന്നതായിരുന്നു അന്നത്തെ സ്ഥിതി. മുൻവിധിയോടു കൂടിയുള്ള വാർത്തകളാണ് തുടക്കത്തിൽ മാധ്യമങ്ങൾ നൽകിയിരുന്നത്. തീവ്രവാദികൾ അറസ്റ്റിലായി, സിമി തീവ്രവാദികൾ, ലശ്കറെ ത്വയ്യിബ, എൻഐഎസ്ഐയുമായി ബന്ധമുള്ളവർ തുടങ്ങിയ വലിയ വലിയ തലക്കെട്ടുകളോടുകൂടി മാധ്യമങ്ങളിൽ വാർത്തകൾ വന്നു. ഞങ്ങളാണ് കുറ്റം ചെയ്തതെന്ന് അന്ന് മുഴുവൻ മാധ്യമങ്ങളും കണ്ണടച്ച് വിശ്വസിച്ചു. 

എന്നാൽ, 2007ൽ സ്ഥിതി മാറി. ഞങ്ങൾ ആ സമയത്ത് മുംബൈ സെൻട്രൽ ജയിലിൽ കഴിയുകയാണ്. 7/11 കേസുമായി ബന്ധപ്പെട്ട് ഒരു വാർഷിക വിലയിരുത്തൽ തയാറാക്കാൻ ഞങ്ങൾ കുറ്റാരോപിതർ തീരുമാനിച്ചു. കേസുമായി ബന്ധപ്പെട്ട് അനുഭവിക്കേണ്ടി വന്ന പീഡനങ്ങൾ, അനധികൃത തടങ്കൽ , എടിഎസിന്റെ നാടകങ്ങൾ, നാർകോ അനാലിസിസിലെ അപകതകൾ, എങ്ങനെയാണ് ഞങ്ങളുടെ മേൽ കുറ്റം വ്യാജമായി ചുമത്തപെട്ടത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഞങ്ങൾ ഈ റിപ്പോർട്ടിൽ എഴുതി.

ഞങ്ങൾക്ക് മേൽ ചുമത്തപ്പെട്ട കുറ്റങ്ങളെ തള്ളിപ്പറഞ്ഞു കൊണ്ട് ഞങ്ങൾ എഴുതിയ വിശദ റിപ്പോർട്ട് ജയിലിൽ നിന്നും പുറത്തെത്തിക്കുക എന്നതായിരുന്നു ഞങ്ങൾക്ക് മുന്നിലെ അടുത്ത കടമ്പ. വളരെ രഹസ്യമായി ജയിലിന് പുറത്തെത്തിച്ച റിപ്പോർട്ട് നേരെ അഡ്വക്കേറ്റ് ഷാഹിദ് ആസ്മിയുടെ കൈയിലേൽപിച്ചു.

ഷാഹിദ് ആസ്മി തന്റെ സമൂഹിക മാധ്യമങ്ങളിലൂടെയും, സുഹൃദ് ബന്ധങ്ങളും ഉപയോഗിച്ച് അത് വ്യാപകമായി പ്രചരിപ്പിച്ചു.

അങ്ങനെയാണ് ആദ്യമായി മാധ്യമങ്ങൾ ഞങ്ങളുടെ ഭാഗം കേൾക്കുന്നത്. ഉർദു പത്രങ്ങളിൽ വന്ന ആ റിപ്പോർട്ട് പിന്നീട് മറ്റു മാധ്യമങ്ങളും ഏറ്റെടുത്തു. ഞങ്ങളുടെ കേസിൽ എന്തൊക്കെയോ അപാകതകൾ ഉണ്ടെന്ന കാര്യം മാധ്യമങ്ങൾ ചിന്തിച്ചു തുടങ്ങുന്നത് ഇവിടെ നിന്നാണ്. അത് ഞങ്ങളോടുള്ള വിശ്വാസം ആയിരുന്നില്ല, മറിച്ച് ഞങ്ങളുടെ വക്കീൽ ആയിരുന്ന ഷാഹിദ് ആസ്മിയോടുള്ള വിശ്വാസമായിരുന്നു.

പിന്നീട് എല്ലാ വർഷവും ഞങ്ങൾ റിപ്പോർട്ടുകൾ എഴുതാൻ തുടങ്ങി.

2008ൽ ഇന്ത്യൻ മുജാഹിദീൻ പ്രവർത്തകരെ പൊലീസ് അറസ്റ് ചെയ്യുകയും അവരാണ് 7/11 കേസിലെ പ്രതികളെന്ന് വാദിക്കുകയും ചെയ്തതോടെ കാര്യങ്ങൾ ഞങ്ങൾക്ക് അനുകൂലമായി. അതിനു ശേഷമാണ് ഞങ്ങളുടെ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ഉയരാൻ തുടങ്ങിയത്. ഞങ്ങൾക്ക് വേണ്ടി സംസാരിക്കാൻ ആളുകൾ ഉണ്ടായിത്തുടങ്ങി. ഒടുവിൽ 2015ൽ കുറ്റവിമുക്തനായി ഞാൻ പുറത്തിറങ്ങിയപ്പോൾ നിരവധി മാധ്യമ പ്രവർത്തകരാണ് എന്നെ സമീപിച്ചത്, ഞങ്ങളുടെ ഭാഗം കേൾക്കുകയും, ഇന്റർവ്യൂ ആയും മറ്റും അവ പ്രസിദ്ധീകരിക്കുകയും ചെയ്തു.

എന്നെ കേൾക്കാൻ, ഞങ്ങൾക്ക് വേണ്ടി സംസാരിക്കാൻ ആളുകൾ ഉണ്ടെന്ന് അപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത്. എന്റെ ജയിൽ മോചനത്തിന് ശേഷം ഞങ്ങളെക്കുറിച്ച് നിരവധി ലേഖനങ്ങളും, അഭിമുഖങ്ങളും വന്നു. ഈ സമയത്ത് ഇന്ത്യയിലെ മാധ്യമങ്ങൾ ഞങ്ങൾക്കൊപ്പം നിന്ന് എന്നു തന്നെ പറയാം. 

? 2001ന് മുമ്പും ശേഷവും - സിമി നിരോധനവും തീവ്രവാദക്കേസുകളും

2001 ലാണ് അമേരിക്കയിലെ 9/11 കേസും തുടർന്നുള്ള സംഭവ വികാസങ്ങളും ഉണ്ടാകുന്നത്. ആ ഭീകരാക്രമണത്തിന് പിന്നാലെയാണ് അമേരിക്ക തീവ്രവാദവുമായി യുദ്ധം പ്രഖ്യാപിക്കുന്നത്. അമേരിക്ക പ്രഖാപിച്ച 'വാർ ഓൺ ടെറർ' ക്യാമ്പയിന് പുറകെയാണ് ഇന്ത്യയിലും സിമിക്കെതിരെയുള്ള കേസുകളുണ്ടാകുന്നത്. സിമി നിരോധനം പോലും ഈ ക്യാമ്പയിന്റെ ഭാഗമായുണ്ടായതാണ്. സിമി ഒരു തീവ്രവാദ സംഘടനയാണെന്ന് ഞാൻ കരുതുന്നില്ല. എന്നാൽ വാർ ഓൺ ടെറർ എന്ന മുദ്രവാക്യത്തിന്റെ മറവിൽ സംഘടനയെ ബാൻ ചെയ്യാനും വ്യാജ കേസുകളെടുക്കുന്നതിനുമായാണ് സർക്കാർ ശ്രമിച്ചത്.

