കുടുംബം: സ്നേഹത്തിന്റെ വേരുകൾ ആഴത്തിൽ ഇറങ്ങുന്നിടം

"ഈ പാട്ട് കേട്ടപ്പോൾ നിന്നെ ഓർമ്മിച്ചു." എന്നതുപോലുള്ള ഒരു ചെറിയ മെസ്സേജ്, പഴയ ഫോട്ടോ അയച്ച്, "ഇത് കണ്ടപ്പോൾ അക്കാലം ഓർത്തുചിരിച്ചു പോയി..." എന്നൊരു വീണ്ടെടുക്കൽ കമന്റ്, "അന്ന് ഞാൻ പറഞ്ഞത് തെറ്റായിരുന്നു..." എന്നതുപോലുള്ള തിരുത്തലിന്റെ ചെറുവാക്ക്.... ഇവയൊക്കെ ആത്മ ബന്ധത്തിലേക്ക് വഴിതുറക്കും. എല്ലാ ബന്ധത്തിനും ഒരു നാളെയുണ്ട്...

Update: 2025-08-11 09:19 GMT

കുടുംബം എന്നത് വെറുമൊരു വാക്കല്ല, നമ്മുടെ ഹൃദയത്തിൽ ഏറ്റവും ആഴത്തിൽ പതിയുന്ന ഒരനുഭവമാണ്. സ്നേഹവും സുരക്ഷിതത്വവും പരസ്പര വിശ്വാസവും ഒന്നിച്ചുവളരുന്ന ഒരിടം. ആധുനിക ലോകത്തിന്റെ വേഗതയിൽ ബന്ധങ്ങൾ പലപ്പോഴും ദുർബലമാകുമ്പോൾ, കുടുംബം എന്ന ഈ കോട്ടയുടെ ഭിത്തികൾക്ക് ബലം കൂട്ടേണ്ടത് അത്യാവശ്യമാണ്. തലമുറകൾ തമ്മിലുള്ള ബന്ധം ഊഷ്മളമായി നിലനിർത്തണം. തലമുറകളുടെ സൗന്ദര്യം മക്കളും മരുമക്കളും മാതാപിതാക്കളും ഒന്നിച്ച് താമസിക്കുന്ന ആധുനിക കുടുംബങ്ങൾ ഒരുപാട് സാധ്യതകളും ചിലപ്പോൾ ചെറിയ വെല്ലുവിളികളും നിറഞ്ഞതാണ്. ഈ ബന്ധങ്ങൾ ആരോഗ്യകരമായി നിലനിർത്തുന്നത് കുടുംബത്തിന്റെ മൊത്തത്തിലുള്ള ഐക്യത്തിനും സന്തോഷത്തിനും അനിവാര്യമാണ്.

Advertising
Advertising

പരസ്പരം ബഹുമാനിക്കാം, കാഴ്ചപ്പാടുകളെ അംഗീകരിക്കാം:ഓരോ തലമുറയ്ക്കും അതിന്റേതായ കാഴ്ചപ്പാടുകളും ജീവിതാനുഭവങ്ങളും ഉണ്ടാകും. ഇത് മനസ്സിലാക്കി പരസ്പരം ബഹുമാനിക്കുന്നത് ആരോഗ്യകരമായ ബന്ധങ്ങളുടെ അടിസ്ഥാനമാണ്. മുതിർന്നവരുടെ അനുഭവസമ്പത്തിനെയും യുവതലമുറയുടെ പുത്തൻ ചിന്തകളെയും തുറന്ന മനസ്സോടെ സ്വീകരിക്കുക.

വ്യക്തിപരമായ ഇടം, തുറന്ന സംഭാഷണം: ഓരോ കുടുംബത്തിനും അതിലെ അംഗങ്ങളായ വ്യക്തികൾക്കും അതിന്റേതായ സ്വകാര്യത ആവശ്യമാണ്. ഇത് തുറന്നു സംസാരിച്ച് ഓരോരുത്തർക്കും അവരവരുടെ അതിരുകൾ നിശ്ചയിക്കുന്നത് തെറ്റിദ്ധാരണകൾ ഒഴിവാക്കും. കുട്ടികളെ വളർത്തുന്ന രീതികളെക്കുറിച്ച് സംസാരിക്കുമ്പോൾ മാതാപിതാക്കളുടെ ഇഷ്ടങ്ങളെ മാനിച്ചുകൊണ്ട് സംസാരിക്കുക, സ്വന്തം അഭിപ്രായങ്ങൾ അടിച്ചേൽപ്പിക്കാതിരിക്കുക.