ആ സമയത്തെ നിയമമനുസരിച്ച് ഭരണകൂടത്തിന് ഒരു സംഘടനയെ നിരോധിക്കാൻ സാധിക്കുന്ന പരമാവധി കാലയളവ് രണ്ടു വർഷമായിരുന്നു. പുതിയ ഭേദഗതിയിൽ ഇത് അഞ്ചുവർഷമായി വർധിപ്പിച്ചിട്ടുണ്ട്. നിരോധനത്തിന് ശേഷം ആ സംഘടനയോ, സംഘടന നേതാക്കളോ നിയമവിരുദ്ധമായി എന്താണ് ചെയ്തതെന്ന കാര്യം ഈ നിരോധിക്കപ്പെട്ട കാലയളവിൽ സർക്കാർ തെളിയിക്കേണ്ടതുണ്ട്. ഇതിനായാണ് സിമി നേതാക്കളുടെ പേരിൽ പുതിയ കേസുകളെടുക്കാനും, അറസ്റ്റ് ചെയ്യാനും പൊലീസ് ശ്രമിച്ചത്. അതുവഴി എഫ്ഐആറുകൾ തെളിവായി കാണിച്ച് നിരോധനം നീട്ടാൻ ഭരണകൂടത്തിന് സാധിക്കും. 2001 ശേഷം ഇന്ത്യയിൽ തീവ്രവാദ കേസുകൾ വർധിക്കാനുള്ള കാരണമിതാണ്. ഏതുവിധേനയും സിമിയുടെ പേരിലുള്ള നിരോധനം തുടരാനായി ഭരണകൂടവും പൊലീസും ചേർന്ന് മനഃപൂർവം കേസുകൾ കെട്ടിച്ചമക്കുകയായിരുന്നുവെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

? യുഎപിഎയുടെയും രാജ്യദ്രോഹത്തിന്റെയും ഇരകൾ

ടിഎഡിഎ, പിഒടിഎ, യുഎപിഎ, എംസിഒസിഎ തുടങ്ങിയ നിയമങ്ങൾ ഒറ്റനോട്ടത്തിൽ കാണുമ്പോൾ തീവ്രവാദത്തിനെതിരെയും, ഗുണ്ടാസംഘങ്ങളെയും നിയന്ത്രിക്കാനുള്ള നിയമങ്ങളായി മാത്രം തോന്നുമെങ്കിലും സത്യാവസ്ഥ അതല്ല. മുസ്ലിംകളടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങളെ ലക്ഷ്യം വെച്ചുള്ളതാണ് ഭീകരവാദ വിരുദ്ധ നിയമമെന്ന രീതിയിൽ അവതരിപ്പിച്ച ഈ നിയമങ്ങളൊക്കെയും. മുസ്ലിംകളുടെയും പഞ്ചാബികളുടെയും കാര്യത്തിൽ ടാഡ നിയമത്തിന്റെ വലിയ ദുരുപയോഗം നടന്നിട്ടുണ്ട്. അത് ഇപ്പോഴും നടക്കുന്നുമുണ്ട്. ഇത്തരം ക്രൂരവും അടിച്ചമർത്തുന്നതുമായ നിയമങ്ങളുടെ അടിസ്ഥാന രഹിതമായ ഉപയോഗം മൂലമാണ് അതിനെതിരെ രാജ്യത്ത് പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളുമുണ്ടായത്. പൗരസമൂഹത്തിന്റെ എതിർപ്പിനെ തുടർന്നാണ് ഭരണകൂടത്തിന് ഈ നിയമം റദ്ദാക്കേണ്ടി വന്നത്. അതിന് ശേഷമാണ് കൂടുതൽ കർശനമായ യുഎപിഎ നിയമവുമായി ഭരണകൂടം രംഗത്തുവരുന്നത്. മഹാരാഷ്ട്രയിൽ നടപ്പിലാക്കിയ പബ്ലിക്ക് സേഫ്റ്റി ആക്ടും, എംസിഒസിഎ തുടങ്ങിയ അപരിഷ്കൃത നിയമങ്ങളുടെ നിർമാണവും സമാന ലക്ഷ്യത്തോടുകൂടി തന്നെയാണ്.

ഈ നിയമങ്ങളെല്ലാം തന്നെ ഒരു വ്യക്തിയുടെ അടിസ്ഥാന അവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും ഹനിക്കുന്നതാണ്. ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളെ നിഷ്‌കരുണം തള്ളി കുപ്പയിൽ കളയുന്നതാണ് ഈ നിയമങ്ങളൊക്കെയും. ഇത്തരം നിയമങ്ങളുടെ മറവിൽ എതിർ ശബ്ദമുയർത്തുന്നവരെയും, ന്യൂനപക്ഷങ്ങളെയും രാഷ്ട്രീയത്തടവുകാരായി ജയിലിലടക്കുന്നതാണ് രീതി. അങ്ങനെയല്ലെന്ന് ഭരണകൂടം എത്ര തവണ ആവർത്തിച്ച് പറഞ്ഞാലും സത്യം സത്യമല്ലാതാവുന്നില്ലല്ലോ.

രാഷ്ട്രീയത്തടവുകാരെന്ന പ്രയോഗം ഇന്ത്യൻ നിയമത്തിലെവിടെയും പരാമർശിച്ചിട്ടില്ല. പാശ്ചാത്യ രാജ്യങ്ങളിലെ 'രാഷ്ട്രീയത്തടവുകാർ' എന്ന രീതി നമ്മുടെ രാജ്യത്തില്ല. ഭരിക്കുന്നത് ബിജെപിയോ കോൺഗ്രസോ ആരുമാകട്ടെ സ്ഥിതി ഒന്നുതന്നെയാണ്. കോൺഗ്രസിന്റെ കാലത്താണ് യുഎപിഎ നിയമനിർമാണം നടക്കുന്നത്. പിന്നീട് ഇതിൽ ഭേദഗതി വരുത്തിയ ബിജെപി ഭരണകൂടം നിയമം കൂടൂതൽ പേരിലേക്ക് ചുമത്താൻ കഴിയുന്ന രീതിയിലേക്ക് മാറ്റി. ഭരിക്കുന്നതാരായാലും ചില ശബ്ദങ്ങൾ നിശബ്ദമാക്കപ്പെട്ടുകൊണ്ടേയിരിക്കും. ഇതിനായി രാഷ്ട്രീയ പാർട്ടികളെല്ലാം തന്നെ ഒരുപോലെ ശ്രമിക്കാറുണ്ട്. ഞങ്ങളും ഭരണകൂടത്തിന്റെ ഇത്തരം ക്രൂരതകയുടെ ഇരകളാണ്. ഞങ്ങൾ അന്യായമായി അറസ്റ്റ് ചെയ്യപ്പെട്ട കാലത്ത് മഹാരാഷ്ട്രയും ഡൽഹിയും ഭരിച്ചിരുന്നത് കോൺഗ്രസ് സർക്കാരുകളായിരുന്നു. ബിജെപി സർക്കാർ അധികാരത്തിൽ വന്നപ്പോഴും മാറ്റമൊന്നുമുണ്ടായില്ല. കേസിൽ കോടതി മുഴുവൻ ആളുകളെയും കുറ്റവിമുക്തരാക്കിയതിന് പിന്നാലെ ബിജെപി അതിനെതിരെ സുപ്രീംകോടതിയിൽ ഹരജി ഫയൽ ചെയ്യുകയാണുണ്ടായത്.

ഏത് ഭരണകൂടമായിരുന്നാലും മുസ്ലിം വിരുദ്ധരായിരിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. അതിന്റെ അളവിലും തൂക്കത്തിലുമുള്ള വ്യത്യാസം മാത്രമേയുള്ളൂ. ചിലർ അത് പരസ്യമായി കാണിക്കും ചിലർ ഒളിച്ചുവെക്കും. ഈ പാർട്ടികൾ ഒക്കെ എങ്ങനെയാണ് മുസ്ലിം സമൂഹത്തോട് പെരുമാറിയിട്ടുള്ളതെന്ന കാര്യവും തങ്ങളെ വിറ്റ് കാശുണ്ടാക്കുന്നവരാണെന്ന കാര്യവും സമൂഹം ഓർക്കേണ്ടതുണ്ട്. വിഭജനത്തിന് ശേഷം നിർബന്ധിത കുടിയേറ്റമടക്കം പരിശോധിച്ചാൽ ഇന്ത്യയിലെ മുസ്ലിംകൾ എല്ലായ്പ്പോഴും ദുരിതമനുഭവിക്കുന്നവരാണ്. പാകിസ്താനിലേക്ക് പോയി ജീവിക്കാനുള്ളവരാണെന്നും, വിഭജനത്തിന് കാരണക്കാരാണെന്നതുമടക്കമുള്ള നിരവധി ആരോപണങ്ങൾക്ക് നടുവിലൂടെയാണ് ഇന്ത്യയിൽ മുസ്ലിംകൾ ജീവിക്കുന്നത്. ഇന്ത്യയിൽ കലാപങ്ങളും സ്ഫോടനങ്ങളടക്കമുള്ളവ ഉണ്ടാകുന്നതിന്റെ ഉത്തരവാദിത്തവും ഇന്ത്യയിലെ മുസ്ലിംകൾ പേറണമെന്ന ദുഃസ്ഥിതി. ഭരിക്കുന്നതാരായാലും ചില ശബ്ദങ്ങൾ നിശബ്ദമാക്കപ്പെട്ടുകൊണ്ടേയിരിക്കും.

ഇന്ത്യയിലുണ്ടായിട്ടുള്ള സ്ഫോടനങ്ങൾ പോലും ഒരു വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്നതാണ് സത്യം. അധികാരത്തിലെത്താനുള്ള തന്ത്രമായി സ്ഫോടനങ്ങൾ പലപ്പോഴും ഉപയോഗിക്കപ്പെടാറുണ്ട്. മലേഗാവ് സ്ഫോടനം, മക്കാ മസ്ജിദ് സ്ഫോടനം തുടങ്ങിയവ തീവ്ര വലതുപക്ഷത്തിന്റെ ചെയ്തികളായിരുന്നു. ആർഎസ്എസ് അനുഭാവികളാണ് ഇതിന്റെയൊക്കെ സൂത്രധാരന്മാരെന്ന കാര്യം തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. കോൺഗ്രസിനെ അധികാരത്തിൽ നിന്ന് താഴെയിറക്കാനും, മുസ്ലിംകൾക്കെതിരെ ആളുകളെ തിരിക്കാനുള്ള നീക്കവുമായിരുന്നു ഈ സ്ഫോടനങ്ങൾ എന്നത് സുവ്യക്തം. മുസ്ലിംകളെ അറസ്റ്റ് ചെയ്യുന്നത് വഴി കോൺഗ്രസിന് ലഭിക്കുന്ന മുസ്ലിം വോട്ടുകൾ കുറക്കാനും മുസ്ലിംകളുമായുള്ള ബന്ധം വഷളാക്കാനും ബിജെപി ഈ അവസരം ഉപയോഗിക്കുകയായിരുന്നു. ഇതേ രീതിയാണ് രാഷ്ട്രീയ പാർട്ടികൾ ഇപ്പോഴും ഉപയോഗിക്കുന്നത്. 

? പൊലീസ് വകുപ്പിനകത്തെ സമ്മർദം - വ്യാജ കേസും, മേലുദ്യോഗസ്ഥരും

എന്റെ കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു എസിപി വിനോദ് ഭട്ട്. അദ്ദേഹത്തിന്റെ മേലുദ്യോഗസ്ഥനായിരുന്ന കമ്മീഷണർ എ.എൻ റോയ്, അസിസ്റ്റന്റ് കമ്മീഷണർ കൃഷ് പാൽ രഘുവംശി, തുടങ്ങിയവരിൽ നിന്ന് ഞങ്ങൾ 13 പേരെയും കേസിൽ പ്രതികളാക്കുന്നതുമായി ബന്ധപ്പെട്ട് സമ്മർദമുണ്ടായിരുന്നു. ചാർജ് ഷീറ്റിൽ കൃത്രിമമായി ആരോപണങ്ങളും തെളിവുകളും ഉൾപ്പെടുത്താനും കുറ്റക്കാരാണെന്ന് കാണിക്കാനും മേലുദ്യോഗസ്ഥരുടെ നിർദേശമുണ്ടായിരുന്നതായി വിനോദ് പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. പൊലീസ് ഡിപാർട്ട്മെന്റിൽ ഇത്തരം 'യെസ് ബോസ് വാലി' ഉദ്യോഗസ്ഥരുണ്ടെന്ന കാര്യം എല്ലാവർക്കുമറിയാവുന്നതാണ്. മേലുദ്യോഗസ്ഥർ പറയുന്നതെന്താണോ അത് പാലിക്കാൻ മുഴുവൻ പൊലീസുകാരും ബാധ്യസ്ഥരാണ്. തിരിച്ച് ചോദ്യങ്ങൾ ചോദിക്കാനോ, എതിർപ്പ് പ്രകടിപ്പിക്കാനോ ശ്രമിക്കുന്നത് ചിലപ്പോൾ ജോലിയെ തന്നെ ബാധിച്ചേക്കാമെന്നതിനാൽ പലപ്പോഴും പലർക്കും അനീതിക്കെതിരെയും ചൂഷണങ്ങൾക്കെതിരെയും മിണ്ടാതിരിക്കേണ്ടി വരാറുണ്ട്.