ഒരുമിച്ച് നിൽക്കാം, ഒരേ മനസ്സോടെ: അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുമ്പോൾ അത് തുറന്നു സംസാരിക്കാനുള്ള അവസരം നൽകുക. ഓരോരുത്തരുടെയും ഭാഗം കേൾക്കുകയും പരിഹാരങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുക. കുട്ടികളുടെ കാര്യത്തിലായാലും

വീട്ടുജോലികളുടെ കാര്യത്തിലായാലും പരസ്പരം സഹായിക്കാനും സഹകരിക്കാനും തയ്യാറാകുക. ഇത് ഉത്തരവാദിത്തങ്ങൾ പങ്കുവെക്കാനും സമ്മർദ്ദം കുറയ്ക്കാനും സഹായിക്കും. അഗങ്ങളുടെ ഊർജവും വൈവിധ്യമാർന്ന ശേഷിയും കുടുംബത്തിന്റെ ശാക്തീകരണത്തിനായി വിനിയോഗിക്കണം. അതിനുള്ള ഏതാനും വഴികളാണ് ചുവടെ സൂചിപ്പിക്കുന്നത്.

സ്നേഹം വാക്കിലും പ്രവർത്തിയിലും: എല്ലാ ബന്ധങ്ങളിലും സ്നേഹം പ്രകടിപ്പിക്കേണ്ടത് അത്യാവശ്യമാണ്. മുതിർന്നവരെ ബഹുമാനിച്ചും സ്നേഹിച്ചും, മരുമക്കളെ സ്വന്തം മക്കളെപ്പോലെ കണ്ടും, കുട്ടികളെ വാത്സല്യം നൽകിയും ഈ ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കാം.

ഈ തലമുറകൾ തമ്മിലുള്ള ബന്ധം ശരിയായ രീതിയിൽ കൈകാര്യം ചെയ്താൽ, അത് കുട്ടികൾക്ക് വലിയൊരു പിന്തുണാ സംവിധാനമായി മാറും. മുതിർന്നവരുടെ ജ്ഞാനവും യുവതലമുറയുടെ ഊർജ്ജവും ഒത്തുചേരുമ്പോൾ കുടുംബം കൂടുതൽ കരുത്തുറ്റതാകുന്നു.

മുത്തശ്ശന്മാരും മുത്തശ്ശിമാരും: സ്നേഹബന്ധങ്ങളുടെ അദൃശ്യ ശക്തികൾ കുടുംബത്തിന്റെ ക്ഷേമത്തിനായി നിശ്ശബ്ദമായി, എന്നാൽ ആഴത്തിൽ സ്വാധീനം ചെലുത്തുന്ന ശിൽപികളാണ് നമ്മുടെ മുത്തശ്ശന്മാരും മുത്തശ്ശിമാരും.കുട്ടികളെ പരിപാലിക്കുന്നതിനപ്പുറം, അവരുടെ സാന്നിധ്യം പിന്തുണയുടെയും, ജ്ഞാനത്തിന്റെയും, സ്നേഹത്തിന്റെയും അതുല്യവും ഒഴിച്ചുകൂടാനാവാത്തതുമായ ഒരു തലമാണ്. ഇത് മുഴുവൻ കുടുംബത്തെയും സമ്പന്നമാക്കുകയും സന്തോഷകരമായ ഒരന്തരീക്ഷം വളർത്തുകയും ചെയ്യുന്നു.

കഥകളുടെ കലവറ: കുടുംബത്തിന്റെ പാരമ്പര്യങ്ങളുടെയും കഥകളുടെയും സൂക്ഷിപ്പുകാരാണ് മുത്തശ്ശന്മാരും മുത്തശ്ശിമാരും. ഒരു പുസ്തകത്തിനോ ഫോട്ടോ ആൽബത്തിനോ നൽകാൻ കഴിയാത്ത രീതിയിൽ അവർ പുതിയ തലമുറകളെ അവരുടെ വേരുകളുമായി ബന്ധിപ്പിക്കുന്നു. അവരുടെ ഓർമ്മകളിലൂടെയും അനുഭവങ്ങളിലൂടെയും പൂർവ്വികരുടെ സന്തോഷങ്ങളെയും വെല്ലുവിളികളെയും കുറിച്ച് അവർ വിവരിക്കുന്നു. ഇത് കുട്ടികളിൽ സ്വത്വബോധവും പാരമ്പര്യത്തോടുള്ള മതിപ്പും വളർത്തുന്നു.