ഞങ്ങളെ അന്യായമായി അറസ്റ്റ് ചെയ്യുന്നതിനെതിരെ എസിപി വിനോദ് പ്രതികരിച്ചിരുന്നു. ഞങ്ങൾ നിരപരാധികളാണെന്നു പറഞ്ഞ് ഞങ്ങൾക്ക് വേണ്ടി സംസാരിച്ചിരുന്നെങ്കിലും ഒടുവിൽ സമ്മർദത്തിന് വഴങ്ങേണ്ടി വരികയായിരുന്നു. ഇതിന് മാനസികമായി തയാറാകാതിരുന്ന എസിപി വിനോദ് പിന്നീട് ആത്മഹത്യ ചെയ്യുകയാണുണ്ടായത്. ഇത്തരം മേലുദ്യോഗസ്ഥർ ചെറിയതോതിലെങ്കിലും പൊലീസ് ഡിപാർട്ട്മെന്റിലുണ്ട്. ആരെയെങ്കിലും അന്യായമായി തടങ്കലിൽ വെക്കുന്നതാകട്ടെ, വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളാകട്ടെ, തടങ്കലിലെ പീഡനങ്ങളാകട്ടെ, തെറ്റായാലും ശരിയായാലും തന്റെ താഴെ ഉള്ള പൊലീസുകാരോട് തനിക്കാവശ്യമുള്ള കാര്യങ്ങൾ ചെയ്യാൻ നിർദേശിക്കുന്നവരുണ്ട്. വ്യാജ സാക്ഷികൾ, വ്യാജ തെളിവുകൾ അടക്കം, മിക്ക കേസുകളിലും ഇത്തരം വെള്ളം ചേർക്കലുകൾ വ്യാപകമായി തന്നെ നടക്കാറുണ്ട്.

എന്നാൽ ഞങ്ങളുടെ കാര്യത്തിൽ നടന്നത് അതിനേക്കാൾ കഷ്ടമായിരുന്നു. യാതൊരു തരത്തിലുള്ള തെളിവുകളുമില്ലാതെ പൂർണമായും കെട്ടിച്ചമച്ച ഒരു കേസ്, അടിസ്ഥാന രഹിതമായി 13 പേരെ അറസ്റ്റ് ചെയ്തതിന് ശേഷം ആവശ്യാനുസരണം തെളിവുകൾ ഉണ്ടാക്കിയെടുക്കുകയായിരുന്നു.

ഇത്തരം വ്യാജ കേസുകൾ തടയാൻ ആദ്യം ചെയ്യേണ്ടത് പൊലീസിനെ ഉത്തരവാദിയാക്കുക എന്നതാണ്. ഒരു വ്യക്തി അന്യായമായി തടവിലാക്കപ്പെട്ട് പിന്നീട് കുറ്റവിമുക്തനായി പുറത്തുവരുന്ന സമയത്ത് കേസെടുത്ത പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണം. അങ്ങനെയെങ്കിൽ മേലുദ്യോഗസ്ഥരുടെ നിർബന്ധത്തിന് വഴങ്ങി ഒരാളെ അന്യായമായി പ്രതിചേർക്കുന്ന സമയത്ത് ഓരോ പൊലീസ് ഉദ്യോഗസ്ഥനും ഒരു തവണയെങ്കിലും ചിന്തിക്കും. അല്ലാതെ നിലവിലെ സ്ഥിതിയിൽ മേലുദ്യോഗസ്ഥർക്ക് വഴങ്ങി നിരപരാധിയെ പ്രതിയാക്കുന്നതുവഴി ആ ഉദ്യോഗസ്ഥന് ഒന്നും സംഭവിക്കുന്നില്ല. മറിച്ച് അവാർഡ് അടക്കം നൽകി ആദരിക്കപ്പെടുകയാണ്. ഞങ്ങളുടെ കേസിലും അതാണുണ്ടായത്. വ്യാജമായി പടച്ചുയർത്തിയ കേസിലെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥന് രാഷ്ട്രപതിയുടെ മെഡൽ നൽകിയാണ് രാജ്യവും ഭരണകൂടവും ആദരിച്ചത്.

തെറ്റ് ചെയ്താലും നിങ്ങൾ പിടിക്കപ്പെടില്ലെന്ന ധൈര്യമുണ്ടെങ്കിൽ, നിങ്ങൾക്ക് ഒന്നും സംഭവിക്കില്ലെന്ന ബോധ്യമുണ്ടെങ്കിൽ പിന്നെ ആരും തെറ്റ് ചെയ്യാൻ മടിക്കില്ലല്ലോ. അത് മാത്രമല്ല, ചെയ്ത തെറ്റ്മൂലം നിങ്ങൾ ആദരിക്കപ്പെടുക കൂടി ചെയ്യുമെങ്കിലത്തെ അവസ്ഥയൊന്നോർത്ത് നോക്കൂ. ചാർജ് ഷീറ്റിലും, മൊഴികളിലുമടക്കം ഒപ്പുവെച്ചിട്ടുള്ള അന്വേഷണ ഉദ്യോഗസ്ഥൻ ആരായിരുന്നാലും അയാൾക്കെതിരെ നടപടിയെടുക്കുമെന്ന സ്ഥിതി ഉണ്ടാവുകയാണെങ്കിൽ മാത്രമേ ഇത്തരം പ്രവണതകൾക്ക് മാറ്റമുണ്ടാവുകയുള്ളൂ.

​? നഷ്ടമായത് വർഷങ്ങൾ, ഉത്തരവാദികളാര്?

മിക്ക രാജ്യങ്ങളിലും ഒരു ദിവസമെങ്കിലും അന്യായമായി ജയിലിൽ കിടക്കേണ്ടി വന്നാൽ വലിയ തുക നഷ്ടപരിഹാരമായി നൽകുന്നതും മാപ്പു പറയുന്നതുമടക്കമുള്ള നടപടികൾ ഉണ്ടാകാറുണ്ട്. എന്നാൽ നമ്മുടെ രാജ്യത്ത് അത്തരത്തിൽ യാതൊരു നിയമവുമില്ല. അത്തരമൊരു നിയമത്തിന്റെ അഭാവം ഉള്ളത് കൊണ്ട് ആരെങ്കിലും നഷ്ടപരിഹാരം ചോദിക്കുകയാണെങ്കിലും ലഭിക്കണമെന്നില്ല. തത്വത്തിൽ ഇത്തരമൊരു നിയമനിർമാണം നടത്തേണ്ടത് അത്യന്താപേക്ഷിതമാണ്.

അതുപോലെ, നഷ്ടപരിഹാരം നൽകണമെന്ന് പറയുന്ന നിയമമുണ്ടെന്ന് തന്നെ കരുതുക, അങ്ങനെയെങ്കിൽ എന്റെ ഒൻപത് വർഷക്കാലത്തിന് പകരമായി എത്ര രൂപ നഷ്ടപരിഹാരം നൽകും? ആ പന്ത്രണ്ടു പേർക്കും നഷ്ടപ്പെട്ട പത്തൊമ്പതു വർഷത്തിന് പകരമായി എത്ര രൂപ നൽകും? ഒരു ദിവസം നിശ്ചിത തുകയെന്ന നിലയിൽ കണക്കുകൂട്ടിയാണോ നൽകുക? എന്തിന്റെ അടിസ്ഥാനത്തിലായിരിക്കും കണക്കുകൂട്ടുന്നത്?

എനിക്ക് നഷ്ടപ്പെട്ടത് എന്റെ ജോലിയാണ്, എന്റെ ഭാര്യയും, കുട്ടികളും, മാതാവും പിതാവുമടക്കമുള്ളവരോടൊപ്പം ചിലവഴിക്കേണ്ടിയിരുന്ന എന്റെ ജീവിതത്തിന്റെ ഏറ്റവും മനോഹരമായ കാലഘട്ടമാണ്. എനിക്ക് നല്ല ഭക്ഷണം കഴിക്കാനോ, നല്ല വസ്ത്രം ധരിക്കാനോ, ഒരുപാട് ആഗ്രഹിച്ചിരുന്നത് പോലെ യാത്ര ചെയ്യാനോ സാധിക്കാതെ ജയിലിലെ ഇരുണ്ട മുറിയിൽ തീർന്നുപോയത് എന്റെ ജീവിതമാണ്. ജീവിതം അതിന്റെ മനോഹാരിതയിൽ ജീവിക്കേണ്ടിയിരുന്ന എന്റെ നല്ലകാലമാണ് അവർ കവർന്നെടുത്തത്. എന്റെ ജോലി നഷ്ടപ്പെട്ടു, വിയർപ്പൊഴുക്കി പണിതെടുത്ത കച്ചവടം തകർന്നു, എന്റെ മാതാപിതാക്കൾ മരണപ്പെട്ടു.... ഇതിനൊക്കെ പകരമായി എന്ത് തരും?

ആരെങ്കിലും എന്നോട് ചോദിക്കുകയാണെങ്കിൽ ഓരോ കുറ്റാരോപിതനും ഒരു വർഷത്തേക്ക് കുറഞ്ഞത് ഒരു കോടി രൂപ വെച്ച നൽകണമെന്ന് പറയും. കണക്കുകൂട്ടി പറയാൻ സാധിക്കുന്നതല്ല നഷ്ടപ്പെട്ടതൊന്നും, ഒന്നും തന്നെ അതിന് പകരമാകുന്നുമില്ല. 

നഷ്ടപ്പെട്ട 19 വർഷത്തിന് പകരമായി എന്ത് ചോദിക്കുമെന്ന് സാജിദിനോട് ചോദിച്ചപ്പോൾ ഇനിയൊരു കേസിലും അന്യായമായി അറസ്റ്റ് ചെയ്യില്ലെന്ന ഉറപ്പുമാത്രം മതിയെന്നാണവൻ പ്രതികരിച്ചത്. എന്നാൽ ഇന്ത്യയിൽ ഇതിനും യാതൊരുറപ്പുമില്ല. 

അന്യായമായി ജയിലിലക്കപ്പെടുന്നവർക്ക് കൃത്യമായി നഷ്ടപരിഹാരം നൽകാനുള്ള തീരുമാനം ഭരണകൂടം കാര്യമായി തന്നെ പരിഗണിക്കേണ്ടതുണ്ട്. പൊലീസ് തങ്ങൾ ചെയ്ത തെറ്റ് അംഗീകരിക്കുക പോലും ചെയ്യുന്നില്ലെന്ന കാര്യം അങ്ങേയറ്റം ദുഃഖകരമാണ്. മാത്രമല്ല, ഇതേ പ്രവർത്തി വീണ്ടും ആവർത്തിക്കില്ലെന്ന് ഉറപ്പുപറയാനുമാകില്ല. അന്വേഷണ ഉദ്യോഗസ്ഥന്റെ ശമ്പളത്തിൽ നിന്നും നഷ്ടപരിഹാരം നൽകാനുള്ള തുക ഈടാക്കണം. തന്റെ മനസാക്ഷിയെ ബോധ്യപ്പെടുത്താനെങ്കിലും എന്തെങ്കിലും ചെയ്യാൻ പൊലീസ് ഉദ്യോഗസ്ഥർ തയാറാകാത്തിടത്തോളം നഷ്ടപരിഹാരമായി കോടികൾ നൽകുന്നതിലും അർഥമൊന്നുമില്ല. അങ്ങനെയൊരു തീരുമാനം ഉണ്ടാകുന്നതുവരെ വ്യാജമായി കെട്ടിച്ചമക്കപ്പെട്ട കേസുകളിൽ ഹോമിക്കപ്പെടുന്ന ജീവനുകൾ ഇങ്ങനെ വർധിച്ചുകൊണ്ടേയിരിക്കും. 

 

​? ഇന്ത്യയിലെ ന്യൂനപക്ഷവും വിചാരണത്തടവും

ഇന്ത്യയിലെ ജയിലുകളിൽ തടവിൽ കഴിയുന്നവരിൽ വലിയൊരു പങ്ക് മുസ്ലിംകളടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങളാണ്. അതിൽ തന്നെ കൂടുതലും വിചാരണത്തടവുകാരായി ജയിൽ വാസമനുഭവിക്കുന്നവരും. വിരോധാഭാസമെന്ന് പറയട്ടെ, വിചാരണത്തടവുകാരായി ജയിലിൽ കഴിയുന്നവർക്ക് യാതൊരുവിധ സൗകര്യങ്ങളുമില്ല. കുറ്റം ചെയ്തതായി തെളിയിക്കപ്പെടുന്നതുവരെ ഒരു തരത്തിലുള്ള അവകാശങ്ങളും സൗകര്യങ്ങളും അനുഭവിക്കാൻ അർഹരല്ലെന്നതാണ് നമ്മുടെ നിയമം. ഇനി നിങ്ങൾ കുറ്റവാളിയാണെന്ന് തെളിയിക്കപ്പെട്ടാൽ ഉടൻ തന്നെ നിങ്ങൾക്ക് അവകാശങ്ങളും സൗകര്യങ്ങളും സ്വാഭാവികമായി ലഭിക്കും. നിയമം അനുശാസിക്കുന്ന ഏത് ആനുകൂല്യം ലഭിക്കണമെങ്കിലും നിങ്ങൾ കുറ്റവാളിയാണെന്ന് ബോധ്യപ്പെടുത്തണം.