അനുഭവസമ്പത്തിന്റെ വെളിച്ചം: ദശകങ്ങളുടെ അനുഭവസമ്പത്തിന്റെ വെളിച്ചം കൊണ്ട് അമൂല്യരായ വഴികാട്ടികളായി പ്രവർത്തിക്കുന്നവരാണ് മുത്തശ്ശന്മാരും മുത്തശ്ശിമാരും. അവരുടെ ജീവിതാനുഭവങ്ങൾ, വിജയങ്ങൾ, ചിലപ്പോൾ പരാജയങ്ങൾ പോലും, ക്ഷമയോടും കാഴ്ചപ്പാടോടും കൂടി നൽകുന്ന പാഠങ്ങളുടെ ഒരു നിധിയാണ്. ഇത് കുട്ടികളിൽ വിലപ്പെട്ട ജീവിത നൈപുണ്യങ്ങളും പ്രശ്നപരിഹാര ശേഷികളും വളർത്തുന്നു.




അതിരുകളില്ലാത്ത സ്നേഹത്തിന്റെ ഉറവിടം: മുത്തശ്ശന്മാരുടെയും മുത്തശ്ശിമാരുടെയും ഏറ്റവും പ്രധാനപ്പെട്ട സംഭാവന അവരുടെ നിരുപാധികമായ സ്നേഹവും വൈകാരിക പിന്തുണയുമാണ്. ഈ സ്നേഹം അതിരുകളില്ലാത്തതായി അനുഭവപ്പെടുന്നു. ശിക്ഷയുടെയും ദൈനംദിന സമ്മർദ്ദങ്ങളുടെയും ഭാരമില്ലാതെ, കുട്ടികൾക്ക് പൂർണ്ണമായി അംഗീകരിക്കപ്പെടുകയും സ്നേഹിക്കപ്പെടുകയും ചെയ്യുന്ന ഒരു "സുരക്ഷിത തുറമുഖം" അവർ ഒരുക്കുന്നു. ഈ ആഴത്തിലുള്ള വാത്സല്യം ഒരു കുട്ടിയുടെ ആത്മാഭിമാനം, ആത്മവിശ്വാസം, വൈകാരിക സുരക്ഷിതത്വം എന്നിവ വളർത്തുന്നു.

ചുരുക്കത്തിൽ, മുത്തശ്ശന്മാരും മുത്തശ്ശിമാരും കേവലം പിന്തുണ നൽകുന്ന വ്യക്തികളല്ല; അവർ കുടുംബത്തിന്റെ കഥയെ സമ്പന്നമാക്കുകയും അതിന്റെ ഭാവിയെ നയിക്കുകയും, അതിന്റെ ഇന്നത്തെ നിമിഷത്തെ സ്നേഹത്താലും സന്തോഷത്താലും നിറയ്ക്കുകയും ചെയ്യുന്ന അടിസ്ഥാന തൂണുകളാണ്.

സഹോദരബന്ധം: അടുത്തവരായിട്ടും അകലെയുള്ളവർ...

സ്നേഹവാക്കുകൾ ഇടയ്ക്കിടെ പറയേണ്ടത് എല്ലാ ബന്ധങ്ങളിലുമെന്നപോലെ സഹോദരബന്ധത്തിനും ബാധകമാണ്. കുട്ടിക്കാലത്ത് കെട്ടിപ്പിടിച്ചും വഴക്കിട്ടും, കൊച്ചുകൊച്ചു ചതികൾ പറഞ്ഞും കളിച്ചും വളർന്നവരാണ് നമ്മൾ. എന്നാൽ പ്രായപൂർത്തിയാകുമ്പോൾ, ജീവിതം ഓരോ വഴികളിലൂടെ പോകുമ്പോൾ, പല ബന്ധങ്ങളും ഒഴുക്കിനൊപ്പം ഒലിച്ചു പോകുന്നു. പക്ഷേ, ബന്ധം നിലനിർത്താൻ ബോധപൂർവമായി ശ്രമിച്ചാൽ ആ ശബ്ദം വീണ്ടും നമ്മളിൽ മുഴങ്ങും. ആളുകളെ പരസ്പരം അകറ്റുന്നതാണ് ഇന്നത്തെ ജീവിത ശൈലികൾ. ജീവിതത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളിൽ വ്യത്യസ്ത രീതികളിലാണ് സഹോദര ബന്ധം നിലനിർത്തേണ്ടി വരിക. ഓരോ സമയത്തിനും കാലത്തിനുമനുസരിച്ച് അതിന്റെ രീതികളിലും മാറ്റം വരുത്തണം.