ശരിക്കും കുറ്റവാളിക്കാണോ, കുറ്റാരോപിതനാണോ ഇതിനൊക്കെ അർഹതയുള്ളത്? ഒരു വ്യക്തിയെ അറസ്റ്റ് ചെയ്ത് മൂന്നുമാസത്തിനുള്ളിൽ ചാർജ് ഷീറ്റ് ഫയൽ ചെയ്യണമെന്ന് ബിഎൻഎസ് പ്രകാരം നിബന്ധനയുണ്ട്. യുഎപിഎ കേസുകളിൽ ഇത് ആറുമാസമാണ്. ഈ സമയ പരിധിക്കുള്ളിൽ ചാർജ് ഷീറ്റ് ഫയൽ ചെയ്തിട്ടില്ലെങ്കിൽ കുറ്റാരോപിതനായ വ്യക്തിക്ക് ജാമ്യം ലഭിക്കുന്ന രീതിയിൽ നിയമനിർമാണം നടത്തണം. കുറ്റപത്രം ഫയൽ ചെയ്ത് ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ കേസിൽ വിചാരണ പൂർത്തിയാക്കി വിധി പറയുന്ന തരത്തിൽ കോടതി നടപടികളും ക്രമീകരിക്കണം. അല്ലാത്തപക്ഷം കുറ്റാരോപിതന് ജാമ്യം ലഭിക്കുമെന്ന രീതിയിൽ നിയമം പുനർ നിർമിക്കുകയാണെങ്കിൽ ജഡ്ജിമാർക്കും പ്രോസ്‌ക്യൂഷനും ജോലിഭാരം കുറയുകയും വിചാരണത്തടവുകാരുടെ എണ്ണം ഗണ്യമായി കുറക്കാനും സാധിക്കും.

ബോംബെയിൽ ഇന്ത്യൻ മുജാഹിദീനെതിരെയുള്ള ഒരു കേസിൽ വർഷങ്ങൾ പിന്നിട്ടിട്ടും ഇതുവരെ കുറ്റപത്രം തയാറായിട്ടില്ല. കഴിഞ്ഞ പതിനേഴ് വർഷത്തോളമായി ഈ കേസിൽ കുറ്റാരോപിതരായവർ ജയിലിൽ കഴിയുന്നു. ഇത്തരം അനീതികൾക്കെതിരെ കൃത്യമായ നിയമ നിർമാണം നടത്തുകയെന്നത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. വിചാരണത്തടവുകാരുടെ എണ്ണത്തിലുണ്ടായിട്ടുള്ള വർധനവും, അവർ നേരിടുന്ന അനീതിയും തടയാൻ മറ്റേതെങ്കിലും മാർഗമുള്ളതായി എനിക്ക് തോന്നുന്നില്ല.

? അഴികൾക്കുള്ളിലെ പീഡനം, അനീതിക്കൊടുവിലെ ജീവിതം

തീവ്രവാദ കേസുകളിൽ അറസ്റ്റ് ചെയ്യപ്പെട്ടാൽ ജയിലിനകത്താണെങ്കിൽ പോലും മാറ്റി നിർത്തപ്പെടുന്ന സ്ഥിതിയുണ്ട്. കുറ്റവിമുക്തനാക്കപ്പെട്ട് പുറത്തിറങ്ങിയാലും ആളുകൾ മുൻവിധിയോടു കൂടി പക്ഷപാതപരമായി പെരുമാറാറുണ്ട്. ജയിലിന്റെ ഗേറ്റ് കടന്ന് അകത്തേക്ക് കാലെടുത്തുവെച്ച ഞങ്ങളെ മർദനം കൊണ്ടാണ് വരവേറ്റത്. തീവ്രവാദിയാണ്, ബോംബ് സ്ഫോടനം നടത്തിയ വ്യക്തികളാണ് തുടങ്ങിയ മുൻവിധികളുള്ളതിനാൽ കടുത്ത മർദനത്തിനും, തെറിയഭിഷേകത്തിനും, അപഹാസ്യത്തിനും വിധേയരാകേണ്ടിവന്നിരുന്നു. യാതൊരു ദയയുമില്ലാതെ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ജയിൽ ഉദ്യോഗസ്ഥരാകട്ടെ, സഹ തടവുകാരാകട്ടെ ചുറ്റിലുമുണ്ടായിരുന്നവരെല്ലാം സംശയക്കണ്ണുകളോടെ മാത്രമാണ് ഞങ്ങളെ കണ്ടിരുന്നത്. 

ഇന്ത്യയിൽ എല്ലായിടത്തുമെന്നതുപോലെ ജയിലിനകത്തും വർഗീയ വേർതിരിവുകൾ പ്രകടമായി തന്നെയുണ്ട്. ഹിന്ദു, മുസ്ലിം ചേരിതിരിവുകളും അതിന്റെ പേരിൽ വഴക്കുകളും ജയിലുകളിൽ സാധാരണമാണ്. സഹ തടവുകാർക്കിടയിൽ പോലും ഇത്തരം വേർതിരിവുകളുണ്ട്. നമ്മുടെ അധോലോകം പോലും ഹിന്ദു, മുസ്ലിം ചേരിതിരിവുള്ളതാണ്. ഛോട്ടാ രാജൻ, ദാവൂദ് ഇബ്രാഹീം സംഘങ്ങൾക്കിടയിലുള്ള സംഘർഷങ്ങളിൽ പോലും മുസ്ലിം വിഭാഗത്തിൽ പെട്ട തടവുകാർ ദാവൂദിനൊപ്പവും ഹിന്ദു വിഭാഗത്തിൽ പെട്ടവർ ഛോട്ടാ രാജനൊപ്പവും നിൽക്കുന്നതാണ് സ്ഥിതി.

കൊലപാതക കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന വ്യക്തിയടക്കം ചിന്തിക്കുന്നത് തീവ്രവാദ കേസിൽ കുറ്റാരോപിതനായി എത്തുന്ന വ്യക്തി കൊല്ലപ്പെടേണ്ടതാണെന്നാണ്. വേറെ ഏത് കുറ്റകൃത്യം ചെയ്താലും ലഭിക്കുന്ന മാനുഷിക പരിഗണകളൊന്നും തീവ്രവാദ കേസുകളിൽ കുറ്റാരോപിതരായി എത്തുന്നവർ അർഹിക്കുന്നില്ലെന്നതാണ് ജയിലിനകത്ത് പോലുമുള്ള സ്ഥിതി. കുറ്റം തെളിയിക്കപ്പെട്ടോ ഇല്ലേ എന്നതൊന്നും ഒരു വിഷയമേ അല്ല. കനത്ത പീഡനങ്ങളും, അവകാശ ലംഘനങ്ങളും സഹിച്ച് ജയിലിനകത്ത് കഴിയുന്നതിനോടൊപ്പം തീവ്രവാദക്കേസുകളുമായി ബന്ധപ്പെട്ട് ജയിലിലെത്തുന്നവർക്ക് ദിവസവും നേരിടേണ്ടി വരുന്ന 'അധിക' മാനസിക, ശാരീരിക പീഡനങ്ങൾ വിവരിക്കുന്നത് പോലും സാധ്യമല്ല.

കുറ്റവിമുക്തനായി പുറത്തെത്തിയാൽ ജീവിതം എളുപ്പമാകുമെന്ന് കരുതിയെങ്കിൽ തെറ്റി. തീവ്രവാദിയെന്ന് ചാപ്പകുത്തപ്പെട്ട വ്യക്തിയുമായി സൗഹൃദം സ്ഥാപിക്കാൻ പോലും ആളുകൾ മടിക്കും. കൂടെയുണ്ടായിരുന്ന പലരും എന്റെ സൗഹൃദമുപേക്ഷിച്ചിട്ടുണ്ട്. പൊലീസിനെ ഭയന്നാണ് പലപ്പോഴും ആളുകൾ ഇത്തരത്തിൽ പെരുമാറുന്നത്. തെറ്റുകാരനല്ലെന്ന ഉത്തമ ബോധ്യമുണ്ടായിട്ടും പൊലീസിന്റെ നിരീക്ഷണ വലയത്തിൽ ഉൾപ്പെട്ടേക്കാം എന്ന ഭയം കാരണം മാറി നിൽക്കുന്നവരാണ് പലരും. മറ്റൊരു വിഭാഗമുള്ളത് സംശയ ദൃഷ്ടിയോടെ മാത്രം നോക്കിക്കാണുന്നവരാണ്. എല്ലാത്തിലുമുപരി, വിശ്വസിച്ച് സ്നേഹത്തോടെ ചേർത്തുപിടിച്ച ഒരുവിഭാഗം ആളുകളെക്കുറിച്ച് പറയാതിരിക്കാൻ വയ്യ. സാമ്പത്തികമായും, മാനസികമായും പിന്തുണച്ച വ്യക്തികളുണ്ട്.

പുറത്തിറങ്ങിയ ശേഷം ജോലിയോ, ബന്ധങ്ങളോ ഇല്ലാതെ എങ്ങനെ ജീവിക്കാനാണ്? ആരെങ്കിലും ജോലി നൽകിയാൽ തന്നെ പൊലീസ് അവിടെയെത്തി തീവ്രവാദ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടതാണെന്ന് പറഞ്ഞ് പലപ്പോഴും ജോലി നൽകിയവരെപ്പോലും ഉപദ്രവിക്കുന്ന സ്ഥിതിയുണ്ട്. പിന്നെങ്ങനെ ജീവിക്കാനാണ്? 

ജയിലിനകത്ത് നിന്ന് നിരപരാധിത്വം തെളിയിച്ച് പുറത്തിറങ്ങാൻ എത്ര പ്രയാസമാണോ അത്ര തന്നെ പ്രയാസമാണ് അതിന് ശേഷമുള്ള ജീവിതവും. ജയിലിനകത്താകട്ടെ പുറത്താകട്ടെ, ജീവിതം ഒരു കടമ്പയായിട്ടങ്ങനെയിരിക്കും. 

ഒൻപത് വർഷക്കാലം ഞാൻ നേരിട്ട പീഡനങ്ങളുടെ അനന്തരഫലം ഇപ്പോഴും എന്റെ ശരീരത്തിലുണ്ട്. പല രാത്രികളിലും വാതിലിൽ മുട്ട് കേൾക്കുന്നതായി തോന്നി ഞെട്ടിയുണരാറുണ്ട്. പിടിച്ചു കൊണ്ടുപോകാൻ പൊലീസ് വാതിലിന് പുറത്ത് കാത്തുനിൽക്കുന്നതായി തോന്നി ഉറക്കമിളച്ചിരിക്കാറുണ്ട്. അനുഭവിച്ച ശാരീരിക പീഡനങ്ങൾ പലപ്പോഴും ഉറക്കം കെടുത്താറുണ്ട്. ശരീരത്തിൽ പലയിടത്തും അതികഠിനമായ വേദന ഇപ്പോഴുമുണ്ട്. ശാരീരികവും മാനസികവുമായി അനുഭവിച്ച പീഡനങ്ങൾ മരണം വരെ ഇങ്ങനെയിങ്ങനെ കുത്തിനോവിച്ചുകൊണ്ടേയിരിക്കുമെന്ന് തോന്നുന്നു. 

? വാർ ഓൺ ടെറർ - സത്യവും മിഥ്യയും

'വാർ ഓൺ ടെറർ' എന്നത് പൊള്ളയായ ഒരു അവകാശവാദമാണ്. തീവ്രവാദം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അത്ര ഗൗരവതരമായ നീക്കങ്ങളൊന്നും തന്നെ ഇതിന്റെ ഭാഗമായി നടത്തിയിട്ടില്ല. അമേരിക്കയാണെങ്കിലും ഇന്ത്യയാണെങ്കിലും ഇതിന്റെ മറവിൽ കൊടും അനീതിയാണ് നടത്തിയത്. വാർ ഓൺ ടെറർ എന്ന പേരിൽ ആയിരക്കണക്കിന് വരുന്നയാളുകളെ വിചാരണപോലുമില്ലാതെ ജയിലിലടക്കുന്നതിന് മാത്രമായാണ് ഇരു രാജ്യങ്ങളും ശ്രമിച്ചത്.

തീവ്രവാദം അവസാനിപ്പിക്കുക എന്നതായിരുന്നു ഉദ്ദേശമെങ്കിൽ, അതിലെന്തെങ്കിലും സത്യമുണ്ടായിരുന്നെങ്കിൽ ഞങ്ങളെ ഒരിക്കലും അറസ്റ്റ് ചെയ്യില്ലായിരുന്നു. കുറ്റം ചെയ്തവരെ അറസ്റ്റ് ചെയ്യുന്നതിന് പകരം കേസ് ഞങ്ങളുടെ പേരിൽ കെട്ടിവെക്കാനാണ് ശ്രമിച്ചത്. ഇന്ത്യയിൽ വാർ ഓൺ ടെറർ എന്നത് വെറും അസംബന്ധമാണ്. എന്റെ പുസ്തകത്തിന് ആദ്യം നൽകിയ പേര് തന്നെ 'സ്റ്റേറ്റ് ടെററിസം' എന്നായിരുന്നു. ഭരണകൂടം തന്റെ പൗരന്മാരെ മതത്തിന്റെ പേരിൽ വേർതിരിക്കുകയും, പരസ്യമായി രണ്ടാംകിടക്കാരെന്ന രീതിയിൽ പെരുമാറുകയും ചെയ്യുമ്പോൾ പിന്നെയത് ഭരണകൂട ഭീകരതയല്ലാതെന്താണ്. വാർ ഓൺ ടെറർ എന്നത് തീർത്തും പൊള്ളയായ ഒരു അസംബന്ധം മാത്രമാണ്.

? യുഎപിഎയും രാജ്യ സുരക്ഷയും

ഭീകരവിരുദ്ധ നിയമമായി അവതരിപ്പിച്ച യുഎപിഎയിൽ ഭേദഗതികൾ കൂടി കൊണ്ടുവന്നതോടെ, വ്യക്തികളെ ദീർഘകാലം തടവിൽ പാർപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു മാർഗം മാത്രമായി മാറി. 'നടപടിക്രമം തന്നെ ശിക്ഷയാകുന്നു' എന്നതാണ് ഇതിന്റെ യാഥാർത്ഥ്യം. 15, 20 വർഷത്തോളം വിചാരണത്തടവിൽ കഴിഞ്ഞ് ഒടുവിൽ കുറ്റവിമുക്തരാകുമ്പോഴേക്കും നഷ്ടപ്പെട്ട വർഷങ്ങളേക്കാൾ വലിയ പീഡനം മറ്റെന്തുണ്ട്.