1. കോളജ് കാലഘട്ടം:

ബന്ധം ഊഷ്മളമായി തുടരുമെന്ന തീരുമാനം. പണ്ടത്തെ പോലെ ഒരുമിച്ചിരുന്നില്ലെങ്കിലും, മാസംതോറും ഒരിക്കലെങ്കിലും വിളിക്കാൻ ഒരു ‘Reminder’ വേണം. ഓരോ ചെറിയ നേട്ടവും പരസ്പരം share ചെയ്യാൻ സമയം കണ്ടെത്തുക. WhatsApp ഗ്രൂപ്പുകൾ മാത്രം പോര… ആഴമുള്ള സംഭാഷണം ആവശ്യമാണ്.

2. വിവാഹവും കുട്ടികളും:

പുതിയ ജീവിതത്തിലേക്ക് പോയാലും, പഴയ ജീവിതത്തിന്റെ നിറമുള്ള ഓർമ്മകൾ നിലനിർത്തണം. കുട്ടികളുടെ പേരിലുള്ള ചെറിയ സന്തോഷങ്ങൾ പങ്കുവയ്ക്കുക. കുടുംബങ്ങൾ ചേർന്ന് യാത്ര ചെയ്യാൻ ശ്രമിക്കുക. Cousins ചേർന്നുള്ള ആഘോഷങ്ങൾ ഒരുമിച്ച് ഒരുക്കുക.

3. മധ്യവയസ്സും തിരക്കായ ജീവിതവും

ഈ കാലഘട്ടം പലപ്പോഴും ചോദ്യങ്ങളുടേതാണ്. "എന്നെ ഇപ്പോഴും എന്റെ സഹോദരി/സഹോദരൻ പരിഗണിക്കുന്നുണ്ടോ?' എന്ന തോന്നൽ ഉള്ളിലുയരാവുന്ന കാലം. അപ്പോൾ സഹോദരന്റെ ചിന്തകൾക്കുള്ള ഒരു തണലാവുക. അച്ഛനമ്മമാരുടെ ആരോഗ്യപ്രശ്നങ്ങളിൽ ഒപ്പം നിൽക്കുക. ഒരുമിച്ചിരുന്ന് പാചകം ചെയ്യുക, ഫോട്ടോ ആൽബങ്ങൾ തിരയുക, ഓർമ്മകൾ പങ്കുവെക്കുക തുടങ്ങിയവയും പരീക്ഷിക്കാം.

4. വിരമിക്കൽ: ഒരു തിരിഞ്ഞുനോട്ടം

ഈ ഘട്ടത്തിൽ, ബന്ധങ്ങൾ കൂട്ടികെട്ടാനും വീണ്ടും ബാല്യത്തിലേക്ക് തിരികെ പോവാൻ ശ്രമിക്കാം. പഴയ ഓർമ്മകൾ എഴുതി grandchildren-നു കൈമാറുക. മനസ്സിന്റെ ഭാരം പങ്കുവെക്കുന്നത് അത്ഭുതകരമായ ആശ്വാസം നൽകുന്നു. "ഈ പാട്ട് കേട്ടപ്പോൾ നിന്നെ ഓർമ്മിച്ചു." എന്നതുപോലുള്ള ഒരു ചെറിയ മെസ്സേജ്, പഴയ ഫോട്ടോ അയച്ച്, "ഇത് കണ്ടപ്പോൾ അക്കാലം ഓർത്തുചിരിച്ചു പോയി..." എന്നൊരു വീണ്ടെടുക്കൽ കമന്റ്, "അന്ന് ഞാൻ പറഞ്ഞത് തെറ്റായിരുന്നു..." എന്നതുപോലുള്ള തിരുത്തലിന്റെ ചെറുവാക്ക്.... ഇവയൊക്കെ ആത്മ ബന്ധത്തിലേക്ക് വഴിതുറക്കും. എല്ലാ ബന്ധത്തിനും ഒരു നാളെയുണ്ട്...സഹോദരബന്ധം നിലനിർത്തേണ്ട ഒരമൂല്യ നിധിയാണ്. ആ വിളക്ക് കെടാതെ സൂക്ഷിക്കാൻ നാം ഓരോരുത്തരും ബോധപൂർവ്വം ശ്രമിക്കണം. ജീവിതത്തിന്റെ നാളെകളിൽ നമ്മൾ ഒറ്റപ്പെടാതിരിക്കണമെങ്കിൽ, അതിന് ഇന്ന് ഒരുപാട് ചെറിയ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് . കൈ പിടിച്ചു നിൽക്കാൻ ഒരാളുണ്ടായാൽ ജീവിതം അധികം തളരില്ല. ആ കൈ വിട്ടുപോകാതെ നോക്കുക…

Reena VR

Sr. Psychologist

THE INSIGHT CENTRE

Trivandrum

8590043039

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - റീന വി.ആർ

Senior Consultant, Mental Health

Reena VR is senior consultant, mental health

Similar News