മോഡിയെ കൊല്ലാനുള്ള ഗൂഢാലോചന നടത്തി, അല്ലെങ്കിൽ ഇസ്ലാമിക് സ്റ്റേറ്റ് രൂപീകരിക്കാനുള്ള ഗൂഢാലോചനയിൽ പങ്കെടുത്തു തുടങ്ങിയ ആരോപണങ്ങളിലാണ് കേസെടുക്കുന്നത്. ​ഗൂഢാലോചന നടത്തിയെന്ന് വാദിച്ച്, ഭാവനയിൽ നിർമിച്ചെടുക്കുന്ന കേസുകൾ. നിലവിലെ കേസുകളിലധികവും വെറും കഥകളുടെ അടിസ്ഥാനത്തിലാണ്. സ്വന്തം പൗരന്മാരെ ദേശീയ സുരക്ഷയുടെ പേരിൽ ദീർഘകാലം തടവിൽ പാർപ്പിക്കുന്നത് ഒരിക്കലും ന്യായീകരിക്കാനാവില്ല.

ഉമർ ഖാലിദ്, ഷർജീൽ ഇമാം തുടങ്ങിയ നിരവധി പേരുടെ കാര്യം നോക്കൂ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചു എന്നതാണ് അവർ ചെയ്ത കുറ്റം. സർക്കാരിന്റെ തീരുമാനങ്ങൾക്കെതിരെ, അഭിപ്രായങ്ങൾക്കെതിരെ ശബ്ദമുയർത്തുന്നവരെയെല്ലാം രാജ്യ ദ്രോഹികളായി പ്രഖ്യാപിക്കുകയും ജയിലിലടക്കുകയും ചെയ്യുന്നു. രാജ്യ സുരക്ഷയുടെ വ്യാഖ്യാനത്തെ വളച്ചൊടിച്ച് എതിർ ശബ്ദങ്ങളെ നിശബ്ദരാക്കാനുള്ള ആയുധം മാത്രമായി ഉപയോഗിക്കപ്പെടുകയാണ് നിലവിലെ ഭരണത്തിന് കീഴിൽ.

മുസ്‌ലിംകളുടെ ഉന്നമനത്തിന് വേണ്ടിയെന്ന പേരിൽ നിർമിക്കപ്പെടുന്ന നിയമങ്ങളെല്ലാം തന്നെ മുസ്‌ലിം വിരുദ്ധമാണെന്നതാണ് സത്യം. ഉദാഹരണത്തിന് മുത്വലാഖ് നിയമം. മുസ്‌ലിം സ്ത്രീകളെ സംരക്ഷിക്കാനാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ശരിക്കും അങ്ങനെയാണോ? ഭർത്താക്കന്മാരെ ജയിലിലടിച്ചാൽ അവർക്ക് എന്ത് സംരക്ഷണമുണ്ട്? അതുപോലെ വഖഫ് ബില്ലാകട്ടെ, ഉമീദ് പോർട്ടലാകട്ടെ എല്ലാം മുസ്‌ലിംകളുടെ ക്ഷേമത്തിനേക്കാൾ സ്വത്തുക്കളെ ലക്ഷ്യമിട്ടുള്ളതാണ്.

പൗരത്വ നിയമത്തിൽ പോലും, ഔദ്യോഗികമായി 'ഞങ്ങൾ പൗരത്വം എടുത്തുകളയാൻ അല്ല, നൽകാനാണ് ശ്രമിക്കുന്നത്' എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും യാഥാർഥത്തിൽ പൗരത്വം മുസ്‌ലിംകൾ ഒഴികെയുള്ള കുടിയേറ്റക്കാർക്ക് മാത്രമല്ലേ നൽകുന്നത്. ചുരുക്കത്തിൽ, രാജ്യ സുരക്ഷയെന്ന പേരിൽ, യുഎപിഎ രാഷ്ട്രീയ ആയുധമായി മാറി. അഭിപ്രായവ്യത്യാസം അടിച്ചമർത്താനും വിചാരണ കൂടാതെ തടവിലിടാനും ഒരു പ്രത്യേക സമൂഹത്തെ ലക്ഷ്യമിടാനും എളുപ്പത്തിലുള്ളൊരു മാർഗം മാത്രമായാണ് ഈ നിയമം ഉപയോഗിക്കുന്നത്. ഈ നിയമങ്ങളൊന്നും യഥാർഥ സുരക്ഷയെക്കുറിച്ചല്ല, മറിച്ച് ഒരു വിഭാഗത്തിനുമേലുള്ള നിയന്ത്രണം മാത്രം ലക്ഷ്യമിട്ടുള്ളതാണ്.

? അനീതിയുടെ രേഖയായൊരു പുസ്തകം

ജയിലിൽ വെച്ച് ഒരു പുസ്തകമെഴുതുക എന്നത് ഒട്ടും എളുപ്പമായിരുന്നില്ല. എന്നാൽ ഞാൻ അനുഭവിച്ചത്, ഞങ്ങൾ അനുഭവിച്ചത് ലോകത്തോട് പറയാൻ പുസ്തകത്തെക്കാൾ മികച്ചതായി മറ്റൊന്നുമില്ലെന്ന തോന്നൽ എനിക്കുണ്ടായിരുന്നതിനാൽ എഴുതിയേ തീരൂവെന്ന വാശിയുണ്ടായിരുന്നു. എഴുതാൻ പേനയോ പേപ്പറോ തരാതിരിക്കാൻ ജയിലധികൃതർ കിണഞ്ഞു ശ്രമിച്ചിട്ടുണ്ട്. പലപ്പോഴും എഴുതിയ കടലാസുകൾ ഉദ്യോഗസ്ഥർ കത്തിച്ചുകളയുകയോ, കീറി കളയുകയോ ചെയ്യുമായിരുന്നു. വീണ്ടും വീണ്ടും ഞാൻ എഴുതിക്കൊണ്ടേയിരുന്നു... ഏത് വിധേനയും ഈ കടലാസുകൾ പുറത്തെത്തിക്കണമെന്ന ആഗ്രഹത്തിൽ ജയിലുദ്യോഗസ്ഥർക്ക് പണം നൽകിയിട്ടുണ്ട്. എഴുതിയതിന്റെ പേരിൽ നിരവധി പീഡനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.

ജയിൽ മോചിതനായ ശേഷം മുഴുവൻ ഭാഗങ്ങളും ചേർത്തുവെച്ച് ടൈപ്പ് ചെയ്ത് പുസ്തകമാക്കുകയായിരുന്നു. ഒരു വർഷത്തിനുള്ളിലാണ് ഞാൻ പുസ്തകം പൂർത്തീകരിക്കുന്നത്. ഞങ്ങളോട് ചെയ്ത അനീതി ലോകം അറിയണമെന്ന എന്റെ തീവ്രവമായ ആഗ്രഹത്തിന്റെ ഫലമാണ് പുസ്തകം

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Similar News